Image

ഗാസ: ഈ രോദനം തുടർന്നു കൊണ്ടേയിരിക്കും (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 100)

Published on 13 October, 2023
ഗാസ: ഈ രോദനം തുടർന്നു കൊണ്ടേയിരിക്കും (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 100)

ഗാസയിൽ നിന്നും 11 ലക്ഷം ആളുകൾ 24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞു പോകണം എന്ന് ഇസ്രായേൽ അന്ത്യശാസനം നൽകിയിരിക്കുന്നു. ഇപ്പോൾ താമസിക്കുന്ന ഭാഗത്തു നിന്നും മാറി തെക്കേയറ്റത്തേക്ക് പോകാനാണ് പറയുന്നത്. ഗാസയിൽ നിന്നും പുറത്തു കടക്കാനുള്ള ഏക വഴി എന്ന് പറയുന്നത് ഈജിപ്തിലേക്ക് കടക്കാനുള്ള ‘റാഫ ക്രോസിങ്’ ആണ്. ഇതുവരെ മൂന്നു ലക്ഷത്തിൽ പരം ആളുകൾ അങ്ങോട്ടേക്ക് അഭയാർഥികളായി പോയിക്കഴിഞ്ഞു. ഇതിനു പുറമെയാണ് ഈ പതിനൊന്നു ലക്ഷം. ഈജിപ്റ്റ് ഇത് അനുവദിക്കില്ലെന്ന് പറഞ്ഞു കഴിഞ്ഞു. ഇവിടെയാണ് വലിയൊരു മനുഷ്യാവകാശ ധ്വംസനം ഉണ്ടാകുന്നത്. ഇതിനിനെന്താണ് പരിഹാരം? ഇങ്ങനെ ഇസ്രയേലിനെ എന്തും ചെയ്യാൻ അധികാരം കൊടുത്തു കയറൂരി വിടുവാൻ എങ്ങനെ സാധിക്കുന്നു? ലോകത്തിൽ പലയിടത്തും, അമേരിക്കയിലെ ന്യൂയോർക്ക് സിറ്റി ഉൾപ്പടെ, പല നഗരങ്ങളിലും പ്രതിക്ഷേധ പ്രകടനങ്ങൾ അരങ്ങേറുന്നു. കേരളത്തിൽ ഭരണകക്ഷിയും പ്രതിപക്ഷവും ഒരുപോലെ ഇസ്രയേലിനെ അപലപിച്ചു പ്രസ്താവനകൾ ഇറക്കുന്നുണ്ട്. യഥാർഥത്തിൽ ഇപ്പോഴുണ്ടായ ഈ അടിയന്തരാവസ്ഥയ്ക്കു കാരണമായതെന്താണ്?

പൊതുവെ സമാധാനപരമായി പോയ മദ്ധ്യപൗരസ്ത്യ ദേശത്തു പെട്ടെന്നിങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കിയെടുത്തത് ആരുടെ ബുദ്ധിയാണ്? ഇതിന്റെ ഉദ്ദേശമെന്താണ്? ഇതെങ്ങോട്ടാണ് പോകുന്നത്? അറബ് രാജ്യങ്ങളുടെ എക്കാലത്തെയും ശത്രു ആയിരുന്ന ഇസ്രായേൽ എന്ന ജൂത രാജ്യം പതുക്കെ പതുക്കെ പല സാഹചര്യത്തിലും അവരുടെ ശക്തി തെളിയിച്ചു കാണിച്ചു. അമേരിക്ക പോലെയുള്ള വിദേശരാജ്യങ്ങളിൽ പോലും ജൂതന്മാർ ശക്തമായ സാന്നിധ്യമാണ്. സാമ്പത്തിക രംഗത്തും വിദ്യാഭ്യാസ മേഖലയിലും ആതുര സേവനത്തിലും നിർണ്ണായകമായ പങ്കാണ് ജൂത സമൂഹം വഹിക്കുന്നത്. അതുകൊണ്ടുതന്നെ അവരെ അവഗണിക്കുക സാധ്യമല്ല. ലോകത്തിൽ മുന്നേറണമെങ്കിൽ ബുദ്ധിയും സാമ്പത്തിക മുന്നേറ്റവും അതുവഴി ആർജ്ജിക്കുന്ന ശക്തിയുമാണെന്നവർ തിരിച്ചറിഞ്ഞു പ്രവർത്തിച്ചു. അവർ ആരെയും മതപരിവർത്തനം നടത്താൻ പോയില്ല. തന്നെയുമല്ല, ആരെങ്കിലും പരിവർത്തനം നടത്തി തങ്ങളുടെ കൂടെ വന്നാൽ അവരെ ജൂതനായി അവർ കണക്കാക്കുകയുമില്ല. കാരണം, ജൂതൻ എന്നാൽ ‘ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ദൈവത്തിന്റെ ജനം’ എന്നാണ് അവരുടെ കാഴ്ചപ്പാട്.  ശക്തമായ സൈനിക ശക്തി കൂടി ആയതോടെ ഇസ്രയേലിനെ എഴുതിത്തള്ളാൻ ലോകത്തിലെ വൻശക്തികൾക്കു പോലും കഴിയാതെ വന്നു. അതിന്റെ ഫലമായി ശത്രുക്കളായി നിന്നിരുന്ന പല രാജ്യങ്ങളും ഇസ്രയേലുമായി സൗഹൃദം സ്ഥാപിക്കയും സാമ്പത്തിക രംഗങ്ങളിൽ കൂട്ടുകക്ഷികളാക്കുകയും ചെയ്‌തു.

ഇനി മറുവശത്തേക്കു നോക്കാം. 1948 ൽ ഇസ്രായേൽ രൂപീകൃതമാകുമ്പോൾ പലസ്‌തീൻ ബ്രിട്ടീഷ് അധീനതയിലുള്ള പ്രദേശമായിരുന്നു. അതിനു ശേഷം ഗാസ ഈജിപ്റ്റുകാരുടെ കൈവശമായിരുന്നു. 1967 ലെ യുദ്ധത്തിൽ അത് ഇസ്രായേൽ കൈവശമാക്കി. വെസ്ററ് ബാങ്ക് പ്രദേശവും അങ്ങനെ ഇസ്രായേൽ ആ യുദ്ധത്തിൽ കൈവശമാക്കിയതാണ്. മറ്റൊരർഥത്തിൽ, പലസ്തീൻ പ്രദേശമാകെ ഇസ്രായേൽ അധീനതയിലായി. എന്നാൽ ബ്രിട്ടീഷുകാർ ഈ പ്രദേശം വീതം വയ്ക്കുന്നതിന് മുൻപ് തന്നെ പാലസ്തീൻ ഒരു സ്വതന്ത്ര രാജ്യമാകണമെന്ന് അവിടത്തെ ജനത ആഗ്രഹിച്ചിരുന്നു. അവരുടെ സഹോദരന്മാർ എന്നറിയപ്പെടുന്ന മദ്ധ്യപൗരസ്ത്യ ദേശത്തെ അറബ് രാജ്യങ്ങൾ എണ്ണപ്പാടങ്ങൾ തുറന്നു കിട്ടി പതുക്കെ പുരോഗതിയിലേക്കു നടന്നു കയറിയപ്പോൾ ഈ സഹോദരങ്ങളെ ഓർത്തില്ല. അവരുടെ ആവശ്യം പൊതുവേദികളിൽ അവതരിപ്പിക്കാനും ലോകശ്രദ്ധ ആകർഷിക്കാനുമായി പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ  (പി.എൽ.ഒ) നിലവിൽ വന്നു. അറുപതുകളുടെ ആദ്യം തുടക്കമിട്ടെങ്കിലും 1969 ൽ യാസർ അറാഫത്ത് ചെയർമാനായി വന്നതോടെ ഗതി മാറി.

അപ്പോഴേക്കും അറബ് രാജ്യങ്ങൾ സാമ്പത്തികമായി വളരെയേറെ മുന്നേറി. അദ്ദേഹം ലോകത്തിലെ പല രാജ്യങ്ങളുടെയും സഹായത്തോടെ ഇസ്രയേലും മറ്റ് അറബ് രാജ്യങ്ങളുമായി ചർച്ച നടത്തി ലക്‌ഷ്യം സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചു. എന്നാൽ അദ്ദേഹത്തിന്റെ മെല്ലപ്പോക്കിനെ തീവ്രവാദികളായ ചില പാലസ്തീനികൾ എതിർത്തു. അങ്ങനെ ആദ്യമായി 1987 ൽ പലസ്തീനിനെ മോചിപ്പിക്കാനായി ‘ഇന്റീഫാദ’ എന്ന പേരിൽ ഒരു ലഹള നടന്നു. ഇതിന്റെ പുറകിൽ ഈജിപ്റ്റിലെ തീവ്രവാദി സംഘടനയായ 'ബ്രദർഹുഡ്' ആയിരുന്നു. അതിന്റെ സൂത്രധാരകരിൽ ഒരാളായിരുന്ന ഷെയ്ഖ് അഹമ്മദ് യാസിൻ എന്ന ഒരു മതപുരോഹിതൻ ആണ് 'ഹമാസ്' എന്ന തീവ്രവാദ സംഘടനയ്ക്ക് രൂപം കൊടുത്തത്. ഇവർ യാസർ അറഫാത്തിനു പല പ്രശ്നങ്ങളും ഉണ്ടാക്കിയെങ്കിലും അദ്ദേഹം സമാധാന ചർച്ചകൾ തുടർന്നു. ഇസ്രായേൽ പ്രധാനമന്ത്രിമാരായിരുന്ന ഷിമോൻ പെരെസ്, യിത്ഷാക് റാബിൻ എന്നിവരുമായി ചർച്ച നടത്തി അമേരിക്കയുടെ മധ്യസ്ഥതയിൽ 1993 ൽ  'ഓസ്ളോ ഉടമ്പടി'എന്നറിയപ്പെടുന്ന സമാധാന കരാർ ഒപ്പിട്ടു. 

അതിന്റെ ഫലമായി 1994 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനവും ലഭിച്ചു. എന്നാൽ 1995 നവംബർ 4 ന് ഈ സമാധാന നേട്ടത്തിനായി ടെൽഅവീവിൽ നടത്തിയ ഒരു റാലിയിൽ വച്ച് ഒരു ഇസ്രായേലി തീവ്രവാദി യിത്ഷാക് റാബിനെ വെടിവച്ചു കൊന്നു. അതോടെ 'പാലസ്തീൻ ഒരു സ്വതന്ത്ര രാജ്യം' എന്ന സ്വപ്നം പിന്നെയും നീണ്ടു. ഇറാൻ പാലും തേനും കൊടുത്തു വളർത്തുന്ന 'ഹിസബൊള്ള' എന്ന അതിതീവ്രവാദ സംഘടനയെപ്പോലെ തന്നെ ഹമാസിനെയും വളർത്തിയെടുക്കാൻ പണവും പരിശീലനവും ഇറാൻ നൽകി. ഇന്ന് ഹമാസിനെ മുഴുവനായി ഫണ്ട് ചെയ്യുന്നത് ഖത്തർ ആണെന്നാണ് അമേരിക്കയും ഇസ്രയേലും പറയുന്നത്. ഇന്ന് ഖത്തർ ഒഴികെ എല്ലാ അറബ് രാജ്യങ്ങളുമായി ഇസ്രായേൽ ചങ്ങാത്തം കൂടിയപ്പോൾ അതിനെ എങ്ങനെയും തുരങ്കം വയ്ക്കാനാണ് അറബ് രാജ്യമല്ലാത്ത ഇറാൻ ഖത്തറിന്റെ സഹായത്തോടെ ശ്രമിക്കുന്നത്. ഇതിനു മറ്റൊരു വശം കൂടിയുണ്ട്. 

ഐ. എസ്. ഐ. എസ് എന്ന ഭീകര സംഘടന ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാനെന്ന പേരിൽ ആയിരക്കണക്കിനു ക്രിസ്ത്യാനികളെയും കുർദ്, യസീദി വംശജരെയും കൊന്നു തള്ളുകയും ലക്ഷക്കണക്കിന് മുസ്ലിംകളെ അഭയാർഥികളായി അവിടെ നിന്നും പലായനം ചെയ്യിക്കയും ചെയ്‌തു. അന്ന് മനുഷ്യാവകാശത്തിന്റെ പേരിലുള്ള മുറവിളി കേട്ട് മനസ്സലിഞ്ഞു യൂറോപ്യൻ രാജ്യങ്ങളും കാനഡയും ബ്രിട്ടനുമെല്ലാം അവരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. അവർക്കു ഭക്ഷണവും താമസ സ്ഥലവും മറ്റു സൗകര്യങ്ങളും നൽകി സ്വീകരിച്ചു. ഇപ്പോൾ ഈ രാജ്യങ്ങളുടെ അവസ്ഥ എന്താണെന്ന് ലോകം കണ്ടു മൂക്കത്തു വിരൽ വയ്ക്കുകയാണ്. അപ്പോഴാണ് മനസ്സിലാകുന്നത്, അന്നത്തെ അഭയാർത്ഥി പ്രവാഹം ഉണ്ടാക്കിയെടുത്തത് ഒരു ആഗോള ഇസ്ലാമികവത്ക്കരണത്തിന്റെ തിരക്കഥയായിരുന്നുവെന്ന്. അത് പുതിയൊരു ലോക ക്രമം ഉണ്ടാക്കിയെടുത്തു

ഇനിയും ഗാസയിലേക്കു വരാം. ഇപ്പോൾ ഇസ്രായേലിന്റെ അന്ത്യശാസനത്തിൽ അഭയാർഥികളായി മാറുന്ന 15 ലക്ഷം ആളുകൾ എങ്ങോട്ടു പോകും? യൂറോപ്യൻ രാജ്യങ്ങൾക്ക് എണ്ണ നൽകുന്ന അറബ് രാജ്യങ്ങളുടെ സമ്മർദ്ദത്തിൽ അവരെ ഉൾക്കൊള്ളാൻ യൂറോപ്പ് നിർബന്ധിതരാകും. ബാക്കി ചിന്തനീയം. 

പ്രതിവർഷം ഖത്തർ 100 മില്യൺ ഡോളർ ഹമാസിന് നൽകുന്നതായിട്ടാണ് അമേരിക്ക പറയുന്നത്. എങ്കിൽ ആ പണം കൊടുത്താൽ ഈ അഭയാർത്ഥികളെ പുനരധിവസിപ്പിക്കാൻ അവർക്ക് അനായാസം സാധിക്കില്ലേ? സഹോദര മുസ്ലിം രാജ്യങ്ങളായ സൗദിയും യൂ എ ഇ യും ഖത്തറും ബഹ്‌റിനും കുവൈറ്റും ഇറാഖും ഒമാനും ഒക്കെ എന്തേ ഇവരെ സ്വീകരിക്കാൻ തയാറാകാത്തത്? പാലസ്തീൻ ജനതയ്ക്കു സ്വന്തമായി ഒരു പാലസ്തീൻ രാഷ്ട്രം ഉണ്ടായേ മതിയാവൂ. എന്തേ ഈ രാഷ്ട്രമൊന്നും അമേരിക്കയോടോ ഐക്യ രാഷ്ട്രസംഘടനയിലോ ഈ ആവശ്യം നിരന്തരമായി സമ്മർദ്ദം ചെലുത്തി സാധിച്ചെടുക്കാൻ ശ്രമിക്കുന്നില്ല? ഒരു രാഷ്ട്രം തുടങ്ങിയാൽ അവർക്കു തുടക്കത്തിൽ വേണ്ട ചെലവുകളൊക്കെ വഹിക്കാൻ ഇവർ സഹായിച്ചാൽ മതിയല്ലോ. അത് ചെയ്യാതെ ഈ തീവ്രവാദി സംഘടനകൾക്കു സാമ്പത്തിക സഹായം നൽകി കലാപകലുഷിതമായ അന്തരീക്ഷം നിലനിർത്തണമെന്ന് എന്താണിത്ര നിർബന്ധം? അപ്പോൾ അവരുടെ ലക്‌ഷ്യം സമാധാനപരമായ ഒരു പാലസ്തീനല്ല മറ്റെന്തൊക്കെയോ ആണ്. അതെന്തായാലും മാനവരാശിക്ക് ഭൂഷണമല്ല.

ഇസ്രായേൽ ഇപ്പോൾ കാണിക്കുന്ന സൈനിക നടപടി മനുഷ്യാവകാശ ധ്വംസനമാണെന്ന വാദത്തെ ശരിവയ്ക്കുന്നു. ഗാസയിലെ ലക്ഷക്കണക്കിന് മനുഷ്യർക്ക് വെള്ളമില്ല, വൈദ്യുതിയില്ല, ഭക്ഷണമില്ല, മരുന്നില്ല. അവരെ ഇസ്രായേൽ കൊല്ലാക്കൊല ചെയ്യുകയാണ്. അത് നിർത്തേണ്ടത് അടിയന്തരമായി ആവശ്യമാണ്. എന്നാൽ, തീവ്രവാദികൾ തന്നെ വീഡിയോ എടുത്തു സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരിക്കുന്ന അതിക്രൂരമായ കൊലപാതകങ്ങളും ബലാത്സംഗങ്ങളും മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന രീതിയിൽ പച്ചമാംസങ്ങളിൽ ചെയ്യുന്ന ക്രൂര കൃത്യങ്ങളും കാണുമ്പോൾ ഗാസയിലെക്കു നോക്കുമ്പോൾ ഒരു നിമിഷത്തേക്കെങ്കിലും കണ്ണടച്ച് പോയെങ്കിൽ അവരെ കുറ്റം പറയാനാവില്ല. നിങ്ങളുടെ വീട്ടിൽ കയറി വന്നു കൊച്ചു കുഞ്ഞുങ്ങളെ കയ്യിലെടുത്ത് അവരെക്കൊണ്ടു 'ബിസ്‌മില്ല' ചൊല്ലിച്ചു വെള്ളം കുടിപ്പിച്ചിട്ടു മാതാപിതാക്കളുടെ മുൻപിൽ വച്ച് കഴുത്തറുത്തു കൊല്ലുകയും അവരുടെ പിതാവിനെ ജീവനോടെ നെഞ്ചു പിളർന്നു ഹൃദയം എടുത്തു ഭാര്യയുടെ മുൻപിൽ വച്ചു പച്ചയ്ക്കു പങ്കിട്ടു കടിച്ചു തിന്നുകയും ചെയ്യുന്ന  കിരാത രാക്ഷസന്മാരായ ഇവരെ അപലപിക്കാതെ പ്രത്യാക്രമണം നടത്തുന്ന ഇസ്രയേലിനെതിരായി മാത്രം പ്രസ്താവനകളിറക്കുന്ന നാട്ടിലെ നട്ടെല്ലില്ലാത്ത രാഷ്ട്രീയ നപുംസകങ്ങൾ അധികാരം ഉറപ്പിക്കാനായി ഏതാനും വോട്ടുകളുടെ പേരിൽ ആർക്കോ വേണ്ടി വാഴ്ത്തുപാട്ടിനു കിന്നരം മീട്ടുമ്പോൾ ഒന്നേ ചോദിക്കാനുള്ളൂ. നിങ്ങളും ആ തീവ്രവാദികളും തമ്മിൽ എന്താണ് വ്യത്യാസം?

എന്തായാലും ഒരു കാര്യം വ്യക്തം. പാലസ്തീൻ ജനതയെ സഹായിക്കാൻ വേണ്ടിയല്ല ഹമാസ് തീവ്രവാദികളെ ഈ ക്രൂരകൃത്യത്തിനായി പറഞ്ഞുവിട്ടത്. അവരുടെ ലക്‌ഷ്യം മറ്റൊരു ലോക ക്രമമാണ്. താമസിയാതെ അത് മനസ്സിലാകും. അതുവരെ ഈ രോദനം തുടർന്നു കൊണ്ടേയിരിക്കും.

നടപ്പാതയിൽ ഇന്ന്: ഈ പരമ്പര അവസാനിക്കുന്നു

ബാബു പാറയ്ക്കൽ

‘നടപ്പാതയിൽ ഇന്ന്’ എന്ന പരമ്പരയിൽ മാത്രമായി 100 ലേഖനങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഈ പരമ്പര തുടങ്ങുന്നതിനു മുൻപും ഞാൻ ധാരാളം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്‌. അതിനെല്ലാം ഒരു കാരണം മാത്രമേയുണ്ടായിരുന്നുള്ളൂ. സമൂഹത്തിലെ അനീതി കാണുമ്പോൾ അതിനെതിരായി പ്രതികരിക്കാതിരിക്കാൻ കഴിയുന്നില്ല. ചില കാര്യങ്ങളിൽ എഴുതണോ വേണ്ടയോ എന്ന ആത്മസംഘർഷം ഒന്നോ രണ്ടോ ദിവസങ്ങൾ മനസ്സിൽ കൊണ്ട് നടന്നാലും ഒടുവിൽ എഴുതാതെയിരിക്കാൻ സാധ്യമല്ല. അതിൽ മതമോ ജാതിയോ രാഷ്ട്രീയമോ അടിസ്ഥാനമായിട്ടില്ല. 

ഈ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച ഈമലയാളിയിൽ പരിമിതമായും എന്നാൽ സമൂഹ മാധ്യമങ്ങളിൽ വളരെയധികവും പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്. അഭിനന്ദിക്കുന്നവരും വിമർശിക്കുന്നവരും അലോസരപ്പെടുത്തുന്നവരും എന്നാൽ മുൻജന്മ ശത്രുക്കളെപ്പോലെ പ്രതികരിക്കുന്നവരും അതിൽ ഉൾപ്പെടും. എല്ലാ പ്രതികരണങ്ങളും എന്നെ വീണ്ടും എഴുതാൻ മാത്രമേ സഹായിച്ചിട്ടുള്ളൂ. ഒന്നും പ്രതികരിക്കാത്ത നൂറുകണക്കിനാളുകളും ഈ ലേഖനങ്ങൾ വായിക്കുന്നുണ്ടെന്നു ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.  

ഈ ലേഖനങ്ങൾ എഴുതുമ്പോൾ മനസ്സിന് സന്തോഷമുണ്ടാകുമെങ്കിലും ഒരു കഥയെഴുതുമ്പോഴുണ്ടാകുന്ന ആത്മനിർവൃതി ഒന്ന് വേറെയാണ്. പല കഥാതന്തുക്കളും മനസ്സിൽ പൊന്തി വന്നെങ്കിലും അതൊന്നും സൃഷ്ടിയായി രൂപീകരിക്കാൻ സമയക്കുറവുൾപ്പെടെ പല കാരണങ്ങളാലും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ആ തലത്തിലുള്ള സർഗ്ഗ സൃഷ്ടിക്കായി ഇനി കൂടുതൽ സമയം ചെലവഴിക്കണമെന്നാഗ്രഹിക്കുന്നു. ഈ ലേഖന പരമ്പര തത്ക്കാലം ഇവിടെ അവസാനിക്കുന്നു. ഈ ലേഖന പരമ്പരയിൽ പ്രതികരിക്കുകയും വായിക്കുകയും ചെയ്‌ത എല്ലാവരോടുമുള്ള നന്ദി അറിയിക്കട്ടെ. ഈ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച ഈമലയാളി പത്രാധിപർക്കും പത്രാധിപ സമിതിക്കും എന്റെ കൂടെ നടന്ന പിള്ളേച്ചനും പ്രത്യേക നന്ദി.

Join WhatsApp News
C G Babu 2023-10-14 06:01:50
Pl. പോകുന്നതിനു മുൻപ് നിന്റെ കൂട്ടുകാരൻ പി േളള ചന്റെ ഒരു ഫോട്ടോ തന്നിട്ടു പോ .......
Abdul Punnayurkulam 2023-10-15 02:00:22
Babu, some news we are seeing and hearing not credible
Sudhir Panikkaveetil 2023-10-15 12:22:37
ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള ശ്രീ ബാബു പാറക്കലിന്റെ നിരീക്ഷണങ്ങൾ വായിക്കാറുണ്ടായിരുന്നു അത് നിൽക്കാൻ പോകുന്നുവെന്നത് സങ്കടകരമാണ്. എഴുത്തുകാരൻ തന്റെ നോവൽ രചനയിലേക്ക് പോകുകയല്ലേ. എല്ലാ ആശംസകളും നേരുന്നു. നടപ്പാതയിൽ പിള്ളേച്ചനൊപ്പം ഞങ്ങൾ കാത്തു നിൽക്കും താങ്കൾ അതുവഴി എപ്പോഴെങ്കിലും വരുമ്പോൾ കാണാം.
Babu Parackel 2023-10-15 14:13:47
ഈ പരമ്പരയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വായിച്ചവർക്കും പ്രതികരണങ്ങൾ അറിയിച്ചവർക്കും എല്ലാം ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുമുള്ള നന്ദിയും സ്നേഹവും അറിയിക്കട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക