ഇസ്രയേല്‍ പാലസ്തീന്‍ യുദ്ധം കൊടുംമ്പിരിക്കൊണ്ട് നടക്കുകയാണ്. അടിച്ചുകൊണ്ടും തിരിച്ചടിച്ചുകൊണ്ടും ഇരുകൂട്ടരും പോരാട്ടം കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. പാലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസ് തുടങ്ങിവച്ച പോരാട്ടം ഇസ്രയേല്‍ തിരിച്ചടിച്ചതോടെ അത് ഇരുകൂട്ടരും തമ്മിലുള്ള യുദ്ധമായി രൂപാന്തരപ്പെട്ടു കഴിഞ്ഞു. ഒരു കൂട്ടര്‍ സര്‍വ്വാധിപത്യമോചനമാണ് ആവശ്യപ്പെടുന്നതെങ്കില്‍ മറ്റൊരു കൂട്ടര്‍ തീവ്രചിന്താഗതിക്കെതിരെയാണ് നിലപാടെടുക്കുന്നത്. ഇതില്‍ ആരുടെ നിലപാടാണ് ശരിയെന്നത് ആര്‍ക്കും നിര്‍വ്വചിക്കാനാവില്ല. എന്നാല്‍ അമേരിക്കയും ഇന്ത്യയും യുറോപ്യന്‍ യൂണിയനും ഇസ്രയേലിനൊപ്പമാണ്. കാരണം ഇസ്രയേല്‍ യു.എന്‍. അംഗീകരിച്ച രാജ്യവും ഹമാസ് ഒരു തീവ്രവാദ സംഘടനയുമാണ്.
ഇസ്രയേല്‍ പാലസ്തീന്‍ പോരാട്ടം തുടങ്ങിയിട്ട് കാലങ്ങളായി. യാസര്‍ അരാഫത്ത് എന്ന പാലസ്തീന്‍ നേതാവിന്റെ കാലത്ത് ആ പോരാട്ടം ശക്തി പ്രാപിച്ചു. പാലസ്തീന്‍ സ്വതന്ത്രരാഷ്ട്രമെന്ന ആശയത്തിന് അരാഫത്തിന്റെ നേതൃത്വത്തിന് സാധിച്ചെങ്കിലും ഇസ്രയേല്‍ പൂര്‍ണ്ണാധിപത്യം വിട്ടുനല്‍കിയിട്ടില്ല. അരാഫത്തിന്റെ കാലശേഷം ആ പോരാട്ടം തീരുമെന്ന് ചിന്തിച്ചെങ്കിലും അത് മറ്റൊരു തലത്തിലേക്ക് മാറുകയാണുണ്ടായത്. ഇസ്രയേലിനെ ചൊടിപ്പിച്ചുകൊണ്ട് പാലസ്തീന്‍ തീവ്രവാദ സംഘടനകള്‍ പലപ്പോഴും പ്രവര്‍ത്തിക്കാറുണ്ട്.
ഇസ്രയേല്‍ ശക്തമായി തിരിച്ചടിക്കുമ്പോള്‍ അത് അങ്ങ് കെട്ടടങ്ങാറാണ് പതിവ്. എന്നാല്‍ ഇക്കുറി ഹമാസ് രണ്ടും കല്പിച്ചുള്ള പുറപ്പാടാണ്. ഹമാസിന്റെ ആക്രമണം മുന്‍കൂട്ടി അറിയാന്‍ ഇസ്രയേല്‍ ചാരസംഘടനയ്ക്ക് കഴിയാതെ പോയത് ഇസ്രയേലിന് വീഴ്ചയായി. ലോകത്തെ ഏറ്റവും ശക്തന്മാരെന്ന് അവകാശപ്പെടുന്ന ചാര സംഘടനയാണ് ഇസ്രയേലിനുള്ളത്. വിദഗ്ദ്ധ പരിശീലനത്തിനായി ഇന്ത്യയില്‍ നിന്നുപോലും ഇസ്രയേലിലേക്ക് സൈനീകരെ പരിശീലനത്തിനായി അയക്കാറുണ്ടായിരുന്നു. അത്രക്ക് ശക്തരായ പരിശീലകരുള്ള ചാരസംഘടനയാണ് ഇസ്രയേലിനുള്ളത്. അവര്‍ക്ക് ഹമാസ്സിന്റെ ആക്രമണം മുന്‍കൂട്ടി അറിയാന്‍ കഴിയാതെ പോയത് ഒരു പ്രധാന വീഴ്ചയാണ്. ആ വീഴ്ച ഒരു ചെറിയ കാര്യമല്ല. കണ്ണും കാതും മനസ്സും എണ്ണയിട്ട യന്ത്രം പോലെ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടിടത്ത് അല്പം പിശക് പറ്റിയെന്ന് തന്നെ പറയാം. ശക്തരെന്നു ആത്മാഭിമാനത്തോടെ നടന്നവര്‍ക്ക് അടി പതറിപ്പോയ കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അതു തന്നെയാണ് ഇസ്രയേലിന് സംഭവിച്ചത്. തുടക്കത്തില്‍ പെട്ടെന്നുള്ള ആക്രമണത്തില്‍ ഇസ്രയേല്‍ ഒന്നു പകച്ചതും തിരിച്ചടിക്കാന്‍ അല്പം വൈകിയതും അതുകൊണ്ടാകാം. എന്നിരുന്നാലും ഇസ്രയേല്‍ ഒട്ടും പ്രതീക്ഷിക്കാത്തതും പതറിപ്പോയതുമായ അവസ്ഥയ്ക്കു കാരണവും അതാണ്. അതില്‍ ഇസ്രയേലിന് ആളും അര്‍ത്ഥവും നഷ്ടപ്പെടുവാന്‍ കാരണമായിയെന്നു തന്നെ പറയാം. ഒരു പരിധിവരെ ഇസ്രയേല്‍ ജനതയുടെ ആത്മവീര്യം കെടുത്തിയെന്നു തന്നെ പറയാം.
തുടക്കത്തില്‍ പോരാട്ടം ഹമാസും ഇസ്രയേല്‍ രാഷ്ട്രവും തമ്മിലായിരുന്നെങ്കില്‍ ഇന്ന് അത് മറ്റൊരു തലത്തിലേക്ക് മാറിക്കഴിഞ്ഞു. അറബ് രാഷ്ട്രങ്ങള്‍ പലതും പാലസ്തീന്‍ പിന്തുണയുമായി രംഗത്തു വന്നുകഴിഞ്ഞു. സൗദിയും ലബനനും ഉള്‍പ്പെടെ പല രാഷ്ട്രങ്ങളും ഹമാസിനെ പിന്തുണച്ചില്ലെങ്കിലും പാലസ്തീന്റെ പിന്നില്‍ അണിനിരക്കുന്ന പ്രഖ്യാപനവുമായി രംഗത്തു വന്നത് ഹമാസിന്റെ ആത്മധൈര്യം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അത് ഇസ്രയേലിനെ എങ്ങനെ ബാധിക്കുമെന്നും പോരാട്ടം ഏത് തലത്തിലേക്ക് പോകുമെന്നതും പ്രവചനാതീതമാണ്. ഒരു കാര്യം ഉറപ്പിക്കാം കഴിഞ്ഞ കാലങ്ങളില്‍ നടന്നതുപോലെയുള്ള ഒരു പോരാട്ടമോ ഒന്നുമല്ല ഇക്കുറി.
ഇസ്രയേല്‍ കരയുദ്ധം പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇരുകൂട്ടരും അവകാശ വാദമുന്നയിക്കുന്ന ഗാസയുടെ വൈദ്യുതി ബന്ധം പോലും ഇസ്രയേല്‍ വിച്ഛേദിച്ചിരിക്കുകയാണ്. കരയുദ്ധത്തിന്റെ മുന്നോടിയായിട്ടാണ് ഈ നടപടിയെന്ന് വിലയിരുത്തുമ്പോള്‍ ഇരുകൂട്ടരുടേയും പോരാട്ടം ഒരു യുദ്ധമെന്നതില്‍ കവിഞ്ഞൊന്നുമില്ല. യുദ്ധം ഹമാസുമായാണെങ്കിലും അത് ബാധിക്കുന്നത് പാലസ്തീന്‍ മൊത്തമായിരിക്കും. ഹമാസിന്റെ അടിവേരിളക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ പാലസ്തീനിന്റെ പ്രദേശങ്ങള്‍ ബോംബുകളും തോക്കുകളുമായിരിക്കും അവിടെയെങ്ങും. അതില്‍ ഹമാസ് തീവ്രവാദികള്‍ മാത്രമല്ല മരിച്ചു വീഴുന്നത്. നിരപരാധികളായ ജനങ്ങളുമുള്‍പ്പെടും.
ആര് യുദ്ധം തുടങ്ങിയാലും അതിന്റെ കെടുതികള്‍ അനുഭവിക്കുന്നത് ആ പ്രദേശത്തുള്ള ജനങ്ങളാണ്. സ്ത്രീകളും കുട്ടികളും പ്രായമായവരുമുള്‍പ്പെടെയുള്ള ജനതയെ അത് എത്രമാത്രം ബുദ്ധിമുട്ടിക്കുമെന്ന് അത് അനുഭവിച്ചവര്‍ക്കേ പറയാന്‍ കഴിയു. ചെറിയൊരു വെള്ളപ്പൊക്കം വന്നാല്‍പോലും അത് എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുയെന്ന് 2018 ലെ വെള്ളപ്പൊക്കം കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ചറിഞ്ഞതാണ്. അപ്പോള്‍ ഒരു യുദ്ധം മൂലം അവിടുത്തെ സാധാരണ ജനങ്ങള്‍ എത്രമാത്രം യാതനകള്‍ അനുഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
ജീവന്‍ നഷ്ടപ്പെടുമെന്നുള്ള ഭയമാണ് ജനങ്ങളെ മാസ്സികമായി ബാധിക്കുന്ന ആദ്യ പ്രശ്‌നം. മരണ ഭയം ബാധിക്കുന്ന ജനങ്ങളെ അത് മാനസികമായി തളര്‍ത്തുന്നു. ബോംബു വര്‍ഷിക്കപ്പെടുന്നതിനു മുന്‍പ് ജനങ്ങള്‍ അവിടം വിട്ട് ഒഴിയണമെന്ന് മുന്നറിയിപ്പ് ഉണ്ടാക്കുമ്പോള്‍ അവരുടെ മനോവേദനയാണ് മറ്റൊന്ന്. ജീവിതത്തില്‍ ഏറിയ പങ്കും താമസിച്ച വീടും സ്ഥലവും സമ്പാദ്യവും പെട്ടെന്നൊരു നാള്‍ ഇട്ടെറിഞ്ഞിട്ട് പോകുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതിനും അപ്പുറമാണ്. പാലായനം ചെയ്യുന്നതിനുശേഷം തിരിച്ചെത്തുമോ എന്നതും തിരിച്ചെത്തിയാല്‍ വീടും സമ്പാദ്യവുമെല്ലാം അതേപടിയുണ്ടാകുമോ എന്നതിനും ഉറപ്പില്ലാത്ത ഒരവസ്ഥയാണ് പാലായനം ചെയ്യുന്ന ജനതയുടേത്. അവരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നവും അതാണ്.
യുദ്ധം അവസാനിച്ചു കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ കിടക്കാനൊരിടം പോലുമില്ലാത്തവര്‍ക്കു മുന്നില്‍ യുദ്ധ വിജയത്തിന്റെ ആഹ്ലാദമോ പിടിച്ചടക്കിയതിന്റെ ആത്മവീര്യമോ ഒന്നും തന്നെയല്ല മറിച്ച് എല്ലാം തകര്‍ന്നതിന്റെ ഉള്ളിലെ വേദനയാണ്. അത് പക്ഷെ യുദ്ധം തുടങ്ങുന്നവര്‍ക്കോ തിരിച്ചടിക്കുന്നവര്‍ക്കോ അറിയില്ല. അവര്‍ അത് മനസ്സിലാക്കുകയോ ചെയ്യാറില്ല. അവര്‍ക്ക് ലക്ഷ്യം വിജയവും കീഴടക്കിയെന്നുള്ള ആത്മാഭിമാവുമാണ്. ഏതൊരു യുദ്ധത്തിലും ഇരുഭാഗങ്ങളുടെയും അവസ്ഥ അതു തന്നെയാണ്.
ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് പാലായനം ചെയ്യുമ്പോള്‍ അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും യുദ്ധകൊതിയന്മാരായവര്‍ ഒരിക്കല്‍ പോലും ചിന്തിക്കാറില്ല. മറിച്ച് ശത്രുവിനെ അതിശക്തമായി നേരിട്ട് വിജയം നേടാനാണ് അവര്‍ ശ്രമിക്കുക. ഏത് മാര്‍ഗ്ഗത്തില്‍കൂടിയും അവര്‍ അത് ചെയ്യുന്നതാണ് ലോക ചരിത്രത്തില്‍ നടന്നിട്ടുള്ള യുദ്ധങ്ങളില്‍ എല്ലാം സംഭവിച്ചിട്ടുള്ളത്. യുദ്ധത്തില്‍ നിന്ന് രക്ഷപ്പെട്ട് അഭയകേന്ദ്രത്തില്‍ എത്തിച്ചേരുന്നവര്‍ക്കും കഷ്ടപ്പാടുകള്‍ മാത്രമായിരിക്കും. ആവശ്യത്തിന് ഭക്ഷണമോ വസ്ത്രമോ മരുന്നുകളോ ഇല്ലാതെ ആരോടും പരിഭവമോ പരാതിയോ പറയാനില്ലാതെ അവിടെയും അവര്‍ എല്ലാ വേദനകളും സഹിച്ച് ജീവിക്കാന്‍ വിധിക്കപ്പെടുന്നു. അവരുടെ പരാതികളോ പരിഭവമോ ഒന്നും ആരും കേള്‍ക്കാന്‍ അവിടെ ഉണ്ടാകാറുമില്ലായെന്നതാണ് സത്യം.
അതു മാത്രമല്ല അതിക്രമിച്ചു കയറുന്ന സൈനീകരുടെ ക്രൂരത. എതിര്‍ രാജ്യത്തോടുള്ള വാശി അവര്‍ തീര്‍ക്കുന്നത് ആ പ്രദേശത്തുള്ള ജനങ്ങളോടാണ്. അതിക്രൂരമായി കൊല്ലുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും പീഡിപ്പിക്കുകയും ചെയ്യുന്നത് യുദ്ധത്തിലെ മറ്റൊരു ഭീകരതയാണ്. അങ്ങനെ നിരവധിയാണ് ഒരു യുദ്ധമുണ്ടാകുമ്പോള്‍ ആ പ്രദേശത്തുള്ള ജനങ്ങള്‍ അനുഭവിക്കുക. ഇറാഖ് കുവൈറ്റ് യുദ്ധം എത്രമാത്രം ഭീകരത സൃഷ്ടിച്ചുയെന്ന് മലയാളികള്‍ക്ക് അറിയാം.
ഒന്നര പതിറ്റാണ്ടോളം നീണ്ടുനിന്ന ഇറാന്‍ ഇറാഖ് യുദ്ധം ഇപ്പോഴും യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന റഷ്യ യുക്രൈന്‍ ഒക്കെ രാജ്യങ്ങളിലെ ജനങ്ങളെ എത്രമാത്രം ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് കണ്ടതും കേട്ടതുമാണ്. അവിടെ ഭരണാധികാരികള്‍ സുരക്ഷിതരും ജനങ്ങള്‍ കഷ്ടതയനുഭവിക്കുന്നവരുമാണ്. രാജ്യത്തിന്റെ ശക്തി ക്ഷയിക്കുകയും ചെയ്യുമെന്നതാണ് കാലം തെളിയിക്കുന്നത്. യുദ്ധം വിജയിച്ചാല്‍ പോലും ശാശ്വത സമാധാനം എന്നത് വിദൂരമാണ്. അതിലുപരി അവിടെ പ്രതികാരത്തിന്റെയോ തിരിച്ചടികളുടെയോ ഒരു അന്തരീക്ഷം എപ്പോഴുമുണ്ടായിരിക്കും. അപ്പോള്‍ യുദ്ധം ഒരു സമാധാനത്തിന്റേതായ ഒരു സന്ദേശമല്ല നല്‍കുന്നത്.
ഒരാഴ്ച പിന്നിട്ടപ്പോള്‍ ഇസ്രയേലിനെയും ഒപ്പം പാലസ്തീനെയും പിന്തുണയ്ക്കുന്നവരുടെ ഒരു മത്സരം കാണാന്‍ കഴിയും. അറബ് രാഷ്ട്രങ്ങള്‍ പാലസ്തീനുവേണ്ടി കൂടുതല്‍ രംഗത്തു വരുന്നു. അത് ഏത് തലത്തിലേക്ക് പോകുമെന്ന് പ്രവചനാതീതമാണ്. ഒരു തീവ്രവാദ ആക്രമണമായിരുന്നു തുടക്കത്തിലെങ്കില്‍ ഇത് മറ്റൊരു തലത്തിലേക്ക് പോകുമെന്ന് ഭയപ്പെടുക തന്നെ വേണം.
പണ്ട് യുദ്ധമുണ്ടായാല്‍ ഐക്യരാഷ്ട്രസഭ മദ്ധ്യസ്ഥതയ്ക്കായ് രംഗത്തു വരാറുണ്ടായിരുന്നു. അമേരിക്ക ലോക പോലീസായി ഇടപെട്ട് സമാധാനം ഉണ്ടാക്കാറുണ്ടായിരുന്നു. എന്നാല്‍ ഇവിടെ ആരും മദ്ധ്യസ്ഥരായി വരുന്നില്ല. അതുകൊണ്ടു തന്നെ ഒരു സമാധാന ഉടമ്പടിയെന്നത് വിദൂരമാണ്. യു.എന്‍. മൗനം പാലിക്കുമ്പോള്‍ അതില്‍ യു.എന്‍. ന്റെ ലക്ഷ്യം ഒരു ചോദ്യചിഹ്നമാകും. ഒരു രാഷ്ട്രത്തിലും തീവ്രവാദം ഭൂഷണല്ല. തീവ്രവാദം അതിന്റെ ലക്ഷ്യവും മാര്‍ഗ്ഗവും സ്വാര്‍ത്ഥതയും നശീകരണവുമാണ്. അത് പ്രോത്സാഹിപ്പിക്കുന്നത് ആരായാലും അതിനെ ന്യായീകരിക്കാന്‍ കഴിയില്ല.
blessonhouston@gmail.com