അമേരിക്കയില്‍ ഇപ്പോള്‍ എപ്പോഴും ആഘോഷങ്ങളുടെ പെരുമഴക്കാലമാണ്. പണ്ടു നമ്മുടെ ആഘോഷങ്ങള്‍ക്ക് ഒരു പരിധിയുണ്ടായിരുന്നു. ഓണാഘോഷം, ദേശീയ സംഘടനകളുടെ നാഷ്ണല്‍ കണ്‍വന്‍ഷനുകള്‍, മതസ്ഥാപനങ്ങളുടെ ഫാമിലി കോണ്‍ഫറന്‍സുകള്‍-അങ്ങിനെ ചുരുക്കം ചില സമ്മേളനങ്ങള്‍.
എന്നാല്‍ ഇന്നു കാലം മാറി. കഥ മാറി.
'വൈകീട്ടെന്താ പരിപാടി?' എന്ന് അന്വേഷിച്ചു നടക്കുകയാണു നല്ലൊരു ശതമാനം മലയാളികള്‍.
ആഘോഷങ്ങള്‍ക്ക് അകമ്പടിയായി അവാര്‍ഡുദാന ചടങ്ങുമുണ്ട്. ചില പ്രസ്ഥാനങ്ങള്‍ 'അവാര്‍ഡു നൈറ്റുകള്‍' തന്നെ അരങ്ങേറാറുണ്ട്. ഒരു ഛോട്ടാ സിനിമാതാരവും, കുറെ കുണ്ടികുലുക്കി നര്‍ത്തകിമാരും ഉണ്ടെങ്കില്‍ ഒരു അവാര്ഡുനൈറ്റും സംഘടിപ്പിക്കാം. പ്ലാറ്റിനം തുടങ്ങി താഴോട്ട് അലുമിനിയം വരെയുള്ള സ്പോണ്‍സേഴ്സിനെ കണ്ടുപിടിക്കാന്‍ എളുപ്പമാണ്. കാശു കീശയിലിട്ടു നടന്നതുകൊണ്ടു മാത്രം കാര്യമില്ല, ഇതുപോലുള്ള പരിപാടികളുടെ സ്പോണ്‍സേഴ്സായി സ്റ്റേജില്‍ കയറി ഒന്നു വിലസിയെങ്കില്‍ മാത്രമേ നാലു പേരറിയൂ എന്ന ബോധം ഈയടുത്ത കാലത്താണ് മലയാളികള്‍ക്കിടയില്‍ പടര്‍ന്നു പിടിച്ചത്. പശുവിന്റെ കടിയും മാറും, കാക്കയുടെ വിശപ്പും മാറും. സംഘാടകര്‍ക്ക് പണം, സ്പോണ്സേഴ്സിനു പ്രശസ്തി. ദോഷം പറയരുതല്ലോ! ഇതുകൊണ്ടു സാധാ ജനങ്ങള്‍ക്കു ശല്യമൊന്നുമില്ല. പണ്ടത്തെപോലെ വീടുകയറി പിരിവൊന്നുമില്ല. സൗകര്യമുള്ളവര്‍ ഓണ്‍ലൈന്‍ വഴി ബുക്കു ചെയ്തു, കിട്ടുന്ന കസേരയില്‍ പോയിരുന്നു, വെറുതേ കൈയടിച്ചു പ്രോത്സാഹിപ്പിച്ചാല്‍ മതി.
'നിങ്ങളുടെ കൈയടിയാണു ഞങ്ങളുടെ ഊര്‍ജ്ജം. അതിനാല്‍ നിങ്ങള്‍ കൈയടിച്ചു ഞങ്ങളെ പ്രോത്സാഹിപ്പിക്കണം' എന്നൊരു അഭ്യര്‍ത്ഥന പരിപാടി തുടങ്ങുന്നതിന് മുമ്പ് നാട്ടില്‍ നിന്നും വരുന്ന കലാകാരന്മാര് നടത്താറുണ്ട്. പല പരിപാടികളും കണ്ടു കഴിയുമ്പോള്‍, കൈയടിക്കുവാനല്ല, കൈ വയ്ക്കുവാനാണ് കാണികള്‍ക്കു തോന്നുന്നത്.
ഇനി കാര്യത്തിലേക്കു കടക്കാം-
പ്രസ്ക്ലബിന്റേയും, ലാനയുടേയും അന്തര്‍ദേശീയ സമ്മേളനങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുകയാണല്ലോ! പ്രസ് ക്ലബ്ബിന്റെ മീറ്റിംഗില്‍ പങ്കെടുക്കുവാന്‍, വിഴിഞ്ഞം തുറമുഖത്തു നിന്നും ഒരു കപ്പല്‍ നിറയെ പ്രമുഖര്‍ എത്തുന്നുണ്ടെന്നാണ് അറിയുന്നത്. അവരെല്ലാം തന്നെ പത്രപ്രവര്‍ത്തനരംഗത്തെ പ്രഗത്ഭന്മാരാണെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. അവര്‍ തങ്ങളുടെ പ്രഭാഷണത്തിലൂടെ ഇവിടെയുള്ള പത്രപ്രവര്‍ത്തകരെ ഉദ്ധരിക്കുമത്രേ! ഇവരെല്ലാം കൂടി അറിവു പകര്‍ന്നു തന്നാല്‍, അതു താങ്ങുവാനുള്ള കരുത്ത് കശുവണ്ടി വലുപ്പത്തിലുള്ള നമ്മുടെ തലച്ചോറിനു കാണുമോ, എന്തോ? ഇപ്പോഴത്തെ പോക്കു കണ്ടിട്ട്, സദസ്യരേക്കാള് കൂടുതല്‍ വിശിഷ്ടാതിഥികള്‍ വേദിയിലാകുവാനാണു സാദ്ധ്യത. ഇവരെല്ലാം കൂടി പ്രസംഗിക്കുവാന്‍ തുടങ്ങിയാല്‍-ശിവ!ശിവ.
സ്പോണ്‍സേഴ്സിനെ ആദരിക്കുവാന്‍ തെന്നെ വേണം അഞ്ചു മണിക്കൂര്‍. സ്വാഗത പ്രാസംഗികന്റെ കാര്യമോര്‍ക്കുമ്പോള്‍ തന്നെ തല കറങ്ങുന്നു.
അവാര്ഡുകളില്ലാത്ത എന്തു പ്രസ്ക്ലബ് കോണ്‍ഫറന്‍സ്- പ്രമുഖ അവാര്‍ഡുകളൊന്നും പത്രപ്രവര്ത്തകര്ക്കല്ല- അതൊക്കെ ഡോക്ടേഴ്സ്, എഞ്ചിനീയേഴ്സ്, മികച്ച സംരംഭകര്‍ എന്നിവര്‍ക്കായി റിസേര്‍വ് ചെയ്തിരിക്കുകയാണ്. മാധ്യമരംഗത്ത് വിവിധ മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്ക് കുറെ മൂഞ്ചിയ അവാര്‍ഡു നല്‍കും.
നിസ്വാര്‍ത്ഥമായി പത്രപ്രവര്‍ത്തനം നടത്തുന്ന അമേരിക്കയിലെ ഏതെങ്കിലും പത്രപ്രവര്‍ത്തകര്‍ക്ക്, ഇന്നുവരെ ഒരു ക്യാഷ് അവാര്‍ഡു കൊടുത്തതായി അറിവില്ല. ലക്ഷങ്ങള്‍ വിലമതിക്കുന്ന അവാര്‍ഡുകളൊക്കെ നാട്ടിലെ പ്ത്രപ്രവര്ത്തകര്ക്ക്, അവിടെ പറന്നെത്തി നല്‍കും.
പ്രസ് ക്ലബിന്റെ വാര്‍ത്തകള്‍, കേരളത്തിലെ പത്രങ്ങള്‍ ഒറ്റക്കോളത്തില്‍ ഒതുക്കുമ്പോള്‍, ഇവിടെയുള്ള പത്രങ്ങള്‍, വാര്‍ത്തയോടൊപ്പം കുറഞ്ഞത് അന്‍പതു ഫോട്ടോകള്‍ കൂടി ചേര്‍ത്തില്ലെങ്കില്‍ പ്രസുകാര്‍ക്ക് പരിഭവമാണ്.
പത്രപ്രവര്‍ത്തനവുമായ പുലബന്ധം പോലുമില്ലാത്ത ചിലര്‍, ഇതിന്റെ ഭാരവാഹികളായി, ആഹോരാത്രം പ്രവര്‍ത്തിക്കുന്നതു കാണുമ്പോള്‍ ഞാന്‍ അഭിമാനപുളകിതനാകുന്നു.
'എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍-'
അവരുടെ ആത്മാര്‍ത്ഥത കാണുമ്പോള്‍ അറിയാതെ ആനന്ദാശ്രുക്കള്‍ പൊഴിയുന്നു.
ഇനി വണ്ടി 'ലാന'യിലേക്കു തിരിച്ചു വിടാം. അമേരിക്കയിലെ മലയാള സാഹിത്യകാരന്മാരുടെ തറവാടാണ് 'ലാന'. ലാനയുടെ കണ്വന്ഷന് ഈയാഴ്ച ടെന്നസ്സില് അരങ്ങേറുന്നുണ്ട്. നാട്ടില്‍ നിന്നും നമ്മള് ക്ഷണിച്ചു കൊണ്ടുവരുന്ന എഴുത്താശാന്മാര്, നമ്മള് എന്ത് എഴുതണം, എങ്ങിനെ എഴുതണം എന്നെല്ലാം പഠിപ്പിച്ചു തരും. 'നൊസ്റ്റാള്‍ജിയ' എന്നൊരു വാക്കു മിണ്ടിപ്പോകരുതെന്ന്, പണ്ടു ചില സാഹിത്യത്തമ്പുരാക്കന്മാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നമ്മുടെ കൃതികള്‍ നാട്ടില്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ എന്താല്ലാം ട്രിക്കുകള്‍ ഉണ്ടെന്നു അവര്പ റഞ്ഞു തരും. അറുപതും, എഴുപതും കഴിഞ്ഞ ഇവിടുത്തെ 'യുവ' സാഹിത്യകാരന്മാര്ക്ക് ശോഭനമായ ഒരു ഭാവി അവര്‍ ആശംസിക്കും.
ഇതിനിടയില്‍ ചില 'ആടു, മാഞ്ചിയം' കച്ചവടവും നടക്കാറുണ്ട്. സന്ദര്‍ശനത്തിനെത്തുന്ന പ്രഗത്ഭ സാഹിത്യകാരന്മാരാണ് ഇതിന്റെ ഇടനിലക്കാര്‍. ഏതാനും ചില കഥകളോ, കവിതകളോ എഴുതിയിട്ടുള്ള ലോല ഹൃദയരായ സാഹിത്യപുംഗവന്മാരെ തിരഞ്ഞു പിടിച്ച്, അവരുടെ രചനകള്‍ പുസ്തകരൂപത്തിലാക്കാമെന്നു പറയുന്നു. ആകര്‍ഷണീയമായ കവര്‍ ഡിസൈന്‍, ഏതെങ്കിലും പ്രമുഖ സാഹിത്യകാരന്മാരെ കൊണ്ട് എഴുതിക്കുന്ന അവതാരിക, പിന്നെ ബുക്ക്സ്റ്റാളുകള്‍ വഴിയും, ഓണ്‍ലൈന്‍ വഴിയുമുള്ള വിപുലമായ വിതരണ വില്പന- പ്രിന്റിംഗിനും, പുസ്തക പ്രകാശന ചടങ്ങിനും, മറ്റു ചില അല്ലറ ചില്ലറ ചിലവുകളും നമ്മള് വഹിച്ചാല്‍ മതി. പുസ്തകവില്പനയിലൂടെയുള്ള റോയല്‍റ്റി മാസം തോറും നമ്മുടെ അക്കൗണ്ടിലെത്തും- പണവും പ്രശസ്തിയും ഒരു പോലെ!
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് എന്താണ്? പുസ്തകത്തിന്റെ ഏതാനും കോപ്പികള്‍ അച്ചടിക്കുന്നു. പ്രശസ്ത സാഹിത്യകാരന്മാരുടെ പേരുവെച്ച്, അവരറിയാതെ മറ്റാരെങ്കിലും ഒരു സുഖിപ്പിക്കല്‍ അവതാരിക എഴുതുന്നു. ഈ പുസ്തകം ഒരു വലിയ സംഭവമാണെന്നും, അക്കാഡമി അവാര്‍ഡുകള്‍ക്കപ്പുറം കടക്കുവാന്‍ അര്‍ഹതയുണ്ടെന്നും മറ്റും വെച്ചു കാച്ചുന്നു. സത്യത്തില്‍ നൂറോ, ഇരുന്നൂറോ കോപ്പി അടിക്കുന്നു- അതില്‍ ഇരുപതെണ്ണം ഗ്രന്ഥകര്‍ത്താവിന്റെ കോപ്പി എന്ന സീലുമടിച്ചു നമ്മള്‍ക്കു നല്കുന്നു. ബാക്കിയുള്ളത് ഏതെങ്കിലും ബുക്ക്സ്റ്റോറിന്റെ ചവറ്റു കുട്ടയില്‍ അഭയം പ്രാപിക്കുന്നു.
പല പ്രശസ്ത അമേരിക്കന്‍ മലയാള സാഹിത്യകാരന്മാരും ഈ മോഹവലയത്തില്‍പ്പെട്ടു പോയിട്ടുണ്ട്. പത്തു പതിനായിരം ഡോളര്‍ മാറിക്കിട്ടും. മാനഹാനിയും, ധനനഷ്ടവും, കുടുംബ കലഹവും ഫലം.
ഇനിയും അല്പം പൊങ്ങച്ചം മേമ്പൊടി ചേര്‍ത്ത ഒരു ആത്മപ്രസംസ.
എന്റെ വകയായും നാലഞ്ചു പുസ്തകങ്ങള്‍ ഇറക്കിയിട്ടുണ്ട്. ആര്‍ക്കു മനസ്സിലാകാത്ത മോഡേണ്‍ ആര്‍ട്ടിനു പകരം, ഞാന്‍ ഇളിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോ തന്നെയാണ് കവര്‍ചിത്രമായി കൊടുത്തത്. അവതാരിക അനാവശ്യമാണെന്നു വിശ്വസിക്കുന്നതുകൊണ്ട് അവതാരികയില്ലാതെയാണ് 'അറുപതില്‍ അറുപത്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ആയിരം കോപ്പികളാണു പ്രിന്റു ചെയ്തത്. വില്പനക്കായി ഒരു ബുക്ക്സ്റ്റാളുകാരേയും സമീപിച്ചില്ല.
'അമേരിക്കന്‍ മലയാളി രാജുമൈലപ്രാ എഴുതിയ ബുക്ക് കിട്ടുമോ?' എന്നു ചോദിച്ച് ഒരു മലയാളിയും ചെല്ലുകയില്ല എന്ന് എനിക്ക് നല്ലതുപോലെ അറിയാം. നമ്മള് എന്തെങ്കിലും എഴുതിയാല്‍ അതു നാലുപേരു വായിക്കണമെന്നാണല്ലോ ആഗ്രഹം. അതുകൊണ്ട് സ്വന്തക്കാര്‍ക്കും, ബന്ധക്കാര്‍ക്കും മറ്റുമായി ഇരുന്നൂറു ബുക്കുകളോളം നാട്ടില്‍ തന്നെ കൊടുത്തു. ബാക്കിയുള്ളത് ഇവിടെയെത്തിച്ചു.
കുറേ ബുക്കുകള്‍ എന്റെ സ്നേഹിതന്മാര്ക്ക് അയച്ചു അയച്ചു കൊടുത്തു. ഒരു ബുക്കിന് പതിനഞ്ചു ഡോളര്‍ വിലയിട്ട്, ആവശ്യക്കാര്‍ക്ക് അയച്ചുകൊടുക്കാമെന്നു പരസ്യം ചെയ്തു. അത്ഭുതമെന്നു പറയട്ടെ, ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത വിധം അഞ്ഞൂറിലധികം ആളുകള്‍ പുസ്തകം വാങ്ങിച്ചു. ഇപ്പോഴും ആ പുസ്തകം സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നു ചിലര്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ വളരെ സന്തോഷം തോന്നാറുണ്ട്.
വിവിധ സംഘടനകളുടെ അംഗീകാരങ്ങളും, അവാര്‍ഡുകളും മറ്റുള്ളവരോടൊപ്പം എനിക്കും കിട്ടിയിട്ടുണ്ട്. അതെല്ലാം തന്നെ ഞാന്‍ നന്ദിപൂര്‍വ്വം സ്വീകരിച്ചു. മികച്ച പത്രപ്രവര്‍ത്തന/സാഹിത്യത്തിനു ന്യൂയോര്‍ക്ക് കേരള സെന്റര്‍ നല്കിയ അവാര്‍ഡും, ജനപ്രീതിയുള്ള എഴുത്തുകാരന് എന്ന നിലയില്‍ ഇ-മലയാളി നല്കിയ അവാര്‍ഡും വേറിട്ടു നില്ക്കുന്നു.
പ്രതീക്ഷിക്കാത്ത ഒരു അംഗീകാരവും എനിക്കു ലഭിച്ചിട്ടുണ്ട്. ജെ.മാത്യൂസാറിന്റെ സാരഥ്യത്തില്‍ നടത്തുന്ന 'ഗുരുകുലം സ്ക്കൂളിന്റെ' അംഗീകാരം. 'മൈലപ്രാക്കഥകള്‍' എന്ന പുസ്തകത്തിന്റെ ഇരുപതു കോപ്പികള്‍, അതിന്റെ വില നിര്‍ബന്ധപൂര്‍വ്വം തന്ന് കൊണ്ടുള്ള ഒരു സെമിനാര്‍- എന്നെ സംബന്ധിച്ചിടത്തോളം എനിക്കു കിട്ടിയ ഒരു 'ഓസ്ക്കാര്‍' അവാര്‍ഡാണത്.
ഇനിയൊരു സത്യം പറയാം. പ്രസ്ക്ലബ്ബ് ഭാരവാഹികളോടും ലാന ഭാരവാഹികളോടും എനിക്ക് ആദരവും, അസൂയയുമാണ്. കുടുംബത്തെ കൂടെ കൂട്ടാതെ, മറ്റൊരു അല്ലലും അലച്ചിലുമില്ലാതെ രണ്ടു മൂന്നു ദിനരാത്രങ്ങളിലെ അടിപൊടി ആഘോഷം. ചില സാങ്കേതിക കാരണങ്ങളാല്‍, എനിക്കതില്‍ പങ്കെടുക്കുവാന്‍ കഴിയാത്തതില്‍ നിരാശയുണ്ട്.
ആഘോഷങ്ങളൊന്നും വേണ്ടായെന്നുള്ള അഭിപ്രായക്കാരനല്ല ഞാന്‍- ആഘോഷിക്കൂ ഓരോ നിമിഷവും, ജീവിതം ഒന്നേയുള്ളൂ!