Image

ചാവേർ മികച്ച ദൃശ്യാനുഭവം : എസ്. ബിനുരാജ്

Published on 17 October, 2023
ചാവേർ മികച്ച ദൃശ്യാനുഭവം : എസ്. ബിനുരാജ്

ഇടുങ്ങിയ വഴികളിൽ കൂടി ആണ് അവർ ഓടുന്നത്. അത്തരം ഇടങ്ങളിൽ അവർ സുരക്ഷിതരുമാണ്. എന്നാൽ തുറസായ ഇടങ്ങളിൽ അവർ ദുർബലരാകുന്നു, പിന്നെ അവർ ആക്രമിക്കപ്പെടുന്നു. ഓരോ ചാവേറും തങ്ങളുടെ വിശ്വാസത്തിൻ്റെ ഇരുണ്ട ഇടങ്ങളിൽ ശക്തരാണ്, അവിടെ അവരുടെ ചെയ്തികൾ ശരിയുമാണ്. പുറത്തുള്ളവർക്ക് മാത്രമാണ് അവർ  ആർക്കോ വേണ്ടി കൊല്ലാനും ചാവാനും ഇറങ്ങിത്തിരിച്ച വിഡ്ഢികൾ ആവുന്നത്.

തങ്ങൾ വിഡ്ഢികൾ ആക്കപ്പെടുക ആയിരുന്നു എന്ന് ഓരോ ചാവേറൂം തിരിച്ചറിയപ്പെടുമ്പോൾ അവരെ നിയോഗിക്കുന്നവരുടെ തനിനിറം വെളിവാകുന്നു. 

ചാവേർ എന്ന പടത്തിൽ കൊല്ലപ്പെട്ട യുവാവിൻ്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ട് വരുന്ന ഒരു രംഗമുണ്ട്.
ഈ സിനിമയെ ബ്രില്ലിയൻ്റ് എന്ന് വിശേഷിപ്പിക്കാൻ ഈ ഒരു രംഗം മാത്രം മതി.  രണ്ട് മണിക്കൂർ നമ്മൾ കഥ നടക്കുന്ന പരിസരത്ത് ആണ്. പ്രേക്ഷകനെ സിനിമയുടെ ഉള്ളിലേക്ക് വലിച്ചിടുന്ന മികവിന് പിന്നിൽ കൈയടക്കമുള്ള സംവിധായകനും തിരക്കഥാകൃത്തും ആണ്. 

പടം തുടങ്ങുമ്പോൾ ചുവരിൽ സഞ്ജയൻ്റെ ചിത്രം വരച്ചു വച്ചിരിക്കുന്ന ദൃശ്യം ഒരു സെക്കൻഡിൽ വന്നു പോകുന്നുണ്ട്. സഞ്ജയൻ എന്ന സാഹിത്യകാരന് ഈ കഥയുമായി എന്ത് ബന്ധം എന്ന് ഞാൻ ആലോചിച്ചു. അത് സഞ്ജയൻ എന്ന് ഞാൻ തെറ്റിദ്ധരിച്ചു എന്നും തോന്നി. പിന്നീട് വീണ്ടും ഈ ദൃശ്യം വന്നു പോയി. അപ്പൊൾ അതിൻ്റെ പൊരുൾ എനിക്ക് പിടി കിട്ടിയിരുന്നു. ഇത്തരം പതിഞ്ഞ എന്നാൽ ശക്തമായ ബിംബങ്ങൾ പടത്തിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. നായയും, പൂച്ചയും, ഉടുമ്പും പോലെയുള്ള മൃഗങ്ങളെ ഉപയോഗിച്ചും ദൃശ്യ സങ്കേതത്തെ ശക്തമാക്കിയിരിക്കുന്നു. കഥയിലെ പ്രധാന ഘടകം ആയ.ഒരു ജീപ്പ് ഉണ്ട്. അതിനു പോലും വന്യമായി മുരളുന്ന ഒരു മൃഗത്തിൻ്റെ ഭാവമാണ്. 

മലയാള സിനിമയിൽ അടുത്തെങ്ങും കാണാത്ത സാങ്കേതിക മികവും ചാവേറിനെ മികച്ച ദൃശ്യാനുഭവം ആക്കുന്നുണ്ട്. 

തിയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക.

ചാവേർ മികച്ച ദൃശ്യാനുഭവം : എസ്. ബിനുരാജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക