Image

കൂത്തുപറമ്പ് സംഭവം - (ഒരു അനുഭവ കഥ:  ~ബിനി മൃദുൽ, കാലിഫോർണിയ)

Published on 20 October, 2023
കൂത്തുപറമ്പ് സംഭവം - (ഒരു അനുഭവ കഥ:  ~ബിനി മൃദുൽ, കാലിഫോർണിയ)

ഒരു 29 വർഷം മുൻപുള്ള അനുഭവകഥ. തലക്കെട്ട്  കണ്ടു ഞാൻ രാഷ്ട്രീയ കോലാഹലത്തെപറ്റിയാണ് പറയുന്നത് എന്ന് കരുതരുത്. രാഷ്ട്രീയവും ജാതി മതചിന്തകളും  തൊട്ടാൽ പൊള്ളുന്ന വിഷയങ്ങൾ ആയത് കാരണം കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്. എന്നിരുന്നാലും കൂത്തുപറമ്പ് സംഭവം ഒരു അനുഭകഥയിലൂടെ പറയാം എന്ന് കരുതി.

എന്തുകൊണ്ടോ എന്നറിയില്ല പഴയ ഒരു നവംബർ കാലത്തെ പറ്റി ഓർമ വന്നു   കൃത്യമായി പറഞ്ഞാൽ 1994 നവംബർ 25. കലാലയ ജീവിതത്തിൽ മറക്കാത്ത ഒരു ദിനം. നിർമലഗിരി കോളേജിൽ ചേർന്നിട്ട് അധികം നാളുകൾ ആയിട്ടുണ്ടാവില്ല. കോളേജിൽ എത്താൻ 2 ബസ് കയറണം. വീടിനടുത്തു നിന്നും കയറിയാൽ കൂത്തുപറമ്പ് വരെ ഒരു 18-20 മിനിറ്റ് . പിന്നെ കൂത്തുപറമ്പിൽ നിന്നും നിർമലഗിരിയിലേക്ക് ഒരു 10-12 മിനിറ്റ്.

നിർമലഗിരിയെപറ്റി ഒരുപാട് വായിച്ചിട്ടുണ്ടേലും  അവിടെ പഠിച്ചിട്ടുണ്ടേലും എന്റെ ഓർമയിൽ കൃത്യമായി ബാക്കി ഉള്ളത് ക്യാന്റീനിൽ കിട്ടുന്ന വർണശബളമായ cassatta മാത്രമാണ് . ഇന്നും cassatta ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ആദ്യം ഓർമ വരുന്നതും ഇതു തന്നെ.

കോളേജ് വിട്ടാൽ എത്രയും പെട്ടെന്ന് വീട് പിടിക്കുക എന്നത് മാത്രമായിരുന്നു അന്നത്തെ ലക്ഷ്യം. മിക്കവാറും ലാസ്റ്റ് പീരിയഡ് കട്ട്‌. 

ലാസ്റ്റ് പീരിയഡ് സെക്കന്റ്‌ ലാംഗ്വേജ് ആയ മലയാളം ആയിരുന്നു. മലയാളം ക്ലാസ്സിൽ കയറിയ ദിവസങ്ങൾ വളരെ ചുരുക്കം. ഇടക്കെപ്പോഴോ സംസ്‌കൃതം പഠിച്ചത് കാരണം  നീന്തൽ പഠിക്കാൻ പോയ കോഴികുഞ്ഞിന്റ ഗതി ആയിരുന്നു. സംസ്‌കൃതം തുടരാനും തോന്നിയില്ല. മലയാളത്തോടുള്ള ഇഷ്ടവും നഷ്ടപ്പെട്ടിരുന്നു. അങ്ങനെ സ്വന്തം പഠിക്കാം എന്നുള്ള അഹങ്കാരം കാരണം മലയാളം ക്ലാസുകൾ എന്നും എനിക്ക് അന്യമായിരുന്നു.  പറഞ്ഞുവന്നത് മിക്കവാറും 4.30 ആകുമ്പോഴേക്കും വീട്ടിൽ എത്തുമായിരുന്നു.

ആ നവംബർ 25 നും വേറെ പ്രത്യേകതകൾ ഒന്നും ഉണ്ടായിരുന്നില്ല. ഉച്ചക്ക് ഒരു 2 ആയപ്പോൾ  കൂത്തുപറമ്പ് വെടിവെപ്പിന്റെ വാർത്തകൾ വരാൻ തുടങ്ങി. 5 പേർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരിക്കുന്നു. ഒരുപാട് പേർക്ക് പരിക്കേറ്റിരിക്കുന്നു  വാഹനങ്ങൾ റോഡിൽ ഇറങ്ങുന്നത് നിരോധിച്ചിരിക്കുന്നു. ആരും പുത്തിറങ്ങരുതെന്ന പോലീസിന്റെ കർശന നിർദേശം. വീട്ടിൽ എത്തണമെങ്കിൽ നടക്കുക അല്ലാതെ വേറെ വഴി ഇല്ല.  ഞങ്ങൾ  നടക്കാൻ തുടങ്ങി. വീട്ടിൽ എത്തണമെങ്കിൽ  വെടിവെപ്പ് നടന്ന വഴിയേ തന്നെ വരണം. കുപ്പി ചില്ലുകളും  രക്തകറകളും പുരണ്ട റോഡ്.  അടിച്ചു പൊളിച്ചിട്ട കടകൾ, പാതി കത്തി കരിഞ്ഞ വാഹനങ്ങൾ. അന്നത്തെ കൗമാരകാരിക്ക് മനസ്സിൽ പേടിയുണ്ടേലും, അതിലുപരി യുദ്ധഭൂമി കടന്നു വരുന്നതിന്റെ കൗതുകമായിരുന്നു. വിജനമായ റോഡ്. എത്ര പേടിച്ചാലും വീട്ടിൽ എത്താൻ നടന്നേ പറ്റൂ. രാഷ്ട്രിയം കൊടി പിടിച്ച ഒന്ന് രണ്ടു സ്ഥലങ്ങൾ താണ്ടിയാലേ വീട്ടിൽ എത്തു. കൊട്ടിയോടി, പാട്യം, തുടങ്ങിയ സ്ഥലങ്ങളിൽ  അക്രമത്തിന്റെ ബാക്കിപത്രങ്ങൾ അവിടവിടായിട്ടു കാണാമായിരുന്നു. പാതി കത്തിയതും,  കാറ്റഴിച്ചും വിട്ട വാഹനങ്ങൾക്ക് അരികെ എത്തിയപ്പോൾ ഞങ്ങളുടെ നടപ്പിന്റെ വേഗത കൂടി,  കൂടെ ഹൃദയമിടിപ്പും. വീട്ടുകാർക്ക് വിവരങ്ങൾ അറിയാൻ cell phone ഇല്ല. മക്കളെ കാത്തു വീടിന് മുന്നിൽ നിൽക്കുന്ന അക്ഷമരായ രക്ഷിതാക്കൾ. പാതിവഴിയിൽ, വെള്ളം തന്നും ഫോൺ നമ്പർ വാങ്ങി അച്ഛൻ അമ്മനമ്മാരെ വിവരം അറിയിച്ചും മറ്റു രക്ഷിതാക്കൾ.. 2.30 നു നടക്കാൻ തുടങ്ങിയ ഞാൻ വീട്ടിൽ എത്തിയപ്പോൾ 6 മണി കഴിഞ്ഞു കാണും. അക്ഷമരായി  റോഡരികിൽ മണിക്കൂറുകളോളം കാത്തു നിന്ന അച്ഛനും അയൽക്കാരും.

മാരത്തോൺ  ഒന്നും പരിചയമില്ലാത്ത കാലുകൾ ആയതിനാൽ  അടുത്ത 2 ദിവസം കാലുകൾ തറ തൊട്ടില്ല. രാഷ്ട്രീയ കലുഷിതമായ  കണ്ണൂരിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.  വെട്ടും കുത്തും കൊലപാതകങ്ങളുടെയും ഒരു പരമ്പര തന്നെ ആയിരുന്നു. കണ്ണൂരുകാരി എന്ന് പറഞ്ഞാൽ ആളുകൾ കണ്ണുരുട്ടി നോക്കി കാൽ പതിയെ പിന്നോട്ട് വെക്കും. പാനൂരുകാരി എന്നുകേട്ടാൽ പിന്നെ വന്ന വഴിക്ക് പുല്ലു പോലും മുളക്കില്ല. പാനൂരിന്റെ സമാധാനത്തിനു  വേണ്ടി മലയാളം സിനിമപ്രതിഭകൾ മുഴുവൻ ഒരു ദിവസം നിരാഹാരം നടത്തി. പാനൂരുകാർക്ക് എല്ലാ പ്രതിഭകളെയും ഒരുമിച്ചു ഒരു സ്റ്റേജിൽ വെറുതെ നോക്കിയിരിക്കാൻ കിട്ടിയ ഒരു ദിനം.😀 

വർഷങ്ങൾ. പിന്നിട്ടു. പാനൂരും കണ്ണുരും കുറെ മാറി. എന്നാലും അന്ന് കണ്ട കാഴ്ചകൾ ഒരിക്കലും മനസ്സിൽ നിന്ന് മായില്ല. ആദ്യത്തെ half മരത്തോണും!

 

Join WhatsApp News
S S Prakash 2023-10-20 05:31:15
Very good write up
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക