പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവർത്തകനും ആയിരുന്ന ഫ്രൻസിസ് തടത്തിൽ നമ്മളിൽ നിന്നും വിട്ട് പിരിഞ്ഞിട്ട് ഒരു വർഷം തികയുബോൾ , ഇപ്പോഴും ഫ്രാൻസിസ് മരിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. മരണം തിരിച്ചു വിളിച്ചെങ്കിലും ഫ്രാൻസിസ് ഇന്നും നമ്മുടെ മനസ്സിൽ ജീവിക്കുന്നു . ഫ്രാൻസിന്റെ വിയോഗം ഇപ്പോഴും മനസ്സിന് അംഗീകരിപ്പിക്കുവാൻ കഴിയുന്നില്ല. എങ്കിലും യാഥാർഥ്യത്തെ ഉൾക്കൊള്ളുവാൻ നമ്മൾ ബാധ്യസ്ഥരാണല്ലോ ."മറക്കില്ല ഒരിക്കലും ആ പുഞ്ചിരിക്കുന്ന മുഖം," ഹൃദയത്തിൽ സൂക്ഷിക്കുവാൻ ആ ചിരി അധികമാണ് . ഫ്രാൻസിസ് എന്ന വിളക്ക് മാത്രമെ അണഞ്ഞിട്ടുള്ളു, വെളിച്ചം നമ്മിലൂടെ ജീവിക്കുന്നു.
ചിലപ്പോഴെങ്കിലും തോന്നിപ്പോകും മരിച്ചു കഴിയുമ്പോളാണ് നാം പലരുടെയും വില മനസ്സിലാക്കുക എന്ന്. .
എന്നെ എപ്പോഴും അങ്ങനെ ചില ഓർമ്മകൾ തളച്ചിടാറുണ്ട്. എനിക്ക് ഒരുപാട് പ്രിയപ്പെട്ട ചിലരൊക്കെ ഇഹലോകവാസം വെടിഞ്ഞു യാത്രയായത് കൊണ്ടാവാം.. "കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല " എന്ന പഴയ ഒരു ചൊല്ലുണ്ട് .. എത്ര പരമാർത്ഥം!! കൂടെ എപ്പോഴും ഉള്ളപ്പോൾ ആരും ആരെയും തിരിച്ചറിയില്ല. മനസ്സിലാക്കില്ല. മരിച്ചു കഴിഞ്ഞാവും അവർ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോവുക.
ഈ ലോകത്ത് നിന്ന് തന്നെ വിടപറഞ്ഞു പോയാലും മനസ്സിനെ അത്ര കണ്ട് സ്വാധീനിച്ച വ്യക്തികളെ ഒരിക്കലും മനസ്സിൽ നിന്ന് മായ്കാൻ കഴിയുകയില്ല. ചില നേരങ്ങളിൽ അവർ ഇപ്പോഴും എവിടെയോ ഉണ്ട്. എന്നെങ്കിലും വീണ്ടും കാണാൻ കഴിയും എന്നുള്ള പ്രതീക്ഷ പോലും മനസ്സിൽ കടന്നു വരാറുണ്ട്. നാളെ നമുക്ക് പ്രിയപ്പെട്ട പലതിനെയും, പലരെയും വിട്ട് നമ്മളും പോകേണ്ടതല്ലേ. ഇതുവരെ കടന്നു പോയവർ നമ്മെ പിരിയുമ്പോൾ എത്ര അവർ ദുഖിച്ചിട്ടുണ്ടാവും. പൂർത്തിയാക്കാൻ കഴിയാതെ പോയ ദൗത്യങ്ങൾ.. സാധിക്കാതെ പോയ ആഗ്രഹങ്ങൾ. അങ്ങനെ പലതും ഓർത്ത് അവർ കരഞ്ഞിട്ടുണ്ടാവും.
ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ജീവന്റെ നഷ്ടമാണ്. പലപ്പോഴും ഒരാളുടെ കടമകൾ അയാളുടെ വിയോഗത്താൽ മറ്റൊരാൾ ചെയ്തു തീർക്കും. പക്ഷേ ചില കാര്യങ്ങൾ അവരവർക്ക് മാത്രമായി ചെയ്യാൻ കഴിയുന്ന ചിലതെങ്കിലും ഉണ്ടാവും. അതിനെ മറ്റൊരാൾക്ക് പൂർണ്ണമായി നികത്തി തരാൻ കഴിയില്ല. ഓരോ വ്യക്തിക്കും അവരുടേതായ പ്രാധാന്യം ഉണ്ട്. അത് പലപ്പോഴും ആരും മനസ്സിലാക്കാറില്ല, അവർ വിട്ട്പിരിയുന്നത് വരെ. ഫ്രാൻസിസ് ഇന്നും ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റേതായ എത്ര എത്ര സാഹിത്യ സൃഷ്‌ടികൾ നമ്മൾ വായിക്കേണ്ടുന്നതാണ്.
2013ല്‍ ഫ്രാന്‍സിസിന് ലുക്കീമിയ സ്ഥിരീകരിക്കുകയും കുടുംബം മാനസികമായി തകരുകയും ചെയ്തിരുന്നു. എന്നാല്‍ അതിനെയെല്ലാം മനോബലം കൊണ്ട് അതിജീവിച്ച് ഒരുപാട് പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഫ്രാന്‍സിസ് ജീവിതത്തിലേക്ക് തിരികെ വന്നിരുന്നു.
പച്ചയായ മനുഷ്യസ്‌നേഹിയായിരുന്നു ഫ്രാൻസിസ്. നിലപടുകളിൽ ഉറച്ചു നിന്നുകൊണ്ട് കാര്യങ്ങളെ വീക്ഷിക്കാനും വിവേചിച്ചറിറിയുവാനുമുള്ള കഴിവ് എടുത്തു പറയേണ്ട കാര്യമാണ്. ഫൊക്കാനയിലെ എല്ലാ നേതാക്കന്മാരുമായും വ്യക്തിപരമായ ബന്ധങ്ങൾ വളർത്തുകയും കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ് ഫ്രാൻസിസ്. ഫൊക്കാനയുടെ എല്ലാ ന്യൂസുകളും ജനങ്ങളിൽ എത്തിക്കുന്ന ജോലി ഒരു വിട്ടുവീഴ്ച്ചയും ഇല്ലാതെ കൈകാര്യം ചെയ്തു.
ആരോഗ്യപരമായ പ്രതിസസന്ധികളിലൂടെ കടന്നുപോവുമ്പോഴും ഉത്തരവാദപ്പെട്ട പത്രപ്രവർത്തകനെന്ന നിലയിൽ എല്ലാ വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുകളോടെ അവരിപ്പിക്കാനും അത് ജനങ്ങളിൽ എത്തിക്കുവാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇതൊക്കെ ഫ്രാൻസിസ് തടത്തിലിനെ മറ്റുള്ള പത്രപ്രവർത്തകരിൽ നിന്നും ഏറെ വ്യത്യസ്തനാക്കുന്നു .
രോഗം ശരീരത്തെ തകർത്തു താറുമാറാക്കിയപ്പോഴും മനസുപതറാതെ ധീരമായ പോരാട്ടത്തിലൂടെ രക്താർബുദത്തെയും കീഴടക്കിയാണ് ഫ്രാൻസിസ് എഴുത്തിന്റെ ലോകത്ത് മുന്നേറിയത്. പല ഘട്ടത്തിലും മരണത്തിൽ നീന്നും രക്ഷപ്പെട്ടത് മനകരുത്തുകൊണ്ടാണെന്നും , മരണത്തെ മുഖാമുഖം കണ്ടതു ഒമ്പത് തവണയായിരുന്നുവെന്നു ഫ്രാൻസിസ് തന്നെ പറഞ്ഞിട്ടുണ്ട് . ദൈവാനുഗ്രഹവും മനോധൈര്യവുമാണ് പിടിച്ചു നിർത്തിയത്.
ഒരാളുടെ ജീവിതത്തിൽ എത്രനാൾ ജീവിച്ചിരുന്നുവെന്നല്ല,എത്ര നന്നായി ജീവിച്ചിരുന്നുവെന്നതാണ് പ്രധാനം . ജീവിതത്തെ ഏറ്റവും അർത്ഥപൂർണമാക്കിയ ഒരു വ്യക്തിത്വമായിരുന്നു ഫ്രാൻസിസിന്റേത് . അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും ശക്തിസ്രോതസ് ഭാര്യ നെസി തോമസും കുട്ടികൾ ഐറീൻ എലിസബത്ത് തടത്തിൽ, ഐസക്ക് ഇമ്മാനുവേൽ തടത്തിൽ എന്നിവർ ആയിരുന്നു .
ഫ്രാൻസിസ് തടത്തിലെന്റെ വിയോഗം ഇപ്പോഴും മനസ്സിന് അംഗീകരിപ്പിക്കുവാൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.