ലോകത്തെ സാമ്പത്തീകനില നിയന്ത്രിക്കുന്ന ന്യൂയോർക്കിലെ വാൾസ്റ്റ്രീറ് അനേകം കൗതുകങ്ങളുടെ കാര്യത്തിലും മുന്നിലാണ്. ജോലിദിവസങ്ങളിൽ ഉച്ചസവാരിക്ക് പോകുമ്പോൾ സഹനടത്തക്കാരനായ സിബി ഡേവിഡിനൊപ്പം അവിടുത്തെ പല കെട്ടിടങ്ങളും നോക്കി നിന്ന് ഞങ്ങൾ ആസ്വദിക്കാറുണ്ട്. പുതിയ കെട്ടിടങ്ങൾ ഒക്കെ ഗ്ലാസ്ബോക്സുകൾ അടുക്കിവച്ചപോലെ പണിതതായതുകൊണ്ട് ഒട്ടുംഭംഗിയില്ല; എന്നാൽ പഴക്കമുള്ള കെട്ടിടങ്ങൾ അതിന്റെ ആകാരവും സൗന്ദര്യവും നിലനിറുത്തുന്ന സുന്ദരരൂപങ്ങളാണ്. ഓരോ തവണ അവിടെക്കൂടെ നടക്കുമ്പോളും അവയെ ആദ്യം കാണുന്നതുപോലെ നോക്കിനിൽക്കാറുണ്ട്. അതിന്റെ പലഭാഗങ്ങളും പടം എടുത്തു സൂംചെയ്തു കാണാറുണ്ട്, മിക്ക കെട്ടിടങ്ങൾക്കും ഓരോരോ കഥയും പറയാനുണ്ട്. അങ്ങനെ ഈ ആകാശചുംബികളായ കെട്ടിടവനത്തിൽ എത്രയെത്ര കഥകളാവും ബാക്കിവച്ചിരിക്കുന്നത്?.
ഇന്നലത്തെ നടത്തത്തിൽ ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിലെ നമ്പർ100 ബ്രോഡ്‌വേയിലെ കെട്ടിടത്തിലാണ് കണ്ണുപതിഞ്ഞത്. അതിൽ കൊത്തിവച്ചിരുന്ന വാൽക്കണ്ണാടി പിടിച്ചുനിൽക്കുന്ന ഒരു സുന്ദരസ്ത്രീരൂപം വല്ലാതെ മാടിവിളിച്ചു എന്നുപറയാം. അമേരിക്കൻ ഷുവർട്ടീ ബിൽഡിംഗ് (ബാങ്ക് ഓഫ് ടോക്കിയോ ബിൽഡിംഗ് എന്നും അറിയപ്പെടുന്നു) 1890-കളിൽ, 23 നിലകൾ ഉള്ള (338 അടി ഉയരമുണ്ട്) ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായിരുന്നു. ഷുവർട്ടീ എന്നുപറഞ്ഞാൽ ധനകാര്യത്തിൽ, കടം വാങ്ങുന്നയാൾ വീഴ്ച വരുത്തിയാൽ കടം വാങ്ങുന്നയാളുടെ കടബാധ്യതയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഒരു കക്ഷിയുടെ ജാമ്യം അല്ലെങ്കിൽ ഗ്യാരന്റി. ഷുവർട്ടീ കെട്ടിടത്തിന്റെ മുൻഭാഗം ഒരു ക്ലാസിക്കൽ ഗ്രീക്ക് ക്ഷേത്രത്തിന്റെ മുൻഭാഗം പോലെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അമേരിക്കയിലെ മറ്റ് നിരവധി വാസ്തുവിദ്യാ കലകളോട് സാമ്യമുണ്ട് അതിലെ അലങ്കാരങ്ങൾ എങ്കിലും അതിൽ കൊത്തിവച്ചിരിക്കുന്ന 8 സ്ത്രീരൂപങ്ങളും എന്തൊക്കൊയോ പറയുന്നുണ്ട്എന്നതാണ് ഏറെ കൗതുകം ഉണർത്തിയത്. ഓരോസുന്ദര സ്ത്രീശിൽപ്പത്തിനും ഉത്തമമായ ശരീരഘടനയും, ദൈവീകഭാവവും ചന്തവും ചിന്തയും അവരുടെ വസ്ത്രങ്ങളിലെ നേർത്ത ചുളിവുകൾ പോലും ക്ര്യത്യമായി പകർന്നുവച്ചിരിക്കുന്നു. കടംവാങ്ങുന്നതും ജാമ്യം നിൽക്കുന്നതിനുമിടയിൽ ഈ സുന്ദരികൾ എന്താവും ലോകത്തോട് പറയുന്നുണ്ടാവുക?.
കെട്ടിടത്തിന്റെ മൂന്നാം നിലയുടെ തറയുടെ മുൻഭാഗമാണ് എൻടാബ്ലേച്ചർ, ഈ ലെവലിന്റെ അത്രയും ഉയരത്തിൽ നിൽക്കുന്ന എൻടാബ്ലേച്ചറിന് മുകളിൽ, പുരാതന ഗ്രീക്ക് പ്രതിമയുടെ ശൈലിയിൽ എട്ട് സ്ത്രീകളുടെ ശിൽപം ചെയ്തിരിക്കുന്നു, അഥീനിയൻ അക്രോപോളിസിലെ ശിൽപങ്ങളിൽ നിന്ന് വ്യത്യസ്തമായി, അമേരിക്കൻ ഷുവർട്ടീ ബിൽഡിംഗിൽ 8 ദേവതകൾ നിശബ്ദമായി എന്തോ പറയുന്നുണ്ട്. പിന്നെയും പിന്നെയും ആ വഴി പോകുമ്പോൾ കലകളുടെ ദേവതകളോട് ഞങ്ങളുടെ ഭാഷയിൽ സംഭാഷണം ആരംഭിച്ചു. സാധാരണ നടപ്പാതയിൽനിന്നും ഏതാണ്ട് 30 അടി പൊക്കത്തിലാണ് ഇവരുടെ നിൽപ്പ്, നേരെ മുന്നിൽ മനോഹരമായ ശിൽപ്പങ്ങൾ പൊതിഞ്ഞ പ്രസിദ്ധമായ വോൾസ്ട്രീറ്റ് ട്രിനിറ്റി ദേവാലയവും. മിക്കവാറും കാഴ്ചക്കാർ ഈ ദേവതകളെ കാണണമെങ്കിൽ തലയുയർത്തി മുകളിളിലേക്ക് തിരിഞ്ഞു നോക്കണം. ഒരു സാധാര അലങ്കാരത്തിലുപരി ഒറ്റ നോട്ടത്തിൽ അങ്ങനെ കണ്ണുടക്കില്ല. ഒരു ദേവത വാൽക്കണ്ണാടി പിടിച്ചുനിൽക്കുന്നതാണ് കണ്ണ് ഉടക്കിയത്. പിന്നെ ദേവതയും വാൽക്കണ്ണാടിയും നിരന്തരം യാത്രയുടെ ഭാഗമായി. എന്നും ഞങ്ങൾക്ക് എന്തൊക്കെയോ കൈമാറാൻ ഉണ്ട് എന്നൊരു തോന്നൽ.
പുരാതന ഗ്രീക്ക് പുരാണങ്ങളിൽ, ദേവന്മാരുടെ രാജാവായ സിയൂസിന്റെ ഒമ്പത് മ്യൂസുകളും പുത്രിമാരും സംഗീതത്തിനും പാട്ടിനും നൃത്തത്തിനും നേതൃത്വം നൽകി. പുരാണങ്ങളിൽ, 'മ്യൂസസ്', സാഹിത്യം, ശാസ്ത്രം, കലകൾ എന്നിവയുടെ പ്രചോദനാത്മക ദേവതകളായ 9 പേരെ പരാമർശിക്കുന്നുണ്ട്. മ്യൂസുകളുടെ എണ്ണത്തെക്കുറിച്ചും എഴുത്തുകാർ സമാനമായി വിയോജിക്കുന്നു; ചിലർ മൂന്ന് ഉണ്ടെന്നും മറ്റുചിലർ ഒമ്പത് ഉണ്ടെന്നും പറയുന്നു. പുരാതന ഗ്രീക്ക് സംസ്കാരത്തിൽ നൂറ്റാണ്ടുകളായി വാമൊഴിയായി ബന്ധപ്പെട്ടിരുന്ന കവിതകൾ, ഗാനരചനകൾ, പുരാണങ്ങൾ എന്നിവയിൽ ഉൾക്കൊള്ളുന്ന അറിവിന്റെ ഉറവിടമായി അവർ കണക്കാക്കപ്പെട്ടിരുന്നു. അവർ കലകളെ ഉൾക്കൊള്ളുകയും ഓർമ്മിക്കപ്പെടുന്നതും മെച്ചപ്പെടുത്തിയതുമായ പാട്ട്, ഹാസ്യാനുകരണം, എഴുത്ത്, പരമ്പരാഗത സംഗീതം, നൃത്തം എന്നിവയിലൂടെ ദേവതകളുടെ കൃപകളാൽ സൃഷ്ടിയെ പ്രചോദിപ്പിക്കുകയും ചെയ്തു. മ്യൂസിക് എന്ന പദം ഇവരിൽനിന്നാണ് വന്നെതെന്നു പറയപ്പെടുന്നു. തീർച്ചയായും, സംഗീതം എന്ന വാക്ക് ഗ്രീക്ക് പദമായ 'മ്യൂസിക്ക്' എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് കരുതപ്പെടുന്നു, അതായത് 'മ്യൂസുകളുടെ കല'.
സംഗീതത്തിന്റെ സംസ്കൃത പദമാണ് സംഗീതം, അതിന്റെ അർത്ഥം "ഒരുമിച്ചു പാടിയത്" എന്നാണ്. രസകരമെന്നു പറയട്ടെ, സംസ്‌കൃതത്തിന്റെ വേരുകൾ മറ്റൊരു സംഗീത പദമായ ഗിറ്റാറിലാണ് കാണിക്കുന്നത്, അറബി പദമായ ക്വിതാരയിൽ നിന്ന് അതിന്റെ രണ്ട് ഇൻഡോ-യൂറോപ്യൻ വേരുകളുണ്ട്: "ക്വിറ്റ്" എന്നത് സംഗീതത്തിലേക്കും "ടാർ" എന്നാൽ ചരടിലേക്കും തിരിയുന്നു. പുരാതന ഗ്രീക്ക് തന്ത്രി വാദ്യമായ കിത്താര എന്ന വാക്കിലും പേർഷ്യൻ സിഹ്താറിലും ഇന്ത്യൻ സിത്താറിലും ആ വേരുകൾ കാണിക്കുന്നു. അങ്ങനെ വാൽക്കണ്ണാടിയിൽ പതിവിലേറെ വിഷയങ്ങൾ പ്രതിബിംബിച്ചു. ഇനിയും നമ്മുടെ വാൾസ്ട്രീറ്റിലെ ദേവതകളിലേക്കുതന്നെ വരാം.
ആദ്യത്തെ സ്ത്രീ ഒരു ഒലിവുശാഖ പിടിച്ച് നിൽക്കുന്നു അടുത്ത് വാൽക്കണ്ണാടി ഉയർത്തിപ്പിടിച്ചുകൊണ്ട് നിൽക്കുന്നു, മൂന്നാമത്തെ സ്ത്രീ ഈന്തപ്പനയോല യാണെന്ന് തോന്നുന്നു, നാലാമത്തെ സ്ത്രീ കുന്തം പിടിക്കുന്നു. അഞ്ചാമത്തെ രൂപം ഒരു പാമ്പിനെ കൈകാര്യം ചെയ്യുന്നു. ആറാമത്തെ സ്ത്രീ അവളുടെ കൈയിൽ ഏകദേശം സിലിണ്ടർ ആകൃതിയിലുള്ള എന്തോ പിടിച്ചിരിക്കുന്നു (ഒരുപക്ഷേ ഒരു ചെറിയ ചുരുൾ?). പിന്നെ വാൽക്കണ്ണാടിയും ഒലിവുശാഖയും അതേ കോപ്പി. കൂട്ടത്തിന് ചുറ്റും നാല് കഴുകന്മാരും ഉണ്ട് അവയ്‌ക്ക് ഇരുവശവും രണ്ടെണ്ണംവീതം. ഓരോ പക്ഷിയും താഴേയ്‌ക്ക് തിരിഞ്ഞ വാളിന് മുകളിൽ നിൽക്കുന്നു. അതിന്റെ പിന്നിൽ ഒരു പരിചപോലുള്ള വൃത്തമുണ്ട്. ഒരുപക്ഷേ അവർക്ക് എട്ട് അക്കങ്ങളുമായി കാര്യമായ എന്തെങ്കിലും ബന്ധമുണ്ടായിരിക്കാം. അറിയില്ല; വഴിയേ അവരോടുതന്നെ ചോദിക്കാം.
ദൈവിക പ്രചോദനം എന്നത് ഒരു അമാനുഷിക ശക്തിയുടെ സങ്കൽപ്പമാണ്, സാധാരണയായി ഒരു ദേവത ആളുകൾക്ക് ഒരു സൃഷ്ടിപരമായ ആഗ്രഹം അനുഭവിക്കാൻ കാരണമാകുന്നു. ആയിരക്കണക്കിന് വർഷങ്ങളായി പല മതങ്ങളിലും ഇത് സാധാരണയായി ഇരുത്തിരിഞ്ഞിട്ടുണ്ട്. ദൈവിക പ്രചോദനം പലപ്പോഴും വെളിപാട് എന്ന ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഹിന്ദു വിശ്വാസത്തിൽ സംഗീതം ഒരു മാധ്യമമായി കണക്കാക്കപ്പെടുന്നു, അതിലൂടെ കലാകാരന്മാർക്ക് ദൈവിക പ്രചോദനത്തിനുള്ള ഒരു വാഹനമായി മാറാൻ കഴിയും. തൃദേവി സങ്കൽപ്പത്തിലെ സരസ്വതിദേവിയെയും പ്രചോദനത്തിന്റെ സഹായത്തിനായി വിളിക്കാറുണ്ട്. അപ്പോളോ, ഡയോനിസസ് എന്നീ ദേവന്മാരിൽ നിന്നും പ്രചോദനം വന്നതായി ഗ്രീക്കുകാർ വിശ്വസിച്ചു. അതുപോലെ, പുരാതന നോർസ് മതങ്ങളിൽ, ഓഡിൻ പോലുള്ള ദൈവങ്ങളിൽ നിന്നാണ് പ്രചോദനം ലഭിക്കുന്നത്. ഹീബ്രു കാവ്യശാസ്ത്രത്തിലും പ്രചോദനം ഒരു ദൈവിക വിഷയമാണ്. ബൈബിളിലെ ആമോസിന്റെ പുസ്തകത്തിൽ പ്രവാചകൻ ദൈവത്തിന്റെ ശബ്ദത്താൽ മതിമറന്ന് സംസാരിക്കാൻ നിർബന്ധിതനായതിനെ കുറിച്ച് പറയുന്നു. ക്രിസ്തുമതത്തിൽ, പ്രചോദനം പരിശുദ്ധാത്മാവിന്റെ ദാനമാണ്.
പാരഡൈസ് ലോസ്റ്റിൽ, ഇംഗ്ലീഷ് കവി ജോൺ മിൽട്ടൺ ഒരു മ്യൂസിനെ ആവാഹിക്കുന്നു. അത് ഇതിഹാസത്തിന്റെ തുടക്കം അസാധാരണമാക്കുന്നു. എന്നാൽ ഇത് പുരാതന ഗ്രീക്ക് കവികൾ വിളിച്ചിരുന്ന പ്രചോദനാത്മക ദേവതകളിൽ നിന്ന് വ്യത്യസ്തമായ ഒരു മ്യൂസാണെന്നു വ്യക്തമാക്കുന്നു. പ്രപഞ്ചസൃഷ്ട്ടിയെക്കുറിച്ചു വാചാലമാവുന്ന ബൈബിളിലെ ഒന്നാം പുസ്തകമായഉല്പത്തി എഴുതാൻ മോശയെ പ്രചോദിപ്പിച്ച മ്യൂസിനെയാണ് മിൽട്ടൺ ആവാഹിക്കുന്നത്. ഈ മ്യൂസ് ക്ലാസിക്കൽ മ്യൂസിനേക്കാൾ വലുതാണ്, അതിനാൽ തന്റെ കവിത "ഗദ്യത്തിലോ പ്രാസത്തിലോ ഇതുവരെ ശ്രമിക്കാത്ത കാര്യങ്ങൾ" കൈവരിക്കുമെന്ന് മിൽട്ടൺ പ്രതീക്ഷിക്കുന്നു. മിൽട്ടന്റെ ക്രിസ്തീയ ഇതിഹാസത്തിന്റെ വിഷയം "മനുഷ്യന്റെ ആദ്യത്തെ അനുസരണക്കേടും ആ വിലക്കപ്പെട്ട വൃക്ഷത്തിന്റെ ഫലവും" ആണ്. ആദാമും ഹവ്വായും അറിവിന്റെ വൃക്ഷം തിന്നുകൊണ്ട് ദൈവത്തെ വെല്ലുവിളിച്ചപ്പോൾ, ഒരു ക്രിസ്ത്യൻ തീമിന് ഒരു ക്രിസ്ത്യൻ മ്യൂസ് ആവശ്യമാണ്, അതിനാൽ മിൽട്ടൺ പരിശുദ്ധാത്മാവിനെ വിളിക്കുന്നു. ദിവ്യ പ്രചോദനത്തിനായി അദ്ദേഹം അപേക്ഷിക്കുന്നു.
വെളിയിൽ മഴച്ചാറ്റൽ തുടങ്ങിയിരുന്നു. വാൾസ്ട്രീറ്റിന് അഭിമുഖമായി നൂറ്റാണ്ടുകളായി നിലയുറപ്പിച്ച ട്രിനിറ്റി ദേവാലയത്തിലെ കണ്ണാടിജനലുകൾ വല്ലാതെ ചുവന്നുതുടുത്തു. അകത്തു ഉച്ചപ്രാർത്ഥനക്കായി വിളക്കുകൾ തെളിയിച്ചതാവാം. അതിനു പിന്നിലെ ശ്മശാനത്തിലൂടെ ജോലിസ്ഥലത്തേക്ക് എത്താൻ വേഗംനടന്നു. നട്ടുച്ചക്ക് കൂരിരുട്ടു വ്യാപിച്ചപോലെ; നിറംമാറിത്തുടങ്ങിയ ചില ഇലകൾ ഓരോ മഴത്തുള്ളിയിലും പിടിച്ചുനിക്കാനാവാതെ പൊഴിഞ്ഞുവീണുകൊണ്ടിരുന്നു. അൽപ്പംപച്ചപ്പോടെ പിടിച്ചുനിൽക്കാനായത് വീണ്ടുംകാണാം എന്നുപറഞ്ഞപോലെ കാറ്റിൽ കൈവീശി നിന്നു. ഒരിക്കൽക്കൂടി ദേവതയെ തിരഞ്ഞു നോക്കാതിരിക്കനായില്ല, അപ്പോഴും വാൽക്കണ്ണാടിയും പിടിച്ചു അതേ നിൽപ്പ്, ആ വാൽക്കണ്ണാടിയിൽ നിന്നും ഒരു പ്രകാശധാര പുറപ്പെട്ടുവോ? അറിയില്ല മനസ്സുനിറഞ്ഞ ദേവീകടാക്ഷത്തിൽ ചുവടുകൾ മുന്നോട്ടുതന്നെവച്ചു.