ഉണ്ണികളെന്തേ പിറക്കുന്നൂഴിയിൽ
ചുരുട്ടിപ്പിടിച്ചോരുള്ളം കയ്യുമായി
കൈയ്യിലേതോ നിധി കാക്കും പോൽ
ജീവിതായോധനക്കളരിയിലടരാടാനുള്ള
താലന്തുകളുണ്ണിതന്നുള്ളങ്കയ്യിൽവെച്ചു
കൊടുത്തു യാത്രയാക്കിയതാണോയീശൻ
ദീർഘയാത്രക്കായ് പോകുന്നൊരുണ്ണിക്കു
വഴിച്ചിലവിനായിട്ടച്ഛൻ നൽകിയ
കരുതൽ ധനമുള്ളിൽ സൂക്ഷിക്കും പോൽ
ഒന്നാകാം പത്താകാമായിരമോ
പതിനായിരമോ ആയിടാമെന്നാലുമൊരു
താലന്തുമില്ലാതാരും പിറക്കുന്നില്ലീ ഭൂമിയിൽ
ഉണ്ണിതൻ കൈ തുറന്നു നോക്കിയാലൊന്നുമേ
കാണുന്നില്ലേതാനും വരകളല്ലാതെ
യെങ്കിലുമൊരേ പോലല്ലീ വരകൾ നിശ്ചയം
കൈരേഖകളായി കാണുമീയടയാളങ്ങൾ
ജീവിത വിജയപരാജയ കുരുക്കഴിക്കും
ഡാവിഞ്ചിക്കോഡുകളോ?
ആരും കാണാതിരിക്കാനുമെടുത്തു
കൊണ്ടു പോകാതിരിക്കാനുമാണോ
കൈകൾ ചുരുട്ടിപ്പിടിക്കുന്നതെന്നോ
ജീവിതയാത്രയിലുടെനീളമീ താലന്തുകൾ
ഒന്നാക്കി നില നിറുത്തിടാമധികമായി
പെരുക്കിടാമെന്നാലും കുഴിച്ചുമൂടല്ലൊരിക്കലും
കൈകൾ ചുരുട്ടിപ്പിടിച്ചു വന്നവർ നാമെന്നാലും
ജീവിതം തീരുന്ന നേരത്തിരു കൈകളും
തുറന്നു പിടിച്ചങ്ങു മടങ്ങീടുന്നു
മായുന്നില്ലീ കൈരേഖകൾ, ജീവിതപുസ്തക
താളിലേയക്ഷരങ്ങൾ പോലവ മായാതെ
തെളിഞ്ഞു കിടന്നീടുന്നു മടങ്ങുമ്പോഴും
തിരികെയെത്തുമ്പോഴെണ്ണി നോക്കി
വിധിക്കുമോയീശൻ ഒരുവൻ തൻ
ലോകജീവിത കർമ്മഫലം?
മൂഢനേ കുഴിച്ചു മൂടൂ വരദാനതാലന്തുകൾ
പതിന്മടങ്ങാക്കുവിൻ, തനിക്കുമന്യർക്കും
ഗുണമായിടാൻ തണലായിടാൻ
***ബൈബിളിലെ താലന്തുകളുടെ ഉപമയോട് കടപ്പാട്