എപ്പോഴാണ് മനുഷ്യക്കുഞ്ഞ് സ്വയം പര്യാപ്തത നേടുക? ഇതാണ് ഇന്നത്തെ ചോദ്യം. കാക്കയും കോഴിയും പട്ടിയും പൂച്ചയും മക്കളെ പോറ്റുന്നുണ്ട്. പറക്കമുറ്റും വരെമാത്രം. അതുകഴിഞ്ഞാൽ കൊത്തിയോടിക്കും അല്ലെങ്കിൽ കടിച്ചോടിക്കും. എന്നാൽ വികസിച്ച തലച്ചോറുള്ള മനുഷ്യൻ്റെ കാര്യത്തിൽ ഈ ഒരു പ്രശ്നം വളരെ കുഴഞ്ഞുമറിഞ്ഞതാണ്. ഈ പ്രശ്നത്തിൽ നമുക്ക് ഒരു നിശ്ചിതഉത്തരം കണ്ടെത്താനാകില്ല. അനേകം ഉത്തരങ്ങളിൽ നിന്നും കൂടുതൽ അനുയോജ്യമായതിലേക്ക് എത്തുകയേ വഴിയുള്ളൂ. ഇപ്പോഴിതാ റോമിൽ നിന്നൊരു വാർത്ത പുറത്തു വരുന്നു, എഴുപത്തഞ്ചു വയസ്സുള്ള ഒരു വൃദ്ധ കോടതിയെ അഭയം പ്രാപിച്ചു, അവരുടെ പരാതി തൻ്റെ രണ്ട് ആൺമക്കളെക്കുറിച്ചാണ്. നാൽപ്പത്തിരണ്ടും നാൽപ്പതും വയസ്സുള്ള അവരുടെ രണ്ട് ആൺമക്കളെ പ്രതിയാണ് അവരുടെ ആവലാതി. മക്കൾ വീട്ടിൽ നിന്നും മാറി താമസിക്കണം എന്നതാണ് അവരുടെ ആവശ്യം. മക്കൾ രണ്ടുപേർക്കും വരുമാനമില്ലാത്തതു കൊണ്ടാവും അവർ മാറിത്താമസിക്കാത്തത് എന്നു നമ്മൾ കരുതും. എന്നാൽ പ്രശ്നമതല്ല. രണ്ടുപേരും ഉദ്യോഗസ്ഥരാണ്. പിന്നെന്താണ് പ്രശ്നമെന്നല്ലേ? രണ്ടുപേരും നയാപൈസ അമ്മക്ക് വീട്ടുചെലവിനു നൽകില്ല. ഭർത്താവു മരിച്ചശേഷം അവർക്കു കിട്ടുന്ന പെൻഷൻ കാശു കൊണ്ട് രണ്ടുമക്കൾക്കും അമ്മ ഭക്ഷണം നൽകണം, മറ്റു വീട്ടുപണികൾ ചെയ്യണം. രണ്ടുപേരും അമ്മയെ സഹായിക്കില്ല എന്നുമാത്രമല്ല ശകാരിക്കുകയും ചെയ്യും. ഈ മക്കളെ ഇനി പോറ്റാൻ വയ്യ എന്നു തീരുമാനിച്ച അമ്മ പലവട്ടം അവരോട് വീടുവിട്ടു പോകാൻ ആവശ്യപ്പെട്ടു. എന്നാൽ മക്കൾ അതു കേട്ടമട്ടു കാട്ടിയില്ല. അങ്ങനെയാണ് അമ്മ കോടതിയിലെത്തിയത്. ഏതായാലും ഇത്രയും വലിയ മക്കളെ ഇനി വൃദ്ധയായ അമ്മ പോറ്റി വളർത്തേണ്ടതില്ല എന്നു കോടതി ഉത്തരവിട്ടു. മക്കളെക്കുറിച്ച് അമ്മ, കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിശേഷിപ്പിച്ചത് പരാദജീവികൾ എന്നാണ്. ഏതായാലും കേസ് പരിഗണിച്ച ജഡ്ജി സിമോണ കാറ്റർബി, ബിഗ്ബേബീസ് ഡിസംബർ 18 നു മുൻപായി വേറെ താമസസ്ഥലം കണ്ടെത്തണമെന്ന് വിധിച്ചു.
നമ്മുടെ നാട്ടിൽ വിദ്യാഭ്യാസകാലഘട്ടവും കടന്ന്, ജോലികിട്ടി വിവാഹജീവിതം ആരംഭിച്ച ശേഷമാണ് മക്കളുടെ മാറിത്താമസം ആരംഭിക്കുക. എന്നാൽ ചില മക്കൾ അച്ഛനമ്മമാരുടെ പെൻഷൻ തുകയെ ആശ്രയിച്ച് ജീവിക്കാൻ നിശ്ചയിക്കുന്നത് അത്ര അപൂർവകാഴ്ചയുമല്ല ഇന്ന്. കൗമാരം കടന്നാലും ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കാതെ മക്കളെ തീർത്തും ഒന്നിനും പ്രാപ്തരല്ലാത്ത വിധം വളർത്തുന്നവരും ഉണ്ട്, യൗവ്വനം തീരുമ്പോഴും വീട്ടുകാരെ ആശ്രയിച്ച് ഇത്തിൾക്കണ്ണികളാകുന്ന മക്കളും ഇല്ലാതില്ല.
ഏതായാലും, റോമിൽ നിന്നും വരുന്ന ഈ കോടതി വിധി പരാന്നഭോജികളായ എല്ലാ മക്കൾക്കും ഒരു മുന്നറിയിപ്പാണ്.