കൂണ് പോലെ വളരുന്ന വിദേശ വിദ്യ കമ്മീഷൻകാരെ സൂക്ഷിക്കുക
ഇന്നലെ പ്രമുഖ പത്രങ്ങളിൽ മുൻ പേജ് നിറയെ വിദേശ വിദ്യാരംഭം എന്ന പരസ്യം കൊടുത്തിരിക്കുന്നത് കേരളത്തിൽ വിദേശ വിദ്യാഭ്യാസം അഡ്മിഷൻ ക മ്മീഷൻ ബിസിനസ് ഏജൻസിയാണ്. അതാണ് ഈ കുറിപ്പിന്റെ കാരണം.
കഴിഞ്ഞ ആഴ്ചയിൽ ഷെങൻ വിസക്ക് വേണ്ടി എറണാകുളം രവിപുരത്തു വി എസ് എഫ് സി യിൽ പോയി. അതിന്റ തൊട്ട് എതിർ വശം സന്താ മോണിക്ക എന്ന ' വിദേശ വിദ്യ ' കമ്മീഷൻ കമ്പിനിയുടെ വലിയ ബോർഡ്. കൊച്ചി എയർപോർട്ടിന്റെ അടുത്തും അത് പോലുള്ള വലിയ ബോഡ് കാണാം. അത് പോലെ രവിപുരത്തു ഒരു പത്തു ചെറുതും വലുതും വിദേശ വിദ്യ കമ്മിഷൻ ഏജൻസിന്റെ ഓഫീസ് ഉണ്ട്. അങ്ങനെ കമ്മീഷൻ ഏജൻസികളുടെ സബ് ഏജൻസികൾ മിക്കവാറും എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കൂണ് പോലെ വളരുന്നു. അവരെല്ലാം പിള്ളേരെ പിടിക്കാൻ ഇറങ്ങിയിരിക്കുന്നു.
കഴിഞ്ഞ ദിവസം എനിക്ക് ഒരു ഫോൺ കോൾ. മക്കൾ എവിടെ പഠിക്കുന്നു വിദേശത്ത് ഇപ്പോൾ കുടിയേറാൻ ഗോൾഡ്‌ൻ അവസരം. മാൾട്ട, കാനഡ, യു കെ, ജർമനി. അങ്ങനെ അവസരങ്ങൾ ഒരുപാടു ഉണ്ട്. ഞാൻ ചോദിച്ചു എന്ത് ചിലവാകും. അത് 15 ലക്ഷം മുതൽ 30 ലക്ഷം വരെ. അത്രയും പൈസ ഇല്ല സർ. ഉടനെ കരം അടച്ച രസീതും സ്ഥലത്തിന്റെ ആധാരവും ഉണ്ടെങ്കിൽ ഫിനാൻസിങ് ഏർപ്പാട് ആക്കാം. എന്ന ഒഫർ.
വിസക്ക് അപേക്ഷ കൊടുക്കാൻ അവിടെ ഇരുന്നപ്പോൾ ഇരുപതും പതിനെട്ടും വയസുള്ള പലരെയും കണ്ടു. പലരോടും സംസാരിച്ചു. ഒരാൾ മാൾട്ടയിൽ ൽ LSE യിൽ എം ബി എ ക്കു പോകുന്നു. അത് എന്താ ലണ്ടനിൽ പോയാൽ. അത് IELTS സ്ക്കോർ അറിൽ കുറവ്. മാൾട്ടയിൽ IELTS വേണ്ട. മാൾട്ടയിൽ ഓഫ് കാമ്പസിൽ ചിലവു ഒരു സെമെസ്റ്റർ 7 ലക്ഷം. പിന്നെ എല്ലാം കൂടി 4 ലക്ഷം. ഏജൻസി കമ്മീഷൻ എല്ലാം അവർ കൊടുക്കും. ഞാൻ പറഞ്ഞു ലണ്ടൻ സ്കൂൾ ഓഫ് ഇക്കൊണമിക്സ് കമ്മീഷൻ കൊടുക്കില്ല. അവർക്ക് മാൾട്ടയിൽ ബ്രാഞ്ച് ഇല്ല.
ചോദിച്ചപ്പോഴാണ് ലണ്ടൻ സ്കൂൾ ഓഫ് കോമേഴ്‌സ്. പയ്യന് ഇതൊന്നും അറിയില്ല. ഏജൻസി പറഞ്ഞു വലിയ യൂണിവേഴ്സിറ്റി ആണന്നു. അത് മാത്രം അല്ല, 9 മാസം സ്റ്റേ ബാക്ക്. അത് കഴിഞ്ഞു യൂറോപ്പിൽ എവിടെ വേണമെങ്കിലും പോകാം. ഞാൻ ചോദിച്ചു ഇന്ത്യയിൽ പലയിടത്തും അതിന്റ പകുതി ചിലവാക്കിയാൽ എം ബി എ ക്ക് പോകാമല്ലോ. ഇന്ത്യയിലെക്കാൾ നല്ല തൊഴിൽ അവസരം മാൾട്ടയിൽ കിട്ടും എന്ന് അവർ പറഞ്ഞു. മാൾട്ട ഇട്ടാവട്ടം ഉള്ള ഐലൻഡ് ആണെന്നാണോന്നും പയ്യൻ അറിയില്ല. അവിടെ നിന്ന് യുറോപ്പിൽ എവിടെയും പോകാം എന്ന സ്വപ്‌നങ്ങളാണ് അവർ കൊടുക്കുന്നത്.
അത് പോലെ കേബ്രിഡ്ജിൽ പോകുന്നു എന്ന് വേറൊരാൾ. കെംബ്രിഡ്ജ് യൂണിവേഴ്സിറ്റിയും കേബ്രിഡ്ജ് കോളേജും കടലും കടലാടിയുമെന്നുള്ള വെത്യാസം ഒന്നും അറിയില്ല. കഴിഞ്ഞ പ്രാവശ്യം നേപ്പാളിൽ പോയപ്പോൾ ഒക്സ്ഫോഡ് കോളേജ് കണ്ടു. പാരലൽ കോളേജിന്റെ പേരാണ്.
പണ്ട് മലയാള ദിന പത്രങ്ങളിൽ പോപ്പുലർ ഉൾപ്പെടെ പല ഫിനാൻസ് കമ്പിനി പരസ്യം വരുമായിരുന്നു. ഒറിയന്റെ ഫിനാൻസ്. ലാ ബെല്ല. അത് പോലെ പലതും. വൻ പലിശ നിരക്ക്. അവരുടെ കമ്മീഷൻ ഏജന്റ് മാർ വീട്ടിൽ വന്നു പൈസ വാങ്ങും.. ആറു മാസം പലിശ വീട്ടിൽ എത്തിക്കും. വിശ്വാസം ആർജിക്കാൻ ഡിപ്പോസിറ്റ് മേള. അതിനു നാട്ടിൽ പ്രശ്സ്ത്തരെ വിളിക്കും. കൂടുതൽ പൈസ ഡിപ്പോസിറ്റ് വാങ്ങും. അവസാനം കമ്പിനി പൊട്ടുമ്പോൾ പത്രങ്ങൾ കൈ കഴുകും.പക്ഷെ എത്ര ഫിനാൻസിയ്ഴ്‌സ് പൊട്ടിയാലും 13-24% പലിശ തരാം എന്ന് പറഞ്ഞാൽ ഇപ്പോഴും പലരും അതിൽ വീഴും.
ഇന്നലെ മനോരമയിൽ വിദേശ വിദ്യകമ്മിഷൻ പരസ്യമായിരുന്നു മുഴുവൻ പേജ്. ഇതൊക്കെ കണ്ട് പിള്ളേരെ സ്വപ്‌നങ്ങൾ വിറ്റ് കമ്മീഷൻ വാങ്ങാൻ നാട് നീളെ ഏജന്റ്മാർ. പിന്നെ പിള്ളേർ വീട്ടിൽ വഴക്ക്. അങ്ങനെ വസ്തു പണയം വച്ചു ഏജൻസി പറയുന്ന 'ലോക പ്രശ്സ്ഥ ' മൂന്നാം കിട ഏതെങ്കിലും കമ്മീഷൻ വിദ്യ ബിസിനസ് കേന്ദ്രത്തിലെക്ക് കയറ്റി വിട്ട് കിട്ടാനുള്ള കമ്മിഷൻ വാങ്ങിയാൽ അവരുടെ പണി തീർന്നു.
അത് കഴിഞ്ഞു അവിടെ ചെല്ലുമ്പോഴാണ് മിനിമം വെജ് കൂലി വാങ്ങി കഷ്ട്ടിച്ചു ജീവിക്കേണ്ട അവസ്ഥ അറിയുന്നത്. അവസാനം വീട്ടുകാർ ഒന്നുകിൽ സ്ഥലം വിറ്റ് അല്ലെങ്കിൽ സ്വർണം വിറ്റ് കടം തീർക്കും.
കേരളത്തിൽ ഇങ്ങനെഉള്ള ഏജൻസികൾ ആട്, മാൻജിയം പോലെ വളരുന്നു. ഇവക്ക് ഒരു അക്കറെഡിറ്റെഷനും വേണ്ട. പത്രങ്ങൾക്ക് വൻ പരസ്യ തുക. പത്രങ്ങളും കമ്മീഷൻ ഏജൻസികളും കോട്ടും സൂട്ടും ഇട്ട മാന്യന്മാരെയൊക്കെ വിളിച്ചു മാർക്കറ്റിംഗ് മേള.
വിദേശത്തു പഠിക്കുന്നതിലോ ജോലി ചെയ്യുന്നതും ഇമ്മീഗ്രേഷൻ ചെയ്യുന്നതിൽ ഒരു പ്രശ്നവും കാണുന്നില്ല. പക്ഷേ കേരളത്തിൽ ഇപ്പോൾ കൂണ് പോലെ വളവരുന്ന കമ്മീഷൻ ഏജൻസികളുടെ സ്വപ്‌നങ്ങളിൽ വീണു പിന്നെ എവിടെയെങ്കിലും ചെന്ന് പെടാപ്പെട്ടു പോകാതെ സൂക്ഷിക്കുക. ഇങ്ങനെയുള്ള ഏജൻസികളെ വിലയിരുത്തി അക്രെഡിറ്റെഷൻ ഏർപ്പെടുത്തി നിയന്ത്രിക്കണ്ട സമയമായി.
വിദേശത്ത് പോകുന്നതിൽ പ്രശ്നം ഇല്ല പക്ഷെ സൂക്ഷിച്ചാൽ അവരവർക്ക് കൊള്ളാം കേരളത്തിൽ സർക്കാർ ജോലി അവസരങ്ങൾ അല്ലാതെ വേറെ അവസരങ്ങൾ കുറവാണ്. പക്ഷെ സാമാന്യം നന്നായി ജോലി ചെയ്യാൻ തയ്യാർ ആയാൽ ഇന്ത്യയിൽ നല്ല വിദ്യാഭ്യാസത്തിനും പ്രൊഫഷനൽ ജോലി അവസരങ്ങൾ ഉണ്ട്. അത് ഇനിയും കൂടും.
വിദേശ വിദ്യാഭ്യാസത്തിൽ താല്പര്യമുള്ളവർ മാസത്തിൽ അഞ്ചു പേരെങ്കിലും സമീപിക്കാറുണ്ട്. അവരോട് ആദ്യം പറയുന്നത് കൂണ് പോലെ വളരുന്ന കമ്മിഷൻ ഏജൻസിന്റെ വലയിൽ വീഴരുതെന്നാണ്.
എന്നിട്ട് ലോകത്തു വിവിധ ഇടങ്ങളിലുള്ള നല്ല യൂണിവേഴ്സിറ്റികളുടെ വിവരം കൊടുക്കും. ഉദാഹരണത്തിനു ജപ്പാൻ, സിംഗപ്പൂർ, ഹോങ്ങ്കൊങ്, ബാങ്കോക്ക് എന്നിവടങ്ങളിൽ ഒന്നാം തരം യൂണിവേഴ്സിറ്റികളും സ്കൊലര്ഷിപ്പുകളും ഉണ്ട്. യൂ കെ യിൽ ബ്രിട്ടീഷ് ഷെവിനിങ്, ഇൻലാക്സ്, റോഡ്സ്, കോമൺവെൽത്തു ഉൾപ്പെടെ നല്ല സ്കൊലര്ഷിപ്പുകൾ ഉണ്ട്. യുറോപ്പിൽ നോർവേ, സ്വീഡ്‌ൻ, ഡൻമാർക്ക്, ഫിൻലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മികച്ച യൂണിവേഴ്സിറ്റികളും സ്കൊലര്ഷിപ്പുകളും കിട്ടും. അത് പോലെ ജർമനി, സ്വിസ് സർലാൻഡിൽ നല്ല യൂണിവേഴ്സിറ്റികളും.അമേരിക്കയിൽ നല്ല ജി ആർ ഈ സ്ക്കോർ ഉണ്ടെങ്കിൽ ഏറ്റവും നല്ല ഐവി ലീഗ് യൂണിവേഴ്സിറ്റികളിലോ ടെക് യൂണിവേഴ്സിറ്റികളിലോ വളരെ നല്ല സ്റ്റേറ്റ യൂണിവേഴ്സിറ്റികളിലോ സ്കൊലര്ഷിപ്പുകളോടെ പഠിക്കാം നല്ല യൂണിവേഴ്സിറ്റികൾ ആരും കമ്മീഷൻ ഏജൻസിനേ വയ്ക്കികില്ല എന്ന് അറിയുക.
നല്ല വിദ്യാഭാസം ചെയ്യാൻ വിദേശത്തു നല്ല യൂണിവേഴ്സിറ്റികളിൽ പോസ്റ്റ് ഗ്രാഡ്യൂവേഷന് പോകുന്നത് നല്ല കാര്യമണ്. അത് അവരവരുടെ താല്പര്യമുള്ള വിഷയങ്ങളിൽ ഏറ്റവും മികച്ചയിടം സ്വയം കണ്ടു പിടിച്ചു സ്കൊലര്ഷിപ്പുകളോടെ പോകുന്നതാണ് ഉത്തമം.