സ്നേഹം മൂലം തോളിൽ തട്ടുന്നതോ കൈ തൊടുന്നതോ സ്ത്രീത്വത്തെ അപമാനിക്കലാണോ? അങ്ങനെ എങ്കിൽ ഈ നിയമം, എന്റെ അറിവിൽ സുരേഷ് ഗോപിക്ക് മാത്രം ബാധകം. ഒരാളെ ആലിംഗനം (ഹഗ്) ചെയുമ്പോൾ, ആൺ പെൺ വ്യത്യാസമില്ലാതെ, അല്ലെങ്കിൽ ചേർത്ത് നിർത്തുമ്പോൾ അത് ഹൃദയം കൊണ്ടും മനസുകൊണ്ടുമാണ്. അങ്ങിനെയാണ് ഇതുവരെ കരുതിയിരുന്നതും പെരുമറിയിരുന്നതും. ഇപ്പോൾ പേടി തോന്നുന്നു.
ഈ അടുത്ത ദിവസമാണ് സ്ത്രീകളെ സ്പർശിക്കുമ്പോൾ അതിനു ചില മാനദണ്ഡങ്ങൾ വേണമെന്ന് ഞാൻ മനസിലാക്കുന്നത്. അതെന്നെ മനസിലാക്കിത്തതരുവാൻ മലയാളത്തിലെ മഹാനടൻ സുരേഷ് ഗോപി തന്നെ വേണ്ടി വന്നു. ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് രാഷ്ട്രീയം അല്ല. ഞാൻ ഒരു രാഷ്ട്രീയക്കാരനും അല്ല. ഞാൻ സുരേഷ് ഗോപിയെ കണ്ടിട്ടും പരിചപ്പെട്ടിട്ടും ഇല്ല. പരിചയപ്പെടേണ്ട ആളായിരുന്നു എന്നും പരിചയപ്പെടണമെന്നും ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് എനിക്ക് വിയോജിപ്പുണ്ടാകാം.
33 വർഷമായി അമേരിക്കയിൽ കുടുംബ സമേതം താമസിക്കുന്ന എനിക്ക്, ആശ്ലേഷിഷിക്കുവാനും തിരികെ അതിൽ കൂടുതൽ ജാതി-മത-പ്രായ-രാജ്യഭേദമെന്നെ തിരികെ കിട്ടുവാനും മറ്റാരേക്കാളും ഏറെ അതിനുള്ള അവസരം ജോലിസ്ഥലത്തും, ഇവിടെ പഠിച്ച സ്കൂളികളിൽ നിന്നും, കൂടാതെ ഞാൻ സ്നേഹിക്കുന്ന, അല്ലെങ്കിൽ എന്നെ സ്നേഹിക്കുന്നവരിൽ നിന്നും ധാരാളം കിട്ടിയിട്ടുണ്ട്. ആശ്ലേഷിക്കുമ്പോൾ അതിൽ ആൺ പെൺ വ്യത്യാസം ഉണ്ടോ? ഇല്ലെന്നാണ് എന്റെ അറിവ്.
ഹമാസ് ഇസ്രായേലി യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും , പലസ്തീൻ പി ൽ ഒ നേതാവ് യാസർ അരാഫത്തിനെ, ഇന്ത്യയുടെ പ്രിയദർശിനി, ഉരുക്കു വനിത ഇന്ദിര ഗാന്ധി ആലിംഗനം ചെയ്തതും നാം കണ്ടു. പ്രധാനമന്ത്രിയുടെ ആ ഹസ്തദാനത്തിലും അലിംഗനത്തിലും, പാകിസ്ഥാൻ പ്രധാനമന്ത്രി ഭൂട്ടോയും, ക്യുബ പ്രസിഡന്റ് ആയിരുന്ന ഫിഡൽ കാസ്ട്രോയും ഉൾപെടും. ഇറാക്ക് പ്രസിഡന്റ് ആയിരുന്ന സദാം ഹുസൈനും, ഇന്ദിരാഗാന്ധിയുടെ ഹസ്തദാനത്തിൽ ഒതുങ്ങുന്നു. അന്ന് നമ്മൾ ക്യുബ, പലസ്‌തീൻ, പാക്കിസ്ഥാൻ, ഇറാക്ക് തുടങ്ങിയ രാഷ്ട്രങ്ങളോട് കാണിച്ചിരുന്ന ആ ബന്ധം, അതൊരു ചരിത്രമായി അവിടെ നിൽക്കട്ടെ!
സുരേഷ് ഗോപിയെ ഏതു രാഷ്ട്രീയത്തിന്റെ രീതിയിൽ ആയാലും, രാഷ്ട്രീയമായി തന്നെ നേരിടണം. അദ്ദേഹം തൃശൂരിൽ മത്സരിച്ചാൽ, ജയിച്ചാൽ, അതിനു കാരണം തോൽവിക്ക് കാരണം പരാജയപ്പെട്ട സ്ഥാനാർഥി ഇരന്നു വാങ്ങിയത് തന്നെ. ഇനിയും നാട്ടിൽ പോകുമ്പോൾ തീർച്ചയായും അദ്ദേഹത്തെ ഞാൻ കണ്ടിരിക്കും. പ്രേം നസീർ കഴിഞ്ഞാൽ മറ്റുള്ളവർക്ക് നന്മ ചെയുന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ. 21-)൦ നൂറ്റാണ്ടിൽ നാം മുൻപോട്ടു പോകുമ്പോൾ, സുരേഷ് ഗോപിയുടെ തോളത്തു തട്ടലും, മോളെ വിളിയും, അതിനു ശേഷം അദ്ദേഹം അനുഭവിച്ച തീഷ്ണ പ്രതികരണങ്ങളും നമ്മെ നൂറ്റാണ്ടുകൾക്കു പിന്നിലേക്ക് നയിക്കുന്നു. . തോളിൽ തട്ടി അപ്പന്റെ പ്രായമുള്ള ഒരാൾ, അതും മലയാളത്തിൽ അറിയപ്പെടുന്ന ഒരു നടൻ സംസാരിക്കുന്നതും, മകളെ അല്ലെങ്കിൽ മോളെ എന്ന് വിളിച്ചതും, അതും മാധ്യമസദസിൽ വച്ചു പറഞ്ഞതും ഒരു തെറ്റായി എനിക്ക് കാണാൻ ആകില്ല. ഓരോരുത്തരുടെ വീക്ഷണകോണത്തിലൂടെ അവരവർ തന്നെ വിലയിരുത്തട്ടെ! ഞാനൊരു ഫ്രീലാൻസ് ഫോട്ടോഗ്രാഫർ. 33 വർഷമായി 25000 ൽ പരം ഞാൻ എടുത്ത പടങ്ങൾ എന്റെ ആൽബത്തിലുണ്ട്. പലരും പരസ്പരം പല നിമിഷങ്ങളിൽ സന്തോഷത്തോടെ ആലിംഗനം ചെയുന്ന പടങ്ങളും എന്റെ കൈ വശം ഞാൻ സൂക്ഷിക്കുന്നു.
ഓണാഘോഷത്തിന് പോകുമ്പോൾ, ചിലപ്പോൾ ചില സ്‌ത്രീകൾ ചന്ദനം ചാർത്തിതരാറും ഉണ്ട്. അതൊക്കെ ഒരു ചടങ്ങല്ലേ? ഒരു പുരുഷൻ, സ്ത്രീക്കു ചന്ദനം തൊട്ടു കൊടുത്താൽ അതിൽ തെറ്റുണ്ടോ? സ്ത്രീകൾക്ക് പുരുഷന്റെ ദേഹത്ത് സ്പര്ശിക്കാം, അതിനു തെറ്റില്ല. തിരിച്ചായാലോ? അവിടെ കേസ്. അത് എന്ത് കൊണ്ട് ആ നിയമം പുരുഷന് ബാധകം അല്ല. ഇതൊരു നിയമമായി ഇന്ത്യയിൽ വന്നാൽ, പ്രസിഡന്റിനോ, പ്രധാനമന്ത്രിക്കോ, മറ്റു പ്രമുഖ വ്യക്തികൾക്കോ മറ്റു രാജ്യങ്ങളിൽ പോയിട്ട് തിരിച്ചു വരുമ്പോൾ ആരെയൊക്കെ തൊട്ടെന്നോ മറ്റോ ചോദ്യം ഉയരാം.
അമേരിക്കയിൽ വന്നു 1990 ന്റെ ആരംഭത്തിൽ, രാവിലെ ഒരു ബെൽ ശബ്‍ദം കേട്ട് എന്റെ ഭാര്യ വാതിൽ തുറന്നു. തികച്ചും അപരിചിതമായ മുഖം. കണ്ട പാടെ, യെഹോവ സാക്ഷികളിൽ പെട്ട ഒരു കറുത്ത വർഗക്കാരൻ സിസ്റ്ററെ എന്ന് വിളിച് അവളെ അലിഗനം ചെയ്യുന്നു. അദ്ദേഹം യെഹോവയെ പറ്റി ക്ലാസ് എടുക്കാൻ വന്നതാണ്. അതിനെ ഞാൻ ആ അർത്ഥത്തിൽ മാത്രമേ കണ്ടുള്ളു.
മകളുടെ പ്രായം പോലുമില്ലാത്ത ഒരു മാധ്യമ പ്രവർത്തകയുടെ തോളിൽ തട്ടി സംസാരിച്ചതിന് ഇത്രയും വളഞ്ഞിട്ടാക്രമണം വേണോ?
സുരേഷ് ഗോപിയെ പറ്റി ഇതിനു മുൻപ് ഒരു പരാതി ഉണ്ടായതായി നാം കേട്ടിട്ടില്ല. അദ്ദേഹം നന്മയുടെ പര്യായമാണ്. സ്നേഹം, വാത്സല്യ൦, സഹാനുഭൂതി, അനുകമ്പ ഇതിനൊക്കെ ഒരു പര്യായമുണ്ടെങ്കിൽ, അതിനു അർഹനാണ് അദ്ദേഹം. സ്നേഹവും വാത്സല്യവുമൊക്കെ അർഹിക്കുന്നവർക്കുമാത്രമേ കൊടുക്കാവൂ. കുരങ്ങിന് മാണിക്യത്തിന്റെയോ പൂമാലയുടെയോ വില അറിയുമോ? അതിനു കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
സുരേഷ് ഗോപി ഉദ്ദേശിച്ച രീതിയിൽ ആയിരിക്കില്ല ചിലപ്പോൾ ആ മാധ്യമ പ്രവർത്തക എടുത്തത്. ഏതെങ്കിലും രീതിയിൽ തന്റെ പ്രവർത്തി ആ കുട്ടിക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ അദ്ദേഹം ക്ഷമ ചോദിക്കയും ചെയ്തു. അത്രയും പോരെ അദ്ദേഹത്തിൽ നിന്നും. ക്ഷമിക്കാൻ പറ്റാത്ത തെറ്റാണോ അദ്ദേഹം ചെയ്തത് . ശരിയാണ്, അനുവാദം ചോദിക്കാതെ സ്ര്തീകളുടെ ശരീരത്തിൽ തൊടുവാൻ പാടില്ല. ആ സമയത്തു, ചിലപ്പോൾ തോളത്തു തൊട്ടോട്ടെ എന്ന് ചോദിക്കേണ്ടതായിരുന്നു. അത് ഗോപിയുടെ തെറ്റ്. മറ്റൊരു മാധ്യമ പ്രവർത്തകയായിരുന്നു ഈ സ്ഥാനത്തെങ്കിൽ, ഇങ്ങനെ സംഭവിക്കണമെന്നും ഇല്ല.
കഴിഞ്ഞ ദിവസം എന്റെ സുഹൃത്തിന്റെ കൊച്ചുമകളുടെ ഒന്നാം ജന്മദിനത്തിൽ സംബന്ധിച്ചിരുന്നു. അന്ന് ഫോട്ടോഗ്രഫർ ആയി, ഏഷ്യാനെറ്റിന്റെ ഷിജോ പൗലോസിനെ കണ്ടിരുന്നു. എന്റെ അറിവിൽ തോളത്തു തട്ടിയും, അടുപ്പിച്ചു നിർത്തിയും ഏറ്റവും കൂടുതൽ ഫോട്ടോ എടുത്തിട്ടുള്ളത് അദ്ദേഹം തന്നെ. അത് ചിലപ്പോൾ വിവാഹം, വേക്, പബ്ലിക് ഫംഗ്‌ഷൻ, ഓണം, ജന്മദിനങ്ങൾ അങ്ങനെ നീണ്ടു പോകുന്നു ആ പട്ടിക. സുരേഷ് ഗോപിക്കുണ്ടായ അനുഭവം ഞാൻ സൂചിപ്പിച്ചിരുന്നു. അത് കൊണ്ട് ഇനി മുതൽ കൈ കൊണ്ട് അടുപ്പിച്ചു നിർത്തരുതെന്നും, അടുത്ത് നില്ക്കാൻ ആംഗ്യം കാണിച്ചാൽ മതിയെന്നും പറഞ്ഞു.
ഹാസ്യരൂപേണ വളരെ നന്നായി മൈലപ്ര ഈ വിഷയം അവതരിപ്പിച്ചിരുന്നു. അത് വായിച്ചപ്പോഴാണ് ഈ കുറിപ്പിനൊരു പ്രചോദനം കിട്ടുന്നത്.