വായുമലിനീകരണം അതിന്റെ പരമാവധിയിലെത്തി നില്‍ക്കുമ്പോള്‍ തലസ്ഥാനനഗരത്തിനു ശ്വാസംമുട്ടുന്നു. തിങ്കളാഴ്ച രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും വലിയ മലിനീകരണമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായു മലിനീകരണമുണ്ടാകുന്ന നഗരങ്ങളിലൊന്നാണ് ഡല്‍ഹി. 2013 നു ശേഷം ഏറ്റവും രൂക്ഷമായ മലിനീകരണമാണ് ഈ വര്‍ഷം അനുഭവപ്പെടുന്നത്. ദീപാവലിയോടു കൂടി ആരംഭിക്കുന്ന മഞ്ഞുകാലം സ്ഥിതി കൂടുതല്‍ ഗുരുതരമാക്കും.നിലവില്‍ രാജസ്ഥാന്‍ മരുഭൂമിയില്‍ നിന്നും വരുന്ന കാറ്റില്‍ കലര്‍ന്ന നേര്‍ത്ത മണല്‍ത്തരികളാണ് അന്തരീക്ഷത്തെ പുകമയമാക്കുന്നത്. പൗഡറിനേക്കാള്‍ മിനുസമായ വെളുത്ത പൊടി കെട്ടിടങ്ങളെയും സര്‍വ വസ്തുക്കളേയും പൊതിയുന്ന അവസ്ഥയാണിപ്പോള്‍. പൊടി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.നിലവിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 346 ല്‍ നിന്നും ഉയര്‍ന്ന് 500ല്‍ എത്തി നില്‍ക്കുന്നു. എയര്‍ ക്വാളിറ്റി 60 ന് മുകളില്‍ എത്തുന്നതു പോലും ആരോഗ്യത്തെ ബാധിക്കുമെന്നിരിക്കേ, നിലവിലെ സ്ഥിതി സൃഷ്ടിക്കുന്ന ഭീകരത ഊഹിക്കാനാകുന്നതിലും വലുതാണ്. പൊടിയ്‌ക്കൊപ്പം, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ കൊയ്ത്തു കഴിഞ്ഞ് വൈക്കോല്‍ കത്തിക്കാന്‍ തുടങ്ങുന്നതോടെ ആ പുകയും ഡല്‍ഹിയെ മൂടും. അതേസമയം ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതു ഗണ്യമായി കുറഞ്ഞതായി പരിസ്ഥിതി മന്ത്രാലയം അറിയിക്കുന്നു. ഈ വായു മലിനീകരണം കാരണം ഡല്‍ഹി നിവാസികളുടെ ആയുര്‍ദൈര്‍ഘ്യം പത്തു വര്‍ഷം വരെ കുറയുന്നുവെന്ന് ഷിക്കാഗോ യൂണിവേഴ്‌സിറ്റി പുറത്തു വിട്ട എനര്‍ജി പോളിസി റിപ്പോര്‍ട്ടില്‍ പറയുന്നു.