ചുട്ടുപൊള്ളുന്ന ചൂട്. അകവും പുറവും ഒരുപോലെ വെന്തുരുകുന്നു. ഒരു തുള്ളി വെള്ളം . ശരീരത്തുനിന്നു ജീവൻ പറിഞ്ഞുപോകുന്ന വേദനയിൽ അയാൾ നാവു വെളിയിലേക്കു നീട്ടി. കാഴ്ചകൾ മങ്ങുന്നു. ചുറ്റും ഉയരുന്ന കരളലിയിക്കുന്ന നിലവിളികൾ.
അയാൾ വേഗം നടക്കുകയാണ്. ഗാസയിലെ തെരുവീഥികളിലൂടെ. തോളിൽ ഒരു മുഷിഞ്ഞ ഭാണ്ഡം. അയാളുടെ ആകെ സമ്പാദ്യം. തേഞ്ഞുതീരാറായ ചെരുപ്പുകളും അയഞ്ഞുതൂങ്ങിയ അയാളുടെ മുഷിഞ്ഞ വസ്ത്രങ്ങളും . പാകമാകാത്ത വസ്ത്രങ്ങളിൽ അയാൾ മറ്റാരുടെയോ അസ്‌തിത്വത്തെ കടം വാങ്ങിയതുപോലെ. അയാളുടെ വലതുകൈകളിൽ തൂങ്ങി നടക്കുന്ന ഒരു ചെറിയ പെൺകുട്ടി. അവൾ അയാളുടെ ആരാണ്? മകളോ?
അയാളും ആ പെൺകുട്ടിയും . അവരുടെ ലക്‌ഷ്യം ആ തെരുവിന്റെ മൂലയിലുള്ള ഒരു ചെറിയ കെട്ടിടം ആയിരുന്നു. അവരെപ്പോലെ അനേകം പേർ അവിടേക്കു പോകുന്നുണ്ട്.ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി. അയാൾ. അയാളുടെ പേര് എന്താണെന്നു അയാൾക്ക് പോലും അറിയില്ല. അയാളെ ആരും ഒരു പേരും വിളിച്ചിട്ടില്ല.ഓർമ്മ വെച്ച കാലം മുതൽ അയാൾ തെരുവിന്റെ സന്തതി ആയിരുന്നു. തെരുവുതെണ്ടി എന്ന പേര്.ഒരു പേര് ചൊല്ലി വിളിക്കാൻ സ്വന്തം എന്ന് പറയാൻ ആരും അയാൾക്ക് ഉണ്ടായിരുന്നില്ല.
ആ ചെറിയ പെൺകുട്ടി അയാളെ ബാബ എന്ന് വിളിച്ചു. അവളെ അയാൾ തിരിച്ചു ബാട്ടു എന്നും .അവൾ എങ്ങനെ അയാളോടൊപ്പം ? ഒരു ദിവസം സന്ധ്യ മയങ്ങിയ നേരം അയാൾ തന്റെ പതിവുസ്ഥലത്തു, തെരുവിന്റെ ഒരു മൂലയിൽ , വൈദുതദീപങ്ങൾ ഒക്കെ കണ്ണടച്ചപ്പോൾ, തന്റെ മുഷിഞ്ഞ ഭാണ്ഡക്കെട്ട് തലയിണയാക്കി, ആരോ എന്നോ കൊടുത്ത മുഷിഞ്ഞ ഷീറ്റു വിരിച്ചു , തളർന്നുറങ്ങുകയായിരുന്നു.
രാവിലെ തെരുവ് സജീവമായപ്പോൾ, തലങ്ങും വിലങ്ങും ധൃതി പിടിച്ചു നടക്കുന്ന ആൾക്കൂട്ടത്തിലാരോ അയാളെ ചവിട്ടി കടന്നുപോയപ്പോൾ അയാൾ നിദ്രാഭാരം വിട്ടുപോകാത്ത കൺപോളകൾ വലിച്ചുതുറന്നു. തലേന്ന് വൈകുന്നേരം ആഹാരം ഒന്നും കഴിക്കാത്തതിനാൽ , അയാളുടെ ശരീരത്തിലെ ഓരോ കോശങ്ങളും അയാളോട് പിണങ്ങിയതുപോലെ. പതുക്കെ ആയാസപ്പെട്ട് അയാൾ കൈകൾ നിലത്തൂന്നി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ, ബാബാ എന്ന് വിളിച്ചു ആരോ അയാളുടെ കയ്യിൽ പിടിച്ചു. അയാൾ തല തിരിച്ചുനോക്കിയപ്പോൾ, അയാളുടെ കണ്കളിലേക്കു നോക്കി മുൻവരിയിലെ പല പല്ലുകളും നഷ്ട്ടപ്പെട്ട മോണ കാട്ടി ചിരിച്ചുകൊണ്ട് നിൽക്കുന്ന ഒരു കൊച്ചുപെൺകുട്ടി. പാറിപ്പറന്ന മുടിയിഴകളും, അയങ്ങുതൂങ്ങിയ മുഷിഞ്ഞ ഒറ്റയുടുപ്പും, കൺകളിൽ തെളിഞ്ഞുകാണുന്ന ദൈന്യതയും.
ബാട്ടു, അയാൾ അവളെ തന്നോട് ചേർത്തുപിടിച്ചു. രണ്ടു അനാഥജന്മങ്ങൾ , ഏതോ അദുശ്യമായ ബന്ധത്തിന്റെ നൂലിഴയിൽ പരസ്പരം ആരൊക്കെയോ ആകുകയായിരുന്നു.
ഭക്ഷണവും വസ്ത്രവും വിതരണം ചെയുന്ന കേന്ദ്രങ്ങളിൽ അയാൾ അവളോടൊപ്പം പോയി. പാകമാകാത്ത ഡ്രെസ്സുകളിൽ അവൾക്കു പാകമായവ അയാൾ തിരഞ്ഞു. അവരുടെ വസ്ത്രങ്ങൾ അവർക്കു നഗ്നത മറയ്ക്കുവാനായിരുന്നു.അയാളും ആ പെൺകുട്ടിയും, അവർ ജൂതരായിരുന്നുവോ? അതോ ഇസ്ലാമോ? ചിലപ്പോൾ അവൾ ജൂതപ്പെൺകുട്ടിയുടെ വേഷം ധരിച്ചു. അവർ വസ്ത്രങ്ങൾ തിരഞ്ഞെടുത്തില്ല. വസ്ത്രങ്ങൾ അവരെയാണ് തിരഞ്ഞെടുത്തത്. പല വർണ്ണങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിച്ച പലരും തെരുവിൽ അവരെ കടന്നുപോയ്ക്കൊണ്ടിരുന്നു. “ബാബാ , എനിക്ക് ചുവപ്പു നിറത്തിലുള്ള ഒരു കുപ്പായം വേണം”.
“ ബാട്ടു , അടുത്തപ്രാവശ്യം നമുക്ക് അവരോടു ചോദിക്കാം. എന്റെ ബാട്ടു വിനു ഒരു ചുമന്ന കുപ്പായം.”
വിശക്കുന്ന വയറിനു അന്നവും , നാണം മറക്കാൻ വസ്ത്രവും നൽകിയവർ അവർക്കു ദൈവമായി. പലപ്പോഴും പല രൂപങ്ങളിലെത്തുന്ന ദൈവം. അവർക്കു തിരിച്ചറിയൽ രേഖകൾ ഉണ്ടായിരുന്നില്ല. അവർ തെരുവിന്റെ സന്തതികൾ ആണ് എന്ന് മാത്രം അവർക്കറിയാമായിരുന്നു.
കുറച്ചു ദിവസങ്ങൾ ആയി തെരുവിനുവരുന്ന മാറ്റങ്ങൾ അയാൾ ശ്രദ്ധിക്കാതെയിരുന്നില്ല. ആൾസഞ്ചാരം കുറഞ്ഞ തെരുവീഥികൾ. കാണുന്ന മുഖങ്ങളിൽ എല്ലാം എന്തോ ഒരു ഭയം പോലെ. എല്ലാവരും തിരക്കിട്ടു എങ്ങോട്ടൊക്കെയോ പോകുന്നു. രണ്ടുദിവസമായി അയാൾ ഭക്ഷണത്തിനായി പതിവായി പോകുന്ന കെട്ടിടം അടഞ്ഞുകിടക്കുന്നു. പാവം ബാട്ടു. അവൾക്കു വിശപ്പ് സഹിക്കാൻ വയ്യാതായിട്ടുണ്ട്. ഇന്ന് ആ കെട്ടിടം തുറക്കുമായിരിക്കും. എങ്ങനെയെങ്കിലും ബാട്ടുവിനെങ്കിലും ഇത്തിരി ആഹാരം സംഘടിപ്പിക്കണം. ഒരു കയ്യിൽ ഭാണ്ഡവും, മറുകയ്യിൽ ആ പെൺകുട്ടിയുടെ കയ്യും പിടിച്ചു അയാൾ ആ കെട്ടിടം ലക്ഷ്യമാക്കി വേഗം നടന്നു.
പെട്ടെന്നാണ്, എവിടെനിന്നോ ചീറി പാഞ്ഞുവന്ന വാഹനം, അയാളുടെ മുൻപിലെത്തിയത്. വാഹനത്തിൽനിന്നും ആയുധധാരികളായ കുറേപ്പേർ , അവർ ആ പെൺകുട്ടിയെ അയാളുടെ കൈയ്യിൽ നിന്നും തട്ടിമാറ്റി , വാഹനത്തിലേക്ക് വലിച്ചെറിഞ്ഞു. ' ബാബാ, ആ പെൺകുട്ടിയുടെ നിലവിളി അവരുടെ ആക്രോശത്തിൽ മുങ്ങിപ്പോയി. ബാട്ടു, അലറിവിളിച്ചു അയാൾ അവരുടെ അടുത്തേക്ക് സർവ്വശക്തിയുമെടുത്തു ഓടാൻ ശ്രമിച്ചു. കാതടപ്പിക്കുന്ന ഒരു സ്ഫോടനശബ്ദം.
തകർന്ന തെരുവിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്നും, പ്രാണൻ പിടഞ്ഞുയരുന്ന നിലവിളികൾ. ആ നിലവിളികൾക്കെല്ലാം ഒരേ സ്വരം. ജീവന്റെ അവസാനശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കുമ്പോൾ, അവസാനമായി അയാളുടെ മിഴികൾ ഒപ്പിയെടുത്ത് തന്റെ ചുറ്റിലും ഒഴുകിപ്പരക്കുന്ന, ചോരയുടെ നിറം മാത്രമായിരുന്നു. അതിന്റെ നിറം ചുവപ്പു ആയിരുന്നു..