Image

 യഹോവയുടെ സാക്ഷിയാക്കാന്‍ എന്നെ തേടിവന്ന പെണ്ണുങ്ങള്‍ (ഉയരുന്ന ശബ്ദം-96: ജോളി അടിമത്ര)

Published on 01 November, 2023
 യഹോവയുടെ സാക്ഷിയാക്കാന്‍ എന്നെ തേടിവന്ന പെണ്ണുങ്ങള്‍ (ഉയരുന്ന ശബ്ദം-96: ജോളി അടിമത്ര)

ഇക്കഴിഞ്ഞ മാമ്പഴക്കാലത്തായിരുന്നു അവര്‍ വന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍. മുറ്റത്തെ നാട്ടുമാവിന്‍ ചുവട്ടില്‍ വീണുകിടന്ന മാമ്പഴം പെറുക്കികൊണ്ടിരിക്കെ.. ശര്‍ക്കരേച്ചി, ചന്ത്രക്കാരന്‍ തുടങ്ങി പലപേരുകള്‍ ഈ മാവിനു വിളിപ്പേരുണ്ട്. നൂറിലധികം വര്‍ഷം പ്രായംവരും. മാവു നട്ട കാര്‍ന്നോരും മക്കളും മരിച്ചു. തൊട്ടുചേര്‍ന്ന ഇല്ലത്തെ കാര്‍ന്നോരാണ് മാവ് നട്ടുപിടിപ്പിച്ചത്. അവരുടെ വിശാലമായ പറമ്പു വാങ്ങി വീടുവച്ച ഞങ്ങള്‍ക്കായി ആ നാട്ടുമാവ്. 43 വര്‍ഷം  മുമ്പ് ഞങ്ങള്‍ വസ്തു വാങ്ങുമ്പോഴും മാവ് തലയെടുത്തുപിടിച്ച് പ്രൗഡമായി അങ്ങനെ നിന്നിരുന്നു. അതിന്റെ തണലിലാണ് എന്റെ മക്കള്‍ വളര്‍ന്നതും ഊഞ്ഞാല്‍കെട്ടി ആടിയതും അത്തപ്പൂക്കളമിട്ടതും. ഇക്കുറി മനസ്സറിഞ്ഞു കായ്ച്ചു. മാമ്പഴം ചുറ്റുമുള്ള വീട്ടുകാര്‍ക്കല്ലാം പങ്കിട്ടു. അപ്പോള്‍ ഇല്ലത്തെ ബിമല്‍ നമ്പൂതിരി ഏറെ ഗൃഹാതുരത്വത്തോടെ പറഞ്ഞു ,''മുത്തശ്ശനും, മുത്തശ്ശിയും അച്ഛനും  അഫനും ഒക്കെപ്പോയി, വസ്തുവും വിറ്റുപോയി. എന്നാലും ഈ മാവും മാങ്ങയും വീട്ടിലിരുന്ന് കാണുമ്പോള്‍ നട്ടുവളര്‍ത്തിയ മുത്തശ്ശനെ അറിയാതെ ഓര്‍ത്തുപോകും'.

അതങ്ങനെയാണ്. മനുഷ്യരായാലും മരങ്ങളായാലും തലമുറകളിലേക്ക് സ്മരണകള്‍ നിലനിര്‍ത്തിയാണ് മായുക. കേട്ടിട്ടില്ലേ ചില ഡയലോഗുകള്‍ ''അപ്പുണ്ണിയേട്ടന്റെ ആ തലയെടുപ്പും സംസാരോം അപ്പാടെ പേരക്കുട്ടി കണ്ണനു കിട്ടിയിട്ടുണ്ട്. ഭാര്‍ഗ്ഗവി വലിയമ്മേടെ പവന്‍ നെറോം മുടിയഴകും കൊച്ചുമക്കളില്‍ ഗൗരിക്കുട്ടിയ്‌ക്കേ കിട്ടിയുള്ളൂ. തോമാച്ചായന്റെ ആ തണ്ടും തടിയും കൊച്ചുമോന്‍ ജോമോനു കൊടുത്തിട്ടാ പോയത്..എന്നൊക്കെ.

അങ്ങനെ എല്ലാവരുടെയും സ്‌നേഹം ഏറ്റുവാങ്ങി, ഒരു കാറ്റടിച്ചാല്‍ മുറ്റംനിറയെ പഴങ്ങള്‍ വീഴ്ത്തി 
 പ്രസാദിച്ച്, പടര്‍ന്നു പന്തലിച്ച് നിറഞ്ഞുനിന്ന മാവിന്‍ചോട്ടിലെ മാമ്പഴം പെറുക്കി കൂട്ടുമ്പോഴാണ്  അവര്‍ മന്ദം മന്ദം കടന്നു വന്നത്. രണ്ടു സ്ത്രീകള്‍. നിറഞ്ഞ ചിരിയോടെ കുശലം ചോദിച്ചാണ് വരുന്നത്. അപരിചിതത്വത്തിന്റെ നേരിയ ഛായപോലുമില്ലാതെ.

''എന്തൊരു മണമാണ് മാമ്പഴത്തിന്, നല്ല മധുരമുണ്ടെന്നു തോന്നുന്നു ''.അവര്‍ ഇങ്ങോട്ട് ആദ്യ ഗോളടിച്ചു.
 ഞാന്‍ തലയാട്ടി എഴുനേറ്റു നിന്നു. എവിടുന്നാ എന്നു ചോദിക്കുംമുമ്പേ അവര്‍ ഇങ്ങോട്ടു കേറികാര്യം പറഞ്ഞു.
''സമയമുണ്ടാവുമോ, ഇത്തിരി സംസാരിക്കാന്‍.''

രാവിലെ വീട്ടിലേക്ക് വന്നു കയറിയ മാന്യരായ രണ്ടു മധ്യവയസ്‌കരായ സ്ത്രീകളോട് മറുത്തൊന്നും പറയാതെ ഞാന്‍ വീട്ടിലേക്ക് അവരെ സ്വാഗതം ചെയ്തു. ഭര്‍ത്താവ് അവിടേക്കു കടന്നുവന്ന് അന്തരീക്ഷം ആകെയൊന്ന് വിലയിരുത്തി മടങ്ങി. അപരിചിതരാണ്, ഒന്നും വിശ്വസിച്ചു കൂടല്ലോ..
''ഞങ്ങള്‍ ഇവിടെ അടുത്തുനിന്നാണ് ''.അവര്‍ മുഖവുരയിട്ടു. രണ്ടുകിലോമീറ്റര്‍ മാത്രം ദൂരമുള്ള സ്ഥലത്താണ് അവരുടെ വീടുകള്‍. ഞങ്ങള്‍ എന്നും നടക്കാനിറങ്ങുന്ന വഴിയിലാണ്. കോട്ടയത്തെ പ്രസിദ്ധമായ കുടമാളൂര്‍ പള്ളിയുടെ അടുത്ത് ജീവധാരക്കവലയില്‍.  രണ്ടുപേരും ഉദ്യോഗസ്തരായിരുന്നു. ഗള്‍ഫ് റിട്ടേണികള്‍. കണ്ടാലറിയാം ഊരില്‍ പഞ്ഞമില്ലെന്ന്.
''എന്താണ് വന്ന കാര്യം,?'' ഞാന്‍ അക്ഷമയായി.
''ബൈബിള്‍ പഠിപ്പിക്കാനാണ്. ഞങ്ങളിങ്ങനെ വീടുകള്‍തോറും കയറിയിറങ്ങി ബൈബിള്‍ പറയും,'' നേതാവെന്നു തോന്നിയ സ്ത്രീ പറഞ്ഞു. സാധാരണയായി പെന്തക്കോസ്തു വിശ്വാസികളാണ് വചനം പറഞ്ഞ് വീടുകളില്‍ കയറിയിറങ്ങി പ്രാര്‍ത്ഥിക്കുക. ഇവര്‍ ആഭരണം ധരിച്ചിട്ടുള്ളതിനാല്‍ അക്കൂട്ടരല്ല എന്നുറപ്പ്.
''നിങ്ങള്‍ ഏതു വിഭാഗത്തില്‍പെട്ടവരാണ് '' ,ഞാന്‍ തുറന്നു ചോദിച്ചു.
''യഹോവയുടെ  സാക്ഷികളാണ് ഞങ്ങള്‍..'', അഭിമാനപൂര്‍വ്വം അവര്‍ പറഞ്ഞു.
സമയം പത്തുമണി ആകുന്നതേയുള്ളൂ. പ്രാതലേ കഴിഞ്ഞിട്ടുള്ളൂ. ഉച്ചഭക്ഷണം, വീടു വൃത്തിയാക്കല്‍ എല്ലാം ബാക്കിയാണ്.. ഇത്ര രാവിലെതന്നെ ബൈബിളു പഠിപ്പിക്കാനെത്തുന്നതിലെ ഔചിത്യമില്ലായ്മ എനിക്കു മറച്ചു വയ്ക്കാനായില്ല. ഞാന്‍ തുറന്നു പറഞ്ഞു.
 ''ഇപ്പോള്‍ പഠിക്കാന്‍ നേരമില്ലല്ലോ, ഒരുപാട് ജോലിയുണ്ട്, ഞങ്ങള്‍ക്ക് പുറത്തു പോകാനുമുണ്ട്. ''
''അയ്യോ,അതു സാരമില്ല, എപ്പോഴാണ് ഫ്രീയാവുക എന്നു പറഞ്ഞാല്‍ ഞങ്ങള്‍ അപ്പോള്‍ വരാം,'' പ്രസാദം തെല്ലും കൈവിടാതെ , ചമ്മലില്ലാതെ അവര്‍ പറഞ്ഞു. വളരെ തന്ത്രപൂര്‍വ്വം, ഒരാളുടെ  ജീവിതത്തിലേക്കു നുഴഞ്ഞുകയറുന്ന, അവരുടെ വിശ്വാസം അടിച്ചേല്‍പ്പിക്കുന്ന, മികവുറ്റ പരിശീലനം കിട്ടിയ രണ്ടുപേരാണ് എന്റെ മുന്നിലെന്ന് എനിക്ക് വ്യക്തമായി. ഞാനൊരു ക്രിസ്ത്യാനിയാണെന്നും അവര്‍ക്കറിയാം. എന്നാലും എന്നെ യഹോവയുടെ  സാക്ഷിയാക്കി  മാനസാന്തരപ്പെടുത്തുകയാണ് അപ്പോള്‍ ലക്ഷ്യം.
'' ഉച്ചയുറക്കമുണ്ടോ, ഇല്ലെങ്കില്‍ അപ്പോള്‍ വരാം, അപ്പോള്‍ നമ്മള്‍ക്ക് കുറേ സമയം സംസാരിക്കാമല്ലോ.  ''
 ഞാന്‍ ചിരിച്ചതേയുള്ളൂ. തൊട്ടപ്പുറത്തെ ബ്രാഹ്‌മണവീടുകളിലെല്ലാം കറിയിട്ടാണ് ഇത്ര രാവിലെയുള്ള വരവ്. ദിവസേനയുള്ള കര്‍മ പദ്ധതിയാണെന്നും മനസ്സിലായി.
''കുടിക്കാന്‍ എടുക്കട്ടെ, നടന്നു ക്ഷീണിച്ചതല്ലേ''.,ഞാന്‍ ആതിഥ്യമര്യാദ മറന്നില്ല.
''യ്യോ വേണ്ട,'' നേതാവ് വിലക്കി.
ഞാന്‍ അകത്തേക്കുപോയി മാമ്പഴം രണ്ടു പാക്കറ്റുകളിലാക്കി അതിഥികള്‍ക്കു സമ്മാനിച്ച്  ചാരിതാര്‍ത്ഥ്യമടഞ്ഞു. അവര്‍ മാമ്പഴവും സ്വീകരിച്ച് നന്ദിതന്ന് യാത്ര പറഞ്ഞു പടിയിറങ്ങി.
''വീണ്ടും കാണാം..''  എന്നുമറക്കാതെ പറഞ്ഞാണ് യാത്രയായത്.
കൃത്യം ഒരാഴ്ച കഴിഞ്ഞു വീണ്ടും അവരെത്തി. ഇത്തവണ ഒരു സ്ത്രീ മാറി. മറ്റൊരാളാണ് കൂട്ടിന്. സമയം പതിനൊന്നു മണി കഴിഞ്ഞു.
പരിചയഭാവത്തോടെ തിണ്ണയിലേക്കു കയറി കുശലമാരംഭിച്ച് വീട്ടിലേക്കുള്ള പാലം നീട്ടിവലിച്ചു.
''ലോകമെങ്ങുമുള്ള വലിയൊരു  വിശ്വാസസമൂഹമാണ് യഹോവയുടെ സാക്ഷികള്‍. വചനം വായിക്കുന്നതോടൊപ്പം അത് വേണ്ടതുപോലെ ഗ്രഹിക്കണം. ഇന്നുള്ള പഠിപ്പീരുകള്‍ പലതും അബദ്ധവും വചനവിരുദ്ധവുമാണ് ''.
ഇരയെ കുരുക്കാനുള്ള പശയുള്ള വല അതീവശ്രദ്ധയോടെ കെട്ടുന്ന എട്ടുകാലിയെപ്പോലെ അവര്‍ ഒരുമുഴം നീട്ടിയെറിഞ്ഞു. ഒരു കാര്‍ഡ് എടുത്ത് നീട്ടി. ഇതില്‍  ഞങ്ങളുടെ വെബ്‌സൈറ്റുണ്ട് , അതില് കയറിയാല്‍ ഞങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ കിട്ടും. പിന്നെ , അടുത്താഴ്ച പെസഹയും ദുഖവെള്ളിയുമൊക്കെയല്ലേ. ഞങ്ങളുടെ പ്രാര്‍ത്ഥന എല്ലാവരെയും പോലല്ല. തികച്ചും വ്യത്യസ്തമാണ്. നിങ്ങള്‍ക്ക് പുതിയ ഒരനുഭവമായിരിക്കും. അതൊന്നു വന്നു കാണുക. പങ്കെടുക്കുക. അതിനു നേരിട്ടു ക്ഷണിക്കാന്‍ കൂടിയാണ് ഞങ്ങള്‍ വന്നത്,'  ഒറ്റശ്വാസത്തില്‍ അവര്‍ പറഞ്ഞു.
നോട്ടീസ് വാങ്ങി വച്ച് കാര്‍ഡിലെ വെബ്‌സൈറ്റിലേക്ക് ശ്രദ്ധതിരിച്ചപ്പോഴേക്കും എന്റെ ഭര്‍ത്താവുമായി അവര്‍ വചനപ്രഘോഷണം ആരംഭിച്ചു. ഉച്ചയോടടുക്കുന്ന  നേരമായതിനാല്‍ ഞാന്‍  അവര്‍ക്ക് മര്യാദയുടെ ഭാഗമായി ജ്യൂസ് നല്‍കി. അതു കുടിച്ച് പ്രഘോഷണം തുടര്‍ന്നപ്പോള്‍ ഞാന്‍ പറഞ്ഞു.
''യഹോവസാക്ഷികളുമായി ഒരു പൊരുത്തവുമില്ല ഞങ്ങളുടെ വിശ്വാസത്തിന്. ദേശീയപതാകയെപ്പോലും ബഹുമാനിക്കാത്ത വിശ്വാസമാണ് നിങ്ങളുടേതെന്നു കേട്ടിട്ടുണ്ട്. ഒരു രാജ്യത്തിന്റെ  ചിട്ടവട്ടങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ് പൗരന്‍മാര്‍. അല്‍ഫോണ്‍സ് കണ്ണന്താനം കോട്ടയം കളക്ടറായിരുന്നപ്പോള്‍, നിങ്ങളുടെ വിശ്വാസിയായ ഒരു കുട്ടിയ്ക്ക ചികിത്സയുടെ ഭാഗമായി രക്തം നല്‍കാന്‍ വിശ്വാസം അനുസരിക്കുന്നില്ലെന്നു പറഞ്ഞത് വലിയ വിവാദമായിരുന്നല്ലോ.'' എന്നെ മുഴുമിക്കാന്‍ അനുവദിക്കാതെ, വീണുകിട്ടിയ ഇടവേളയില്‍  വിശദീകരണത്തിന്റെ മേച്ചില്‍പ്പുറത്തേക്ക് അവര്‍ ആഹ്‌ളാദത്തോടെ ചാടിക്കയറി. പക്ഷേ ഇക്കുറി ദന്തഡോക്ടറെ കാണാനുള്ള സമയത്തിന്റെ പേരില്‍ ഞാനവരെ  യാത്രയാക്കി.
''എന്നാപ്പിന്നെ മീറ്റിംഗിന് വരുമ്പോള്‍ കാണാം,'' അവര്‍ യാത്രയായി. ആ മീറ്റിംഗിന് ഞങ്ങളൊട്ടു  പോയുമില്ല.
രണ്ടാഴ്ചയ്ക്കു ശേഷം കോളിംഗ് ബെല്ലടിക്കുന്നതു കേട്ട് വാതില്‍ തുറന്നു നോക്കുമ്പോള്‍ മാനത്തുനിന്ന് പൊട്ടി വീണതുപോലെ അവര്‍. ഇത്തവണ  പത്തിരുപതുവയസ്സുമാത്രമുള്ള ഒരു യുവതിയുമുണ്ട് കൂടെ. ആ പെണ്‍കുട്ടിക്കും വചനപ്രഘോഷണത്തിനുള്ള പരിശീലനം നല്‍കുകയാണ്. അവരൊരു നീരാളിയാണെന്ന് എനിക്ക് ഉറപ്പായിക്കഴിഞ്ഞിരുന്നു. മെല്ലെമെല്ലെ നമ്മളെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കുന്ന വിശ്വാസത്തിന്റെ നീരാളി.
''ഫ്രീയാണോ,സാറെന്തിയേ ? എന്തുണ്ട് വിശേഷം..  '' വന്നപാടെ അവര്‍ കുശലാന്വേഷണത്തിലേക്ക് കടന്നു.
''വിശേഷം പ്രത്യേകിച്ച് ഒന്നുമില്ല.ക്ഷമിക്കണം, ഒരു കാര്യം പറയട്ടെ. യഹോവസാക്ഷികളുടെ ഉപദേശം പഠിപ്പിക്കാണെങ്കില്‍ ഞങ്ങള്‍ക്ക് ഒട്ടും താല്‍പ്പര്യമില്ല . വെറുതെ നിങ്ങളുടെ സമയം വേസ്റ്റാക്കരുത്.'' ഞാന്‍ അത്രയും പറയുമ്പോള്‍ ആകെ ചമ്മി വിഷമിക്കുമെന്നാണ് കരുതിയത്. പക്ഷേ നിറഞ്ഞ ചിരി തെല്ലും മായാതെ അവര്‍  രണ്ടുപ്രാവശ്യം ഒകെ അടിച്ചശേഷം, ''അതിനെന്താ, കേള്‍ക്കാനിഷ്ടമില്ലെങ്കില്‍ സാരമില്ല, നമ്മുടെ സൗഹൃദം കളയേണ്ടതില്ല എന്നു പറഞ്ഞ് നിറചിരിയോടെതന്നെ യാത്രയായി. പിന്നൊരിക്കല്‍ ഒരു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വച്ചു കണ്ടപ്പോഴും അവര്‍ ഓടിവന്ന് പരിചയം പുതുക്കാന്‍ തെല്ലും മടികാണിച്ചില്ല.
ഇപ്പോള്‍ ഇതൊക്കെ ഓര്‍മിക്കാന്‍ കാരണം ഒക്ടോബര്‍ 29-ന് കൊച്ചിയില്‍ നടന്ന സ്‌ഫോടനമാണ്. ഒരു പക്ഷേ അവരുടെ വലയില്‍ അന്നു വീണിരുന്നെങ്കില്‍ ആ കണ്‍വന്‍ഷന്‍ സെന്ററില്‍ ഞാനും കണ്ടേനെ. ഇങ്ങനെ വീടുതോറും കയറിയിറങ്ങി വലയിലാക്കിയവരുടെ സംഘമാണ് കേരളത്തിലെ യഹോവയുടെ സാക്ഷികള്‍. ഓരോ പുതിയ സഭയും തുടക്കമിടുന്നത് ഇങ്ങനെതന്നെയാണ്. പെന്തക്കോസ്ത് സഭകളൊക്കെ ഇങ്ങനെ ആരംഭിച്ചവയാണ്. പക്ഷേ അവ മറ്റു ക്രൈസ്തവസഭകളെപ്പോലെത്തന്നെ  ത്രിത്വം എന്ന അടിത്തറയില്‍ ഉറച്ചു വിശ്വസിക്കുന്നവരാണ്. പണ്ടുമുതലേ എല്ലാക്കാലത്തും കള്‍ട്ടു ഗ്രൂപ്പുകള്‍ ഉദയം ചെയ്യാറുണ്ട്. കുറെ വിവരദോഷികള്‍ അതിനുപിന്നാലെ പോയി നശിക്കയും ചെയ്യും.
യഹോവസാക്ഷികളെപ്പറ്റി  ഒരുപാട് തെറ്റിധാരണകള്‍ പരക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. അതില്‍ പകുതിയും അബദ്ധങ്ങളാണ്. അമേരിക്കക്കാരനായ ചാള്‍സ് ടെയ്‌സ് റസ്സല്‍ എന്നയാള്‍ 1876-ല്‍ സ്ഥാപിച്ച ബൈബിള്‍ പഠന സംഘടനയാണ് പല നവീകരണങ്ങള്‍ക്കു ശേഷം 1931-ല്‍ യഹോവ സാക്ഷികള്‍ എന്ന നാമം സ്വീകരിച്ചത്.1905-ല്‍ കേരളത്തില്‍ യഹോവയുടെ സാക്ഷികള്‍ പ്രചാരണത്തിന് എത്തേിയെങ്കിലും  ഇവര്‍ ഇവിടെ സജീവമായത് 1950-കളിലാണ്. ചാള്‍സ് ടെയ്‌സ് റസ്സല്‍  1912-ല്‍ തിരുവനന്തപുരത്ത് പ്രസംഗിച്ച സ്ഥലമാണ് റസ്സല്‍പുരം എന്ന്  അറിയപ്പെടുന്നത്.

പഴയനിയമമാണ് ഇവരുടെ ബൈബിള്‍. യഹൂദരുമായി ഇവര്‍ക്ക് ഒരു ബന്ധവുമില്ല. യഹൂദരുടെ ദൈവമായ യഹോവയില്‍ ഇവരും വിശ്വസിക്കുന്നു എന്നതു മാത്രമാണ് ആകെയുള്ള സാമ്യം. യഹോവയാണ് ഇവരുടെ ഏക ദൈവം. ത്രിയേകദൈവത്തില്‍  വിശ്വാസമില്ലെന്നു മാത്രമല്ല ത്രിത്വത്തെ നിഷേധിക്കയും ചെയ്യുന്നു. ഏകസത്യദൈവമായ യഹോവയെ മാത്രം ആരാധിക്കുന്നു. ആരാധനാലയങ്ങൾ  രാജ്യഹാള്‍ എന്നാണ് അറിയപ്പെടുന്നത്. കുരിശ് ചിഹ്നവും അംഗീകരിക്കുന്നില്ല. ലോകം എമ്പാടും വിശ്വസസമൂഹം ഉണ്ടെങ്കിലും ഒരു രാജ്യത്തും സൈനികസേവനത്തിന് തയ്യാറല്ല. മറ്റൊരു വ്യക്തിയുടെ രക്തം സ്വീകരിക്കില്ല. ദേശീയ ഗാനം പാടില്ല. ദേശീയ പതാകയെ വന്ദിക്കില്ല. പക്ഷേ രാജ്യത്തെ മറ്റ് സൗഭാഗ്യങ്ങളെല്ലാം അനുഭവിക്കും. കേസുമായി കോടതിയില്‍ പോകാം. മറ്റു സഭകളെപ്പോലെ ബിഷപ്പോ ആര്‍ച്ച് ബിഷപ്പോ ഒന്നുമില്ല. കേരളത്തില്‍ വെറും 25,000 വിശ്വാസികള്‍ മാത്രമേ ഈ സഭയില്‍ ഉള്ളെങ്കിലും വിശ്വാസം വാരിവിതറാന്‍ ഇവര്‍ സര്‍വ്വാത്മനാ പ്രതിജ്ഞാബദ്ധരാണ്. ഭവനങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ സമൂഹത്തിലേക്ക് ആകര്‍ഷിക്കയാണ് ലക്ഷ്യം.

യഹോവസാക്ഷികളുടെ സഭയിലും ആരാധനയിലും ഏതാനും വര്‍ഷങ്ങള്‍ പങ്കെടുത്ത ഡൊമിനിക്ക് മാര്‍ട്ടിന്‍  ഈ സമൂഹം രാജ്യദ്രോഹികളാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സ്‌ഫോടനം നടത്തിയതെന്ന് ഫേസ്ബുക്ക് ലൈവില്‍ പറയുന്നുണ്ട്. യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. എന്തായാലും ഉര്‍വ്വശീശാപം ഉപകാരമായി.ഇങ്ങനൊരു സഭ ക്രൈസ്തവര്‍ക്കിടയില്‍ ഉണ്ടെന്ന് കേരളം തിരിച്ചറിഞ്ഞു. കുറെ മൊണ്ണകള്‍ ഇനി ഇതിനു പിന്നാലെ പോയെന്നും വരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക