Image

ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിലൂടെ...(മിനി വിശ്വനാഥന്‍)

Published on 02 November, 2023
ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിലൂടെ...(മിനി വിശ്വനാഥന്‍)

2023 നവംബർ ഒന്നാം തീയ്യതി മുതൽ പന്ത്രണ്ടാം തീയ്യതിവരെ നീണ്ടു നിൽക്കുന്ന നാല്പത്തിരണ്ടാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്.  ഇത്തരമൊരു ഒരു മഹാമേള ഭംഗിയായി നടത്തുന്നതിന്റെ അമരക്കാരൻ മലയാളിയായ ശ്രീ. മോഹൻ കുമാർ ആണെന്നതിലും നമുക്ക് അഭിമാനിക്കാം.

ഇത്തവണ മുഖം ബുക്സ് പ്രസിദ്ധീകരിച്ച ചരിത്രമുറങ്ങുന്ന നേപ്പാൾ എന്ന പുസ്തകവുമായി എന്റെ സാന്നിദ്ധ്യവും അവിടെയുണ്ട് എന്നത് വലിയ ഒരഭിമാനം തന്നെയാണ്. 

മലയാള പുസ്തകങ്ങൾ സുലഭമല്ലാതിരുന്ന ഒരു കാലത്ത് പുസ്തകോൽസവത്തിൽ ഒരു കാഴ്ചക്കാരിയായി , കൊതിയോടെ പുസ്തകങ്ങൾ തുറന്ന് അതിന്റെ പുതുമണം മൂക്കിൽ ആവാഹിച്ച് രൂപയുടെയും ദിർഹത്തിന്റെ എക്സ്ചേഞ്ച് റേറ്റുകൾ വിസ്മരിച്ച് പുസ്തകങ്ങൾ സ്വന്തമാക്കിയ കാലത്തിന്റെ ഓർമ്മകൾ ഞങ്ങളിൽ നിന്ന് മാഞ്ഞിട്ടില്ല. 

ഈ പന്ത്രണ്ട് ദിവസങ്ങൾ ഇവിടത്തെ സാഹിത്യാസ്വാദകർക്ക് ഉത്സവകാലമാണ്. പുത്തൻ പുസ്തകങ്ങളുടെ ഹരം പിടിപ്പിക്കുന്ന ഗന്ധം നിറഞ്ഞു നിൽക്കുന്ന ഇടനാഴികളിലൂടെ പുസ്തകക്കാഴ്ചകൾ കണ്ട് ചുറ്റിയടിക്കുമ്പോൾ മനസ് നിറയും. പ്രവാസം നഷ്ടപ്പെടുത്തുന്ന സാഹിത്യാനുഭവങ്ങൾ തിരിച്ചു പിടിക്കാനുള്ള ഏറ്റവും വലിയ വേദിയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം എന്ന് പറയാതെ വയ്യ.

മലയാളത്തിന്റെ സജീവ സാന്നിദ്ധ്യവുമായി കേരളത്തിൽ നിന്നുള്ള വലുതും ചെറുതുമായ പ്രസാധകരും അവരുടെ മികച്ച പുസ്തകങ്ങളും വരുമെങ്കിലും ഈ ദിവസങ്ങളിൽ ഷാർജ ഫെസ്റ്റിവലിലെ റൈറ്റേഴ്സ് ഫോറത്തിൽ നിരവധി  പുസ്തകങ്ങൾ വെളിച്ചം കാണുകയും ചെയ്യും. പുതിയതും പഴയതുമായ എഴുത്തുകാർ തങ്ങളുടെ രചനകൾ പരിചയപ്പെടുത്തും.

സാഹിത്യ ചർച്ചകളും സമ്മേളനങ്ങളും നിറഞ്ഞ ഈ പന്ത്രണ്ട് ദിനരാത്രങ്ങളിൽ ഇവിടെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സജീവ സാന്നിദ്ധ്യമുണ്ടാവും. 

പ്രവാസ ലോകത്തെ മികച്ച എഴുത്തുകാർ അംഗീകരിക്കപ്പെടുന്ന ഒരവസരം കൂടിയാണിത്. ഓരോരുത്തരുടെ ഉള്ളിലുമുള്ള സർഗ്ഗവാസനകൾ വെളിച്ചം കാണാൻ തൊട്ടടുത്ത് തന്നെ വേദിയൊരുങ്ങുന്നത് ശരിക്കുമൊരു അനുഗ്രഹം തന്നെയാണ്. പലരുടെയും സാഹിത്യ സ്വപ്നങ്ങൾ പൂത്തിറങ്ങാൻ ഈ പുസ്തകോൽസവം വേദിയാവുന്നു. അമേരിക്കൻ മലയാളി കൂട്ടായ്മയിൽ നിന്ന് വിരിഞ്ഞിറങ്ങിയ ശ്രീ ബെന്നിനെച്ചൂർ എഡിറ്റ് ചെയ്തിറക്കിയ 'അമേരിക്കൻ കഥക്കൂട്ടം' എന്ന പുസ്തകത്തിന്റെ സാന്നിദ്ധ്യവും അവിടെയുണ്ടെന്നത് മറ്റൊരു സന്തോഷം.

പ്രവാസ അനുഭവങ്ങളിലെ ചിരിയും ചിന്തയും തന്നെയാണ് ഞാനടക്കമുള്ള ഇവിടത്തെ മിക്ക എഴുത്തുകാരുടെയും കൈ മുതൽ. ഓർമ്മകൾക്ക് തെളിച്ചം വരുന്നത് അവ അയവിറക്കുമ്പോഴാണ്. തെളിച്ചമുള്ള ഓർമ്മകൾ എഴുതിയെഴുതിയാണ് എഴുത്തു വഴികൾ തുറന്ന് വരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.

ഇത്തവണത്തെ എന്റെ പുസ്തകം " ചരിത്രമുറങ്ങുന്ന നേപ്പാൾ " ഇമലയാളിയിലൂടെ ഖണ്ഡശ പ്രസിദ്ധീകരിച്ചതാണ്. ഇവിടത്തെ വായനക്കാരുടെ  സ്നേഹപൂർവ്വമായ ചേർത്തു നിർത്തലാണ് എന്റെ പുസ്തകത്തിന് കിട്ടിയ ആദ്യ സമ്മാനം. നവംബർ 9 ന് ഉച്ച 3.30 ന് റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശിതമാവുന്ന അതിന് തുടർന്നും വായനക്കാരുടെ സഹകരണമുണ്ടാവണം.

പുസ്തകോൽസവ കാഴ്ചകൾ തുടർന്ന് കൊണ്ടേയിരിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക