Image

'ആരാ ഈ മേരി?' (രാജു മൈലപ്രാ)

Published on 07 November, 2023
'ആരാ ഈ മേരി?' (രാജു മൈലപ്രാ)

'ആരാ ഈ മേരി?' 
'മേരിയോ...ഏത് മേരി?'
'ഓ, ഒന്നും അറിയാത്തവനെപ്പോലെ! എന്റടുത്ത് പൊട്ടന്‍ കളിക്കരുത്. നിങ്ങള്‍ക്കീ മെസേജ് അയച്ചിരിക്കുന്ന മേരി ആരാന്നാ ചോദിച്ചത്?'

സെല്‍ഫോണും കൈയ്യില്‍ പിടിച്ചുകൊണ്ട്, വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞു തുള്ളുകയാണ് എന്റെ ഭാര്യ അവലുടെ കൈയിലിരിക്കുന്ന സെല്‍ഫോണിന്, വെളിച്ചപ്പാടിന്റെ വാളിന്റെ തിളക്കം. 

പല മേരിമാരേയും എനിക്കറിയാം. എന്നാല്‍ മനസ്സില്‍ കൊണ്ടുനടന്ന് ഓമനിക്കത്തക്ക ഓര്‍മ്മകളൊന്നും സമ്മാനിച്ച ഒരു മേരിയേയും എനിക്കറിയത്തില്ല. 

വലിയ കള്ളത്തരങ്ങളൊന്നും ഇല്ലാത്തതുകൊണ്ട്, ഫോണിന്റെ സ്വീകാര്യത സൂക്ഷിക്കുന്നതില്‍ എനിക്ക് വലിയ നിര്‍ബന്ധമൊന്നുമില്ല. 

ഈ സെല്‍ഫോണും, CCTV ക്യാമറയും മറ്റും ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് നമുക്ക് പണിതരും. ആരെ വിളിച്ചു, എപ്പോള്‍ വിളിച്ചു, സംസാരത്തിന്റെ ദൈര്‍ഘ്യം- എല്ലാ വിവരങ്ങളും കിറുകൃത്യമായി Store  ചെയ്ത് വച്ചിരിക്കും. നമ്മുടെ Contact list  ഒരു തുറന്ന പുസ്തകമാണ്. 

ഇതിനെ മറികടക്കാനായി ചില ചില്ലറ മുന്‍കരുതലുകളൊക്കെ ഞാന്‍ എടുത്തിട്ടുണ്ട്. ഉദാഹരണത്തിന് Clara Abraham-ന്റെ പേര് Collection Agency എന്ന പേരിലാണ് ഞാന്‍ Save ചെയ്തിരിക്കുന്നത്. Clara യുടെ C യും  Abraham-ന്റെ A യും. പൊതു പ്രവര്‍ത്തകയായ ഒരു പെണ്‍ സുഹൃത്തിന്റെ പേര് Public Property  എന്നും. അങ്ങിനെ ചില പേരുകള്‍ Caller ID-യില്‍ കാണുമ്പോള്‍ ബുദ്ധിമതിയായ എന്റെ ഭാര്യ അത് Answer   ചെയ്യാറില്ല.

Face Bookആണല്ലോ ഇന്ന് മനുഷ്യന്റെ ഏറ്റവും വലിയ Weekness ഇത് തുടങ്ങിയ കാലത്ത്, ഇതിന്റെ വരും വരാഴികകളെക്കുറിച്ച് അധികം ആലോചിക്കാതെ ഞാനും ഒരു Account ഓപ്പണ്‍ ചെയ്തു. തുടക്കത്തില്‍ ഇതില്‍ വലിയ താത്പര്യം ഒന്നും കാണിക്കാതിരുന്ന എന്റെ ഭാര്യ, കാലക്രമേണ ഇതിന്റെ Complete Operations ഏറ്റെടുത്തു. 

ഞങ്ങളുടെ പഴയതും പുതിയതുമായ ഫോട്ടോസ്, കൊച്ചുമക്കള്‍ ഇടത്തോട്ടും വലത്തോട്ടും തിരിയുന്നതും, മേക്കപ്പിടുന്നതും, ഡാന്‍സു കളിക്കുന്നതും - അങ്ങിനെ എത്രയെത്ര ചിത്രങ്ങള്‍! കൂട്ടത്തില്‍ കറി വയ്ക്കുന്നതിന്റേയും, കപ്പ പുഴുങ്ങിയതിന്റേയും പടങ്ങളും പോസ്റ്റ് ചെയ്തു. 

ഈ അടുത്തകാലത്ത് 'എന്റെ ഭര്‍ത്താവിന്റെ പച്ചക്കറി തോട്ടം' എന്ന Caption നോടുകൂടി ഒന്നര ഇഞ്ച് നീളമുള്ള ഒരു പാവയ്ക്കയുടേയും, രണ്ട് ഉണക്ക തക്കാളിയുടേയും ഫോട്ടോ അവള്‍ പോസ്റ്റ് ചെയ്തത് 'എനിക്കിട്ടൊരു പണി തരാനാണോ' എന്ന് ഒരു ചെറിയ സംശയമുണ്ട്. 

ഞാനൊരു 'ഫേസ്ബുക്ക്' വിരോധിയൊന്നുമല്ല. വല്ലപ്പോഴുമൊക്കെ ഫേസ്ബുക്കില്‍ ഞാനുമൊന്ന് പരതും. ചിലതിനൊക്കെ ലൈക്കും, വല്ലപ്പോഴുമൊക്കെ ഒരു കമന്റുമിടും. 

ഫേസ്ബുക്കില്‍ കിട്ടുന്ന ലൈക്കിന്റെ എണ്ണമാണല്ലോ, സമൂഹത്തില്‍ ഇന്ന് നമ്മള്‍ക്ക് കിട്ടുന്ന അംഗീകാരത്തിന്റെ അളവുകോല്‍. 

നമ്മള്‍ ഇടുന്ന പോസ്റ്റിന്റെ Content  അനുസരിച്ച് ഫേസ്ബുക്ക് തന്നെ ചില കമന്റ്‌സ് 'auto fil'' ആയി "suggest' ചെയ്യാറുണ്ട്. ഉദാഹരണത്തിന് birthday ആണെങ്കില്‍ 'Happy Birthday- Enjoy Your Special day. Many many Happy Returns' തുടങ്ങിയ ചിലത്. മരണമാണെങ്കില്‍ 'Condolonce and Prayers, Sad to hear about your loss'  അങ്ങിനെ ചിലത്. 

ഇത് ശ്രദ്ധിച്ച് ചെയ്തില്ലെങ്കില്‍ പണി പാളും. ഇങ്ങിനെ ഒന്നുരണ്ട് അബദ്ധങ്ങള്‍ എനിക്ക് പറ്റി. ഈയിടെ ഒരു പരിചയക്കാരന്റെ പിതാവ് മരിച്ചു."My father started his eternal journey' എന്നാണ് ഫോട്ടോയോടൊപ്പം ചേര്‍ത്തിരുന്ന തലവാചകം. 

Journey  എന്ന വാക്ക് കണ്ടപ്പോള്‍ എനിക്ക് കിട്ടിയ auto fil suggestion, കണ്ണുമടച്ച് ഞാന്‍ കമന്റ് കോളത്തില്‍ ചേര്‍ത്തു. "Have a safe Journey- Enjoy your trip എന്നതായിരുന്നു ആ വാചകം
-

ഇനി എന്നെ എവിടെ കണ്ടാലും, അവന്റെ തന്തപ്പടിക്ക് കൂട്ടിനായി, ഒറ്റയടിക്ക് എന്നേയും പരലോകത്തേക്ക് പറഞ്ഞുവിടുമെന്ന് അയാള്‍ ഒരു ഭീഷണി മുഴക്കിയിട്ടുണ്ട്. 

അതുപോലെ "Wedding Anniversary' ഒരു പോസ്റ്റിനു താഴെ അറിയാതെ `You have my deepest sympathy.Wishing you peace, comfert. courege and peace during this difficult time' ' എന്നാണ് പോസ്റ്റിയത്. അവന്‍ പാതിരാത്രിയില്‍ ഫോണ്‍ ചെയ്ത് എന്റെ തന്തയ്ക്ക് വിളിച്ചു. 

മരിച്ചുപോയ എന്റെ പിതാവിനെ ഓര്‍ക്കുവാന്‍ ദൈവം ഒരുക്കിതരുന്ന ഓരോരോ സന്ദര്‍ഭങ്ങളേ! എന്റെ അപ്പന്‍ സ്വര്‍ഗ്ഗത്തിലിരുന്ന് എന്നെ ഓര്‍ത്ത് അഭിമാനിക്കുന്നുണ്ടാവും. 

അങ്ങിനെ അബദ്ധത്തില്‍, എന്റെ ജീവിതത്തില്‍ ഞാനിന്നുവരെ കണ്ടിട്ടില്ലാത്ത മേരി എന്നൊരു യുവതിക്ക് ''Life is god’s gift. Enjoy your Birthday '-എന്നൊരു ജന്മദിന ആശംസ നേര്‍ന്നു. 

അതിനെ വരവു വച്ചുകൊണ്ട് അവരയച്ച മറുപടി സന്ദേശം 'Thank you for Your gift' -എന്നാണ്. 

ഈ കമന്റ് കണ്ണില്‍പ്പെട്ടതിന്റെ അനന്തര ഫലമാണ്, എന്റെ ഭാര്യയുടെ കലിതുള്ളല്‍. 

'നാണമില്ലല്ലോ മനുഷ്യാ- മൂത്തു നരച്ചല്ലോ- ഇന്നുവരെ ഒരു മുട്ടുസൂചിയെങ്കിലും സ്‌നേഹത്തോടെ എനിക്ക് വാങ്ങി തന്നിട്ടുണ്ടോ?'

സംഗതി ശരിയാണ്.ഗിഫ്റ്റ് കൊടുക്കുന്ന കാര്യത്തില്‍ ഞാനൊരു പിന്നോക്കക്കാരനാണ്. ജന്മദിനം, വിവാഹ വാര്‍ഷികം എന്നൊക്കെ പറഞ്ഞ് ഞാനാര്‍ക്കും ഗിഫ്റ്റ് കൊടുക്കാറില്ല. അങ്ങിനെയൊരു ശീലമെനിക്കില്ല. 

വിവാഹത്തിന് എന്നെ ആരെങ്കിലും ക്ഷണിച്ചാലും ഞാന്‍ 'കവര്‍' കരുതാറില്ല. എന്റെ സാന്നിധ്യം ആഗ്രഹിക്കുന്നതുകൊണ്ടാണല്ലോ അവര്‍ എന്നെ വിളിക്കുന്നത്. ഇട്ടുമൂടുവാനുള്ള സമ്പാദ്യം ഉള്ളവര്‍ക്ക് എന്റെ നക്കാപിച്ച കൊണ്ട് എന്ത് കാണിക്കുവാനാണ്?.

' ആ നാറി നയാപൈസ തരാതെ നാണമില്ലാതെ നക്കിത്തിന്നിട്ടു പോയി'  എന്നു പലരും എന്നെപ്പറ്റി പറഞ്ഞതായി എനിക്കറിവ് ലഭിച്ചിട്ടുണ്ട്. ഞാനതൊന്നും അത്ര കാര്യമാക്കാറില്ല. എന്റെ സുഹൃത്തുക്കളില്‍ ചിലര്‍, ഈ വാര്‍ത്തയ്ക്ക് പബ്ലിസിറ്റി കൊടുത്തിട്ടുണ്ട്. അതാണോ എന്നറിയില്ല; ഈയിടെയായി ആരും എന്നെ ഇത്തരം ചടങ്ങുകള്‍ക്ക് വിളിക്കാറില്ല. 

'മര്യാദയ്ക്ക് പറ മനുഷ്യാ- ആരാ ഈ മേരി?'
ഭാര്യയുടെ കലിപ്പ് തീര്‍ന്നിട്ടില്ല. 

സത്യം പറഞ്ഞാല്‍ ഈ മേരി ആരാണെന്നറിയുവാന്‍ എനിക്കുമൊരു ആകാംക്ഷയുണ്ടായി. മേരിയുടെ profile picture  ആയി എന്റെ തലമുറയില്‍പ്പെട്ട യുവാക്കളുടെ "dream girl' ആയിരുന്ന ഹേമമാലിനിയുടെ പടമാണ് കൊടുത്തിരിക്കുന്നത്. "profile locked'ആണ്.

ഇനി മേലില്‍ profile lock  ചെയ്തു വച്ചിരിക്കുന്ന ഒരു നാറിക്കും ഞാന്‍ ലൈക്ക് അടിക്കില്ല എന്ന് മനസ്സില്‍ ശപഥം ചെയ്തു. 

കൊലക്കുറ്റത്തിന് ആരോപിതനായ പ്രതി, വിധി ദിവസത്തില്‍, അല്പം കരുണ ലഭിക്കുവാന്‍ വേണ്ടി ന്യായാധിപന്റെ മുഖത്തേക്ക് നോക്കുന്നതുപോലെ ദയനീയമായി ഭാര്യയെ ഒന്നുകൂടി നോക്കിയിട്ട്, 'വരുന്നത് വരട്ടെ' എന്നു കരുതി നിസ്സംഗതനായി അവിടത്തന്നെ ഇരുന്നു. 

 

Join WhatsApp News
Team FB 2023-11-07 11:11:13
Facebook addict ആയ ആളുകൾക്ക് പറ്റുന്ന ചെറിയ അബദ്ധങ്ങൾ, ചിലപ്പോൾ വലിയ വിഷയമാകും, വീട്ടിലും നാട്ടിലും. സൂക്ഷിച്ചു കൈകാര്യം ചെയ്യുക. കേരളത്തിൽ ഇന്ന് ഒരാളെ നശിപ്പിക്കുവാൻ സൈബർ തൊഴിലാളികൾക്ക് കഴിയും. രസകരമായ ഒരു കുറിപ്പ്.
Thomaskutty Thomas 2023-11-07 12:59:27
ചില ടെലിഫോൺ നമ്പരുകൾ രഹസ്യമായി save ചെയ്യുവാനുള്ള ട്രിക്ക് പറഞ്ഞു തന്ന മൈലപ്രയിക്കു നന്ദി. പെണ്ണ് കേസിൽ പെട്ടാൽ പെട്ടത് തന്നെ.
Thomas Kalayiparampil 2023-11-07 16:43:27
Very appropriate observation.
Valsala Nair 2023-11-07 17:12:41
Very Nice
Anil Pappy 2023-11-07 17:20:30
അഭിനയം കൊള്ളാം.. ഒന്നും അറിയാത്തതു പോലെ!
Bini Mirudal 2023-11-07 18:16:17
Fun reading.
Sudhir Panikkaveetil 2023-11-08 00:20:56
അമേരിക്കൻ മലയാളികൾ സുന്ദരന്മാരും സുന്ദരികളും ആരോഗ്യമുള്ളവരുമായിരിക്കുന്നതിന്റെ രഹസ്യമെന്താണ്? ശ്രീ രാജു മൈലാപ്രയുടെ നർമ്മരസപ്രധാനമായ രചനകൾ അവരെ ചിരിപ്പിക്കുന്നു. ചിരി ആരോഗ്യത്തിനു നല്ലതാണ്. ബൈബിൾ വായിച്ചാൽ സ്വർഗ്ഗം കിട്ടിയേക്കാം പക്ഷെ വിശ്വാസമില്ലാത്തവർക്ക് അതിൽ ഉറപ്പില്ല. എന്നാൽ ഭൂമിയിൽ സൗന്ദര്യത്തോടെ, ആരോഗ്യത്തോടെ, ദീർഘായുസ്സോടെ ജീവിക്കാൻ മൈലാപ്ര കഥകൾ വായിക്കുക. ശ്രീ രാജു സാറിനു നന്മകൾ നേരുന്നു.
Thomas Varughese 2023-11-08 13:19:58
Raju Sir, It's really good and very funny too. God bless you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക