വെറോണിക്ക എന്ന സ്ത്രീയെ കുറിച്ച് ബൈബിളിൽ എങ്ങും വായിച്ചിട്ടില്ല. കേട്ടുകേൾവി മാത്രമാണ്.
യേശുവിന്റെ മുഖം തൂവാല കൊണ്ട് ഒപ്പിയെടുത്ത സ്ത്രീ.
രക്തം പൊടിഞ്ഞ് ഒഴുകിക്കൊണ്ടിരിക്കുന്ന മുഖത്തിന്റെ ഛായ അതുപോലെ തന്നെ പതിഞ്ഞത്രേ.
മനസ്സുകൊണ്ടും ശരീരം കൊണ്ടും ആരൊക്കെയോ ആയിരുന്നവർ കാഴ്ചയിൽ നിന്ന് മാറി നിന്നപ്പോൾ ഒരു അസാമാന്യ ധൈര്യത്താൽ മുന്നോട്ടുവന്നു ഉപേക്ഷിക്കപ്പെട്ടവന്റെ, ക്രൂശിക്കപ്പെടാനായി കൊണ്ടുപോകുന്നവന്റെ വേദന ഒപ്പിയെടുക്കുക. നമ്മൾ സാന്ത്വനം എന്നൊക്കെ പറയുന്നതിന്റെ ഒരു നേർചിത്രമിതാവാം.
തൂവാല മുഖത്ത് അമർത്തിയ ശേഷം മുറിവിൽ നിന്ന് പഞ്ഞി അടർത്തി മാറ്റുന്ന പോലെ മെല്ലെ വിടുവിക്കുമ്പോൾ ആശ്വാസത്തിന് പകരം നീറ്റൽ ആണ് ഉണ്ടാവുക. ആ പ്രവൃത്തി കൊണ്ട് വേദന കൂടുകയാണ് ഉണ്ടാവുക.
പക്ഷേ അതിന്റെ ഉദ്ദേശമതല്ല. "എല്ലാവരും നിന്നെ ഉപേക്ഷിച്ചിട്ടില്ല ചിലരൊക്കെ നിന്റെ കൂടെയുണ്ട്" എന്ന ഏറ്റുപറച്ചിലിന്റെ ഒരു ചെറിയ ചെയ്തി. സാന്ത്വനം.
യേശു അവളെ ഒന്നു നോക്കിക്കാണും. അവൾ തിരിച്ച് നോക്കിയോ എന്തോ.
നോക്കുക എന്ന് പറഞ്ഞാൽ കണ്ണുകൾ തമ്മിൽ സംവാദിക്കുക എന്നതാണ്. വേദനിക്കുന്നവരുടെ കണ്ണുകളിലേക്ക് നോക്കാതിരിക്കുന്നതിന്റെ ഒരു രാഷ്ട്രീയമുണ്ട്. നോക്കിക്കഴിഞ്ഞാൽ കണ്ണുകളെ അടർത്തി മാറ്റാൻ പ്രയാസം.
വേദനിക്കുന്നവന് അടർത്തി മാറ്റണമെന്നില്ല. ആശ്വസിപ്പിക്കുന്നവന് അടർത്തി മാറ്റിയേ പറ്റൂ. അവന് അവിടെ കൂടുതൽ നേരം നിൽക്കാൻ പറ്റില്ല. അത് അവന്റെ നിയോഗവും അല്ല. അതുകൊണ്ടുതന്നെയാണ് വേദനിക്കുന്നവരെല്ലാം ലോകത്ത് ഒറ്റയ്ക്കാണ്. ഓരോരുത്തരും ഓരോ തുരുത്തുകളിൽ. വേദനിക്കുമ്പോൾ ഒറ്റപ്പെടുമ്പോൾ പഠിക്കുന്ന പാഠങ്ങളാണ് അമൂല്യമായത്.
യേശുവിന്റെ രക്തത്തിനൊപ്പം അവന്റെ കണ്ണുനീർ കൂടി അവൾ ഒപ്പിയെടുത്തിട്ടുണ്ടാവും. രക്തത്തോടൊപ്പം കണ്ണുനീര് കലർന്നാൽ വേദന കൂടും. എങ്കിലും ആ തൂവാല സ്പർശനം സാന്ത്വനമാണ്.
കൂടെയില്ലെന്ന് തോന്നുന്ന അവസരത്തിൽ ആരൊക്കെയോ എവിടെയൊക്കെയോ കാണാമറയത്ത് കൂടെയുണ്ടെന്ന് ഒരു തോന്നൽ.
എങ്കിലും ഇവരൊന്നും ശക്തരല്ല. ദുർബലരാണ്. ശക്തരെങ്കിൽ കൺമുമ്പിൽ വരുമല്ലോ.
എവിടെയോ മാറിനിന്ന് ഏതൊക്കെയോ വിടവിലൂടെ നോക്കുന്ന ഒരു അമ്മയും. മറിയം. പ്രവൃത്തി ചെറുതെങ്കിലും സന്ദേശം വലുതാണ്.
വെറോണിക്ക. അവളിൽ എല്ലാ സ്ത്രീകളുമുണ്ട്.
(എന്തോ ഇന്ന് വെറോണിക്ക മനസ്സിൽ കയറി വന്നപ്പോൾ )