കറുത്ത ശിരോവത്രമണിഞ്ഞ്
ഇരുട്ടിന്റെ കണ്ണു കുത്തിപ്പൊട്ടിച്ച്
കുപ്പിച്ചില്ലുകൾ പോലുള്ള വാക്കുകളുടെ
ചീളുകളാൽ നിർമ്മിച്ച ബോംബുകൾ
നിറച്ച തോൾസഞ്ചിയും പേറി
ചിന്തകളുടെ അന്തപ്പുരങ്ങളിൽ
ആരും പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ
നുഴഞ്ഞുകയറി, തീപാറുമുളിത്തിളക്ക
വാക്കുകളാൽ തീ പിടിപ്പിച്ച്
ഭീതിപരത്തി പൊട്ടിത്തെറിക്കണം
ചാവേർകവിത വീണയിടവും
മനസ്സുകളും ശരീരങ്ങളും
പൊട്ടിച്ചിതറിത്തെറിക്കണം
തീയും പുകയും കെട്ടടങ്ങുമ്പോൾ
ചോര വാർന്നു മരിക്കും മുമ്പേ
ചാവേർ കവിത എഴുതിയ എനിക്ക്
ചിതറിത്തെറിച്ച ശരീരഭാഗങ്ങളുടെയും
ജീവൻ വിട്ടുമാറാത്ത
മാംസ കഷണങ്ങളുടെയും
ചുടുചോരയുടെ വഴുക്കലിലൂടെയും
നാലുകാലിൽ ഇഴഞ്ഞു നീന്തി
ആടിത്തളർന്ന ഒരു സർപ്പത്തെപ്പോലെ
എന്റെ കാൽമുട്ടുകളിൽ പൊന്തി നിന്ന്
അവസാന ശ്വാസം പോകും മുമ്പേ
എനിക്കൊന്ന് അലറിവിളിച്ചു പറയണം
മ... ചൂ... ചെ... ചാ...
തീവ്രവാദികൾക്കും
മനുഷ്യചാവേറുകൾക്കും
വിപ്ലവകവികൾക്കും ഉള്ളതുപോലെ
ചാവേർ കവിതക്കും കവിക്കും
വേണമല്ലോ ഒരു അടയാളവാക്യം!
*** മ... ചൂ... ചെ... ചാ...
മന്ദബുദ്ധികളെ ചൂഷണം ചെയ്തു ചാവേറാക്കരുത്