ഹ്യൂസ്റ്റന്‍ സിറ്റിയുടെ മേയര്‍ തെരഞ്ഞെടുപ്പ് നവംബര്‍ ആദ്യ ആഴ്ചയില്‍ നടക്കുകയാണ്. വാശിയേറിയ തെരഞ്ഞെടുപ്പ് എന്ന് ഇതിനോടകം വിലയിരുത്തിക്കഴിഞ്ഞ മേയര്‍ തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ക്ക് അതീതമായിക്കഴിഞ്ഞുയെന്ന് വിലയിരുത്തപ്പെട്ടു കഴിഞ്ഞു എന്നു തന്നെ പറയാം. കോണ്‍ഗ്രസ്സ് വുമണ്‍ ഷീലാ ജാക്‌സണ്‍ ലീയാണ് സ്ഥാനാര്‍ത്ഥികളില്‍ പ്രമുഖ. മുന്‍ ടെക്‌സാസ് സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ വൈറ്റ്‌മെറാണ് മറ്റൊരു പ്രമുഖ സ്ഥാനാര്‍ത്ഥി. ഇവരെ കൂടാതെ പതിനേഴോളം സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. രണ്ട് പ്രാവശ്യം ഹ്യൂസ്റ്റന്‍ സിറ്റി കൗണ്‍സില്‍ തിരഞ്ഞെടുക്കപ്പെട്ട എം.ജെ. ഖാനാണ് ഏഷ്യക്കാനായ ഏക സ്ഥാനാര്‍ത്ഥി. ഒരുപക്ഷെ എം.ജെ. ഖാന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ ഏഷ്യന്‍ വംശജനാകും.
ഡെമോക്രാറ്റിക്കുകള്‍ക്ക് ഭൂരിപക്ഷമുള്ള സിറ്റിയാണ് ഹ്യൂസ്റ്റന്‍ സിറ്റി. അമേരിക്കയിലെ ഏറ്റവും വലിയ സിറ്റികളില്‍ ഒന്നും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഒരു സിറ്റി എന്നു വിളിക്കാം ഹ്യൂസ്റ്റന്‍ സിറ്റിയെ. ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള സിറ്റിയെന്ന് ഈ സിറ്റിയെ വിളിക്കാം. കാരണം അമേരിക്കയില്‍ ഉള്ളതില്‍ ഏറ്റവും പ്രമുഖവും പ്രശസ്തവുമായ മെഡിക്കല്‍ സെന്റര്‍ ഈ സിറ്റിക്കുള്ളിലാണ്. അമേരിക്കയിലെ ഏറ്റവും പ്രശസ്തമായതും വലിയതുമായ ആശുപത്രികള്‍ ഈ മെഡിക്കല്‍ സെന്ററിനുള്ളിലാണ്.
ഏറ്റവും പ്രശസ്തമായ കാന്‍സര്‍ ഹോസ്പിറ്റല്‍ എം.ഡി. ആന്‍ഡേഴ്‌സണ്‍, മെതഡിസ്റ്റ് ഹോസ്പിറ്റല്‍ തുടങ്ങി നിരവധി പ്രശസ്തമായ ആശുപത്രികള്‍ സ്ഥിതി ചെയ്യുന്നതാണ് ഹ്യൂസ്റ്റണിലെ മെഡിക്കല്‍ സെന്റര്‍. അതുപോലെ ഹ്യൂസ്റ്റന്‍ ഡൗണ്‍ ടൗണ്‍ ഏറെ പ്രശസ്തമാണ്. ജോര്‍ജ് ആന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ഉള്‍പ്പെടെ നിരവധി പ്രസ്ഥാനങ്ങള്‍ ഇവിടെയുണ്ട്. ബേസ്‌ബോള്‍ ടീമായ ആസ്റ്റോസ്, ബാസ്‌ക്കറ്റ്‌ബോള്‍ ടീമായ ഹ്യൂസ്റ്റന്‍ റോക്കറ്റ്‌സ്, ഫുട്‌ബോള്‍ ടീമായ ടെക്‌സാന്‍ എന്നിവയുടെ ആസ്ഥാനവും ഈ സിറ്റിക്കുള്ളിലാണ്. അമേരിക്കയില്‍ മ്യൂസിയം ഡിസ്ട്രിക്ട് ഉള്ള അപൂര്‍വ്വം സിറ്റികളില്‍ ഒന്നാണ് ഹ്യൂസ്റ്റന്‍. ഇരുപത്തിയഞ്ചില്‍ കൂടുതല്‍ ചെറുതും വലുതുമായ മ്യൂസിയങ്ങള്‍ ഉള്ളതിനെയാണ് മ്യൂസിയം ഡിസ്ട്രിക്ട് എന്ന് പറയുന്നത്. അമേരിക്കയിലെ തന്നെ മ്യൂസിയങ്ങളില്‍ ഏറ്റവും പ്രശസ്തവും വലുതുമായ മ്യൂസിയമായ മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്‌സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഏറെ പ്രത്യേകതകള്‍ ഉള്ള മ്യൂസിയം ഓഫ് നാച്യുറല്‍ സയന്‍സ് ഈ സിറ്റിയിലാണ്.
ലോകത്തിലെ ഏറ്റവും വലിയ പത്ത് എയര്‍പോര്‍ട്ടുകളില്‍ ഒന്നായ ബുഷ് ഇന്റര്‍കോണ്ടിനെന്റല്‍ എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള എയര്‍പോര്‍ട്ടുകള്‍ ഹ്യൂസ്റ്റന്‍ സിറ്റിയുടെ പ്രത്യേകതകളില്‍ ഒന്നാണ്. ഹ്യൂസ്റ്റന്‍ സിറ്റിയുള്‍പ്പെടുന്ന ഹാരിസ് കൗണ്ടിയിലാണ് മഹാത്മാഗാന്ധി ഡിസ്ട്രിക്ടും ഏറ്റവുമധികം ഇന്ത്യന്‍ കടകളുള്ള ഹില്‍ക്രോഫ്റ്റും സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ കൗണ്‍സിലേറ്റ് ജനറല്‍ ഓഫീസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങള്‍ ഇവിടെയുണ്ടെന്നതും എടുത്തു പറയാവുന്നതാണ്.
പ്രശസ്തികൊണ്ടും വിസ്തീര്‍ണ്ണംകൊണ്ടും വളര്‍ച്ചകൊണ്ടും പ്രത്യേകതയും ശ്രദ്ധിക്കപ്പെടുന്നതുമായ ഒരു നഗരമാണ് ഹ്യൂസ്റ്റന്‍ സിറ്റി. അതുകൊണ്ടു തന്നെ ഹ്യൂസ്റ്റന്‍ സിറ്റിയുടെ മേയര്‍ എന്ന പദവി അധികാരത്തിനപ്പുറം അലങ്കാരവും ഒത്തൊരുമിച്ചതെന്നു തന്നെ പറയാം. ഒളിംപിക്‌സിനു വരെ പരിഗണിക്കപ്പെട്ട സിറ്റി കൂടിയാണ് ഹ്യൂസ്റ്റന്‍ എന്നു പറയുമ്പോള്‍ എത്രമാത്രം പ്രത്യേകതകള്‍ ഉണ്ടെന്ന് ഊഹിക്കാവുന്നതാണ്. ഒരാള്‍ക്ക് പരമാവധി രണ്ട് പ്രാവശ്യം മാത്രമെ മേയറായി തിരഞ്ഞെടുക്കപ്പെടാന്‍ കഴിയുകയുള്ളുയെന്നതാണ് ഒരു പ്രത്യേകത.
നിലവിലെ മേയര്‍ സില്‍വസ്റ്റര്‍ ടേര്‍ണര്‍ അദ്ദേഹത്തിന്റെ രണ്ടാം ടേം പൂര്‍ത്തീകരിക്കുകയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് ഇനിയും മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. ഹ്യൂസ്റ്റന്‍ സിറ്റിയുടെ നിയമാവലി അനുസരിച്ച് ഒരാള്‍ക്ക് പരമാവധി രണ്ട് പ്രാവശ്യത്തില്‍ കൂടുതല്‍ മത്സരിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ തന്നെ ആവര്‍ത്തന വിരസതയുണ്ടാകാറില്ല. ഓരോ സിറ്റിക്കും അവരവരുടേതായ നിയമാവലി പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാകാറുണ്ട്. അതുകൊണ്ടു തന്നെ പല സിറ്റികളുടേയും പ്രാദേശിക തെരഞ്ഞെടുപ്പ് വ്യത്യസ്തമായിരിക്കും. ഇത് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വ്യത്യസ്ത ആശയങ്ങള്‍ക്കും രൂപകല്പന ഉണ്ടാകുന്നതിനും പ്രയോജനപ്പെടുമെന്നതാണ് ഇതിനു പിന്നിലുള്ള ഒരു കാരണം. അവസരങ്ങള്‍ എല്ലാവര്‍ക്കും നല്‍കുകയും ചെയ്യുകയെന്നതും മറ്റൊരു കാരണമായി പറയപ്പെടുന്നെങ്കിലും ഒരു വ്യക്തമായ കാരണം എന്തെന്നത് വ്യക്തമല്ല. അമേരിക്കയിലെ പല സിറ്റികളിലും ഇങ്ങനെ കാലാവധി നിര്‍ണ്ണയിച്ചിട്ടില്ലായെന്നു തന്നെ പറയാം.
ജനസാന്ദ്രത കൂടിക്കൊണ്ടിരിക്കുന്ന ഒരു സിറ്റിയെന്നതും ഹ്യൂസ്റ്റന്‍ സിറ്റിയുടെ പ്രത്യേകതയാണ്. വളര്‍ച്ചയുണ്ടാകുന്നുയെന്ന് അവകാശപ്പെടുമ്പോഴും അത് പൂര്‍ണ്ണതയില്‍ എത്തിയിട്ടില്ലായെന്നു തന്നെ വിലയിരുത്താം. പല മേഖലകളിലും ഇന്നും വളര്‍ച്ചയുടെ തോത് നോക്കിയാല്‍ പൂര്‍ണ്ണത കൈവരിച്ചിട്ടില്ലായെന്നത് എടുത്തു പറയാം. പബ്ലിക് ട്രാന്‍സ്‌പോട്ടേഷന്‍ എന്ന പൊതുയാത്ര സംവിധാനം തന്നെ ഒരു ഉദാഹരണമാണ്. അമേരിക്കയിലെ നാലാമത്തെ വലിയ സിറ്റിയെന്ന് അവകാശപ്പെടുന്ന ഹ്യൂസ്റ്റനില്‍ ഈ സംവിധാനം വളരെ കുറവാണെന്നു തന്നെ പറയാം.
മെട്രോ ബസ്സും മെട്രോ ട്രെയിനും ഇവിടെയുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് പൂര്‍ണ്ണമായി ആശ്രയിക്കാന്‍ പറ്റുന്ന രീതിയിലാണോയെന്നത് ഒരു പ്രധാന ചോദ്യമാണ്. മെട്രോ ബസ്സില്‍ യാത്ര ചെയ്യുന്ന ഒരു വ്യക്തി ദൂരക്കുറവുള്ള ഭാഗത്തുപോലും പല ബസ്സുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. അതുകൊണ്ടു തന്നെ പൊതുജനങ്ങള്‍ തങ്ങള്‍ക്ക് തങ്ങളുടേതായ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതമാകും. കാരണം സമയലാഭം തന്നെ. പത്ത് മൈല്‍ ദൂരത്തില്‍ ഒരാള്‍ യാത്ര ചെയ്യണമെങ്കില്‍ അയാള്‍ക്ക് രണ്ടോ മൂന്നോ ബസ്സു കയറണം സമയവുമെടുക്കും. മാത്രമല്ല ഏറെയാള്‍ക്കാര്‍ താമസിക്കുന്നത് സിറ്റിയുടെ പുറത്തുള്ള പ്രദേശങ്ങളില്‍ അവര്‍ക്ക് മെട്രോ ബസ്സും ട്രെയിനും ഉപയോഗിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മെട്രോ ട്രെയിനിന്റെ കാര്യമാണെങ്കില്‍ സിറ്റിയുടെ എല്ലാ മേഖലകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ളതല്ല. മറ്റ് നഗരങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് യഥേഷ്ടം ഉപയോഗിക്കാന്‍ പാകത്തിനുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്. പൊതു ഗതാഗത സൗകര്യങ്ങള്‍ യഥേഷ്ടം ഉണ്ടെന്നതാണ് അവിടെയുള്ള പ്രത്യേകത.
മെട്രോ ട്രെയിന്‍ ഉണ്ടെങ്കിലും സിറ്റിയുടെ എല്ലാ ഭാഗങ്ങളും ഇതെത്തുന്നില്ല. അതുകൊണ്ടു തന്നെ ഭൂരിഭാഗം ജനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം കിട്ടുന്നില്ലായെന്നു തന്നെ പറയാം. ഹ്യൂസ്റ്റനിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വിമാനത്താവളങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതോ അതുമല്ലെങ്കില്‍ ഹ്യൂസ്റ്റന്‍ ഡൗണ്‍ ടൗണ്‍ ഭാഗത്തു നിന്ന് ഈ വിമാനത്താവളങ്ങളിലേക്ക് മെട്രോ ട്രെയിന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ അത് വളരെയേറെ പ്രയോജനം ചെയ്യുമായിരുന്നു. എന്നാല്‍ അതിനുള്ള സാദ്ധ്യതകള്‍ ഉടനെയുണ്ടാകില്ലായെന്നു തന്നെ പറയാം. കാരണം സ്ഥാനാര്‍ത്ഥികള്‍ ആരും തന്നെ ഇത് കാര്യമായി തങ്ങളുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലായെന്നതാണ്.
സിറ്റിക്കുള്ളിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പല ഭാഗത്തും നടത്തേണ്ടതായിട്ടുണ്ട്. പല റോഡുകളും അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ മോശമായ അവസ്ഥയിലായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രധാന റോഡുകള്‍ തരം തിരിച്ച് അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കുന്നുയെന്നത് എടുത്തു പറയേണ്ടതാണ്. സിറ്റിയുടെ ഉള്‍പ്രദേശങ്ങളിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് മുന്‍തൂക്കം നല്‍കുമെന്ന് ചില സ്ഥാനാര്‍ത്ഥികള്‍ വാഗ്ദാനം ചെയ്യുന്നത് ഇതിനൊരാശ്വസമാണെന്നതില്‍ തര്‍ക്കമില്ല. അതിവേഗം വളരുന്ന സിറ്റിയില്‍ മികച്ച റോഡുകള്‍ അനിവാര്യമാണ്. മികച്ച റോഡുകളും യാത്രാ സൗകര്യങ്ങളുമാണ് വളര്‍ച്ചയുടെ മറുവശം. പാശ്ചാത്യ രാജ്യങ്ങളുടെ വളര്‍ച്ചയുടെ പ്രധാന ലക്ഷണങ്ങളും അതായിരുന്നു.
മറ്റൊരു ഹോംലെസ് ആള്‍ക്കാരുടെ അധിനിവേശം സിറ്റി നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ്. പലപ്പോഴും പുനരധിവാസം നടത്തിയിട്ടുണ്ടെങ്കിലും അത് ഫലവത്തായില്ലായെന്ന് പറയാം. ഇവര്‍ തെരുവുകളില്‍ സ്ഥിരതാമസമാക്കുന്നതിനാല്‍ പലപ്പോഴും ക്രമസമാധാനത്തിനുപോലും ഭീഷണിയായിട്ടുണ്ട്. ചിലര്‍ അക്രമാസക്ത സ്വഭാമുള്ളവരുമാണ്. ഇങ്ങനെയുള്ളവര്‍ പലപ്പോഴും പൊതു നിരത്തുകള്‍ മലിനപ്പെടുത്തുകയും ചെയ്യാറുണ്ട്. സിറ്റിയുടെ ഹൃദയഭാഗത്തുപോലും പലപ്പോഴും അവര്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാറുണ്ട്.
ഇങ്ങനെ ഹ്യൂസ്റ്റന്‍ സിറ്റിയില്‍ പരിഹരിക്കപ്പെടാന്‍ നിരവധി അനവധി പ്രശ്‌നങ്ങളുണ്ട്. വളര്‍ന്നുകൊണ്ടിരിക്കുന്ന സിറ്റിയെന്നത് പൂര്‍ണ്ണതയിലെത്തണമെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. ഒളിംപിക്‌സിനുപോലും പരിഗണിക്കപ്പെട്ട സിറ്റിയായിരുന്നു ഹ്യൂസ്റ്റണ്‍. എന്നാല്‍ മതിയായ സൗകര്യങ്ങളില്ലായെന്ന കാരണത്തില്‍ തടയപ്പെടുകയായിരുന്നു. ഇനിയും പരിഗണിക്കപ്പെട്ടു കൂടായ്കയില്ല. പക്ഷെ അതിനു മുന്‍പ് പരിഹരിക്കപ്പെടാനായി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. അടുത്ത നാല് വര്‍ഷം അധികാരം കിട്ടുന്നവര്‍ക്ക് അതിനു സാധിച്ചാല്‍ ഹ്യൂസ്റ്റണ്‍ സിറ്റിയുടെ ഇപ്പോഴത്തെ മുഖഛായ തന്നെ മാറും. അതിന് മികച്ച നേതൃത്വവും ദീര്‍ഘവീക്ഷണമുള്ള വ്യക്തികളും ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരും ഉണ്ടാകണം. ഇന്നലെകളെക്കാള്‍ ഇന്നും നാളെയും എന്നും തിളങ്ങുന്ന ഉയര്‍ച്ചകള്‍ക്കുള്ള അര്‍ത്ഥപൂര്‍ണ്ണതയുണ്ടാകും. വിജയാശംസകളോടെ, പുതിയ നേതൃത്വത്തിനായി കാത്തിരിക്കാം.
blessonhouston@gmail.com