ശുഭവാര്‍ത്തയാണ്, കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ വാലിയില്‍ നിന്നാണ് ഈ വാര്‍ത്ത വരുന്നത്. അവിടെ ഒരു ഓപ്പണ്‍ എയര്‍വെയര്‍ ഹൗസില്‍ ആകാശത്തു നിന്നും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്ത് വെളുത്ത പൊടിയാക്കി മാറ്റുന്നു! അതെ, അത്ഭുതം തോന്നാം, ഇത്ര കാലം നമ്മള്‍ കരുതിയിരുന്നത് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ഉള്‍പ്പെടെയുള്ള ഹരിതഗൃഹവാതകങ്ങളെ അന്തരീക്ഷത്തില്‍ നിന്നൊഴിവാക്കാന്‍ അവ ഉണ്ടാകുന്ന സാഹചര്യം തടയുക മാത്രമേ വഴിയുള്ളൂ എന്നായിരുന്നു. അതിനാല്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക മാത്രമാണ് നമുക്കു ചെയ്യാനാവുക. അത്തരത്തിലുള്ള നീക്കങ്ങള്‍ ലോകമെമ്പാടും ചെറിയ തോതില്‍ സംഭവിക്കുമ്പോഴും ആഗോള താപനില വര്‍ദ്ധിക്കുന്നതും, അതു കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കു കാരണമാകുന്നതും അതുവഴി ലക്ഷക്കണക്കിനു ജനങ്ങളെ ബാധിക്കുകയും ചെയ്യുന്നത് നിത്യ വാര്‍ത്തയാണിന്ന്. ഈ സാഹചര്യത്തില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈയോക്‌സൈഡ് സാന്നിധ്യം കുറയ്ക്കാനുള്ള ബദല്‍ മാര്‍ഗങ്ങളിലേക്ക് ശാസ്ത്രലോകം ശ്രദ്ധയൂന്നിയത്. വളരെയേറെ പണച്ചെലവുള്ള ഈ ഗവേഷണം ഒടുവില്‍ ഏറെക്കുറെ വിജയിച്ചിരിക്കുന്നു എന്ന നിലയില്‍ എത്തിക്കഴിഞ്ഞു.
കാലിഫോര്‍ണിയയിലെ ഒരു സ്റ്റാര്‍ട്ട് അപ് കമ്പനിയായ ഹെയര്‍ ലൂം കാര്‍ബണ്‍ ടെക്‌നോളജീസ് എന്ന സ്ഥാപനമാണ് കാര്‍ബണ്‍ ഡൈയോക്‌സൈഡിനെ കുടുക്കിട്ടു പിടിക്കാനുള്ള വലതയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യാക്കാരനായ ശശാങ്ക് സാമല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയ ഈ കമ്പനിയില്‍ 315000 ടണ്‍ കാര്‍ബണ്‍ ഡൈയോക്‌സൈഡ് നീക്കം ചെയ്യാനുള്ള കരാറില്‍ മൈക്രോസോഫ്റ്റ് കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. നിലവില്‍ ഈ പ്ലാന്റിന് ഒരു വര്‍ഷം പരമാവധി 1000 ടണ്‍ കാര്‍ബണ്‍ ഡൈയോക്‌സൈഡ് നീക്കം ചെയ്യാനുള്ള ശേഷിയാണ് ഉള്ളത്. ഇത് ഏകദേശം 200 കാറുകള്‍ പുറന്തള്ളുന്ന വാതകത്തിനു തുല്യമാണ്. ഹെയര്‍ ലൂം ടെക്‌നോളജി അവരുടെ കമ്പനിയുടെ യൂണിറ്റുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനം എടുത്തു കഴിഞ്ഞു. ബൈഡന്‍ ഭരണകൂടം ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനത്തിനായി 1.2 ബില്യണ്‍ ഡോളറാണ് നല്‍കിയത്. എയര്‍ ബസ്, ജെ പി മോര്‍ഗന്‍ ചേസ് തുടങ്ങിയ കമ്പനികളും ഇത്തരം പദ്ധതികളില്‍ നിക്ഷേപിക്കാന്‍ തയ്യാറാകുന്നുമുണ്ട്.
എങ്ങനെയാണ് കാര്‍ബണ്‍ ഡൈയോക്‌സൈഡിനെ അന്തരീക്ഷത്തില്‍ നിന്നും വേര്‍തിരിക്കുക എന്ന സംശയം ഉയരുന്നില്ലേ?
ഉത്തരം ഇതാണ്, പ്രകൃതിയില്‍ ഏറെ സമൃദ്ധമായിക്കാണുന്ന ചുണ്ണാമ്പ് പാറകള്‍ രൂപം കൊള്ളുന്നത്, കാല്‍സ്യം ഓക്‌സൈഡ് കാര്‍ബണ്‍ ഡൈയോക്‌സൈഡുമായി ചേര്‍ന്നാണ്. പ്രകൃതിയില്‍ ഈ പ്രക്രിയയ്ക്ക് ഏറെ വര്‍ഷങ്ങള്‍ വേണ്ടിവരുന്നുണ്ട്. ഇതേ പ്രവര്‍ത്തനം വേഗത്തിലാക്കുകയാണ് അടിസ്ഥാനപരമായി കാര്‍ബണ്‍ ഡൈയോക്‌സൈഡിനെ തടവിലാക്കാന്‍ കമ്പനി ഉപയോഗിക്കുന്ന തന്ത്രം. എന്നു വെച്ചാല്‍, പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉപയോഗിച്ച് ആദ്യം ചുണ്ണാമ്പ് കല്ല് 1650 ഡിഗ്രി ഫാരന്‍ ഹീറ്റ് വരെ ചൂടാക്കുന്നു. അതില്‍ നിന്നും കാര്‍ബണ്‍ഡൈയോക്‌സൈഡ്, പുറത്തു വരികയും കാല്‍സ്യം ഓക്‌സൈഡ് ലഭിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയില്‍ പുറത്തു വരുന്ന കാര്‍ബണ്‍ഡൈയോക്‌സൈഡ്, പ്രത്യേക സംഭരണ ടാങ്കിലേക്ക് പമ്പു ചെയ്തു മാറ്റുന്നു. അവശേഷിക്കുന്ന കാല്‍സ്യം ഓക്‌സൈഡിന്റെ വെളുത്ത പൊടിയിലേക്ക് വെള്ളം ഒഴിച്ച് ട്രേകളിലേക്കു മാറ്റി, റോബോട്ടിനെ ഉപയോഗിച്ച്, ഉയര്‍ന്ന റാക്കുകളില്‍ നിരത്തുകയും ചെയ്യുന്നു. മൂന്നു ദിവസം കൊണ്ട് ട്രേയിലെ ലായനി, വായുവിലെ കാര്‍ബണ്‍ഡൈയോക്‌സൈഡ് വലിച്ചെടുത്ത് കാല്‍സ്യം കാര്‍ബണേറ്റ് ആയി മാറുന്നു. ഈ കാല്‍സ്യം കാര്‍ബണേറ്റ് ചൂടാക്കി വീണ്ടും കാല്‍സ്യം ഓക്‌സൈഡ് ഉണ്ടാക്കാം. അപ്പോള്‍ സ്വാഭാവികമായും സംശയം ഉയരും, കാല്‍സ്യം കാര്‍ബണേറ്റ് ചൂടാക്കുമ്പോള്‍ പുറത്തു വരുന്ന കാര്‍ബണ്‍ഡൈയോക്‌സൈഡ് എന്തു ചെയ്യുമെന്ന്, അതിന് ഉത്തരമുണ്ട്, അവിടെയാണ് കാര്‍ബണ്‍ ക്യൂര്‍ എന്ന കമ്പനിയുടെ പ്രാധാന്യം. അവര്‍ ഈ കാര്‍ബണ്‍ഡൈയോക്‌സൈഡ് കോണ്‍ക്രീറ്റിലേക്കു ചേര്‍ക്കും. അത് സിമന്റിലെ മറ്റു ഘടകങ്ങളുമായി പ്രവര്‍ത്തിച്ച് ഉറപ്പുള്ള കോണ്‍ക്രീറ്റ് ആയി മാറും. ഇത് കെട്ടിട നിര്‍മാണ രംഗത്ത് മാറ്റത്തിനു തുടക്കമാകും. മറ്റൊരു രീതി, കാര്‍ബണ്‍ ഡൈയോക്‌സൈഡ് ഭൂഗര്‍ഭ ടാങ്കുകളിലേക്കു മാറ്റുക എന്നതാണ്.
നിലവില്‍ ഈ വിധത്തില്‍ ഒരു ടണ്‍ കാര്‍ബണ്‍ഡൈയോക്‌സൈഡ് പിടിച്ചെടുക്കാന്‍ 600 മുതല്‍ 1000 ഡോളര്‍ വരെ ചെലവുണ്ട്. എന്നാല്‍ ക്രമേണ ഈ ചെലവ് 100 ഡോളറിലേക്ക് എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
ഇങ്ങനെയൊക്കെയാകുമ്പോഴും ഇത്തരം വിദ്യകള്‍ ഫോസില്‍ ഇന്ധന ഉപഭോഗം കൂട്ടുമെന്നും, ഫോസില്‍ ഇന്ധന ഉത്പാദകര്‍ക്കു പ്രോത്സാഹനമാകുമെന്നുമൊരു വാദം ഉയരുന്നുണ്ട്. എന്നാല്‍ ഹെയര്‍ ലൂം സിഇഒ ശശാങ്ക് സാമല ഒരു കാര്യം വ്യക്തമാക്കുന്നു, തങ്ങളുടെ കമ്പനിയില്‍ ഫോസില്‍ ഇന്ധന ഉത്പാദകരുടെ ഒരു ഡോളര്‍ നിക്ഷേപം പോലും സ്വീകരിക്കില്ല എന്നതാണ് കമ്പനിയുടെ നിലപാട് എന്ന്.
നിലവില്‍ ഹെയര്‍ ലൂമിന്റെ പ്രധാന ഉപഭോക്താവ് മൈക്രോസോഫ്റ്റ് ആണ്. 2030ല്‍ കാര്‍ബണ്‍ നെഗറ്റീവ് ആവുക എ,ന്ന ലക്ഷ്യം ആണ് അവര്‍ക്കുള്ളത്. വനങ്ങള്‍ സംരക്ഷിക്കാന്‍ ആളുകള്‍ക്കു പണം നല്‍കുന്നതുപോലുള്ള പരമ്പരാഗത രീതികളില്‍ നിന്നും മൈക്രോസോഫ്റ്റ് പിന്‍വാങ്ങുകയാണ്. കാരണം വായുവില്‍ നിന്നും കാര്‍ബണ്‍ വലിച്ചെടുക്കുന്നത് അളക്കാന്‍ കഴിയുമെന്നായതോടെ കൂടുതല്‍ ഫലപ്രദം അതാണ് എന്ന് മൈക്രോസോഫ്റ്റ് ചിന്തിക്കുന്നു.
ഹെയര്‍ ലൂം പ്രവര്‍ത്തനം ആരംഭിച്ചതോടെ ധാരാളം മറ്റു കമ്പനികളും ഈ രംഗത്തേക്കു കടന്നു കഴിഞ്ഞു.അതോടൊപ്പം, വ്യോമിംഗിലെ മറ്റൊരു ഡയറക്ട് എയര്‍ കാപ്ചര്‍ മെത്തേഡില്‍ സമുദ്രത്തില്‍ ആഴത്തില്‍ കടല്‍പ്പായത് കുഴിച്ചിട്ട് അന്തരീക്ഷത്തില്‍ നിന്നും കാര്‍ബണ്‍ നീക്കം ചെയ്യാമെന്ന് അവകാശപ്പെടുന്നു. ഏതായാലും ഈ രംഗത്ത് അനുദിനം പുത്തന്‍ പരീക്ഷണങ്ങളും കമ്പനികളും രൂപം കൊള്ളുകയാണ്.
ഇത്തരം ചില സംരംഭങ്ങള്‍ ഇന്ത്യയില്‍ ദില്ലിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാകുമോ എന്നൊരു സ്വപ്നം കാണാനും നമുക്ക് സാധിക്കുന്നു എന്നതാണ് ഈ വാര്‍ത്ത മുന്നോട്ടുവയ്ക്കുന്ന ഏറ്റവും ശുഭകരമായ ചിന്ത.