2023 ലോകകപ്പ് ക്രിക്കറ്റ് കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചു മിന്നുന്ന ഫോമിൽ നിൽക്കുന്ന ഇന്ത്യൻ ടീമും ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളും ആദ്യം നന്ദി പറയേണ്ടത് മുൻ ഇന്ത്യൻ ടീം ക്യാപ്ടൻ സൗരവ് ഗാംഗുലിയോടാണ്.
1983ൽ ഇംഗ്ലണ്ടിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ കപിൽദേവിന്റെ ചെകുത്താന്മാർ വെസ്റ്റീൻഡീസിന് പരാജയപ്പെടുത്തി ലോകകപ്പിൽ മുത്തമിടുകയും തുടർന്ന് 1985ൽ ഓസ്ട്രേലിയയിൽ വച്ചു നടന്ന ബെൻസൺ ആൻഡ് ഹെഡ്ജസ് ചാമ്പ്യൻഷിപ്പിൽ പാക്കിസ്താന് തോൽപിച്ചു കിരീടം നേടുകയും ചെയ്തശേഷം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ഗ്രാഫ് താഴോട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്.
ഇതിനു പ്രധാന കാരണമായതു പാക്കിസ്താനെതിരെ പാക്കിസ്ഥാനിൽ വച്ചും ഇന്ത്യയിൽ വച്ചും നടന്ന പരമ്പരകളിലെ തുടർച്ചയായ പരാജയങ്ങൾ ആയിരുന്നു. എൺപതുകളുടെ മധ്യത്തിൽ പാക്കിസ്ഥാൻ ടീമിൽ ഇടം പിടിച്ച ഇടംകയ്യൻ മാരക ഫാസ്റ്റ് ബൗളർ വസീം അക്രമിന്റെ പന്തുക്കളെ നേരിടാനാവാതെ അന്നുവരെ ലോകോത്തര ബൗളർമാർ ഭയപ്പെട്ടിരുന്ന ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ കൃഷ്ണമചാരി ശ്രീകാന്ത് ഉൾപ്പെടെയുള്ളവർ അടിയറവ്‌പറഞ്ഞപ്പോൾ പരാജയങ്ങൾ ഇന്ത്യക്ക് തുടർക്കഥയായി. അതിനു ഒരു ഉദാഹരണമാണ് 1986ൽ ഷാർജയിൽ നടന്ന ഓസ്‌ട്രെലേഷ്യ കപ്പ് ഫൈനൽ.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 40 ഓവറിൽ ഒരു വിക്കറ്റിനു 200 റൺസെടുത്തു അക്കാലത്തെ മികച്ച റൺ റേറ്റിൽ നിൽക്കുമ്പോൾ അവസാന 10 ഓവർ എറിയാനെത്തിയ വസീം അക്രവും ഇമ്രാൻഖാനും ചേർന്ന് തുടരെ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയുടെ സ്കോർ 50 ഓവറിൽ 245ൽ ഒതുക്കി. തുടർന്ന് ബാറ്റിംഗിന് എത്തിയ പാകിസ്ഥാൻ കരുത്തനായ ജാവേദ് മിയാൻദാദിന്റെ ബാറ്റിംഗ് മികവിൽ ഇന്ത്യയെ പരാജയപ്പെടുത്തി കപ്പ് നേടി. ആ മത്സരത്തിൽ വിജയം നിർണയിച്ച അവസാന ഓവറിലെ അവസാന പന്തിൽ ചേതൻ ശർമ്മയ്‌ക്കെതിരെ മിയാൻദാദു പായിച്ച പടുകൂറ്റൻ സിക്സെർ ഒരു മാരക മുറിവായി ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നു.
കപിൽദേവിന് ശേഷം രവി ശാസ്ത്രിയും ശ്രീകാന്തും അസറുദീനും രാഹുൽ ദ്രാവിടും സച്ചിൻ തെണ്ടുൽക്കറും ക്യാപ്ടന്മാർ ആയി വന്നെങ്കിലും 1992ൽ ടീമിലെത്തിയ ബംഗാളിന്റെ ഇടംകയ്യൻ ബാറ്റ്സ്മാൻ സൗരവ് ഗാംഗുലി പ്രതിഭാധനനായ ബാറ്റ്സ്മാൻ സച്ചിനൊപ്പം ഏകദിന ക്രിക്കറ്റിൽ ഇന്നിങ്സ് ഓപ്പൺ ചെയ്തു തുടങ്ങി. ഒരു വശത്തു സച്ചിൻ അടിച്ചു തകർക്കുമ്പോൾ മറുവശത്തു വിക്കറ്റ് നഷ്ടപ്പെടാതു സാവകാശം ആക്രമണ ബാറ്റിംഗിലേയ്ക്കു തിരിഞ്ഞു. ഓഫ് സൈഡിൽ ഇത്ര മനോഹരമായി കളിച്ചു ബൗണ്ടറികളും സിക്സെറുകളും നേടുന്ന ഗാംഗുലിയെപ്പോലെ മറ്റൊരു ബാറ്റ്സ്മാൻ ലോക ക്രിക്കറ്റിൽ അന്നുണ്ടായിരുന്നില്ല.
അങ്ങനെയാണ് അദ്ദേഹം ഓഫ് സൈഡിലെ ദൈവം എന്ന പേർ സമ്പാദിച്ചത്. 2000ൽ ഹാൻസി ക്രോണിയയുടെ സൗത്താഫ്രിക്കൻ ടീം ഇന്ത്യൻ സന്ദർശനത്തിന് എത്തിയപ്പോൾ ക്യാപ്ടൻ ആയി നിയമിതനായതു സൗരവ് ഗാംഗുലി ആണ്. കൊച്ചിയിൽ നടന്ന ആദ്യ ഏകദിനത്തിൽ തന്നെ മികച്ച തന്ത്രങ്ങൾ ഒരുക്കി ഗാംഗുലി ഇന്ത്യയെ വിജയത്തിലെത്തിച്ചു. തുടർന്ന് വാതുവെപ്പ് കേസോട് വിവാദമായ ആ പരമ്പര ഗാംഗുലിയുടെ ഇന്ത്യ നേടിയെടുത്തു. 2002ൽ നാറ്റ്‌വെസ്റ് ക്രിക്കറ്റ് ഫൈനലിൽ മുഹമ്മദ് ഖൈഫിന്റെ ബാറ്റിംഗ് മികവിൽ ഇംഗ്ലണ്ടിനെ തോൽപിച്ചു ഇന്ത്യ കപ്പ് നേടിയപ്പോൾ പവലിയനിൽ ഇരുന്ന ക്യാപ്ടൻ ബംഗാൾ കടുവ ടീഷർട്ട് ഊരി എറിഞ്ഞു ടീം അംഗങ്ങളെ ആവേശഭരതരാക്കിയത് ക്രിക്കറ്റ് ലോകം മറന്നിട്ടില്ല. മുഖ്യ ശത്രു പാകിസ്ഥാൻ ടീമിനെതിരെ തുടർച്ചയായി വിജയങ്ങൾ തിരികെ കൊണ്ടുവന്നത് ഗാംഗുലി ക്യാപ്ടൻ ആയിരിക്കുമ്പോൾ ആണ്.
അതിനു ഒരു ഉദാഹരണം ആണ് 2003ൽ സൗത്താഫ്രിക്കയിൽ വച്ചു നടന്ന ലോകകപ്പ് സെമിയിൽ ലോകോത്തര ഫാസ്റ്റ് ബൗളർ ഷുഹൈബ് അക്തർ അണിനിരന്ന പാകിസ്താന് തോൽപ്പിച്ചത്. ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു തലനാരിഴയ്ക്കു ലോകകപ്പിൽ മുത്തമിടുവാൻ ഗാംഗുലിയ്ക്കു ഭാഗ്യം കിട്ടിയില്ലെങ്കിലും 2004ലെ പാകിസ്ഥാൻ പരമ്പര തൂത്തുവാരി ലാഹോർ നഗരത്തിന്റെ തെരുവുകളിൽ ദാദയും സംഘവും ആനന്ദ നൃത്തം ചവിട്ടിയത് കൗതുകം ഉണർത്തുന്ന കാഴ്ചയായിരുന്നു. ഏതാണ്ട് 2008ൽ ക്രിക്കറ്റ് കളിയിൽനിന്നും വിരമിച്ച ഗാംഗുലി പകർന്നു നൽകിയ വിജയത്തോടുള്ള ആവേശവും ദാഹവും ഉൾക്കൊണ്ട് മുന്നേറുന്ന ടീം ഇന്ത്യയ്ക്കും മഹാരാജ ഗാംഗുലിയ്ക്കും ഭാവുകങ്ങൾ