ഇന്‍ഡ്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ വളരെ വിളരമായിട്ടായിരിക്കാം നാല് സംസ്ഥാനങ്ങള്‍ പ്രത്യേകം പ്രത്യേകമായി ഏതാണ്ട് ഒരേ സമയത്ത് ഗവര്‍ണ്ണര്‍മാര്‍ക്കെതിരെ പരാതിയുമായി സുപ്രീം കോടതിയെ സമീപിക്കുന്നത്.
ഈ സംസ്ഥാനങ്ങളുടെ-തെലുങ്കാന, തമിഴ്‌നാട്, പഞ്ചാബ്, കേരളം-പ്രധാനപരാതി ഗവര്‍ണ്ണര്‍മാര്‍ നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ ഒപ്പിട്ട് നിയമം ആക്കാതെ അനിശ്ചിതമായി മുന്നോട്ട് പോകുന്നു എന്നാണ്. ഇങ്ങനെ ഗവര്‍ണ്ണര്‍മാരുടെ ഒപ്പിനായി കാത്തിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പ്രതിപക്ഷം ഭരിക്കുന്നവയാണ്. അവിടെയാണ് ഇതിന്റെ രാഷ്ട്രീയം.
ഏറ്റവും ഒടുവിലായി ഈ പട്ടികയില്‍ സ്ഥാനം പിടിച്ചത് കേരളം ആണ്. നവംബര്‍ രണ്ട്, കേരളപ്പിറവിയുടെ പിറ്റെ ദിവസം. ഗവര്‍ണ്ണറുടെ ഭാഗത്തുള്ള നിഷ്‌ക്രിയത്വം ഈ ബില്ലുകളുടെ ശരിയായ ഉദ്ദേശത്തെ പരാജയപ്പെടുത്തുന്നു എന്നതാണ് കേരളത്തിന്റെ പരാതിയിലെ പല പോയിന്റുകളില്‍ ഒന്ന്. ജനങ്ങളുടെ അവകാശത്തെ നിഷേധിക്കുന്നതാണ് ഗവര്‍ണ്ണറുടെ നടപടി. ഇതുമൂലം ഗവണ്‍മെന്റ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന ജനക്ഷേമ പരിപാടികള്‍ വൈകുന്നു.
കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത് ഗവര്‍ണ്ണറുടെ നിഷ്‌ക്രിയക്കെതിരായി ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ്. കേരള നിയമസഭ പാസാക്കിയ എട്ട് ബില്ലുകളാണ് ഗവര്‍ണ്ണറുടെ ഒപ്പ് ലഭിക്കാതെ കിടക്കുന്നത്. ഈ ബില്ലുകള്‍ പാസാക്കിയത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 200 പ്രകാരം ആണ്. ഇതില്‍ മൂന്ന് ബില്ലുകള്‍ രണ്ട് വര്‍ഷത്തിലേറെയായി ഗവര്‍ണ്ണറുടെ ഒപ്പിനായി കെട്ടിക്കിടക്കുകയാണ്. മറ്റ് മൂന്നു ബില്ലുകള്‍ ഒരു വര്‍ഷത്തിലേറെയും. ഈ ബില്ലുകളില്‍ ഒപ്പിടാതെ ഗവര്‍ണ്ണര്‍ ഭരണഘടനയെ നിഷേധിക്കുകയാണ്, കേരളം ആരോപിച്ചു. എത്രയും വേഗം ഗവര്‍ണ്ണര്‍ ബില്ലുകളില്‍ ഒപ്പിടണമെന്നും കേരള ഗവണ്‍മെന്റ് സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു.
ഗവര്‍ണ്ണറുടെ പ്രവര്‍ത്തി ജനങ്ങളോട് അനീതി കാണിക്കുന്നതും ജനാധിപത്യസ്ഥാപനമായ നിയമസഭയെ അവഹേളിക്കുന്നതാണെന്നും സംസ്ഥാന ഗവണ്‍മെന്റ് പരാതിപ്പെട്ടു. ബില്ലുകളില്‍ ഒപ്പിടുന്നതോ ഒപ്പിടാതിരിക്കുന്നതോ സ്വന്തം ഇഷ്ടാനുസരണം ആണെന്ന് ഗവര്‍ണ്ണര്‍ ധരിച്ചുവശായിരിക്കുന്നതായി കേരളം സംശയിക്കുന്നതായി സുപ്രീം കോടതി മുമ്പാകെ ബോധിപ്പിച്ചു. ഇത് ഭരണഘടനയുടെ പരിപൂര്‍ണ്ണ തകര്‍ച്ചയിലേക്കാണ് വഴിയൊരുക്കുന്നത്. ആര്‍ട്ടിക്കിള്‍ 14-ന്റെ ലംഘനം ആണ്.
ഏപ്രില്‍ മാസത്തില്‍ തെലുങ്കാന ഗവണ്‍മെന്റിന്റെ പരാതി കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി പറയുകയുണ്ടായി നിയമസഭ പാസാക്കുന്ന ബില്ലുകള്‍ എത്രയും വേഗം ഒപ്പിട്ട് തിരിച്ചയയ്ക്കുവാന്‍ ഗവര്‍ണ്ണര്‍ ബാധ്യസ്ഥന്‍ ആണെന്ന്. ആര്‍ട്ടിക്കിള്‍ 200 അനുസരിച്ച് നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. അവ ഗവര്‍ണ്ണര്‍മാര്‍ സ്വന്തം ഇഷ്ടാനുസരണം വച്ചു വൈകിക്കുന്നത് ഭരണഘടന അനുസരിച്ചുള്ള ഒരു നടപടിയല്ല. ബില്ലുകള്‍ കഴിയുന്നത്ര വേഗത്തില്‍ ഒപ്പിടണം അല്ലെങ്കില്‍ അവയില്‍ തീരുമാനം എടുക്കുന്നത് ഭരണഘടന വിദഗ്ദ്ധര്‍ വളരെ ഗൗരവമായി എടുക്കുന്ന ഒന്നാണ്.
കഴിയുന്നത്ര വേഗത്തില്‍ എന്നു പറഞ്ഞാല്‍ എത്ര വേഗത്തില്‍ ആണ് ? ഏതായാലും അത് അനിശ്ചിതമായിട്ടല്ല. ഇവിടെ പല സംസ്ഥാനങ്ങളെയും സുപ്രീംകോടതിയെ സമീപിക്കുവാന്‍ നിര്‍ബ്ബന്ധിച്ചത് ഈ അനിശ്ചിതമായ കാലതാമസം ആണ്. 'കഴിയുന്നത്ര വേഗത്തില്‍' എന്നു പറഞ്ഞാല്‍ ഏതായാലും മാസങ്ങളോ വര്‍ഷങ്ങളോ അല്ലെന്ന് സാമാന്യ ബുദ്ധിക്ക് മനസിലാകും. തമിഴ്‌നാട് ഗവണ്‍മെന്റിന്റെ പരാതിപ്രകാരം ഗവര്‍ണ്ണറുടെ ഭാഗത്തുനിന്നുമുള്ള അനിശ്ചിത താമസം മൂലം സംസ്ഥാനത്ത് ഒരു ഭരണഘടനസ്തംഭനം സംജാതമായിരിക്കുകയാണ്. പഞ്ചാബില്‍ ഏഴ് പ്രധാനപ്പെട്ട ബില്ലുകള്‍ ആണ് കെട്ടിക്കിടക്കുന്നത് . ഇതും പ്രതിപക്ഷമായ ആം ആദ്മി പാര്‍ട്ടി ഭരിക്കുന്ന ഒരു സംസ്ഥാനം ആണ്. ഏഴില്‍ രണ്ടു ബില്ലുകള്‍ക്ക് ഗവര്‍ണ്ണര്‍ അനുമതി നല്‍കി സംസ്ഥാനം സുപ്രീംകോടതിയില്‍ ആശ്രയം തേടിയപ്പോള്‍. ഈ കേസ് കേള്‍ക്കുമ്പോള്‍ സുപ്രീം കോടതിയും ചീഫ് ജസ്റ്റീസും നടത്തിയ ചില പരാമര്‍ശനങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ്.
ഗവര്‍ണ്ണര്‍മാര്‍ ഒരു ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനുശേഷം ചീഫ് ജസ്റ്റിസ് പറഞ്ഞതാണ് ഈ വിഷയത്തിലെ ഏറ്റവും പ്രധാനപ്പെട്ട പോയിന്റ്. ഗവര്‍ണ്ണര്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടതല്ല. ഈ യാഥാര്‍ത്ഥ്യം ഗവര്‍ണ്ണര്‍മാര്‍ മറക്കരുത്. അതിന്റെ അര്‍ത്ഥം ഗവര്‍ണ്ണര്‍മാര്‍ക്ക് ഒരു ജനപ്രതിനിധി സഭയെ മറികടക്കുവാന്‍ സാധിക്കുകയില്ല. കാരണം അത് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനാധിപത്യസ്ഥാനം ആണ്. ജനാധിപത്യത്തില്‍ അതാണ് പരമോന്നതം.
ഗവര്‍ണ്ണര്‍മാര്‍ കേന്ദ്രഗവണ്‍മെന്റിന്റെ ഇഷ്ടപ്രകാരം സംസ്ഥാനങ്ങളിലേക്ക് അയക്കപ്പെടുന്നവരാണ്. തീര്‍ച്ചയായും അവര്‍ക്ക് ഭരണഘടനയുടെ സാധുത ഉണ്ട്. പക്ഷേ, അവര്‍ രാഷ്ട്രീയ സൃഷ്ടികള്‍ ആണ്. അവര്‍ മിക്കപ്പോഴും മറന്നുപോകുന്നത് രാജ്ഭവനില്‍ എത്തിയാല്‍ കക്ഷി രാഷ്ട്രീയത്തിന് അതീതരാകണമെന്നതാണ്. ഗവര്‍ണ്ണര്‍ക്ക് ഒരു ബില്ലില്‍ ഒപ്പിടാതിരിക്കുവാന്‍ സാധിക്കുകയില്ല. ഒപ്പിടുന്നില്ലെങ്കില്‍ അടുത്ത നടപടി കൈക്കൊള്ളണം. ഗവര്‍ണ്ണര്‍മാര്‍ ബില്ലുകള്‍ വൈകിക്കുന്നത് വളരെ ഗൗരവമായ ഒരു കാര്യം ആണെന്നും സുപ്രീം കോടതി അഭിപ്രായപ്പെടുകയുണ്ടായി.
എന്തുകൊണ്ടാണ് സംസ്ഥാന ഗവണ്‍മെന്റുകളെ സുപ്രീം കോടതിയെ സമീപിക്കുവാന്‍ ഇവര്‍ നിര്‍ബ്ബന്ധിതരാക്കുന്നത്? കാര്യങ്ങള്‍ ഗവണ്‍മെന്റുകളും ഗവര്‍ണ്ണര്‍മാരും തമ്മില്‍ പറഞ്ഞു തീര്‍ക്കണം, സുപ്രീം കോടതി നിരീക്ഷിച്ചു. ഗവര്‍ണ്ണര്‍മാരുടെ നടപടിയില്‍ അത്യധികം അസന്തുഷ്ടി പ്രകടിപ്പിച്ച സുപ്രീം കോടതിയുടെ വാക്കുകള്‍ ഏതായാലും അവര്‍ക്ക് ആശ്വാസകരമായില്ല. എന്നാലും ഇതനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ ഗവര്‍ണ്ണര്‍മാര്‍ തയ്യാറാവുകയില്ല. അവര്‍ അനുസരിക്കണമെങ്കില്‍ സുപ്രീം കോടതിയുടെ വിധിയും ശിക്ഷാസമാനമായ പരാമര്‍ശനവും ഉണ്ടാകണം. സുപ്രീം കോടതിയുടെ വെറും പരാമര്‍ശങ്ങള്‍ മാത്രം ഗവര്‍ണ്ണര്‍മാരെ ഭരണഘടനയുടെ വഴികൊണ്ടുവരുവാന്‍ സഹായിക്കുകയില്ല.
ഈ വിഷയത്തില്‍ സുപ്രീം കോടതി ഒരു സ്റ്റാറ്റസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന കാര്യം ആശ്വാസപ്രദം ആണ്. ഗവര്‍ണ്ണര്‍മാര്‍ രാഷ്ട്രീയപ്രേരിതമായ പെരുമാറ്റത്തില്‍ നിന്നും മാറിനില്‍ക്കണം. അതുപോലെതന്നെ കഴിയുന്നത്ര വേഗം എന്നുള്ളത എത്രയും വേഗം ആണെന്നും ഭരണഘടനാപരമായി മനസിലാക്കണം.
എന്താണ് ന്യായമായ സമയം? അതും കഴിയുന്നത്ര വേഗം എന്ന പ്രയോഗം പോലെ അവ്യക്തം ആണ്. ഈ ഇരുണ്ട മേഖലകള്‍ മാറ്റിയെടുക്കണം. ബില്ലുകള്‍ ഒപ്പിട്ടോ ഒപ്പിടാതെയോ അയക്കുന്നതില്‍ കാലതാമസം ഉണ്ടായിക്കൂട. അകാരണമായ താമസത്തിന് ഗവര്‍ണ്ണര്‍മാര്‍ കോടതിയോട് ഉത്തരം പറയണം. ഭരണഘടന ബില്ലുകളുടെ തീര്‍പ്പ് കാര്യത്തില്‍ നാല് വഴികള്‍ ആണ് ഗവര്‍ണ്ണര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഒപ്പിട്ട് ബില്ലുകള്‍ക്ക് അനുമതി നല്‍കുക, അനുമതി തടഞ്ഞുവയ്ക്കുക, മൂന്ന്, പ്രസിഡന്റിന്റെ പരിഗണനക്കായി അയക്കുക, നാല്, സംസ്ഥാന നിയമസഭയുടെ പുനര്‍ തീരുമാനത്തിനായി അയച്ചുകൊടുക്കുക.
സംസ്ഥാന നിയമസഭ അതേ ബില്ലു തന്നെ ഭേദഗതിയോടെയോ അല്ലാതെയോ മടക്കി അയച്ചാല്‍ അതില്‍ ഒപ്പിടുവാന്‍ ഗവര്‍ണ്ണര്‍ ബാധ്യസ്ഥനാണ്. ഇവിടെ വരെ മാത്രമെ ഗവര്‍ണ്ണര്‍മാരുടെ വിവേചനാധികാരം ഉള്ളൂ. അതുകൊണ്ടുതന്നെയാണ് ബില്ലുകള്‍ ഒപ്പിടാതെ അനിശ്ചിതമായി കെട്ടിക്കിടക്കുന്നത്. ആര്‍ട്ടിക്കിള്‍ 200 ഗവര്‍ണ്ണര്‍ക്ക് ഒരു ബില്ലില്‍ ഒപ്പിടുവാനുള്ള സമയപരിധി നിശ്ചയിച്ചിട്ടില്ല. പക്ഷേ ഭരണഘടനയിലെ മനപൂര്‍വ്വമോ അല്ലാതെയോ ഉള്ള ഈ അവ്യക്തതയെ ഒരു ഭരണഘടനാധികാരി മുതലെടുക്കരുത്. അങ്ങനെ ഭരണഘടനയെ നിശ്ചലവും നിര്‍വീര്യവും ആക്കരുത്. ഒരിക്കല്‍കൂടെ ആവര്‍ത്തിക്കാം. ഗവര്‍ണ്ണര്‍മാര്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ രാഷ്ട്രീയ പ്രതിനിധികള്‍ ആണ്. അവര്‍ രാജ്ഭവനില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണം. ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരണമായി പ്രവര്‍ത്തിക്കുന്ന എന്ന വിമര്‍ശനം ഉണ്ടാകുവാന്‍ ഗവര്‍ണ്ണര്‍മാര്‍ ഇടവരുത്തരുത്.