Image

പ്രതീക്ഷയുടെ അത്താണിയായ വാക്ക് “ഈ സമയവും കടന്നു പോകും ” (പുസ്തകാസ്വാദനക്കുറിപ്പ്: വിനീത് വിശ്വദേവ്)

Published on 16 November, 2023
പ്രതീക്ഷയുടെ അത്താണിയായ  വാക്ക് “ഈ സമയവും കടന്നു പോകും ” (പുസ്തകാസ്വാദനക്കുറിപ്പ്: വിനീത് വിശ്വദേവ്)

Book Name -  ഈ സമയവും കടന്നുപോകും
Author -   താഹിറ കല്ലുമുറിക്കൽ
Publication -   ബുക്ക് ഫ്രെയിംസ് പബ്ലിക്കേഷൻസ്
Price - വില - 150

ചില പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത് മറ്റു വായനക്കാർ ആ പുസ്തകത്തെപ്പറ്റി പറഞ്ഞിട്ടോ, ശീർഷകത്തിൽ വരുന്ന അടയാളപ്പെടുത്താലോ അതുമല്ലെങ്കിൽ അതിന്റെ മുഖമുദ്രയായ പുറംചട്ടയിലെ കൗതുകമോ ആയിരിക്കും. ഇത് ഒന്നുമല്ലാത്ത പക്ഷം ചിലപ്പോൾ ബ്ലർബിലെയോ ആമുഖത്തിലെയോ വാചകങ്ങളോ ആകാറുണ്ട്. ഇന്ന് ഞാൻ ഇവിടെ പറയുന്നത് ഒരു പാചകമാണ് "ഈ സമയവും കടന്നുപോകും" ഇതിൽ പ്രതീക്ഷയുണ്ട് പ്രചോദനമുണ്ട്. ഒരു രാത്രിയെ മറികടക്കാൻ മറ്റൊരു പകലിന്റെ ദൈർഖ്യം മാത്രമുള്ളൂയെന്ന് വിളിച്ചോതുന്ന കാലത്തിന്റെ പകിടകളിക്കു ചേർന്ന വാചകം.

രണ്ടു രാജ്യത്തിന്റെ നായകന്മാരുടെ വാക്കുകളിലൂടെ തുടങ്ങുന്ന പുസ്തകമാണ് താഹിറ കല്ലുമുറിക്കൽ എഴുതിയ 'ഈ സമയവും കടന്നുപോകും.' യുണൈറ്റഡ് അറബ് നേഷൻസിന്റെ പ്രസിഡന്റായിരുന്ന ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ അൽ നഹിയാന്റെ വാക്കുകളായ 'ഓരോ വ്യക്തിയെയും, അവന്റെ മതമോ ജാതിയോ എന്തുമാകട്ടെ, ഒരു പ്രത്യേക ആത്മാവായി പരിഗണിക്കുക എന്നത് ഇസ്ലാമിന്റെ അടയാളമാണ്.' എന്നും മഹാത്മാ ഗാന്ധിയുടെ വാക്കുകളായ 'ആരോഗ്യമാണ് യഥാർത്ഥ സമ്പത്ത്, സ്വർണ്ണവും വെള്ളിയും അല്ല.' എന്ന വാക്കുകൾ തുന്നിച്ചേർക്കുമ്പോൾ ആതുര സേവനമേഖലയിൽ ക്ലിനിക്കൽ ഓഡിയോളോജിസ്റ്റായി സേവനമനുഷ്ഠിക്കുന്ന താഹിറ കല്ലുമുറിക്കൽ കോവിഡ് മഹാമാരിക്കാലത്തു തന്റെ സേവനമേഖലയിൽ വന്നുചേർന്ന അഭ്യുഭവങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ പുസ്തമാണ്  'ഈ സമയവും കടന്നുപോകും.'

ഈ പുസ്തകത്തിൽ ഒരു ഹദീസ് പരാമർശിക്കുന്നത് ഇങ്ങനെയാണ് ദൈവം ചില ആളുകളെ തിരഞ്ഞെടുക്കുന്നത് ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിഹരിച്ചുകൊടുക്കയെന്ന പ്രത്യേക ഉത്തരവാദിത്വം നൽകികൊണ്ടായിരിക്കും. ഈ വരികളെ അന്വർത്ഥമാക്കികൊണ്ടു തന്നെയാണ് താഹിറ തന്റെ ജോലികൾ യുണൈറ്റഡ് അറബ് നേഷൻസിനു വേണ്ടി കോവിഡ് അനുഭവിക്കപ്പെട്ട മനുഷ്യർക്ക് നിർദ്ദേശങ്ങളും ആകുലതകളില്ലാത്ത വാക്കുകളിലൂടെ സമാശ്വാസമേകിയതെന്നും ഈ പുസ്തകം വായിച്ചു തീർക്കുമ്പോൾ നമുക്ക് അനുഭവവേദ്യമാകുന്നു.

അൽ ഐനിലെ അഗീകൃത സംഘടനയായ ഇന്ത്യൻ സോഷ്യൽ സെന്ററിന്റെയും അൽ ഐൻ മലയാളി സമാജത്തിന്റെയും സ്തുത്യർഹമായ സേവനങ്ങളെ സ്മരിച്ചുകൊണ്ടും താഹിറ കല്ലുമുറിക്കലിന്റെ 'ഈ സമയവും കടന്നുപോകും.' എന്ന പുസ്തകത്തിന് കെ കെ ഷൈലജ ടീച്ചറിന്റെ ആശംസകൾ ചേർത്തുകൊണ്ടുള്ള പത്രികയും ഈ പുസ്തകത്തിന് എടുത്തുപറയാക്കാത്തതായ മുതൽക്കൂട്ട് തന്നെയാണ്.

കോവിഡ് പടർന്നുപിടിക്കുന്ന പ്രാരംഭ സമയമായ 2020 മാർച്ച് മാസത്തിൽ എമർജൻസി സർവീസുകൾ ഒഴികെ മറ്റു എല്ലാ സർവീസുകളും നിർത്തിവെച്ച സമയത്തായിരുന്നു താഹിറ സ്പെഷ്യൽ മിഷന്റെ ഭാഗമായി തീർന്നത്. പിന്നീട് അങ്ങോട്ട് യൂ. എ. ഇയുടെ പ്രതിരോധതന്ത്രങ്ങളുടെ ഭാഗമായിത്തീരുകയും ചെയിതു. ഇതിൽ ട്രാക്കിംഗ് സിസ്റ്റവും സ്മാർട്ട് വാച്ചുകളുടെ ഉപയോഗവും പോലീസ് സേനയുടെ സന്ദേശങ്ങളും ലഭിക്കുന്നതിനുമായി പ്രത്യേക വിഭാഗത്തെ തയ്യാറാക്കിയിരുന്നു.

സ്വന്തം മകന്റെ മുന്നിൽ കുഴഞ്ഞുവീണ പാകിസ്താനി പൗരന്റെ മരണം തന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്തതായ ഒരു മരണാനുഭവമായി കുറിക്കുമ്പോൾ വായനക്കാരന്റെ കണ്ണുകളും അറിയാതെ ഒന്ന് ഈറനണിഞ്ഞുപോകുന്നുണ്ട്. സഹവസിക്കുന്നിടത്തുനിന്നും കൂടെയുള്ളവർ കോവിഡ് രോഗികളെ മാറ്റിനിർത്തപ്പെടുമ്പോൾ മനുഷ്യൻ സ്വാർത്ഥതയുടെ സമ്പൂർണമായ ഒരാവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. ഫ്രീ വിസയിൽ വിവിധ വീടുകളിൽ വീട്ടു ജോലി ചെയ്യ്തിരുന്ന സ്ത്രീയുടെ വികാര നിർഭരമായ വിഷമഘട്ടത്തിലൂടെയും സമാശ്വാസവാക്കുകൾ കെട്ടിപ്പിടിച്ചു കരയിപ്പിച്ച അനുഭവവും ഇവിടെ താഹിറ പങ്കുവെക്കുന്നുണ്ട്.

ബംഗാളികൾ എവിടെയും ഒരു കൂട്ടമായിട്ടാണ് താമസവും ജോലിയും അവരുടെയിടയിൽ ഒരു വ്യക്തിക്ക്  കോവിഡ് പോസിറ്റീവായതിന്റെ വിഭ്രാന്തിയും ഒരു നേർക്കാഴ്ച്ചപോലെ എഴുത്തുകാരി താഹിറ വരച്ചുകാട്ടുന്നുണ്ട്. ഭാര്യ ഉപേക്ഷിച്ചുപോയ ഭർത്താവു കോവിഡ് പോസിറ്റീവായിരിക്കുമ്പോൾ പോലും  നർമ്മവും പ്രതീക്ഷയും കലർത്തുന്ന രീതിയിൽ പുനർവിവാഹം നടത്തുന്നതിനുള്ള സഹായങ്ങൾ എങ്ങിനെങ്കിലും  നടത്തികിട്ടുമോയെന്നു ചോദിക്കുമ്പോൾ വായനക്കാരായ നമ്മൾപോലും അറിയാതെ ചിരിച്ചുപോകുന്ന കോവിഡും കല്യാണച്ചിന്തയും എന്ന ഭാഗം.

ഒറ്റയിരിപ്പിനു വായിച്ചു തീർക്കാവുന്ന എഴുപതില്പരം പേജുകൾ മാത്രമടങ്ങിയ ഒരു ചെറിയ പുസ്തകമാണെങ്കിലും അനുഭവങ്ങളുടെ വെളിച്ചത്തിൽ ബൃഹത്തായ പുസ്തകം തന്നയാണ് താഹിറ കല്ലുമുറിക്കലിന്റെ 'ഈ സമയവും കടന്നുപോകും.' എന്ന പുസ്തകം. ഇനിയും ഒരുപാടു എഴുതുവാനും  പുസ്തകങ്ങൾ പ്രസിദ്ധമാക്കുവാനും താഹിറക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക