സ്വീകരണ മുറിയുടെ മൂലയില്‍
ചിത്രപണികള്‍ കൊണ്ടലങ്കരിച്ച
ചട്ടിയൊന്നില്‍
പ്രതിഷ്ടിച്ചു വച്ചിട്ടുണ്ട്
പച്ച നിറഞ്ഞൊരു സ്വാതന്ത്ര്യത്തെ
!!
കണ്ണാടി മാളികയിലെ
നിഷേധങ്ങളുടെ ചതുപ്പില്‍
പതുങ്ങി കിടന്നു
സ്വപനം കാണുന്നുണ്ട്
നനവുകളിലേക്ക് പടരും വേരിനെ
ഇലയില്‍ ചുംബിച്ചും
കൊമ്പ് കോര്‍ത്തും
പ്രണയം പങ്കു വക്കും വന്മരത്തെ
മധുരം നുകരും പകല്‍
വെളിച്ചത്തെ
നെഞ്ചോടു ചേര്‍ത്തു പുണരും
നിലാവിനെ!!
കണ്ണു
കൊണ്ടുഴിയുന്നുണ്ട്
തൊട്ടു നോക്കുന്നുണ്ട്
വാക്കുകള്‍ കൊണ്ടൊരു
ചൂണ്ട
കോര്‍ക്കുന്നുണ്ടതിനെ
വന്നു പോകും അതിഥികള്‍ !!
അപ്പോഴും
ചിരിച്ചു തലയാട്ടി
അരുതുകളുടെ കുറിപ്പടിയില്‍
അണിഞ്ഞൊരുങ്ങി
നില്ക്കും
ഉയരങ്ങളിലേക്ക് പാലമായ
ഭാര്യയെ പോലെ
അലങ്കരമായൊരു നിസ്സഹായത
!!
(ചന്ദ്രിക ആഴ്ചപതിപ്പ് ജൂണ്‍ 22)