തിരുവിതാംകൂർ മഹാരാജാവ് വേനൽക്കാല വിശ്രമത്തിനെത്തിയിരുന്ന അമ്മച്ചിക്കൊട്ടാരം സ്ഥിതി ചെയ്യുന്ന ഹിൽ സ്റ്റേഷൻ. സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിൽ സദാ മഞ്ഞു പുതച്ചു കിടക്കുന്ന പീരുമേട്ടിനു തൊട്ടുരുമ്മിയാണ് കുട്ടിക്കാനം. തേയിലക്കാടുകളുടെ നടുമുറ്റത്ത് ചായയുടെ നറുമണം പരത്തിക്കിടക്കുന്ന ഗ്രാമം കുമിളിക്കും ഏലപ്പാറയ്ക്കും മുണ്ടക്കയത്തിനും വഴിതിരിയുന്ന ഒരു മുക്കവലയായി നൂറ്റാണ്ടുകൾ കിടന്നു.
കിഫ് 6ന്റെ താരം ജോണി ആന്റണി; കൂടെ സിസ്റ്റർ ജെസ്സി, ചങ്ങാതി ജോസ് നെടുംതകടി
അതിനൊരു മാറ്റം വന്നത് 1995ൽ കാഞ്ഞിരപ്പള്ളി കത്തോലിക്കാ രൂപത അവിടെയൊരു കോളജ് തുറന്നതോടെയാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളിൽ മരിയൻ മഹാത്മാഗാന്ധി സർവകലാശാലയുടെ ഓട്ടോണമസ് കോളജ് ആയി വളർന്നു. ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറൽ ഗവേഷണവും നടത്തുന്ന മഹാവിദ്യാലയം. ഒരുപക്ഷെ അതൊരു യുണിവേഴ്‌സിറ്റിയായി വളർന്നുവെന്നിരിക്കും.
മരിയൻ കോളജിന്റെ ദൃശ്യവിസ്മയം-വിനോദ്, ജോർജ് തെങ്ങുംമൂട്ടിൽ
യൂറോപ്യൻ യൂണിയൻ സഹകരണത്തോടെ തുറന്ന സഹ്യാദ്രി എന്ന കേരളത്തിലെ ആദ്യത്തെ ഓർഗാനിക് ടീ ആൻഡ് സ്‌പൈസസ് ഫാക്ടറിയും ആദ്യത്തെ ബ്രിട്ടീഷ് പ്ലാന്റർ ഹെൻറി ബേക്കർ 1869 ൽ സ്ഥാപിച്ച പള്ളിക്കുന്നിലെ സെന്റ് ജോർജ് പള്ളിയും അടുത്തു തന്നെ. ചുറ്റിനും ഗ്ലെൻമേരി, വുഡ് ലാൻഡ്‌സ്, ആഷ്‌ലി, സ്റ്റാഗ് ബ്രുക് ലാൻഡ്രം, പട്ടുമല, പട്ടുമുടി, പാമ്പനാർ, കരടിക്കുഴി എസ്റ്റേറ്റുകളും.
മരിയൻ കോളജിലെ കമ്മ്യുണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് വകുപ്പും മീഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റിയും ചേർന്നൊരുക്കിയ കുട്ടിക്കാനം ഫിലിം ഫെസ്റ്റിവലാണ് അടുത്ത കാലത്ത് ഈ ഗ്രാമത്തെ കേരളത്തിലും പുറത്തുമുള്ള മലയാളികളുടെ നിതാന്ത ശ്രദ്ധയിൽ കൊണ്ടുവന്നത്. കിഫ് എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഫെസ്റ്റിവലിന്റെ ആറാംപതിപ്പു നാലുദിവസങ്ങളിലായി ഈയിടെ അരങ്ങേറി.
മുഖ്യാതിഥി, പ്രിൻ അജിമോൻ ജോർജ്, അഡ്‌മിൻ ഫാ. ജോസഫ് പൊങ്ങന്താനം
പീരുമേടും കുട്ടിക്കാനവും വാഗമണ്ണും അടങ്ങുന്ന ഇടുക്കി ജില്ലയുടെ പടിഞ്ഞാറേ മലനിരകൾ സിനിമഷൂട്ടിങ്ങിന്റെ കേന്ദ്രമായിട്ടു അരനൂറ്റാണ്ടിലേറെയായി. 1972 ൽ ആഷ്‌ലി എസ്റ്റേറ്റ് ബംഗ്ളാവിൽ തമമസിച്ചു കൊണ്ട് എംജിആറും ജയലളിതയും ചേർന്നഭിനയിച്ച 'അന്നമിട്ട കൈ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കാണാൻ പത്തുവയസുള്ള താൻ മലകയറി വന്ന കാര്യം പീരുമേട് എംഎൽഎ വാഴൂർ സോമൻ ഓർമ്മിക്കുന്നു. ജയലളിതക്ക് അന്ന് 16 വയസ്.
പക്ഷെ എംജിആറും രജനികാന്തും നടിച്ച സിനിമകൾ കാണാൻ ഇടിച്ചു കയറുന്ന തമിഴർ ഏറെയുള്ള ഈ മേഖലയിൽ സിനിമാകൊട്ടകകൾ കുറവായിരുന്നു. ഏലപ്പാറയിൽ ആദ്യം തുടങ്ങിയ ഹൈറേഞ്ച് തീയറ്റർ പൊളിഞ്ഞു. പിന്നീട് വന്ന ദേവിയും. പാമ്പനാറിലും വണ്ടിപെരിയാറിലും തീയറ്ററുകൾ ഉണ്ടായി, സുന്ദരം എന്നപേരിൽ ഒരാളുടെ വക. വണ്ടിപ്പെരിയാറിൽ കെ ആർ തീയേറ്ററും ശ്രീദേവി തീയേറ്ററും വന്നു. രണ്ടും നിലച്ചു. കെആർ ഇന്ന് ബെവറേജസ് കോർപറേഷന്റെ ഔട് ലെറ്റ് ആണ്. പീരുമേട്ടിലും ബോണാമിയിലുംവാഗമണ്ണിലും തീയറ്ററുകൾ വന്നതേയില്ല.
ഷാജി അമ്പാട്ട്, വാഴൂർ സോമൻ എംഎൽഎ
പക്ഷെ ഇവിടെ സിനിമകൾ നിർമ്മിച്ചു, അടുത്ത കാലത്തു പുറത്തിറങ്ങിയ ചിത്രങ്ങളുടെ ലിസ്റ്റ് കണ്ടാൽ കണ്ണന്തിച്ചു പോകും-ഭ്രമരം, താപ്പാന, പട്ടണത്തിൽ ഭൂതം, ഇയ്യോബിന്റെ പുസ്തകം, അച്ഛൻ ഉറങ്ങാത്ത വീട്, ദി പ്രീസ്റ്, ലൂസിഫർ, ജോസഫ്, ലളിതം സുന്ദരം, കാണാ കണ്മണി, ചാർളി, ചാലക്കുടിയിലെ ചങ്ങാതി, സഖാവ്, കാർബൺ, നല്ല നിലാവുള്ള രാത്രി, സെവൻത് ഡേ, നോ മാൻസ് ലാൻഡ്.
ഇതൊക്കെ പീരുമേട്ടിൽ 17 വർഷമായി ജോലി ചെയ്യുന്ന ഗവ, ഉദ്യോഗസ്ഥൻ കുണ്ടറ സ്വദേശി വി. വിനോദ് ഓർത്തെടുത്തതാണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മിഥുൻ ചക്രവർത്തിയുടെ 'ഡാൻസ് ഡാൻസ്' എന്ന ഹിന്ദി സിനിമ കണ്ടു തുടങ്ങിയ വിനോദ് ഇതിനകം ആയിരം ചിത്രങ്ങളെങ്കിലും കണ്ടു കാണും.
എം വിജയകുമാർ, സണ്ണി ജോസഫ്; ഡെലിഗേറ്റിന്റെ കാമറകണ്ണ്
ഫെസ്റിവലിന്റെ ഇടവേളയിൽ കൊച്ചു വെളുപ്പാൻ കാലത്ത് മരം കോച്ചുന്ന തണുപ്പിൽ മലയോര പതയിലൂടെ നടക്കാൻ ഇറങ്ങിയപ്പോഴാണ് വിനോദുമായി ഞങ്ങൾ കൂട്ടിമുട്ടിയത്. മരിയന്റെ മുമ്പിൽ കുമിളിയിലേക്കുള്ള കൊല്ലം-തേനി ദേശീയ പാതക്കരികിലെ തട്ടു കടയിൽ നിന്ന് ചായകുടിച്ച ഞങ്ങൾ മലകയറ്റം തുടങ്ങി. കൂട്ടിനു മരിയനിലെ പൂർവ വിദ്യാർത്ഥിയും ഓസ്‌കാർ നേടിയ ദി എലിഫന്റ് വിസ്‌പറേഴ്‌സ് എന്ന ഡോകുമെന്ററിയുടെ കാമറ ടീമിൽ അംഗവുമായ കാഞ്ഞിരപ്പള്ളിക്കാരൻ ജോർജ് തെങ്ങുംമൂട്ടിലും.
ത്രിശങ്കു ഹാവൻ റിസോർട്ടിലേക്കുള്ള പാതയുടെ നിറുകയിൽ നിൽക്കുമ്പോൾ ഇടത്തെ ചക്രവാളത്തിൽ കണ്ട മനോഹര ദൃശ്യം ആരെയും പിടിച്ചു നിർത്തും. മഞ്ഞുമൂടിയ നീല മലകൾ. മലമടക്കുകൾക്കു നടുവിൽ മുപ്പതേക്കറിൽ ആകാശത്തേക്ക് ചിറകു വിരിച്ച് നിൽക്കുന്ന മരിയന്റെ ചുവന്ന മന്ദിര സമുച്ചയം. വെറുതെയല്ല സംവിധായകർ പീരുമേട്ടിലേക്കും കുട്ടിക്കാനത്തേക്കും വച്ചുപിടിക്കുന്നത്.
ജിയോ ബേബിയും പേരെടുത്ത ചിത്രങ്ങളും
ഒരു നവാഗത സംവിധായകൻ തന്റെ ചിത്രത്തിന്റെ നിർമ്മാണം കുട്ടിക്കാനത്തു ആരംഭിച്ച ദിവസമാണ് കിഫ് 6 നു തിരശീലയുയർന്നതെന്നത് ആകസ്മികം. മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം പുണ്യവാളൻ' എന്ന ചിത്രത്തിൽ ബാലു വർഗീസ്, അർജുൻ അശോകൻ, അനശ്വര രാജൻ എന്നിവർ അണിനിരക്കുന്നു.
മരിയൻ കോളേജ് ക്ഷണിച്ചു ആദരിച്ച സിനിമാ പ്രമുഖരിൽ പൂർവ വിദ്യാർത്ഥിയായ ആസിഫ് അലി, അസ്ഗർ അലി, ടോവിനോ തോമസ്, അനാർക്കലി മരിക്കാർ, ബാബുരാജ് , സുധീർ കരമന തുടങ്ങിയവർ ഉണ്ട്. കിഫിൽ എത്തിയവരിൽ ഡോ. ബിജു, രഞ്ജൻ എബ്രഹാം, വയലാർ ശരത്ചന്ദ്രവർമ്മ, ഷാഹി കബീർ തുടങ്ങിയവരും.
മുഖ്യാതിഥിക്ക് ആൻസൻ തോമസ് ഉപഹാരം നൽകുന്നു
കാലിക പ്രാധാന്യമുള്ള പ്രമേയം അടിസ്ഥാനമാക്കിയാണ് ഓരോ കിഫ് ഫെസ്റ്റിവലും രൂപകൽപന ചെയ്യുക. മൽഹാർ (2018}, കത്രിക (2019), ചാപ്പ (2020), തീരം (2021), സിര (2022) എന്നിങ്ങനെ. ഇത്തവണത്തെ പ്രമേയം യുദ്ധമായതിനാൽ-കലിംഗ.അതിന്റെ ചുവടു പിടിച്ച് പട, പരിച, ഉറുമി എന്നു പേരിട്ട മൂന്നു തീയറ്ററുകൾ. രംഗവേദികളും ഭക്ഷണ ഭക്ഷണശാലയും അടുത്തടുത്തായതിനാൽ സിനിമാപ്രേമികൾക്കു മറ്റൊരിടത്തും കിട്ടാത്ത സൗകര്യം.
ജപ്പാനിലെ ഫുക്കുവോക്ക ഫിലിം ഫെസ്റ്റിവലിലേ ഞാൻ ഈ സൗകര്യം കണ്ടിട്ടുള്ളു. ഒരു ബഹുനില കെട്ടിടത്തിന്റെ പത്താം നിലയിൽ ഫെസ്റ്റിവൽ ഡയറക്ട്രേറ്, മറ്റൊരു നിലയിൽ സ്ക്രീനുകൾ, വേറൊരു നിലയിൽ റെസ്റ്റോറന്റ്, ഡെലിഗേറ്റുകൾക്കു താമസിക്കാൻ മുറികൾ അതേ മന്ദിരത്തിൽ. അതിലും എത്രയോ മികച്ചതാണ് കുട്ടിക്കാനത്തെ പ്രകൃതിയോടിണങ്ങിയ ഉത്സവക്കളരി!
ആരാധകർക്ക് നടുവിൽ-ആർകെപി രാധാകൃഷ്ണൻ, ഫാ. സോബി, ഗൗതംകൃഷ്ണ
നാലു ദിവസം നീണ്ടുനിന്ന ഫെസ്റ്റിവലിൽ 17 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. യവനിക ഏക മലയാള ചിത്രം. സെപ്റ്റംബറിൽ അന്തരിച്ച സംവിധായകൻ കെജി ജോർജിനോടുള്ള ആദരസൂചകമായാണ് അദ്ദേഹം നാൽപതു വർഷം മുമ്പ് മലയാളത്തിലെ പ്രമുഖ താരങ്ങളെയെല്ലാം അണിനിരത്തി എടുത്ത ഉദ്വേഗജനകമായ ത്രില്ലർ പ്രദർശിപ്പിച്ചത്. മാനസിക സംഘർഷം നിറഞ്ഞ ആ ചിത്രവും ഒരു യുദ്ധം തന്നെ.
ഹിറ്റ്ലറെ പരിഹസിച്ചുകൊണ്ട് ചാർളി ചാപ്ലിൻ 1940 ഒക്ടോബർ 31 നു പുറത്തിറക്കിയ ദി ഗ്രേറ്റ് ഡിക്ടേറ്റർ എന്ന ചിത്രം പ്രദർശിപ്പിച്ചുകൊണ്ടാണ് മേള തുടങ്ങിയത്. അലൻ റെനോയുടെ വിഖ്യാതമായ ഹിരോഷിമ മോൺ അമോർ ആയിരുന്നു ശ്രദ്ധേയമായ മറ്റൊന്ന്. റോമൻ പൊളാൻസ്കിയുടെ ദി പിയാനിസ്റ്, മക്ബൽബഫിന്റെ ദി പ്രസിഡന്റ്, റോബർട്ടോ ബെനിഞ്ഞിയുടെ ഓസ്കാർ നേടിയ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നിവയും പ്രദർശിപ്പിച്ചു. തമിഴ് നാട്ടിൽ നിന്നും വയനാട്ടിൽ നിന്നും സിനിമാ പ്രേമികൾ എത്തി.
പ്രകൃതിയിൽ ആറാടുന്ന തമിഴ് ടീമും പ്രൊഫ. ഈപ്പനും; ആഫ്രിക്കൻ പഠിതാക്കൾ
കിഫ് ആറാംപതിപ്പിന്റെ ഉദ്ഘാടനത്തിനു ആറാംതമ്പുരാനായി എത്തിയത് നടനെന്ന നിലയിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ നൂറു വിചിത്രങ്ങൾ പൂർത്തിയാക്കിയ ജോണി ആന്റണിയാണ്. തുളസിദാസിന്റെ സംവിധാന സഹായിയായി തുടങ്ങി ദിലീപ് നിർമ്മിച്ച് അഭിനയിച്ച സിഐഡി മൂസ എന്ന ചിത്രത്തിൽ ആദ്യമായി സംവിധായകനായ ആളാണ് അദ്ദേഹം. പത്തു ചിത്രങ്ങൾ ഡയറക്ട് ചെയ്ത ശേഷം അഭി നയരംഗത്തു കടന്നു. ഹാസ്യത്തിൽ ചാലിച്ച ചെറുതും വലുതുമായ റോളുകൾ.
കിഫിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ ഉണ്ടായിരുന്ന സിസ്റ്റർഴ്സ് ഓഫ് പ്രതീക്ഷ എന്ന കോൺഗ്രിഗേഷന്റെ സ്ഥാപകയായ സിസ്റ്റർ ജെസ്സി യെ ചൂണ്ടിക്കാട്ടി ജോണി ആന്റണി പറഞ്ഞു: സിസ്റ്റർ വിളിച്ചതുകൊണ്ടാണ് ഞാൻ വന്നത്. എന്നെ ഞാൻ ആക്കിയ 'വർണ്ണപ്പകിട്ടി'ന്റെ സംവിധായൻ ജോക്കുട്ടന്റെ സഹോദരിയാണ് ജെസ്സി. അദ്ദേഹമാണ് എന്നെ ചെന്നൈയിലേക്ക് കൂട്ടികൊണ്ടുപോയതും സിനിമാലോകത്തേക്കു കടത്തിവിട്ടതും.
കാൽ നൂറ്റാണ്ടു കഴിഞ്ഞിട്ടും ആളുകൾ കാണാൻ ആഗ്രഹിക്കുന്ന സിഐഡി മൂസയുടെ രണ്ടാം പതിപ്പ് ഉണ്ടാകുമോ എന്നാണ് ഏവർക്കും അറിയേണ്ടിയിരുന്നത്. സാഹചര്യങ്ങൾ ഒത്തുവന്നാൽ ഉണ്ടാകാം എന്ന് മറുപടി. മലയാളത്തിന്റെ പെരുമഴക്കാലത്ത് അഭിനയത്തിൽ ഒതുങ്ങി നിൽക്കാനാണ് ഇഷ്ട്ടം. ടെൻഷൻ ഇല്ല. ഫെസ്ടിവലുകളിൽ പോകാം. ഇതെന്റെ ആദ്യത്തെ ഫെസ്റ്റിവൽ ആണ്. മലയാളത്തിന്റെ ശുക്രദശയാണിപ്പോൾ. അമ്പതിലേറെ യുവ സംവിധായകർ രംഗത്തുണ്ട്. 100-150 കോടിയുടെ മലയാള ചിത്രം വരാനിരിക്കുന്നു.
മണിപ്പുരി മുതൽ മലയാളം വരെ പത്തു ഭാഷകളിൽ 65 ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച സണ്ണി ജോസഫിന്റെയും പരീക്ഷണ കുതുകിയായ സംവിധായകൻ ജിയോ ബേബിയുടെയും മാസ്റ്റർ ക്ലാസുകൾ പ്രേക്ഷകർക്ക് ഹരം പകർന്നു. ഷാജി എൻ കരുണിന്റെ പിറവി, ജി അരവിന്ദന്റെ വാസ്തുഹാര, അടൂരിന്റെ നിഴൽകുത്ത് എന്നിവ സണ്ണിയുടെ മാസ്റ്റർപീസുകളിൽ ഉൾപ്പെടുന്നു.
കെജി ജോർജിനു ആദരം: 40 വർഷം മുമ്പത്തെ ത്രില്ലർ യവനിക
നാൽപ്പതു വർഷത്തെ സിനിമാറ്റോഗ്രാഫിക്ക് ശേഷം എട്ടുവർഷം കൊണ്ട് എല്ലാ സമ്പാദ്യവും ചെലവഴിച്ച് 'ഭൂമിയുടെ ഉപ്പു' എന്നൊരു ഫീച്ചർ ചിത്രം സംവിധാനം ചെയ്തു. മത സ്പർധ പ്രമേയമായ ചിത്രം മാർപാപ്പയെ കാണിക്കണമെന്നാണ് ആശ. പള്ളിക്കത്തോട് കെആർ നാരായണൻ ഫിൽ ഇൻസ്റ്റിറ്റിയൂട്ടിൽ ഡയറക്ടർ ആയിരുന്നു. സാൻഫ്രാൻസ്കോയിലും കസാഖ്സ്ഥാനിലും ജൂറി അംഗം.
'ദിഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന ഒരൊറ്റ ചിത്രം കൊണ്ട് ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട ജിയോ ബേബി വളരെ കഷ്ട്ടപെട്ടാണ് ചിത്രം പൂർത്തിയാക്കിയതെന്നു പറഞ്ഞു. അടുക്കളയിലെ അടിച്ചമർത്തൽ പ്രമേയമാക്കി പുരുഷാധിപത്യത്തിനെതിരെ ആഞ്ഞടിച്ച ചിത്രം സംവിധാനത്തിനും തിരക്കഥക്കുമുള്ള സംസ്ഥാന പുരസ്ക്കാരങ്ങളും ദേശീയ പുരസ്‌ക്കാരവും നേടിയതോടെ ആഗോള ശ്രദ്ധയിലായി.
യുഎസിലെ റോഡ് ഐലൻഡ് യൂണിവേഴ്സിറ്റിയിൽ ഹ്യൂമാനിറ്റീസ് ഡയറക്ടറും ആർട്സ് (ഫോട്ടോഗ്രാഫി) പ്രൊഫസറുമായ അന്നു പാലക്കുന്നത്ത് മാത്യു ഈ ചിത്രത്തെപ്പറ്റി പ്രശംസിച്ച് എഴുതിയ പോസ്റ്റ് ഞാൻ വായിക്കുകയും അവരോടു സംസാരിക്കുകയും ചെയ്തു. ഇംഗ്ലണ്ടിൽ ജനിച്ചു കേരളത്തിൽ വളർന്നു ചെന്നെയിൽ പഠിച്ച് യുഎസിലേക്ക് ചേക്കേറിയ ആളാണ്. 'സിനിമ വളരുന്ന കലയാണ്. പ്രമേയത്തിലും പ്രതിപാദനത്തിലും പുതുമയുള്ള ചിത്രങ്ങൾ ഞാൻ കാത്തിരിക്കുന്നു,' കിഫിൽ ജിയോ പറഞ്ഞു.
ചെന്നൈക്കടുത്ത് ആവഡിയിലെ എസ്എ കോളജിൽ വിഷ്വൽ കമ്മ്യുണിക്കേഷനിൽ ബിരുദ,ബിരുദാനന്തര പഠനം നടത്തുന്ന 14 ശിഷ്യരുമായെത്തിയ അദ്ധ്യാപകൻ ഈപ്പൻ അലക്‌സാണ്ടർ എല്ലാവരെയും എന്നെ അത്ഭുതപ്പെടുത്തി. മരിയനിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ആളാണ് 27 വയസുള്ള ഈ കടുത്തുരുത്തിക്കാരൻ. മീഡിയ ആൻഡ് ഡാറ്റ സയൻസിൽ ഉപരിപഠനത്തിനു ലിവർപൂൾ യൂണിവേഴ്‌സിറ്റിയിൽ അഡ്‌മിഷൻ തരമായിക്കഴിഞ്ഞു.
2016 ൽ പുറത്തിറങ്ങിയ ദിലീഷ് പോത്തന്റെ 'മഹേശിൻറെ പ്രതികാര'ത്തിലെ 'മലമേലെ തിരി വച്ച് പെരിയാറിൻ തളയിട്ടു ചിരിതൂകും പെണ്ണല്ലേ ഇടുക്കി, ഇവളാണിവളാണ് മിടുമിടുക്കി, ഇവിടത്തെ കാറ്റാണ് കാറ്റ്, മലമൂടും മഞ്ഞാണ് മഞ്ഞു' എന്ന റഫീക് അഹമ്മദിന്റെ വരികൾക്കു ബിജിലാൽ നൽകിയ സംഗീതവും സ്വരവുമാണ് പിറ്റേവർഷം കിഫ് തുടങ്ങാൻ പ്രചോദനമായതെന്നു വ്യകതം. ഇടുക്കിയുടെ ചലച്ചിത്ര മോഹങ്ങൾക്കു വേദിയൊരുക്കാനാണു കിഫ് ആരംഭിച്ചതെന്ന് ഉള്ളടക്കത്തിലും രൂപകല്പനയിലും ആകർഷകമായ നൂറു പേജുള്ള കലിംഗ മുഖപത്രിക പറയുന്നു.
നന്നായി. ഏണസ്‌റ് ഫ്രഡറിക് ഷൂമാക്കർ പറഞ്ഞതുപോലെ സ്മാൾ ഈസ് ബ്യൂട്ടിഫുൾ. സിനിമ ഒരു ജ്വരമായി നെഞ്ചിലേറ്റി നടക്കുന്ന ആളാണ് മരിയൻ മാധ്യമ പഠന വകുപ്പിന്റെ ഡയറക്ടർ എം. വിജയകുമാർ. കേരള സർവകലാശാലയുടെ ജേർണലിസം വകുപ്പിൽ പ്രൊഫസർ ആയിരുന്നു. 1984 ൽ ഡൽഹി ദേശീയ ചലച്ചിത്രോത്സവം കാണുകയും പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റിയൂട്ടിൽ സിനിമാ ആ സ്വാദന കോഴ്‌സിൽ പങ്കെടുക്കുകയും ചെയ് തു.
കിഫ് സംഘാടനത്തിൽ വകുപ്പ് മേധാവി ഫാ. സോബി തോമസ് കന്നാലിൽ, അസിസ്റ്റന്റ് പ്രൊഫസർ ആൻസൻ തോമസ്, ഫിലിം ക്ലബ് പ്രസിഡന്റ് ഗൗതം കൃഷ്ണ, മീഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റി പ്രസിഡന്റ് സിആർ ഹരികൃഷ്ണൻ തുടങ്ങിയവരും ഒപ്പം നിന്നു. ആൻസൻ തോമസ് ചിന്താർമണിയിൽ രണ്ടു ഹൃസ്വ ചിത്രങ്ങൾ സംവിധാനം ചെയ്ത ആളാണ്. നടനുമാണ്.
പതിനായിരം രൂപ സമ്മാനമുള്ള ഹൃസ്വ ചിത്രമത്സരം ചലച്ചിത്രോത്സവത്തിന്റെ പൂത്തിരിയായി. അഞ്ജിതയുടെ അഞ്ചു മിനിറ്റ നീണ്ട 'വ്യാധി' സമ്മാനം നേടി.സണ്ണി ജോസഫ്, ഷാജി അമ്പാട്ട്, വിജയകുമാർ എന്നിവരായിരുന്നു ജൂറി. കിഫ് എന്ന ചുരുക്കപ്പേരിൽ കാൻസാസിലും കൊൽക്കത്തയിലും കാസർഗോട്ടും കൊല്ലത്തും ഫിലിം മേളകൾ ഉണ്ട്. പക്ഷെ കുട്ടിക്കാനം ഒന്ന് വേറെ. ലൈഫ് ഈസ് ബ്യൂട്ടിഫുൾ, സ്മാൾ ഈസ് ബ്യൂട്ടിഫുൾ.