Image

ലെസ്ബിയൻ കിളികൾ    (The Lesbian birds) (കഥാമത്സരം-23: സബീന എം സാലി)

Published on 19 November, 2023
ലെസ്ബിയൻ കിളികൾ    (The Lesbian birds) (കഥാമത്സരം-23: സബീന എം സാലി)

അനീസയുടെ കാൽപ്പെരുമാറ്റം കേട്ടപാടേ ഗോവണിക്ക് കീഴേ കിടന്ന ഒരു വെളുത്ത പൂച്ച ഉറക്കപ്പിച്ചോടെ  വാലും മടക്കി ഗേറ്റിന്റെ വിടവിലൂടെ പുറത്തേക്കോടി. പ്രഭാത നമസ്കാരം കഴിഞ്ഞ് അനീസയ്ക്ക് പതിവുള്ളതാണ്‌ ഒരു മണിക്കൂർ നടത്തം. ആദ്യമൊക്കെ അൻവർ കൂടെക്കൂടുമായിരുന്നു.  കലപില പറഞ്ഞ് കൂടെ  നടക്കാൻ. അൻവർ മടി പിടിച്ചതോടെ ഒറ്റയ്ക്കായി നടത്തം. അനീസയ്ക്കും അതാണിഷ്ടം. പ്രകൃതി ഏറ്റവും പ്രശാന്തമാകുന്ന സമയമാണ്‌.  ഏകാന്തതയിലൂടെയുള്ള നടപ്പ് ചിന്തകൾക്ക് ഉണർവ്വേകും. എഴുതാനുള്ള അസംസ്കൃത ചിന്തകളുടെ വേലിയേറ്റ സമയം.
   
  ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങിയതേ കണ്ടു, നേവി ബ്ലു എന്നൊക്കെ വിശേഷിപ്പിക്കാവുന്ന തരത്തിൽ  കടും നീല ആകാശച്ചുവരിൽ , കന്യകയുടെ നെറ്റിയിലെ സിന്ദൂരപ്പൊട്ട് പോലെ ഒട്ടിച്ചു വച്ച പൂർണ്ണ ചന്ദ്രൻ. എന്തൊരു പ്രഭയാണതിന്‌. തൊട്ടടുത്ത് തന്നെയുണ്ട് അതേ തിളക്കത്തോടെ സുഹൈൽ നക്ഷത്രവും. മരുഭൂമിയിൽ വേനലറുതിയുടെ പ്രഖ്യാപനമാണ്‌ സുഹൈൽ നക്ഷത്രത്തിന്റെ ഉദയം എന്നാണ്‌ അറബികളുടെ വിശ്വാസമെന്ന് ഇന്നലെ ന്യൂസിൽ പറഞ്ഞു കേട്ട അതേ നക്ഷത്രം..അന്തരീക്ഷമാകെ പൊള്ളിപ്പിടയും വിധം അൻപത് ഡിഗ്രി ചൂടായിരുന്നു കഴിഞ്ഞ മാസം വരേയും. നിരത്തുവക്കിൽ കത്തി നിൽക്കുന്ന സോഡിയം വെളിച്ചവും നിലാവിന്റെ വെണ്മയും ചേർന്ന്  പുലരിക്ക് ഒരു പ്രത്യേക തരം  സ്വച്ഛതയുടെ നിറം പകർന്നു.    തൊട്ടടുത്ത പള്ളിയിൽ നിന്ന് പതിവ് പോലെ ഏറ്റവും അവസാനം ഇറങ്ങാറുള്ള പഞ്ഞിക്കെട്ട് പോലെ നരച്ച മുടിയുള്ള  വൃദ്ധൻ വടിയൂന്നി വീട്ടിലേക്ക് നടക്കുന്നു.
         മുട്ടുവേദന കുറയണമെങ്കിൽ ശരീരത്തിലെ കൊഴുപ്പ്  കുറയണം. അതിന്‌ ഒരു വഴിയേയുള്ളു. ദിനേനയുള്ള ഒരുമണിക്കൂർ നടത്തം.  ഡോക്ടർ നിയാസിന്റെ ഘനഗംഭീര ശബ്ദം മനസ്സിലോർത്ത്,  മൃഗാംങ്കതരളിത മൃൺമയ കിരണം... എന്ന് ആകാശത്തേക്ക് നോക്കി  മൂളിപ്പാട്ടും  പാടിക്കൊണ്ട് അനീസ കൈകൾ ആഞ്ഞു വീശി, കാലുകൾ നീട്ടി വച്ചു പ്രഭാത വിജനതയിലേക്ക്.

താമസിക്കുന്ന ഫ്ളാറ്റിനോട് ചേർന്നുള്ള മൂന്നു മൂന്നരയേക്കർ പരന്നു കിടക്കുന്ന പുരാതന   ഖബർസ്ഥാന്റെ  ചുറ്റുമതിലിനോട് ചേർന്നാണ്‌ അനീസയുടെ നടത്തം. ഒരു മണിക്കൂർ കൊണ്ട് നാലു റൗണ്ട് പൂർത്തിയാക്കാം.  രണ്ടാം നിലയിലുള്ള ഫ്ളാറ്റിലെ ബെഡ്റൂമിന്റെ ജനൽ തുറന്നിട്ടാൽ  ഠ വട്ടത്തിൽ ഖബർസ്ഥാനും അതിന്‌ ചുറ്റുമുള്ള കാഴ്ചകളും സൗകര്യമായി കാണാം. ജോലി കഴിഞ്ഞു വന്നാൽ അനീസയുടെ ആകെയുള്ള നേരമ്പോക്ക് ആ കാഴ്ചകൾ തന്നെ. പണ്ടോക്കെ ആംബുലൻസിൽ മൃതദേഹങ്ങൾ കൊണ്ടുവരുന്നതും, ബന്ധുമിത്രാദികളുടെ അകമ്പടിയോടെ സംസ്കരിക്കുന്നതുമൊക്കെ കാണുമായിരുന്നു. സ്ഥലപരിമിതി മൂലം കുറച്ച് ദൂരെ പുതിയ സ്ഥലത്താണ്‌ ഇപ്പോൾ മയ്യിത്തുകൾ അടക്കുന്നത്. 
       വേനൽക്കാലം കഴിഞ്ഞിട്ടില്ലെങ്കിലും ചൂടിന്‌ അൽപം ശമനമുണ്ട്. അനീസ മുന്നൊട്ട് നടക്കുമ്പോൾ, ചുറ്റുമതിലിനകത്ത് നിരന്നു നിൽക്കുന്ന യൂക്കാലി മരങ്ങൾ കാറ്റിനെ അഭിസംബോധന ചെയ്തു കൊണ്ട് ചില്ല കുലുക്കി.  പ്രഭാതക്കാറ്റിന്‌ നേരിയ  കുളിരുണ്ട്. പ്രവേശനകവാടത്തിന്‌ അഭിമുഖമായി , നിറയെ മരങ്ങളും പുൽത്തകിടിയും കുട്ടികൾക്കുള്ള കളിയുപകരണങ്ങളുമുള്ള ഒരു പാർക്കാണ്‌. പാർക്കിന്റെ ഓരം നിറയെ പൂക്കളുണ്ട്. വേനലിലും വിരിയാൻ ധൈര്യമുള്ള ആ പൂക്കൾ തന്നെയാണ്‌ യഥാർത്ഥ വിപ്ലവകാരികളെന്ന് അനീസയ്ക്ക് തോന്നി.   കുറച്ചൂടെ മുന്നോട്ട് ചെന്ന് തിരിയുമ്പോൾ, യെമനികൾ നടത്തുന്ന സൂപ്പർമാർക്കറ്റ്. പുരുഷന്മാർക്ക് വേണ്ടിയുള്ള ജിമ്മ്, പിന്നെ ഒരു ബൂഫിയയും. ബൂഫിയയിൽ അതിരാവിലേ തിരക്ക് തുടങ്ങും. ഒരു സാന്റ്‌വിച്ചും ചായയും നാശ്തയാക്കി പണിക്ക് ഇറങ്ങാനുള്ള തൊഴിലാളികളുടെ തിരക്ക്.
      പടിഞ്ഞാറേ റോഡിൽ ചെന്നു കയറാൻ അനീസ സൂപ്പർമാർക്കറ്റിന്റെ പിന്നിലൂടെയുള്ള ഇടവഴി തെരെഞ്ഞെടുക്കാൻ രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ഒരു സ്ത്രീയുടെ ഒറ്റയ്ക്കുള്ള നടത്തം നിരീക്ഷിക്കാനിരിക്കുന്ന ചില മനുഷ്യ  സിസി ടിവി ക്യാമറകളെ ഒഴിവാക്കുക. രണ്ട്, ആ ഇടുക്ക് വഴിയിൽ കൂട്ടം കൂട്ടമായി പറന്നിറങ്ങുന്ന  കിളിപ്പറ്റങ്ങളെ കണ്ണു നിറയെ കാണുക. സൂപ്പർ മാർക്കറ്റിന്റെ പിന്നിലുള്ള പഴയ ഏസിയുടേയും കൂളറുകളുടേയും വിടവുകളിൽ കൂടു വച്ച് കഴിയുന്ന പേരറിയാത്ത ഒരുപാട് കിളികളുണ്ട്. പാർക്കിലെ സിദ്‌ർ മരങ്ങളിലും യൂക്കാലിയിലും, പിന്നെ വഴിയോരത്ത് ചില്ലകൾ കോതി ബുഷ് ചെയ്ത ഒലിവ് മരങ്ങളിലും ഉണക്കിലയും ചുള്ളിക്കമ്പുകളും കൊണ്ട് നിർമ്മിച്ച ധാരാളം കിളിക്കൂടുകളുണ്ട്. വെട്ടം വീഴുന്നതിന്‌ മുന്നേ അവയെല്ലാം ചിലച്ചു കൊണ്ട് അങ്ങിങ്ങായി  ഓടി നടക്കും. നിലത്ത് ഇഴഞ്ഞ് നടക്കുന്ന ഉറുമ്പുകൾ, ചെടികൾക്കിടയിലെ  വണ്ടുകൾ കാറ്റർ പില്ലർ തുടങ്ങിയ ജീവികളെത്തിരഞ്ഞ് തിളങ്ങുന്ന പക്ഷിക്കണ്ണുകൾ. പല നിറത്തിൽ, പല രൂപത്തിൽ, പല വലിപ്പത്തിലുള്ള കിളികൾ.  ഇര പിടുത്തം കഴിഞ്ഞ് പാറിത്തളർന്ന  ചിലർ മീസാൻ കല്ലുകൾക്ക് മേലിരുന്ന് മരിച്ചവരോട്  വർത്തമാനം പറയുന്നു.പള്ള വെളുത്ത മഞ്ഞക്കിളികൾക്ക് കറുത്ത കൊക്കുകളാണ്‌.  മണ്ണിന്റെ നിറമുള്ള തവിട്ട് കുരുവികളാണ്‌ കൂട്ടത്തിലധികവും. ഭാര്യാഭർത്താക്കന്മാരും, കാമുകീ കാമുകന്മാരും സുഹൃത്തുക്കളും സഹോദരീ സഹോദരന്മാരുമൊക്കെയടങ്ങിയ കിളിക്കൂട്ടങ്ങൾ.   കന്യാവനങ്ങളും കാട്ടുചോലകളുമില്ലെങ്കിലും മരുഭൂമിയോടിഴ ചേർന്ന്, ജീവിതം പറന്ന് തീർക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത് ഒരുപക്ഷേ അവരുടെ സങ്കൽപത്തിൽ  മലകളും കാടും നിറഞ്ഞൊഴുകുന്ന കാട്ടാറുമൊക്കെയുള്ളതു കൊണ്ടു തന്നെയാവണം. 
      ഉപ്പു പിടിച്ച കൂളർ സ്റ്റാന്റിന്റെ ഇരുമ്പു പട്ടയിൽ കവചമില്ലാത്ത എക്സോസ്റ്റ് ഫാനിന്‌ കീഴെയായി സ്ഥിരം കാണാറുള്ള വിചിത്രസ്വഭാവികളായ രണ്ടു പക്ഷികളുണ്ട്. കണ്ടാൽ പ്രാവാണെന്നേ തോന്നൂ. എന്നാൽ പ്രാവിന്റെ ജനുസിൽ പെട്ടതും സ്പീഷീസുകൾ തമ്മിൽ അധിക ദൂരമില്ലാതേയും സൃഷ്ടിക്കപ്പെട്ട കിളികൾ.  ജലസനിധ്യമുണ്ടായിരുന്ന ഏതോ അജ്ഞാത ഗ്രഹത്തിലെ ജലത്തിന്റെ അടയാളം പോലെ, അതിന്റെ തവിട്ട് മേനിയിൽ അങ്ങിങ്ങായി ചില കറുത്ത പുള്ളികൾ. ചിറക് വിരിക്കുമ്പോൾ അകമേ കാണുന്ന വെളുത്ത കുറുന്തൂവലുകൾ.  പല തവണ ഗൂഗിളിന്റെ സെർച്ച് ബാർ പരതിയിട്ടും,  യഥാർത്ഥ  പേര്‌ കിട്ടാതിരുന്ന  അവയെ ഗൂഗിപ്പക്കി എന്ന് സംബോധന ചെയ്തത് തൊട്ടടുത്ത ഫ്ളാറ്റിലെ ബംഗാളിയായ സാദികയായിരുന്നു. മലയാളത്തിലെ പക്ഷിയെ  പക്കിയാക്കുന്ന ബംഗാളിത്വം.

ഓരോ തവണ കാണുമ്പോഴും ആ ഗൂഗിപ്പക്ഷികൾ  സുഹൃത്തുക്കളാണോ അതോ കമിതാക്കളാണോ എന്ന് അനീസ സന്ദേഹിക്കും. ചില നേരങ്ങളിൽ ഒരു കിളി മറ്റേ കിളിയുടെ തോളിലേക്ക് ഒരു സസ്പെൻസ് റൊമാൻസ് കഥയിലെ നായികയെപ്പോലെ, തൊണ്ണൂറ്‌ ഡിഗ്രിയിൽ തല ചെരിച്ച് ഇരിക്കുന്നത് കാണാം. ചിലപ്പോൾ മറ്റേ കിളി, അതിന്റെ കൊക്കുകൾ കൊണ്ട്, ഇണയുടെ  കണ്ണിമകളിലും കഴുത്തിടങ്ങളിലും ചുംബനമുദ്രകളർപ്പിക്കും..  ഹാ എത്ര മനോഹരമായിട്ടാണ്‌, അവർ പ്രണയത്തെ ആവിഷ്കരിക്കുന്നതെന്ന് അപ്പോൾ  അനീസയുടെ മനസ്സ് കര കവിയും.  അവയുടെ കണ്ണുകൾക്ക് ഇന്ദ്രനീലത്തിന്റെ നീലിമയില്ല. ചിറകുകളിൽ പഞ്ചവർണ്ണത്തൂവലുകളില്ല. ദൈവം ഭൂമിയിലെ സകല ജീവജാലങ്ങളിലും ആണിനേയും പെണ്ണിനേയും വ്യത്യസ്ത പ്രകൃതത്തോടെയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്. പക്ഷേ   ഇരുണ്ട ചോക്കലേറ്റ് നിറമെന്നോ മാന്തളിരിന്റെ നിറമെന്നോ ഒക്കെ തോന്നാവുന്ന ആ കിളികളിൽ മാത്രം  പൂവനും പിടയും ഏതെന്ന് തിരിച്ചറിയുക അസാധ്യമായിരുന്നു. 
              ഒരുപക്ഷേ രണ്ടും ആൺകിളികളോ അതല്ലെങ്കിൽ രണ്ടും പെൺകിളികളോ  ആയിരിക്കുമോ. മെയിൻ റോഡിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ അനീസയുടെ ചിന്ത ആ വഴിക്കാണ്‌ പോയത്.. കുറച്ച് ദിവസം മുൻപ് കണ്ട “ഹോളി വൂണ്ട് ” എന്ന മലയാള സിനിമയിലെ വലിയ കുരിശ് ധരിച്ച  കന്യാസ്ത്രീ ഒരു പെൺകുട്ടിയെ അമിതാർത്തിയോടെ ചുംബിക്കുന്ന രംഗമാണ്‌ അനീസയെക്കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്. വിചിത്ര ആസക്തികളുടെ പൂർത്തീകരണത്തിനായി സ്വന്തം വർഗ്ഗത്തെത്തന്നെ ആശ്രയിക്കുന്നവരുടെ ഏണ്ണം നാൾക്കു നാൾ കൂടിയും വരികയാണല്ലോ. പ്രേമവും വിവാഹവുമൊക്കെ ദൈവം മനുഷ്യന്‌ നൽകിയ ഏറ്റവും മനോഹരമായ സമ്മാനങ്ങളാണെന്നിരിക്കേ ചിലരുടെ കാര്യത്തിൽ മാത്രമെന്തേ ദൈവത്തിന്‌ ഇങ്ങനെ  കൈപ്പിഴ സംഭവിക്കുന്നു.
          അനീസയുടെ ഫ്ളാറ്റിന്റെ ജനലിലൂടെ നോക്കിയാൽ  കിളികൾ സ്ഥിരമായി ഇരിക്കുന്നിടം വ്യക്തമായി കാണാം.  പലപ്പോഴും ബൈനോക്കുലർ കണ്ണുകൾ കൊണ്ട് അവയുടെ സ്വകാര്യതയിലേക്ക് അനീസ ഒളിഞ്ഞു നോക്കാറുണ്ട്. ഫോർപ്ലെകൾ ആസ്വദിക്കാറുമുണ്ട്.  പക്ഷേ ഇത്  വരേയും ആ കിളികൾ ഇണ ചേരുന്നത് മാത്രം കണ്ടിട്ടില്ല. അതുകൊണ്ടാണ്‌ അവർ ലെസ്ബിയൻ കിളികളാണെന്ന് അനീസ ഉറപ്പിച്ചത്.  മനുഷ്യരിൽത്തന്നെ പ്രത്യക്ഷമായി  ഏകഭാര്യാവ്രതം സ്വീകരിച്ചവരും പരോക്ഷമായി ഒലിവിയ ബ്ലാക്കിനെയോ സണ്ണി ലിയോണിനെയോ ആരാധിക്കുന്നവരല്ലേ. വിവാഹേതര ബന്ധങ്ങൾ നില നിർത്തുന്നതിൽ സ്ത്രീകളും ഒട്ടും പിന്നിലല്ലല്ലോ.  .വ്യവസ്ഥാപിത പ്രണയസങ്കൽപങ്ങളിൽ നിന്ന് മനുഷ്യൻ തന്നെ എത്രയോ മറിയിരിക്കുന്നു പിന്നയല്ലേ കിളികൾ.  പക്ഷികൾക്കിടയിൽ പ്രാവുകൾ മാത്രമേ ആ വിഷയത്തിൽ മാന്യത പ്രകടിപ്പിക്കുന്നുള്ളു. ഓർണിത്തോളജിയിൽ ഡോക്ടറേറ്റ് ലഭിച്ച ഒരാളെപ്പോലെയാണ്‌  അനീസയുടെ ചില  പക്ഷിപഠനങ്ങൾ. പക്ഷികൾക്കായി,  ഏതു സമയവും  കോപ്പ നിറയെ വെള്ളവും ധാന്യങ്ങളും  അനീസയുടെ ജനവാതിൽക്കൽ സുലഭമായിരുന്നു.  അവിടെയെത്തുന്ന  കുരുവിക്കൂട്ടങ്ങളുടെ ചിലപ്പുകളാണ്‌ അവളുടെ സദാ ഉന്മേഷത്തിന്റെ രഹസ്യവും.
    മരത്തലപ്പുകളിൽ കാറ്റ് കൈ കൊട്ടിത്തിമിർക്കുന്നു. കാറ്റിന്റെ അപ്രതിരോധ്യമായ ആവേഗങ്ങളെ തടുക്കാതെ,   കാറ്റിന്റെ ഗതിക്കനുസരിച്ച് ചില കിളികൾ ചിറക് ചേർത്ത് പിടിച്ച്, നല്ല മെയ് വഴക്കത്തോടെ തൊടുത്തു വിട്ട ശരം  പോലെ  അനീസയുടെ മുന്നിലൂടെ പാഞ്ഞു പോയി. പൊടുന്നനേ  അനീസ അൻവറിന്റെ വാക്കുകൾ ഓർത്തു.
സർപ്പങ്ങളെപ്പോലെ കെട്ടു പിണയുന്ന പുരുഷന്മാരെ നീ കണ്ടിട്ടുണ്ടോ അനീ..?
ഒരു രാത്രിസുഖത്തിന്റെ ആലസ്യത്തിനൊടുവിൽ പരമരഹസ്യം പറയുന്ന മട്ടിലായിരുന്നു അയാളത് പറഞ്ഞത്. ആ ചോദ്യത്തിലെ വൈരുദ്ധ്യം മനസ്സിലാക്കാതെയാണ്‌ അവൾ അയാളോട് ചേർന്ന് കിടന്നു കൊണ്ട് ഇല്ല എന്ന് മറുപടി കൊടുത്തത്.
എന്നാൽ ഞാൻ കണ്ടിട്ടുണ്ട്. എന്ന് പറഞ്ഞ് തിരിഞ്ഞു കിടക്കാൻ ഭാവിച്ച അയാളെ ചുറ്റിപ്പിടിച്ച് അനീസ നിർബന്ധിച്ച് ആ രഹസ്യം പറയിച്ചു.
 താഴത്തെ ഫ്ളാറ്റിലെ ശ്യാമിനെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. പശ്ചിമ ബംഗാൾ സ്വദേശിയായ  രാധേശ്യാം എന്ന ശ്യാം പേരുകേട്ട ഒരു കമ്പനിയിലെ  സോഫ്റ്റ് വെയർ എഞ്ചിനീയർ. സൗന്ദര്യവും സൗമ്യതയും വിനയവുമുള്ളവൻ. വളരെ അപൂർവ്വമായിട്ടേ ശ്യാമിനെ കണ്ടിട്ടുള്ളു.   ആദ്യമായി കണ്ടപ്പോൾ, അയാളുടെ  കൈത്തണ്ടയിലെ പച്ച വ്യാളീ രൂപമാണ്‌ പെട്ടെന്ന്  ശ്രദ്ധയിൽ പതിഞ്ഞത്. അയാളുടെ പതിവ്രതയായ   ഭാര്യ അഭിജിത. യഥാസ്ഥിതിക കുടുംബത്തിലെ മെലിഞ്ഞു സുന്ദരിയായ അവൾക്ക് സിനിമാനടി മാധബി മുഖർജിയുടെ ഛായയുണ്ടെന്ന് സാദിക  തന്നെയാണ്‌ പറഞ്ഞത്. ഒരേയൊരു മകൻ  ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി. 
         ആദ്യമൊക്കെ കാണുമ്പോൾ   സീമന്തരേഖയിൽ സിന്ദൂരമിട്ട്, ചുവന്ന ലിപ്സ്റ്റിക്കണിഞ്ഞ്, കണ്ണഞ്ചിക്കുന്ന സാരി ചുറ്റി ഡോറിനു മുന്നിൽ കോലം വരയ്ക്കുന്ന അവരുടെ മുടി നിലത്ത് കിടന്നിഴഞ്ഞിരുന്നു. അഗ്രഹാരത്തെരുവുകളെ ഓർമ്മിപ്പിക്കുന്ന കൗതുകമുള്ള കാഴ്ച. പിന്നീട് കാണുമ്പോൾ, മുടി ബോയ് കട്ട് ചെയ്ത്  പാന്റ്സും ഷർട്ടുമണിഞ്ഞ്.  മുഖത്ത് പഴയ പ്രസാദമില്ല. പൂമുല്ല ചിരിയുടെ സ്ഥാനത്ത്, വല്ലാത്തൊരു കടുപ്പമോ കാലുഷ്യമോ..ഒഴുക്കില്ലാത്ത തടാകം പോലെ കണ്ണുകൾ. അവർക്കിടയിൽ എന്തോ ദാമ്പത്യപ്രശ്നങ്ങൾ ഉണ്ടെന്ന് സാദിക സൂചന നൽകിയിരുന്നു.  പക്ഷേ മറ്റുള്ളവരുടെ ജീവിതരഹസ്യങ്ങളിൽ താല്പര്യമില്ലാത്തതിനാൽ ചികയാൻ അന്ന് മെനക്കെട്ടില്ല. അല്ലേലും ഒരു പദപ്രശ്നം പോലെയോ സുഡോക്കു പോലെയോ സ്വന്തം ജീവിതം പൂരിപ്പിക്കേണ്ടതും നിവൃത്തിയാക്കേണ്ടതും  അവനവൻ തന്നെയല്ലേ. അവിടെ മറ്റുള്ളവർക്ക് പ്രത്യേകിച്ച് ഭാഗദേയമൊന്നുമില്ലല്ലോ.
അപ്പോൾ അയാളൊരു ഗേ ആയിരിക്കുമോ..? അനീസ അയാളുടെ നെഞ്ചിലെ രോമങ്ങളിൽ വിരലോടിച്ചു കൊണ്ട് അവിശ്വാസം പ്രകടിപ്പിച്ചു.
എന്താ സംശയം . ഞാൻ പല തവണ കണ്ടിട്ടുണ്ട്. തൂണിന്റെ മറവ് പറ്റി മാത്രം പാർക്ക് ചെയ്യാറുള്ള അയാളുടെ കാറിൽ നിന്ന് പയ്യന്മാർ ഇറങ്ങിപ്പോകുന്നത്.  നാവുകൾ നൊട്ടി നുണയുന്ന പുരുഷന്മാർ. മേൽച്ചുണ്ടിലെ വൈവശ്യത്തിന്റെ വിയർപ്പ് മണികൾ തുടച്ച് എത്രയോ തവണ.
ഓരോ തവണ മുന്നിൽ പെടുമ്പോഴും അബദ്ധം പിണഞ്ഞ ഭാവത്തിൽ ഒരു നോട്ടമുണ്ട് അവന്റെ മുഖത്ത്.
കഷ്ടം. കൂടെക്കിടക്കാൻ സ്നേഹത്തിന്റെ മിന്നൽപ്പിണറുള്ള ഒരു പെൺകുട്ടി ഉണ്ടായിട്ടും..അനീസ അർദ്ധോക്തിയിൽ വാക്കുകൾ മുറിച്ചു.
അതു പിന്നെ ആണുങ്ങളോടുണ്ടാകുന്ന അയാളുടെ കോശങ്ങളുടെ പെരുപ്പ് ഒരുപക്ഷേ ഭാര്യയോട് ഉണ്ടാവണമെന്നില്ലല്ലോ.
അപ്പോൾപ്പിന്നെ മകൻ ഉണ്ടായതോ..?
അതെന്തെങ്കിലും ലഗ്നപ്പിഴവാകാനേ നിർവ്വാഹമുള്ളു.
എയ്.. അങ്ങനെ ക്ഷണികമായ ചില ആവേശങ്ങൾക്ക് പുറത്ത്, തകർക്കാനുള്ളതാണോ കുടുംബജീവിതം. അനീസയുടേയുള്ളിൽ രോഷം പുകഞ്ഞു.
അയാളുടെ സ്വഭാവവൈകൃതം കൊണ്ടായിരിക്കും ഒരു പക്ഷേ , മായികതയുടെ തുടിപ്പുകൾ എല്ലാം തല്ലിക്കെടുത്തി, സ്ത്രീത്വത്തെ പാടേ നശിപ്പിച്ച് ആ പാവം പെണ്ണിനെ അയാൾ ആൺകോലത്തിൽ കൊണ്ടു നടക്കുന്നത്. ആ വലിയ രഹസ്യത്തിന്റെ ചുരുളഴിഞ്ഞ ദിവസം രാത്രി ഉറക്കം അനീസയെ വിട്ട് പോയി. ആദിപാപം ചെയ്തതിന്‌ പറുദീസയിൽ നിന്ന് പണ്ടേ പുറത്തായവരാണ്‌ പുരുഷനും സ്ത്രീയും.  ഭൂമിയിൽ, പുരുഷൻ മാതാപിതാക്കളെ വിട്ട് പിരിഞ്ഞ്  ഭാര്യയോട് പറ്റിച്ചേരും, അവർ ഏകദേഹികളായിത്തീരും എന്നാണല്ലോ ഉൽപ്പത്തി പുസ്തകത്തിലെ ദൈവവചനവും.  പിന്നെ ഏത് വിശുദ്ധ ഔഷധം പാനം ചെയ്തിട്ടാവും അവന്‌ മറ്റേവനോട് കാമം തോന്നിയിട്ടുണ്ടാവുക. അനീസയുടെ ചിന്തകൾ പിന്നേയും  അതിര്‌ വിട്ടു. വീണ്ടും  പലതവണ ആ കുടുംബത്തിലെ പൊട്ടലും ചീറ്റലും സാദിക പറഞ്ഞപ്പോൾ ആ പെൺകുട്ടിയോട് അനീസയ്ക്ക് വല്ലാത്തൊരു എംപതി തോന്നി.
നടവഴി തെക്കോട്ട് തിരിഞ്ഞപ്പോൾ,  നിരത്തുകൾ വൃത്തിയാക്കുന്ന ബംഗാളിപ്പയ്യൻ ഓറഞ്ച് യൂണിഫോമിൽ , ചൂലും ചെറിയ ഉന്തു വണ്ടിയുമായി അനീസയെത്തന്നെ ഉറ്റു നോക്കി. അൽപം മുന്നോട്ട് നടന്ന ശേഷമാണ്‌ എന്തോ മറന്ന പോലെ തിരിഞ്ഞു നിന്ന്  അനീസ അവനോട് പതിവ് പോലെ കെമുണാസു എന്ന് ചോദിച്ചതും അവൻ തല കുലുക്കിക്കൊണ്ട് ബാലുബാഷി പറഞ്ഞതും.
            റോഡിന്റെ വലത് വശത്തുള്ള   ആൾപ്പാർപ്പില്ലാത്ത കെട്ടിടത്തിൽ കൂട്ടിയിട്ടിരിക്കുന്ന ആക്രിസാധനങ്ങൾക്കിടയിലും നിറയെ കിളിക്കൂടുകളാണ്‌. അവിടെ  ചില പ്രായം ചെന്ന കിളികൾ ഉദാസീനരായി കൊക്കുകൾ ചിറകിലൊളിപ്പിച്ച് സ്വയം ലയിച്ച് ഉറങ്ങുന്നത് കാണാം.   അതിന്റെ പിന്നാമ്പുറത്താണ്‌ ആട്ടിൻ കൂടുകളുള്ളത്. ആ വഴി തിരിയുമ്പോൾത്തന്നെ ചെമ്മരിയാടിന്റെ മൂത്രച്ചൂര്‌ മൂക്കിനെ കടന്നാക്രമിക്കും. ഏതോ ബദു അറബിയാണ്‌ അവിടെ താമസം. അയാൾ വളർത്തുന്ന കോഴികൾ പുലരിവെട്ടത്തിലേക്ക് കഴുത്തു നീട്ടി ഉറക്കെ കൂവുന്നു. ഏതാനും കറുത്ത താറാവുകൾ വേലിക്കെട്ടിനപ്പുറം ചിറക് വിരുത്തി കലപില കൂട്ടുന്നു. പ്രകൃതി ഒരു പുതിയ ദിവസത്തിലേക്ക് ഉണരുകയാണ്‌.   അങ്ങു ദൂരെ കിഴക്കു ദിക്കിൽ സൂര്യൻ കണ്ണു തുറന്നതിന്റെ ലക്ഷണമെന്നോണം ആകാശനീലിമ നേർത്തു തുടങ്ങി.
    രണ്ടാം തവണ അനീസയെത്തുമ്പോൾ, ഇണക്കിളികൾ പരസ്പരം അകന്നു മാറി വിഷാദിച്ചിരിക്കുകയാണ്‌. അടുത്തെത്തിയപ്പോഴാണ്‌ അവയുടെ കണ്ണുകളിൽ വിഷാദമല്ല മറിച്ച്, ഒരു യുദ്ധപ്രഖ്യാപനമാണെന്ന് തിരിച്ചറിഞ്ഞത്. അപരാധബോധം ഒട്ടുമില്ലാതെ, താൽപര്യരഹിതമായ ആ നോട്ടം കണ്ടാലേ അറിയാം ഇരുവരും കലിപ്പിലാണെന്ന്. എന്തായിരിക്കും കാരണം. ദൈവമേ മനുഷ്യന്‌ കണ്ടെത്താൻ കഴിയാത്ത എന്തെല്ലാം പ്രപഞ്ചരഹസ്യങ്ങളാണ്‌ ഈ കിളികളുടെ കണ്ണുകളിൽ. അനീസ പിന്നേയും നടത്തത്തിന്റെ വേഗത  കൂട്ടി. തടി കൂടുന്നത്  പ്രശ്നം തന്നെയാണ്‌. അൽപം നടക്കുമ്പോഴേ ഹൃദയമിടിപ്പ് കൂടുന്നു. ശ്വാസം കിട്ടാൻ ബുദ്ധിമുട്ടും.
       വലിയ വീട്ടിലെ അറബി പതിവ് പോലെ  പ്രഭാത സവാരിക്കിറങ്ങിയിട്ടുണ്ട്. അയാളുടെ റിസ്റ്റ് ബാന്റിൽ കൂർത്ത നഖങ്ങൾ കൊണ്ട് അള്ളിപ്പിടിച്ചിരിക്കുന്ന പ്രാപ്പിടിയൻ പക്ഷിയുടെ കണ്ണുകളിലേക്ക് അനീസ ഇടം കണ്ണിട്ട് നോക്കി.  ലോഹമൂർച്ചയുള്ള കൂർത്ത കൊക്കുകൾ. മേഘപാളികൾക്കിടയിലൂടെ മാത്രം പറക്കാനിഷ്ടപ്പെടുന്ന ആ പക്ഷിയെ എത്ര അനുസരണയോടെയാണ്‌ മെരുക്കിയെടുത്ത് അയാൾ കൈത്തണ്ടയിൽ കൊണ്ടു നടക്കുന്നത്.അതിനെ കാണുമ്പോഴൊക്കെ അനീസയ്ക്ക് ജഢായുവിനെ ഓർമ്മ വരും.  സീതയെ തട്ടിക്കൊണ്ട് പോയ രാവണനെ, ആകാശവീഥിയിൽ ചോദ്യം ചെയ്യുന്ന ജഢായു.  രാവണൻ ചന്ദ്രഹാസം കൊണ്ട് ചിറകരിഞ്ഞ ജഢായു.  അതേ ധൂമ്രവർണ്ണം തന്നെ ഈ പ്രാപ്പിടിയനും. ഒരുപക്ഷേ ജഢായുവിന്റെ വംശത്തിലെ ന്യുജെൻ ആയിരിക്കണം ഇവൻ.   ഫാൽക്കൺ ക്ളബ്ബിൽ അംഗമായ അയാൾ സമ്പന്നർ മാത്രം പങ്കെടുക്കാറുള്ള ഫാൽക്കൺ എക്സിബിഷന്‌ കൊണ്ടു പോകുന്ന വില പിടിപ്പുള്ള പക്ഷിയാണത്.  പക്ഷേ എത്ര മെരുക്കിയാലും വേട്ടപ്പക്ഷിക്ക് വേട്ട മറക്കാൻ കഴിയില്ലല്ലോ.  അതിന്റെ മനസ്സ് മാറിയാൽ ഒരുപക്ഷേ ഇവിടെക്കാണുന്ന മുഴുവൻ പക്ഷികളുടേയും  അന്തകനായി മാറാനുമിടയുണ്ട്. പക്ഷേ അങ്ങനെയൊന്ന് സംഭവിക്കണമെങ്കിൽ കാര്യകാരണങ്ങൾ വേണം സമയവും സന്ദർഭവും ഒത്തിണങ്ങണം.
ഇലകളിൽ പറ്റിയിരുന്ന നിലാവിനെ പൂർണ്ണമായും തുടച്ചു നീക്കാൻ   സൂര്യൻ തയ്യാറെടുക്കുന്നു. ചുറ്റുപാടുമുണ്ടായിരുന്ന സോഡിയം വെളിച്ചങ്ങൾ കാണെക്കാണെ കണ്ണടച്ചു.  ആകാശത്തിന്റെ ഘനനീലിമ നേർത്ത്  നേർത്ത്, ചന്ദ്രഗോളം, നാവിൽ അലിഞ്ഞില്ലാതാകുന്ന പോളോ മിഠായി പോലെ പതിയെപ്പതിയെ അദൃശ്യമായി. നടത്തത്തിന്റെ അവസാന ചുറ്റിൽ  കിളികളുടെ സമീപത്തെത്തിയ അനീസ കണ്ടത്, അവ രണ്ടും വാശിയോടെ തമ്മിൽക്കൊത്തുന്ന സങ്കടക്കാഴ്ചയാണ്‌. ചിറകു കൊണ്ടും കൊക്കു കൊണ്ടും പരസ്പരം മാന്തിപ്പറിക്കുന്നു. പരസ്പരം കല്ലിച്ച ശബ്ദത്തിലുള്ള ആക്രോശങ്ങൾ. കാറ്റിൽ കൊഴിഞ്ഞു വീഴുന്ന തൂവലുകൾ. എത്ര നാളായി ഈ കിളികളെ കാണാൻ തുടങ്ങിയിട്ട്. ആദ്യമായിട്ടാണിങ്ങനെ. അനീസയ്ക്ക് സങ്കടം തോന്നി.

മരുഭൂമിയിൽ എവിടെയോ  നിന്ന് വഴിതെറ്റി വന്ന ഒരു കാറ്റ് പൊടുന്നനേ വട്ടം കറങ്ങി വീശിയടിച്ചു. യൂക്കാലി മരങ്ങൾ ചില്ലകൾ വിടർത്തി ആവേശത്തോടെ ആർത്തുലഞ്ഞു. ഭയാക്രാന്തമായ ഒച്ചകൾ പുറപ്പെടുവിച്ച്,  കിളികൾ കൂട്ടമായി തലങ്ങും വിലങ്ങും പറന്നു . കാറ്റിൽ അനീസയുടെ വസ്ത്രങ്ങളും പറന്നു പൊങ്ങി . പെട്ടെന്നാണത് സംഭവിച്ചത്. കൊത്തുകൂടിയ കിളികളിലൊരെണ്ണം ഉയർന്നു പറന്നതും കൂളറിന്റെ മുകളിലെ ചുമരിൽ ഘടിപ്പിച്ചിരുന്ന മൂടിയില്ലാത്ത  എക്സ്ഹോസ്റ്റ് ഫാനിന്റെ ഇതളുകൾക്കിടയിൽപ്പെട്ട് പലതവണ വട്ടംകറങ്ങി ചിറകും തൂവലും വേർപെട്ട് അനീസയുടെ തൊട്ടു മുന്നിലായി നിലം പതിച്ചു. നുറുങ്ങിയ മജ്ജയും മാംസവും, ചോര പൊടിയുന്ന  കണ്ണുകൾ.  ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ  സ്തംഭിച്ചെങ്കിലും,  അവൾ കുനിഞ്ഞ്  മണ്ണിൽ കുഴഞ്ഞു നീറ്റലോടെ  കിടന്ന അതിനെ കയ്യിലെടുത്തു. ആ ജീവിയുടെ ശരീരത്തിന്റെ ചൂട് പതിയെ  അവളുടെ ഉള്ളം കയ്യിലേക്ക് പടർന്നു. സൂര്യനിൽ നിന്ന് തീപ്പൊരി ഏറ്റുവാങ്ങി സ്വയം എരിഞ്ഞമർന്ന് കൃത്യം മൂന്നാം ദിവസം അടുത്ത ആയിരം വർഷത്തെ ആയുസ്സിലേക്ക് ഉയിർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയായിരുന്നെങ്കിൽ അതെന്ന് വെറുതേ മോഹിച്ചു. അൽപനേരം ആ നിൽപ്പ് തുടർന്ന ശേഷം സാവധാനം അതിനെ അരികിലുള്ള പുല്ലിൽ കിടത്തി. പിന്നെ ഹൃദയാവരണത്തിനുള്ളിൽ ഒരു സങ്കടപ്പുകച്ചിലോടെ അനീസ നടപ്പ് തുടർന്നു.

ചെമ്പഴുക്ക പോലെ കിഴക്കേ ചക്രവാളത്തിൽ സൂര്യൻ ഉയർന്നു പൊങ്ങി. കിഴക്കിന്റെ അതിരിലെല്ലാം ചെഞ്ചോപ്പ്.  ചുവന്ന വെളിച്ചത്തരികൾ  ഇലകളിൽ പതിച്ച് ചില്ലകളുടെ വിടവിലൂടെ  ഭൂമിയിൽ പതിക്കുന്ന കാഴ്ച.  ഫ്രൈഡേ മാർക്കറ്റിൽ  ക്യാരറ്റും മുള്ളങ്കിയും ക്യാബേജിലകളും വിൽക്കാനെത്തുന്ന സ്ത്രീ പതിവ് പോലെ  അവയെല്ലാം നിരത്തിക്കഴിഞ്ഞു. വെയിൽ കനക്കുന്നതിന്‌ മുന്നേ കച്ചവടം കഴിഞ്ഞ് പോകാനുള്ളതാണ്‌. അവരുടെ കണ്ണുകളിൽ സ്ഥിരമായി തമ്പടിക്കാറുള്ള ഏകാന്തതയ്ക്ക് ഒരു മാറ്റവുമില്ലല്ലോയെന്നോർത്ത് മുന്നോട്ട് നടക്കുമ്പോഴാണ്‌, ആർത്തു വിളിച്ചു കൊണ്ട് ഒരാംബുലൻസ് അനീസയെ മറികടന്ന് അവളുടെ ഫ്ളാറ്റിന്‌ സമീപത്തേക്ക് ഓടിക്കിതച്ചത്.  ഒടുവിൽ ആ അപായമണിയുടെ പരിഭ്രമത്തിലേക്ക് ചെന്നവസാനിച്ച നടത്തത്തിൽ അനീസ ഞെട്ടിത്തരിക്കുന്ന ആ കാഴ്ച കണ്ടു.

കുളിമുറിയിലെ ഇളം വഴുക്കിൽ നിന്ന് ചോര വാർന്ന കൈത്തണ്ടയുമായി റെഡ്ക്രസന്റുകാർ  വാരിയെടുത്ത് സ്ട്രെച്ചറിൽ കിടത്തിക്കൊണ്ടു പോകുന്ന നിർജ്ജീവമായ ഒരു സ്ത്രീ രൂപം. അത്രയും കലത്തെ ജീവിതത്തെ അപ്രസക്തമാക്കിക്കൊണ്ട്, അവളുടെ കൈകളിൽ പടർന്നു കയറിയ  കടൽത്തണുപ്പ്.  ചുളിയാത്ത ടി ഷർട്ടും ചാര ജീൻസുമണിഞ്ഞ് എന്തിനും തയ്യാറെന്ന മട്ടിൽ അയാൾ. ശ്യാം. അയാളുടെ മുഖത്ത് ഇപ്പോഴും പച്ച ജീവിതത്തിന്റെ തുടിപ്പുകൾ. രഹസ്യങ്ങൾ ഒരുപാടുള്ള മനുഷ്യരെപ്പോലെയോ അതോ ഒരു കൂർമ്മബുദ്ധിക്കാരനെപ്പോലെയോ അയാൾ അനീസയുടെ നേരേ പുരികം വളച്ചു.

ഫ്ളാറ്റിൽ ആരും ഉണർന്നിട്ടില്ല. ചുറ്റുപാടും വളർന്ന നിശ്ചലതകൾക്കൊപ്പം  കുഴഞ്ഞു പോകുന്ന കാലുകൾ  വലിച്ചു വച്ച് അനീസ ഗോവണി കയറി. ആവർത്തനസ്വഭാവമുള്ള കണ്ണീർക്കഥകൾക്ക് പകരം, അയയിൽ കൊളുത്തി ഉണക്കാനിട്ട കാലവും മാജിക്കൽ റിയലിസവും ഇഴപിരിച്ച ഒരു പുതിയ കഥയുടെ ത്രെഡുമായി.

                              Sabeena M Sali

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക