Image

ഡിസംബര്‍ മൂന്നിന്റെ ജനവിധി എന്തായിരിക്കും? (ദല്‍ഹികത്ത്-പി.വി.തോമസ്)

Published on 20 November, 2023
ഡിസംബര്‍ മൂന്നിന്റെ ജനവിധി എന്തായിരിക്കും? (ദല്‍ഹികത്ത്-പി.വി.തോമസ്)

ഡിസംബര്‍ മൂന്നിന് അഞ്ച് സംസ്ഥാനങ്ങളുടെ വിധിയെഴുത്ത് എന്തെന്നറിയാം. 2024-ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഈ തെരഞ്ഞെടുപ്പ് വിധി നിര്‍ണ്ണായകം ആണ്. ബി.ജെ.പി.ക്കും ഇന്‍ഡ്യ സഖ്യത്തിനും. ഇന്‍ഡ്യ ഗ്രൂപ്പ് ഈ ബാനറില്‍ മത്സരിക്കുന്നില്ലെങ്കിലും. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ മൂ്‌ന്നെണ്ണം-മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഘട്ട്-ഹിന്ദി ബെല്‍റ്റിലാണ്. തെലങ്കാന ദക്ഷിണേന്ത്യന്‍ സംസ്ഥാനവും. അഞ്ചാമത്തെ സംസ്ഥാനമായ മിസോറാം വടക്കു- കിഴക്കന്‍ മേഖലയിലും.

ഇതില്‍ ബി.ജെ.പി. ഭരിക്കുന്നത് മധ്യപ്രദേശ് മാത്രം ആണ്. രാജസ്ഥാനും ഛാത്തീസ്ഘട്ടും കോണ്‍ഗ്രസ് ഭരണത്തിലാണ്. മാത്രവുമല്ല ഹിമാചല്‍പ്രദേശ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങള്‍ ആണ് ഇവ. അതുകൊണ്ടുതന്നെ രാജസ്ഥാനിലും ഛാത്തീസ്ഘട്ടിലും ഭരണം നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസിന്റെ അഭിമാനത്തിന്റെ മാത്രം പ്രശ്‌നം അല്ല. നിലനില്‍പിന്റെ പ്രശ്‌നം കൂടിയാണ്. മിസോറം ഭരിക്കുന്നത് മിസോ നാഷ്ണല്‍ ഫ്രണ്ടാണ്.

തെരഞ്ഞെടുപ്പു ഫലം എന്തുതന്നെ ആയാലും അത് ദേശീയ രാഷ്ട്രീയകക്ഷികളായ ബി.ജെ.പി.യെയും കോണ്‍ഗ്രസിനെയും സാരമായി ബാധിക്കുന്നതാണ്.

ഈ തെരഞ്ഞെടുപ്പില്‍ മറ്റു തെരഞ്ഞെടുപ്പുകളിലെന്ന പോലെ ബി.ജെ.പി.യുടെ തുരുപ്പു ശീട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ആണ്. ഒപ്പം മതധ്രുവീകരണവും രാമക്ഷേത്രവും. ഉദാഹരണമായി മധ്യപ്രദേശില്‍ ഒരു തെരഞ്ഞെടുപ്പു റാലിയില്‍ ബി.ജെ.പി.നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയും ആയ അമിത്ഷായുടെ പ്രഖ്യാപനം അയോദ്ധ്യയിലെ രാമക്ഷേത്രത്തെ കേന്ദ്രീകരിച്ചുള്ളതാണ്. മധ്യപ്രദേശില്‍ ബി.ജെ.പി.യെ അധികാരം നിലനിര്‍ത്തുവാന്‍ സമ്മതിദായകര്‍ അനുവദിച്ചാല്‍ ഓരോ പൗരനും അയോദ്ധ്യയിലെ രാമക്ഷേത്രം സൗജന്യമായി സന്ദര്‍ശിക്കുവാനുള്ള അവസരം നല്‍കും. ജനങ്ങള്‍ക്ക് സ്വന്തം പോക്കറ്റില്‍ നിന്നും ഒരു പൈസ പോലും ചിലവാക്കേണ്ടതായി വരില്ല. ഇതാണ് ഷായുടെ വാഗ്ദാനം.

രാമക്ഷേത്രം ബി.ജെ.പി.ക്ക് തെരഞ്ഞെടുപ്പ് ജയിക്കുവാനുള്ള ഒരു ആയുധമായി മാറുകയാണ്. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തെ കോണ്‍ഗ്രസ് തടസപ്പെടുത്തുകയും താമസിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തെന്ന് ഷാ ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ്  കമല്‍ നാഥും അദ്ദേഹത്തിന്റെ മൃദു ഹിന്ദുത്വകൊണ്ടാണ് ഇതിനെ തെരഞ്ഞെടുപ്പു റാലികളില്‍ നേരിടുന്നത്. അദ്ദേഹത്തിന്റെ അവകാശവാദപ്രകാരം രാമക്ഷേത്രത്തിന്റെ പൂട്ടുതുറന്ന് ആരാധനക്ക് അവസരമുണ്ടാക്കിയതും പുതിയ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ആദ്യമായി നടത്തികൊടുത്തതും  കോണ്‍ഗ്രസ് ആണ്. ഈ അവകാശവാദങ്ങള്‍ ഒന്നും തന്നെ ആ മതേതര രാഷ്ട്രീയ പാര്‍ട്ടിക്ക് അഭിമാനത്തോടെ അവകാശപ്പെടാവുന്ന ഒന്നല്ല. കാരണം ബാബരി മസ്ജിദിന്റെ ഭേദനവും അതേസ്ഥാനത്തുതന്നെ മതേതര ഇന്‍ഡ്യയുടെ പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയതും ഇന്‍ഡ്യന്‍ ജനാധിപത്യമൂല്യങ്ങള്‍ക്ക് വിരുദ്ധം ആണ്.

ഭരണം നിലനിര്‍ത്തുവാനായി ബി.ജെ.പി. ആവനാഴിയിലെ അവസാനത്തെ അസ്ത്രം വരെ പ്രയോഗിക്കുന്നുണ്ട്. മോദിയും ഷായും പലകുറി തെരഞ്ഞെടുപ്പുറാലികളെ അഭിസംബോധന ചെയ്തു. പുരോഗതി ധാരാളം വാഗ്ദാനം ചെയ്തു. കൂടെ മതധ്രുവീകരണത്തിനുള്ള കരുക്കള്‍ നീക്കി. ഒരു സംസ്ഥാന തെരഞ്ഞെടുപ്പില്‍ ആദ്യമായി ഒരു രാഷ്ട്രീയപാര്‍ട്ടി ഏഴ് എം.പി.മാരെ, മൂന്ന് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ മത്സരിപ്പിക്കുന്നു എന്ന ഖ്യാതിയും സമ്പാദിച്ചു. ഇത് 18 വര്‍ഷത്തെ ഭരണത്തിനെതിരായിട്ടുള്ള വികാരത്തെ ശമിപ്പിക്കുവാനുള്ള ഒരു തെരഞ്ഞെടുപ്പ് തന്ത്രം ആണ്. 2019-ല്‍ ഇവരെയെല്ലാം   ഇതേ സമ്മതിദായകര്‍ തന്നെ അയച്ചതാണ് ദല്‍ഹിക്ക്. പക്ഷേ, ഇവര്‍ ഇതാ നിയമസഭ പ്രതിനിധികള്‍ ആകുവാന്‍ എത്തിയിരിക്കുന്നു.

മധ്യപ്രദേശ് തെരഞ്ഞെടുപ്പു വളരെ ശ്രദ്ധേയം ആയിക്കൊണ്ടിരിക്കുന്നു. 230 അംഗങ്ങള്‍ ഉള്ള മധ്യപ്രദേശ് നിയമസഭയില്‍ ബി.ജെ.പി.ക്ക് 128-ഉം  കോണ്‍ഗ്രസിന് 98 അംഗങ്ങളും  ആണുള്ളത്. റോയല്‍ററിയും ഉയര്‍ന്ന ജാതിയും മേല്‍ക്കയ്യോടെ വാഴുന്ന രാഷ്ട്രീയം ആണ് ഇവിടെയുളളത്. 34 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചു മധ്യപ്രദേശ്. കോണ്‍ഗ്രസിന്റെ 12 മുഖ്യമന്ത്രിമാരില്‍ അധികവും ബ്രാഹ്‌മണന്‍മാരും ഠാക്കൂര്‍മാരും ആയിരുന്നു. ഇവരില്‍ പ്രമുഖരാണ് അര്‍ജ്ജുന്‍ സിങ്ങ്, ദിഗ് വിജയ് സിങ്ങ്, മോത്തിലാല്‍ വോറ, ശ്യാം ചരണ്‍ ശുക്ല, ദ്വാരക പ്രസാദ് മിശ്ര.

പിന്നീട് ബി.ജെ.പി. കോണ്‍ഗ്രസിന്റെ ആധിപത്യം തകര്‍ത്തു. 2003ല്‍ മേല്‍ ജാതിയുടെ ആധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് ഉമഭാരതി എന്ന പട്ടികജാതി സ്ത്രീയെ ബി.ജെ.പി. മുഖ്യമന്ത്രിയാക്കി ബി.ജെ.പി. പിന്നോക്ക വിഭാഗ കാര്‍ഡ് മധ്യപ്രദേശില്‍ പ്രയോഗിക്കുവാന്‍ തുടങ്ങി. ഇപ്പോഴത്തെ  മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന ആള്‍ ആണ്. ബി.ജെ.പി. മൂന്ന് പിന്നോക്ക വിഭാഗക്കാരെ മുഖ്യമന്ത്രി ആക്കി ഒരു സന്ദേശം ജനത്തിനും നല്‍കി. അധികാരം നിലനിര്‍ത്തിയാല്‍ ബി.ജെ.പി. മുഖ്യമന്ത്രി ചൗഹാനെയും നിലനിര്‍ത്തുവാനാണ് സാധ്യത, ഉള്‍പ്പാര്‍ട്ടി രാഷ്ട്രീയം അതിശക്തമാണെങ്കിലും.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി മൃദുഹിന്ദുത്വവാദി കമല്‍നാഥ് ആണ്. ഇദ്ദേഹം മുന്‍മുഖ്യമന്ത്രിയും ആണ്. പ്രശസ്തമായ ഡൂണ്‍ സ്‌ക്കൂളില്‍ പഠിച്ച കമല്‍നാഥ് (77) വളരെ സമ്പന്നനായ ഒരു വ്യവസായി ആണ്. കോണ്‍ഗ്രസില്‍ ഒരു കാലത്തു പ്രബലമായിരുന്ന സഞ്ജയ് ഗാന്ധി   സംഘത്തിലെ പ്രമുഖനും ആയിരുന്നു നാഥ്. 2018-ലെനിയമസഭ തെരഞ്ഞെടുപ്പില്‍ കഷ്ടിച്ച് ഭൂരിപക്ഷം നേടിയ നാഥ് കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരിച്ചു. 15 മാസത്തിനുള്ളില്‍ ബി.ജെ.പി. നാഥ് ഗവണ്‍മെന്റിനെ താഴെയിറക്കി. ഇതിനായി അവരെ സഹായിച്ചത് ഗാന്ധികുടംബത്തിന്റെ ഉറ്റ സുഹൃത്തും മാധവറാവു  സിന്ധ്യയുടെ മകനും ആയ ജ്യോതിരാദിത്യസിന്ധ്യയും അദ്ദേഹത്തിന്റെ 22 എം.എല്‍.എ.മാരും ആയിരുന്നു. നാഥ് ഗവണ്‍മെന്റിനെ ബി.ജെ.പി. അട്ടിമറിച്ചത് ഈ തെരഞ്ഞെടുപ്പിലും ഒരു വിഷയം ആണ്. അതിനുള്ള പ്രതികാരത്തിനായിട്ടാണ് നാഥും കോണ്‍ഗ്രസും തയ്യാറാകുന്നത്.

സിന്ധ്യ വളരെ അതിമോഹിയായ ഒരു രാഷ്ട്രീയക്കാരനായിരുന്നു. കമല്‍നാഥും ദിഗ് വിജയ് സിംഗും അവരുടെ മക്കളും വാഴുന്ന മധ്യപ്രദേശിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ജ്യോതിരാദിത്യസിന്ധ്യ അദ്ദേഹത്തിന് ഒരു ഭാവി കണ്ടില്ല. മുഖ്യമന്ത്രിപദം ഒരു വ്യാമോഹം മാത്രം. ദിഗ് വിജയ് സിങ്ങിന്റെ മകന്‍ ജയ് വര്‍ദ്ധന്‍ സിങ്ങ് കമല്‍നാഥിന്റെ മന്ത്രിസഭയില്‍ മന്ത്രിയും ആയി കഴിഞ്ഞിരുന്നു. 37-ാം വയസില്‍. സിന്ധ്യ ബി.ജെ.പി.യുമായി രഹസ്യ നീക്കം നടത്തി നാഥ് ഗവണ്‍മെന്റിനെ പുറത്താക്കി. സിന്ധ്യക്ക് ബി.ജെ.പി. പാരിതോഷികവും നല്‍കി.-കേന്ദ്രവ്യോമയാന മന്ത്രി. സിന്ധ്യ കുടുംബത്തിന് ഇപ്പോഴും സമ്മതിദായകര്‍ക്കിടയില്‍ സ്വാധീനമുണ്ട്. പ്രത്യേകിച്ചും ഗ്വാളിയാര്‍, ഗുണ  തുടങ്ങിയ സ്ഥലങ്ങളില്‍. മധ്യപ്രദേശില്‍ വാശിയേറിയ മത്സരം ആണ് നടക്കുന്നത്. ബി.ജെ.പിക്ക് ഭരണം നിലനിര്‍ത്തല്‍ കഠിനമായ യത്‌നം ആണ്. കോണ്‍ഗ്രസ് വിജയിച്ചാലും അതിശയമില്ല.

രാജസ്ഥാനില്‍ ബി.ജെ.പി.യും ഭരണകക്ഷിയായ കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. 1980-നു ശേഷം ഒരിക്കല്‍ പോലും ഒരു പാര്‍ട്ടിക്കും തുടര്‍ ഭരണം അനുവദിക്കാത്ത ഒരു പാരമ്പര്യം രാജസ്ഥാനുണ്ട്. എന്നിട്ടും അശോക് ഗെലോട്ട് പലപ്രാവശ്യമായി നാല് തവണ മുഖ്യമന്ത്രി ആയിരുന്നു. അദ്ദേഹം അഞ്ചാമതു തവണയ്ക്കായി ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് ജയിച്ചാല്‍ തന്നെയും- ജയം അത്ര എളുപ്പം അല്ല- സച്ചിന്‍ പൈലട്ട് മുഖ്യമന്ത്രി സ്ഥാനത്തിനായി തൊട്ട് മുമ്പിലുണ്ട്. മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആയ രാജേഷ് പൈലറ്റിന്റെ മകനാണ് ഗുജാര്‍ നേതാവായ സച്ചിന്‍. അദ്ദേഹവും സിന്ധ്യയെപോലെ ഒരു അട്ടിമറി ശ്രമം നടത്തിയതാണ്. വിജയിച്ചില്ല. ഗെലോട്ട് അതിനെ മറികടന്നു. ഇവർ  തമ്മിലുള്ള രാഷ്ട്രീയ വൈര്യം വര്‍ദ്ധിച്ചു.

എങ്ങനെ സച്ചിനു അനുയായികളും തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കും എന്നത് വലിയ ഒരു ഘടകം ആണ് കോണ്‍ഗ്രസിന്റെ വിജയത്തിനും പരാജയത്തിനും. സച്ചിനെപ്പോലെ ബി.ജെ.പി.യിലും ഒരു വിമതസ്വരം ഉണ്ട്.- മുന്‍മുഖ്യമന്ത്രിയും സിന്ധ്യ രാജകുടുംബത്തിലെ അംഗവും ആയ വസുന്ധരരാജി സിന്ധ്യ. ബി.ജെ.പി. അവരെ അനുനയിപ്പിച്ച് രംഗത്തിറക്കിയിട്ടുണ്ട്. പുരുഷാധിപത്യമുള്ള രാജസ്ഥാനിലെ ആദ്യവനിതമുഖ്യമന്ത്രി ആയിരുന്നു വസുന്ധരരാജി . ബി.ജെ.പി. ജയിച്ചാല്‍ രാജിക്ക് വീണ്ടും ഒരു അവസരം നല്‍കുമോ?

രാജസ്ഥാനില്‍ ബി.ജെ.പി.ക്കു എടുത്തുപറയാവുന്ന ഒരു നേതാവില്ല. അതാണ് പാര്‍ട്ടിയുടെ പരാധീനതയും. ഏതായാലും മോദിയും ഷായും ശക്തമായ പ്രചരണം ആണ് നടത്തിയത്. അന്തരിച്ചു പോയ  ബൈറോന്‍ സിങ്ങ് ഷേഖാവത്തിനു ശേഷം  ബി.ജെ.പി. നേരിടുന്ന നേതൃപ്രതിസന്ധിക്ക് അവരൊന്നും പരിഹാരമല്ലല്ലോ. ഏതായാലും വസുന്ധര രാജിക്ക് ഒരു അവസരം  ഉണ്ട്. പക്ഷേ, ബി.ജെ.പി.ക്ക് ഒരു അവസരം കിട്ടുമോ?  അത് ഡിസംബര്‍ മൂന്നിന് അറിയാം.

അശോക് ഗെലോട്ട് ശക്തനായ ഒരു നേതാവാണ്. ചിലപ്പോള്‍ വ്യക്തികള്‍ തെരഞ്ഞെടുപ്പിന്റെ ഗതിമാറ്റി മറിക്കും. ഉള്‍പ്പാര്‍ട്ടി അട്ടിമറി നടന്നില്ലെങ്കില്‍ കോണ്‍ഗ്രസിനു ശക്തമായ ഒരു പ്രകടനം കാഴ്ചവക്കുവാനാകും ഗെലോട്ടിലൂടെ. കോണ്‍ഗ്രസ് 109-ഉം  ബി.ജെ.പി. 70-ഉം  സീറ്റുകള്‍ ആണ് 2018-ല്‍ നേടിയത്. പക്ഷേ, രാജസ്ഥാനിലെ പാരമ്പര്യം അനുസരിച്ച് ഇത് ഒന്നിന്റെയും സൂചിക അല്ല. രാജസ്ഥാനില്‍ ബി.ജെ.പി.യെപ്പോലെ തന്നെ കേന്ദ്രഗവണ്‍മെന്റിന്‍രെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും (ഇ.ഡി.) കോണ്‍ഗ്രസിനെയും ഗെലോട്ടിനെയും വളഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനം ആണ് ഛത്തീസ്ഘട്ട്. 2018-ല്‍  നിയമസഭയില്‍ 71 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. ബി.ജെ.പി.ക്ക് 15 സീറ്റ്.  ആദിവാസികള്‍ അധികം ഉള്ള ഛത്തീസ്ഘട്ട് മധ്യപ്രദേശില്‍ നിന്നും അടര്‍ത്തിയെടുത്തതാണ്. ഭൂപേഷ് ബാഗല്‍ മുഖ്യമന്ത്രിയായിട്ടുള്ള ഈ സംസ്ഥാനം കോണ്‍ഗ്രസിന് ഭരണം നിലനിര്‍ത്തുവാന്‍ സാധ്യത ഉണ്ടായിരുന്ന ഒന്നായിരുന്നു തുടക്കത്തില്‍. പക്ഷേ, ഇപ്പോള്‍ മത്സരം കടുത്തതാണ്. മോദി ഒട്ടേറെ വികസന വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട് പ്രത്യേകിച്ചും ആദിവാസികള്‍ക്ക്, അല്ലെങ്കില്‍ ബി.ജെ.പി.- സംഘപരിവാറിന്റെ ശബ്ദസംഹിതയില്‍ വനവാസികള്‍ക്ക്. 15 വര്‍ഷം ബി.ജെ.പി. ഭരിച്ചതാണ് ഛത്തിസ്ഘട്ട്. 2018ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. രണ്ടു പാര്‍ട്ടിക്കും മുഖ്യമന്ത്രി  ആരായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പി.ക്ക് മുന്‍മുഖ്യമന്ത്രി രാമന്‍സിംങ്ങ് ആണ് ഒരേ ഒരു താരം. കോണ്‍ഗ്രസിന് ബാഗേലിന് ഒപ്പം ഉപമുഖ്യമന്ത്രി റ്റി.എസ്. സിങ്ങ്  ദേവ്  ഉണ്ട്. ഇവരുടെ രാഷ്ട്രീയ വൈരം വളരെ പഴയതാണ്. എങ്കില്‍ തന്നെയും കോണ്‍ഗ്രസിന് സാദ്ധ്യത ഉണ്ട് ഭരണം നിലനിര്‍ത്തുവാന്‍. ഈ.ഡി.യും മഹാദേവ് ആപ്പും ബാഗേലിനെ ചുറ്റിയുണ്ട്.

തെലങ്കാനയില്‍ കോണ്‍ഗ്രസ്  തെലങ്കാന രാഷ്ട്രസമിതിയ്ക്ക് ശക്തമായ വെല്ലുവിളിയാണ്. ഇന്നലെ വരെ മത്സരം ടി.ആര്‍.എസും ബി.ജെ.പി.യും തമ്മിലായിരുന്നു. ഇന്ന് അത് മാറി കോണ്‍ഗ്രസ് മുമ്പിലേക്ക് വന്നു. 119 അംഗങ്ങളുള്ള നിയമസഭയില്‍ 98 അംഗങ്ങളെ നേടിയാണ് ടി.ആര്‍.എസ്. അധികാരത്തില്‍ വന്നത്. അതിനിടെയാണ് ചന്ദ്രശേഖര റാവുവിന് ദേശീയമോഹം ഉണ്ടായത്. പ്രാദേശീക താല്‍പര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയതായി 2014-ല്‍ ദീര്‍ഘകാല സമരത്തിനു ശേഷം രൂപീകരിക്കപ്പെട്ട തെലങ്കാന രാഷ്ട്രസമിതി ഭാരത രാഷ്ട്രസമിതി ആയത് അതിന്റെ അനുയായികള്‍ക്ക് പിടിച്ചില്ല. അവര്‍ എന്‍.റ്റി. രാമറാവുവിന്റെ ദേശീയ മോഹങ്ങളും പതനവും എല്ലാം ഓര്‍മ്മിച്ചു കാണും. 2014 മുതല്‍ ഭരിക്കുന്ന ചന്ദ്രശേഖര്‍ റാവുവിനുള്ള ഭരണവിരുദ്ധ വികാരതരംഗത്തിലൂടെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാലും അതിശയിക്കേണ്ടതില്ല. എങ്കില്‍ അതൊരു അട്ടിമറി വിജയം ആയിരിക്കും.

മിസോറാമില്‍ ഭരണകക്ഷിയായ മിസോ നാഷ്ണല്‍ ഫ്രണ്ട് വളരെ കരുത്തരാണ്. അവരെ അട്ടിമറിക്കുവാന്‍ മുന്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് തല്‍ക്കാലം സാധിക്കുകയില്ല. ഇവിടെ ത്രികോണമത്സരത്തില്‍ എം.എന്‍.എഫും , കോണ്‍ഗ്രസും സൊറാം പീപ്പിള്‍സ് മൂവ്‌മെന്റും തമ്മിലാണ് മത്സരം. എത്നിക്ക് കാര്‍ഡ് ആണ് പ്രധാന ആയുധം. ഏതായാലും എം.എന്‍.എഫ്. അധികാരം നിലനിര്‍ത്തുവാന്‍
 ആണ് സാധ്യത.

ഡിസംബര്‍ മൂന്ന് ചിലപ്പോള്‍ അത്ഭുതങ്ങള്‍ നല്‍കിയെന്നിരിക്കാം. എന്നിരുന്നാല്‍ തന്നെയും കര്‍ണ്ണാടകയിലെ ഉഗ്രന്‍ വിജയത്തിനുശേഷം കോണ്‍ഗ്രസ് ആക്രമണ നിലയിലാണ്. ബി.ജെ.പി. പ്രതിരോധത്തിലും. ബാക്കി കാത്തിരുന്ന് കാണാം. തൂക്കു നിയമസഭ എവിടെയെങ്കിലും വന്നാല്‍ കുതിരക്കച്ചവടം ഫലം. അതില്‍ ബി.ജെ.പി. യെ വിജയിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക