Image

ഇനിയെനിക്ക്.....(കവിത : ദീപ ബിബീഷ് നായർ)

ദീപ ബിബീഷ് നായർ Published on 20 November, 2023
ഇനിയെനിക്ക്.....(കവിത : ദീപ ബിബീഷ് നായർ)

ഇനിയൊന്നുറക്കെ ചിരിക്കണം
എനിക്കിനിയൊന്നുറക്കെ ചിരിക്കണം
അരുതുകൾ നീട്ടിയെന്നതിരുകൾ നാട്ടവർ
അതിശയം പൂണ്ടൂ നടക്കണം

ഇനിയൊന്നുറക്കെ കരയണം
എനിക്കിനിയൊന്നുറക്കെ കരയണം
അകതാരിലൊരുപാട് നാളായടക്കിയ
സങ്കടം പുഴയായൊഴുക്കണം

ഇനിയൊന്നുറക്കെ പറയണം
എനിക്കിനിയൊന്നുറക്കെപ്പറയണം
ആരുടെ മുന്നിലുമടിമയല്ലെന്നത് 
അവനിയിലാകെയറിയണം

ഇനിയൊന്നു പിറകിലായ് നോക്കണം
എനിക്കിനിയൊന്നു പിറകിലായ് നോക്കണം
കുഞ്ഞുകുട്ടിക്കളി വിട്ടുമാറീടാത്ത
ബാല്യകൗമാരങ്ങളോർക്കണം

ഇനിയൊരിക്കൽക്കൂടി കാണണം
എനിക്കിനിയൊരിക്കൽക്കൂടി കാണണം
പുഞ്ചിരിപ്പാലിൽ വിഷത്തുള്ളി ചേർത്തൊരാ
സ്വന്തബന്ധങ്ങളെയറിയണം

ഇനി മണ്ണിലേക്ക് മടങ്ങണം
എനിക്കിനി മണ്ണിലേക്ക് മടങ്ങണം
കണ്ടതും കേട്ടതുമൊക്കെ വെടിഞ്ഞെ-
നിക്കവസാന യാത്ര നടത്തണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക