പാതി തുറന്നിട്ട ജാലകത്തിലൂടെകീറിപ്പറിഞ്ഞ മഴമേഘങ്ങളുടെ സഞ്ചാരം കാണാം. ചില നേരങ്ങളിൽ അവയെല്ലാം ഒന്നിച്ചുകൂടി പർവ്വതങ്ങൾ കണക്ക് ഉയരുന്നു. പെട്ടെന്ന് തകർന്നടിഞ്ഞ് മഴ യായി ഭൂമിയിലേക്ക് പതിക്കുന്നു. വെറുതെ നോക്കി അങ്ങനെ കിടക്കുമ്പോൾ ഈ ശരീരം ബെഡിൽ ഇല്ല എന്ന് തോന്നിപ്പോകുന്നു. ആകാശത്തിനും ഭൂമിക്കും ഇടയിലെ വായുവിൽ കിടക്ക വിരിച്ചതുപോലെ... ശരീരവുമില്ല മനസ്സുമില്ല. വിചാരവികാരങ്ങളില്ലാത്ത അപ്പൂപ്പൻതാടി പോലെ പറന്നു നടക്കുന്നു... എന്നാലും അപ്പൂപ്പൻതാടിയിൽ കുഞ്ഞൊരു ജീവന്റെ തുടിപ്പില്ലേ...? എവിടെയോ വീണു പൊട്ടിമുളക്കുമ്പോൾ എല്ലാവികാരങ്ങളുമുള്ള ചെടിയായി തളിർക്കുകയും പൂക്കുകയും അടുത്ത തലമുറയെഉല്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ ശരീരത്തിൽ നിന്ന് ഒന്നും പൊട്ടിമുളച്ചിട്ടില്ല... ഒരു പാഴ്ജന്മം. ഈയിടെയായി എന്തോ വല്ലാത്ത ആശങ്കകൾ ശരീരത്തെപിടി മുറുക്കുന്നു..! ഇന്ന് സന്ദർശകരാരും കാണാൻ എത്തിയില്ല... കാണാനെത്തുന്നവരുടെ മുഖങ്ങളിൽനിന്നും ചില ഓർമ്മപ്പെടുത്തലുകൾ വായിക്കുവാൻ കഴിയുന്നതുപോലെ. ഈ മഴക്കാലം കഴിഞ്ഞുള്ള മഞ്ഞുകാലം... മഞ്ഞുകണങ്ങളിൽ പൊതിയാറുള്ള തന്റെ ഈ ഗ്രാമവും പുഴക്കരകളും ഒരിക്കൽ കൂടി കൂടകാണുവാൻ കഴിയുമോ എന്നൊരാശങ്ക... ജീവകോശങ്ങൾ ഓരോന്നായി സ്വയം നശിച്ചു കൊണ്ടിരിക്കുന്നു... ഓർമയായപ്പോൾ മുതൽ കേട്ടുതുടങ്ങിയതാണ് "നശീകരണം പിടിച്ച ജന്മം... "
ശരിക്കും ആ വാക്കിനർത്ഥം മനസ്സിലാക്കിതുടങ്ങിയിട്ടേയുള്ളൂ. അസ്തമിക്കാറായപ്പോഴുള്ള ഒരു കുറ്റബോധം... അതാണിപ്പോൾ മനസ്സിനെ കാർന്നു തിന്നുന്നത്.
ജീവിക്കാൻ അറിയാത്തവൻ ആ പേരുദോഷം അങ്ങനെ തന്നെ കിടക്കട്ടെ...പക്ഷേ.., അവൾ തന്റെ ഭാര്യ ജീവിക്കാൻ ഇറങ്ങി തിരിച്ചവൾസൂസന്ന.... "ഇവന്റെ കൂടെഎന്തുകണ്ടിട്ടാ ഈ പെണ്ണ്ഇറങ്ങി വന്നേ...?
വീട്ടുകാരുടേയും നാട്ടുകാരുടേം അന്നത്തെവിലയിരുത്തൽ... പലപ്പോഴുംതാനും സ്വയം ചോദിക്കാറുണ്ട്.
സ്കൂൾ പഠനം പുറകോട്ട്ആയതുകൊണ്ട് പണ്ടേ വീട്ടുകാരുടെ ശകാരത്തിന് ഒരു കുറവും വന്നില്ല . സെക്കൻഡറി തലംവരെ എത്തിയത് അറിഞ്ഞില്ല.... പരീക്ഷ കൾ എഴുതാനും ഹോംവർക്ക് ചെയ്യാനുംമടിയാണ്. രസതന്ത്രവും ഊർജ്ജ തന്ത്രവും തലയിൽ കേറ്റി വയ്ക്കാൻ ഇഷ്ടപ്പെടാത്തവൻ എങ്ങനെ മുന്നിലെത്തും. പഠിപ്പിസ്റ്റുകളായ ചേട്ടൻമാർക്ക് അപമാനം . അപ്പോഴും കൈവിട്ടു പോകാത്ത ഒരു വായനയുണ്ടായിരുന്നു... പഠിക്കാത്തവൻ എങ്ങനെ വായനക്കാരനായി....? ചുറ്റുമുള്ളവരുടെ പ്രധാന വേവലാതി.... വിലകൊടുത്ത് പുസ്തകങ്ങൾ വാങ്ങാൻ അടുത്തുള്ള റേഷൻ കടയിൽ സഹായിയായി... മഹാന്മാർ എഴുതിയ പുസ്തകങ്ങൾ വായിച്ചു... ചാണക്യ സൂത്രങ്ങൾ ഒരുപാട് ഇഷ്ടമാണ്. ഒരു സൂത്രം പോലും ജീവിതത്തിൽ പാലിച്ചില്ല.
"മുടിഞ്ഞവനെ.... നീയെന്നു നന്നാവും...." ഒരു പിതാവിന്റെ ശാപത്തിൽ മുക്കിയെടുത്ത ചോദ്യം..
വായനയിൽ വീട്ടിലെ ഏകാഗ്രത കുറഞ്ഞപ്പോൾ പുഴക്കരയിൽ ആയി വായന. മതഗ്രന്ഥങ്ങളോട് ഇഷ്ടം തോന്നിയപ്പോൾ പുഴക്കരയിലൂടെ പതിവായി പള്ളിയിൽ പോകുന്ന സൂസയിലെ ബൈബിളിലായിയിരുന്നു ശ്രദ്ധ... ഒരിക്കൽഅത് വായിക്കുവാൻ ചോദിച്ചപ്പോൾ സൂസന്ന വല്ലാണ്ട് തെറ്റിദ്ധരിച്ചു.... അവളോട് പ്രേമം ആണെന്ന്. ബൈബിൾ വായിച്ചു തീർന്നപ്പോഴേക്കും നസ്രാണിയും ഹിന്ദുവുംതമ്മിൽവല്ലാത്തൊരു കെമിസ്ട്രി. അവളെ പെണ്ണുകാണാൻ ചെറുക്കൻ എത്തിയപ്പഴേക്കും സൂസന്ന തന്നെ തേടിയെത്തി... രണ്ടു മതക്കാർ തമ്മിൽ ചെറിയ രീതിയിൽ ഒരു തിരയിളക്കവും വീട്ടിൽ നിന്ന് പെട്ടന്നൊരു വിരമിക്കലും. അതുവരെ വായിക്കാത്തൊരു പുസ്തകവും വായിച്ചു തുടങ്ങി... ' ജീവിതം എന്താണെന്ന ' പേജുകളില്ലാത്തൊരു സ്തകം സൂസന്ന വായിക്കാൻ പഠിപ്പിച്ചു. വിയർപ്പിനു ഉപ്പു രസം ഉണ്ടെന്ന് തിരിച്ചറിഞ്ഞു...
പേന പിടിക്കാൻ മടിയുള്ള കൈകളിൽ തഴമ്പുകൾ നിറഞ്ഞപ്പോൾ ആ പുസ്തകവും ഏതാണ്ടൊക്കെ വായിച്ചു കഴിഞ്ഞിരുന്നു.
വന്ധ്യത തങ്ങളിൽ ആർക്കാണെന്ന് അറിയാൻ ശ്രമിച്ചില്ല. ഈ നിമിഷം മനസ്സിലാക്കുന്നു വന്ധ്യതയുടെ ആഘാതം. സൂസന്നയെ താങ്ങി നിർത്താൻ ഒരു പ്രതിരൂപം പൊട്ടിമുളച്ചില്ല... രണ്ടുപേരും രണ്ടു വഴികളിലായി പിരിയുകയാണ്. ബന്ധുക്കളുടെ ഉണങ്ങി തുടങ്ങിയ സ്നേഹം തളിരിടുന്നുവോ എന്നു തോന്നിത്തുടങ്ങി... എല്ലാവരുടെയും മനസ്സിൽ തന്റെ സാന്നിധ്യം ഈ നിമിഷം കടന്നു വന്നിരിക്കുന്നു... അനന്തരാവകാശികളില്ലാത്ത തന്റെ സമ്പാദ്യത്തിന്റെ കണക്ക് അവരെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് മനസ്സിലായി. എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ ഉണ്ടാക്കിയതെല്ലാം വല്ല നസ്രാണികളും കൊണ്ടുപോകും... കേട്ടു തുടങ്ങിയ സംഭാഷണങ്ങൾ സൂസന്നയെ വേദനിപ്പിച്ചിട്ടുണ്ടാവും. ആ വേദനകൾക്ക് സാക്ഷി ആകാനേ കഴിയൂ. ബൈബിൾ വായന അതാണ് അവളുടെ ആശ്വാസം. ഈയിടെ അതിത്തിരി കൂടുതലായിട്ടുണ്ട്. അന്ത്യകൂദാശ അവളുടെ ബൈബിളിൽ പറയുന്നുണ്ടല്ലോ... പക്ഷേ അന്ത്യകൂദാശ കേൾക്കാൻ കാത്തു നിൽക്കാതെ ശരീരത്തിൽ ഉണ്ടായിരുന്നു എന്തോ ഒന്ന്
പുക ചുരുളുകൾ പോലെ ഉയരുകയാണ്. കാൽക്കൽ ഇരുന്നു ബൈബിൾ വായിക്കുന്ന സൂസന്നയിൽ കണ്ണുകൾ ഉടക്കി പിടിക്കുന്നു . തിമിരം ബാധിച്ചുവോ എന്നൊരു സംശയം... സൂസന്നയുടെ രൂപം നിഴൽപോലെ കറങ്ങി മാഞ്ഞു പോകുന്നു...പ്രാർത്ഥനയുടെ സ്വരവും നേർത്തു നേർത്ത് ഇല്ലാണ്ടാവുകയാണ്... "സൂസന്നാ..." വിളിക്കാൻ ശ്രമിച്ചു... നാക്ക് വളയുന്നില്ല... കൈനീട്ടി അവളെ സ്പർശിക്കണമെന്നുണ്ട്... കഴിയുന്നില്ല.സൂസന്ന നെഞ്ചിലേക്ക് വീണു കരയുന്നു... അവസാനം ആ സ്പർശനം മാത്രം തിരിച്ചറിഞ്ഞു... അവസാന സ്പർശനം.