പുറത്തു വരുന്ന വാര്‍ത്തകള്‍ അത്ര നിസ്സാരമല്ല, യുക്രെയിന്‍ യുദ്ധം ആരംഭിച്ചതോടെ വന്ന ഒരു വലിയ മാറ്റമാണ് അന്താരാഷ്ട്ര വിനിമയ നാണയമായ ഡോളറിന് ഒരു ബദല്‍ എന്ന ചിന്ത. ഒരു പക്ഷേ, അത്തരം ഒരു ആശയം മുന്നോട്ടുവന്നിരുന്നില്ലെങ്കില്‍ റൂബിളിനു വിലയിടിവു സംഭവിച്ച്, റഷ്യ സാമ്പത്തികമായി തകരുമായിരുന്നു.എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ റൂബിളില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ റഷ്യയില്‍ നിന്നും വാങ്ങിയതോടെ ആ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും റഷ്യ രക്ഷപ്പെട്ടു. ഇതേ തുടര്‍ന്ന് രൂപയിലും ദിര്‍ഹത്തിലുമൊക്കെ ഇടപാടുകള്‍ ചെറിയ തോതിലാണെങ്കിലും ആരംഭിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് പുതിയ വാര്‍ത്ത വരുന്നത്. സൗദി അറേബ്യയുടെ തോഴനായി അറിയപ്പെടുന്ന അമേരിക്കന്‍ ഐക്യനാടുകളോടവരുടെ പഴയ പ്രതിപത്തി കുറഞ്ഞോ എന്ന സന്ദേഹം ആണിപ്പോള്‍ ഉയരുന്നത്.
നിലവില്‍ ചൈനയുടെ മധ്യസ്ഥതയില്‍ ഇറാനും സൗദിയും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. എമ്പസി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു.
കൂടാതെ പ്രാദേശിക കറന്‍സിയിലുള്ള വ്യാപാരത്തിനും തുടക്കം കുറിച്ചിരിക്കുകയയാണ് ചൈനയും സൗദി അറേബ്യയും. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയും സൗദി സെന്‍ട്രല്‍ ബാങ്കും അമ്പതു മില്യന്‍ യുവാന്റെ ( 6.93 ബില്യന്‍ ഡോളര്‍) പ്രാദേശിക കറന്‍സിസ്വാപ്പ് കരാറില്‍ ഒപ്പുവെച്ചിരിക്കുകയാണ്. ഇതു വഴി രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധവും കൂടുതല്‍ ശക്തമായിക്കഴിഞ്ഞു. സൗദി അറേബ്യയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാര്‍, ആ രാജ്യവുമായി സാങ്കേതിക വിദ്യ, രാജ്യസുരക്ഷ തുടങ്ങിയ മേഖലയില്‍ ബന്ധം സ്ഥാപിക്കാനാണ് ചൈനയുടെ നീക്കം. ഇതെല്ലാം അമേരിക്കയെ ചൊടിപ്പിക്കുന്നുണ്ട് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഏതായാലും ചൈനയുടേയും സൗദി അറേബ്യയുടേയും പുതിയ നീക്കങ്ങള്‍ പാശ്ചാത്യരാജ്യങ്ങള്‍ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.
An alternative to the dollar? Will Saudi Arabia's new deal with China give America a headache?