Image

നിഗൂഢജാലകങ്ങൾ തുറക്കുമ്പോൾ (കഥാമത്സരം-23: ഡോ. അജയ് നാരായണൻ)

Published on 23 November, 2023
നിഗൂഢജാലകങ്ങൾ തുറക്കുമ്പോൾ (കഥാമത്സരം-23: ഡോ. അജയ് നാരായണൻ)

കതകിൽ എന്തോ ആഞ്ഞടിക്കുന്ന ശബ്ദം കേട്ട് ഞെട്ടിയെഴുന്നേറ്റു, വൈഷ്ണവ്. ഫ്ലാറ്റിന്റെ നീണ്ട ഇടനാഴി കടന്ന് കാറ്റിലൂടൊഴുകിയെത്തിയ ശബ്ദങ്ങളുടെ അർത്ഥം ഉൾക്കൊള്ളാനുള്ള ശ്രമത്തിൽ പലവട്ടം കാതുകൾ കൂർത്തുവന്നു. പരിസരബോധമുദിക്കാൻ അൽപ്പം സമയം എടുത്തു.

കോവിഡ് മാറിവന്നിട്ട് ദിവസങ്ങൾ കഴിഞ്ഞേയുള്ളൂ. ഇപ്പോഴും നല്ല ക്ഷീണമുണ്ട്. ഉറക്കത്തിൽ ഭ്രമാത്മകമായ ഏതോ ലോകത്ത് ഒഴുകിനടക്കുന്നു മനസ്സ്. ശരീരം പഞ്ഞിപോലെ മേഘങ്ങൾക്കൊപ്പം നക്ഷത്രലോകം തേടി അലയുന്ന അവസ്ഥ.
ഊം… ഊം…
വീണ്ടും അതേ ശബ്ദം. ഇപ്പോൾ വ്യക്തമായി, “ഊം… ഓം ശിവശംഭോ…”. കാറ്റിന്റെ മർമ്മരം കതകുപാളികളെയും ഭേദിച്ചു കടന്നുവന്നു. വൈഷ്ണവിന്റെ കണ്ണുകൾ ഞെട്ടിയുണർന്നു. ഇരുട്ടിന്റെ ആയിരമായിരം മുനകളെ വകഞ്ഞുമാറ്റി വെട്ടമുദിച്ചു.
“ഓം, ശിവശംഭോ…”.
കതകിനു നേരേ, കാറ്റെത്തിയ ദിശയിലേക്ക് വൈഷ്ണവ് നടന്നു. സ്വിച്ചിട്ടു. മുൻവാതിൽ തുറന്നു. മുറിയ്ക്കകത്തെ വെട്ടത്തിൽ കണ്ടു. മുൻപിൽ ഒരു ജടാധാരി! കാലഭൈരവനോ? നെറ്റിയിൽ ഭസ്മക്കുറി പരന്നുകിടക്കുന്നു. അഘോരിഭാവം.
നനഞ്ഞു, മേലൊട്ടിയ ജുബ്ബ. ജീൻസ്.
അവൻ ഞെട്ടി.

അപരിചിതൻ മുഖത്തെ മാസ്ക് അഴിച്ചുമാറ്റി. ചിരിച്ചു. കണ്ണിലും ചുണ്ടിലും ചിരി തെളിഞ്ഞു. ഭാംഗിന്റെ ഉന്മത്തഗന്ധം അവന്റെ ശ്വാസത്തിലൂടെ കിനിഞ്ഞിറങ്ങി വൈഷ്ണവിനെ പൊതിഞ്ഞു. അപരിചിതത്വം വഴുതിമാറി.
“ഭോ… ശംഭോ, ശിവശംഭോ, ഹരി ഓം…”.

കബീർ!

തോളിനു പിന്നിലെ ബാക്ക്പായ്ക്ക് തറയിൽ വച്ചു അവൻ വൈഷ്ണവിനെ കെട്ടിപ്പിടിച്ചു. പൊക്കിയെടുത്തു. തറയിലേക്ക് മെല്ലെയിറക്കി മന്ത്രിച്ചു,
“ഞാൻ ഇതാ വന്നിരിക്കുന്നു ചങ്ങാതീ”.
വൈഷ്ണവിന്റെ തോളുകളിൽ അവൻ കൈകൾകൊണ്ട് ബലമായി പിടിച്ചു കബീർ അവന്റെ കണ്ണിലൂടെ ആഴത്തിൽ എന്തോ തിരഞ്ഞു.

എന്നോ, ഒരു ദിവസം അവൻ വരുമെന്ന് പറഞ്ഞിരുന്നു. മറന്നേപോയി. വർഷങ്ങൾക്കുശേഷമുള്ള വരവിൽ എന്തോ ഉദ്ദേശം കാണും. അവധൂതനെപ്പോലുള്ള അവന്റെ യാത്ര എവിടെയ്ക്കെല്ലാമായിരുന്നു എന്ന് വല്ലപ്പോഴും കിട്ടുന്ന വാട്ട്‌സ്ആപ്പ് മെസ്സേജുകളിലൂടെ മാത്രമേ അറിഞ്ഞിരുന്നുള്ളു.

അവന്റെ ചുണ്ടിൽ നിന്നും ശിവസ്തോത്രത്തിന്റെയും ലഹരിയുടെയും ചിന്തുകൾ തെറിച്ചുവീണു,
“സുധാമയൂഖലേഖയാ വിരാജമാനശേഖരം,
മഹാകപാലിസമ്പദേ ശിരോജഡാലമസ്തു നഃ”

അവന്റെ ബലിഷ്ഠമായ കൈകൾക്കുള്ളിൽ വൈഷ്ണവിന്റെ തോളെല്ലുകൾ ഞെരിഞ്ഞുടഞ്ഞുവോ? അവന്റെ മാസ്മരികശബ്ദം മുറിയിലാകെ പരതിനടന്നു. രേഖയെ?അനിതയെ? അതോ, അവനെത്തന്നെയോ?

വൈഷ്ണവിന്റെ തൊണ്ടയിലും എന്തോ കുറുകി ഓംകാരമായി പുറത്തേക്കൊഴുകി…

വൈഷ്ണവിന് സംശയം തോന്നി. മുറിയിൽ ജഡത്തിന്റെ നാറ്റമുണ്ടോ? അവന്റെ മൂക്ക് ചുളിഞ്ഞു. മുഷിഞ്ഞ ചിന്തകളെ അടർത്തിമാറ്റി അവൻ ക്ഷണിച്ചു,
“അകത്തേക്ക് വരൂ, കബീർ. ഇത്രയും വൈകിയ വേളയിൽ ആരെയും പ്രതീക്ഷിച്ചില്ല. നിന്നെ ഒട്ടുമില്ല. ഞാൻ ഒന്ന് മയങ്ങിയതേയുള്ളു. എന്ത് കോലമാണിത്!
നിന്നെ ആകെ നാറുന്നു. വെള്ളം കാണാത്ത രൂപം. വരൂ, ആദ്യം ഈ വേഷമൊക്കെ മാറ്റാം. ഫ്രിഡ്ജിൽ ലെഫ്റ്റ്ഓവർ എന്തേലും കാണും. നിനക്കിഷ്ടമുള്ള കടുമാങ്ങയുണ്ട്. പപ്പടവും മുളകുകൊണ്ടാട്ടവും വറുക്കാം. നീ കുളിച്ചു വരുമ്പോഴേക്കും എല്ലാം റെഡി ആകും. എത്ര നാളായെടാ കണ്ടിട്ട്, കൂടിയിട്ട്”.

വൈഷ്ണവ് പറഞ്ഞുനിർത്തും മുന്നേ കബീർ ചിരിച്ചു. പൊട്ടിപ്പൊട്ടിച്ചിരിച്ചു. അഘോരിനാദം മുറിയാകെ പടർന്നു. അവൻ കൈകൾ മുകളിലേക്കുയർത്തി കണ്ണുകൾ പാതിയടച്ചുകൊണ്ട് പറഞ്ഞു,
“ജലം തൊടാതെ നുകരുന്നു മധു,
ജലകേളിയിലാടുന്നു ഞാൻ. ശംഭോ, മഹാദേവാ… എല്ലാം അവിടുത്തെ മായാജാലം”.

“പോടാ”, വൈഷ്ണവും ചിരിച്ചു. അധികം സംസാരിച്ചില്ല. ശുദ്ധിയാവട്ടെ. അവനെ കുളിമുറിയിലേക്ക് തള്ളിവിട്ടു. പോകുംവഴിയൊരു ഗാനത്തിന്റെ ഈരടിയും കേട്ടു,
“സായന്തനം ചന്ദ്രികാലോലമായ്
നാലമ്പലം നലമെഴും സ്വർഗ്ഗമായ്…”
ചിത്രകാരന്റെ ചുണ്ടിലൂറുന്ന തേൻതുള്ളികൾ. ഇവനൊരു സംഭവം തന്നെ.

ഇടയ്ക്കെന്നോ കേട്ടിരുന്നു. ഫൈൻ ആർട്സ് പഠിക്കുവാൻ പോയെന്നും ഒപ്പം, ബാബുക്കയുടെ സംഗീതത്തെ ഉപാസിച്ചുകൂടി എന്നും. എല്ലാം കഴിഞ്ഞു പൊങ്ങിയത് വാരനാസിയുടെ മടിത്തട്ടിൽ. അവിടെ എത്ര നാളോ! സംന്യാസം സ്വീകരിക്കുന്നു എന്നും പറഞ്ഞുകേട്ടു. പാരീസിൽ ചിത്രപ്രദർശനത്തിനു പോയ വാർത്ത അറിഞ്ഞത് സൽമയിൽനിന്നാണ്. അവർ തമ്മിൽ പിരിഞ്ഞുവെങ്കിലും വിവരങ്ങൾ അറിയിച്ചിരുന്നു. പാരീസിലേക്ക് പോകുംവഴി ദുബായിൽ വച്ചു അവളെയും കണ്ടിരുന്നുവത്രേ!

വൈഷ്ണവ് ഫ്രിഡ്ജ് തുറന്ന് അകത്തേക്ക് കണ്ണോടിച്ചു. ബൗളിലെ കഞ്ഞി ഒരു മൺക്കലത്തിൽ അപ്പാടെ ഒഴിച്ചു ബർണറിൽ വച്ചിട്ടു ഓണാക്കി. മെല്ലെ പാത്രം ചൂടാവാൻ തുടങ്ങി.

ബർണറിലെ നീലനാളങ്ങളിൽ ശിവമുഖം തെളിഞ്ഞുവോ? തീനാളങ്ങളുടെ തുമ്പുകളിൽ മൗനരാഗമുണർന്നുവോ… തൃക്കണ്ണ് തുറന്നു. അഗ്നിവർഷത്തിലും നേർത്ത സംഗീതമുണ്ടോ, ശിവനേ!

ചീനച്ചട്ടി അടുപ്പത്തു വച്ചു. ചൂടായപ്പോൾ വെളിച്ചെണ്ണ പാർന്നു. നേരിയ പുകപടലങ്ങൾ മുകളിലേക്ക് ചിറകുനീർത്തി. പുകമണത്തിൽ വൈഷ്ണവിന്റെ മുഖം വിയർത്തു. അവൻ ഹോബിന്റെ സ്വിച്ച് ഓൺ ചെയ്തു. അതിന്റെ മുരൾച്ചയിൽ പുകമണം മാനം നോക്കി പുറത്തേക്ക് പറന്നു.

പപ്പടം എവിടെ? ഓ, ഫ്രിഡ്ജിൽ വച്ചിരുന്നു. വീണ്ടും ഫ്രിഡ്ജിന്റെ കതകു തുറന്നപ്പോൾ കോടമഞ്ഞിന്റെ സൂചികൾ വൈഷ്ണവിന്റെ നെറ്റിയിലേക്ക് ആഴ്ന്നിറങ്ങി. നല്ല തണുപ്പുണ്ട്.

പപ്പടത്തിന്റെ പായ്ക്കറ്റ് എടുത്തു. വറ്റൽമുളകും തപ്പിയെടുത്തു. തിളയ്ക്കുന്ന എണ്ണയിൽ പപ്പടം ഇട്ടപ്പോൾ ഒളിഞ്ഞുകിടന്ന വികാരങ്ങളുടെ കുമിളകൾ പൊട്ടിവിടർന്നു. പത്തി വിടർത്തി. കമ്പിമുനയിൽ കോർത്തെടുത്ത പപ്പടത്തിൽനിന്നും എണ്ണ വാലാൻ വച്ചു. വറുത്തെടുത്ത പപ്പടം മാറ്റിവച്ചിട്ട് ഒരുപിടി വറ്റലും എടുത്തു ചട്ടിയിൽ ഇട്ടു. എരിവും പുകയും മുകളിലേക്ക് ചീറി. ചൂടുപുക ഹോബിലൂടെ ഒഴുകി. പുറത്തേക്ക്, പുറത്തേക്ക്…

ഇളം കറുപ്പിൽ മുളക് മൂത്തപ്പോൾ കോരിയെടുത്തു. കഞ്ഞി തിളച്ചുതുടങ്ങിയിരുന്നു. ഒരു നുള്ളു ഹിമാലയൻ കല്ലുപ്പ് എടുത്തു അതിലിട്ടിളക്കി. ചൂടോടെ രണ്ടു പ്ലേറ്റിൽ ഒഴിച്ചു. വിശപ്പില്ല. എങ്കിലും അവനു കൂട്ടായി അൽപ്പം കഞ്ഞി കുടിച്ചേക്കാം!

പപ്പടവും വറ്റലും ഒരു പ്ലേറ്റിൽ ഇട്ടു. അച്ചാർകുപ്പിയിൽനിന്നും നാല് കടുമാങ്ങ തപ്പിയെടുത്തു. അൽപ്പം ചാറും കോരിയെടുത്തു. പിഞ്ഞാണത്തിൽ ചോരനിറത്തിൽ അച്ചാർ സമനില തേടി പരന്നു.
എല്ലാം റെഡി.
കുളിമുറിയുടെ വാതിൽ തുറന്നു കബീർ പുറത്തേക്കു വന്നു. നനഞ്ഞുകുതിർന്ന്. ഉലഞ്ഞ ജടയിൽനിന്നും ഗംഗ ഇറ്റുവീണു. കണ്ണുകളിൽ ചന്ദ്രിക തെളിഞ്ഞു.

ചുണ്ടിലിപ്പോൾ അനുരാഗം നിറഞ്ഞു, പഹാഡിരാഗത്തിൽ….
“ജാലകത്തിരശ്ശീല നീക്കി ജാലമെറിയുവതെന്തിനോ…”

ബാബുരാജ് മുറിയിലിരുന്നു മൂളുന്നുവോ? അറിയാതെ വൈഷ്ണവ് ചേർന്നു പാടി, “തേൻ പുരട്ടിയ മുള്ളുകൾ നീ കരളിലെറിയുവതെന്തിനോ…”.

കോളേജ്ക്യാമ്പസിലെ പാട്ടോർമ്മകളിൽ രണ്ടുപേരും അലിഞ്ഞു.
കബീർ പാടുമ്പോൾ കയ്യും കാലും ഇളകും. ഒരു ചിത്രം വായുവിൽ വരയ്ക്കുന്നതുപോലെ ചൂണ്ടുവിരൽ അനങ്ങും. ചിലപ്പോൾ ഒരു ഗസൽഗായകന്റെ ആംഗ്യവിക്ഷേപങ്ങളോടെ താളം പിടിക്കും.

പാട്ടൊഴിഞ്ഞപ്പോൾ അവൻ കസേരയിൽ ഇരുന്നു കഞ്ഞി കുടിക്കാൻ തുടങ്ങി. പാതി മയക്കത്തിൽ ഭാംഗിന്റെ ലഹരിയിൽ, പ്രാർത്ഥിക്കുമ്പോലെയാണ് കഞ്ഞി വായിലേക്ക് കോരി ഒഴിക്കുന്നത്. വറ്റലിന്റെ ഒരു തുണ്ട് കടിച്ചെടുക്കുമ്പോൾ എരിവിൽ അവനു താളം തെറ്റിയെന്ന് തോന്നി.

വൈഷ്ണവും കുറേശ്ശെ കഞ്ഞി കോരിക്കുടിച്ചു. വിശപ്പില്ലായിരുന്നു. ഉൽക്കണ്ഠയായിരുന്നു. എന്തിനാവും അവനിപ്പോൾ, ഈ രാത്രിയിൽ ഇവിടെ വന്നത്? ഓർത്തെടുക്കാൻ ഒന്നുമില്ലാത്തയിടമാണ് ഫ്ലാറ്റിലെ ഈ ജീവിതം!

അവസാന തുള്ളിയും ഊറ്റിക്കുടിച്ചു, പപ്പടത്തിന്റെ പൊടിയും നക്കി ഏമ്പക്കവും വിട്ട് കൈകൾ കഴുകുവാൻ കബീർ വാഷ്ബേസിൻ ഉള്ളിടത്തേക്ക് പോയി. ഉച്ചത്തിൽ വായ് കുലുക്കൊഴിച്ചു തുപ്പി.

വൈഷ്ണവിന് ചിരിമുട്ടി. ഒരു മാറ്റവും ഇല്ല. കോളേജ്ഹോസ്റ്റലിൽ കുട്ടികൾ അവനെ കളിയാക്കിയിരുന്നു ഈ കോപ്രായങ്ങൾക്ക്. അവൻ ചിരിച്ചുതള്ളും. അവന് എല്ലാം നിസ്സാരമാണ്.

പാത്രങ്ങൾ ഒതുക്കിയിട്ട് രണ്ടുപേരും സോഫയിൽ ഇരുന്നു.
“പറയൂ, പ്രിയ കവീ, നിന്റെ വിശേഷങ്ങൾ. കോർപ്പറേറ്റ് രീതിയിൽ ഉള്ള നിന്റെ പുത്തൻ എഴുത്തുകൾ എന്റെ സ്വരത്തിലൂടെ ലോകം അറിയട്ടെ. ഞാനിതാ, ഒരുങ്ങിക്കഴിഞ്ഞു”.

“അതിനൊക്കെ സമയം ഉണ്ടല്ലോ കബീർ. നിന്റെ വിശേഷങ്ങൾ പറയൂ. അനിതയെ കാണാറുണ്ടോ? രേഖ ഇടയ്ക്ക് വിളിക്കുമായിരുന്നു, നിന്റെ പുതിയ പെയിന്റിംഗ്സ് കണ്ടില്ലല്ലോ എന്ന് പരാതി പറയുമായിരുന്നു. അവൾ ഫിലഡൽഫിയായിലാണ്. നിന്റെ മിഴികളിലൂടെ ആവാഹിച്ച വർണ്ണങ്ങളിൽ അവളുടെ മുഖത്തിന്റെ നിറം എന്തായിരിക്കുമെന്ന് അവൾ അത്ഭുതപ്പെട്ടിരുന്നു.
എന്റെ വരികളിൽ നിറമേയില്ലായിരുന്നു എന്നവൾ അന്നേ കണ്ടുപിടിച്ചിരുന്നു.
കാമനയുടെ തീക്ഷ്ണതയെന്ന്, നിഗൂഢതയിലെ ഇരുളെന്ന് നീ പറഞ്ഞിരുന്ന എന്റെ വരികളിലേക്ക് പിന്നെ ഞാൻ പോയില്ല കബീർ. മടുപ്പിന്റെ പഴുതാരകൾ എന്റെ കല്പനകളെ കാർന്നുതിന്നുന്നു. എഴുത്തിന്റെ ലോകം ചതിയുടെ, സ്വാർത്ഥതയുടെ, ധാർഷ്ട്യത്തിന്റെ ലോകമാണെടോ. എന്തിനായിട്ടെഴുതണം. മടുത്തു”.

വൈഷ്ണവിന്റെ സ്വരത്തിലെ രോഷം കണ്ട് കബീർ വീണ്ടും ചിരിച്ചു. അഘോരരൂപത്തിൽ കൈകൾ ആകാശത്തേക്കുയർന്നു.
കാഷ്വലായി വൈഷ്ണവ് തിരക്കി, “അതു വിടൂ. നിന്റെ കാശിവിശ്വനാഥൻ എന്തുപറയുന്നു? വിശ്വമൊന്നായി കണ്ടറിഞ്ഞതിന്റെ വരകൾ എവിടെ?”

കബീർ എന്തോ തിരയുമ്പോലെ താഴേക്കുനോക്കി. പിന്നെ, മേലോട്ടും. സോഫയിൽ ചമ്രം പടിഞ്ഞിരുന്നു യോഗഭാവം കാട്ടി. ചിന്മുദ്ര വിരലുകളിൽ തെളിഞ്ഞു. കണ്ണുകൾ മുകുളങ്ങളായി. ഒരു മാത്ര! അന്യലോകത്തുനിന്നുമിറങ്ങിവന്നാടുന്ന യക്ഷന്റെ കല്പന അവന്റെ ചുണ്ടിൽ വിരിഞ്ഞു. ദേവരാജൻ…
“ഗന്ധർവ്വ നഗരങ്ങൾ
അലങ്കരിക്കാൻ പോകും
ഇന്ദുകലേ, സഖീ ഇന്ദുകലേ…”

പാടുന്നതിനിടയിൽ അഴിഞ്ഞ ചുരുൾമുടി വാരിക്കെട്ടി ഒരു ചോന്ന റിബ്ബണിട്ടു കെട്ടിയൊതുക്കി കബീർ അവനെ നോക്കി ചിരിച്ചു. ഇന്ദുകല അവന്റെ കണ്ണിലാണ്. ചിത്രകാരന്റെ ചിരിയിലും സംഗീതമുണ്ട്.

വൈഷ്ണവ് അവന്റെ ഒരോ ചലനവും ശ്രദ്ധയോടെ വീക്ഷിച്ചു. നിസ്സംഗഭാവത്തിൽ തോൾ കുലുക്കി.

കബീർ അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും മൂളിത്തുടങ്ങി.
“കൊത്തല്ലി കൊത്തല്ലി
ഫുള്ളിപ്പറവേ...
ഓ... ഹൈ
കൊത്തികുടിയെന്ന ഓമൽ പറവേ...”
ഇപ്പോൾ ദ്വീപിലെ ഒരു നാടൻ പ്രണയമാണ് വിരിഞ്ഞത്. ഒപ്പം, ബാക്ക്പായ്ക്കിന്റെ സിബ് തുറന്നു അവൻ ഒരു കുപ്പി എടുത്തു.

ഓർമ്മയുടെ പുകമറയിൽനിന്നും ഗതകാലം തെളിഞ്ഞുവന്നു. വൈഷ്ണവിന്റെ മനസ്സിൽ മിന്നായംപോലെ ചില മുഖങ്ങൾ ഓടിയെത്തി. കോളേജ് സൗഹൃദങ്ങൾ, യൗവനഭാവങ്ങൾ…

വിപ്ലവം പറയുന്ന പ്രസാദ്, പ്രണയഗീതങ്ങൾ മൂളുന്ന കബീർ. ആരാധന വഴിയുന്ന മിഴികളുള്ള മൈഥിലി. ആയിരം നാവുള്ള അനിത. തന്നോടൊപ്പം അക്ഷരശ്ലോകങ്ങൾ ചൊല്ലുന്ന രേഖ, കബീറിനോപ്പം കോളേജിൽ ചേർന്ന കിൽത്തനിലെ സൽമ…

മഹാരാജാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ കേട്ടവരികളാണ് മൂളുന്നതിന്നും കബീർ. അവനെ സ്വാധീനിച്ച അന്തരീക്ഷം.
അവൻ പാടുമ്പോൾ എല്ലാരും ചുറ്റും കൂടും. താനും രേഖയും മാറിനിന്ന് അവനെ കേൾക്കും. എന്നും ഒരുപാട് ആരാധകവൃന്ദങ്ങൾക്കിടയിൽ അവൻ ദിനങ്ങളെ ആഘോഷിച്ചു.

വാകത്തണലിൽ കടൽക്കാറ്റിന്റെ പരിഭവങ്ങൾ ഏറ്റുവാങ്ങി എവിടെനിന്നോ അവൻ ഒഴുകിയെത്തും. ചിലപ്പോൾ റോഡിന്റെ അങ്ങേക്കരയിലുള്ള പാർക്കിൽ നിന്നോ കോളേജ്കാന്റീനിൽനിന്നോ ഹാളിൽനിന്നോ ആവും. ഇരുണ്ട ഇടനാഴിയിൽനിന്നും ആവാം. അവൻ വരുംമുൻപേ അവന്റെ ഈണങ്ങൾ മുന്നിലെത്തും. മോഹനരാഗത്തിലും പന്തുവരാളിയിലും കീർത്തനങ്ങൾ മൂളും.
കിൽത്തനിലെ കൂട്ടരോടൊത്തു കോഴിക്കോടും മംഗലാപുരത്തും പോയിവരുമ്പോൾ കൈ നിറയെ ചക്കരയുണ്ടയും ചുണ്ടുനിറയെ നാടൻപ്പാട്ടുകളും എല്ലാ ചങ്ങാതികൾക്കും വീതിച്ചു.

ഒരു കാലം! ഗതകാലം. ആഘോഷങ്ങളുടെ മേളപ്പെരുക്കം. യൗവനത്തിന്റെ തായമ്പക. അനുരാഗത്തിന്റെ ആന്ദോളനം…

മൈഥിലിയുമൊത്തുള്ള പകലുകൾ, കവിതകൾ. രേഖയുമൊത്തുള്ള സന്ധ്യകൾ, ഛായാചിത്രങ്ങൾ, കബീറുമൊത്തുള്ള കറക്കങ്ങൾ, ഭ്രാന്തൻ ആശയങ്ങൾ, പ്രസാദുമൊത്തുള്ള സംവാദങ്ങൾ, സംഘർഷങ്ങൾ, ഉറക്കമില്ലാത്ത രാത്രികൾ… എല്ലാം ആവേശഭരിതങ്ങളായിരുന്നു. പാഠങ്ങളായിരുന്നു. അസ്വസ്ഥതയുടെ അടിയൊഴുക്ക് ചുറ്റും ഉരുവപ്പെടുന്നത് താനും അറിഞ്ഞിരുന്നു.

വാർഷികത്തിന്റെ അന്നാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. സ്റ്റേജിൽ തന്റെ കവിത മൈഥിലി ചൊല്ലുന്ന നേരം. താൻ ഹാളിന് പുറത്തു നിന്ന് കേൾക്കുന്നു. പെട്ടെന്ന് ഒരു ബഹളം. അല്ല, അലറിക്കരച്ചിൽ.

ഇരുട്ടിൽ നിഴലുകളെ തള്ളിമാറ്റി താൻ ഓടിച്ചെല്ലുമ്പോൾ കണ്ടത് കബീർ ചോരയിൽ കുളിച്ചുകിടക്കുന്നതാണ്. അനങ്ങാൻ വയ്യാതെ, വൈഷ്ണവ് കല്ലായുറഞ്ഞു. ആരൊക്കെയോ ചേർന്ന് അവനെ തൊട്ടടുത്ത ആശുപത്രിയിൽ കൊണ്ടുപോയി. പിന്നെ അവനെ ആരും കണ്ടിട്ടില്ല. ദ്വീപിൽനിന്നും വന്ന ബന്ധുക്കൾ അവനെ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോയി.
അതോടെ എല്ലാം കഴിഞ്ഞു. ഇപ്പോൾ ദാ, ഇവിടെ.

കബീർ കുപ്പിയുടെ മൂടി മെല്ലെ തുറന്നു, പ്രഥമരതിസംഭോഗത്തിൽ ആത്മാവിലേക്കലിയുന്ന നിർവൃതിപോലെ, ക്ഷമയോടെ. മൂടി തുറന്നപ്പോൾ ചാരായത്തിന്റെ രൂക്ഷഗന്ധം പുറത്തേക്കു
തള്ളിവന്നു. വൈഷ്ണവിനു മനംപുരട്ടി.
ഡപ്പിയിലുണ്ടായിരുന്ന മധുകണം അവൻ നാവിലിറ്റിച്ചു.
“ഹിമശൈല സൈകത ഭൂമിയിൽ നിന്നൊരു പ്രണയപരാഗമായ് വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന പ്രഥമോദബിന്ദുവായ്‌ തീർന്നു…”
കബീർ മൂളി. അവന്റെ വിരലുകൾ നൃത്തം വരച്ചു. അജ്ഞാതചിത്രം വായുവിൽ നിറഞ്ഞു. “കോഴിക്കോട് ബാബുക്കയുടെ ഒരു ശിഷ്യന്റെ കീഴിലാണ് മോനേ, സംഗീതം പഠിച്ചത്. ചിത്രങ്ങളുടെയും നിറങ്ങളുടെയും മാസ്മരികലോകത്ത് സംഗീതത്തിനും സ്ഥാനമുണ്ട്. രണ്ടും കോപ്ളിമെന്ററി ആണ്. നിന്റെ ഒരു കവിത എനിക്ക് വരയ്ക്കണം. നിന്നെയും വരയ്ക്കണം. അതിനാണ് ഞാൻ ഇവിടെ വന്നത്”.

വൈഷ്ണവ് വിഷയം മാറ്റി. ചാരായക്കുപ്പിയിലേക്ക് നോക്കി.
“ആഹാ, ഇതുമായിട്ടായിരുന്നുവോ ട്രെയിനിൽ സഞ്ചാരം?” വൈഷ്ണവിന്റെ സ്വരത്തിൽ കപടകോപം നിറഞ്ഞു.
“നമുക്കെന്ത് ട്രെയിൻ! വായുവിലൂടെ ഒഴുകിനടക്കുന്നു. ഇവിടെ എത്തി. എന്റെ ചങ്ങാതിയെ കാണാൻ. കഥകളും കവിതകളും അറിയാൻ. ഇതിലും കൂടുതൽ എന്തുവേണം?”
വൈഷ്ണവ് രണ്ടുഗ്ലാസ്‌ കഴുകി കോഫിടേബിളിൽ കൊണ്ടുവച്ചു. കബീർ രണ്ടു ഗ്ളാസുകളിലും ചാരായം ഒഴിച്ചു.
“മധുവൂറും ചുണ്ടിലെ
പ്രണയത്തിൻ ഈരടികൾ
മൂളുവാനെന്തേ നീ വന്നില്ല,
സഖീ, നീ മാത്രമെന്തേ വന്നില്ല…”

“ഓർമ്മയുണ്ടോ ഈ വരികൾ, മഹാകവീ?” കബീർ കുസൃതിച്ചിരിയോടെ ആരാഞ്ഞു.
സൽമയും നീയും പാടിയതല്ലേ, എന്റെ വരികൾ? പണ്ട്, പണ്ടെന്നോ…

വൈഷ്ണവ് ഏതോ ഓർമ്മയിൽ ചില വരികൾ തപ്പി. ഒന്നും തോന്നിയില്ല. മറവി… കല്പനകൾ എല്ലാം വെറുതേ… ഇന്ന് തന്റെ എഴുത്തുകളിൽ രാഷ്ട്രീയഭാവം മാത്രം!

“നിന്റെ മൗനത്തിന്നാഴത്തിലേകാന്ത-
നൊമ്പരച്ചുഴികളിൽ,
കാണാവ്യഥയുടെ കുത്തൊഴുക്കിൽ
നിന്നിലലിയാൻ കൊതിച്ചതും
നിന്റെ രതികാമനയുടെ നീർച്ചാലുകളിൽ
മയങ്ങിത്തുടിച്ചതും
ഏതോ കൂലങ്ങളിലൊളിച്ചു കളിച്ചതും
നിദ്രാവിഹീനനായ് കാതരഭാവത്തിൽ,
മാസ്മരചിന്തയിൽ
വേപഥുപൂണ്ടതും
നിന്നെപ്പിരിഞ്ഞതുമോർമ്മയില്ലേ?
പെരിയാറേ,
പേരറിയാ കുളിരാറേ…

കബീറിനെന്നും ഇഷ്ടമായിരുന്ന വരികൾ അറിയാതെ മനസ്സിലേക്കൊഴുകിവന്നു. ഇല്ല, ആ കാലം ഇനിയില്ല.

എന്തിനീ വഴി നീ വന്നു, കബീർ?
കാറ്റിൽ ഇളകുന്ന കബീറിന്റ ചുരുൾമുടിയിൽ നോക്കി വൈഷ്ണവ്.
രേഖയുടെ ക്രെയ്സ്!
കൈനീട്ടി ഗ്ലാസ്സിലെ ചാരായം ഓരോ സിപ് ആയി മൊത്തിക്കുടിച്ചു. തൊണ്ടയിലൂടെ ദ്രാവകം ഇറങ്ങിയപ്പോൾ വൈഷ്ണവിനു ഒക്കാനിക്കാൻ തോന്നി.

വൈഷ്ണവ് കബീറിനെ സൂക്ഷിച്ചുനോക്കി. “എന്തിനാണ് നീയീവഴി വീണ്ടും വന്നത്? വിദ്യാർത്ഥിജീവിതത്തിലെ ആശയസംഘർഷങ്ങൾ അന്നേ ഒടുങ്ങിയില്ലേ? വീണ്ടും എന്തിനീ വഴിയേ?” അവന്റെ സ്വരം അറിയാതെ ഉയർന്നു.

മറുപടി പറയാതെ കബീർ ചുറ്റും നോക്കി. സിറ്റിംഗ് റൂം, അടുക്കള, ഒരു കിടപ്പുമുറി. എല്ലാം അടുക്കും ചിട്ടയുമായി കിടപ്പുണ്ട്. മൗനമായിരുന്നുകൊണ്ടെല്ലാം അവൻ ഉള്ളിലേക്കാവാഹിച്ചു. കടുത്ത നിറം മനസ്സിൽ ചാലിച്ചു. വൈഷ്ണവിനെ ഉറ്റുനോക്കി. കബീറിന്റെ കണ്ണുകളിൽ കാലഭൈരവന്റെ ശാന്തഭാവമുണ്ടോ, അവൻ വിസ്മയിച്ചു. ഓരോരോ തോന്നലുകൾ.

സെൽഫോൺ ശബ്ദം പെട്ടെന്നു മുഴങ്ങിയപ്പോൾ വൈഷ്ണവ് ഞെട്ടി. മണിനാദം… അവനു ഈർഷ്യ തോന്നി. മരണമണിയോ ഇത്!
കബീറിന്റെ ജ്യേഷ്ഠനാണ്. സംസാരിച്ചു. കഴിഞ്ഞപ്പോൾ ഫോണിൽ വാട്ട്‌സ്ആപ്പിൽ എന്തോ അവൻ തിരഞ്ഞു. കിട്ടിയപ്പോൾ അവനത് വൈഷ്ണവിന്റെ നേരേ നീട്ടി. സ്‌ത്രീരൂപത്തിൽ ശിവൻ! കഴുത്തിൽ പാമ്പുകൾ ഇഴയുന്നു. യോഗാസനമുദ്രകളിൽ വിരലുകൾ. പെരുവിരലും ചൂണ്ടുവിരലും എന്തോ നുള്ളിയെടുക്കുമ്പോലെ. അതിനിടയിൽ ഒരു ജീവിയുടെ തല! തന്റെ മുഖവുമായി സാമ്യമുണ്ടോ?

അവനെ നോക്കി. വീണ്ടും ചിത്രത്തിൽ കണ്ണെറിഞ്ഞു. പെൺമുഖം. ശിവരൂപം! ആലസ്യത്തിൽ തൃക്കണ്ണ്. ജടയ്ക്കുള്ളിൽ ചന്ദ്രക്കല. എറിച്ചുനിൽക്കുന്ന മുലകൾ മറച്ചിട്ടില്ല. ചമ്രം പടിഞ്ഞിരിക്കുന്നത് അർദ്ധനാരിയല്ല. പൂർണ്ണമായ പെൺശിവരൂപം! കഴുത്തിൽ പത്തി വിതുർത്തിയാടുന്ന സർപ്പങ്ങളേയും കണ്ടപ്പോൾ മുഖപരിചയം തോന്നി.

“എന്റെ ഒരു പെൺസുഹൃത്തിനോടൊപ്പം ഒരു രാത്രി രതിയിൽ ഉഴറിയപ്പോൾ വരച്ചതാണ്”, കബീർ പറഞ്ഞു.
നന്നായിരിക്കുന്നു എന്ന് മെല്ലെ പിറുപിറുത്തു വൈഷ്ണവ്. കബീർ സോഫയിലേക്ക് ഫോൺ അലസമായി എറിഞ്ഞു.

പിന്നെന്തോ, മറന്നുപോയത് തിരിച്ചെടുക്കുംപോലെ പറഞ്ഞു, “ഇവിടെ എനിക്കൊരു പോസിറ്റീവ് വൈബ് കിട്ടുന്നുണ്ട്. ഓർമ്മയിൽ ചില ചിത്രങ്ങൾ തെളിയുന്നു. തപസ്സിരിക്കുവാനുള്ള മുഹൂർത്തം. ഒരു പത്തുമിനുട്ട് വേണം. യോഗ ചെയ്യാനുള്ള സമയമായി. നഗ്നരൂപത്തിലാണ് ഞാൻ യോഗ ചെയ്യുന്നത്. എന്റെ അതീന്ദ്രിയജ്ഞാനത്തിലൂടെ നിന്റെ ആത്മാവിനെയും എനിക്കുകാണണം. നിന്റെ കന്മഷം അകറ്റണം. ഓം കാളി, രുദ്രകാളി, മഹാകാളി…”

കബീർ വായുവിൽ നോക്കി അലറി. വൈഷ്ണവ് ഒന്ന് ഞെട്ടി. തോളൊന്നു കുടഞ്ഞു അവൻ കൗതുകത്തോടെ കബീറിനെ നോക്കി. ഇതെന്തു പേക്കൂത്ത്!

എന്തു ഭാവിച്ചാണിവനിങ്ങനെ? ഒന്നും പറഞ്ഞില്ല. അവനോട് സോഫയിൽ ഇരുന്നു യോഗ ചെയ്യാനുള്ള സ്ഥലമൊരുക്കി വൈഷ്ണവ്.

കബീർ നിശ്ശബ്ദനായി. പെട്ടെന്നൊരു ഉൾവലിവിൽ അവനേതോ ഗർത്തത്തിലേക്കാണ്ടിറങ്ങിയതുപോലെ തോന്നി, വൈഷ്ണവിന്.

കബീറിന്റെ അരക്കെട്ടിൽ നിന്നും ഷോർട്സ് ഊർന്നുപോയതും അവൻ അറിഞ്ഞതേയില്ല.
നഗ്നരൂപത്തിൽ ഒരു യോഗി. വൈഷ്ണവിന്റെ ഉള്ളിൽ പേടിയുടെ തലകൾ പൊന്തിവന്നു. നിശ്ശബ്ദത അവിടമെല്ലാം നിറഞ്ഞു. കബീർ വേറെ ഏതോ ലോകത്താണ്. അവിടെ ആരുമില്ല. അവൻപോലുമില്ല. ചെറുകാറ്റിൽ വിറക്കുന്ന തളിര്പോലെ അവന്റെ നെഞ്ചിൻകൂട് മിടിക്കുന്നുണ്ട്.

‘മൂകത നൃത്തം ചവിട്ടുന്ന വേളയിൽ
കാൽത്തളപോലും കിലുങ്ങിയില്ല
മൃതിദേവതേ നീയെന്തിനോടിയെത്തി
ഗതകാലത്തിരകളിൽ അലിയുവാനോ,
കാലികചിത്രം വരയ്ക്കുവാനോ?’

ആശങ്കളെ വകഞ്ഞുമാറ്റി വൈഷ്ണവ് കിടപ്പുമുറിയിലേക്ക് പോയി. രണ്ടാമൂഴം കയ്യിലെടുത്തു. പാഞ്ചാലിയെ വീണ്ടും പഠിക്കാൻ. അവളുടെ കാമനകളെ അറിയാൻ.

മതിലിലെ ഘടികാരം വൃത്തം വരച്ചുകൊണ്ടേയിരുന്നു. തൊട്ടരികിൽ ഒരു പല്ലി ചിലച്ചു. ഒരു നിമിഷം, ഒരു കൊതുക് പല്ലിയുടെ നാവിലൊട്ടി. ഇരയുടെ ലോകം ഇല്ലാതായി. പല്ലി വിജയിച്ചു. അതിന് അതിജീവനത്തിനുള്ള ഊർജ്ജം കിട്ടി. മതിലിൽ ഒട്ടിപ്പിടിച്ചു അതിനു മടുത്തുവോ? പല്ലി താഴെ വീണു. വാല് മുറിഞ്ഞു.

വൈഷ്ണവിന്റെ മനസ്സിൽ ഒരു കഥയുടെ നൂല് പൊട്ടിവീണ്, പല്ലിയുടെ വാലുപോലെ പിടഞ്ഞു. സുഷുപ്തിയുടെ ആദ്യപടിയിലേക്കവൻ ചോടുവച്ചു.
“ശക്തിസഹിതഗണപതീം
ശങ്കരാധി സേവിതം വി-
രക്തസഹിതമുനിവരസുര-
രാജവിനുത ഗുരുമുഖം...”

ശിവസ്തോത്രം വായുവിൽ താണ്ഡവമാടി.
ഞെട്ടിപ്പോയി വൈഷ്ണവ്. കണ്ണുതുറന്നു.

ധീരശങ്കരതാളത്തിലാടുന്ന മിഴികളുമായി കബീർ തന്റെയരികിൽ! നെറ്റിയിൽ ഭസ്മക്കുറി. അഘോരരൂപമുഖം. കയ്യിൽ ശൂലം? അല്ല. കഠാരം!
അതിന്റെ മുന ഇപ്പോൾ വൈഷ്ണവിന്റെ കവിളിലാണ്. ചോര പൊടിയുന്നുണ്ടോ? ചെറിയ നീറ്റൽ തോന്നി. നിർന്നിമേഷനായി അവൻ കബീറിനെ നോക്കി. പേടി മരിച്ചു.

അവന്റെ ശാന്തതയിൽ ഏതോ നിഗൂഢജാലകം തുറന്നുവരുന്നു. അവൻ ഒരു ചിത്രം വരച്ചുതുടങ്ങി. അവന്റെ ചുണ്ടിലൂറിയ ചിത്രത്തിനു നിറം വച്ചു. അർത്ഥം അറിഞ്ഞു.
“വൈഷ്ണവ്, യോഗനിദ്ര തുടങ്ങുംമുൻപേ എനിക്കൊരു ചോദ്യം മനസ്സിലുദിച്ചിരുന്നു. കറുത്ത അക്ഷരങ്ങളാൽ കോറിയിട്ടത്. അന്ന്, ഞാൻ എവിടെയാണെന്ന് പ്രസാദിനോട് പറഞ്ഞത് എന്തിനായിരുന്നു? നീയാണ് പറഞ്ഞതെന്ന് അവൻ പോലീസിൽ മൊഴി കൊടുത്തിരുന്നു. നിനക്കറിയാമായിരുന്നു, ആ അഭിശപ്തരാത്രിയിൽ ആഘോഷങ്ങൾക്കും അപ്പുറം ആശയങ്ങളുടെയും ഉന്മൂലനം ഉണ്ടാവുമായിരുന്നു എന്ന്. തമ്മിൽ ചേരാത്തതിന്റെ ഇല്ലായ്മക്ക് നീയും കൂട്ടുനിന്നു. കരയിലുള്ളോരെ വിശ്വസിക്കരുതെന്ന് ദ്വീപുകാര് പറഞ്ഞത് ഞാൻ വിശ്വസിച്ചിരുന്നില്ല. നീയെനിക്ക് പ്രിയപ്പെട്ടവനല്ലേ, എന്നിട്ടും എന്റെ ചോരയുടെ നിറം നീ കറുപ്പിച്ചു. എന്തിനെന്ന ചോദ്യത്തിന്റെ ഉത്തരം തേടി അലയാത്ത നാടുകളില്ല. ഇന്നിതാ, ഇവിടെവച്ച്, എന്റെ നിദ്രയുടെ ഒടുക്കം നിന്നെ, നിന്റെ യഥാർത്ഥരൂപത്തിൽ വരക്കുവാൻ ഞാൻ വന്നിരിക്കുന്നു. നിന്റെ നഗ്നരൂപം ഇന്ന് ഞാൻ വരയ്ക്കുന്നു. എന്റെ മോഡലാണ് നീയിന്ന്”.

കബീറിന്റെ സ്വരം ഭൂതത്തിൽനിന്നുമിറങ്ങിവന്നു സംഹാരതാണ്ഡവമാടുന്നതുപോലെ തോന്നി വൈഷ്ണവിന്. അനങ്ങാതെ അവൻ ചുണ്ടിൽ ഒരു തരി വെട്ടവുമായി നീണ്ടുനിവർന്നു കിടന്നു. കണ്ണുകളിൽ വിജയത്തിന്റെ തീജ്വാല വിടർന്നു. സാകൂതം അവൻ കബീറിനെ നോക്കിക്കിടന്നു. അനങ്ങാതെ.
കബീർ തുടർന്നു. മുനയുള്ള വാക്കുകൾ മുറിയിൽ പടർന്നു.
“നിനക്കറിയുമോ, നിങ്ങളെല്ലാം ആയിരുന്നു എന്റെ ലോകം. രേഖയോടുള്ള നിന്റെ അഭിനിവേശം എനിക്കറിയാമായിരുന്നു. പക്ഷേ, അവൾക്കെന്നോടുള്ള പ്രണയം നിനക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ല. ഭൗതികലോകത്തിന്റെ സ്വാർത്ഥതയിൽ നീ എന്നെ ബലിയാടാക്കി. നിന്റെ ഈ സ്വാർത്ഥരൂപം എനിക്കുവേണം. ഫോർട്ടുകൊച്ചിയിലെ വരുന്ന ബിനാലേയിൽ നിന്റെ ചോരയിൽ, നിന്റെ മാംസത്തിൽ ഞാനൊരു രൂപം വരച്ചുവയ്ക്കും. നിന്റെ ചോരയും മാംസവുംകൊണ്ടൊരു യൂദാസ്സിനെ സൃഷ്ടിക്കും”.

അവന്റെ കഠാരയുടെ തുമ്പിൽ വൈഷ്ണവിന്റെ കവിൾത്തടം ഒരു ക്യാൻവാസ് ആയോ? ഷർട്ടിന്റെ ബട്ടനുകൾ കഠാരകൊണ്ട് അവൻ മുറിച്ചടർത്തിയത് വൈഷ്ണവ് അറിഞ്ഞു. ചിത്രരചനയുടെ ആദ്യവരകളിൽ നോവുകളുണ്ടാവില്ല. സൃഷ്ടിയുടെ ആവേശം മാത്രം. നിറങ്ങൾ കൊടുക്കുവാനുള്ള തിടുക്കം മാത്രം.

രതിനിർവൃതി അനുഭവിക്കുന്ന രോമകൂപങ്ങളിൽ ചോര പൊടിഞ്ഞു.
പതുക്കെ അവന്റെ നെഞ്ചിൻകൂട്ടിലൂടെ കൂർത്തമുള്ളുകൾ താഴോട്ടുവരഞ്ഞുകൊണ്ട് നാഭിയിൽ ഒരു നിമിഷം വിശ്രമിച്ചു. ചോന്ന തുള്ളികൾ നാഭിയിൽ നിറഞ്ഞു.

കടുംനിറങ്ങൾ നാഭിയിൽനിന്നും തുളുമ്പിയടർന്നു. ഒപ്പം കഠാരമുന താഴെക്കൊഴുകി. ബലത്തിൽ ആഞ്ഞൊരു വര! വൈഷ്ണവിന്റെ ഷോർട്സ് മുറിഞ്ഞുപിടഞ്ഞു. നീലനിറത്തിലുള്ള അടിവസ്ത്രം ചോപ്പിൽ കുതിർന്നു.

വൈഷ്ണവ് അവന്റെ നഗ്നതയിൽ വെന്തു. എല്ലാം എരിഞ്ഞുതീർന്നുവോ? ഇപ്പോൾ അവനൊരു മോഡൽ മാത്രം. ജീവനില്ല. ജീവൻ വേണ്ട. കവിത വേണ്ട. അക്ഷരങ്ങൾ വേണ്ട. ആത്മാവും വേണ്ട. ഒരു ശില. കബീറിന്റെ വ്യാഖ്യാനങ്ങൾക്കുവേണ്ടിയുള്ള മൂർത്തരൂപം മാത്രം.

എന്നിട്ടും തുടയിടുക്കിലെ മൂത്രത്തിന്റെ നനവിൽ അവൻ വിയർത്തു. അന്നേരമവൻ അഘോരിയുടെ കണ്ണിലേക്കുറ്റുനോക്കി. കബീറിനെല്ലാം മനസിലായി!

ഒരു വിജിഗീഷുവിന്റെ ധാർഷ്ട്യം കബീറിൽ കണ്ടു. വൈഷ്ണവിന്റെ കണ്ണുകൾ കബീർ മെല്ലെ തഴുകി അടച്ചു. വൈഷ്ണവിന്റെ കണ്ണിൽ പൊടിഞ്ഞിരുന്ന കണ്ണുനീർതുള്ളികൾ ചൂണ്ടുവിരലാൽ അവൻ ഒപ്പിയെടുത്തു.

അവന്റെ മറുകൈ ഉയർന്നുതാഴുന്നതറിഞ്ഞു. വായു പേടിച്ചു വഴിമാറി. വൈഷ്ണവിന് ശ്വാസം മുട്ടി.
തുടകൾക്കിടയിൽ കഠാരയിറങ്ങുന്ന കഠിനനൊമ്പരം. വൈഷ്ണവ് അലറി, “അമ്മേ…”.

കബീർ അവന്റെ വാ പൊത്തി. ഒരിക്കൽകൂടി മാംസത്തിലേക്ക് കത്തിയിറങ്ങി. അവനും അലറി,
“എന്റെ പത്തു ശിരസ്സുകളോടും ഞാന്‍ ചോദിക്കുന്നു:
പറയൂ, നിങ്ങളില്‍ ആരാണ് ഞാന്‍?
ഏതാണ് എന്റെ മുഖം ,
എന്റെ ചിരി, എന്റെ കരച്ചില്‍…”

ഉള്ളിലെ നോവിലും മൃതിയുടെ വലിവിലും വൈഷ്ണവ് മന്ദഹസിച്ചു. സച്ചിദായുടെ വരികൾ അവനല്ല, താനാണ് അലറേണ്ടത്.

കഠാരയിൽ ഊറിയ ചോര നുണഞ്ഞും വിരലുകളിൽ മാംസത്തുണ്ടുകൾ ചേർത്തുവച്ചും കബീർ എഴുന്നേറ്റുനിന്നു. അവൻ മുറിയാകെ നിറഞ്ഞുനിന്നു. വൈഷ്ണവിന്റെ ചോരവാർന്ന നഗ്നരൂപം ഉള്ളിലേക്ക് ആവാഹിച്ചു. വർണ്ണങ്ങൾ വാരിവിതറിയ മനുഷ്യസത്യം വരഞ്ഞുതീർന്നുകാണും.
“യാത്ര… ഇനിയീവഴി ഞാൻ വരില്ല. നിന്റെ തുട പിളർന്നൊരു മാംസത്തുണ്ട് ഞാൻ എടുത്തിട്ടുണ്ട്. നൂറായരിഞ്ഞു നൂറുകുടങ്ങളിൽ ഞാൻ ഇവയെല്ലാം വെട്ടം കാണാതെ സൂക്ഷിക്കും. നൂറാം ദിനത്തിൽ അവയെല്ലാം നൂറുപുഷ്പങ്ങളായി നൂറുവർണ്ണത്തിൽ വിരിയുമ്പോൾ ബിനാലേയിൽ ഈ പൂക്കളെ ഞാൻ കാഴ്ചവസ്തു ആക്കും. യാത്ര! മരണമേ, യാത്ര. ഭാഗ്യം നിനക്കുണ്ടെങ്കിൽ അടുത്ത ജന്മത്തിൽ കാണാം. അന്നും നീയെനിക്കു പ്രിയപ്പെട്ടവനായിരിക്കും”.

കിടപ്പുമുറിയുടെ വാതിൽ മെല്ലെ ചാരി കാലഭൈരവൻ നടന്നകലുന്ന ശബ്ദം വൈഷ്ണവിന്റെ കാതിൽ വീണു.
വർണ്ണചിത്രങ്ങൾ വരച്ചുകൊണ്ട് അവന്റെ ചോര കട്ടിലിലൂടെ ഒഴുകി. മരവിക്കുന്ന ശരീരത്തെ മരിക്കാൻ അനുവദിച്ചുകൊണ്ട് അവൻ കിടന്നു, പുനർജ്ജന്മത്തിനായി.
===

 

Join WhatsApp News
സുധാകരൻ.കെ 2023-11-24 03:46:00
ലളിതമായി തുടങ്ങി വല്ലാത്തൊരു പരിസമാപ്തിയിലെത്തുന്നു കഥ. ശരിക്കും രണ്ടു കഥാപാത്രങ്ങളുള്ള ഒരു വിചിത്ര നാടകം പോലെ. മനസ്സിൽ നൊമ്പരക്കാറ്റ് വിതച്ചു യാത്രയാകുന്ന രണ്ടു പേർ. കഥ നല്ല ആകാംക്ഷയോടെ വായിച്ചുപോകാവുന്ന രീതിയിൽ.. ഡോക്ടർ അജയ് നാരായണന്റെ വ്യത്യസ്തമായ ഒരു അവതരണ ശൈലി.. ആശംസകൾ 💐💐💐
ജബീറ 2023-11-24 04:40:19
ഗംഭീരം. വിഷ്ണുവും ശിവനും ... ആശയവും അവതരണവും അസാമാന്യമായ ചാരുത
വിഷ്ണു പകൽക്കുറി 2023-11-24 06:43:13
നല്ല കഥ, ആശംസകൾ
എം. മാധവൻകുട്ടി മേനോൻ 2023-11-24 06:54:31
താങ്കളുടെ "നിഗൂഢ ജാലകങ്ങൾ തുറക്കുമ്പോൾ" എന്ന ചെറുകഥ ഞാൻ താല്പര്യപൂർവ്വം വായിച്ചു. എനിക്ക് കഥ വളരെ ഇഷ്ടമായി. കഥയുടെ അവസാനം എന്നെ ശരിക്കും ഞെട്ടിച്ചു. എൻ്റെ ഹാർദ്ദവമായ അഭിനന്ദനങ്ങൾ.
shafi 2023-11-24 11:42:21
പ്രിയ സൗഹൃദം അജയ് മാഷിന്റെ എഴുത്ത് വായിച്ചു. നന്നായിട്ടുണ്ട്. സന്തോഷം മാഷേ
മായ ബാലകൃഷ്ണൻ 2023-11-24 14:46:44
അജയ് സാറിന്റെ വ്യത്യസ്തമായ ശൈലിയിൽ ഒന്ന്! നല്ല നിലവാരമുള്ള കഥ. അഭിനന്ദനങ്ങൾ!
Ajay 2023-11-25 04:13:45
വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും കഥ സ്വീകരിച്ച ഈമലയാളിക്കും നന്ദി
ദർശന 2023-11-25 04:52:00
പ്രിയ മിത്രമേ, താങ്കളുടെ കഥ ഇഷ്ടമായി. അവതരണം വളരെ നന്നായിട്ടുണ്ട്. ലഹരിയിൽ നിറയുന്ന ഭക്തിയും ഭക്തിയിൽ നിറയുന്ന ലഹരി. ലഹരിയിൽ മുങ്ങുന്ന യൗവനം. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ കഥയുടെ ലോകത്ത് ഇനിയും ഉയരങ്ങളിലേക്കെത്താൻ കഴിയട്ടെ .
ഭരതൻ 2023-11-25 06:58:13
പതിഞ്ഞ താളത്തിൽ തുടങ്ങി ധൃത താളത്തിൽ അവസാനിക്കുന്ന കഥ. ഒരു ചെണ്ട മേളത്തിന്റെ സൗന്ദര്യം ഉണ്ട്. ഒരുപാട് സുന്ദര മുഹൂർത്തങ്ങൾ കാണാം.ഇഷ്ടപ്പെട്ടു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക