Image

മലമുകളില്‍ സര്‍വസംഗ പരിത്യാഗിയായി മെത്രാന്‍; ആര്‍ക്കും പോകാന്‍ ഒരാശ്രമം (കുര്യന്‍ പാമ്പാടി)

Published on 25 November, 2023
 മലമുകളില്‍ സര്‍വസംഗ പരിത്യാഗിയായി മെത്രാന്‍; ആര്‍ക്കും പോകാന്‍ ഒരാശ്രമം (കുര്യന്‍ പാമ്പാടി)

photo: സ്വര്‍ണ്ണക്കൊലുസുകള്‍  എനിക്കൊരു ഭാരം

കോട്ടയം- കുമിളി ദേശീയ പാതയില്‍  കാഞ്ഞിരപ്പള്ളി, മുണ്ടക്കയം,  വളഞ്ഞങ്ങാനം വഴി മലകയറിച്ചെന്നാല്‍ മുറിഞ്ഞപുഴ. അവിടെ നിന്ന് വലത്തോട്ടു രണ്ടര കിമീ പോയാല്‍ ടൂറിസ്റ്റു കേന്ദ്രമായ പഞ്ചാലിമേടിനടുത്ത് നല്ലതണ്ണിയില്‍ ഒരു പര്‍ണാശ്രമം. അവിടെയാണ് മാര്‍ ജേക്കബ് മുരിക്കന്റെ ഏകാന്ത വാസം.

മാര്‍ ജേക്കബ് മുരിക്കന്‍-ഇതാണെന്റെ സായൂജ്യം

ഏകാന്തം എന്ന് പറഞ്ഞുകൂടാ. കത്തോലിക്കാ സഭയുടെ പാലാ രൂപതയിലെ സഹായമെത്രാന്‍ എന്ന അധികാരസ്ഥാനങ്ങളെല്ലാം ഒരു വര്‍ഷം  മുമ്പ് വലിച്ചെറിഞ്ഞ  അദ്ദേഹത്തെ കാണാനും അനുഗ്രഹം തേടാനുമായി തീര്‍ത്ഥാടകരുടെ നിലക്കാത്ത പ്രവാഹമാണ്. ആരോടും അനിഷ്ടമില്ല. ആര്‍ക്കും എപ്പോഴും  വരാം. സ്വന്തമായി പാചകം ചെയ്യുന്ന കഞ്ഞിയും പയറും ഉപ്പേരിയും അച്ചാറും ചൂടോടെ അദ്ദേഹം വിളമ്പിത്തരും.

അതിഥി ദേവോ ഭവ--അതിഥികള്‍ ദൈവമാണ് എന്നദ്ദേഹം കരുതുന്നു. പ്രതിഫലം ഒന്നും വേണ്ടാതെ നിഷ്‌കാമ കര്‍മ്മം ചെയ്യുകയാണ് അദ്ദേഹം. തന്റെ ജീവിതം കൊണ്ട് ആര്‍കെങ്കിലും സമാധാനമോ സന്തുഷ്ടിയോ കിട്ടുന്നെങ്കില്‍ അതാണ് പ്രതിഫലം.  രാവിലെ ഏഴുമണിക്ക് ഞങ്ങള്‍ എത്തുമ്പോള്‍ സിപിഎമ്മിന്റെ പാലാ ഏരിയാ സെക്രട്ടറി അപ്പച്ചനും സുഹൃത്ത് ജോയിയും എത്തിക്കഴിഞ്ഞിരുന്നു. അവര്‍ പണ്ടേ അടുപ്പക്കാരാണ്.

 സൂരജിന് വൃക്ക നല്‍കിയ ശേഷം; ഫാ. ഡേവിസ് ചിറമ്മല്‍ വലത്ത്

ഹെര്‍മിറ്റേജ് എന്ന ആശ്രമത്തിനു ഏക്കറൊന്നുമില്ല, ഏതാനും സെന്റ് സ്ഥലം മാത്രം. തണുപ്പുള്ള പ്രദേശം ആകയാല്‍ ഷീറ്റിട്ട ചെറിയൊരു കെട്ടിടം. ഒതുക്കു കല്ലുകള്‍ കൊണ്ടുള്ള പടികള്‍. നല്ലതണ്ണിയില്‍ എത്തുമ്പോഴേ കാണാം ഹെര്‍മിറ്റേജ് എന്ന ആശ്രമത്തിന്റെ ചെറിയൊരു ബോര്‍ഡ്. പടികള്‍ക്കു ഇരുവശവും മഞ്ഞ ബന്തിപ്പൂക്കളുടെ വേലിക്കെട്ട്.  ഹെര്‍മിറ്റേജിനു തൊട്ടു താഴെ  ചെറിയൊരു കാര്‍ പാര്‍ക്കിങ്.

സ്വന്തം ലൈബ്രറിയില്‍: വൃക്ക നല്‍കിയ ശേഷം സഹോദരങ്ങള്‍ക്കൊപ്പം

വടവാതൂര്‍ മേജര്‍ സെമിനാരിയില്‍ ഗുരുവായിരുന്ന  വിശ്രുത സഭാ ചരിത്രകാരന്‍ ഡോ. സേവ്യര്‍ കൂടപ്പുഴ (89) നല്ലതണ്ണിയില്‍ സ്ഥാപിച്ച മാത്തോമ്മ ദയറാ എന്ന ആശ്രമത്തിന്റെ ഒരരികിലാണ് ശിഷ്യന് കഴിയാനൊരിടം  നല്‍കിയിട്ടുള്ളത്.

ലൈബ്രറിയില്‍; സ്വന്തം ലേഖനങ്ങളുടെ സമാഹാരം

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അമ്മ വീടാണ് മാര്‍ മുരിക്കന്റെ മുട്ടുചിറയിലെ തറവാട്.  കുറവിലങ്ങാട് ദേവമാതാ കോളജില്‍ നിന്ന് ഇക്കണോമിക്സില്‍ എംഎ എടുത്തു.  പാലാ രൂപതയുടെ ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ അപ്പസ്‌തോലിക സെമിനാരിയിലും പഠിച്ചു. 1993 ല്‍ വൈദികനായി. 2012 ല്‍ സഹായമെത്രാനും. 60 വയസ്.

നല്ലതണ്ണി മലമുകളിലെ ആശ്രമം

വിവിധ ഇടവകകളില്‍ വികാരിയായി സേവനം ചെയ്തു. മൈനര്‍ സെമിനാരി പ്രൊഫസര്‍,  കോര്‍പ്പറേറ്റ് സ്‌കൂളുകള്‍ നടത്തുന്ന എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ സെക്രട്ടറിയായി. 2013ല്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. പിറ്റേവര്‍ഷം കാത്തലിക് ബിഷപ്സ്  കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ  പ്ലീനറി സമ്മേളനത്തിന് ആതിഥേയത്വം  വഹിച്ചു. സെന്റ്  തോമസ് കോളജ്, അല്‍ഫോന്‍സാ കോളജ്, സെന്റ് തോമസ് ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളജ് എന്നിവയുടെ മാനേജര്‍ ആയി.  

ചെറുതും വലുതുമായ ജോലിത്തിരക്കുകള്‍ക്കിടയില്‍ പ്രാര്‍ത്ഥിക്കാനോ ധ്യാനിക്കാനോ ദൈവസന്നിധിയില്‍ സ്വയം അര്‍പ്പിച്ച്  ആത്മപരിശോധന നടത്താനോ സമയമോ സാവകാശമോ കിട്ടില്ലെന്നു അദ്ദേഹത്തിന് തോന്നി. ഇടയ്ക്കിടെ വള്ളിച്ചെരിപ്പു മാത്രമിട്ട് വാഗമണ്ണിലെ കുരിശുമല ആശ്രമത്തില്‍ ധ്യാനത്തിന് പോകാന്‍ തുടങ്ങി.

കൂട്ടുകാരൊപ്പം-സിപിഎം ഏരിയ സെക്രട്ടറി അപ്പച്ചന്‍, ജോയി ചേര്‍പ്പുങ്കല്‍

അങ്ങിനെയുള്ള ആത്മപരിശോധനയുടെ  ഒടുവിലാണ് അധികാരങ്ങള്‍ എല്ലാം വെടിഞ്ഞു ബാക്കി ജീസിതം സന്യാസിയായി കഴിയാനുള്ള തീരുമാനം എടുത്തത്. ഹൈന്ദവ വിശ്വാസപ്രകാരം ജീവിതത്തില്‍ ഏറ്റവും ഒടുവിലത്തെ വാനപ്രസ്ഥവും സന്യാസവും ചേര്‍ന്നുള്ള ആശ്രമജീവിതം.

'പിതാവ് എന്നും ജനങ്ങളോടൊത്ത് സാധാരണക്കാരില്‍ ഒരുവനായി ജീവിക്കാനാണ് ആഗ്രഹിച്ചത്,' പതിവായി  പാലാ ബിഷപ് ഹൗസില്‍  എത്തി പിതാവിനെ സന്ദര്‍ശിക്കാറുള്ള കമ്മ്യൂണിസ്റ്റ് നേതാവ് അപ്പച്ചന്‍ എന്ന പിഎം ജോസഫ് സാക്ഷ്യപ്പെടുത്തുന്നു. 'മുടി വെട്ടാനോ പുര മേയാനോ കല്ലു ചുമക്കാനോ മടിയില്ല. കൂടെ നില്‍ക്കും.''

'കിഡ്നി തകരാറിലായ സൂരജ് എന്ന ഹൈന്ദവ യുവാവിന് തന്റെ വൃക്ക  മുറിച്ച് നല്‍കിയതില്‍  കൂടുതല്‍  കാരുണ്യം മറ്റെന്തങ്കിലുമുണ്ടോ?' അപ്പച്ചന്‍ ചോദിക്കുന്നു. 2018ല്‍ സഹായ മെത്രാന്‍ പദവിയില്‍ ഇരിക്കുമ്പോഴാണ് സംഭവം. കോട്ടക്കല്‍ ഈശ്വര മംഗലത്ത്  സൂരജ് കുമാര്‍ (30) കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ജോലിക്കാരനായിരുന്നു. ഈ വാര്‍ത്ത ലോകമൊട്ടാകെ ജനം ആവേശത്തോടെ അറിഞ്ഞു.

ചൂടുള്ള  സ്‌നേഹോപഹാരം-പ്രൊഫ. എംഡി ബേബി, ലേഖകന്‍

കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യാ സാരഥി ഫാ. ഡേവിസ് ചിറമ്മലിന്റെ പ്രഭാഷണം പാലായില്‍ നടത്തുകയുണ്ടായി. അത് കേട്ടാണ്  ഇങ്ങിനെയൊരു കാരുണ്യ പ്രവര്‍ത്തിയ്ക്കു താന്‍ തയ്യാറായതെന്നു പിതാവ് പറയുന്നു.  കൊച്ചി ലേക് ഷോര്‍ ആശുപതിയില്‍ ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുമ്പോള്‍ ഫാ, ചിറമ്മല്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് അഭിനന്ദനം നേര്‍ന്നു.

മാര്‍ മുരിക്കന്‍ അധികാര സ്ഥാനങ്ങള്‍ ഉപേക്ഷിച്ചെങ്കിലും ആത്മീയ പിതാവ് എന്ന സ്ഥാനം കൈവിട്ടിട്ടില്ല. അതുകൊണ്ടാണ് വഴിയിലെ കൈചൂണ്ടിയിലും വീടിന്റെ ഭിത്തിയിലും മാര്‍ ജേക്കബ് മുരിക്കന്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. രാവിലെ മൂന്ന് മണിക്ക് ഉണര്‍ന്നു പ്രാര്‍ത്ഥന തുടങ്ങും. എട്ടുമണിക്ക് വിശ്രമവേള. ഭക്ഷണം പാകം ചെയ്യും. രാത്രി പത്തുമണിക്ക് ഉറങ്ങുന്നതുവരെയുള്ള കര്‍ശനമായ ദിനചര്യ എഴുതിയ ബോര്‍ഡും ഭിത്തിയില്‍ പതിപ്പിച്ചിട്ടുണ്ട്.

ഒന്നു കൂടി. അദ്ദേഹത്തിന്റെ ലാൻഡ് ലൈൻ നമ്പര്‍-04869 288207. ഇടയ്‌ക്കെവിടെങ്കിലും അത്യാവശ്യത്തിനു പോയാല്‍ ആശ്രമത്തില്‍  ഉണ്ടാണ്ടാകില്ലെന്നു ജനം അറിയണമല്ലോ. എത്ര ജനപ്രിയനായ  സന്യാസി!  

ആശ്രമത്തിന്റെ കവാടം, ദിനചര്യ

മുറിഞ്ഞപുഴയില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ അടുത്ത് പാഞ്ചാലിമേട്ടില്‍ സെറിനിറ്റി എന്ന റിസോര്‍ട് നടത്തുന്ന റിട്ട. പ്രൊഫസര്‍ ഡോ എംഡി ബേബി എന്നോടൊപ്പം ഉണ്ടായിരുന്നു.  കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലും കുട്ടിക്കാനം മരിയന്‍ കോളജിലും അദ്ധ്യാപകന്‍  ആയിരുന്നു. ഹെര്‍മിറ്റേജിനോട് വിടവാങ്ങും മുമ്പ്  ഞങ്ങള്‍ വിസ്മയകരമായ മറ്റൊന്നിനും സാക്ഷ്യം വഹിച്ചു.

പിതാവ് രണ്ടുചാക്കു കുത്തരി  അപ്പച്ചനെയും സുഹൃത്ത് ജോയി ചേര്‍പ്പുങ്കലിനേയും ഏല്‍പ്പിച്ചു. അവരതു തങ്ങളുടെ ടയോട്ട എലഗന്റിന്റെ ഡിക്കിയില്‍ കയറ്റി കൊണ്ടുപോയി. പിതാവിന് ആരാധകര്‍  എത്തിച്ചുകൊടുക്കുന്ന ഉപഹാരങ്ങളില്‍ ചിലതാണ് ഈ അരി. അവരതു   പോകും വഴി ഭരണങ്ങാനം സ്‌നേഹഭവനും സ്‌നേഹഗിരി സിസ്റ്റേഴ്സിനും കൈമാറി. എന്നു വന്നാലും ഇത്തരം ദൗത്യം തങ്ങള്‍ ഏറ്റെടുക്കാറുണ്ടെന്നു അപ്പച്ചന്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇതിലൊക്കെ വിശ്വാസം ഉണ്ടോ? ഞാനൊരു മരമണ്ടന്‍ ചോദ്യം തൊടുത്തു വിട്ടു. 'ഉണ്ടോന്നോ?  എന്റെ മേല്‍നോട്ട പരിധിയില്‍ വരുന്ന പാലായില്‍ നൂറ്റുക്കു 99 ശതമാനം പാര്‍ട്ടിക്കാരും പള്ളിയില്‍ പോകുന്നവരാണ്, ഞാന്‍ ഉള്‍പ്പെടെ,'' എന്നായിരുന്നു മറുപടി.

പുതിയ ചക്രവാളം; ബിഷപ് കല്ലറങ്ങാട്ട് നല്ലതണ്ണിയില്‍

കഞ്ഞികുടിച്ചു പൈപ്പിനു മുമ്പില്‍ കൈകഴുകുമ്പോള്‍ ആകാശനീലിമയിലേക്കു കണ്ണോടിച്ചു. അങ്ങകലെ കാഞ്ഞിരപ്പള്ളിയും ഈരാറ്റുപേട്ടയും  വരെക്കാണാം. ഇടയ്ക്കിടെ ഉയരങ്ങളിലേക്ക് എത്തിനോക്കുന്ന ദേവാലയ മേലാപ്പുകളും കുരിശുകളും. ആരെ മറന്നാലും ആ കാഴ്ച മറക്കില്ല.

'നിങ്ങള്‍ എന്നോടൊപ്പം മലമുകളിലേക്ക് വരിക. സ്വര്‍ഗത്തിലേക്കുള്ള വഴി ഞാന്‍ കാണിച്ചു തരാം,' എന്നു ക്രിസ്തു ജനാവലിയോട് പറഞ്ഞുവെന്നാണല്ലോ ബൈബിള്‍ പറയുന്നത്.  (മത്തായിയുടെ സുവിശേഷം 5: 1-2}.

മാര്‍ മുരിക്കനെപ്പോലെ യാക്കോബായ സഭയുട നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ കൂറിലോസും അധികാര സ്ഥാനങ്ങള്‍ വിട്ടൊഴിയുകയാണ് 28ന്.  പതിനേഴു വര്‍ഷമായി മെത്രാന്‍ ആയിട്ട്. അന്‍പത്തെട്ടു വയസേ ആയിട്ടുള്ളുവെങ്കിലും ഇനി അധികാരം വേണ്ടെന്നാണ് തീരുമാനം. പക്ഷെ മെത്രാന്‍ എന്ന പദവി കൈവിടുന്നില്ല.

ഭദ്രാസനം മല്ലപ്പള്ളിയില്‍ നിര്‍മ്മിച്ചു നല്‍കിയ പുതിയ ഭവനത്തിലായിരിക്കും താമസം. ഇടതുപക്ഷ ചായ്വുള്ള അദ്ദേഹം സിപിഎം, വിഎസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ടിനെ വിളിച്ച് പ്രതിഷധം അറിയിച്ച ആളാണ്. രാഷ്ട്രീയത്തോടു വിമുഖതയില്ല. ലോകത്ത് മെത്രാന്‍പദവിയിലിരിക്കുന്നവര്‍ മത്സരിച്ച് ജയിച്ചു ഭരണാധികാരികള്‍ ആയ ചരിത്രം അദ്ദേഹത്തിന് അറിയാം.

പക്ഷെ തല്ക്കാലം രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താല്പര്യമില്ല. കോട്ടയത്തിനു സമീപം വാകത്താനം സ്വദേശിയാണ് മോര്‍ കൂറിലോസ്.    

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക