ആണ്ടൂർ ഗ്രാമപഞ്ചായത്തിലെ കില്ലൂർ എ. യു. പി. സ്കൂളിൽ നാൽപ്പത്തെട്ടു വർഷംമുന്നേ ഏഴാം തരം പഠിച്ചവരുടെ ആദ്യസംഗമം നടക്കുകയാണ് .സ്കൂളിന്റെ തലയെടുപ്പ് കാലപ്പഴക്കമുള്ള ആ വിദ്യാർത്ഥികളെ വിസ്മയിപ്പിക്കുന്നതായി തോന്നി .
ഇംഗ്ലീഷ് മീഡിയത്തിന്റെ കടന്നുവരവോടെ സ്കൂൾകെട്ടിടം കളിമൈതാനത്തിന്റെ സ്വകാര്യമുതൽപോലും കയ്യേറിയത് അവരെ വേദനിപ്പിച്ചു .അല്ലെങ്കിലും കബഡിയും ഉപ്പുസോഡിയും കളിച്ച മൈതാനത്തിന്റെ പാതിഭാഗം മായ്ച്ചത് ആർക്കാ സഹിക്കാൻ പറ്റുക? പഠനഭാഷയുടെ നിൽക്കപ്പൊറുതിയില്ലാത്ത മത്സരത്തിൽ ഇംഗ്ലീഷിന്റെ മഹാവിജയം ഓരോ എഴുത്തുകുത്തുകളും വായിച്ചാൽ മനസ്സിലാകുന്നുണ്ട് .പലയിടങ്ങളിൽ വേരോടിയ സഹപാഠികളിൽ ഭൂരിപക്ഷത്തിന്റെയും മൂലവേരുകൾ തേടിപ്പിടിച്ച സന്തോഷം വന്നവരുടെയെല്ലാം മുഖങ്ങളിൽ നിറഞ്ഞു തുളുമ്പുകയാണ് .മനസാ കുട്ടിക്കുപ്പായവുമായി കാലത്തെ പിന്നോട്ടെടുക്കാൻ തത്രപ്പെടുന്നവരിൽ പൂക്കളും പൂമ്പാറ്റകളും അപ്രത്യക്ഷമായെങ്കിലും വാക്കുകൾകൊണ്ട് വസന്തം തീർക്കാനെത്തിയവരെ ഇതൊന്നും ബാധിക്കുന്നില്ല .കലാപരിപാടികൾക്കുള്ള തയ്യാറെടുപ്പോടെ അവർ കൂടിയ പ്രായത്തെ കുന്നിൻചോട്ടിലെറിഞ്ഞു . ഇന്നലെകളിലില്ലാത്ത നിറങ്ങൾ വാരിപ്പൂശാൻ പലരും തിടുക്കപ്പെടുമ്പോൾ കെട്ടഴിഞ്ഞ ബന്ധം കെട്ടിയുറപ്പിച്ച സന്തോഷത്തിന്റെ നിഴൽ നറുനിലാവായി സ്കൂൾപരിസരമാകെ പരന്നു.
പഴയ ഗാനകോകിലങ്ങൾ സ്വാഗതഗാനത്തിന്റെ വരികൾ നീട്ടിപ്പാടിയപ്പോൾ ശബ്ദത്തിൽ കുറച്ചു വൈബ്രേഷനല്ലാതെ ഭാവമാറ്റമൊട്ടുമില്ലെന്ന് മുറ്റത്തെ നെല്ലിമരം സാക്ഷ്യപ്പെടുത്തി. എത്ര കൃത്യമാണ് ആ നിഗമനം ! നിന്നനിൽപ്പിൽ സ്ഥാനം മാറാതെ കാലത്തെ വീക്ഷിച്ച
നെല്ലിമരത്തിന് കൊടുക്കണം കൈയ്യടി. വാക്കുകൾ സത്യത്തിന്റെ പുറന്തോടിൽ വെട്ടിത്തിളങ്ങിയപ്പോഴാണ് എല്ലാവരും നെല്ലിമരത്തെ ശ്രദ്ധിച്ചത്.തൊട്ടുപിറകിലായി മുട്ടിയിരുമ്മി നിന്നിരുന്ന പേരമരം അപ്രത്യക്ഷമായതും അപ്പോഴാണ് കണ്ടത്.തടി കൂടിയെങ്കിലും നെല്ലിമരത്തിന്റെ നിത്യയൗവനം
അതിശയിപ്പിക്കുന്നതായിരുന്നു . പ്രണയബന്ധയായ കാമിനിയുടെ കമനീയതപോലെ തളിർത്തുനിൽക്കുന്ന ശിഖരങ്ങൾ ഉലഞ്ഞുവീശിയപ്പോൾ, ഇളംതെന്നലവരെ നന്നായി പൊതിഞ്ഞു. ചവർത്തുമധുരിച്ച ബാല്യത്തെ നെല്ലിമരച്ചോട്ടിൽനിന്നുതന്നെ കെട്ടഴിക്കണമെന്ന് കൂട്ടുകാർ നിർബന്ധം പിടിച്ചു . ഉരുണ്ടുപിരണ്ടെത്തിയ നല്ലോർമ്മകളങ്ങനെ പ്രഭാതത്തിലെ കിളികളായി പാട്ടും പാടി പാറിനടന്നു.ഇടയിലൊന്ന് ജലജ സുലോചനയോട് വിമ്മിട്ടത്തോടെ മുഖം കറുപ്പിച്ചതും ചിരി കമ്പിത്തിരിയായി കത്തി .ആ തീപ്പൊരിയിൽ,ഓലപ്പടക്കങ്ങൾ തുരുതുരാ പൊട്ടി. പിന്നെ
തള്ളിയിട്ടതും പിച്ചിയതും കുത്തിയതുമൊക്കെ വെളിയിലേക്കു ചാടി നൃത്തം ചെയ്തു .കാലത്തിന്റെ കുത്തൊഴുക്കിലെ നനവുതട്ടിയ ഓരോ നിനവുകളും മധുരിമയോടെ സ്നേഹത്തിന്റെ ചരടിൽ മുത്തുകളായി കോർക്കപ്പെട്ടു.
കൺവീനർ ദാമോദരന്റെ സ്വാഗതപ്രസംഗത്തിനു ശേഷം, രാജൻ ഗംഭീരമായ അധ്യക്ഷപ്രഭാഷണം നടത്തി. വേദിയിലും സദസ്സിലും നർമ്മത്തിന്റെ കുളിരലകൾ വിതറാൻ പ്രത്യേകം ശ്രദ്ധിച്ചു.
അമർത്തിപ്പിടിക്കാൻ പറ്റാത്ത ചിരി അപശബ്ദങ്ങളായി പുറത്തു ചാടിയപ്പോൾ ലക്ഷ്യബോധമില്ലാത്തതൊക്കെ വഴിതെറ്റി കറങ്ങിനടന്നു .മധുരഭാഷണത്തിൽ പ്രശോഭിതരായവർ ചക്കരപ്പായസം കിട്ടിയ അനുഭൂതിയോടെ അടുത്ത പരിപാടിക്ക് സ്റ്റേജിലേക്ക് കണ്ണടയ്ക്കാതെ നോക്കിയിരുന്നു.
തുടർന്ന് കാലത്തെ അതിജീവിച്ച ഗുരുനാഥന്മാരെ
ഓരോരാളെയായി ആദരിക്കാനായി
ചെയർമാൻ പേരുവിളിച്ച് വേദിയിലേക്ക് ക്ഷണിച്ചു. വയ്യായ്കകളെ വഴിയിലെറിഞ്ഞെത്തിയ ഗുരുഭൂതർ ആക്റ്റീവോടെ മുന്നോട്ടുപോകാൻ എഴുന്നേറ്റെങ്കിലും അപ്പനപ്പൂപ്പൻമാരായ ശിഷ്യന്മാർ അവരെ തനിച്ചു വിട്ടുകൊടുത്തില്ല .തട്ടാതെ മുട്ടാതെ കാലും കൈയും മുറുകെപ്പിടിച്ചുകൊണ്ട് ഗുരുനാഥൻമാരെ അവർ പുഷ്പംപോലെ
സ്റ്റേജിലേക്കെത്തിച്ചു .
ഗുരുസ്നേഹം കണ്ടു മനസുനിറഞ്ഞ
പൊന്നാടകൾ ഗുരുവന്ദനത്തിനായി തിക്കും തിരക്കിലൂടെ അമാന്തമില്ലാതെ കിതച്ചെത്തി . ഇഷ്ടപ്പെട്ട മാഷന്മാരെ ആദരിക്കാനുള്ള ഉന്തും തള്ളും കണ്ടപ്പോൾ ഗുരുശിഷ്യബന്ധത്തിന്റെ നാലു തൂണുകളും ആത്മബലത്തിന്റെ ആവേശത്തിൽ വല്ലാതെ അഭിമാനിച്ചു. ഗുരുസ്നേഹത്തിന്റെ ആഴക്കിണറിലേക്ക് വെറുതെ
ഒന്നെത്തിനോക്കിയ ഗുരുനാഥന്മാർ ഒരിക്കലും വറ്റാത്ത കിണറാണതെന്ന യാഥാർഥ്യത്തിൽ പെരുത്ത് സന്തുഷ്ടരായി .
കണക്കിന് എല്ലാ പരീക്ഷയിലും കുമ്പളങ്ങ വാങ്ങുന്ന മത്തായിതന്നെ കണക്കിന്റെ പ്രസന്ന ടീച്ചറെ പൊന്നാടയണിയിക്കാൻ ധൃതിപിടിച്ചപ്പോൾ സദസൊന്നാകെ കുലുങ്ങിച്ചിരിച്ചു .പരീക്ഷക്കടലാസ് ഇടത്തെ കൈയിലും നീണ്ടചൂരൽ വലത്തേ കൈയിലുമായുള്ള പ്രസന്ന ടീച്ചറുടെ ഭുതകാലചിത്രത്തിന്റെ നെഗറ്റീവ് ഓരോരാളായി കഴുകിയെടുക്കാൻ തുടങ്ങി . ഇന്ന് മൊട്ടത്തലയൻ മത്തായിയുടെ തലയിൽ കയറിനിൽക്കുന്ന പൊന്നിൻനിറമുള്ള തൊപ്പി,കാലം അവന് നൽകിയ ലോട്ടറിയെ വിളിച്ചറിയിക്കുന്നതാണെന്ന് എല്ലാവരും ഒറ്റശ്വാസത്തിൽ അഭിപ്രായപ്പെട്ടു.
"എന്റെ പ്രസന്ന ടീച്ചറെ പൊന്നാട അണിയിക്കാനാണ് ഞാനിന്ന് ഗൾഫിൽനിന്നും പറന്നെത്തിയത്. എന്റെ കമ്പനിയിൽ ജോലിചെയ്യുന്ന നൂറോളം പേരുടെ കണക്കുകാര്യങ്ങൾ ഭംഗിയായി നോക്കിനടത്താനുള്ള വിവേകം കിട്ടിയത് ടീച്ചർ തന്ന കുമ്പളങ്ങ ജ്യൂസാക്കി കുടിച്ചതുകൊണ്ടു മാത്രമാണ്."
അഭിമാനത്തോടെ ഹാസ്യം കലർത്തിയുള്ള മത്തായിയുടെ സംസാരത്തിന്റെ പൊട്ടിച്ചിരി മാലപ്പടക്കംപോലെ പൊട്ടിക്കൊണ്ടിരുന്നു . .ആദരിക്കപ്പെടുന്നതിനിടയിൽ
പ്രസന്ന ടീച്ചർ മത്തായിയെ നോക്കി കുടുകൂടാ ചിരിച്ചെങ്കിലും തലയിൽ കൈവെച്ച് അനുഗ്രഹിക്കാൻ മറന്നില്ല.
കണ്ടാൽ മനസ്സിലാകാത്ത രൂപമാറ്റമുള്ളവരെങ്കിലും ശിഷ്യഗണങ്ങളുടെ സ്നേഹാന്വേഷണത്തിൽ മനസ്സ് നിറഞ്ഞ ഗുരുനാഥന്മാർ അധ്യാപക വൃത്തിയുടെ മഹിമയിൽ അഭിമാനപൂരിതരായി.ഏതോ പുണ്യജന്മത്തിന്റെ അനന്തരഫലമാണ് നമ്മുടെ അധ്യാപകവൃത്തിയെന്ന് കരുണാകരൻ മാസ്റ്റർ അഭിമാനത്തോടെ സൂസന്ന ടീച്ചറോട് പറഞ്ഞു.
"ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ കുട്ടികളുടെ അധ്യാപികയായിത്തന്നെ പുനർജനി തരണമേ"..
സൂസന്ന ടീച്ചറുടെ ആത്മഗതം അറിയാതെ വഴുതി പുറത്തു ചാടിയപ്പോൾ കുറച്ചു കുട്ടികൾ വികാരാധീനരായി ടീച്ചറുടെ കാൽപ്പാദങ്ങളിലേക്ക് മറിഞ്ഞുവീണു.കാൽതൊട്ടു വന്ദിച്ചവരെയൊക്കെ കെട്ടിപ്പുണർന്നുകൊണ്ട് സൂസന്നടീച്ചർ എന്തെന്നില്ലാതെ സന്തോഷക്കണ്ണീർ വാർത്തു.
സ്റ്റേജിലെ കലാപരിപാടികൾ ആരംഭിക്കുന്നതിന് മുന്നേ വിഭവസമൃദ്ധമായ സദ്യ കഴിക്കുന്നതിനായി ചെറിയൊരു ഇന്റർവെൽ ചെയർമാൻ അനൗൺസ് ചെയ്തു. അച്ചടക്കത്തോടെ ഭക്ഷണത്തിനായി വരിനിൽക്കുമ്പോഴും ഗുരുനാഥൻമാരെ ആദരവോടെ ഹാളിലേക്കാനയിക്കാൻ അവർ വെമ്പൽ കൊള്ളുകയായിരുന്നു. പപ്പടവും പായസവും കൂട്ടിക്കുഴച്ച് തൃപ്തിയോടെ സദ്യകഴിച്ച് നിശ്ചിത സമയത്തിനുള്ളിൽ എല്ലാവരും തിരികെ ഹാളിലേക്കെത്തി. ശേഷം കലാപരിപാടികൾക്കായി സ്റ്റേജുണർന്നു. ആദ്യ ഇനം കവിതചൊല്ലലായിരുന്നു. മലയാളം അധ്യാപകൻ കുഞ്ഞിക്കണ്ണൻ മാസ്റ്റർ മധുരമായി ചൊല്ലി പഠിപ്പിച്ച പള്ളത്ത് രാമന്റെ പഞ്ചവർണ്ണക്കിളി രമേശൻ അതിമധുരമായി ആലപിക്കാൻ തുടങ്ങിയപ്പോൾ സദസൊന്നടങ്കം ആസ്വാദകമനസ്സോടെ നിശ്ശബ്ദമായി . കവിത ചൊല്ലി ഇറങ്ങിവന്ന രമേശൻ നേരെ പോയത് കുഞ്ഞിക്കണ്ണൻ മാഷിനടുത്തായിരുന്നു. ആ കാൽതൊട്ടു വന്ദിച്ചതും ഗുരുവിന്റെ കൈകൾ അവന്റെ തലയിലേക്ക് വീണു. അപ്പോൾ വിറയ്ക്കുന്ന ചുണ്ടുകളോടെ മാഷും ചൊല്ലി രണ്ടുവരി കവിത,
"പുഞ്ചനെൽപ്പാടങ്ങൾ പുഞ്ചിരിക്കൊൾകവേ
കൊഞ്ചിയും പൂഞ്ചിറകിട്ടടിച്ചും "
നൃത്തനൃത്ത്യങ്ങൾക്കായി വേദി വിട്ടുകൊടുക്കുമ്പോൾ പങ്കാളിത്തം പ്രതീക്ഷയ്ക്കുമപ്പുറമായിരുന്നു . കാക്കാത്തിയുടെ വേഷത്തിൽ ലത നിറഞ്ഞാടിയതും എല്ലാവരും ഒരു നിമിഷം കൈനോക്കാൻ തത്തമ്മയുമായി വീട്ടിലെത്തുന്ന നാടോടിയിലേക്കെത്തി.വേദിയിൽ തിരുവാതിര, സിനിമാറ്റിക്.. ഇങ്ങനെ അരങ്ങേറിയ നൃത്തരൂപങ്ങളിൽ പ്രായത്തിന്റെ യാതൊരു പോരായ്മയും പ്രകടമായില്ല. ആണും പെണ്ണും ചേർന്നു കളിച്ച സിനിമാറ്റിക് ഡാൻസ് ശ്രദ്ധിച്ച ഗുരുനാഥൻമാർ ശിഷ്യരിൽ രൂപപ്പെട്ട നിറഞ്ഞ സ്നേഹത്തിൽ അതിയായി സന്തോഷിച്ചു.
"ജീവിതത്തിന്റെ തീച്ചൂളയിൽ വെന്തവർക്ക് കൗമാരത്തെ വെല്ലുന്ന ചുറുചുറുക്കായിരിക്കും .. "കുമാരൻമാഷ് അഭിപ്രായപ്പെട്ടു.അനുഭവങ്ങൾ കോറിയിട്ടതായിരുന്നു മാഷിന്റെ അക്ഷരങ്ങളുടെ സത്യം.
എല്ലാവർക്കുമൊപ്പം കൺവീനർ യാന്ത്രികമായി എന്തൊക്കെയോ ചെയ്യുന്നുണ്ടെങ്കിലും മനസ്സിന്റെ പാളി പകുതിയും അടഞ്ഞുകിടന്നു.അതുകൊണ്ടാകും കാറ്റുപിടിച്ച തോണിപോലെ ദാമോദരൻ ഇടയ്ക്കിടെ ആ കടലിൽ ഒറ്റപ്പെട്ടുപോകുന്നത്.തന്റെ മനസൊന്നു മലർക്കെ തുറക്കാനുള്ള ശ്രമങ്ങളൊക്കെ വിദൂരതയിലലിഞ്ഞ മഞ്ഞുതുള്ളിയായി .ദാമോദരന്റെ കണ്ണുനിറയുന്നത് കണ്ടുനിൽക്കാനാവാതെ കിണറ്റിനടുത്തുള്ള കണിക്കൊന്ന വല്ലാതെ ദുഃഖിതയായി .അന്നത്തെ പന്ത്രണ്ടുവയസ്സുകാരിൽ മധുവൂറുന്ന പ്രണയം മൊട്ടിട്ടതും പിന്നെയത് പൂത്തുലഞ്ഞതും
കണിക്കൊന്നയുടെ മുന്നിൽവെച്ചായിരുന്നു.ഇക്കിളികൊണ്ടന്നവൾ കണ്ണുപൊത്തിയപ്പോൾ കണിക്കൊന്ന ഇഷ്ടത്തോടെ മുഖത്തൊരില അടർത്തിയിട്ടത് ഇന്നലെപോലെ ഓർക്കുന്നു.പ്രണയത്തിന്റെ ഏകദൃക്സാക്ഷി എന്നുതന്നെ അതിനെ വിളിക്കാം.
അധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നതുവരെ കാത്തിരിക്കുമെന്നുള്ള അവളുടെ പ്രണയക്കത്ത് തകരപ്പെട്ടിയിൽ ഭദ്രമായി സൂക്ഷിക്കുന്നതിലൂടെ
ദാമോദരന്റെ പ്രണയക്കടലിന്റെ മുഴക്കം ഇന്നും ആകാശത്തോളം കേൾക്കാം .പി. എസ്. സി എഴുതാൻ ആനുകാലിക വാർത്തകൾക്കായി പത്രം അരിച്ചു പെറുക്കുമ്പോഴാണ് അന്നവളുടെ വിവാഹ ഫോട്ടോ പത്രത്തിലവൻ കണ്ടത്. മാസങ്ങളോളം പിന്നെ ദാമോദരൻ പത്രം വായിച്ചില്ലെന്നത് ആരുമറിയാത്ത സത്യം.
"ഈ കൺവീനറിതെവിടെ ?"
ചെയർമാനായ രാജന്റെ ഉറക്കെയുള്ള അന്വേഷണമാണ്
ദാമോദരനെ പരിസരബോധവാനാക്കിയത്. ഇതിനകം സ്റ്റേജിൽ പരിചയം പുതുക്കൽ പരിപാടിയായ'കണ്ണാടി'ആരംഭിച്ചിരുന്നു .ഓരോരാളായി സ്റ്റേജിലഴിച്ചിടുന്ന നവരസങ്ങളിൽ ചവിട്ടി നൃത്തം വെച്ചവരൊക്കെ കാൽതെറ്റി വീണ ശബ്ദത്തിൽ ഏഴാം ക്ലാസ്സൊരിക്കൽകൂടി ചില്ലു കുപ്പി ഉടയുംപോലെ ശബ്ദമുഖരിതമായി .ജീവിതം തുറന്നിടാൻ മടിയുള്ള ചില കുട്ടികൾ സംഗമത്തിൽനിന്നും വിട്ടുനിന്നതൊക്കെ ശ്രദ്ധിക്കപ്പെട്ടെങ്കിലും മണ്മറഞ്ഞവർക്കുള്ള പരിഗണനപോലും കൊടുക്കാതെ അവരെ പരാമർശിക്കപ്പെടാത്തവരാക്കി.
ഏഴാം തരത്തിൽ വർഗ്ഗശത്രുക്കളെപ്പോലെ പെരുമാറിയ ആൺപിള്ളേരിലും പെൺപിള്ളേരിലുമുള്ള സോഷ്യലിസ്റ്റ് ചിന്താഗതിയിൽ കില്ലൂർ എ. യു. പി.സ്കൂൾ മൂക്കത്ത് വിരൽവെച്ചു.രണ്ടു ഭാഗങ്ങളിലിരുന്ന് പഠിച്ചവരിൽ ഒരുമയുടെ പനിനീർപ്പൂക്കൾ വാസനിച്ചുനിൽക്കുന്നതൊരു നവോത്ഥാനത്തിന്റെ നാഴികക്കല്ലായി,സ്കൂൾ വിലയിരുത്തി .കൈതമുള്ളുകൾക്കിടയിലെ സുഗന്ധിയായ കൈതപ്പൂപോലെ ചില കണ്ണുകളിൽ പൂത്തുവിരിഞ്ഞ പ്രണയം സ്കൂൾ കൗതുകത്തോടെ നോക്കി.
അന്നൊരു ദിവസം അത്താഴം കഴിച്ചതിന് ശേഷമാണ് നന്ദിനിയുടെ ഫോൺ വിമുക്തഭടനായ ഭർത്താവ് രാജാശേഖരൻ നായർ കൈയിലെടുത്തത് . കാലങ്ങൾക്കു ശേഷം മകൻ ഗൾഫിൽനിന്നും വന്നപ്പോൾ ആദ്യമായി അമ്മയ്‌ക്ക് നൽകിയ വാട്സപ്പ് ഫോണാണ് .
"ഇവൾക്കിതിന്റെ ആവശ്യമെന്താ?അനാവശ്യച്ചിലവ്.." രാജാശേഖരൻനായർ മകനെ വഴക്കുപറഞ്ഞു.
ആ വഴക്ക് പരിഗണനയില്ലാതെ മകൻ തള്ളിക്കളഞ്ഞതും നന്ദിനിക്ക് സന്തോഷമായി.
ഭർത്താവിനെ സേവിച്ച് സമയം തികയാതെ കഷ്ടപ്പെടുന്ന പാവം നന്ദിനിയുടെ വാട്സപ്പ് ഫോൺ എന്നും രാജാശേഖരൻ നായരുടെ കൈകളിൽതന്നെ സൂക്ഷിക്കപ്പെട്ടു .അതിനിടയിലാണ് രാജാശേഖരൻ നായർക്കൊപ്പം കാവിലെ തെയ്യത്തിന് പോയപ്പോൾ നാട്ടുകാരിയും കൂട്ടുകാരിയുമായ സുകന്യ വഴി ഏഴാം ക്ലാസ്സ് കൂട്ടായ്മയെ അറിഞ്ഞതും അതിലൊരു അംഗത്വം ലഭിച്ചതും.എല്ലാവരും സ്വാഗതം ആശംസിച്ചപ്പോൾ ഒരു തൊഴുകൈ കൊടുത്തതല്ലാതെ അവൾ ഗ്രൂപ്പിൽ നിഷ്ക്രിയയായിരുന്നു.ആഴ്ചയിൽ വല്ലപ്പോഴും സമയം തികഞ്ഞാൽ ഭർത്താവിനോട് ഫോണിനായി ചോദിക്കുന്നത് ഏഴാം ക്ലാസ്സ് കൂട്ടായ്മയിലെ വിശേഷമറിയാൻ മാത്രമായിരുന്നു. ഭാര്യയുടെ പ്രണയം തിന്നു വിശപ്പുമാറാതെ പത്താംക്ലാസ്സ് ഗ്രൂപ്പിലെ സ്ത്രീകൾക്കും പ്രണയം കൈമാറുന്നവൻ ഭാര്യയുടെ ഏഴാം ക്ലാസ്സ് ഗ്രൂപ്പിലെ സുന്ദരിമാരുടെ പ്രൊഫൈലിൽ ദൃഷ്ടിയൂന്നുന്നത് പക്ഷേ നന്ദിനി അറിഞ്ഞതേ ഇല്ല.കാലത്തിന്റെ ഓരോ വിക്രിയകൾ!അല്ലാതെന്തു പറയാൻ..വല്ലാത്തൊരാക്രാന്തത്തോടെ സ്ത്രീകളുടെ ഫോട്ടോയിലുള്ള രാജാശേഖരൻ നായരുടെ നോട്ടം കണ്ടാൽ ന്യൂജൻ ആൺപിള്ളേര്പോലും തോറ്റുപോകും.
"എന്റെ പ്രണയമേ.. നീ ദാമോദരനെ ഓർക്കാറുണ്ടോ ?"
തിങ്കളാഴ്ച രാത്രി ഭാര്യയുടെ വാട്സ്ആപ്പ് ഓണാക്കിയ രാജശേഖരൻ നായരെ പ്രകോപിപ്പിച്ചത്
പതിവില്ലാതെ വന്ന ആ മെസ്സേജായിരുന്നു.ദാമോദരനിൽനിന്നടർന്നുവീണ അക്ഷരങ്ങളുടെ സൂക്ഷ്മതയെ അയാൾ പലവട്ടം തൂക്കി.കണക്ക് കൂട്ടിയും കിഴിച്ചും ഹരിച്ചും നോക്കി.പിന്നെ ഒരു നിമിഷം കാത്തുനിൽക്കാതെ
നാല് ദിക്കും പൊട്ടുമാറുച്ചത്തിൽ അയാളങ്ങലറി.
"ഇതേതാ പട്ടി? ഒരു ദാമോദരൻ..."
അടുക്കളയിൽ പണിത്തിരക്കിനിടയിൽ നന്ദിനിക്ക് കാര്യം പിടികിട്ടിയില്ല.ഫോണിലാരോടോ ഒച്ചയെടുക്കുന്നെന്നാണ് കരുതിയത്.നന്ദിനിയുടെ പ്രതികരണം കാണാത്തപ്പോൾ
അയാൾ വലിയ ശബ്ദത്തിൽ വീണ്ടും കയർത്തു .
"നിന്നോടാ ചോദിച്ചത്.. ഇതേതാ ഒരു പട്ടി, ദാമോദരൻ?"
രാത്രിയുടെ ശാന്തത
ശബ്ദവീചികളെ എളുപ്പത്തിൽ വീടുകളിൽനിന്ന് വീടുകളിലേക്ക് കൈമാറി.ശബ്ദത്തിന്റെ പ്രകമ്പനത്തിൽ പ്രദേശവാസികളുടെ കാതുകളെല്ലാം കുത്തിത്തുറന്നു.
തെറിവാക്കിനൊപ്പം വലിച്ചെറിഞ്ഞ ഫോൺ തറയിൽവീണ് പൊട്ടിച്ചിതറുന്നതു കേട്ടാണ് പാതിമുറിച്ച മത്സ്യത്തെ കത്തിയിലിട്ട് നന്ദിനി ഭയന്നുവിറച്ച് ഭർത്താവിനരികിലെത്തിയത്.പൊട്ടിച്ചിതറിയ ഫോൺ കണ്ടതും
അവൾ വാവിട്ടു കരഞ്ഞു.
"ഉയ്യോ.. ഇതെന്തു പണിയാ നിങ്ങൾ ചെയ്തത്? "
'ഓഹോ.. അപ്പൊ ഞാൻ ചെയ്തത് തെറ്റ്.. നിനക്ക് ഒരു തെറ്റുമില്ല "
അവൻ ആക്രോശിച്ചു
ഭർത്താവ് എന്തോ ഒന്നൊളിപ്പിച്ചു പറയുന്നെന്നു മാത്രം അവളറിഞ്ഞു . അതെന്താണെന്നുപോലും മനസിലാകാതെ ഫോൺ തല്ലിപ്പൊട്ടിച്ചതോർത്ത് അവൾ വിങ്ങിക്കരഞ്ഞു.പൊന്നുമോൻ ഇഷ്ടത്തോടെ വാങ്ങിത്തന്ന പൊന്നുപോലെയുള്ള ഫോൺ ,കൊതിതീരും മുൻപേ നഷ്ടപ്പെട്ടത് അവളെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്.കുനിഞ്ഞങ്ങനെ പൊട്ടിയ ചില്ലുകൾ വിറയ്ക്കുന്ന കൈകളോടെ പെറുക്കി എടുക്കുമ്പോൾ, അവൻ വീണ്ടും തുടങ്ങി.
"ഏതാടീ നിനക്കൊരു ദാമോദരൻ?കുറേക്കാലമായോ ജാരനുമായുള്ള വിലസൽ ?വയസ്സുകാലത്ത് ഇഷ്ടക്കാരൻ വിളിക്കുന്നു, കൂടെ പോവാൻ..അല്ലല്ല പ്രണയം അന്വേഷിക്കുന്നു.. പോയ്ക്കോ..നീ പോയി കൂടെ പൊറുത്തോ..."
ഉറഞ്ഞുതുള്ളി വേണ്ടാധീനം പറഞ്ഞുകൊണ്ട്
രാജാശേഖരൻ നായർ
നന്ദിനിയെ പൊതിരെ തല്ലുന്നതും ചീത്ത വിളിക്കുന്നതും കേട്ട് അയല്പക്കത്തെ ആണും പെണ്ണും വീടിനുമുന്നിൽ ഹാജരായി .ഗേറ്റടച്ചതുകൊണ്ട് അകത്തു കയറാൻ സാധിക്കാതെ
നിരാശരായവർ, ഇരുട്ടിന്റെ മറവിൽ മതിലും ചാരിനിന്ന് തെറിവിളികൾ നഷ്ടപ്പെടാതെ പിടിച്ചെടുത്തു.. മാന്യന്മാരുടെ പരിദേവനത്തിൽ, സംതൃപ്തിയോടെയുള്ള സങ്കടം!
"പ്രായമായെങ്കിലും പെണ്ണുങ്ങൾ ആള് കൊള്ളാലോ.ഇവരെയൊക്കെ കണ്ടാൽ ആരാ പറയുക?"
ദിനേശന്റെ കമെന്റ് ലൈക്കാനായി കൂടിനിന്ന പുരുഷൻമാർ കുലുങ്ങിച്ചിരിച്ചുമുന്നോട്ടെത്തിയതും വിഷയം ലിംഗവിവേചനത്തിന്റെ നേർച്ചിത്രമായി .
"നിങ്ങൾക്ക് അങ്ങനെയൊക്കെ പറയാം.
കുടുംബശ്രീയിൽ ഒരംഗത്വമെടുക്കാൻ ഇന്നലെ പാല് വാങ്ങാൻ വന്നപ്പോൾവരെ ഞാനവരോട് പറഞ്ഞതാ.. സമ്മതിക്കണ്ടേ അവൻ .പണക്കാരനല്ലേ...ഇതൊന്നും വേണ്ടാന്നല്ലേ വെപ്പ് ".
സ്ഥലം എ. ഡി. എസ് കനകമ്മയുടെ അഭിപ്രായത്തെ അംഗീകരിച്ച സ്ത്രീകളൊക്കെ ശക്തിയായി തലയാട്ടി. സത്യത്തിന്റെ നേരിയ വെട്ടത്തിലൂടെ ആ വാക്കുകളപ്പോൾ ഇരുട്ടിലും കാലുറപ്പിച്ചുനിന്നു.
അതിലൊരു യാഥാർഥ്യമുണ്ടെന്നുള്ളത് കുടുംബശ്രീ സെക്രട്ടറി രമ പിന്താങ്ങി സംസാരിച്ചു,
"ഈ കുടുംബശ്രീ ഇടത്തരക്കാരായ സ്ത്രീകൾക്ക് പണം കടം വാങ്ങാനുള്ള ബ്ലേഡാണെന്നാ ഇവന്മാരുടെയൊക്കെ വിചാരം. ഇന്നലെ ഒരുത്തൻ എന്നോട് ചോദിച്ചു,എന്തായെടോ നിങ്ങളുടെ കുടുംബശ്രീ കച്ചോടമെന്ന്..! ഈ അബദ്ധധാരണ സമൂഹത്തിലെന്ന് വന്നോ,ഒരു പുഴുക്കുത്തായി സ്ത്രീസമൂഹത്തിനത് വെല്ലുവിളിയായിരിക്കുന്നു.. നിങ്ങൾക്കറിയോ ആ തെക്കേലെ വീട്ടിൽ ബീനയുടെ വിഷയത്തിൽ നമ്മൾ ഇടപെട്ടില്ലെങ്കിൽ, അവളുടെ മരണം ഉറപ്പായിരുന്നു. അവളുടെ ടെൻഷൻ കുടുംബശ്രീയിലന്ന് തുറന്നുപറഞ്ഞതാണ് എല്ലാം അങ്ങനെ അവസാനിപ്പിക്കാൻ സാധിച്ചത്.ഇന്നവൾക്ക് സ്വന്തം കാലിൽ നിൽക്കാനും മക്കളെ പൊന്നുപോലെ വളർത്താനും പറ്റുന്നു."
അപ്പോഴേക്കും രാത്രി കനത്തുതുടങ്ങിയിരുന്നു.ഇരുട്ടിന്റെ മറവിലുള്ള ആ സ്ത്രീപക്ഷ ചർച്ചയ്ക്ക് ഒരു വിരാമമിട്ടുകൊണ്ട് മുൻ സി. ഡി. എസ് മെമ്പർ രാധ പറഞ്ഞു .
"നമ്മുടെ ചർച്ച ഇവിടെ നിർത്താം. ഇത്രയേ പറയാനുള്ളു,സ്ത്രീകളിൽ മാനസിക ആരോഗ്യം വളർത്തിയെടുക്കാനുള്ള ഒരത്താണിയാണ് കുടുംബശ്രീ എന്നത് ഇത്തരക്കാർ തിരിച്ചറിയണം.നമുക്ക് തിരിച്ചറിയിപ്പിക്കണം..അതുവരെ നന്ദിനിമാർ സമൂഹത്തിന്റെ ഒരു ശാപമായി തുടർന്നുകൊണ്ടേയിരിക്കും."
പിറ്റേ ദിവസം കാലത്തെ താനം ഗ്രാമത്തിൽ കാട്ടുതീപോലെ നന്ദിനിയെ സംബന്ധിച്ച വാർത്ത പടർന്നുപിടിച്ചു .യാതൊരു തെറ്റും ചെയ്യാത്തവളെ കാലം വലിയ തെറ്റുകാരിയാക്കി .അങ്ങനെയൊക്കെയാണെങ്കിലും ഏഴാം ക്ലാസ്സ് ഗ്രൂപ്പിൽ നന്ദിനിയെങ്ങനെ പുറത്തായെന്നത് വ്യക്തമായി ആർക്കും പിടികിട്ടിയില്ല .ഒരുകണക്കെ പറഞ്ഞാൽ ,സംഭവം മനസ്സിലാക്കി കൊടുക്കാൻ നാട്ടുകാരിയായ കൂട്ടുകാരി ശ്രമിച്ചില്ലെന്നതാണ് വാസ്തവം.ഗ്രൂപ്പിലൊരു പുരുഷന്റെ കൈവികൃതിയാണ് ഫോൺ പട്ടാളക്കാരൻ തകർത്തതെന്ന ഊഹാപോഹം മാത്രം സുകന്യ പരസ്യമാക്കരുതെന്ന് പറഞ്ഞ് രഹസ്യമായി ഗ്രൂപ്പിലിട്ടു .പക്ഷേ ആരാണതെന്നാരും ചിക്കിച്ചികയാൻ പോയില്ല .പട്ടാളക്കാരന്റെ സ്വഭാവം ഭയങ്കര പേടിയോടെയാണ് അവൾ ഗ്രൂപ്പിൽ ചർച്ചയാക്കിയത്.വല്ല
രീതിയിലും ലീകിംഗ് സംഭവിച്ചാൽ അവളുടെ തല പോകുന്ന ഗൗരവത്തോടെ വിഷയം അവതരിപ്പിക്കപ്പെട്ടപ്പോൾ ഗ്രൂപ്പ് അഡ്മിൻ ആ ചർച്ച അവസാനിപ്പിക്കാൻ ഉത്തരവിട്ടു. അതോടൊപ്പം പുരുഷന്മാരായ അംഗങ്ങൾക്ക് ഇത്തരം വിഷയങ്ങൾ ആവർത്തികരിക്കാൻ താക്കീതും കൊടുത്തു. അതോടെ ആർക്കുമത് കേൾക്കാൻ താല്പര്യവും തോന്നിയില്ല.അഡ്മിൻ പാനലിൽപെട്ട ദാമോദരൻ "ഞാനൊന്നുമറിഞ്ഞില്ലേ
രാമ നാരായണാ.."എന്ന മട്ടിൽ കമാന്നൊരക്ഷരം മിണ്ടാതെ അടങ്ങിയിരുന്നു.അങ്ങനെ നന്ദിനി മറ്റുള്ളവരിലൊരടഞ്ഞ കഥാപാത്രമായി. അപ്പോഴും പ്രതീക്ഷയോടെ ദാമോദരനൊരു കിളിവാതിൽ അവൾക്കായി തുറന്നിട്ടു.
കാലങ്ങളോളം കാത്തുസൂക്ഷിക്കാൻ കസ്തൂരിമണമുള്ള കലാപരിപാടികളും സ്വാദൂറുന്ന ഉച്ചഭക്ഷണവും കഴിഞ്ഞ് പിരിയാൻ നേരമായപ്പോൾ എല്ലാവരെയും അതുവരെയില്ലാത്ത ഒരു വേദന പേരറിയിക്കാതെ ചുറ്റിവരിഞ്ഞു.ഇനിയെന്നു കാണുമെന്നുള്ള സങ്കടമായിരുന്നു,അതിന്റ ഹേതു .എന്നാൽ അടുത്ത സംഗമത്തിനുള്ള ഇഷ്ടമറിയിച്ച് നിമിഷം കൊണ്ടവർക്കതിൽനിന്നും മറികടക്കാൻ സാധിച്ചെന്നത് മറ്റൊരു സത്യം .എല്ലാവരും വീട്ടിലേക്കുതിരിക്കുമ്പോഴും ദാമോദരന്റെ സൂര്യൻ ഉദിച്ചുയർന്നില്ല. തികട്ടി വന്ന കന്മദം കറുത്തുകല്ലിച്ചത് അവൻ മാത്രം കണ്ടു.മാത്രമല്ല തലയ്ക്കു മുകളിൽ ധാരാളം കാർമേഘം ഉരുണ്ടുകൂടിക്കൊണ്ടിരുന്നു . ഒരിക്കലും പെയ്യില്ലെന്നറിഞ്ഞിട്ടും , മൗനത്തിന്റെ മാറാലകൊണ്ടതു വരിഞ്ഞു മുറുക്കി പടിയിറങ്ങുമ്പോൾ കണിക്കൊന്ന വേദനയോടെ ആ മുന്നിലേക്ക് രണ്ടിലകൾ പൊഴിച്ചിട്ടു.നല്ല പച്ചനിറമുള്ള ആ ഇലകൾ ദാമോദരനും നന്ദിനിയുമായി നെല്ലിമരച്ചോട്ടിലേക്ക് പാറിപ്പോയി.
കെ. വത്സല