നെഞ്ച് വേയ്നക്ക് മരുന്ന് വേടിക്കാൻ വരിയിൽ നിക്ക്വർന്ന്. സർക്കാരാശൂത്രി ഫാർമസിട മുന്നീ മര്ന്ന് വാങ്ങാൻ നിക്കണ രോഗ്യോൾട, ഗേറ്റും കടന്ന് പോണ നീണ്ട നെര. ഗേറ്റിന്റരികില് നിക്കവാർന്ന് രാധ. തലേന്ന് പെയ്ത മഴ മണ്ണിനടീൽ ഒറങ്ങിക്കെടന്ന ചൂടിന്റ കൂട് തൊറന്ന് വീട്ടിരിക്കണ്. പൊള്ളണ ചൂടിൽ രാധ വെശർത്തൊഴുകി. ഒച്ചേഴെണത് പോലെ എഴഞ്ഞെഴഞ്ഞ് നീങ്ങണ ഈ വരി ഫാർമസീട മുമ്പിലെത്തുമ്പ ഉച്ച കഴിയും. രാധ മടുപ്പോടെ ഒര് തണലിന് പരതി .
'രാധല്ലേ?'
പൊറകിലീന്ന് ആരണ്ട് വിളിച്ചപ്പ രാധ തിരിഞ്ഞോക്കി. ഒറ്റോട്ടത്തില് ആള മനസിലായില്ല. മുടി മൂഴൊനും നരച്ച ഒര് സ്ത്രീരൂപം. കുണ്ടിലായ, വെട്ടം മുഴോനായി എറങ്ങിപ്പോയ കണ്ണുകൾ. നെറ്റി ചുളിച്ച് സംശയത്തോട ചോദിച്ച്.
'ഇതാർത്?'
'ഞാന്തന്ന.. ഡോക്ടറ ന്ന് കാണാൻ വന്നതാ…'
പിന്നെന്താ പറേണ്ടന്നറിയാത രാധ കൊഴഞ്ഞ് നിന്ന്. അവരും എന്ത് മിണ്ടൂന്ന് ള്ള ചിന്തലാണന്ന് തോന്നി. ആളിക്കത്തണ വെയിലിലിക്ക് കണ്ണ് നട്ട് നിക്കണ്.
രാധക്ക് വല്യ സങ്കടം വന്ന്. പഴേ പരിചയക്കാർ. കൊറേ വർഷത്ത അടുപ്പോള്ളോര് ഇപ്പ രണ്ടാൾക്കും ഒന്നും മിണ്ടാനില്ല. എന്തേലും പറേണ്ടെന്ന് ഷർട്ടിന്റ കോളർ മോളിലേക്ക് പൊക്കി രാധ പറഞ്ഞ്.
'എന്തെര് ചൂടാണപ്പാ…'
'ഉം..ഡോക്ടറ കണ്ടട്ട് വരട്ടട്ട..'
വെയ്ലിൽ വാടിപ്പോയ ഒച്ച. അവര് ചിരിച്ച്. പഴേ ചിരി പെട്ടന്നൊന്ന് മിന്നി അതിലും പെട്ടന്ന് മാഞ്ഞ്. രാധ കൊറച്ച് നേരത്തെക്കൂടി ആയുസ്സ് നീട്ടിക്കിട്ടിയവനപ്പോല തല കുലുക്കി.
അവർ വെയിൽ പൊതച്ച് നടന്ന് പോണത് നോക്കിനിന്ന്. അവര ഓർത്തപ്പ രാധ അയാക്കട ബാല്യത്ത ഓർത്ത്. കുഞ്ഞയ്യപ്പന ഓർത്ത്.
അപ്പ അയാക്കട നരച്ച പീലികൾ അതിരിട്ട കണ്ണുകളിലൂടെ ഒര് വെട്ടം ഓടിപ്പോയി. ജലപ്പരപ്പിന് മോളി വന്ന് ശ്വാസോടുക്കണ മീനപ്പോല രാധ വല്യ ശ്വാസോടുത്ത്. വെയ്ലിനോട് പറേണ പോല പറഞ്ഞ്.
ചെലപ്പത്തോന്നും കുഞ്ഞയ്യപ്പന് എല്ലാറിയാന്ന്. ചെലപ്പഴ, അവ്നൊര് എട്ടും പൊട്ടും തിര്യാത്ത കുട്ടീട സൊബാവാ.
രാത്രി ഒറങ്ങാങ്കെടന്നാ കുഞ്ഞയ്യപ്പൻ പൊറത്ത് നിക്കുവാണല്ലോന്നോർത്ത് ഒറക്കം വര്ല്ല. അവന് തണുക്കുവോ ചൂടെടുക്കുവോ ന്നൊക്കെ ഓർത്ത് തിരിഞ്ഞും മറിഞ്ഞും കെടക്കും. തീര പറ്റാണ്ട് വരമ്പ എണീച്ച് വട്ടച്ച ജനാലപ്പാളി തൊറന്ന് നോക്കും. കെഴക്കൂന്ന്ള്ള തണത്ത കാറ്റ് മൊഖത്തടിക്കും. പൊറത്ത് ഇര്ട്ട് എടവപ്പാതി പോലെ പെയ്തൊണ്ടിരിക്കുവാരിക്കും. പടിഞ്ഞാറെ മൂലല ഇല്ലിക്കൂട്ടങ്ങള് കാറ്റിലൊലേണ ഒച്ച.
'കുഞ്ഞയ്യപ്പ എവിടെണ്?
മനസ്സീ ചോദിച്ചപ്പത്തേനും കെഴക്കെ തെങ്ങിന്റ ചോട്ടീന്ന് ചെവി അടിക്കണ ഒച്ച. ഞാനിവിടെണ്ടന്ന് പറഞ്ഞോല. ജനാലപ്പടിമ്മ കൈകുത്തി ഇര്ട്ടിലിക്ക് തുറിച്ചോക്കി കൊറേ നേരം നിന്ന്. ഈരെഴത്തോർത്തും തോളിലിട്ട് അച്ഛൻ കേറിവരണണ്ടന്ന് തോന്നി. അച്ഛൻ വരുമ്പ അറിയാമ്പറ്റും. വീട് മുഴോൻ ആനച്ചൂര് വന്ന് നെറയും. അപ്പ വീടൊര് വല്യ ആനേകും.
കണ്ണ് തൊർന്നടഞ്ഞ വെക്കത്തിലാർന്ന് അച്ഛമ്പോയത്. 1965 ല മീനത്തില്. തുപ്പക്കാട്ടമ്പലത്തീ ഉത്സോം കൊടി കേറണന്റ തലേ ദവസി. അന്ന് രാധക്ക് ഇരുപത്തിമൂന്ന്.
പാപ്പാൻ നാരാണനേം തുപ്പക്കാട് കുഞ്ഞയ്യപ്പനേം അറിയാത്തോര് തുപ്പക്കാട് ദേശത്തിണ്ടാവില്ല.
ഒര്കാലത്ത് രാധ വിചാരിച്ചാർന്ന്. അച്ഛനില്ലെങ്കി തുപ്പക്കാട്ടമ്പലത്തി ഒന്നും നടക്കൂല്ലന്ന്, പറേടപ്പും എഴുന്നള്ളത്തുവൊന്നും ണ്ടാവില്ലാന്ന്. പക്ഷേങ്കില്, ഒര് ചുക്കൂണ്ടായില്ല. പഴേ പോലന്ന അക്കൊല്ലോം ഉത്സോം നടന്ന്. ഉത്സാഹത്തിന് ഒര് കൊറവൂല്ല. പാപ്പാൻ നാരാണൻ ഇല്ലാത്തേന്റ സൂചന പോലൂല്ല. അച്ഛന ഓർക്കമ്പ പ്പളും രാധന്റ നെഞ്ചി കൊളുത്തിവലിക്കണ്ണ്ണ്ട് ഒര് വേദന.
ജനാല അടച്ച് കട്ടിലേച്ചെന്ന് കെടന്ന്. കൈകള് പെണച്ച് തലക്ക് താഴെവച്ച്. എത്ര ചേർത്തടച്ചാലും കേറി വരണ അച്ഛന്റ ഓർമ്മകള്.
ഉൽസോത്തിന്റ തലേന്ന്, തെളിപ്പാറ ടൗണിലൊള്ള ഡെവിസ് മോലാളീട വീട്ടീന്ന് കുഞ്ഞയ്യപ്പന വിളിച്ചോണ്ടന്ന് മിറ്റത്ത തെങ്ങീക്കെട്ടി വയറ് നെറച്ച് ഓലേം ചക്കരേം തീറ്റിച്ച് രാത്രി മുഴോൻ അവ്നോട് ബിശേഷം പറഞ്ഞിരിക്ക്യാർന്ന് അച്ഛൻ. അച്ഛന്റ തമാശകേട്ട് പൊട്ടിച്ചിരിക്കണ പോല തുപ്പക്കാട്ടമ്പലത്തില കതിനാവെടി.
'കെടക്കൺല്ലേ. മണി പന്ത്രണ്ടായി..'
അടിവശം ചെതല കുത്തിയൊറഞ്ഞ മുൻവാതിൽ തൊറന്ന് അമ്മ വിളിച്ചപ്പ അച്ഛനെണീറ്റ് തുമ്പിക്കയ്യീ തലോടി.
'കെടക്കാൻ നോക്ക്. വെളപ്പിന് എണീറ്റേക്കണം.'
പോകാമ്പോയ അച്ഛന കുഞ്ഞയ്യപ്പൻ തുമ്പിക്കൈ നീട്ടി വലിച്ചടുപ്പിച്ച് അവന്റ ദേഹത്തോട് ചേർത്തുപിടിച്ച്.
'ന്നതാടാ?'
തുമ്പിയോടൊട്ടിനിന്ന് അച്ഛൻ കൊറേ കൊറേ ചിരിച്ച്. പിന്നേം കൊറേ നേരം മിണ്ടീപ്പറഞ്ഞിരുന്നട്ട് വെളുപ്പിനാണ് അച്ഛൻ പോയിക്കെടന്നത്.
കെടന്ന അച്ഛൻ പിന്നെ എണീച്ചില്ല. നേരം വെളുത്തട്ടും, അമ്മ കുലുക്കി വിളിച്ചട്ടും രാധ അലറിക്കരഞ്ഞട്ടും, കുഞ്ഞയ്യപ്പൻ തെങ്ങിന്റ ചുറ്റും വട്ടം കറങ്ങി ചിന്നം വിളിച്ചട്ടും, അച്ഛൻ എണീച്ചില്ല.
സഞ്ചയനം കഴിഞ്ഞ ദവസി ഡെവിസ് മൊലാളി രാധന്റ തോളേക്കയ്യിട്ട് പറമ്പിന്റ അതിരേ നിക്കണ പൂപ്പരത്തീട തണലിലിക്ക് കൊണ്ടോയ്. പൂപ്പരത്തി ഒണങ്ങിയ മഞ്ഞഎലകള് അവരിക്ക് ചുറ്റും കൊഴിച്ചോണ്ടിർന്ന്.
'രാധാഷ്ണാ…'
മോലാളീട പെണ്ണിന്റേം ആണിന്റേം എടേലൊള്ള ഒച്ച കേട്ട്, റോഡിന്റപ്പറം അനങ്ങണ വെയിലിന നോക്കി നിക്കുവാർന്ന രാധ തലപൊക്കി നോക്കി. മോത്ത് വഞ്ചികള് കമത്തിയ പോല വണ്ണോള്ള പൊരികം പൊക്കി മോലാളി പറഞ്ഞ്.
'രാധാഷ്ണാ, കുഞ്ഞയ്യപ്പന നി നീ നോക്കണം'
രാധ കണ്ണടച്ച്. ഒര് തുള്ളി കണ്ണീര് അവ്ന്റ കണ്ണീന്ന് വീണ്. ശരീന്നാ ല്ലന്നാ പറഞ്ഞില്ല. കുഞ്ഞയ്യപ്പന കെട്ടണ തെങ്ങേച്ചാരി അച്ഛൻ നിക്കണ പോല. ആനച്ചൂര് മൂക്കിലടിക്കണ്.
ഈരെഴത്തോർത്ത് കാറ്റിപ്പാറണ്.
'രാധാഷ്ണാ, നാരാണൻ മരിച്ചെപ്പിന്ന കുഞ്ഞയ്യപ്പൻ ഒരേ നിപ്പ്. ഇരിക്കണൂല്ല. കെടക്കണൂല്ല. ഒര് ക്ലാസ് വെള്ളം പോലും കുടിക്കാൻ കൂട്ടാക്കണില്ല..നീ വെക്കം വീട്ടിലിക്ക് വന്നം.'
കറുത്ത സ്ട്രാപ്പള്ള വാച്ച് കെട്ടിയ കൈകൊണ്ട് മടക്കിക്കുത്തിയ മുണ്ടൊതുക്കിപ്പിടിച്ച് തെങ്ങുതടി വട്ടം വച്ച പടി കവച്ച് ഡെവിസ് മൊലാളി തെരക്കട്ട് വെയിലിലേക്കെറങ്ങണ കണ്ട്. മൊലാളി സ്നേഹള്ളവനാണ്. കുഞ്ഞയ്യപ്പന വല്യ ഇഷ്ട്ടോണ്.
വെയിലെറങ്ങിയപ്പ രാധ കുഞ്ഞയ്യപ്പന കാണാഞ്ചെന്ന്. മോലാളീട മാളികേട പൊറകില തെങ്ങിന്റ, കാറ്റടിക്കുമ്പ തെന്നിപ്പോണ തണലീ കുഞ്ഞയ്യപ്പൻ തളന്ന് നിക്കണ കണ്ട് നെഞ്ച് കഴച്ച്. രാധക്കറിയാ, രാധേടച്ഛനും കുഞ്ഞയ്യപ്പനും തമ്മിള്ള ബന്തം. മനുഷ്യര് തമ്മീത്തമ്മീ ത്ര ആഴോള്ള ബന്തോണ്ടാവ് ല്ല.
കൊറേ ദേവസോടുത്ത് കുഞ്ഞയ്യപ്പന ഒന്ന് ഒണർത്താൻ. അരികത്തിര്ന്ന് സൊന്തം കൊച്ചിനപ്പോല പറഞ്ഞ് പറഞ്ഞ് സ്നേയിച്ച് സ്നേയിച്ച്. ഒന്നൊതുങ്ങിന്ന് തോന്നിയപ്പ തോളീത്തട്ടി.
'തെളിപ്പാറക്ക് പോയാലാ?'
കേട്ടപ്പത്തന്നെനും കുഞ്ഞയ്യപ്പൻ നെലത്ത് ചരിഞ്ഞിരുന്ന്തന്ന്. മോളീക്കേറിക്കോന്ന് പറഞ്ഞ്.
രാധേനേം കേറ്റി കുഞ്ഞയ്യപ്പൻ ഒറ്റ നടപ്പാർന്ന്, തെളിപ്പാറക്ക്. ആദ്യോയട്ടാ ഒറ്റയ്ക്ക് ആനപ്പൊറത്ത് കേറണത്. കൊച്ചുന്നാളീ രണ്ടുവട്ടം കേറീപ്പഴും അച്ഛൻ കൂടെണ്ടാർന്നു. ന്നാലും ത്ര പെട്യൊന്നും തോന്നീല്ല.
തെളിപ്പാറപ്പൊഴേല് കൊണ്ടോയി കുളിപ്പിച്ച് ഉശാറാക്കാന്ന് മനസ്സീ വിശാരിച്ചേള്ള്. രാധേട മനസ്സറിഞ്ഞപോല കുഞ്ഞയ്യപ്പൻ പൊഴേലേക്കെറങ്ങി ചരിഞ്ഞുകെടന്ന്.
ചകിരീം കല്ലും കൊണ്ട് ദേഹോരച്ച് കഴുകുമ്പ രാധ കുഞ്ഞയ്യപ്പനോട് വിശേഷങ്ങള് പറഞ്ഞു. അച്ഛനപ്പറ്റി. രാധേനപ്പറ്റി. സൊപ്നങ്ങളപ്പറ്റി. തങ്കമണിട കൈപിടിച്ച് വീട്ടിലിക്ക് കൂട്ടണതിനപ്പറ്റി.
തുപ്പക്കാട്ട് ഭഗോതിയമ്പലത്തിന്റ വഴീ താമസിക്കണ, സഹകരണ ബാങ്കീല ശിപായി ശ്രീധര വാര്യർട മോള് തങ്കമണി.
കൊച്ചൂന്നാള് മൊതല് കാണണതാ. അപ്പ മൊതല്ണ്ട് കുഞ്ഞൊരിഷ്ടം. രാധ വലതാകണെന്റപ്പം ഇഷ്ടോം വൽതായി. അമ്പലത്തീപ്പോകുമ്പഴും വരുമ്പഴും എന്നും കാണൂങ്കിലും തമ്മീ ഒന്നും മിണ്ടീട്ടില്ല. ദവസോം എടത്തെ കൈ പൊറകീക്കെട്ടി മുറ്റവടിക്കണ കാണാറണ്ട്. ഈർക്കിലി ചൂലോണ്ട് മണ്ണില് കുഞ്ഞുക്കുഞ്ഞ് മഴവില്ലോള് ണ്ടായി വരണത് കാണാന്തന്ന ഒര് ചേലാണ്. ഒരൂസം മണ്ണില് കെളർക്കണ മഴവില്ല് നോക്കിനിന്നപ്പ നെവർന്ന് ചൂല് പൊറകിപ്പിടിച്ച് ഗൗരവത്തി പറഞ്ഞ്.
'പൊക്കോളൂട്ടോ. ആരെങ്കിലും കണ്ട'
വേറൊരൂസം അന്നദാനത്തിന് കാളൻ വെളമ്പി കൊട്ത്തട്ടണ്ട്. അന്ന് രാധന നോക്കിപ്പ വെലിയ കർത്ത കണ്ണില് പെട്ടന്നര് മിന്നല് കണ്ട്. കിളിച്ചുണ്ട് പോലത്ത വെരലുകള് എലക്ക് മേലെ കമത്തിവച്ച് മതീന്ന് പറഞ്ഞ്.
വെയിലടിക്കുമ്പ മിന്നണ കല്ലു മൂക്കൂത്തിട്ട്, പുള്ളിപ്പാവാടേമിട്ട് അമ്പലമിറ്റത്ത് തെന്നിതെന്നി നടക്കണ വാര്യരൂട്ടി. തങ്കമണിന തേച്ചൊരച്ച് കുളിപ്പിക്കണതോർത്ത് കുഞ്ഞയ്യപ്പന്റ ദേഹം ഒരച്ചു കഴ്കി.
അത്താഴശീവേലീട പാടികൊട്ട് കേട്ട് ആലിന്റ താഴെ നിക്കുവാർന്ന്. സുന്ദരനൊരു കാറ്റ് മൂളിക്കൊണ്ട് അമ്പലത്തിലെല്ലാടോം ചുറ്റിക്കറങ്ങി നടക്കണ് ണ്ട്. കാറ്റ് ആലെലകളെ കൊട്ടിനൊപ്പം തുള്ളിക്കണ്. അമ്പലമിറ്റത്ത് ശീവേലിക്കെത്തിയ ആളോൾട ബേളം. ചെണ്ടേം ചെങ്ങിലേം തമ്മീ മിണ്ടിപ്പറയണ രസം. ആകക്കൂടിയൊരു സുഖോക്ക തോന്നി രാധന്. അപ്പളാണ്, എന്നാണ്ടോര് സാദനം മുതുകത്ത് തട്ടീന്ന് തോന്നി.
'ഒര് മൊല. പെണ്ണിന്റ മൊല.'
തട്ട് കൊണ്ട് രാധൻ അറിയാത ഒന്നൊലഞ്ഞ് പോയി. കറുത്ത കോലമ്മുടി വെടർത്തീട്ട ഒര് പുള്ളിയുടുപ്പ് തെരക്കീക്കൂടി മുൻപാട്ട് കേറിപ്പോയി.
'തങ്കവണി ?'
ബലിക്കല്ലിന്റരികിലിക്ക് നീങ്ങിന്ന് അവള് തിരിഞ്ഞോക്കി. ആരട മേത്താണ് അവക്കട മൊല മുട്ടീന്നറിയാൻ കൗതുകം ണ്ടാവും. രാധന മൻസിലായപ്പ അവക്കട മോത്ത് നാണോണാ, ഇഷ്ട്ടണാന്ന് ഒന്നും അറിയാമ്പറ്റാത്ത ചിരി. ഉള്ളിലടക്കി വെച്ചതെന്തോ കെട്ടഴിഞ്ഞ് ചെതറണ പോലെ രാധക്ക്. കൊറച്ചേരം രണ്ടെരും കണ്ണെട്ക്കാത നോക്കി നിന്ന്. അവരിക്കട ഉള്ളീ പൂരം കൊട്ടിക്കേറാൻ തൊടങ്ങി. നെലവെളക്കിന്റ വെട്ടമടിച്ച് മൂക്കൂത്തി മിന്നാമിന്നി പോലെ തെളങ്ങി. ആളോള് അവരിക്കെടേലിക്ക് പൊഴ പോല ഒഴുകിനെറഞ്ഞപ്പ നോട്ടങ്ങള് മുറിഞ്ഞ്. പിന്നവള കാണാനില്ല. ഒര് സങ്കടം പറന്ന് വന്ന് രാധേടുള്ളില് നെറഞ്ഞ്.
ആളൊള്ടെഡേല് ന്താണ്ട് കളഞ്ഞോയ പോല രാധ ആലിന്റ താഴ തന്ന നിന്ന്. ആലെലകള് തുള്ളല് നിർത്തി അയാള നോക്കി.
മൂന്നാം പ്രദക്ഷിണം കഴിഞ്ഞ് ഭഗോതി അകത്ത് കേറിയപ്പ അവള് തിരിച്ച് വരണ കണ്ട്. മുടിച്ചുരുളുകള് പറന്ന് വീണ വിടർന്ന നെറ്റില് ചന്ദനക്കുറി. അമ്പലം മുഴോൻ തെളിഞ്ഞ് നിക്കണ എല്ലാ വെളക്കിനക്കാട്ടും ശോഭേള്ള വെളക്കായ് അവ്ള്. രാധേന നോക്കിപ്പ തങ്കമണി തൊട്ടാവാടിപ്പൂ പോല നാണിച്ച്. തല കുനിച്ച്, പുള്ളിപ്പാവാട ഒതുക്കി നടന്ന് പോയി. പയ്നെട്ട് വയസൊള്ള ഒരു മൊലേട സോഖോള്ള ചൂട് രാധന വന്ന്തൊട്ട്.
തങ്കമണീന ഷ്ടാണന്ന് രാധ ആദ്യം പറഞ്ഞത് കുഞ്ഞയ്യപ്പനോടാർന്ന്. അവരപ്പ ഡെവിസ് മോലാളീട മാളികേട പൊറകീ നിക്കാർന്ന്. 'അവളോട് ങ്ങന പറയുവൊടാ' ന്ന് രാധ അവ്നോട് ചോയ്ച്ച്. എല്ലാം മൻസിലായന്ന് കുഞ്ഞയ്യപ്പൻ ചെവിയാട്ടി. തുമ്പിക്കയ്യീ ചുറ്റി വായിലിക്കെടുത്ത ഓല നെലത്തിട്ട് രാധന നോക്കി. കുഞ്ഞയ്യപ്പന്റ മേത്ത് 'ത' എന്നെഴുതി രാധ നാണിച്ച്കൊഴഞ്ഞ്.
'സത്യാടാ'
പിറ്റേന്ന് വെളുക്കാറായപ്പ രാധ ഒര് സൊപ്നം കണ്ട്. അമ്പലപ്പറമ്പിക്കൂട തെടമ്പെട്ത്ത് വരണ കുഞ്ഞയ്യപ്പൻ. അവന്റ മോളീ രാധ. രാധട പൊറകീ തങ്കമണി. എടക്കെടക്ക് തങ്കമണീട കൂർത്ത മൊലകള് രാധട മുതുകത്ത് വന്ന് തൊടണ്. നല്ല പഞ്ഞിക്കെട്ട് പോലത്ത മൊലകള്. മിഴിച്ച് നിക്കണ കണ്ണോള്. പറഞ്ഞറിയിക്കാനാവാത്ത ഒര് സൊഖം. രാധ തലോണ അമർത്തി കെട്ടിപ്പിടിച്ച് അതോർത് കെടന്ന്.
രണ്ടീസം കഴ്ഞ്ഞ്, കാലത്ത് തൊഴാൻ പോണ വഴി മിറ്റത്ത് നിക്കണ തങ്കമണീനക്കണ്ട്. രാധന കണ്ടതും ഓടി വേലിക്കലിക്ക് വന്ന്.
'ന്ന് നിക്ക്വോ ?'
രാധ നിന്ന്. ആളോള് കാണ്വോന്ന് പേടീം ന്നാ സന്തോഷോം കൊണ്ട് വെറച്ച് നിന്ന്. തങ്കമണി മുല്ലവള്ളീന്നൊര് പൂവടർത്തി മുടിപ്പിന്നീകുത്തി രാധന നോക്കി. കറത്ത മേഘത്തീ വെളത്ത നക്ഷത്രം കണക്ക് മുല്ലപ്പൂ അവക്കട മുടീൽ. തങ്കവണീട നീലപ്പാവാടേൽ കാറ്റ് പിടിക്കണ്. വെളപ്പിന് സൊപ്നത്തി കണ്ട, ആകാശത്തേക്ക് നോക്കി നിക്കണ മൊലകള് അവൻ നോക്കാതന്നെ നെഞ്ചി വന്ന് മുട്ടണ്. കയ്യും കാലും വെറച്ച് വിട്ട് പോണ്. കുഞ്ഞ്കാറ്റ് ചൂളം കുത്തണ പോലെ തങ്കമണീട ഒച്ച.
'രാധക്കെന്ന ഷ്ടാന്ന് നിക്കറിയാ. നിക്കും രാധേന ഷ്ടാണ്'.
പിന്നേം ന്തോ പറയാന്തൊടങ്ങിപ്പ അകത്ത്ന്ന് വിളികേട്ട്. തങ്കമണീടമ്മ അമ്മിണി വാരസ്യാരാണ്. 'ദാ വരണൂ' ന്ന് അവൾ ഓടിപ്പോയി.
ഞൊട്ടൻ കലേശന്റ വാറ്റ്ചാരായം മോന്തിയ പോല അവൻ കൊറേനേരം തങ്കമണീട വീടിന്റ മുമ്പി കിറുങ്ങിനിന്ന്. അവള് മൂടീൽ ചൂടിയ മുല്ലപ്പൂന്റ മണം മൂക്കിലടിച്ച്. ബോധം വീണപ്പ അമ്പലത്തിലിക്ക് ഓടിപ്പോയി ഭഗോതീന ശരിക്കൊന്ന് തൊഴ്ത്. വെക്കം കുഞ്ഞയ്യപ്പന്റടുത്തെത്താൻ ഉള്ളം തുളുമ്പി.
വിടർന്ന ചെവീല് പറഞ്ഞതെല്ലാം കുഞ്ഞയ്യപ്പൻ തലകുലുക്കി കേട്ട്.
'നിന്ത് ചെയ്യോടാ? നിക്ക് പറയാൻ വേറാരൂല്ലല്ല'.
കുഞ്ഞയ്യപ്പൻ തുമ്പികൊണ്ട് ചുറ്റിപ്പിടിച്ച്. ചേർത്ത് നിർത്തി രാധട മൊകത്തും ദേഹത്തുവൊക്ക വാത്സല്യത്തോട തലോടി. അച്ഛൻ തലോടണ ഓർമ വന്ന്.
കൊറച്ചീസം കഴിഞ്ഞ് പറയെടുപ്പിന് ചെന്നപ്പ തങ്കമണി ഒര് പടല പഴം കുഞ്ഞയ്യപ്പന് നീട്ടി. നേർത്തൊര് പുഞ്ചിരി രാധക്കും. നീണ്ട മൂക്കിന്റ തുമ്പത്ത് ഒര് തുള്ളി വെശർപ്പ്. വല്യ കണ്ണില് ത്തിരി പേടീം. കുഞ്ഞയ്യപ്പൻ തുമ്പിക്കൈ കൊണ്ട് അവക്കട നെറുകേല് തൊട്ട്. അനുഗ്രഹിക്കണ പോല.
ചടങ്ങെല്ലാം കഴിഞ്ഞ് കുഞ്ഞയ്യപ്പന്റ പൊറത്ത് കേറി ഡെവിസ് മോലാളീട വീട്ടിലിക്ക് പോകുമ്പ മോളിലിക്ക് തുമ്പിക്കൈ നീട്ടി അവൻ രാധേന തൊട്ട്. തുമ്പിക്കയ്യിൽ ഒര് കഷ്ണം കടലാസ്. വെക്കം വലിച്ചെട്ത്ത് വായിച്ച്.
തങ്കമണീട കത്ത്!!
ചോന്ന വരയിട്ട പൊസ്തകത്താളില് നീലമഷി കൊണ്ട് ചരിച്ചെഴുതിയ അഷരങ്ങള് പിന്നീം പിന്നീം വായ്ച്ച്.
നിക്ക് ആലോചന വരൺണ്ട്. ചെൽപ്പ പെട്ടെന്നാകും. മ്മട കാര്യം വീട്ടീ സമ്മതിക്കൂല്ല. മ്മക്ക് ങ്ങോട്ടേലും പൂവാ. മർപടി കുഞ്ഞയ്യപ്പന്റ കയ്യീ കൊടതാ മതി.
സന്തോഷാണാ സങ്കടാണാ തോന്നീതന്ന് ചോയ്ച്ചാ രാധക്കറീല്ല. അവരക്ക വല്യ ജാതിക്കാര്. ആനക്കാരന് വാര്യരൂട്ടീന ങ്ങന കിട്ടും. അവളേണങ്കി കളയാനും വയ്യ. ചെറുപ്പം മൊതല് കൊതിച്ച പെണ്ണാണ്. കുഞ്ഞയ്യപ്പനോട് ആലോയ്ച്ച് മറുപടി എഴുതി.
'നെന്നെ കൊണ്ടോകാൻ ഒടനെ വരും.'
കുഞ്ഞയ്യപ്പനാർന്ന് പിന്ന അവരിക്കട കംസം. രാധ കത്തെഴ്തി അവന്റ തുമ്പീല് വെക്കും. തങ്കമണി അവന് പഴം കൊട്ക്കാനെന്ന പോല വരും. കത്തെടത് വായിച്ച് ആടത്തന്ന മറുപടിക്കത്ത് വെക്കും. അങ്ങന കൊറേ മാസം. ചിരിയോള്, കരച്ചിലോള്. സങ്കടങ്ങള്. കൊറേക്കൊറെ ഉമ്മോള്. പിന്നപ്പിന്ന, കല്യാണത്തിന് സമ്മയ്ക്കത്തേന്റ പ്രചനങ്ങള്. കണ്ണീർ വീണ് ഒഴ്കിപ്പോയ അക്ഷരങ്ങള്.
ഒരൂസം കുഞ്ഞയ്യപ്പൻ ഒര് കത്ത് കൊണ്ടന്ന്. തങ്കമണീട. വെറക്കണ നെഞ്ച് കൊണ്ട് കത്ത് വായ്ച്ച്.
നിക്ക് വയ്യ. ഞാൻ അച്ഛനോട് പറഞ്ഞ്. നിക്ക് രാധന ഇഷ്ടാണെന്ന്. മുടിക്ക് കുത്തിപ്പിടിച്ച് കറക്കീതിന്റ വേദന പ്പളും മാറീട്ടില്ല.
നി കാത്തിരിക്കാൻ പറ്റുല്ല. രാധ കുഞ്ഞയ്യപ്പനോട് കൊറേ ആലോയ്ച്ച്. നാള രാത്രി പന്ത്രണ്ട് മണിക്ക് നമ്മ കുഞ്ഞയ്യപ്പന്റ കൂട ആൽത്തറേ വരും. നീ അവ്ട കാത്തിക്കണം. ഒര് കത്ത് കുഞ്ഞയ്യപ്പന്റ തുംപീൽ വെച്ച് കൊടത്ത്. അമ്പലപറമ്പീ നിക്കുമ്പ തങ്കമണി അവന് ഒര് പടല പഴം കൊട്ത്ത് കത്ത് കൊണ്ടുപോയി.
ആൽത്തറക്കല് നേരത്തെന്നെ എത്തി. ഭഗോതി ഒറങ്ങാണ്. അമ്പലം ഒറങ്ങാണ്. നാട് മുഴോൻ ഒറങ്ങാണ്. ധനുമാസത്തില തണപ്പും പേടീം എല്ലാം കൂടി രാധന അടിമുടി വെറപ്പിച്ച്. തങ്കമണ്യണങ്കി വരണൂല്ല അവക്കട ഇര്ട്ട് കട്ടപിടിച്ച് കെടക്കണ വീട്ടിലിക്ക് കണ്ണെട്ക്കാത നോക്കീര്ന്ന്. നെഞ്ച് ചെണ്ട കൊട്ടണ പോല അടിക്കാൻ തൊടങ്ങി. കുഞ്ഞയ്യപ്പൻ എടക്കട രാധേന നോക്കൺണ്ട്. നി അവളെങ്ങാൻ വരാതിരിയ്ക്വന്ന് ചോദിക്കണ പോല. നെഞ്ചിടിപ്പ് നിന്നന്ന് രാധക്ക് തോന്നി. കയ്യക്ക തണ്ത്ത് മരവിച്ച് വെരലൊന്നും അനക്കാൻ പറ്റണില്ല.
ത്തിരി കഴിഞ്ഞപ്പ അട്ക്കളപൊറകില കാരമരത്തിന്റ മറവീക്കൂടി തങ്കമണി പതുങ്ങി വരണ കണ്ട്. സൊന്തം നെഴലീന വര പേടിച്ച് പേടിച്ച് അവള് അട്ത്തെത്തി. നെലാവിന്റ അരണ്ട വെട്ടം വീണ മൊകത്ത് പേടീടേം കുറ്റബോധത്തിന്റേം വെളർച്ച. അവള രാധേട പൊറകീ കേറ്റീര്ത്തി കുഞ്ഞയ്യപ്പൻ വെക്കം നടക്കാൻ തൊടങ്ങി. തങ്കമണി നിർത്താത കരഞ്ഞോണ്ടിരിന്ന്. അവന്റ വയറ്റീ ചുറ്റിപ്പിടിച്ച അവക്കട ചോന്ന വെരലുകള് കിലുകിലാ വെറക്കണ്. കണ്ണീരും തുപ്പലും വീണ് അവന്റ പൊറം മുഴോൻ നനഞ്.
ഒരൂസം വെളുപ്പാങ്കാലത്ത് കണ്ട സൊപ്നം നടക്കണ പോലെ രാധക്ക് തോന്നി. തങ്കമണീട തീപ്പൊള്ളണ മൊലകൾ മേത്ത് മുട്ടീരിക്കണ്. മുട്ടുന്തോറും പക്ഷെങ്കില്, അപ്പ സൊഖോല്ല, വല്ലാത്ത പേടിണ് അവന് തോന്ന്യത്.
തങ്കമണീട വീട്ടീ വെട്ടം വീണ്. സംഗതി ത്ര പന്തിയല്ലന്ന് രാധ കുഞ്ഞയ്യപ്പനോട് പറഞ്ഞ്. അവൻ ഓടാൻ തൊടങ്ങി. കൊറേപ്പേര് അലറിക്കൊണ്ട് പൊറകെ ഓടിവരണ് ണ്ട്. പീച്ചാണി പാലത്തിന്റ എറക്കിന് വെച്ച് കൊറേ ആളോള് വഴി തടഞ്ഞ് വട്ടം നിക്കണ കണ്ട് കുഞ്ഞയ്യപ്പനൊന്ന് പതറി. അവൻ വല്ലോം ചെയ്യുവോന്ന് പേടി കാരണം ആളോള് അട്ത്തേക്ക് വന്നില്ല. ദൂരന്ന് ടോർച്ചടിച്ച് രാധേട മേത്തൊട്ടി കണ്ണടച്ച് കരഞ്ഞോണ്ടിര്ന്ന തങ്കമണീന അവര് കണ്ട്പിടിച്ച്.
'റങ്ങി വാടീ വ്ട '
എവ്ടക്കേക്കാർന്ന് ശ്രീധര വാര്യർട കല്ലുമ്മേ കല്ലൊരക്കണ ഒച്ച. പൊറകെ പാട്ട ചന്ദ്രപ്പന്റേം മേവാടി സുധന്റെക്ക തെറിപ്പാട്ട്. ടോർച്ച് വെട്ടത്തില് താറാവ് കോവാലന്റ മോൻ സുരേട കയ്യിലിര്ന്ന കത്തിയാ, വാളാ ഏതാണ്ടക്ക തെളങ്ങി.
ഓടിക്കോടാ...
രാധ ഒറക്ക പറഞ്ഞപ്പ കുഞ്ഞയ്യപ്പൻ മുന്നീ നിന്ന ആളൊൾക്ക് നേരെ ഓടി. ആന പാഞ്ഞ് വന്ന കണ്ടപ്പ എല്ലാനും പൂക്കുറ്റി ചെതറണ പോല ചെതറി. ആ ക്യാപ്പില് കുഞ്ഞയ്യപ്പൻ കുതിച്ചോടി. പോറകീന്ന് ആരാണ്ടക്ക ഓടി വരണ്.
കുഞ്ഞയ്യപ്പൻ രാധേനേം തങ്കമണീനേം പൊറത്തിരുത്തി നേരം വെളുക്കണ വര ഓടി. തങ്കമണീടഛനും കൂട്ടരും പൊറകെ. ഇരുട്ട് മാറി വെട്ടം വീണട്ടും കുഞ്ഞയ്യപ്പൻ നിർത്താതെ ഓടാരിന്ന്. പക്ഷേങ്കില്, താത്തപ്പടി എത്തിപ്പ നി ഓടാമ്പറ്റൂല്ലെന്ന് അവൻ വഴീല് തളന്ന് വീണ്. വെറക്കണ കൈ കൊണ്ട് തങ്കമണീട തളന്ന കൈയ്യീ പിടിച്ച് രാധ ആനപ്പൊറത്ത്ന്നെറങ്ങി. അവക്കട കൈ മരിച്ചോരട കൈ പോലെ തണുത്തിരുന്ന്.
വാളും കത്തീം പിടിച്ച് വട്ടത്തി നിന്ന പാട്ട ചന്ദ്രപ്പനേം മേവാടി സുധനേം താറാവ് കോവാലന്റ മോൻ സുരേനേം രാധ തോറ്റോന്റ നോട്ടം നോക്കി. വായു നെഞ്ചില് വെലങ്ങന കെട്ടിന്ന് അവന് ശോസം മുട്ടി.
ന്റ ഭഗോതീ...
തങ്കമണീടലർച്ച കേട്ട് രാധ കുഞ്ഞയ്യപ്പന നോക്കി. അവന്റ
പൊറകില വലത്തേ കാല് വെട്ട് കൊണ്ട് ആഴത്തീ പെളന്നിക്കണ്. കാലേന്ന് പ്പ വിട്ടോകൂന്ന പോല പാദം തൂങ്ങിക്കെടക്കണ്. രാധേട നെഞ്ച് രണ്ട് കഷ്ണോയ്ട്ട് മുറിഞ്ഞ്.
ഹെന്റ കുഞ്ഞയ്യപ്പാ
രാധട ഉള്ളീന്നൊര് കരച്ചില് പൊങ്ങി മണ്ണിന പെളർന്ന്. ഉട്മുണ്ട് വലിച്ച് കീറിയെടുത്ത് കുഞ്ഞയ്യപ്പന്റ മുറിവീ ചുറ്റി. വെള്ളമുണ്ടിന ചോപ്പിച്ചണ്ട് ചോര പൊറത്തക്ക്
ചീറ്റിക്കൊണ്ടിരുന്ന്.
ഈ മുറിവും വെച്ചാണാ നീ ത്രേം ഓടിത്?
രാധ കുഞ്ഞയ്യപ്പന്റ കഴ്ത്തില് വട്ടം കെട്ടിപ്പിടിച്ച് എങ്ങലടിച്ച്. ചോര മുഴോൻ ഒഴ്കിപ്പോണ വര അവൻ രാധേട കണ്ണീന്നൊഴുകണ കണ്ണീര് തുമ്പിക്കൈയ്യോണ്ട് തൊടച്ചെടുത്തോണ്ടിരിന്ന്.
ചോര പൊഴ പോല ഒഴ്കി തങ്കമണീട കാലൊള നനച്ച്.
വട വാടീ കൊലം മുടിക്കാനൊണ്ടായോളെ.....
ശ്രീധരവാര്യര് മകൾട നീണ്ട മുടിക്ക് കുത്തിപ്പിടിച്ച് വട്ടം കറക്കി. തലയോട്ടി പറിഞ്ഞ് പോണ വേദനലും തങ്കമണി കുഞ്ഞയ്യപ്പന ഒറക്കെ വിളിച്ച്.
കയ്യും കാലും കെട്ടി വായി തുണി തിരുകി തങ്കമണിന അവക്കടച്ഛൻ പിടിച്ചോണ്ട് പോയി. കുഞ്ഞയ്യപ്പന കെട്ടിപ്പിടിച്ച് കെടക്കുവാർന്ന രാധന മേവാടി സുധന്റ തട്യൻ കാലോള് ചവിട്ടി മെതിച്ച്.
ഫാർമസില ചെറിയ വട്ടത്തിക്കൂടെ ചീട്ട് നീട്ടി മരുന്ന് വേടിച്ച് തിരിഞ്ഞപ്പ അവര് ഡോക്ടറ കണ്ട് മരത്തിന്റെ ചെറിയ തണല് പറ്റി വരണ കണ്ട് നിന്ന്. ബലിക്കല്ലിന്റ അരീക്കൂടി ഒഴ്കി വരണ ഒര് പുള്ളിപ്പാവാടേട ഓർമ അയാളി തുടിച്ച്.
ഡോക്ടറ കണ്ടാ?
കണ്ട്. ന്ഞാൻ പോട്ടെ.. കൊച്ചുമക്കൾ സ്‌കൂൾന്ന് വരണെന് മുന്നേ ചെല്ലണം.
ന്താർന്ന്?
മുന്നോട്ട് നടക്കാൻ തുടങ്ങിയിരുന്ന മെലിഞ്ഞു വിളർത്ത സ്ത്രീ തിരിഞ്ഞു നിന്ന് രാധേന നോക്കി. മരം എളകണേനനുസരിച്ച് അവരട മൊകത്ത് വെയിലും തണലും മാറിമാറി വന്ന്. വിധിയെ നോക്കി പരിഹസിച്ച് ചിരിക്കണത് പോല ചുണ്ടിന്റ കോൺ കൊണ്ടര് ചിരി ചിരിച്ച്. മീൻ ചെകല പോലെ പാട് വീണ കൈപ്പത്തി എട്ത്ത് നെഞ്ചിൽ വച്ച്.
രണ്ടും എടത്ത് കളഞ്ഞ്.
പിന്നെ ഒന്നും പറയാതെ ഗേറ്റ് കടന്ന് മറഞ്ഞു. പൊള്ളണ ഉച്ചവെയിലിൽ രാധ ഒരുകിയൊലിച്ചു.
----------