താങ്ക്‌സ് ഗിവിങ്ങു ദിനത്തോടു അനുബന്ധിച്ചു ഏറ്റവും പ്രീയപ്പെട്ട ചിലരോട് നന്ദി പറയണം എന്നുകരുതി ചുരുങ്ങിയ വാക്കുകളില്‍ നന്ദിവാചകം കൈമാറി. അക്കൂട്ടത്തില്‍ കേരളത്തിലുള്ള ഒരു സുഹൃത്തിനും നന്ദി സന്ദേശം അയച്ചു. അപ്രതീക്ഷിതമായ മറുപടികണ്ടു ഞെട്ടിപ്പോയി. 'ഇന്ത്യയില്‍ താങ്ക്‌സ്ഗിവിങ്ങ് ഡേയില്ല, നന്ദി'. നന്ദിക്കു പ്രാദേശിക പരിമിതികള്‍ ഇല്ലല്ലോ എന്നു എന്റെ കുറിപ്പില്‍, ' ഇല്ല, ഇവിടെ തീരെയും ഇല്ല' എന്ന മറുകുറി.
ഒരു സാംസ്‌കാരിക ഷോക്ക് അടിച്ചതുകൊണ്ടാകാം മുഖം കയ്യില്‍ താങ്ങി അങ്ങനെ ചില നിമിഷങ്ങള്‍ അറിയാതെ നിന്നു. സുഹൃത്ത് മലയാളത്തില്‍ അറിയപ്പെട്ട ഒരു എഴുത്തുകാരനും അദ്ധ്യാപകനും ആയതുകൊണ്ടാവാം എന്റെ ആശങ്ക അല്‍പ്പം കൂടി. ശരിയായിരിക്കാം, ഇന്ത്യയില്‍ അത്തരം ഒരു പതിവില്ല, നന്ദിപറയല്‍ ഒരു അതിരുവിട്ട വികാരത്തിന്റെ പ്രകടനമായി കണക്കാക്കിയേക്കാം. അമേരിക്കയില്‍ നന്ദി പറയണം എന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തിയാണ് കുട്ടികളെ വളര്‍ത്തിയത്, അത് അറിയാതെ നമ്മളെയും നന്ദിപറയാന്‍ പാകത്തിലാക്കിയെന്നത് അപ്പോഴാണ് തിരിച്ചറിഞ്ഞത്.
തൊട്ടതിനും പിടിപച്ചതിനും എല്ലാവരോടും നന്ദി പറഞ്ഞു ആ വാക്കിന്റെ വില നഷ്ട്ടപ്പെട്ടന്ന് ഇടയ്ക്കു തോന്നിയിട്ടുണ്ട്. എങ്കിലും അറിയാതെ ആ രണ്ടു അക്ഷരങ്ങള്‍ ഇങ്ങനെ വന്നുകൊണ്ടിരിക്കും. അമേരിക്കക്കാര്‍ 'നന്ദി' എന്ന് ഒരുപാട് പറയുന്നു. ചില സംസ്‌കാരങ്ങളില്‍, ആളുകള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ക്ക് മാത്രമേ 'നന്ദി' എന്ന് പറയൂ. ശരാശരി ആറുതവണയെങ്കിലും അമേരിക്കക്കാര്‍ ഒരു ദിവസം ഈ വാക്ക് ഉപയോഗിക്കാറുണ്ട്.
(courtesy to Gary Hershorn/Getty Images)
ചില രാജ്യങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച് നന്ദി പ്രകടിപ്പിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നു. ഇന്ത്യയിലോ ഫിലിപ്പീന്‍സിലോ ആണെങ്കില്‍, 'നന്ദി' അമിതമായി ഉപയോഗിക്കുകയാണെങ്കില്‍ ആളുകള്‍ നിങ്ങളെ വെറുപ്പോ പരുഷമോ ആയി കണ്ടേക്കാം എന്നൊരു പൊതുകുറിപ്പ് ഇന്റ്റെര്‍നെറ്റില്‍ കാണുകയുണ്ടായി. ജപ്പാനും ജര്‍മ്മനിയും പോലുള്ള മറ്റുരാജ്യങ്ങള്‍ക്ക് സാഹചര്യമനുസരിച്ച് 'നന്ദി' പറയാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്.
ദൈനംദിന ജീവിതത്തിന്റെ തിരക്കിലും കോലാഹലത്തിലും, നന്ദി പ്രകടിപ്പിക്കുന്നത് ഒരു അനന്തര ചിന്തയായി വരാം. നന്ദി പറച്ചില്‍ നമ്മുടെ മാനസിക ആരോഗ്യത്തെ സഹായിക്കും, അത് ആത്മാര്‍ഥമായി നമുക്ക് പ്രയാജനം ഉണ്ടാവുന്നു എന്ന് കാണുമ്പോള്‍ ഒരു കടപ്പാടുപോലെ അത് മറ്റുള്ളവരിലേക്ക് പകരും. അത് ലോകത്തെ വ്യത്യസ്തമായ രീതിയില്‍ നോക്കിക്കാണുന്നതിനു സഹായിക്കും. 'നന്ദി' യില്‍ ഒരു പൊരുത്തപ്പെടലും കീഴടങ്ങലും ഉണ്ട്. 'മറ്റൊരാളോട് നന്ദി പറയുമ്പോള്‍, എനിക്ക് അത് സ്വയം ചെയ്യാന്‍ കഴിയില്ല' എന്നാണ് നിങ്ങള്‍ പ്രധാനമായും പറയുന്നത്' (റബ്ബി സ്റ്റെയിന്‍മേട്‌സ്).
നന്ദിപറച്ചില്‍ ഒരു കടപ്പാടുപോലെ പകരം നല്‍കുന്ന, കടം തിരിച്ചുനല്‍കുന്നതുപോലെ ചെയ്യുമ്പോള്‍ അതൊരു ബാധ്യതയായി തരംതാഴ്ത്തപ്പെടുകയാണ്. നേരെമറിച്ച് ലോകത്തില്‍ നല്ലത് ചെയ്യുന്നതിനുള്ള ഒരു ആന്തരിക പ്രചോദനമാണ് എങ്കില്‍ ഈ കടപ്പാടിന്റെ ആഴത്തിലുള്ള ബോധം അനുഭവപ്പെടുകയും ബന്ധങ്ങളെ കൂടുതല്‍ ആഴത്തില്‍ കൊണ്ടുപോകയും ചെയ്യും.
നന്ദി ഒരു ക്രിയാല്മകമായ കടപ്പാടായി ഉയര്‍ത്തപ്പെടുമ്പോള്‍ നന്ദിയുടെ ഊഷ്മളവും അവ്യക്തവുമായ തിളക്കം അനുഭവപ്പെടാം. പരസ്പരം ദുര്‍ബലരായിരിക്കാന്‍ കഴിഞ്ഞതിന്റെ നന്ദി, എനിക്ക് അവനിലും അവന്‍ എന്നിലും ആശ്രയിക്കാന്‍ കഴിഞ്ഞതിന്റെ നന്ദി. അവര്‍ക്കും എന്നെ വേണം എന്ന അറിവ് അപാരമായ ഒരു വികാരമാണ്, എനിക്ക് ആരോടും പ്രത്യേകിച്ച് നന്ദി തോന്നുന്നില്ലെങ്കില്‍ അതും തിരിച്ചറിയേണ്ട സത്യമാണ്.ആഴത്തിലുള്ള കൃതജ്ഞത നമ്മുടെ മൂല്യത്തിന്റെ പ്രതിഫലനം, അംഗീകാരം, സ്വീകാര്യത എന്നിവയാണ്.
എല്ലാം തകര്‍ന്നു എന്നതിരിച്ചറിവിന്റെ നടുവില്‍ നില്‍ക്കുമ്പോള്‍ കാണാത്ത ദൈവത്തോട് നന്ദിപറയുവാന്‍ ഒരു വിശ്വാസിക്ക് കഴിയുമ്പോള്‍ എവിടുന്നോ പകരുന്ന ഒരു ഊര്‍ജ്ജം അനുഭവപ്പെടും. അങ്ങനെ നന്ദിപറഞ്ഞാണ് ഓരോ പ്രാണവായുവും അകത്തേക്ക് കടന്നുവരുന്നത്. നന്ദി പ്രകടിപ്പിക്കുന്നത് മാനസികവും ശാരീരികവുമായ നിരവധി നേട്ടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നന്ദി തോന്നുന്നത് ഉറക്കം, മാനസികാവസ്ഥ, പ്രതിരോധശേഷി എന്നിവ മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ അവിശ്വാസിക്കു ഒക്കെ പൊരുത്തപ്പെടലാവാം, അതും സ്വയം തിരിച്ചറിവിന്റെ നന്ദിപ്രകാശനം.
അമേരിക്കക്കാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിദിനം 1 ബില്യണ്‍ ഡോളറിലധികം നല്‍കുന്നു (ചാരിറ്റി ചോയ്‌സിസ്.കോം) : 2017-ല്‍ മൊത്തം 410 ബില്യണ്‍ ഡോളര്‍. ഈ കണക്കില്‍ വ്യക്തികളും കോര്‍പ്പറേഷനുകളും ഫൗണ്ടേഷനുകളും നല്‍കുന്നതും ഉള്‍പ്പെടുന്നു. വര്‍ഷാവസാനം അമേരിക്കക്കാര്‍ നന്ദിസൂചകമായി ദാനം നല്‍കുന്ന പതിവുണ്ട്. അതിനെ പ്രോത്സാഹിപ്പിക്കുന്ന നികുതിയിളവുകളും അവര്‍ക്കു ലഭിക്കുന്നുണ്ട്. ഏകദേശം 63 ദശലക്ഷം അമേരിക്കക്കാര്‍ - പ്രായപൂര്‍ത്തിയായ ജനസംഖ്യയുടെ 25% - അവരുടെ സമയവും കഴിവുകളും ഊര്‍ജ്ജവും ഒരു മാറ്റത്തിനായി വിനയോഗിക്കാന്‍ സന്നദ്ധത അറിയിക്കുന്നു. 2021-ല്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ് ചാരിറ്റി നല്‍കുന്നത് 20.77 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
അമേരിക്കയില്‍ 'ബീവര്‍ മൂണ്‍' എന്ന് വിളിപ്പേരുള്ള അമാവാസി, ഇലപൊഴിച്ചിലിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. ഒരു മാസത്തിനുള്ളില്‍, ശൈത്യകാലം ആരംഭിക്കുന്നു. ശൈത്യകാലത്തെ തണുപ്പിനായി - ആത്മീയമായി - തയ്യാറെടുക്കേണ്ട സമയമാണിത്. ബീവറുകള്‍ (ഒരുവക നീര്‍നായ്) പ്രത്യേകിച്ച് സജീവമായിരുന്ന വര്‍ഷത്തിലാണ് ഇത് സംഭവിച്ചത്, തദ്ദേശീയരായ അമേരിക്കക്കാരും കോളനിവാസികളും ചതുപ്പുകള്‍ മരവിപ്പിക്കുന്നതിനുമുമ്പ് അവയെ പിടിക്കാന്‍ കെണികള്‍ സ്ഥാപിക്കും.ആത്മീയമായി, പൂര്‍ണ്ണ ചന്ദ്രന്‍ ആഴത്തിലുള്ള വികാരം, പൂര്‍ത്തീകരണം, ആത്മീയ വളര്‍ച്ച എന്നിവയെ പ്രതീകപ്പെടുത്തുന്നു. പൂര്‍ണ്ണ ചന്ദ്രന്റെ ഊര്‍ജ്ജം വ്യത്യസ്ത രീതികളില്‍ പ്രകടമാകാം-നിങ്ങള്‍ക്ക് സര്‍ഗ്ഗാത്മകമോ, ഉത്കണ്ഠയോ, സെന്‍സിറ്റീവോ, ക്ഷീണമോ അനുഭവപ്പെടാം. എന്തൊക്കെയായാലും, ചില പൊഴിച്ചിലുകള്‍, ചില തയ്യാറെടുപ്പുകള്‍ ഒക്കെ എടുക്കാനുള്ള സമയമാണ് ഈ നന്ദിദിനത്തിനു പിന്നാലെ നടക്കുന്നത്.
എന്തായാലും സംസ്‌കാരങ്ങള്‍ കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് പുരോഗമിക്കേണ്ടത്. നന്മകളെ ഉള്‍കൊള്ളാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഒരു തുറന്ന സമീപനം സമൂഹത്തിന്റെ നിലനില്‍പ്പിനു അത്യാവശ്യമാണ്. നന്ദി, അത് ഇവിടെ തീരെയും ഇല്ല, എന്ന രീതിയില്‍ നന്ദിയെ പടിക്കുപുറത്തു നിറുത്തുകയല്ല, അവയെ എളിമയോടെ സമീപിക്കാനും സ്വാഗതം ചെയ്യാനുമുള്ള തുറസ്സാണ് ഉണ്ടാകേണ്ടത്.