Image

ഭാരതീയൻ  (ഇ-മലയാളി കഥാമത്സരം 202: റൂബി ഫൈസൽ)

Published on 29 November, 2023
ഭാരതീയൻ  (ഇ-മലയാളി കഥാമത്സരം 202: റൂബി ഫൈസൽ)

കടലുപ്പ് മണക്കുന്ന തണുത്ത കാറ്റിൻ തലോടലിൽ മയങ്ങി കണ്ണുതുറന്നു കൊണ്ടുതന്നെ ഉറങ്ങുന്ന ഒരുകൂട്ടം തലച്ചോറുകൾക്കിടയിൽ നിൽക്കുകയായിരുന്നു ഫെമിന. ജിയോളജിയുടെ വിരസമായ ക്ലാസുകൾ അവർക്കൊട്ടും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. അധ്യാപനത്തിൽമാത്രം കിട്ടുന്ന മാനസിക ഉല്ലാസം പ്രതീക്ഷിച്ചു പഠിച്ചതും വളരെ കഷ്ടപ്പെട്ടാണെങ്കിലും ആഗ്രഹിച്ചതുപോലെയൊരു ജോലി നേടിയെടുത്തതും തുടക്കകാലങ്ങളിൽ അവളെ സന്തോഷിപ്പിച്ചിരുന്നു . പോകെ, പോകേ വല്ലാത്തൊരു മടുപ്പ്. ഒരേ ക്ലാസ്റൂം ,ഒരേവിഷയം   മുഖങ്ങൾ മാറിമാറി വരുന്നുണ്ടെങ്കിലും ഏതാണ്ട് ഒരേ ചിന്തയുള്ള മനസ്സുകൾ. അല്ല! അവരെ പറഞ്ഞിട്ടും കാര്യമില്ലല്ലോ? അവരുടെ പ്രായത്തിൽ താനും ഇങ്ങനെയായിരുന്നു. പഠനത്തെക്കാൾ പ്രണയത്തിനും, കലയ്ക്കും പ്രാധാന്യം കൊടുത്തു .ബെൽ മുഴങ്ങിയപ്പോൾ അവളന്നത്തെ ക്ലാസ് വൈൻഡ്അപ്പ് ചെയ്തു പുറത്തിറങ്ങി. മറ്റന്നാൾ ശനിയാഴ്ചയാണല്ലോ? എന്തായാലും വീട്ടിൽപോകണം. ഷാനുവിനെ കാണണം. കഴിഞ്ഞ ആഴ്ചയും പോകാൻ പറ്റിയില്ല അവനുമ്മയുടെ ചൂട് മറന്നുകാണും. പാലുകുടി നിർത്തിയെങ്കിലും വറ്റിയമുലകളിൽ കടിച്ചുവലിച്ച് ഒന്നര വയസ്സുകാരൻ മാതൃത്വം നുകരും.
ചിലപ്പോഴൊക്കെ ഉള്ളിലൊരു കടലിരമ്പി അസ്വസ്ഥമാകാറുണ്ട് അവൾ. കണ്ണീരിന്റെ തിരകൾ തീരത്തിലടിച്ച് അവളപ്പോൾ തന്നെ ആ കടലിനെ കൊന്നുകളയും. പി.ജി കഴിഞ്ഞ് ബി. എഡിന് പഠിക്കുമ്പോഴാണ് ചുരമിറങ്ങി മാംഗല്യയോഗം വന്നെത്തിയത്.  വയനാട്ടിൽ നിന്നും പുത്തൻപണക്കാരൻ റിയാസ്.

"പെൺകുട്ടി ഇഷ്ടള്ളത്ര പഠിച്ചോട്ടെ... ന്നാലും പണിക്ക് പോയി കുടുംബംപോറ്റേണ്ട ഗതികേട് മാളിയേക്കൽ കുടുംബത്തിനില്ല. നല്ല എണ്ണം പറഞ്ഞ തറവാട്ടുകാരാണേയ് .......".

പെണ്ണുകണ്ട് തിരിച്ചു പോകാൻ നേരം റിയാസിന്റെ അമ്മാവൻ നട്ടെല്ല് തകർന്നു കിടപ്പിലായ ഉപ്പാനോട് പറഞ്ഞ വാക്കുകൾ. പാവപ്പെട്ടവനായ ഉപ്പ മകൾക്ക് നൽകിയ ഏറ്റവും നല്ല സമ്മാനമായി ആ വിവാഹത്തെ എല്ലാവരും കണ്ടു.  എം എഡിന് പഠിക്കുമ്പോഴാണ് റിയാസ് ഗൾഫിലേക്ക് പോകുന്നത് പോകുമ്പോൾ അവൾക്ക് കൂട്ടിനായി ഉദരത്തിൽ ഒരു കുഞ്ഞു ബീജത്തെയും നൽകിയിരുന്നു. ആറുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് ഒരു അപകടത്തിൽ ഗൾഫിൽ വെച്ച് റിയാസ് മരണപ്പെടുന്നതും കുടുംബം എന്ന വലിയ ഒരു കൂട്ടത്തിനിടയിൽ ഫെമിന എന്നന്നേക്കുമായി ഇല്ലാതായതും. മനസ്സു മരിച്ച അതേ നിമിഷത്തിൽ തന്നെ കാലുകൾ കൊണ്ട് വയറിൽ ചവിട്ടി ഷാനു ഉമ്മയെ സമാധാനിപ്പിച്ചു. ഉമ്മാക്ക് ഞാനുണ്ടെന്ന് ഒരു ഓർമ്മപ്പെടുത്തലായ്. പ്രസവം കഴിഞ്ഞതോടെ  സഹതാപത്തോടെ നോക്കിയിരുന്ന പ്രതാപശാലികളായ കുടുംബക്കാരൊക്കെ തിരിഞ്ഞുനോക്കാതെയായി. റിയാസിന്റെ ഉമ്മയും, ഉമ്മാമയും ,ഓട്ടിസംബാധിച്ച അനിയനു മുള്ളൊരു കൊച്ചുകുടുംബം.  ഇല്ലായ്മ പട്ടിണിയിലേക്ക് വഴിമാറാൻ തുടങ്ങിയപ്പോൾ അവൾ ചെറിയ ജോലികൾക്ക് ശ്രമിച്ചു. അവിടെയൊക്കെയും അവളുടെ വിദ്യാഭ്യാസവും, കുടുംബപ്പേരും കഴുത്തിലൊരു ഭാരമായി കുരങ്ങിക്കിടന്നു. ഒന്നിച്ചുപഠിച്ച കോഴിക്കോടുള്ള  സുഹൃത്താണ് ഒരു ജോലി താൽക്കാലികമായി ശരിയാക്കി കൊടുത്തത്. സഹകരണ അടിസ്ഥാനത്തിലുള്ള ഒരു കോളേജിൽ അധ്യാപികയായിട്ടിപ്പോൾ നാലുമാസമായിരിക്കുന്നു.
"മിസ്സ് നേരത്തെ എത്തിയോ?"
സഹതാമസക്കാരി രമ്യയാണ്.
"ങും....വല്ലാത്ത തലവേദന ഞാനല്പം നേരത്തെ വന്നു".
അതും പറഞ്ഞവൾ കട്ടിലിലേക്ക് ചാഞ്ഞിരുന്നു. അഞ്ചുമണിയായിക്കാണും ഫോണിന്റെ നിർത്താതെയുള്ള ശബ്ദംകേട്ടാണ് അവൾ മയക്കത്തിൽനിന്ന് ഞെട്ടിഎണീറ്റത് റിയാസിന്റെ ഉമ്മയാണ്.
"എന്താണുമ്മാ?."
വാവിട്ടൊരു നിലവിളിയായിരുന്നു അതിനു മറുപടിയായി വന്നത്. അവളുടെ ഉള്ളിൽ കൊച്ചരിപ്പല്ലുകൾ കാട്ടി ഷാനുമോൻ ചിരിച്ചു.
" ഉമ്മാ കാര്യം പറയ്".
ഉള്ളിലൂറിക്കൂടിയ ആധി അവളുടെ ശബ്ദത്തിൽ പ്രകടമായിരുന്നു.
"മോളെ ..... ഉമ്മമ്മ പോയി..... മോള് ഇപ്പൊതന്നെ ഇങ്ങോട്ട് പോര്".
ആശ്രയമറ്റൊരാൾ മറ്റൊരാൾക്ക് തുണയാവുന്നതെങ്ങനെയെന്നവൾക്ക് കാണിച്ചുകൊടുത്തത് റിയാസിന്റെ ഉമ്മ ആയിഷയാണ്. ഒരിക്കലും അമ്മായിയമ്മ എന്നല്ല അമ്മയായിരുന്നു ആയിഷ ഫെമിനക്ക്. കോളേജിൽ വിളിച്ചു ലീവ് പെർമിഷൻ വാങ്ങിയശേഷം  ആറ്മണിയോടെ മൊഫ്യൂസൽ സ്റ്റാൻഡിലെത്തി ഡിസംബറിൻ്റെപകലിന്മേൽ ആധിപത്യംസ്ഥാപിച്ച്  ഇരുട്ട് പെട്ടെന്ന്പരന്നു. അവൾക്ക് ഭയമൊന്നും തോന്നിയില്ല.  തനിക്ക് പോകാനുള്ള ബസ്സിൽ കയറിയിരുന്നു ആകമാനം ഒന്നു നോക്കി, ആളുകളുണ്ടെങ്കിലും സ്ത്രീകളായി നാലുപേർ മാത്രമേയുള്ളൂ. ഉള്ളിലൊരു ചെറിയ ആന്തലുണ്ടായെങ്കിലും അവളത് പുറമേ കാണിച്ചില്ല. നല്ല തണുത്ത കാറ്റിന്റെ നീളം കൈകൾ ശരീരത്തെ തൊട്ടു തലോടിയപ്പോൾ ഒന്ന് ചൂളി തന്നിലേക്കൊതുങ്ങിക്കൂടിയിരുന്നു. ഇടിയോടുകൂടി കനത്തമഴ പെയ്യാൻ തുടങ്ങി. ചുരം മൂന്നാംവളവിൽ എത്തിയപ്പോഴാണ് വാഹനത്തിൻറെ വേഗതകുറഞ്ഞതും ,പതുക്കെ നിന്നതും .
"ദൈവമേ ബ്ലോക്ക് ആയല്ലോ?' ഇനിയെപ്പോഴാണ് വീട്ടിലേക്ക് എത്തുക". 
ഒരു വൃദ്ധൻ കൂടെയുള്ള മകളോട് പതുക്കെ പറയുന്നു. കണ്ടക്ടറോട് കാര്യം തിരക്കിയപ്പോൾ ,
"ഏഴാം വളവിൽ മണ്ണിടിഞ്ഞിട്ടുണ്ട് . വാഹനങ്ങൾക്ക് പോകാവുന്ന രീതിയിൽ അവിടെ വൃത്തിയാക്കി കൊണ്ടിരിക്കുകയാണ് എന്തായാലും കുറച്ചു വൈകും വീട്ടിലേക്ക് വിളിച്ചു പറഞ്ഞോളൂ". എന്ന മറുപടി കിട്ടി. അവളുടെ ഉള്ളിൽനിന്നും ഒരു ചോദ്യമുയർന്നു. "ആരോട് വിളിച്ചു പറയാൻ? ആരാണ് വരാനുള്ളത്? ആരുമില്ലാത്തവർക്ക് ദൈവം മാത്രം തുണ".
അവൾ ഒന്നുകൂടി ചുരുണ്ടു കിടന്നു.ബസ്സിന്റെ ഷട്ടർ താഴ്ത്തിയിട്ടപ്പോൾ അല്പംകൂടി ചൂട്കിട്ടി. ഇരുട്ടും,മഞ്ഞും ചേർന്ന് ബസ്സിപ്പോൾ ആകാശത്തേക്ക് നോക്കി നിൽക്കുന്ന ഒരൊറ്റ മരംപോലെയായിരിക്കുന്നു. ചുറ്റുമുള്ളതൊന്നും കാണുന്നില്ല. പെട്ടെന്ന് ആകാശച്ചെരുവിൽ ഒരു ആൾക്കൂട്ടം. മാലാഖമാരുടെ വെള്ളച്ചിറകുകൾക്കിടയിലൂടെ ചോരമിനുപ്പുള്ള ഒരു രൂപം പുറത്തുവരുന്നു. മാലാഖമാർ ഭയഭക്തി ബഹുമാനങ്ങളോടെ മാറിനിൽക്കുന്നു.
"ഭൂമിയിലെ ഏത് ചോദ്യത്തിനും നിങ്ങൾക്കിവിടെ ഉത്തരമുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ?''.
ഒരു മാലാഖ വിളിച്ചുചോദിക്കുന്നു. അവൾ തൊട്ടടുത്തുനിന്നിരുന്ന മാലാഖയോട് ചോദിച്ചു.
" അതാരാണ്?"....
മാലാഖ അന്ധാളിപ്പോടെ നോക്കി.
'' അറിയില്ലേ?.. "
അവൾ ഇല്ലെന്ന് തലയാട്ടി.
" അതാണ് ദൈവം.ഉള്ളിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന അഗ്നിപർവതത്തിന്റെ  ചൂടിൽ അവൾ വെന്തുരുകി. ഉൾപ്രേരണയാലേ ദൈവത്തിൻറെ അടുത്തേക്ക് ഓടിച്ചെന്നു. "ദൈവമേ നിങ്ങളെന്തു ദൈവമാണ് ?.....നിങ്ങളുടെ  സൃഷ്ടികളെ പലതട്ടിലായി വേർതിരിച്ചിരിക്കുന്നത് എന്തിനാണ്?. ഭൂമിയിൽ കരയുന്ന മനുഷ്യർ കരഞ്ഞു കൊണ്ടേയിരിക്കുന്നു. പരീക്ഷിക്കപ്പെടുന്നവർ പരീക്ഷിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.  ദൈവ വിശ്വാസികളെന്ന് പറയുന്നവർ  പട്ടിണി മാറ്റാൻപുറത്ത് ജോലിക്ക് പോകുന്ന എന്നെപ്പോലെയുള്ളവരെ അഭിസാരികകൾ എന്നുമുദ്രകുത്തുന്നു."
തുടർന്ന് പറയാൻ ഗദ്ഗഥം കൊണ്ട് അവൾക്കാകുന്നില്ല .ദൈവം അവളെ നോക്കിക്കൊണ്ടിരിക്കുകയാണ്.  വളരെ പതുക്കെ അവളുടെ മുഖത്ത് നോക്കി ദൈവം ചോദിച്ചു.
"നീയാരാണ് മോളെ... ? നിന്നെയെനിക്ക് അറിയില്ലല്ലോ!".
മഴ കുറഞ്ഞോയെന്ന് ആരോ ഷട്ടർ തുറന്നു  നോക്കിയപ്പോൾ അടിച്ചതണുത്ത കാറ്റിൽ അവൾ കണ്ണ് തുറന്നു.
" ഹോ! ഉറങ്ങിപ്പോയോ? അവൾ വാച്ചിലേക്ക് നോക്കി സമയം പതിനൊന്നര കഴിഞ്ഞിരിക്കുന്നു.  കൂടെയുണ്ടായിരുന്ന സ്ത്രീകളും കുറെ യാത്രക്കാരും ഇറങ്ങിപ്പോയിരിക്കുന്നു. പന്ത്രണ്ട്മണി കഴിഞ്ഞപ്പോൾ അവൾക്ക് ഇറങ്ങാനുള്ള സ്റ്റോപ്പിൽ എത്തി. നഗരം വിജനമാണ്. കനത്ത മഴയായതുകൊണ്ടാവാം കടകളെല്ലാം അടച്ചിരിക്കുന്നു. ഒരു കുടിയൻ കുഴഞ്ഞ ശബ്ദത്തിൽ പാട്ടുപാടി കടയുടെ വരാന്തയിലുറങ്ങുവാനുള്ള ഒരുക്കം കൂട്ടുന്നു. ഒരോട്ടോറിക്ഷ പോയപ്പോൾ അവൾ കൈകാണിച്ചു. വണ്ടിനിർത്താതെ കുറച്ചുദൂരം മുന്നോട്ടു പോയെങ്കിലും റിവേഴ്സ് വന്നു.പിന്നിൽ യാത്രക്കാരുണ്ട് അവരെ വ്യക്തമായി കണ്ടില്ലെങ്കിലും ഓട്ടോ ഡ്രൈവറെയവൾ കണ്ടു. കയ്യിൽ കാവി ചരട് കെട്ടിയിരിക്കുന്നു. അയാളവളെ ഒന്ന് ചൂഴ്ന്ന് നോക്കി. ഫെമിന തലയിലെതട്ടം ഒന്നൂടെ വലിച്ചു നേരെയാക്കിയിട്ടു.  അവളുടെ കൂടെയാരെങ്കിലും ഉണ്ടോയെന്ന് നോക്കുന്നു. അവൾക്കെന്തോ ഉള്ളിൽ ഭയം തോന്നിത്തുടങ്ങി. കള്ളുകുടിയൻ കേറിക്കിടന്ന കടവരാന്തയിലേക്ക് അവൾ മാറിനിന്നു. ഓട്ടോ ഡ്രൈവറല്ലാത്ത മറ്റൊരു മനുഷ്യൻ്റെ സാന്നിധ്യം അവളെ സമാധാനിപ്പിച്ചു.  അയാളുടെ അല്പം പുറത്തേക്ക് തള്ളിയ കണ്ണുകൾ അവളെ ചകിതയാക്കി.
"ആനപ്പാലംവരെ ഒരു ഓട്ടമുണ്ട്. അത്കഴിഞ്ഞു വരാം".
ഒരു ഓട്ടോയും ഇനിവരില്ലെന്ന് അയാൾക്ക് അത്രക്കുറപ്പുണ്ടായിരുന്നോ?. അവളുടെയുള്ളിൽ പലവിധ ചിന്തകൾ കൂടുകൂട്ടി. നാളെ പുലരുമ്പോൾ നഗരത്തിന്റെ ഏതെങ്കിലുമൊരു കോണിൽ  നഗ്നമാക്കിയ ജീവനില്ലാത്ത ഉടലുമായി കിടക്കുന്ന ഒരു പെൺകുട്ടിയാവുമോ താൻ?. രാത്രികാലങ്ങളിൽ നഗരങ്ങളിൽ ഒറ്റപ്പെട്ടുപോകുന്ന പെൺകുട്ടികൾക്ക് ഉണ്ടായിട്ടുള്ള അപകടങ്ങൾ അവളുടെ ചിന്തകൾക്ക് ചുറ്റും വലയം തീർത്തു. മരണത്തിലേക്ക് സ്വയം ഇറങ്ങിപ്പോകുന്നത് ഒരുവളെപോലെ.  കുടിയന്റെ കൂർക്കം വലിയുയർന്നപ്പോൾ അവൾ കടത്തിണ്ണയിൽ നിന്നും ഇറങ്ങി നടന്നു. എങ്ങോട്ട് ?എന്നൊരു ചോദ്യം ബാക്കിയാണ് .മറ്റൊരു മനുഷ്യനെ കണ്ടെത്തുംവരെയെന്ന്  തലച്ചോർ അവൾക്ക് തീരുമാനവും കൊടുത്തു. ഫോൺ എപ്പോഴേ ചാർജ്തീർന്നു ഓഫായിരുന്നു. നല്ലൊരു ഫോൺ വാങ്ങുവാനിതുവരെ സാധിച്ചിട്ടില്ല. അവൾ  തലയിലെ തട്ടം ഒന്നുകൂടി ചുറ്റിവരിഞ്ഞു മാറത്തേക്കു വലിച്ചിട്ടു.സുരക്ഷിതയാവാനുള്ള വൃഥാശ്രമമായിരുന്നത്. ചെറിയ ചാറ്റൽ മഴ പെയ്യാൻ തുടങ്ങി. ചന്തയുടെ അടുത്തെത്തിയപ്പോൾ കുരച്ചുകൊണ്ട് ഒരു തെരുവുപട്ടി അവളുടെ നേരെവന്നു അത്  രണ്ടായി, മൂന്നായി. നടത്തം ഓട്ടമായി.  മഴത്തുള്ളികളോടൊപ്പം അവളുടെ പ്രത്യാശ നശിച്ച കണ്ണുനീർ ഓടയിലേക്കിറങ്ങി അപ്രത്യക്ഷമായി. ചാറ്റൽ മഴയ്ക്കിടയിലൂടെ ആ ഓട്ടോ അവൾക്കു മുമ്പിൽ എത്തി.
" വേഗം കയറ്....".
ഫെമിന അയാളെ സൂക്ഷിച്ചു നോക്കി. കറുപ്പും ചുമപ്പും കലർന്ന നെറ്റിക്കുറി കയ്യിലെ ചരട്മാല' കാവ്യമുണ്ട്.
"മുസ്ലിമുകളെ ഹിന്ദുക്കൾക്ക് കണ്ടൂടാ... തക്കം കിട്ടിയാ ഓര് നമ്മളെ ചതിക്കും" .രമ്യയെക്കുറിച്ച് അവൾ വാചാലയാകുമ്പോൾ ഉമ്മാമ ഓർമിപ്പിക്കും. അതൊക്കെ ചില മനുഷ്യർക്കിടയിൽ മാത്രമുള്ളതാണ്. മനുഷ്യനെ മനുഷ്യനായി കാണുന്നവർക്ക് മതമുണ്ടാവുകയില്ല എന്നവൾ മനസ്സിലോർക്കും തന്റെ ഉള്ളിലും മതഭ്രാന്ത് ഉണ്ടോ? പിന്നെ എന്തിനാണ് താനീ മനുഷ്യനെ സംശയിക്കുന്നത്. മരണവീട്ടിൽ ആരും ശ്രദ്ധിക്കാനില്ലാതെ ഷാനുമോൻ കരഞ്ഞുകൊണ്ട് നടക്കുന്നതോർത്തപ്പോൾ അവൾ  ഓട്ടോയിൽ കയറി.
"എങ്ങോട്ടാണ്?''.
അയാൾ ഓട്ടോക്ക് പിന്നിലേക്ക് തലചരിച്ചു ചോദിച്ചു അവൾ സ്ഥലം പറഞ്ഞു.
' എന്താണ് ഇത്ര വൈകിയത്?". കാണുന്നതുപോലെയല്ല. സൗമ്യമായ സംസാരം. അവൾ പതുക്കെ സമാധാനിക്കുവാൻ തുടങ്ങി. സമൂഹം അവളിലേക്കെറിഞ്ഞ മതത്തിൻ്റെ വിഷവിത്തുകൾ ആ ചെറിയ യാത്രയിൽ അവൾക്ക് എന്നെന്നേക്കുമായി വലിച്ചെറിയാൻ സാധിച്ചു.
"സഹോദരി ഒറ്റപ്പെടുമ്പോൾ ദൈവം കൂട്ടിനുണ്ടാകുമെന്ന് കരുതിയാൽ മാത്രം മതി. നേരിട്ട്  വന്നില്ലെങ്കിലും അവന്റെ മാലാഖമാരെ അയച്ച് ദൈവം സഹായിച്ചു കൊള്ളും."
. അവളെ നോക്കി അയാൾ ഭംഗിയായി ചിരിച്ചു. വീട്ടിലേക്കുള്ള ഇടവഴിയിൽ ഓട്ടോ നിന്നു. അവൾ നീട്ടിയ പണം വാങ്ങാതെ ആ ഓട്ടോ തിരിച്ചുപോയി. ഓട്ടോയ്ക്ക് പിറകിൽ വലിയ അക്ഷരത്തിൽ എഴുതിയ ആ പേര് അവൾ ഉറക്കെ വായിച്ചു.
" ഭാരതീയൻ "......... 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക