Image

ഹോം നേഴ്സ് (കഥ: ശശി കുറുപ്പ്)

Published on 29 November, 2023
ഹോം നേഴ്സ് (കഥ: ശശി കുറുപ്പ്)

അമ്പല മുറ്റത്തെ അരയാലിൽ ചാരി നിന്ന മരണം സ്വാമിജിയുടെ പ്രഭാഷണം കേട്ട് മന്ദഹസ്സിച്ചു.

സപ്താഹ പാരായണ സമാപ്തി ദിവസം ഭാഗവതധർമ്മ പ്രഭാഷണം നടത്തുകയാണ് സ്വാമി സ്വപ്രകാശ് .
 യാദവകുല നാശത്തിനും ശേഷം ഭഗവാന്‍ ഒരു അരയാലിന്‍ ചുവട്ടില്‍ യോഗസ്ഥനായി ഇരുന്നു. 
  കാട്ടില്‍ മൃഗങ്ങളെ തേടി അലയുന്ന ഒരു വേടന്‍ ദൂരെനിന്ന് ഭഗവാന്റെ പാദം കണ്ട് മാനെന്നു നിരൂപിച്ച് അമ്പെയ്തു. അത് വന്ന് തറച്ചത് ഭഗവാന്റെ തൃപ്പാദത്തിലായിരുന്നു. "മൃഗത്തിന്നാകാരമാം ഭഗവൽപ്പാദം കണ്ട് മൃഗമെന്നോർത്ത് ശരമയച്ചു കാട്ടാളനും " *
  ജനിച്ചാല്‍ മരണം അനിവാര്യമാണെന്നുള്ള സത്യം ലോകത്തിനു വെളിപ്പെടുത്തിക്കൊടുക്കുകയാണ് ഭഗവാന്‍ ചെയ്തത്.
അവതാരപുരുഷനാണെങ്കിലും മരണം ഒരു ദിവസം കടന്നുവരും.
 പ്രഭാഷണം അവസാനിപ്പിച്ചു സ്വാമിജി ശ്രോതാക്കളെ ഓർമിപ്പിച്ചു ,
"മരണം വരുമിനി എന്നു നിനച്ചിഹ
മരുവുക സതതം...."
ക്ഷേത്രത്തിൽ നിന്ന് ഒഴുകി വന്ന പ്രഭാഷണം കേട്ട് മേരിയുടെ മനസ്സ് വിഹ്വലമായി. അവൾ ഭയചകിതയായി , " കർത്താവേ അടുത്ത നാളെന്നും വരുത്തരുതേ " എന്നു പറഞ്ഞ് കുരിശു വരക്കുമ്പോഴാണ് മരണം കോളിംഗ് ബെല്ല് അമർത്തിയത്.
മേരി വാതിൽ തുറന്നു.
നാളെ വെളുപ്പിന് 5.30 ആണ്‌ സമയം, മരണം അറിയിച്ചു.
" രണ്ട് മാസം കൂടി നീട്ടി കിട്ടിയാൽ നേഴ്സിങ്ങിന് പഠിക്കുന്ന മകൾക്ക് ഫീസ് അടക്കാം. അവളുടെ കോഴ്സ് പൂർത്തിയാകും. അല്ലെങ്കിൽ ഞാനും മോളും പെരുവഴിയിലാകും. വേറെ ഒരു വരുമാനവും ഇല്ല. കരുണ കാട്ടണം"
അവൾ മരണത്തിന്റെ കാൽക്കൽ സാഷ്ടാംഗം നമസ്ക്കരിച്ച് സങ്കടക്കടലൊഴുക്കി.
ശരീരത്തിൽ വെള്ളപ്പാണ്ട് രൂപപ്പെട്ടപ്പോൾ ചാക്കോച്ചൻ , മേരിയേയും മകളേയും ഉപേക്ഷിച്ച് മറ്റൊരുത്തിയുടെ കൂടെ താമസമാക്കി.
താൻ വിലക്കിയിട്ടും ആർത്തവ നാളുകളിൽ പോലും തന്നെ മൃഗീയമായി ഭോഗിച്ച രംഗങ്ങളോർത്ത് മേരി വിങ്ങി കരഞ്ഞു. 
മറ്റ് നിവൃത്തികൾ ഒന്നുമില്ലായിരുന്നതിനാൽ ഹോം നേഴ്സായി .
മരണം , ഇതപര്യന്തം ഇത്തരമൊരപേക്ഷ കേട്ടിട്ടില്ല. നചികേതസ്സ് മാത്രമേ പ്രലോഭനങ്ങൾ നൽകിയിട്ടും വശംവദനാകാതെ മരണരഹസ്യം ആരാഞ്ഞിട്ടുള്ളു. 
പ്രജ്ഞ വിട്ട് തളർന്ന ശരീരവുമായി മെത്തയിൽ കിടക്കുന്ന കൃഷ്ണൻ മാസ്റ്റർ , മണിയടിയും മരണത്തിന്റെ സന്ദർശനവുമറിഞ്ഞില്ല.
 അറിയപ്പെടുന്ന ദാർശനികനും എഴുത്തുകാരനും കവിയും, ജീവകാരുണ്യ പ്രവർത്തകനും ,രണ്ടുതവണ പഞ്ചായത്ത് പ്രസിഡൻ്റ് ഉം ആയിരുന്നു കൃഷ്ണൻ മാഷ് . 
ജീവിതത്തോടുള്ള വിരക്തിയും, പ്രായാധിക്യവും രോഗവും തളർത്തിയ മാഷിനെ , ആൺ മക്കൾ വഴുതക്കാട്ടെ ഫ്ളാറ്റിൽ മേരിയുടെ പരിചരണത്തിന് വിട്ട് അമേരിക്കയിൽ തിരികെ പോയി.
വല്യവീട്ടിൽതറവാട്ടിൽ എന്നും പ്രാതലും**
പോലത്ത ***യും കഴിക്കാൻ പണിക്കാരും അയൽക്കാരുമുണ്ടാകും. കൃഷ്ണൻ മാഷിന്റെ അമ്മ സ്നേഹത്തിന്റെ അക്ഷയ പാത്രത്തിൽ നിന്നും അവർക്ക് ആവോളം നൽകും.
 തോടിന്റെ വരമ്പത്ത് ടാർപ്പാ വലിച്ചു കെട്ടി കുടിലിൽ കഴിഞ്ഞിരുന്ന തന്റെ പറമ്പിൽ പണിയെടുത്തവർക്കും അടുക്കള ജോലിക്കാർക്കും 5 സെന്റ് സ്ഥലവും ചെറിയ വീടും പണിതു കൊടുത്തു മാഷ്. 
  മകളെ ഓർത്ത് മാസ്റ്റർ സങ്കടപ്പെടത്ത ദിവസങ്ങൾ ഇല്ല.
‌ കുറെ വർഷങ്ങൾക്കു മുൻപ് ട്രാൻസ്ഇന്റർ ആയ മകൾ അച്ഛനെ കാണുവാൻ വന്നിരുന്നു .
മകൾ ഉപേക്ഷിച്ച് പോയ ഡയറി കുറിപ്പുകൾ വായിച്ചു തളർന്നു പോയി.
കൊടിയ ലൈംഗിക പീഡനത്തിനിരയായ സംഭവങ്ങൾ ഡയറി കുറിപ്പിൽ കോറിയിട്ടിരുന്നു.
മഹിമ പിന്നീട് വന്നിട്ടില്ല. മാഷ് മകളെ കണ്ടിട്ടുമില്ല.
മകളെ അമ്മ എന്നും വഴക്കു പറയുമായിരുന്നു. എനിക്കിങ്ങനെ ഒരു സന്തതി പിറന്നല്ലോ ഭഗവതി. ഞങ്ങൾ എന്ത് പാപം ചെയ്തിട്ടാ .
" അശ്രീകരം, ചാവത്തുമില്ല. " അവർ പലപ്പോഴും മകളെ ശപിച്ചു.
 ഭാര്യ, മാനസ സരോവർ യാത്ര കഴിഞ്ഞു മടങ്ങി എത്തിയില്ല, മാതാജി യുടെ ആശ്രമത്തിൽ തങ്ങി. 
 കാണുവാൻ ആശ്രമത്തിൽ എത്തിയപ്പോൾ മാളവിക ടീച്ചർ മാതാജിക്കൊപ്പം ഭജൻ ആലപിക്കുകയാണ്.
"ഹരിസുന്ദര നന്ദ മുകുന്ദാ
ഹരി നാരായണ ഹരി ഓം. "
ഭക്ഷണത്തിനു ശേഷം ഡോർമെറ്റ്റിയിൽ മാഷിന് കിടക്കുവാൻ സൗകര്യമൊരുക്കി കൊടുത്തു ടീച്ചർ.
രാവിലെ അദ്ദേഹത്തേയും കൂട്ടി ക്യാന്റീനിൽ ചായ കുടിക്കവേ മാളവിക ടീച്ചർ പറഞ്ഞു,
"പുത്രമിത്രാർത്ഥകളത്രാദിസംഗമ മെത്രയുമൽപകാലസ്ഥിതമോർക്ക നീ. പാസ്ഥർ പെരുവഴിമ്പലം തന്നിലെ
താനന്തരായ് കൂടി വിയോഗം വരുംപോലെ "
" നമ്മൾ ജീവിത യാത്ര യിലെ വഴിപോക്കരാണ്. കുറെ നാൾ ഒന്നിച്ചു കഴിഞ്ഞു. ഇനിയും യാത്ര ബാക്കിയുണ്ട്. അങ്ങ് കനിവോടെ തിരികെ പോകണം. സർവ ചരാചരാചാര്യൻ അങ്ങേക്ക് തുണയാകും."
  മാസ്റ്റർക്കൊപ്പം പക്ഷികളും, മരങ്ങളും, പൂക്കളും ആശ്രമ പരിസരവും പൊട്ടികരഞ്ഞു. പ്രസന്നമായിരുന്ന പ്രഭാതം പൊടുന്നനവേ മേഘാവൃതമായി. ചാറ്റൽ മഴ പെയ്തു തുടങ്ങി.
വൃണിത ഹൃദയത്തോടെ മടങ്ങി എത്തിയ മാസ്റ്റർ പിന്നീട് കട്ടിലിൽ നിന്ന് എഴുനേറ്റില്ല.

രണ്ടുമാസം അവസാനിച്ചു.
അടുത്ത പ്രഭാതത്തിൽ 5.30 ന് കോളിംഗ് ബെല്ല് അടിക്കാതെ മരണം മാസ്റ്ററുടെ കാൽച്ചുവട്ടിൽ നിന്ന് തേങ്ങി കരഞ്ഞു.
" ആദ്യമായി ഒരു തെറ്റ് ചെയ്യുകയാണ്, 2 മാസം കഴിഞ്ഞാണ് വരുന്നത്. ഹേംനേഴ്സിന്റെ മകളുടെ ഫീസ് മുടക്കാൻ മനസ്സുവന്നില്ല "
മരണം പറയുന്നത് മാസ്റ്റർ കേട്ടില്ല.
5.30 ന് മുൻപ്തന്നെ പെരുവഴിഅമ്പലം ഒഴിവാക്കി.
തെരുവ് പട്ടികൾ മോങ്ങി, പക്ഷികൾ ചിറകടിച്ചു പറന്നു.
കൊള്ളിമീൻ വീശി. 
ശക്തമായി ഇടി വെട്ടി , മഴ തിമിർത്ത് പെയ്തു.
 ഹക്കിം ഷാ , ജുമാ മസ്ജിദിൽ ബാങ്ക് വിളിക്കുന്ന ഭക്തിരാഗസുധ അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു.
അശ്ഹദു അന്ന മുഹമ്മദൻ റസ്സൂലള്ളാ . 
റസ്സൂലിന്റെ കാരുണ്യമൊഴുകി വന്ന സ്വാന്തന നീർച്ചാലിലൂടെ മരണം വിഷണ്ണനായി യാത്രയായി.
🌍🌍🌍🌍🚀🚀🚀🚀🚀🚀🚀🚀🚀
* ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണം - ഭാഗവതം.
** രാവിലത്തെ ഭക്ഷണം
*** പകലത്തെ ഭക്ഷണം ലോപിച്ച് പോലത്ത ആയി .
ഉച്ച ഭക്ഷണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക