ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി മലയാളിക്ക്. ബഹിരാകാശ ശാസ്ത്രജ്ഞ ഡോ. വി.ആര്‍ ലളിതാംബികയ്ക്കാണ് ബഹുമതി. ഫ്രഞ്ച് ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ ഫ്രാന്‍സ് അംബാസഡര്‍ തിയറി മാത്തൂ ഷെവലിയര്‍ ഡോ.ലളിതാംബികയെ ബഹുമതി നല്‍കി ആദരിച്ചു.
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബഹിരാകാശ സഹകരണമാണ് ലളിതാംബികയെ നേട്ടത്തിന് അര്‍ഹയാക്കിയത്. അഡ്വാന്‍സ്ഡ് ലോഞ്ച് വെഹിക്കിള്‍ ടെക്‌നോളജിയില്‍ സ്‌പെഷ്യലിസ്റ്റായ ഡോ. ലളിതാംബിക, ബഹിരാകാശ ശാസ്ത്ര രംഗത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യം ഗഗന്‍യാന്‍ ദൗത്യത്തിലും ഡോ. ലളിതാംബിക വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 2018ല്‍ ഹ്യൂമന്‍ സ്പേസ് ഫ്‌ലൈറ്റ് പ്രോഗ്രാമിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ ഗഗന്‍യാന്‍ പദ്ധതിക്കായി ഫ്രഞ്ച് നാഷണല്‍ സ്പേസ് ഏജന്‍സിയുമായി ഏകോപിപ്പിച്ചായിരുന്നു ഡോ.ലളിതാംബിക ദൗത്യത്തിന് നേതൃത്വം നല്‍കിയത്.
ജെആര്‍ഡി ടാറ്റ, സത്യജിത് റേ, ഭാരതരത്ന സിഎന്‍ആര്‍ റാവു, പണ്ഡിറ്റ് രവിശങ്കര്‍, സുബിന്‍ മേത്ത, ഇ.ശ്രീധരന്‍, അമിതാഭ് ബച്ചന്‍, ശിവാജി ഗണേശന്‍, ലതാ മങ്കേഷ്‌കര്‍, ഷാരൂഖ് ഖാന്‍, ശശി തരൂര്‍ തുടങ്ങിയവര്‍ക്ക് ഇതിനു മുമ്പ് ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി ലഭിച്ചിട്ടുണ്ട്.