Image

ആറാമത്തെ കുട്ടി (ഇ-മലയാളി കഥാമത്സരം 2023:: ജോണി ജെ പ്ലാത്തോട്ടം)

Published on 01 December, 2023
ആറാമത്തെ കുട്ടി (ഇ-മലയാളി കഥാമത്സരം 2023:: ജോണി ജെ പ്ലാത്തോട്ടം)

മേരിമ്മയ്ക്ക് ആറാമത്തെ കുഞ്ഞിനുള്ള പേറ്റുനോവു കടുക്കുമ്പോൾ കുഞ്ഞിലോച്ചൻ ഇരട്ടക്കുത്തന്മാരുടെ പിച്ചാത്തിക്കു മുമ്പിലായിരുന്നു.
കഴിഞ്ഞതവണ തലേന്നാൾ എങ്ങോപുറപ്പെട്ടുപോയ ആൾ കുഞ്ഞുപിറന്നതിന്റെ പിറ്റേന്നുവൈകുനേരമാണു വീട്ടിൽവന്നത്.
''അങ്ങേലോകം ചെന്നു കണ്ടേച്ചുവന്നതാ ......'' വയറ്റാട്ടി ലച്ചിമിപണിക്കത്തി കണ്ടതേ പറഞ്ഞു. കുഞ്ഞിലോച്ചൻ മൗനമായി കേട്ടുനിന്നു. 
''ആ കുഞ്ഞുങ്ങടെ യോഗം കൊണ്ടു തിരിച്ചുകിട്ടീതാ ...... ഇനി ഒന്നൂടെ .....''
''മതി''.... കുഞ്ഞിലോച്ചൻ അതുപറഞ്ഞു നടന്നുപോയി.
എങ്കിലും ഉള്ളിൽ വലിയ മനസ്താപം തോന്നി. അടുത്തപേറുണ്ടെങ്കിൽ വയറ്റാട്ടിപോരാ, ആശുപത്രീച്ചെന്നു ലേഡിയെകൊണ്ടുവരണം.... ജീവിച്ചിരിപ്പുണ്ടെങ്കിൽ ഞാൻ മേരിമ്മേടെ അടുത്തുണ്ടായിരിക്കും എന്നു ശപധമെടുത്തതുമാണ്. 
എന്നാൽ അതെല്ലാം മറന്നപോലെയാണ് ഇത്തവണയും നടപ്പ്. മാസമടുത്തതോടെ വീട്ടുകാർക്ക് ഉറപ്പില്ലാതായി.
കഴിഞ്ഞമാസമാദ്യം ചിത്തിരപുരത്തുള്ള ചേട്ടൻമാർ രണ്ടുപേരും ചേർന്ന് കുഞ്ഞിലോച്ചനെക്കാണാൻ വന്നു. ''ഇക്കുറിയെങ്കിലും മേരിമ്മേടെ പേറിന് നീ കുടീലുണ്ടായിരിക്കണം....'' ആദ്യം മയത്തിലും പിന്നെ കടുപ്പിച്ചും പറഞ്ഞിട്ടുപോയി.
ചേട്ടന്മാർ മാത്രമല്ല ഒരുവട്ടം അച്ചാച്ചനും വന്നു!
അന്നും പതിവുപോലെ പറമ്പിൽ നോക്കിയും ഓരോന്നാലോചിച്ചുറപ്പിച്ചും തഴെപ്പുരയിടത്തിൽ നിന്ന് കേറിവന്ന് തൊഴുത്തിനടുത്തെത്തിയപ്പോഴാണ് അച്ചാച്ചൻ നിൽക്കുന്നതു കണ്ടത്.
അന്ന് പതിവിലും കുറച്ചുവൈകിയിരുന്നു. ആദ്യത്തെ കോഴികൂവുന്ന അടയാളം കേട്ട് താഴെ നിന്ന് പോരാൻ തിരിഞ്ഞപ്പോഴാണ് കുന്നുകയറിവരുന്ന ഒരു പാട്ടിന്റെ ഈണം കേൾക്കുന്നത്.ചെവിയോർത്തപ്പോൾ പാടുന്നകൂട്ടരെയും പിടികിട്ടി. മലങ്കോട്ടുചേരിയിലുള്ള  കുഞ്ഞപ്പനും തങ്കനുമാണ്. രാത്രി നേരത്ത് ഇതിലെ വരവില്ലാത്തതാണ്.
''കൂരിരുട്ടും കാറ്റും മഴയും എനിക്കു തന്തോഴം......''
കത്തിത്തീർന്ന ചൂട്ടുകറ്റതാഴത്തിട്ട് കൂടപ്പിറപ്പുകൾ രണ്ടും ഇരുട്ടിന്റെ കുഴലിലൂടെ നീങ്ങിവരുന്നു. ഇരുവശത്തും കയ്യാല ഉയർന്നു നില്ക്കുന്ന ഇടവഴിത്തൊണ്ടു നടന്നുതീർത്ത് ഒരു കൃഷിപ്പുരയിടത്തിലേക്കു കയറി.
പാതിരാത്രിയോടടുപ്പിച്ച് കൂവാറുള്ള നെടുവിളിയൻ നീട്ടിക്കൂവി. അകലെ നിന്നു കേട്ടിരുന്ന പട്ടികുര നിലച്ചു.
രണ്ടുമൂന്നു നാഴിക ദൂരെ നിന്ന് കള്ളുഷാപ്പു പിരിഞ്ഞ് വരുന്നതായിരുന്നു ആ കൂടെപ്പിറപ്പുകൾ. ഇരട്ടക്കുത്തന്മാർ കാരണമാണ് ഇന്നിത്രയും താമസിച്ചത്. അവരു ഷാപ്പീന്നിറങ്ങുന്നതാണ് ഷാപ്പടയ്ക്കുന്ന നേരം. അതുവരെ മറ്റുള്ളവർക്കും ഇരിക്കാം. 
കുഞ്ഞപ്പന്റെ ഉടുമുണ്ട് അഴിഞ്ഞുവീണു. അയാളതു തലയിൽ കെട്ടി. അരയിൽ കൗപീനം. അനുജൻ നേരത്തെതന്നെ അഴിഞ്ഞ മുണ്ടുതലയിൽ കെട്ടിയിരുന്നു. അടിയിൽ അണ്ടർവേറ്.
നത്തു കുരയ്ക്കുന്നതും മൂങ്ങ മൂളുന്നതും അവരെ ചൊടിപ്പിക്കുന്നുണ്ട്. അതുങ്ങൾ കേട്ടുതഴമ്പിച്ചതാണെങ്കിൽക്കൂടി കൊടിയ തെറി പറഞ്ഞ് ജന്തുജാലങ്ങളുടെ ഒച്ചയടക്കിക്കുന്നുണ്ട്.
''ഇപ്പഴെവിടെയാടാ നമ്മള്...!?'' കുഞ്ഞപ്പൻ  ചുറ്റും നോക്കീയിട്ട്  നിശ്ചയം വരാതെ തങ്കനോടു ചോദിച്ചു.
അവരുടെ ശബ്ദം അനങ്ങാതെ നിൽക്കുന്ന കൂരിരുട്ടിൽ തട്ടി പ്രതിധ്വനിച്ചു.
''കപ്പയല്ലേടാ നിക്കുന്നേ....! രണ്ടുമൂട് പറിച്ചോണ്ടുപോകാം....'' തങ്കൻ മറുപടി പറഞ്ഞില്ല.
കുഞ്ഞപ്പനു ദേഷ്യംവന്നു. ''നേരം വെളുക്കുന്നതേ എന്തേലും വെട്ടിവിഴുങ്ങണ്ടേടാ...? ങേ? കള്ളും ചാരായോംകൂടെ ഒന്നിച്ചാ വയറ്റിൽ കിടക്കുന്നേ.... ഇന്നു ചോറുകാണാത്തവയറ് ഇപ്പഴേ കത്തുന്നുണ്ട്.''
അപ്പറഞ്ഞതിൽ കാര്യമുണ്ടെന്നു തങ്കനും തോന്നി.
''ഇതാരെടെ കപ്പയാടാ...?''
''നിന്റപ്പന്റെ! എടാ എവിടുന്നാണേലും നമ്മളുപറിക്കുമ്പം നമ്മടെയാ!....''
കപ്പ പറിക്കുന്ന കാര്യം തലയിൽ കയറിയതോടെ രണ്ടുപേരും പാടുപെട്ട് നടത്തം നിർത്തി!
നങ്കുരമിട്ടതുപോലെ ആടിനിന്നുകൊണ്ട് കുഞ്ഞപ്പൻ പറഞ്ഞു ''ഞാനൊന്നു മുള്ളട്ടെ..... നീ പറിക്ക്....'' ഇപ്പോൾ ഒച്ചക്കുമുഴക്കമില്ല. കയത്തിൽവീണു താഴുന്നതുപോലെ വാക്കുകൾ ഇരുട്ടിൽമുങ്ങിപ്പോകുകയാണ്. 
കപ്പയുടെ നേരെ പിച്ചവച്ചുനീങ്ങുന്നതിനിടയിൽ അത്ര ദൂരെയല്ലാതെ പതിഞ്ഞ ഒരു കാർക്കീരുകേട്ടു.
രണ്ടുപേരും നടുങ്ങി. തങ്കൻ ഒച്ചയടക്കിച്ചോദിച്ചു ''നീ കേട്ടോ?!''
കുഞ്ഞപ്പനും കേട്ടതാണ്. എങ്കിലും അവൻ പതിയെ പറഞ്ഞു ''തോന്നിതാരിക്കും! നീ കപ്പപറിച്ചെട്...''
തുടർന്ന് ഒരിക്കൽകൂടി അതുകേട്ടു.
കുഞ്ഞപ്പന് ഓർമ്മ വന്നു. ഇരുട്ടിലേക്ക്, നോട്ടമയച്ചിട്ട് അനുജന്റെ കൈപിടിച്ച്വലിച്ച് വേഗംനടന്നു.
പത്തമ്പതുവാര കഴിഞ്ഞിട്ടാണ് തങ്കൻ ചോദിച്ചത് ''അതാരാടാ.... ഈ നേരത്ത്? ....നമ്മളല്ലാതെ?''
''അതവനാടാ.... ആ കുഞ്ഞിലോപ്പിശാച്....'' ഒച്ചപതുക്കി, ഒളിച്ചുപിടിച്ച് കുഞ്ഞപ്പൻ പറഞ്ഞു ''അവനിങ്ങനെ ഒരു കാർക്കീരുണ്ട്....''
''ഈ നേരത്ത് അവനെന്നാടുക്കുവാ?'' ചേർന്ന് നടന്നുകൊണ്ട് തങ്കൻ.
''അവനങ്ങനെയാ.... നട്ടപ്പാതിരക്ക് ഇരുട്ടത്തു നിൽക്കും. ചെന്നു മുട്ടാൻ തുടങ്ങുമ്പഴേ നമ്മളുകാണത്തുള്ളു.... നരകപിശാചാ.... അവന്റെ പറമ്പീന്ന് കക്കണേൽ പകലുചെല്ലണം. പകലാർക്കാ അതിനു നേരം.'' അതുകൊണ്ട് അവന്റെ പറമ്പിന്ന് ആരും ഒന്നുമെടുക്കേല.
ഒരു കഷണം ഇരുട്ട് ചലിച്ചുതുടങ്ങിയതുപോലെ കുഞ്ഞിലോച്ചൻ കരോട്ടേക്കു നടന്നു നീങ്ങി. കുറച്ചുവൈകിയതുകൊണ്ട് നേരെ വച്ചുപിടിക്കുകയായിരുന്നു. അപ്പോഴാണ്, കച്ചിത്തുറുവും തൊഴുത്തും കഴിഞ്ഞുള്ള തൈക്കുഴിക്ക് അടുത്ത് ഒരാളുനിൽക്കുന്നത്. അടുത്തെത്തിയപ്പോഴാണ് കണ്ടതെങ്കിലും ഞെട്ടിയില്ല.
ഈ നേരത്ത് അവിടെ മറ്റാരും ഇങ്ങനെ നിൽക്കില്ലല്ലോ.....
''ഇനി ഇതിന്റെ കുറവേയുള്ളു'' എന്നുപറഞ്ഞ് കുഞ്ഞിലോച്ചൻ ദൃഷ്ടിതാഴ്ത്തി. രണ്ടുദിവസം മുമ്പാണു പള്ളിവികാരി ആളുവിട്ടുവിളിപ്പിച്ചത്. അതുകൂടി ഓർത്താണ് കുഞ്ഞിലോച്ചൻ പറഞ്ഞത്. 
ശബ്ദം താഴ്ത്തി തമ്മിലെന്തോ മിണ്ടി.
അച്ചാച്ചൻ ആദ്യംപോകാൻ കുഞ്ഞിലോച്ചൻ പറഞ്ഞു. എങ്കിലും അവനെ വിട്ടിട്ടേ അച്ചാച്ചൻ നിന്നിടത്തുനിന്നു നീങ്ങിയുള്ളു. 
പിറ്റേന്നു രാവിലെ കാപ്പികുടിച്ചിരിക്കുമ്പം കുഞ്ഞിലോച്ചൻ പറഞ്ഞു. ''അച്ചാച്ചന്റെ പേരിൽ ഒരൊപ്പീസു ചൊല്ലിക്കണം. അച്ചന്റെ കൈയ്യിൽ കാശുകൊടുക്കാൻ മറക്കണ്ടാ...''
''അതിന് അച്ചാച്ചന്റെ ആണ്ട് എടവത്തിലല്ലേ?...''
''പറഞ്ഞതു ചെയ്താമതി''.
മേരിമ്മയ്ക്ക് എന്തോ മനസിലായി. പിന്നെ ഒന്നും ചോദിച്ചില്ല.
ചേട്ടന്മാർവന്ന വിവരവും കുഞ്ഞിലോച്ചനോടു പറഞ്ഞ കാര്യങ്ങളും എങ്ങനെയോ പുറത്തായിരുന്നു. ബന്ധുകൂടിയായ തോട്ടിമത്തച്ചൻ കലുങ്കിലിരുന്നു പരസ്യമായിപ്പറഞ്ഞു. ''....ഒണ്ടായതഞ്ചും പെണ്ണാണല്ലോ അടുത്തകുറിയടിക്കുന്നതും നേരിട്ടുകാണുന്നതെന്തിനാ! അയാള് ചേട്ടന്മാരല്ല, മരിച്ചുപോയ അപ്പനും അപ്പൂപ്പനും കൂടെ വന്നു പറഞ്ഞാലും പേറിന്റെയന്ന് എങ്ങോട്ടെങ്കിലും പുറപ്പെട്ടുപോകും....''
കുഞ്ഞിലോച്ചന്റെയെതിരാളിയും വകേൽ ഒരുചേട്ടനുമാണ് ആറടിക്കുമേൽപൊക്കമുള്ള തോട്ടിമത്തച്ചൻ. 
മത്തച്ചന്റെ ധൈര്യംകണ്ടതോടെ കൊച്ചേപ്പുചേട്ടൻ കേറിപ്പറഞ്ഞു ''ഞാമ്പറയാം നിങ്ങളുകേട്ടോ. ''മേരിമ്മേടെ ആദ്യത്തെ പേറിന് കുഞ്ഞിലോ കാര്യങ്ങളുനോക്കി തറീലുണ്ടാരുന്നു. ഞാനാ വയറ്റാട്ടിയെ വിളിച്ചോണ്ടുവന്നത്!.... കുഞ്ഞിലോ ഓർത്തത് അയാളെപ്പോലെ ഒരുചെറിയ കൊമ്പൻ ഉണ്ടാകുമെന്നാ!.... ഒണ്ടായതോ കോടാലി വീണത്! അന്നത്തേകഴിഞ്ഞ് കെട്ടിയോടെ ഒരുപേറിനും ആളു സ്ഥലത്തുനിന്നിട്ടില്ല....''
ഇത്രയുമായപ്പോൾ രാഘവനുംകൂടി. ''ഓരോതവണയും പെണ്ണാകുമ്പം എടുത്തുതോട്ടിൽ കളയെടീന്നു, പറയും. ഇനിയും പെണ്ണിനെപ്പെറ്റാൽ അതുങ്ങളെയുംകൊണ്ട് മേരിമ്മവീട്ടിപ്പോകേണ്ടിവരും.... ഒറപ്പാ...!
അവർ കൂട്ടായി ഒരു ചിരി തുടങ്ങിവെക്കവേ ഒരു കാർക്കീരുകേട്ടോ എന്നു രാഘവനു സംശയം തോന്നി. എവിടെന്നന്നറിയത്തില്ല കുഞ്ഞിലോച്ചൻ തറീലെത്തി. കഴുത്തിൽ, വട്ടത്തിൽ ചുറ്റീരുന്ന ചുട്ടിത്തോർത്തിൽ പിടിവീണപ്പോഴാണ് തോട്ടി വിവരമറിയുന്നത്. കണ്ണടച്ചുതുറക്കുന്നേന്നുമുമ്പേ മറ്റുള്ളോർ ഓടിക്കളഞ്ഞു.
കുഞ്ഞിലോച്ചനെക്കാൾ ഒരുമുഴം പൊക്കത്തിൽ എഴുന്നേറ്റുനിന്ന് തോട്ടിമത്തച്ചൻ വിറച്ചു.
തന്നെ തല്ലാൻ പോകുന്നില്ലെന്ന് തോട്ടിക്ക് ഉറപ്പുണ്ടായിരുന്നു. പ്രായത്തിൽ താൻ അഞ്ചാറുവയസ്സിനു മൂത്തതാണ്. ഒരേ തറവാട്ടുകാരനും.
മത്തച്ചനും കൂട്ടരും പറയുന്നതല്ല, കരക്കാരുമുഴുവൻ അടക്കംപറയുന്നുണ്ട്. കുഞ്ഞിലോച്ചനോടു വിവരം വന്നു പറയാൻ ആളുമുണ്ട്. കുഞ്ഞിലോച്ചൻ ഒന്നിരുത്തിമൂളും.
എതിരാളികൾക്ക് ഒരു പ്രതീക്ഷയുള്ളത് കരിങ്ങോളിക്കയത്തിലെ തോട്ടയിട്ടുള്ള മീൻ പിടിത്തമാണ്. രണ്ടുമൂന്നുനാഴികനേരം വെള്ളത്തീന്നുകേറാതെ കെടക്കണം. ന്യൂമോണിയാ പിടിച്ചു കിടക്കാനോ ചാകാനോ ഇടയുണ്ട്. പോലീസ് കേസെടുത്താൽ ഒളിവിൽ പോകേണ്ടിവരും.
കുഞ്ഞിലോയെ എങ്ങനെ അതിനുചൂടുകേറ്റും എന്ന് അവർ ആലോചിച്ചിരിക്കുമ്പോഴാ വാണിയൻ വേലുവിന്റെ ചക്കുപുരയിൽ വന്നിരുന്നിട്ട് ഖാദറിക്ക ആളുവിട്ടത്.
പതിവുപോലുള്ള ഒരു പ്രസരിപ്പ് കുഞ്ഞിലോ അണ്ണനിൽ കാണാത്തതിൽ ഖാദറിക്കയ്ക്ക് വിഷമം തോന്നി.
നമുക്കു 17-ാം തീയതി കഴിഞ്ഞിട്ടുപോരേ എന്ന് കുഞ്ഞിലോ അണ്ണൻ ചോദിച്ചു.
''മാസംപിറന്നിട്ടേയുള്ളു ഇനി രണ്ടുമൂന്നുവാരം കൂടി കാത്തുകെട്ടിയിരിക്കണോ? അങ്ങാടിക്കാര് വാശിക്കുവന്ന് പകലെങ്ങാനുംതോട്ടയിട്ടാൽ ആകെനാശമാകും. അവർക്ക് പാതി മീനൊട്ടുകിട്ടുകേമില്ല. ഉച്ചകഴിഞ്ഞ് കാറുകൊള്ളുന്നുണ്ട്. പുതുമഴ ചതിച്ചേക്കാനും മതി. ഇപ്പം പാകത്തിന് വെള്ളംതാണുനിക്കുവാ...''
''കഴിഞ്ഞ തവണ 9 ചാക്കു മീനാണല്ലോ കിട്ടീത്. ഇത്തവണ പന്ത്രണ്ടുചാക്കെങ്കിലും കിട്ടുമെന്നാണ്....''
കുഞ്ഞിലോച്ചൻ സമ്മതിച്ചു. ''ഇന്നേക്കുനാലാംനാൾ പതിവുനേരത്ത്'' എന്നുവച്ചാൽ അർദ്ധരാത്രി കഴിഞ്ഞ്.
കയം ഒറ്റതിരിഞ്ഞുകാണണമെങ്കിൽ നല്ലവേനലിൽ പുഴവറ്റണം. ആണ്ടിൽ ഒന്നൊന്നരമാസം അങ്ങനെകിട്ടിയാലായി.
കരിങ്ങോളിപ്പാമ്പുകിടക്കുന്ന കയമാണ്. കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കുന്ന കൊടിയവിഷസർപ്പമാണ് കരിങ്ങോളി. ഒരിക്കലുംവറ്റാത്ത വെള്ളത്തിലാണതു കിടക്കുന്നത്. പോയതലമുറയിൽ പലരും കയത്തിൽ കരിങ്ങോളിയെ നേരിട്ടു കണ്ടിട്ടുണ്ട്.
ആണ്ടിൽ ഒന്നും രണ്ടും തവണ വെള്ളത്തിനുമുകളിൽ വളയമിട്ടുകിടക്കും. വലിയ കിണറിന്റെ വട്ടത്തിൽ മൂന്നു നാലുചുറ്റു വളയമിടാൻ നീളമുണ്ട്. അരയോളം പൊക്കത്തിൽ തലപൊക്കിപ്പിടിക്കും. കട്ടച്ചെമ്പരത്തിപോലുള്ള നിറുകേലേപ്പൂവ് കിടന്നിളകും. കോഴി കൊക്കുംപോലെ കൊക്കിവിളിക്കും അർദ്ധരാത്രി നേരത്ത് കരിങ്ങോളിയുടെ കൊക്കിവിളി ചിലർ ഇപ്പോഴും കേൾക്കാറുണ്ട്.

അങ്ങാടിയിൽ കച്ചവടക്കാരനായ ഖാദിർക്കാക്കയും തമ്പിയുംകൂടെവന്ന് കുഞ്ഞിലോച്ചനെ ഉത്സാഹിപ്പിച്ചാണ് എല്ലാക്കൊല്ലവും മീൻപിടുത്തം നടത്തുന്നത്.
ഒരു ചുറ്റുതോട്ടപൊട്ടിക്കഴിയുന്നതേ കുഞ്ഞിലോച്ചനും പവിയനും ഇറങ്ങും. അവരിറങ്ങിയാ ഖാദറിക്കയും തമ്പിയും ധൈര്യമായി ഇറങ്ങും. ശർക്കരയുണ്ടയും വായിലിട്ട് രണ്ടുകവിളു ചാരായവും കുടിച്ചിട്ടാണ് വെള്ളത്തിൽ മുങ്ങുന്നത്. അടീലോട്ടുച്ചെല്ലും തോറും തണുകൂടിവരും അതിനാണു ശർക്കരയുണ്ട. പിറ്റേന്നു പനി ഉറപ്പാണ്. മീനിനെ എറിഞ്ഞുകൊടുക്കുന്നതു പെറുക്കിയിടാൻ കരയിൽ അഞ്ചാറുപേരുവേണം. ഏറെവലിയതിനെ കുറെതാഴെയുള്ള പാറയിൽ ഇറങ്ങിനിന്നു മേടിക്കാനായി ഒന്നുരണ്ടുപേരും.
എല്ലാം തീർന്ന് ചാക്കുനിറക്കുമ്പം പുലർച്ചെക്കോഴികൂകും.
അവിടെ വച്ചുതന്നെ പങ്കിടും. പെറുക്കിയിടുന്നവർക്കും ചുമട്ടുകാർക്കും ഓരോപങ്കാണ്. കയത്തിലിറങ്ങുന്നവർക്ക് എല്ലാം രണ്ടു പങ്കുവീതം. കുഞ്ഞിലോച്ചനുമാത്രം മൂന്നു പങ്ക്.
കുഞ്ഞിലോച്ചൻ മീൻകൂട്ടുകേല. ഒരു പങ്ക് ഖാദറിക്ക വിലയ്ക്കുവാങ്ങും. ബാക്കി അയൽക്കാർക്കും തറവാട്ടിലേക്കുമെല്ലാം കൊടുത്തുവിടും.
ഖാദറിക്കായെകാണാൻ ചക്കുപുരയിൽപോയപ്പോൾ ആരെയും കൂടെക്കൂട്ടിയിരുന്നില്ല. എങ്ങനെയെന്നറിയില്ല, കുഞ്ഞിലോച്ചൻ തറവാട്ടിലൊന്നുപോയി, പീടികേലുംകേറി വീട്ടിൽതിരിച്ചെത്തും മുമ്പേ വാർത്തപരന്നു.
വീട്ടുകാരും സ്വന്തക്കാരും തളർന്നുപോയി. മനസ്സുമാറാൻപ്രാർത്ഥിക്കാനും വികാരിയച്ചനെ അറിയിക്കാനും ആലോചനനടക്കുന്നു.
വെറുതേക്കാർക്ക് സന്തോഷവും ഉത്സാഹവുമായി. അടക്കം പറയാൻ വകകിട്ടി.
എന്നാൽ രണ്ടുദിവസംകഴിഞ്ഞതെ ഖാദറിക്ക വീട്ടിൽവന്നു. മേരിമ്മയുടെ ദിവസം അടുത്തിരിക്കുന്ന കാര്യം ആരോ പറഞ്ഞറിഞ്ഞു. അക്കാര്യം പറയാത്തതിന് കുഞ്ഞിലോ അണ്ണനോടു പിണക്കം പറഞ്ഞു.
മീൻപിടുത്തക്കാര്യം നീട്ടിവച്ചു. 
കരയിൽ ചിലരുടെ ചിരിമങ്ങി. ഇനി കുറച്ചുനാളേയുള്ളു. അവൻ പൊല്ലാപ്പിനൊന്നും പോകാതെ  കെട്ടിയോടെ പേറും നോക്കിയിരിക്കത്തേയുള്ളു എന്ന് അവർ ആശകൈവിട്ടു.
എന്നാൽ തീരുമാനിക്കാറായില്ല, ഇങ്ങനെയൊക്കെനിന്നേച്ച് തലേന്നവൻ നാടുവിടും. അല്ലെങ്കിൽ അന്നുരാവിലെ പുറപ്പെട്ടുപോകും എന്നു സമാധാനിച്ചിരിക്കാനാണ് തോട്ടിമത്തച്ചൻ കൂട്ടുകാരോടു പറഞ്ഞത്.
ഒരാണ്ടത്തെ തേങ്ങാമുഴുവൻ തട്ടുമ്പുറത്തുന്നു ചാടിച്ച് കച്ചവടക്കാർക്ക് കൊടുത്തു. വെലകൂടുമ്പം വിൽക്കാൻ വച്ചിരുന്ന രണ്ടുചാക്കുകുരുമുളകും വിറ്റു.
മേരിമ്മയോടു ചോദിച്ചിട്ടോ പറഞ്ഞിട്ടോ അല്ലെങ്കിലും കാര്യം മനസ്സിലായി. തന്റെ പേറിന് ഇതിനുമാത്രം കാശൊണ്ടാക്കിവെക്കേണ്ട കാര്യമില്ല. കുഞ്ഞിലോച്ചന് ഒരു കാര്യം തോന്നിയാപ്പിന്നെ ഇങ്ങനെയാ. അതുകൊണ്ട് അമ്മയും മറുത്തൊന്നും പറയാൻ പോയില്ല.
17-ാം തീയതി എപ്പം വിളിച്ചാലും ആശുപത്രിക്കുവണ്ടിവിടാൻ ഒരുങ്ങിയിരിക്കണമെന്ന് കൂലിക്കോടുന്ന ജീപ്പുള്ള മാനുവിനോടുപറഞ്ഞുവച്ചു. കാശും മുൻപേർ കൊടുത്തു.
മലഞ്ചരക്കുവിറ്റു കാശുണ്ടാക്കുന്ന കാര്യവും ജീപ്പുപറഞ്ഞുവച്ചതും എതിരാളികളുടെ ചെവീലെത്തി. അവർക്കതൊന്നും ഒട്ടും പിടിച്ചില്ല.

ഉച്ച കഴിഞ്ഞനേരം ഇരട്ടകളിലെ മൂത്തവനായ കൊച്ചുകൊച്ച് കുടിച്ചുപറ്റി എഴുത്താശാന്റെ വരമ്പേപ്പീടികയുടെ മുറ്റത്തുവന്നു. വേച്ചുപോകുമ്പം പിടിക്കാൻ വക്കകെട്ടുകാരൻ കുട്ടനുമുണ്ട്. 
പീടികയ്ക്ക് ഇടത്തുംവലത്തും കണ്ടമാണ്. വരമ്പേപ്പീടികയെന്നു പേരുവീണതങ്ങനെയാണ്. റോഡുവഴീന്ന് പത്തുചുവടു നടന്നാമതി. പലചരക്കും ജവുളിയും അങ്ങാടിമരുന്നുമെല്ലാം ആശാന്റെ പീടികേക്കിട്ടും. 
കൊച്ചുകൊച്ച് പീടികേടെ അരത്തിണ്ണേൽ നിന്ന് ആകമാനം നോക്കി. എമ്പതുകഴിഞ്ഞ ആശാനിരുന്ന് ഉറക്കം തൂങ്ങുന്നുണ്ട്. നേരെ അകത്തോട്ടു കേറാൻ തുടങ്ങിയ കൊച്ചുകൊച്ചിനെ കുട്ടൻ തടയാൻചെന്നു. അവനിട്ടൊരു ഉന്തുകൊടുത്തിട്ട് അകത്തുകേറി. ഉറക്കം തെളിഞ്ഞ ആശാന്റെ നേരെ തൊഴുതു. ''.....എനിക്കൊരു കൈലിമുണ്ടുവേണം. ശംഖുമാർക്കൊന്നും വേണ്ട. വെലകൊറഞ്ഞ ഒരെണ്ണരമെടുക്കുവാ.'' അയാൾ ചില്ലലമാര വലിച്ചുതുറന്നു. ആശാൻ അന്തിച്ചുപോയി. ''ഞാൻതരാ''മെന്നുപറഞ്ഞ് എഴുന്നേറ്റ രാജപ്പനുനേരെ കുത്തൻ ഒരുനോട്ടം. കാര്യം പന്തിയല്ലെന്നുകണ്ട രാജപ്പൻ കണ്ടത്തിൽ പണിചെയ്യുന്ന ആശാന്റെ മൂത്തമകൻ ബാലചന്ദ്രനെവിളിച്ചുവരുത്തി. 
ബാലചന്ദ്രൻ ഓടിക്കേറി ചെന്നിട്ടും അവനുകൂസലില്ല. ''എന്തിനാ കടേക്കേറി സാധനമെടുത്തേ?'' 
''എന്റെ കൈയിൽ ചക്രമില്ല. കടം ചോദിച്ചാ നിങ്ങളു തരുകേലല്ലോ...!'' 
''അതിക്രമം കാട്ടരുത്.... വെച്ചേച്ചുപോ...'' 
''എന്റെ എളീലിരിക്കുന്ന സാധനം കണ്ടോ... അടുത്തു വരണ്ടാ...'' 
ആശാൻ പറഞ്ഞു. ''കൊണ്ടുപോട്ടെടാ...'' മുണ്ടുമെടുത്ത് കൊച്ചുകൊച്ച് താഴത്തിറങ്ങി. 
''എന്റെ അനിയൻ ഒരു തോർത്തുമുണ്ട് ചോദിച്ചിട്ട് നിങ്ങളു പറ്റുകൊടുത്തില്ല. അതിനുപകരമാ...'' 
ഒച്ചപ്പാടുകേട്ട് വഴിയേപോയ രണ്ടുമൂന്നുപേരു കേറി വന്നു. അക്കൂടെ കുഞ്ഞിലോച്ചനുമുണ്ടായിരുന്നു. പ്രായക്കൂടുതലുണ്ടെങ്കിലും ആശാന്റെ മക്കളുരണ്ടും കുഞ്ഞിലോച്ചന്റെ കൂടെ കളരിയഭ്യാസം പഠിക്കാനുണ്ടായിരുന്നതാ.
''ബാലൻ ചേട്ടാ വിടരുത്'' കുഞ്ഞിലോച്ചൻ പറഞ്ഞു. 
ആരും അനങ്ങുന്നില്ലെന്നു കണ്ടപ്പം കൊച്ചുകൊച്ചിന് ചുണകൂടി. അയാൾ താഴെനിന്ന് നോക്കിയപ്പഴാണ് തയ്യൽമിഷ്യന്റെയടുത്ത് അഴയിൽ തൂക്കിയിട്ടിരിക്കുന്ന കൈക്കോണകം കണ്ടത്.
അഭ്യാസക്കളരി വന്നതോടുകൂടിയാണ് ലങ്കോട്ടിയും കൈക്കോണകയും പ്രചാരത്തിലായത്.
''ഞാനൊരു പുതിയ കോണകൻ മേടിക്കാനോർത്തിരിക്കുവാരുന്നു.'' 
അവൻ അരത്തിണ്ണയിൽ നിന്നുതന്നെ കൈക്കോണകം വലിച്ചെടുത്തു. ''തരക്കേടില്ലല്ലോ...!'' എല്ലാവരേയും നിസ്സാരമട്ടിൽ നോക്കിച്ചിരിച്ചു. 
ഒരു കൈകൊണ്ട് മുണ്ടിനടിയിൽ നിന്ന് ഉടുത്തിരുന്ന കോണകം വലിച്ചൂരിയെടുത്ത് പൊക്കിപ്പിടിച്ച് ''ഇന്നാ പകരം ഇതെടുത്തോ'' അതു പീടികേലേ അയേലോട്ടെറിഞ്ഞു. 
''ബാലൻചേട്ടാ പിടിക്കവനെ ഞാനുംകൂടാം...'' ബാലകൃഷ്ണൻ ഒന്നിളകി. ആശാൻ മകന്റെ തോളിൽപിടിച്ചുപറഞ്ഞു, ''ഒന്നിനുംപോണ്ടാ... അതും കൊണ്ടുപോട്ടെ...'' 
ആശാന്റെ കണ്ണുനിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കുഞ്ഞിലോച്ചൻ ഒരൊച്ചയെടുത്തു. കൊച്ചുകൊച്ചിനടുത്തേക്കു ചെന്നു. ''ചെറുക്കാ കീറും ഞാൻ...'' 
പറഞ്ഞുതീരുംമുമ്പേ അവന്റെ വലത്തേകൈ പിടിച്ചുതിരിച്ച് മടക്കിപൂട്ടിട്ടു. കൊച്ചുകൊച്ച് പകുതി മുട്ടുമടക്കി നേരെ നിക്കാൻ വയ്യാതെ വായ്പൊളിച്ചു. കോണകം താഴെയിട്ട് അരയിൽ തപ്പാൻ നോക്കിയതും കൈയ്യുടെ പൂട്ടൊന്നു മുറുക്കി. അവൻ നിലവിളിച്ചു. 
''എടുക്കെടോ!'' താഴെയിട്ട കോണകം എടുപ്പിച്ച് പീടികയിലേക്കിടുവിച്ചു. അവനൂരിയിട്ട പഴകിമുഷിഞ്ഞ കോണകമെടുപ്പിച്ച് അവന്റെ കഴുത്തിൽ ചുറ്റിച്ചു. അരയിൽ നിന്ന് ഒരു മുഴം നീളമുള്ള മലപ്പുറം പിച്ചാത്തി പാളകൊണ്ടുതയ്ച്ച ഉറസഹിതം വലിച്ചൂരിയെടുത്ത് ആശാന്റെ കാൽക്കലേക്കിട്ടു. 
ഒരു തള്ളുകൊടുത്തു. അവൻ പോയി വശം ചെരിഞ്ഞുവീണു. എഴുന്നേറ്റ് തലകുനിച്ച് ഏന്തിനടന്നു.
റോഡുവഴീലെറങ്ങിതേ തിരിഞ്ഞുനിന്നു. 
''ചെവിയേ നുള്ളിക്കോ... കുത്തിക്കീറും നിന്നെ. നേരത്തോടുനേരം തെകക്കേല!'' 
ആശാൻ പറഞ്ഞു ''കുഞ്ഞിലോക്കൊച്ചേ വേണ്ടാരുന്നു. അവരുടെ ശത്രുത സമ്പാദിക്കണ്ടാരുന്നു..!'' 
വാർത്ത നാലുപാടും പരന്നു. തലശേരി സുകുമാരന്റെ പ്രധാനശിഷ്യനായ മാധവൻഗുരുക്കളുടെ കീഴിൽ പതിനൊന്നുപേർ കളരിപഠിച്ചിറങ്ങിയിട്ട് അധികമായില്ല. 
ബാക്കിപത്തുപേരും കൂടി അന്നുതന്നെ കുഞ്ഞന്മാരെ തേടിച്ചെന്നു. അവരൊളിച്ചു. കരവിട്ടുപോയി. അതൊക്കെ ഏറെക്കൊല്ലം മുമ്പാണ്. കുഞ്ഞിലോച്ചൻ പെണ്ണുകെട്ടുന്നേനും മുമ്പ്.

കൊല്ലം ഒന്നു കഴിഞ്ഞാണ് ഇരട്ടകൾ നാട്ടിൽ വന്നത്. ഷാപ്പിലിരുന്ന് വീരസ്യം പറയുമെങ്കിലും കുഞ്ഞിലോച്ചനെക്കാണാതെ ഒളിച്ചും പാത്തും വഴിനടന്നിരുന്ന അവർക്ക് ഓർക്കാപ്പുറത്താണ് യോഗം തെളിഞ്ഞത്. 
മേലെപ്പറമ്പിൽ വക്കച്ചൻ മുതലാളി ആറേഴുമുറിപ്പറമ്പും ആൾബലവും കൈയ്യൂക്കുമുള്ള ആളാണ്. എന്നാൽ മകൾ കൊച്ചുറാണിയെ കെട്ടിച്ച വീട്ടുകാർ തെക്കേക്കരേലുള്ള അഞ്ചേക്കർ വരുന്ന പറമ്പിന്റെ മേലെ അവകാശത്തർക്കവും വഴക്കുമായി വന്നപ്പം അങ്കലാപ്പിലായി.  
പെൺവീട്ടുകാർ വസ്തുവേക്കേറാൻ വരുമെന്ന ശ്രുതിപരന്നു. വക്കച്ചനും കൂട്ടർക്കും വക്കീലും സർക്കാരുദ്യോഗസ്ഥരും സ്വന്തക്കാരായി ഉണ്ടെങ്കിൽ മറ്റേവശത്ത് പള്ളീലച്ചനുണ്ട്. 
അച്ചനുള്ളതും ആനയുള്ളതും ഒരുപോലെയാണെന്ന പറച്ചില്.
ഇരട്ടകളെ ആളുവിട്ടുവരുത്തി. എന്തിനുംപോന്ന പത്തുപേരെ കൂട്ടിവരാമോന്നു ചോദിച്ചു. ചെലവുവരുന്നതൊന്നും നോക്കണ്ടാ... ഇന്നുമുതൽ ഷാപ്പിൽ പറ്റും പറഞ്ഞേക്കാം.  അവർ അമ്മാവൻ വെട്ടുശൗരിയുമായി കൂടിയാലോചിച്ചു. ശൗരിയുടെ ആയുധം വെട്ടരിവാളാണ്. മൂന്നാറിലൊക്കെ ഒളിച്ചുകഴിഞ്ഞിട്ടുള്ള ശൗരിക്കു തമിഴന്മാരെയും പരിചയമാണ്. 
ഏറ്റേച്ചുപോയ പോലെതന്നെ മൂന്നാംദിവസം ആൾക്കാരുമായി വന്നു. തർക്കമുള്ള പറമ്പിന്റെ താഴത്തെ അരികിൽ കുടിലുകെട്ടി. തേകാതെ കിടന്ന കെണറുതേകി. കാവൽക്കാർ കുടിലിൽ താമസമായി. ഈറ്റപ്പന്തവും റാന്തൽവിളക്കും. രാത്രിമുഴുവൻ കുടിയും ബഹളവും രാവിലെ ഏറ്റ് കസർത്തും പോർവിളിയും. 
കൊച്ചുറാണിയും മൂന്നുപെൺമക്കളും മുന്നിൽനിന്ന് രണ്ടുകുടിലുകെട്ടി മറ്റേക്കൂട്ടരും വസ്തവേതാമസമായി.  
പലവട്ടം ഏറ്റുമുട്ടൽനടന്നു. രണ്ടുഭാഗത്തുമായി നാലഞ്ചുപേർ ആശുപത്രിയിലായി. പലർക്കും അംഗഭംഗം വന്നു. 
എങ്കിലും അവസാനം പോലീസും അരമനക്കാരുമെല്ലാം കൂടിയാലോചിച്ച് ഒത്തുതീർപ്പായി. മൂന്നര ഏക്കർ മകൾക്ക് കൊടുക്കേണ്ടിവന്നു. 
കുത്തന്മാരും കാലിനു ഏറ്റുമുട്ടലിൽ സ്വാധീനം നഷ്ടപ്പെട്ട അമ്മാവനും കുടിലീന്ന് ഇറങ്ങിയില്ല. ആരുടെയെങ്കിലും കണ്ടത്തിലെ കാവൽപുരയിലോ, ഷാപ്പിന്റെ തിണ്ണേലോ കിടന്നുറങ്ങിയിരുന്ന കുത്തന്മാർക്ക് അങ്ങനെ ഒരു കിടപ്പാടമായി. 
ഏതെങ്കിലുംമുതലാളിമാർ ഇടയ്ക്കെല്ലാം കുത്തന്മാരെവിളിക്കാൻ തുടങ്ങി. ഒന്നുരണ്ടാണ്ട് അങ്ങനെപോയി. 
ക്രമേണ നാട്ടിൽ വസ്തുവേകേറ്റവും ഒഴിപ്പീരും ഇല്ലെന്നായി. സിവിൽക്കേസും ഒത്തുതീർപ്പും ഒക്കെയാണ് നല്ലതെന്നു കരക്കാർ പഠിച്ചു. 
മുമ്പ് രാത്രീൽമാത്രം തിന്നാൻ കട്ടിരുന്ന കുത്തന്മാർ ഇപ്പം പകലും ഉടമസ്ഥരുടെ മുന്നിൽ വച്ചും തേങ്ങയും പാക്കും കപ്പയും ചേനയുമൊക്കെ ബലമായി കൊണ്ടുപോകാൻ തുടങ്ങി. കേസുകൊടുക്കുന്നവരെ പേടിപ്പിക്കാനും ഒറ്റയ്ക്കുകിട്ടിയാൽ പോക്കറ്റിലുള്ള കാശ് മേടിച്ചെടുക്കാനും വരെ ധൈര്യമായി. 
ഇരട്ടകളെ അമർച്ച ചെയ്യാതെ പൊറുതിയില്ലെന്നായി. കൊടിച്ചോട്ടിക്കാരു രണ്ടുപേരും, മേട്ടുമ്മേലെ അപ്പനും, മകനും അട്ടിക്കൽ ഗോപാൻ തുടങ്ങി പത്തുപന്ത്രണ്ടുപേർ കൂടിയാലോചിച്ചു കുത്തന്മാരെ കൈയും കാലുമൊടിച്ചിടുകയോ വകവരുത്തുകയോ ചെയ്യാൻ തീരുമാനിച്ചു. കുഞ്ഞോലച്ചനും കൂടാമെന്നേറ്റിരുന്നു. 
വിവരം കുത്തന്മാരുടെ ചെവിയിലുമെത്തി. ശൗരിയെ ഇട്ടിട്ട് അവർ നാടുവിട്ടു. ആറുമാസം കഴിഞ്ഞ് വന്നത് രണ്ടു കൂറ്റന്മാരെയും കൂട്ടിയാണ്. 

കരക്കാർക്കെല്ലാം മേരിമ്മേടെ തീയതിയറിയാം. രണ്ടുവയറ്റാട്ടിമാരും മേരിമ്മേടെ വല്യമ്മയും പറഞ്ഞിട്ടുള്ളതാ. മാറ്റം വരികേല. അടുത്ത വ്യാഴ്യാഴ്ച. 
തിങ്കളാഴ്ചതന്നെ ഇളയ അളിയൻ കുഞ്ഞുമോനെ ആളുവിട്ടുവരുത്തി. 
ഇതുനല്ല ലക്ഷണമായി തോട്ടിയും കൂട്ടുകാരും കണ്ടും. കുഞ്ഞിലോയ്ക്കന്ന് എങ്ങോട്ടെങ്കിലും പോകാൻ വേണ്ടിയാ! 
പറഞ്ഞപോലെതന്നെ വ്യാഴ്യാഴ്ച വെളുപ്പിനെ ഇറങ്ങിപ്പോയ കുഞ്ഞിലോയെ കണ്ടവരാരുമില്ലെന്ന വാർത്ത പരന്നു. 
കുഞ്ഞിലോച്ചൻ രാവിലെതന്നെ പവിയനെ അന്വേഷിച്ചുവീട്ടിൽ ചെന്നു. യോഗത്തിന് അവൻ പണിക്കുപോകാതെ വീട്ടിലുണ്ട്. ''ഷാപ്പിൽ പോകുന്നില്ലേ.'' ''രാവിലെ ഇച്ചിരെ ചക്കവേവിച്ചതും കൊണ്ടുപോകാമെന്നോർത്തിരിക്കുവാ...''
''നമ്മുടെ ഇരട്ടകൾ വരുന്നതെപ്പൊഴാ!''
''അതെപ്പച്ചെന്നാലും കാണാം.''
''മിണ്ടാറുണ്ടോ?''
''പിന്നെ,- ചെലപ്പം അവനെന്നാ എടുക്കുന്നെന്നു ചോദിക്കും. അവന്റെ തീരുമാനം ഉടനെയുണ്ടാകും. അറിയിച്ചേരേന്നും പറയും. 
തിയതി പറയേലല്ലേ?! ഇന്നു നീ ചില കാര്യങ്ങളവരോടു പറയണം. ഇങ്ങിറങ്ങിവാ. മുറ്റത്തിനു പുറത്തേക്ക് മാറി നില്ക്കാം. 
കുറച്ചുനേരത്തെ വർത്തമാനത്തിനുശേഷമാണ് കുഞ്ഞിലോച്ചൻ പോയത്! ''നിന്റെ മിടുക്കുപോലെയിരിക്കും കാര്യങ്ങള്'' എന്നു പറഞ്ഞാണ് പിരിഞ്ഞത്? 

ഒരുകോപ്പക്കള്ളും മിന്നെവച്ച് കുറേനേരമിരുന്നപ്പോഴാണ് ഇരട്ടകളും കൂട്ടുകാരൻ കുഴിപ്പറമ്പിൽ പാക്കരനും കേറിവന്നത്. ഒരു കോപ്പവീതം കഴിച്ചിരിക്കുമ്പോൾ പവിയനും അടുത്തേക്കു ചെന്ന്. ''അടുത്തകോപ്പ എന്റെ വക മൂന്നുപേർക്കും!'' 
''ങ്ങേ നിനക്കെന്നാടാ ഭാഗ്യച്ചിട്ടി കിട്ടിയോ?'' 
''അതേയതേ ഭാഗ്യമടിച്ചു. എന്റെ മുറ്റത്തെ പ്ലാവുകച്ചോടമായി. മനസിലോർത്തേന്റെഎരട്ടിയ കിട്ടീത്!'' 
''എന്നാലോരോന്നു പോരാ,''
''എത്രയാന്നു പറഞ്ഞേച്ചാമതി... ഇന്നൊരു ദിവസം ആർക്കുവേണേലും ഈ പവിയൻകൊടുക്കും.''
''നീയാണടാ ആണ്!''
കുഞ്ഞന്മാർക്കും പാക്കരനും പവിയനോടു വലിയ സ്നേഹമായി. വിശേഷങ്ങൾ ചോദിച്ചു. പവിയൻ പറയാനിരുന്നതെല്ലാം പറഞ്ഞുകേൾപ്പിച്ചു. കൊച്ചുകൊച്ച് ഒന്നൂറിച്ചിരിച്ചു. പാക്കരന്റെ തൊടയിൽ തട്ടിക്കൊണ്ട് വർത്തമാനം തുടർന്നു. 
അപ്പോഴാണ് കള്ളൻ മത്തായിയെന്നു പേരുള്ള പാറച്ചോട്ടിൽ കുഞ്ഞത്തായി കേറിവരുന്നത്. ''ഇങ്ങോട്ടു വാടാ മത്തായീ. ഒന്നുകുടിക്ക് അതുകഴിഞ്ഞ് ചിലതു പറയാനുണ്ട്. ഇന്നു നമുക്കൊരുജോലിയുണ്ട്. നീയിവിടെയിരിക്ക്'' കുത്തന്റെ ഉത്സാഹംകണ്ട് പവിയനുസമാധാനമായി. കുഞ്ഞത്തായി ഒരു കോപ്പ മോന്തിയതേ കൊച്ചുകൊച്ചു പറഞ്ഞു. ''എടാ കൊടിച്ചോട്ടിക്കാര് സ്ഥലത്തില്ല. നാളയേവരത്തുള്ളൂ. അവൻ, കുഞ്ഞിലോയുടെ കെട്ടിയോക്ക് രാവിലെ നോവുതുടങ്ങി. അതോണ്ട് ഇന്നു പുറത്തെറങ്ങേല... എന്തിനാ ഇതൊക്കെപ്പറയുന്നേന്നറിയാമോ? പറയാം..കൊടിച്ചോട്ടിക്കാരോട് നെനക്കും കണക്കുതീർക്കാനുണ്ടെന്നു എപ്പോഴുംപറയുന്നതല്ലേ. പറ്റിയ ദെവസമാ...'' 
''അതു നേരാല്ലോ! ഇപ്പഴാ പിടികിട്ടിയേ.'' 
''എന്നാ നീയും കൂടണം. ഒന്നൂടെ മേടിച്ചു കുടിച്ചോ... ചക്രം ഞാനാകൊടുക്കുന്നേ...'' 
പിന്നെയുണ്ടായതു രഹസ്യം പറച്ചിലാ. പവിയൻ ഇറങ്ങിപ്പോന്നു.
''പണ്ടു ഞങ്ങളെ തീർക്കാൻ സംഘം വിളിച്ചുകൂട്ടീത് അവന്മാരാണല്ലോ. അന്നു ഗോപാലനും മിന്നലൊണ്ടാരുന്നു... കുഞ്ഞിലോയുംകൂടി. അവർക്കിട്ടൊക്കെ വേറെ വേറെ ഒറ്റയ്ക്ക്. ഇപ്പം ഇതങ്ങുതീർക്കാം. ഇതുപോലെരു നല്ലനേരം ഇനികിട്ടുകേല!''
ഉച്ചയായപ്പം മുതൽ രണ്ടുമൂന്നു തവണ വെട്ടുകാരനും കുഞ്ഞുമോനും ചേർന്ന് കുഞ്ഞിലോച്ചനെയന്വേഷിച്ച് കൂട്ടുകാരുടെയെല്ലാം വീട്ടിലും ആശാന്റെ പീടികേലും ചെന്നു. ''ഇന്നിങ്ങുകണ്ടേയില്ലല്ലോ' എന്ന മറുപടിയാണ് കിട്ടിയത്. 
കുഞ്ഞിലോയെ കാണാനില്ലെന്ന വിവരം കിട്ടിതേ തോട്ടി പറഞ്ഞു. 
''അന്നേ ഞാൻ പറഞ്ഞില്ലേ? കൊടുക്കെടാ, കയ്യ്!'' 
നമുക്കു പായസം വെക്കണമെന്ന് പറഞ്ഞെങ്കിലും കൂട്ടുകാരു പറഞ്ഞു ''അതുവേണ്ട. നമുക്കു മനസുമടുക്കെ ചാരായം കുടിക്കാം'' 
നാലഞ്ചുമണിയായിക്കാണും. തറവാട്ടുവീട്ടിലെ തിണ്ണയിലിരുന്ന് ഔതയും കുഞ്ഞേപ്പും അമിട്ടുകളിക്കുമ്പോഴാണ് കുഞ്ഞിലോച്ചനും ഗോപാലനുംകൂടെ തെരക്കിട്ട് ഓടിവരുന്നത്. 
''രണ്ടുതൂമ്പാ തല്ലിയൂരിക്കോ... കുഞ്ഞന്മാരും കൂട്ടരും കുന്നേപ്പറമ്പിലെ വിളമുഴുവൻ തകർക്കുവാ... വിടരുതവരെ ഇന്നു തീർക്കണം...! 
കുഞ്ഞേപ്പു ചീട്ടുതാഴെയിട്ട് ഏറ്റു. ഔത ചീട്ടിടാതെ ഓർത്തെടുത്തുപറഞ്ഞു. ''കുഞ്ഞിലോ നീന്നെയന്വേഷിച്ച് ആളുവന്നിരുന്നു. വീട്ടിലോട്ടു ചെല്ല്...!'' 
''അതൊക്കെ നടന്നോളം..!'' ഒരു തൂമ്പാ തല്ലിയൂരി മുച്ചാൺ നീളത്തിൽ മുറിക്കുന്നതിനിടയിൽ കുഞ്ഞിലോ പറഞ്ഞു. 
കുഞ്ഞേപ്പും തൂമ്പാക്കൈ ഊരുന്നതിനിടെ, ഗോപാലനും ഔതയും കട്ടതല്ലുന്ന കാശാവിൻവടികൾ തപ്പിയെടുത്തു. 
''ഇന്നു വിടാം പിന്നെയാകട്ടെ കുഞ്ഞിലോ'' എന്നു ഔത തടസം പറയുന്നുണ്ടെങ്കിലും, അതു ഗൗനിക്കാതെ കുഞ്ഞിലോ ഓടി അകലെയെത്തി. 
കുന്നേപ്പറമ്പിനരികിലെത്തി. ഒരാഞ്ഞിലിക്കുമറഞ്ഞു നിന്ന് നോക്കി. തെറിപ്പാട്ടുപാടി കൂത്താടി കതിരിട്ടുനിക്കുന്ന കരനെല്ലുമുഴുവൻ നശിപ്പിക്കുന്നു. കമുകും തെങ്ങിൻതൈയും അരിവാളിനു വെട്ടുന്നു. 
''എവിടെയൊളിച്ചടാ... ഉശിരുണ്ടേവാടാ...'' വെല്ലുവിളിച്ച് കൊച്ചുകൊച്ച് കുലച്ച വാഴയ്ക്കിട്ടു കുത്തുന്നു. ഓരോന്നിനിട്ടും, ''ഇത് ഔത-ഇത് കുഞ്ഞേപ്പ്... ഇതു ഗോപാലൻ...'' 
അഞ്ചുപേരുണ്ട്. കൂടെയുള്ളവരെയും തിരിച്ചറിഞ്ഞു. ഔതയും കൂട്ടരും ഓടിവരുന്നുണ്ട്. തിരിഞ്ഞ് കൈകൊണ്ട് ഒരാംഗ്യം കാണിച്ചു. അവരും പതുങ്ങിനിന്നുകണ്ടു. 
കരമുഴുവൻ കേക്കാവുന്ന ഒരു കൂട്ട അലർച്ചയോടെ നാലുപേരും ചാടിയിറങ്ങി. അവന്മാർ അന്തിച്ചുപോയി. എങ്കിലും മുന്നോട്ടുപാഞ്ഞടുത്തു. 
അടിയും കുത്തും വെട്ടും. ഒഴിഞ്ഞും മറഞ്ഞും മുന്നോട്ടു ചാടിവീണും. 
''ഒരുത്തനേം വിടരുത്... നോക്കണ്ടാ അഞ്ചിനേം തട്ടിയേരെ...'' 
അതുഗുണം ചെയ്തു. കുഴീപ്പറമ്പൻ ഓടി രക്ഷപ്പെട്ടു. 
ഇടയ്ക്ക് കൊച്ചുക്കൊച്ച് ഇറങ്ങിയോടുമെന്ന് ആരും ഓർത്തിരുന്നതല്ല. കുഞ്ഞിലോച്ചൻ പുറകെയെത്തി. 
ഔത വിളിച്ചുപറഞ്ഞു ''പൊറകേ പോണ്ടാ ചതിയനാ...''
''വിട്ടേരെ പിന്നപ്പിടിക്കാം'' കുഞ്ഞിലോ അതൊന്നും കേൾക്കുന്നില്ല. 
ഔതയെ വിടാതെ വളഞ്ഞിട്ട് മറ്റേ കുത്തനും കുഞ്ഞത്തായീം ആക്രമിച്ചു. 
റബ്ബർതോട്ടവും കടന്ന് ഇടകഴിത്തൊണ്ട് കുറുകെച്ചാടി രണ്ടുപേരും ഓടി. 
''വരണ്ടാ... കീറും ഞാൻ...'' കൊച്ചുകൊച്ച് വിളിച്ചുപറയുന്നുണ്ട്. 
അവൻ എപ്പോൾവേണമെങ്കിലും തിരിഞ്ഞുനിന്നു കുത്താം. മരത്തിനുമറഞ്ഞു നിന്നിട്ട് ചാടിവീഴാം. വെട്ടോം കുറവായി. ഒന്നുരണ്ടുപുരയിടം കൂടികടന്ന് കൂട്ടുവയലിക്കാരുടെ വെളിമ്പറമ്പിലേക്കിറങ്ങിയത് കുത്തനു വിനയായി. 
അരയ്ക്കുമുകളിൽ വളർന്നുനില്ക്കുന്ന പൂച്ചവാലൻ പുല്ലും കാട്ടുകരിമ്പും ഓട്ടക്കാരുടെ വേഗം കുറച്ചു. 
നടുക്കുനില്ക്കുന്ന വലിയ ആഞ്ഞിലിയുടെ ചോട്ടിലെത്തി അവൻ അതിനുമറഞ്ഞു. 
തൊണ്ണുറംഗുലം കാണും. അതിനുപുറമെ വള്ളികേറിച്ചുറ്റി ഒരു കൂടാരം പോലെയുണ്ട്. ചോട്ടിൽ തെരുവയും പൂച്ചവാലൻ പുല്ലും. 
ചെവിയോർത്താൽ അവന്റെ ശ്വാസം കേക്കാം. ഏറെനേരംകൊണ്ട് രണ്ടുമൂന്നു വട്ടംവച്ച് അടിയും തിരികെ കുത്തും. അടിയെല്ലാം അവൻഒഴിഞ്ഞുമാറി. കൂരിരുട്ടാണ്. കുറേ നേരത്തേക്ക് അനക്കമില്ല. 
മുകളീന്ന് കൂട്ടുകാരുടെ കൂവിച്ചകേൾക്കാം. സ്ഥലമറിയാതെ ചുറ്റുകയാണ്. 
കുത്തൻ ''പൊക്കൊ... പൊക്കോ...'' എന്ന് സ്വകാര്യം പോലെ പറയുന്നുണ്ട്. 
കാളമൂരിയെപ്പോലെ ചീറ്റിക്കൊണ്ട് അമർത്തിയഅലർച്ചയോടെ ഇടയ്ക്കു മുന്നോട്ടാഞ്ഞു കുത്തും. 
ഉന്നംപിടിച്ച ഒരടി അവന്റെ പിച്ചാത്തിപിടിച്ച കൈക്കുകൊണ്ടു. കുഴയ്ക്കുമോളിൽ വച്ച് ഒടിഞ്ഞുതൂങ്ങുന്നതു കണ്ടു. എന്നാലവൻ കത്തി താഴെയിട്ടില്ല. കൈമാറി. 
അവന്റെ ഇടംകൈക്കുത്തു പേരുകേട്ടതാണ്. ഉന്നവും പാങ്ങും കൂടും. പലരെയും അവസാനം വീഴിച്ചിട്ടുള്ളത് ഇടംകൈക്കാണ്. 
ഒരു മേഘം മാറി കുറച്ചുവെട്ടം വന്നു. മുഖത്തോടുമുഖം നില്ക്കുന്നതിനിടയിൽ ''പൊറകിൽ പാമ്പ്!'' എന്ന വിളിച്ചുപറയുകയും ഒന്നും നോക്കാതെയുള്ള ഒരടിയും. അവൻ കാറിക്കൊണ്ടുവീണു. തോളെല്ലിനാണു കൊണ്ടത്. 
തല ഒഴിവാക്കി തുരുതുരാ അടിച്ചു. നെഞ്ചിൻകൂടിനും മറിച്ചിട്ട് കൈപ്പലകയ്ക്കും. അവന്റെ ഒച്ച നിലച്ചു. ഒരു മുരൾച്ച മാത്രം. അതും നിന്നു. 
പിച്ചാത്തിതേടിയെങ്കിലും കിട്ടിയില്ല. ഒടിഞ്ഞിരിക്കുന്ന കാലിൽപിടിച്ച് ഒന്നുപൊക്കി.മിണ്ടുന്നില്ല. 
കൂട്ടുകാരുടെ കൂവിച്ച അകലെയങ്ങാണ്ടെത്തി. വയലിൽനിന്ന് കേറിക്കഴിഞ്ഞ് രണ്ടുമൂന്നുകൂവി. കുറച്ചുകഴിഞ്ഞപ്പോൾ അവരുടെയൊച്ച കുറേക്കൂടി അടുത്തുവന്നു. 
''എന്തിയേ... ഞങ്ങളുപേടിച്ചുപോയി'' 
''കെടപ്പുണ്ട്... വയലിലെ ആനിച്ചോട്ടിൽ... അവിടുത്തെ കാര്യം?'' 
''അതും ശരിയായി! കുത്തനും ഓടാതെനിന്ന വേറൊരുത്തനുമുണ്ട്.''  
രണ്ടുമൂന്നുപറമ്പുകടന്ന് അവർ നിരപ്പിലുള്ള എറേത്തുകൊച്ചേലിയുടെ കിണറ്റുകരയിലെത്തി.
പവിയനും അനിയൻ പാപ്പുവും അവിടെകാത്തിരിപ്പുണ്ടായിരുന്നു. പവിയൻ ടോർച്ചടിച്ചു കാണിച്ചു, ഒരു തോർത്തിൽ കെട്ടി 3-4 കുപ്പിച്ചാരായം.
''അതു നന്നായി പവിയനേ''
''എങ്ങനെയായി?''
''രണ്ടും കെടപ്പുണ്ട്.....'' 
ഒരു പാളവെള്ളംകോരി മുഖംകഴുകി രണ്ടുവട്ടംകുലുക്കിത്തുപ്പിയിട്ട് ബാക്കിവെള്ളംമുഴുവൻ കുടിച്ചു. അരയിൽ കെട്ടിയതോർത്തെടുത്ത് മുഖംതൂത്ത് പാലത്തടിയിലിരുന്ന് കുഞ്ഞിലോച്ചൻ അവരുടെകുടി കണ്ടു. 
''വാടാ കുഞ്ഞിലോ''
''ഇപ്പംവേണ്ട ഒരുകുപ്പി ആ വാഴത്തുറുവിനകത്തു വെച്ചേക്കണം.'' ''അതിപ്പത്തന്നെവെക്കാം.''

''ഇതെന്നാ നല്ല മണമാടാ....!''
''അതു കൊച്ചേലി കുളിക്കുന്ന സോപ്പിന്റെയാ, മോട്ടി! ഇവിടെങ്ങുമില്ല. കാളവണ്ടിക്കാരൻ ശേഖരനോടു പറഞ്ഞുവിട്ട് അതിരമ്പുഴേന്നാ....''
''അവക്കു കാശുചെലവില്ലെന്നാ കേക്കുന്നേ...!''
''അവടെ പതിവുകാരിലൊരുത്തനാ ശേഖരൻ! പിന്നെന്തിനാ കാശ്.''
''ഈ നേരത്തും അവടെ പെരേല് ആളുകാണും കേട്ടോ''
''ഒന്നു പോയി നോക്കുന്നോ'' കുഞ്ഞിലോച്ചൻ ചോദിച്ചു. അവരു വിഷയം മാറ്റി.

''ചാക്കെവിടുന്നാ....''
''അതുണ്ടാക്കാം....''
രണ്ടുപേർ ടോർച്ചടിച്ച് ചാക്കെടുക്കാൻ പോയി.
മറ്റൊരു ടോർച്ചുവെളിച്ചം വരുന്നുണ്ട്.
''ഞങ്ങളാ, കൊച്ചായിയും സുകുമാരനും'' ''എന്നാലിങ്ങുപോരെ'' രണ്ടുപേരുടെകൈയിലും ലൈറ്റുണ്ട്. 
''ഞങ്ങളുവെട്ടവില്ലാതിരുക്കുവാരുന്നു.'' ഓരോ ചിരട്ട അവർക്കു ഊറ്റിക്കൊടുത്തു. 
മൂന്നു പേർക്കുള്ള ഷർട്ടും മുണ്ടും തോർത്തും എടുക്കണം. ഔതയുടെ വീട്ടിൽ നിന്നെടുക്കാൻ പവിയനെയും കൊച്ചായിയേം വിട്ടു. 
''ചാക്കു കൊണ്ടുന്ന് കുത്തഴിച്ചു കഴിയുമ്പം വിളിച്ചാമതി.'' തോർത്ത് പുറത്തിട്ട് പേഴുമരത്തിൽ ചാരിയിരുന്നുകൊണ്ട് കുഞ്ഞിലോച്ചൻ പറഞ്ഞു. കണ്ണടച്ചതും ഉറക്കമായി. 
രണ്ടുചാക്കും കഴ കെട്ടാനുള്ള കമ്പുംകയറും വന്നപ്പോഴേക്കും പാതിരാക്കോഴി കൂകി. 
കൊച്ചുകൊച്ചിനെ കേറ്റിക്കോണ്ടുവരാൻ മൂന്നുപേർ പോയി. 
കരോട്ടുകിടക്കുന്നവരുടെയടുത്തേക്കു മറ്റുള്ളവർ ചെന്നു. ഒരു മരത്തിൽ തലകുമ്പിട്ട് കുഞ്ഞത്തായി ഇരിപ്പുണ്ട്. കണ്ണുതുറക്കാതെതന്നെ കൈകൂപ്പി പറഞ്ഞു. 
''ഏറ്റു പൊക്കോളാമോ...''
അവൻ തപ്പിതടഞ്ഞ് എഴുന്നേറ്റു കണ്ണിനും തലയിലും പരുക്കുണ്ട്. ദേഹത്തും ചോരയുണ്ട്. 
''കുപ്പിയെടുത്തിട്ടുണ്ടോ ആരേലും?'' ''ഒണ്ട്''
''എന്നാലിവന് ഒന്നോരണ്ടോ ചിരട്ട കൊട്.''
കുത്തൻ ഒരു തൈക്കുഴിയിൽ വീണുകിടക്കുവാണ്. പകുതിഭാഗം കരയക്ക്. അനക്കമില്ല. ലൈറ്റടിച്ചു പരിശോധിച്ചു നോക്കി. ഒരു കണ്ണ് പാതിതുറന്ന്... മറ്റേക്കണ്ണടഞ്ഞ്... നെറ്റിയിലും മുഖത്തും ചോരയുണ്ട്.. കൈയ്യും കാലും ഒടിഞ്ഞത് തിരിച്ചറിയാം. 
ചാക്കിലേക്ക് എടുത്തുവച്ചു. ചെറുതായി ഒന്നുമുരണ്ടു എന്നുതോന്നി. കഴ കെട്ടിയപ്പോഴേക്കും കൊച്ചുകൊച്ചിനെ കൊണ്ടുവന്ന് താഴെ വച്ചു. 
''അനങ്ങിയിട്ടേയില്ല. എന്നാലും ജീവനുണ്ടെന്നു തോന്നുന്നു.'' 
കുഞ്ഞിലോ അവരെ മാറ്റിനിർത്തിപ്പറഞ്ഞു പോകുന്നവഴിക്ക് പേരുവിളിച്ച് നിങ്ങൾതമ്മിൽ മിണ്ടരുത്. 
ദൂരെനിന്നുള്ള പട്ടികുരയല്ലാതെ ഒച്ചയൊന്നും കേൾക്കാനില്ല. അവസാനത്തെ കാളവണ്ടിയും വന്നു. വണ്ടിക്കൂട്ടിൽ കേറീട്ടുണ്ടാകും. 

സ്ഥലമറിയാമ്മേലേ? ''പിന്നെ, സർപ്പക്കാവിനുപുറകിലത്തെ ഇഞ്ചപ്പടപ്പ്. അല്ലാതെവിടെ...!''
''ഒരാളുമിന്നെ നടന്നോ... കാൽച്ചുവട്ടിലേ ലൈറ്റടിക്കാവൂ. കഴിയുന്നതും പറമ്പിക്കൂടെകുറുക്കിനുകേറിക്കോ.'' 
അഞ്ചുപേരാണ് പോയത്. ഔതയും കുഞ്ഞിലോയും കിണറ്റിൻകരയിലേക്കു തിരിച്ചുവന്നു. പഴയചരിത്രങ്ങളും കുത്തന്മാരുടെ മുഷ്കുകളും പറഞ്ഞിരുന്നു. 
പോയവർ തിരിച്ചെത്തിയുടനെ രാമപുരി അമ്പലത്തിൽ നിന്നുള്ള വെടികേട്ടു. ആളുകൾ ദൂരെയുള്ള കാളച്ചന്തയ്ക്കു പോകാനുള്ള സമയം നോക്കുന്നത് ഈ വെടിയാണ്. സുമാർ രണ്ടുമണിയായിട്ടുണ്ടാകും. 
''ഔതയും കുഞ്ഞേപ്പും ഗോപാലനും വെട്ടം വീഴും മുമ്പേ കിഴക്കൻമലയിലെ തോട്ടത്തിലെത്തണം. ഏഴുദിവസത്തേക്ക് ലായത്തിനുപുറത്തിറങ്ങിയേക്കരുത്. വിവരമറീക്കാനാളുവരും.'' കുഞ്ഞിലോച്ചൻപറഞ്ഞു. 
''കുഞ്ഞിലോ നീയാ കൂടുതൽ സൂക്ഷിക്കേണ്ടത്. എങ്ങോട്ടാപോകുന്നേന്നു പറയ്...''
''വീട്ടുകാരറിയാതെ ചെന്ന് ഷർട്ടും മുണ്ടുമെടുത്ത് വെളുക്കുംമുമ്പേ എത്തേണ്ടടത്ത് എത്തും. നാളെയല്ലേൽ മറ്റന്നാള് നിങ്ങക്ക് ആളുവരും. എന്നാ പുറപ്പെട്ടോ'' ഇതുപറഞ്ഞ് ആള് ഇരുട്ടിൽ മറഞ്ഞു. 

കുഞ്ഞിലോച്ചൻ വരാനുള്ള നേരമായെന്നു മേരിമ്മക്കു തോന്നിത്തുടങ്ങി. എങ്കിലും ഉറക്കമില്ലാതെ ഏറെനേരം കാത്തിട്ടും വന്നില്ല. 
മേരിമ്മ ഒരു മയക്കത്തിലേയ്ക്കു ചായുമ്പോഴാണ് ചാരിയിരിക്കുന്ന കതക് ഒച്ചയില്ലാതെ തുറന്ന് എത്തിയത്. അനക്കമില്ലാതെ നിന്നിരുന്ന ചിമ്മിനിവിളക്കിലെ നാളം ഇളകിക്കളിക്കാൻ തുടങ്ങി. 
മേരിമ്മ ഇടംകൈ മടക്കി തലയ്ക്കുതാഴെ വച്ച് കുഞ്ഞിനുനേരെതിരിഞ്ഞ് വലംകൈകൊണ്ട് അതിനെ തൊട്ട്. 
മേരിമ്മയുടെ ചാരത്ത് കണ്ണുപൂട്ടി ചുരുട്ടിപ്പിടിച്ച കൈകൾ ഇരുവശത്തേക്കും ചായ്ച്ചുവച്ച് അമ്മയുടെ നേരെ അല്പംമുഖംതിരിച്ച് അതു കിടക്കുന്നു. കഴുത്തുമുതൽപാദംവരെ പഴയവെള്ളത്തുണി പുതപ്പിച്ചിട്ടുണ്ട്. 
കുഞ്ഞിലോച്ചൻ അനക്കമറ്റ് കണ്ണിമക്കാതെ അടുത്ത് കുഞ്ഞിനെത്തന്നെ നോക്കിനിന്നു. പിറവിത്തിരുനാളിന് പള്ളിയിൽ പുൽക്കൂട്ടിലെ ഉണ്ണീശോയെ നോക്കിനില്ക്കുന്ന കൊച്ചുകുട്ടിയെപ്പോലെ. 
മേരിമ്മ കണ്ണടച്ചുതന്നെ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. 
ഏറെനേരം കഴിഞ്ഞ് അവൾ ദീർഘമായി നിശ്വസിച്ചു. 
കുഞ്ഞിലോച്ചൻ പതിയെപ്പറഞ്ഞു ''ഇരട്ടക്കുത്തന്മാരുടെ കണക്കങ്ങുതീർത്തു!'' 
''ഈ ദിവസം മാത്രേ കിട്ടീള്ളല്ലോ.. അതിന്?'' 
''ങാ..അത്... എനിക്കു നീ നിലവിളിക്കുന്നതുകാണാൻ മേലാത്തകൊണ്ടാ... നിനക്കറിയാമ്മേലേ...'' 
മേരിമ്മ ഒന്നു തേങ്ങി. 
വീണ്ടും ഏറെനേരം കഴിഞ്ഞു. ഉണ്ണിയുടെ കാൽവെള്ളയിൽ കൈതൊടുവിച്ച് കുഞ്ഞിലോച്ചൻ അതിന്റെ മുഖത്തോട്ടുതന്നെ നോക്കിനിന്നു. 
മേരിമ്മ തലയനക്കാതെതന്നെ ഒരടയാളംകാട്ടി. കുഞ്ഞലോച്ചൻ പോകാൻതിരിഞ്ഞ് ഒരു ചുവടുവച്ചു. 
അവൾ വീണ്ടും ശബ്ദമില്ലാത്ത എന്തോ അറിയിപ്പുകൊടുത്തു. കുഞ്ഞിലോച്ചൻ തിരികെവന്നു. 
മേരിമ്മ കുഞ്ഞിന്റെ പുതപ്പ് പാദത്തിൽനിന്ന് മുകളിലേക്ക് അരവരെ നീക്കിവച്ചു. അവിടെ ആൺകുഞ്ഞിന്റെ ചിഹ്നം! 
കുഞ്ഞിലോച്ചൻ പഴയതുപോലെ തന്നെ വീണ്ടും കുഞ്ഞിനെനോക്കി നിന്നു. 
മേരിമ്മയുടെ നെഞ്ച് ഉയർന്നുതാണു. വീണ്ടും ഒന്നുതേങ്ങി. കണ്ണുനിറഞ്ഞ് ഒഴുകി. 
കുഞ്ഞിലോച്ചൻ സാവധാനം പിന്തിരിഞ്ഞ് കതകുചാരി ഇറങ്ങി. 
അതേ സമയത്തുതന്നെ മുൻവശത്ത് ആളുകൾ വർത്തമാനം പറയുന്ന ഒച്ചകേട്ടു. 
അമ്മയോടൊപ്പം അവർ മുറിയിലേക്കു വന്നു. വടക്കേതിലെ ഇട്ടിരാ സാറ് ''മേരിമ്മേ കുഞ്ഞിലോ ഇവിടുണ്ടെന്ന് അമ്മ പറഞ്ഞല്ലോ.'' 
മേരിമ്മ ചുണ്ടനക്കാതെ പറഞ്ഞു ''പോയി!'' 
കേറി വന്നവർ പരസ്പരം നോക്കി. എന്തോ പറയാതെ പറഞ്ഞു. ''വെളുക്കുമ്പോഴേ പോലീസുവരും. ഒന്നുമാറി നില്ക്കാൻ പറയാനാ...'' 
എല്ലാമറിയാമെന്ന് അവൾ തലയനക്കി. 
കുഞ്ഞിന്റെ മേലിരുന്ന കൈ അല്പമൊന്നു മുറുകി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക