Image

മകളുടെ അമ്മ (കഥ: ഷിജു കെ പി)

Published on 03 December, 2023
മകളുടെ അമ്മ (കഥ: ഷിജു കെ പി)

കാലം തെറ്റി പെയ്ത ആ മഴയിൽ നനയണോ അതോ?'അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.ഓരോന്നാലോചിച്ചു എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു.
'വേണുവേട്ടൻ മരിച്ചു പത്തു വർഷം കഴിഞ്ഞു.ഇതുവരെ ആരും എൻ്റെ മനസ്സിനെ വേണുവേട്ടനെ പോലെ സ്പർശിച്ചിട്ടില്ല.പക്ഷേ ഇയാൾ എൻ്റെ മനസ്സിൻ്റെ ഇരുമ്പ് കവാടം തള്ളി തുറന്ന് അകത്ത് കേറിയിരിക്കുന്നു.ഞാൻ അയാളോടത് ഭാവിക്കണോ അതോ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ മുന്നോട്ട് പോവണോ?ആകെ കൺഫ്യൂഷൻ ആയല്ലോ.സമാധാനം പോയി എന്ന് പറഞ്ഞാൽ മതി. മോളോട് ഒന്ന് സംസാരിച്ച് നോക്കിയാലോ?എനിക്ക് അവളും അവൾക്ക് ഞാനും അല്ലേ ഉള്ളൂ?നാളെ അവളുടെ കല്യാണം കഴിഞ്ഞ് പോയാൽ ഞാൻ എന്ത് ചെയ്യും എന്ന് അവൾക്ക് ആശങ്ക കാണില്ലേ?അവൾക്ക് എന്നെ മനസ്സിലാവും.ഇന്ന് അവളുടെ കൂടെ ഷോപ്പിംഗിന് പോകുന്നുണ്ടല്ലോ.അപ്പോ എങ്ങനെങ്കിലും അവളോടിത് അവതരിപ്പിക്കാം.'
ശാരി കുറച്ചു ദിവസമായി ഇത് തന്നെ ആലോചിക്കുന്നു.
' ഇന്നെന്തായാലും മാളൂനോട്‌ ഞാനിത് പറയും. അവൾക്കെന്നെ മനസിലാവും.'സ്കൂട്ടറിന്റെ പുറകിലിരുന്നു ശാരി ഉറപ്പിച്ചു. "എന്താടോ അമ്മേ ഒരു ചിന്ത? കുറച്ചു ദിവസമായല്ലോ?"
ശാരി ഒന്ന് പതറി. മാളു കണ്ടു പിടിച്ചോ?
"ഒന്നുമില്ലടാ." അവളൊരു വിധം പറഞ്ഞൊപ്പിച്ചു.
കടയിൽ കേറി എന്നത്തേയും പോലെ മാളൂന്റെ ഡ്രസ് സെക്ഷനിലേക്ക് പോയി.അവളേതൊക്കെയോ ഡ്രെസ് എടുത്ത് കാണിക്കുന്നു.
" ഇതെങ്ങെനെയുണ്ട്? അമ്മേ നോക്ക്." "കൊള്ളാം." ശാരിയുടെ മനസ്സ് എവിടെയോ കുടുങ്ങി കിടന്നു.
"എനിക്കൊരു സാരി വാങ്ങണം." ഒടുവിലവൾ പറഞ്ഞു.
"ങ്ങേ! പിശുക്കിക്കെന്ത് പറ്റി? ഒരു പുതിയ പരിപാടി ." 
മാളുവിന് എന്തെങ്കിലും വാങ്ങാൻ പോയാൽ അതു വാങ്ങി വരികയെന്നെല്ലാതെ അമ്മയ്ക്കെന്തെങ്കിലും വേണോ എന്നവളൊരിക്കലും അമ്മയോട് ചോദിച്ചിട്ടില്ല.എന്തിന്,അതിനെ കുറിച്ച് ചിന്തിച്ചിട്ടുമില്ല.മാളു സാരിയുടെ സെക്ഷനിൽ എത്തി ഫോണും കുത്തിയിരിക്കാൻ തുടങ്ങി.
"ഇതെങ്ങനെയുണ്ട്?" ഒരു സാരി മുകളിലൂടെ ചുറ്റി വെച്ച് ശാരി ചോദിച്ചു.
"ഈ കളറോ?അമ്മക്കോ?വേണ്ട.ആ ഓഫ് വൈറ്റ് സാരി മതി.അമ്മ അതല്ലേ യൂസ് ചെയ്യാറുള്ളത്?"
"അതേ ശരിയാണ്. എനിക്കിപ്പോ കുങ്കുമ കളർ സാരി ഉടുക്കാൻ തോന്നുന്നു."
"അതു വേണ്ടമ്മേ."
അവളതും പറഞ്ഞു വീണ്ടും ഫോണിൽ കുത്തിയിരുന്നു.
ശാരി മോളെ ഒന്ന് നോക്കി.
'ഇവളെന്താ ഇങ്ങനെ? ഞാനെല്ലായ്പ്പോഴും ഇങ്ങനെയൊക്കെ തന്നെ ജീവിച്ചാൽ മതിയെന്നാണോ ഇവൾ കരുതുന്നത്. എന്റെ മനസ്സിലെ കാര്യങ്ങൾ പറഞ്ഞാലപ്പോ ഇവൾ എന്ത് ചെയ്യും?'
കടയിൽ നിന്നിറങ്ങി മാളു സ്കൂട്ടിയെടുത്തു വരാൻ കാത്ത് നിൽക്കുമ്പോഴും ശാരിയുടെ മനസ്സ് അവൾ പറഞ്ഞതിൽ ഉടക്കി നിന്നു .
രാത്രി കിടക്കുമ്പോഴും അവളത് തന്നെ മനസ്സിൽ കീറി മുറിച്ചു വിശകലനം ചെയ്തു കൊണ്ടേയിരുന്നു.'എന്റെ ജീവിതം അവളുടെ സന്തോഷങ്ങൾക്കും ആവശ്യങ്ങൾക്കും ചുറ്റും ജീവിച്ചു തീർത്തപ്പോൾ ഞാനെന്ന വ്യക്തിയെ ഞാൻ തന്നെ മറന്ന് പോയി. അവളെ കുറ്റം പറയാൻ പറ്റില്ല. എനിക്കൊരിക്കലും മാറണം എന്ന് തോന്നിയിട്ടില്ല. എന്നാലിപ്പോ അയാൾ ഒരു നിമിത്തമായി. ഞാനാദ്യം എന്റെ മകളുടെ അമ്മ മാത്രമല്ലാതെ ഒരു ജീവിതം ജീവിച്ചു പഠിക്കട്ടെ.സ്വന്തം ഇഷ്ടത്തിനും സ്വാതന്ത്ര്യത്തിനും അനുസരിച്ചുള്ള ജീവിതം. എനിക്ക് കുറിച്ച് മി ടൈം വേണം.അതവളുടെ വാക്കാണ്.എന്നെ കുറിച്ച് മാത്രം ചിന്തിച്ചു, എന്നെ മാത്രം സ്നേഹിക്കാൻ, എനിക്കിഷ്ടമുള്ളത് ചെയ്യാൻ ദിവസവും കുറച്ചു സമയം.'
രാവിലെ മാളു എഴുന്നേറ്റ് അടുക്കളയിൽ പോയി നോക്കുമ്പോ ചായയില്ല. ബ്രേക്ഫാസ്റ് ഉണ്ടാക്കിയിട്ടില്ല.
"അമ്മാ.. അമ്മാ.."
അമ്മയിതെവിടെ പോയി. മുന്നിലെ വാതിൽ പുറത്ത് നിന്ന് പൂട്ടിയിട്ടുണ്ട്. അവൾ വേഗം ഫോൺ എടുത്ത് അമ്മയെ വിളിച്ചു. "അമ്മയെവിടെയാ?"
"ഗുഡ് മോർണിങ് മാളു. നിനക്ക് ഞാൻ മെസ്സേജ് അയച്ചിട്ടുണ്ട്.ഞാൻ ക്ലാസ്സിലാണ് "
ഫോൺ കട്ട്‌. എന്ത് മെസേജ്.ഏത് ക്ലാസ്സ്‌?വാട്സാപ്പിൽ ഒരു വോയ്‌സ് " ഞാനൊരു യോഗ ക്ലാസ്സിന് ചേർന്നു. രാവിലെ വിളിച്ചപ്പോ അവർ ആറു മണിക്ക് വരാൻ പറഞ്ഞു. നോക്കുമ്പോ നീ നല്ല ഉറക്കം. മോള് ചായയും ബ്രേക്ക്‌ ഫാസ്റ്റും ഉണ്ടാക്കി കഴിച്ചു കോളേജിൽ പൊക്കോ. ദോശ മാവ് പുറത്ത് വെച്ചിട്ടുണ്ട്. ഞാൻ എട്ട് മണിയാവും വരാൻ. "
മാളൂന് ദേഷ്യം വന്നു. യോഗ ക്ലാസ്സ്‌ രാവിലെ തന്നെ മനുഷ്യന്റെ മൂഡ് കളയാൻ. അവൾ ഫ്രിഡ്ജിലിരുന്ന ജ്യൂസ്‌ എടുത്ത് കുടിച്ചു റെഡിയായി കോളേജിൽ പോയി. വൈകിട്ട് വന്നപ്പോ അമ്മ ഇന്നലെ കടയിൽ കണ്ട മെറൂൺ സാരിയുടുത്ത് ഇരിക്കുന്നു. മാളൂന് ശരിക്കും ദേഷ്യം വന്നു.അവളൊന്നും മിണ്ടാതെ മുറിയിൽ കേറി വാതിൽ വലിച്ചടച്ചു. അമ്മ ഇപ്പൊ വരും സോൾവാക്കാൻ. അവൾ കുറെ നേരം മുറിക്കുള്ളിൽ കാത്തിരുന്നു.അമ്മ വന്നില്ല. അവളും പോയില്ല. രാത്രി ഭക്ഷണം കഴിക്കാനാണ് പിന്നെയവൾ വാതിൽ തുറന്നത്. പുറത്തെ മുറിയിൽ മുഴുവൻ ഇരുട്ട്. അവൾ ലൈറ്റിട്ടു. അമ്മ അപ്പുറത്തെ മുറിയിൽ കിടന്നുറങ്ങുന്നു. അവൾ അടുക്കളയിൽ പോയി നോക്കി. ഒന്നുമില്ല. അവൾ ഫ്രിഡ്ജിലുണ്ടായ പഴയ ചപ്പാത്തി എടുത്തു കഴിച്ചു വന്നു കിടന്നു. അമ്മക്കെന്ത് പറ്റി? പെട്ടന്നൊരു മാറ്റം. പിറ്റേ ദിവസവും രണ്ടു കൂട്ടരും ശീത സമരം തുടർന്നു.മാളു ഉച്ചക്ക് ക്യാന്റീനിൽ നിന്നും കഴിച്ചു വിശപ്പാടക്കി .മൂന്നാമത്തെ ദിവസമായപ്പോളേക്കും മാളൂന്റെ കയ്യിലെ കാശൊക്കെ തീർന്നു.അവൾ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചു.' അമ്മക്ക് ശരിക്കും പൊട്ടൻ കടിച്ചിരിക്കയാ.എന്തോ കാര്യമായ പ്രശ്നമാ. 'അവൾ വൈകിട്ട് തിരിച്ചു വന്നു അമ്മയോട് സംസാരിച്ചു.
"അമ്മക്കെന്ത് പറ്റി?"
"എനിക്കൊന്നും പറ്റിയില്ല."
"പിന്നെന്താ എന്നോട് മിണ്ടാത്തെ?"
"മാളു, നീയല്ലേ എന്നോട് മിണ്ടാത്തെ?
"അല്ല അപ്പൊ അമ്മ എന്താ സോൾവാക്കാൻ വരാത്തെ?"
" അതിന് നമ്മൾ തമ്മിൽ എന്ത് പ്രശ്നമാ ഉള്ളെ? "
"പിന്നെന്താ അമ്മ എന്നും രാവിലെ യോഗയ്ക്ക് പോണേ?"
"അതാണോ നീ എന്നോട് മിണ്ടാത്തെ?"
"അല്ല. എനിക്കെന്താ ഒന്നും ഉണ്ടാക്കി വെക്കാതെ പോണേ?"
"നിനക്ക് ഉണ്ടാക്കി കഴിച്ചൂടെ?"
"അപ്പോ രാത്രിയോ?"
"അപ്പോഴും നിനക്ക് ഉണ്ടാക്കി കഴിച്ചൂടെ?"
"ഞാനെന്താ ഇവിടത്തെ വേലക്കാരിയാണോ?"
"ഞാൻ ആണോ?"നിന്നോട് നിന്റെ ഫുഡ് ഉണ്ടാക്കി കഴിക്കാനല്ലേ പറഞ്ഞുള്ളൂ. എനിക്കുണ്ടാക്കി തരാൻ പറഞ്ഞോ?"
"അമ്മാ, എന്താ അപ്പൊ എന്നോട് പറയാതെ പോയത് അന്ന് യോഗയ്ക്ക്?"
"ഞാൻ മെസേജ് അയച്ചിരുന്നല്ലോ?നീയും പുറത്ത് പോയി വരാൻ വൈകുമ്പോ എനിക്ക് മെസേജ് അയക്കലല്ലേ പതിവ്."
"അതേ. ബട്ട്‌ അമ്മാ. ഞാൻ പേടിച്ചു പോയി അന്ന്."
"ഞാനും പേടിക്കാറുണ്ട്. നീ പുറത്ത് പോയി വരാൻ വൈകുമ്പോ."
"അമ്മാ എന്താ ഇപ്പൊ ഇങ്ങനെയൊക്കെ?ആകെയൊരു മാറ്റം? അമ്മക്ക് എന്ത് പറ്റി?എന്നെ അമ്മക്ക് പഴയ പോലെ ഇഷ്ടമില്ല. അല്ലെങ്കിൽ ഇങ്ങനെയൊന്നും ചെയ്യില്ല."
മാളു അമ്മേടെ കുഞ്ഞു ആവാൻ തുടങ്ങി. അതിന്റെ ആദ്യ ലക്ഷണമാണ് പരാതി പറച്ചിൽ. പിന്നെ കണ്ണീർ ചീറ്റി തുടങ്ങും. അതോടെ അമ്മ ഫ്ലാറ്റ്. സാധാരണ ഇതാണ് പതിവ്. പക്ഷെ ശാരി ഇത്തവണ ഇതിലൊന്നും വീഴുന്ന ലക്ഷണമില്ല.
"മോളെ, ഞാൻ നോക്കിയിട്ട് കാര്യങ്ങൾ ഇങ്ങനെ മുന്നോട്ട് പോയാൽ ശരിയാവില്ല. നിനക്ക് ഇതൊക്കെ മനസ്സിലാവും. നീ വലിയ കുട്ടിയായി. നീ എപ്പോളും സെൽഫ് ലവ്, മി ടൈം എന്നൊക്കെ പറയാറില്ലേ. ഞാനതൊക്കെ എന്റെ ലൈഫിലും ഒന്ന് അപ്ലൈ ചെയ്ത് നോക്കി."
"എന്താ പെട്ടന്ന് ഇങ്ങനെയൊക്കെ? ഇനി അമ്മ വേറെ കല്യാണോം കഴിക്കോ?"
"അങ്ങനെ ഒരു ചിന്ത ഇപ്പോഴില്ല. അത്രേ ഇപ്പൊ പറയാൻ പറ്റു.നീ എണീക്ക്. പോയി ഡ്രെസ് ഒക്കെ മാറി വാ. ഇന്ന് നമ്മൾ രണ്ട് പേര് കൂടിയാ കുക്കിംഗ്‌."
മാളു ഒന്നും മിണ്ടാതെ മുറിയിലേക്ക് നടന്നു. അവൾക്കമ്മ പറഞ്ഞ കാര്യങ്ങൾ മനസിലാക്കിയെടുക്കാൻ അധികം സമയം വേണ്ടി വന്നില്ല.കാരണം അവൾക്കറിയാം അമ്മ എല്ലാം തീരുമാനിച്ചുറച്ചത് പോലെയാ. കൂടെ നിക്കുന്നതാ ബുദ്ധി. ഇനിയും സമരമുറകളുമായി മുന്നോട്ട് പോയാൽ പട്ടിണി ആവും. അമ്മ പഴയ അമ്മയല്ല.
ഇപ്പോഴാണ് ശാരിയും ജീവിച്ചു തുടങ്ങുന്നത്. ആദ്യമായി സ്വന്തം ഇഷ്ടത്തിനനുസരിച്ച്.അവൾ ഉടുപ്പ് മാറി അടുക്കളയിൽ ചെന്നു അമ്മയുടെ കൂടെ ചപ്പാത്തി ചുട്ടെടുത്തു.അവളെ തന്നെ നോക്കിയിരിക്കുന്ന ശാരിയെ അവൾ തട്ടി വിളിച്ചു. "എന്താ അമ്മ? പുതിയ പ്ലാൻ വല്ലതുമാണോ?"
"ഏയ്‌, ഇത് ഞാൻ കുറച്ചു നേരത്തെ ചെയ്യണമായിരുന്നു എന്ന് ആലോചിക്കാരുന്നു. അപ്പൊ നിനക്കും ഇത്ര വിഷമം ആവില്ലാരുന്നു."
"അമ്മ,ഞാൻ പലപ്പോഴും അമ്മയെ ഒരു വേറെ പേഴ്സൺ ആയി കണ്ടില്ല. അമ്മക്കും ഓരോ ഇന്റെരെസ്റ്റും ഇഷ്ടങ്ങളും ഉണ്ടാകുമെന്ന് ഞാൻ ആലോചിച്ചേ ഇല്ല.എന്റെ കാര്യങ്ങൾ ചെയ്ത് തരുന്ന,എന്റെ ചിലവുകൾ നോക്കാൻ ജോലിക്ക് പോകുന്ന ആൾ. സോറി അമ്മ. ഞാനറിയാതെ അമ്മയെ ടേക്കൺ ഫോർ ഗ്രന്റേഡ് ആയി എടുത്തു."
ശാരിയുടെ കണ്ണ് നിറഞ്ഞു. അവൾ മാളൂനെ കെട്ടി പിടിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക