ഇൻഡോ-സ്വിസ് പ്രൊജക്ടുമായി 1959 ൽ കേരളത്തിൽ ധവള വിപ്ലവത്തിന് തുടക്കം കുറിച്ച വാഗമണ്ണിനു എന്തു പറ്റി? ഇരുനൂറോളം മുന്തിയ ഇനം പശുക്കളുള്ള കുരിശുമല സിസ്റ്റേഴ്സിയൻ ആശ്രമം പോലുള്ള ഏതാനും പച്ചത്തുരുത്തുകൾ ഒഴിച്ചാൽ പശു പരിപാലനവും പാൽ ഉത്പാദനവും വറ്റി വരണ്ടു. പകരം വളരുന്നത് വാഗമണിലെ തണുപ്പ് നുകരാനെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം!
പ്രോജക്ട് ഉദ്യോഗസ്ഥർക്ക് താമസിക്കാൻ ഒരുക്കിയ സ്വിസ് ഷാലെകളോട് ചേർന്ന് കോലാഹലമേട്ടിൽ പഴയ പ്രതാപത്തിന്റെ പിൻതുടർച്ചയായി ഒരു ഡയറി സയൻസ് ആൻഡ് ടെക്നോളജി കോളജ് ഉണ്ട്. തൊട്ടു ചേർന്ന് കാളക്കൂറ്റന്മാരെ പരിപാലിക്കുന്ന മദർ ബുൾ ഫാമും. എന്നാൽ തിരുവനന്തപുരത്തേക്കുണ്ടായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പസഞ്ചർ സർവീസ് എന്നേ നിലച്ചു.
ഡോ. റോസ് മേരിയുംസിസ്റ്റർ ഫിലോയും; പദ്മശ്രീ ശോശാമ്മയുടെ വെച്ചൂർകഥ'
ടൂറിസം വളർന്നതോടെ ആ മേഖലകളിൽ ജോലിസാധ്യത ഏറി. തന്മൂലം ജനശ്രദ്ധ പശു പരിപാലനത്തിൽ നിന്ന് ടൂറിസത്തിലേക്കായതു സ്വാഭാവികം. എങ്കിലും സ്വിസ് ബ്രൗൺ, ജേഴ്സി, ഹോൾസ്റ്റൈൻ, ഫ്രീഷ്യൻ തുടങ്ങിയ മുന്തിയ ഇനം പശുക്കളുടെ സങ്കര ഇനങ്ങൾ അവിടവിടെയായി ഉണ്ട്,' വാഗമൺ ഗവർമെന്റ് വെറ്ററിനറി ഡിസ്പെൻറി സർജൻ റോസ് മേരി ജോസഫ് കയ്യാലാത്ത് പറയുന്നു.
റോസും ക്ഷീര സംഘം നേതാവ് വിജയകുമാറും-പാൽ നഷ്ട്ടക്കച്ചവടം
ഇന്ത്യയിലെ ഏറ്റവും വലിയ ഫെർട്ടിലൈസർ ഫാക്ടറി-ഇഫ്കോ- യുടെ സ്ഥാപകൻ ആയിരുന്നു ഐഐടി റൂർക്കിയിലും കാനഡയിലും പഠിച്ച മല്ലപ്പള്ളി കയ്യാലാത്ത് പദ്മശ്രീ പോൾ പോത്തൻ. ആകുടുംബത്തിലെ അംഗമാണ് ഡോ. റോസ് .
കേരള വെറ്ററിനറി സർവകലാശാലയുടെ 2015 ബാച്ചുകാരിയാണ്. കൊടും തണുപ്പും മഴക്കാലത്ത് ചീറ്റിയടിക്കുന്ന ചുളുചുളുപ്പൻ കാറ്റും റോസിന്റെ ഉത്സാഹം കെടുത്തിയിട്ടില്ല. അഞ്ചു വർഷത്തി ലേറെയായി സേവനം തുടങ്ങിയിട്ട്. നാടിനെയും നാട്ടുകാരെയും അത്രകണ്ട് ഇഷ്ട്ടമായി.
ഇരുനൂറോളം പശുക്കളുള്ള ആശ്രമത്തിന്റെ സ്ഥപകാചാര്യൻ ഫ്രാൻസിസ്
വെച്ചൂർ പശു സംരക്ഷകയെന്ന നിലയിൽ പദ്മശ്രീ ലഭിച്ച കാർഷിക സർവകലാശാലാ മുൻ പ്രൊഫസർ ഡോ. ശോശാമ്മ ഐപ്പിന്റെ ഭർത്താവ് പ്രൊഫ. എബ്രഹാം വർക്കിയായിരുന്നു വാഗമണ്ണിലെ ആദ്യകാല വെറ്റിനറി സർജൻമാറിൽ ഒരാൾ. ആദ്യകാലത്തുണ്ടായിരുന്ന ഡോ.കുറുപ്പു വാഗമണ്ണിൽ വൈദ്യുതി എത്തിക്കാൻ അധ്വാനിച്ചവരുടെ മുന്നണിയിൽ ഉണ്ടായിരുന്നു.
മുപ്പതാണ്ടു മിൽക് സൊസൈറ്റിയിൽ-റിസോർട്ട് ഉടമ ഗോപിക്കുട്ടൻ, ലിസി
വാഗമണ്ണിലെ ക്ഷീര കർഷക സൊസൈറ്റി ഒരുകാലത്ത് പ്രതിദിനം 4000 ലിറ്റർ പാൽ വരെ കൈകാര്യം ചെയ്തിരുന്നതായി മൂന്നു പതിറ്റാണ്ടു അതിൽ സേവനം ചെയ്ത എം, ഗോപിക്കുട്ടൻ നായർ, 73, സാക്ഷ്യപ്പെടുത്തുന്നു. കോട്ടയം വരെ പാൽ എത്തിക്കുമായിരുന്നു. റിട്ടയർ ചെയ്ത ശേഷം അദ്ദേഹം വാഗമൺ വാർഡിൽ പഞ്ചായത്തു മെമ്പറായി. പിന്നീട് മകൻ പ്രവീണിനൊപ്പം തെക്കേക്കര എന്ന പേരിൽ റിസോർട്ടുകൾ തുറന്നു.
ഉളുപ്പൂണി എന്ന രണ്ടാം വാർഡിൽ തേയില കൃഷിയും പശുവളർത്തലുമായി കഴിയുന്ന വിജയകുമാർ ആണ് ഇപ്പോൾ വാഗമൺ ക്ഷീര കർഷക സംഘത്തിന്റെ ലീഡർ. തന്റെ എച് എഫ് എന്ന രണ്ടു സങ്കരയിനം പശുക്ക ളിൽ നിന്ന് കിട്ടുന്നത് ഉൾപ്പെടെ ഉളുപ്പൂണിയിൽ ആകെ സംഭരിക്കുന്ന പാൽ നൂറു ലില്ലർ പോലും തികയില്ല. അത് കാനിലാക്കി ഓട്ടോറിക്ഷയിൽ രാവിലെ 20 കി മീ അകലെ കുരിശുമലആശ്രമത്തിലെ ചില്ലിങ് പ്ലാന്റിലേക്കു കൊടുത്തയക്കുന്നു. പശുപരിപാലനം ഒരു നഷ്ടക്കച്ചവടമാണെന്നാണ് കർഷകരുടെ അനുഭവം. ചുറ്റും റിസോർട്ടുകളാണ്. പുതിയവ പണിയുന്നു. .
ഗവ. എച്എസ്എസ്-അനിതകുമാരി, റിറ്റാ പ്രിൻസ്, സജീവ്, കുശൻ
മുക്കാൽ നൂറ്റാണ്ടായി ഏലപ്പാറ പഞ്ചായത്തിലെ 17 ആം വാർഡ് ആണ് വാഗമൺ. കോലാഹലമേട് പണ്ട് ഈ വാർഡിൽ ഉൾപ്പെട്ടിരുന്നു, ഇന്നത് വാർഡ് നമ്പർ 16. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ റിസോർട്ടുകൾ ഉള്ളത് ഈ രണ്ടു വാർഡുകളിലാണ്. ഞായറാഴ്ച്ചച്ചന്തയും പോലീസ് സ്റ്റേഷനും വില്ലേജ് ഓഫീസും ബാങ്കുകളും ഗവ, ഹയർ സെക്കണ്ടറി സ്കൂളുമെല്ലാം വാഗമൺ ടൗണിലാണ്.
ഡയറി സയൻസ് കോളജ്, സ്വിറ്റ് സർലണ്ടിനെ അനുസ്മരിപ്പിക്കുന്ന ഡിടിപിസി വക മൊട്ടക്കുന്ന് (മെഡോസ്), പൂങ്കാവനം, അഡ്വഞ്ചർ പാർക്, ടൂറിസ്റ്റു അമനിറ്റി സെന്റർ, പാരാഗ്ലൈഡിങ് കേന്ദ്രം ഏറ്റവും ഒടുവിലായി സംസ്ഥാനത്തെ ഏറ്റവും വലിയ സ്ഫടികപ്പാലം ഇതെല്ലാം കോലാഹലമേട്ടിലാണ്. കിലോമീറ്ററുകൾ നീളുന്ന പൈൻ മരക്കാടും അവിടെയുണ്ട്. വാർഡിലെ പാലുപോലെ ജലപാതമുള്ള പാലൊഴുകും പാറയ്ക്കു ചുറ്റും റിസോർട്ടുകൾ.
ചെല്ലമ്മ-നൂറ്റാണ്ടു പിന്നിലെ എസ്റ്റേറ്റ് ഓർമ്മകൾ
കേരള ലൈവ്സ്റ്റോക് ആൻഡ് മിൽക്ക് മാർക്കറ്റിംഗ് ബോർഡ് നിലവിൽ വന്നപ്പോൾ ഇൻഡോ സ്വിസ് പ്രോജക്ട് ഇല്ലാതായി. അവരുടെ വാനും ചില്ലിങ് പ്ലാന്റും സൊസൈറ്റിക്ക് സൗജന്യമായി നൽകി. സൊസൈറ്റി സ്ഥാപക സെക്രട്ടറി പിപി പുരുഷോത്തമൻ പിള്ള വിശ്രമമില്ലാത്ത അദ്ധ്വാനിയായിരുന്നു. വാഗമണ്ണിൽ ആദ്യത്തെ സ്കൂൾ തുറക്കാൻ ഓടി നടന്നു. വാഗമൺ വില്ലേജ് ഓഫീസിനും പഞ്ചായത്തിനും വേണ്ടി പരിശ്രമിച്ചു. ആദ്യത്തെ റേഷൻ കട തുറന്ന ടികെ ശിവൻ പിള്ളയും ഒപ്പമുണ്ടായിരുന്നു.
ശിവൻ പിള്ളയ്ക്കുശേഷം ഭാര്യ സരോജിനിഅമ്മ റേഷൻ കട നടത്തി.. ഇപ്പോൾ മകൻ പ്രദീപ് കുമാർ നടത്തുന്നു. അദ്ദേഹം വാഗമണ്ണിലെ പഞ്ചായത്തു മെമ്പർകൂടിയാണ്. ഒപ്പം റിസോർട്ടുകളുടെ പണിക്കു അവശ്യം വേണ്ട ട്രക്കുകളുടെയും ജെസിബികളുടെ ഉടമയും. വാഗമൺ പഞ്ചായത്തു ആയാൽ ആദ്യം ചെയ്യുക ഒരു പെട്രോൾ പമ്പ് സ്ഥാപിക്കുകയ്യായിരിക്കുമെന്ന് കുട്ടൻ എന്നു വിളിപ്പേരുള്ള പ്രദീപ് കുമാർ പറയുന്നു.
ചിന്നൂസ് ഹോട്ടൽ ഉടമ അശോകൻ, വത്സലകുമാരി
ഇന്നത്തെ നിലക്ക് വാഗമണ്ണിലെ ഏറ്റവും വലിയ പൊതു സ്ഥാപനം ഗവ. ഹയർസെക്കണ്ടറി സ്കൂൾ ആണ്. അവിടെ പുതിയൊരു പ്രിൻസിപ്പൽ ചാർജെടുത്തതേയുള്ളു. കാസർകോട്ടു നിന്നു സ്ഥലം മാറിവന്ന അംബികാകുമാരി. കൊട്ടാരക്കരയാണ് നാട്. റിട്ടയർ ചെയ്യാൻ ഒരു വർഷം.
സ്കൂൾ മാനേജ്മെന്റ് കൗൺസിൽ അധ്യക്ഷൻ വി. സജീവ് കുമാറിനൊപ്പം ഞാൻ സ്കൂൾ കാണാനെത്തി. മൂന്നു മക്കളും താനും ഈ സ്കൂളിൽ പഠിച്ചവരാണെന്നു സജീവ് അഭിമാനത്തോടെ പറയുന്നു. മകൾ ദേവനന്ദിനി ഇപ്പോൾ പ്ലസ് ടുവിലുണ്ട്. ഭാര്യ ബിന്ദു അവിടെ അദ്ധ്യാപികയുമാണ്.
അറേബ്യൻ റെസ്റ്റോറന്റ്-സുരേഷ്, രേഖ, ഇവാനി
പത്തു വർഷമായി നൂറിൽ നൂറുമേനി എസ്എസ്എൽസി ജയിക്കുന്ന ഹൈസ്ക്കൂൾ വിഭാഗം തേടിയിറങ്ങി ഞങ്ങൾ. ഹെഡ് മാസ്റ്റർ സുരേന്ദ്രൻ മാസ്ക് ധരിച്ച് കളനശീകരണി ഉപയോഗിച്ച് സ്കൂൾ പരിസരത്തെ കാറൂം പടലും നശിപ്പിക്കുന്ന തിരക്കിലാണ്. ഇങ്ങിനെയൊരു പ്രഥമാദ്ധ്യാപകനെ എവിടെ കിട്ടും?
താടി തമ്പി എന്ന് നാട്ടുകാർ സ്നേഹപൂർവ്വം വിളിക്കുന്ന സിപിഎം നേതാവു സജീവ് കുമാർ പത്തു വർഷത്തോളം സ്കൂളിന്റെ പിടിഎ പ്രസിഡന്റ് ആയിരുന്നു. ഇപ്പോൾ ആ പദവിയിൽ സിപിഎം സുഹൃത്ത് കുശൻ.
മുമ്പേയെതിയ ഡോ.സാറാമ്മ, തോമസ്, അവരുടെ ഹോട്ടൽ; നവാഗതൻ ഡോ.ശ്യാം
ടൗണിനു ഒത്തനടുവിൽ തമ്പിയുടെ വീട്ടിൽ അമ്മ 82 വയസുള്ള ചെല്ലമ്മയെ കണ്ടു. ചായ നൽകി സൽക്കരിക്കുന്നതിനിടയിൽ അവർ പഴയ എസ്റ്റേറ്റ് ജീവിതത്തിന്റെ ഓർമ്മകൾ അയവിറക്കി. ഇംഗ്ലീഷുകാർ നാടുവാണിരുന്ന കാലത്ത് അച്ഛൻ നാരായണപിള്ള കോട്ടമല എസ്റ്റേറ്റിൽ സൂപ്പർവൈസർ ആയിരുന്നു. മിലിണ്ട് സായിപ്പിന്റെ ബംഗ്ളാവിനടുത്ത് നല്ല വീട്, സ്കൂൾ, ഡിസ്പെൻസറി, മറ്റു സൗകര്യങ്ങൾ. സായിപ്പ് കുതിരപ്പുറത്തു തോട്ടം ചുറ്റിയടിക്കുന്നതെല്ലാം ഓർക്കുന്നു.
കോട്ടമല നിന്നു ബോണാമി വരെ കാട് വെട്ടിത്തെളിച്ചാണ് തേയില വച്ചത്. നിലത്തെഴുത്ത് കഴിഞ്ഞപ്പോൾ ഉപരിപഠനത്തിനു സൗകര്യം ഇല്ലാതിരുന്നതിനാൽ മുണ്ടക്കയത്തിനടുത്ത് മഠം വക സ്കൂളിൽ കൊണ്ടുപോയി ചേർത്തു. പക്ഷെ 19 ആം വയസിൽ എസ്റ്റേറ്റിൽ ജോലിയുണ്ടായിരുന്ന വാസുദേവനെക്കൊണ്ടു കല്യാണം കഴിപ്പിച്ചതിനാൽ പഠിത്തം നിലച്ചു. ടൗണിൽ പുല്ലുമേഞ്ഞ കെട്ടിടത്തിൽ ആദ്യത്തെ ചായപ്പീടിക തുറന്നു. . കൊടും തണുപ്പും കോടമഞ്ഞും ആയതിനാൽ അഞ്ചു മണിക്കേ കട പൂട്ടിക്കെട്ടും.
സാദിഖ്-ആദ്യകാല പത്രം ഏജന്റ്; മാൾട്ടയിൽ നിന്ന് മലയാളികൊണ്ടുവന്ന ടൂറിസ്റുകൾ
ടൗണിലെ കോൺക്രീറ്റു വാർത്ത ആദ്യത്തെ ചായക്കട തങ്ങളുടേതായിരുന്നുവെന്നു പറയുന്നു ചിന്നൂസ് ഹോട്ടൽ ഉടമ അശോകൻ. അരനൂറ്റാണ്ടിന് ശേഷം ഈയിടെ മൂന്നു നിലകളിലായി കെട്ടിടം പുതുക്കി പണിതപ്പോൾ ടൗണിലെ ഏറ്റവും പുതിയ ഹോട്ടൽ ആയി. തൊട്ടുചേർന്നു പുതിയ മറ്റൊരു ഹോട്ടലും തുറന്നിട്ടുണ്ട്-മുള്ളൂരാകം വക കെട്ടിടത്തിൽ-അറേബ്യൻ റെസ്റ്റോറന്റ്. കുമിളിയിൽ റെസ്റ്റോറന്റ് നടത്തി പരിചയസമ്പന്നനായ സുരേശ് കുമാർ ആണ് സാരഥി. എതിർവശം എഎഫ്സി എന്ന അമേരിക്കൻ ഫ്രൈഡ് ചിക്കൻ. എല്ലാം ടൂറിസ്റ്റുകളെ ലാക്കാക്കി.
അമ്പതു വർഷം മുമ്പ് വാഗമണ്ണയിലെ ആദ്യ ഹോമിയോ ഡിസ്പെൻസറി തുറന്ന ഡോ. സാറാമ്മയും തോമസും ഇപ്പോൾ ഹോട്ടൽ ബിസിനസിലാണ്. നോർവേയിൽ നിന്ന് അബുദാബിയിൽ എത്തി എണ്ണ കമ്പനിയിൽ ജോലിചെയ്യന്ന മകൾ ഡോ. ആഞ്ജലീനയും മരുമകൻ അനീഷും പിന്തുണച്ച് നിർമ്മിച്ചതു്. അവർ കുരിശുമലയിൽ പുതിയൊരു വൻ റിസോർട്ടിന്റെ പണി കൂടി ആരംഭിച്ചിട്ടുണ്ട്. മകൻ നൈജിലിനാണ് ചുമതല.
ടൗണിനു നടുവിൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് വന്ന ഡോ. കെകെ ശ്യാം ഈയിടെ തുറന്ന ക്ലിനിക് ആണ് ഏറ്റവും പുതിയ ആശുപത്രി. നല്ല തിരക്കുണ്ട്. വാഗമണ്ണിൽ ക്ഷീരകർഷകരെ ആദ്യമായി ഒരു കുടക്കീഴിൽ കൊണ്ടുവന്ന പൂവപ്പാടത്തു പുരുഷോത്തമൻ പിള്ളയുടെ മകൻ അഡ്വ. പ്രകാശ് പിള്ളയുടെ വക മൂന്നുനിലകെട്ടിടത്തിന്റെ സെല്ലർ ഫ്ലോറിലാണ് ആശുപത്രി. അച്ഛൻ പിപിപിക്കു അർഹിക്കുന്ന സ്മാരകം.
ടൗണിലെ ആദ്യകാല ന്യൂസ്പേപ്പർ ഏജന്റ് തിരുനൽവേലി തിസൈൻവില്ല ഗ്രാമത്തിൽ ജനിച്ച സാദിഖും നിഷയും നല്ലൊരു സ്റ്റേഷനറി ഷോപ് കൂടി നടത്തുന്നു. വിനോദ സഞ്ചാരികൾക്കായി രണ്ടാം നിലയിൽ അറേബ്യൻ റെസിഡൻസി നടത്തുന്നു മകൻ ഷെയ്ഖ് ഫരീദ്. ടൗണിലെ ഏറ്റവും വലിയ മൊബൈൽ ഷോപ്പിന്റെഉടമയുമാണ്.
പതിനാലാം വയസിൽ എത്തി ഒരു കടയിൽ ജോലിക്കാരനായി കൂടിയ സാദിഖ് 20 പത്രങ്ങളിൽ തുടങ്ങി 600 വരെ എത്തിച്ച അദ്ധ്വാനിയാണ്. ദി ഹിന്ദു, ഇന്ത്യൻ എക്പ്രസ് ഉൾപ്പെടെ. എസ്റ്റേറ്റുകളിലേക്കും പത്രം കൊടുത്തയച്ചിരുന്നു. അതെല്ലാം കുറഞ്ഞു ഇപ്പോൾ 200ൽ എത്തി നിൽക്കുന്നു. ഏറ്റവും കൂടുതൽ മനോരമയാണ്-100. മകൾ ചിത്തിയുടെ ഭർത്താവ് വെല്ലൂരടുത്ത് കാട് പാടിയിൽ കെമിസ്ട്രി പഠിപ്പിക്കുന്ന കോളജദ്ധ്യാപകൻ-ഡോ. അമിനൂർ റഹ്മാൻ.
പുതിയ പഞ്ചായത്തു വരണം, പെട്രോൾ ബങ്ക് തുറക്കണം, വേണമെങ്കിൽ ഒരു ഗവ. കോളജുമാകാം. ഒരു നാടിനു ഉൾക്കൊള്ളാവുന്നതിലേറെ റിസോർട്ടുകൾ തുറക്കുന്നതിനു കടിഞ്ഞാണിടണം. എങ്കിലേ ഈ ഹിൽ സ്റ്റേഷന് ഭാവിയുള്ളു.