ഈ ചോദ്യങ്ങള്‍ നിങ്ങളെ ഭയപ്പെടുത്തുന്നില്ലെങ്കില്‍, നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നില്ലെങ്കില്‍, ഉറപ്പാണ് നിങ്ങള്‍ യുദ്ധങ്ങളെ, യുദ്ധക്കെടുതികളെ തീര്‍ത്തും സ്വാഭാവികമായ ഒന്നായിക്കാണാന്‍ പഠിച്ചിരിക്കുന്നു. നിങ്ങളില്‍ മനുഷ്യത്വവും ഉറഞ്ഞു പോയിരിക്കുന്നു.
തല മുഴുവന്‍ പേന്‍ നിറഞ്ഞ്, ദേഹമാകെ ക്ഷുദ്രജീവികളുടെ കടിയേറ്റ പാടുകള്‍ നിറഞ്ഞത്, ഹമാസ് ബന്ദികളാക്കിയ കുട്ടികളും സ്ത്രീകളും മോചിപ്പിക്കപ്പെട്ടത് തീര്‍ത്തും ദുരിതപൂര്‍ണമായ ജീവിതത്തില്‍ നിന്നാണ്. അവര്‍ ഉറക്കെ സംസാരിക്കാന്‍ ഭയന്നു. അവര്‍ അടക്കിപ്പിടിച്ച ശബ്ദത്തില്‍ നാലു ചുമരുക്കള്‍ക്കപ്പുറത്തുള്ള ലോകത്തെക്കുറിച്ചു ഭയത്തോടെ അവരുടെ ഡോക്ടറോടു സംസാരിച്ചു.
ബന്ദികളാക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ട ഒരു അമ്മയും കുഞ്ഞും പരിക്കേറ്റു രക്തം വാര്‍ന്നൊഴുകുന്ന ഒരു സൈനികനൊപ്പമാണ് ഗാസയിലേക്കു യാത്ര ചെയ്തത്. സൈനികന്റെ ചുടുരക്തത്തില്‍ ആ കുഞ്ഞിന്റെ വസ്ത്രമാകെ കുതിര്‍ന്നിരുന്നു. ചുവപ്പില്‍ കുതിര്‍ന്ന ആ മനുഷ്യന് എന്തു സംഭവിച്ചു? ആ കുഞ്ഞ് ചോദിച്ചു കൊണ്ടേയിരുന്നു. അമ്മയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല. ആ യാത്ര അവസാനിച്ച ശേഷം അയാളെ ആരും കണ്ടിട്ടില്ല. പെറ്റാടിക്വയില്‍ സൈറണുകള്‍ മുഴങ്ങുമ്പോള്‍ തടങ്കലില്‍ നിന്നും മോചിപ്പിക്കപ്പെട്ട കുട്ടികള്‍ ഇപ്പോഴും നടുങ്ങുന്നു. അവര്‍ ടണലുകളിലേക്കു മടങ്ങാന്‍ തയ്യാറെടുക്കാന്‍ തുടങ്ങുന്നു. ഡോ.മോസര്‍ ഗ്ലാസ്‌ബെര്‍ഗ് എന്ന, ബന്ദിയാക്കപ്പെട്ട കുട്ടികളെ സാധാരണ ജീവിതത്തിലേക്കു മടക്കാന്‍ സഹായിക്കുന്ന ഡോക്ടര്‍ തനിക്കു ചുറ്റുമുള്ള കാഴ്ചകള്‍ ലോകത്തോടു പങ്കുവയ്ക്കുകയാണ്.
ഇസ്രായേലിലെ ഷ്‌നൈഡര്‍ ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററിലെ മുതിര്‍ന്ന ഫിസീഷ്യനാണ് ഡോ.യേല്‍മോസര്‍ ഗ്ലാസ്‌ബെര്‍ഗ്.നവംബര്‍ 24 മുതല്‍ ഡിസംബര്‍ 1 വരെ നടന്ന വെടിനിര്‍ത്തല്‍ സമയത്ത് ഹമാസും തീവ്രവാദ ഗ്രൂപ്പുകളും ഇസ്രായേലില്‍ നിന്നും ഒക്ടോബര്‍ 7 ന് തട്ടിക്കൊണ്ടുപോയ 19 കുട്ടികളേയും 6 സ്ത്രീകളേയും മോചിപ്പിച്ചിരുന്നു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികള്‍ പറയുന്ന കാര്യങ്ങള്‍ മനഃശാസ്ത്രജ്ഞരും സാമൂഹ്യ പ്രവര്‍ത്തകരും ശ്രദ്ധയോടെ കേട്ടു. ദിനരാത്രങ്ങള്‍ കടന്നു പോകുന്നതറിയാനാകാതെയാണ് ബങ്കറുകളില്‍ ബന്ദികള്‍ കഴിഞ്ഞത്. തങ്ങളെ കാത്ത് മാതൃ രാജ്യമോ, ബന്ധുക്കളോ ഇല്ല എന്നാണാ കുട്ടികളോടു പറഞ്ഞിരുന്നത്. അതിനാല്‍ത്തന്നെ മോചിപ്പിക്കപ്പെട്ടപ്പോള്‍ തങ്ങളെ കാത്തിരിക്കുന്നവരോട് എങ്ങനെ പ്രതികരിക്കണം എന്ന വിഭ്രാന്തിയിലാണു കുട്ടികള്‍ ഉള്ളത്. ഐസ്‌ക്രീമിനെക്കുറിച്ചു സംസാരിക്കുന്നതിനേക്കാള്‍ ലാഘവത്തില്‍ കുട്ടികള്‍ മരണത്തെക്കുറിച്ചു സംസാരിച്ചു.
ശരീരഭാരം 15% കണ്ടു കുറഞ്ഞ കുട്ടികള്‍, തീര്‍ത്തും മോശം സാഹചര്യത്തിലാണ് തടങ്കലില്‍ കഴിഞ്ഞത്. പുറത്തു വന്ന ശേഷം ഭക്ഷണം നല്‍കുമ്പോള്‍ അവരതു മുഴുവന്‍ കഴിക്കാന്‍ കൂട്ടാക്കിയില്ല. കിട്ടുന്ന ഭക്ഷണം, അല്പം മാത്രം കഴിച്ച്, ബാക്കി ആ ദിവസത്തില്‍ പലപ്പോഴായി കഴിക്കാന്‍ സൂക്ഷിച്ചു വെച്ചു. ആവശ്യത്തിനു ഭക്ഷണം ലഭിക്കും എന്ന ഉറപ്പ് ലഭിച്ചിട്ടു പോലും കുട്ടികള്‍ക്ക് പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ സമയ കൂടുതല്‍ വേണ്ടി വന്നു.
യുദ്ധം തുടരുകയാണ്. ഹമാസ്, ഇസ്രായേല്‍ ആക്രമിക്കാന്‍ ഒരുക്കം കൂട്ടുന്നു എന്ന വിവരം നേരത്തേ അറിഞ്ഞിട്ടും അതു വേണ്ട ഗൗരവത്തില്‍ എടുക്കാതെ ഹമാസിനെ കുറച്ചു കണ്ടതിന്റെ വിലയാണ് ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ സംഭവിച്ചത്. തുടര്‍ന്ന്, സംഭവിച്ചതോ ഇനിയും നിലയ്ക്കാത്ത യുദ്ധവും.
ഒന്നുറപ്പിച്ചു പറയാം ഒരു യുദ്ധവും സമാധാനം കൊണ്ടു വരുന്നില്ല.