Image

ലോകത്തിലെ അതിവേഗം വളരുന്ന പത്ത് സമ്പദ് വ്യവസ്ഥകള്‍ ഇന്ത്യയില്‍ എന്നു റിപ്പോര്‍ട്ടുകള്‍

ദുര്‍ഗ മനോജ് Published on 11 December, 2023
 ലോകത്തിലെ അതിവേഗം വളരുന്ന പത്ത് സമ്പദ് വ്യവസ്ഥകള്‍ ഇന്ത്യയില്‍ എന്നു റിപ്പോര്‍ട്ടുകള്‍

ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് സ്റ്റേറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, ലോകത്തിലെ അതിവേഗം വളരുന്ന 10 സമ്പദ് വ്യവസ്ഥകള്‍ ഇന്ത്യയില്‍ ആയിരിക്കും. സൂറത്ത്, ആഗ്ര, നാഗ്പൂര്‍, ബംഗളൂരു, ഹൈദരാബാദ്, തിരുപ്പൂര്‍, രാജ്‌കോട്ട്, തിരുച്ചിറപ്പള്ളി, ചെന്നൈ, വിജയവാഡ എന്നിവയുടെ വളര്‍ച്ചാ നിരക്ക് 2035 ആകുമ്പോഴേക്കും കുതിച്ചു കയറും എന്നാണു റിപ്പോര്‍ട്ട്. 2035 ല്‍ ജി ഡി പി യുടെ കാര്യത്തില്‍ ഈ നഗരങ്ങള്‍ ഒന്നാമതെത്തും. ബംഗളൂരുവിന്റെ വളര്‍ച്ച 283 ബില്യണ്‍ ഡോളര്‍ ആയി ഉയരും.

ആഗോള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ ചാലകങ്ങള്‍ ആയി മാറുക ഇന്ത്യന്‍ നഗരങ്ങള്‍ ആയിരിക്കുമത്രേ. ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് സ്റ്റേറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് ഈ പട്ടികയില്‍ പത്താം സ്ഥാനത്ത് നിലകൊള്ളുക ആന്ധ്രയുടെ തലസ്ഥാനമായ വിജയവാഡ ആയിരിക്കും. 2018-35 വരെ കാലയളവില്‍ 8.16 % വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ 5.6 ബില്യണ്‍ ഡോളറില്‍ നിന്നും 2035 ആകുമ്പോഴേക്കും 21.3 ബില്യണ്‍ ഡോളറിലേക്ക് വിജയവാഡ കുതിക്കും. 283.3 ബില്യണ്‍ ഡോളറുമായി ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ജിഡിപിയുള്ള നഗരമാകാന്‍ കുതിക്കുകയാണ് സോഫ്റ്റ് വെയര്‍ വ്യവസായ കേന്ദ്രമായ ബംഗലൂരു.

ഓട്ടോ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹെല്‍ത്ത് കെയര്‍ മേഖലകളുടെ കേന്ദ്രമാകാന്‍ ഒരുങ്ങുകയാണ് ചെന്നൈ. 8.17% വളര്‍ച്ചയാണ് ചെന്നൈ ലക്ഷ്യമിടുന്നത്, അതായത് 36 ബില്യണില്‍ നിന്നും 136 ബില്യണിലേക്കുള്ള വളര്‍ച്ച!

ഫാബ്രിക്കേഷനും എഞ്ചിനീയറിങ് ഉപകരണങ്ങളും കൈകാര്യം ചെയ്യുന്ന നിരവധി കമ്പനികള്‍ ഉള്ള ഭാരതത്തിന്റെ തെക്കേ മൂലയിലെ തിരുച്ചിറപ്പള്ളിയും കുതിപ്പിനു തയ്യാറെടുക്കുകയാണ്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയരാന്‍ മത്സരിക്കുന്ന പ്രധാനഗരമാണ് ഗുജറാത്തിലെ സൂറത്ത്. 9% അധികം വളര്‍ച്ചയാണ് സൂറത്തില്‍ പ്രതീക്ഷിക്കുന്നത്. 2035 ല്‍ 126.8 ബില്യണ്‍ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരു നഗരം ആഗ്രയാണ്. ഉത്തര്‍പ്രദേശിലെ താജ് മഹല്‍ നഗരം 8.58% വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.

ഇതൊരു മാറ്റത്തിന്റെ ദിശാ സൂചിയാണോ? ഇന്ത്യയിലെ നഗരങ്ങള്‍ വളരുക എന്നു പറയുമ്പോള്‍ ഗ്രാമങ്ങളിലെ പട്ടിണി കുറയുമെന്നു പ്രതീക്ഷിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക