Image

കൂനമ്പാറക്കവല (അധ്യായം 22 നോവല്‍: തമ്പി ആന്റണി)

Published on 14 December, 2023
കൂനമ്പാറക്കവല (അധ്യായം 22 നോവല്‍: തമ്പി ആന്റണി)

ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍

    ജനമര്‍ദ്ദകന്റെ മര്‍ദ്ദനത്തിനുശേഷം അച്ചന്റെ ബൈക്കുയാത്രകള്‍ കുറവായിരുന്നു. അത്യാവശ്യമുണ്ടെങ്കില്‍ മാത്രം പീരുമേട് സൗത്ത് ഇന്ത്യന്‍ ബാങ്കുവരെപ്പോകും. കേസിനും വഴക്കിനുമൊന്നും പോകാഞ്ഞതുകൊണ്ട് നഷ്ടപരിഹാരവും കിട്ടിയില്ല. 

    ഒരു വെള്ളിയാഴ്ച, അച്ചന്‍ ചൂടുവെള്ളത്തിലൊന്നു കുളിച്ച്, വരാന്തയിലിരുന്നു പത്രം വായിക്കുമ്പോഴാണ്, പഴയ നാടകക്കാരന്‍ അട്ടപ്പാടി ശശിയുടെ, ദുബായില്‍നിന്നുള്ള കത്ത് നിലത്തു കിടക്കുന്നതു കണ്ടത്. പൊട്ടന്‍ ചെങ്ങാലിയുടെ കൈയില്‍നിന്നു താഴെപ്പോയതായിരിക്കുമെന്നൂഹിച്ച്, അപ്പോള്‍ത്തന്നെ കത്തു പൊട്ടിച്ച് ആകാംക്ഷയോടെ വായിച്ചു: 

    പ്രിയപ്പെട്ട റോഷനച്ചന്, 

    അച്ചനു സുഖംതന്നെയെന്നു കരുതുന്നു. അച്ചനും സഹപ്രവര്‍ത്തകരും എന്നെയും ചാത്തുക്കുട്ടിയേയും മറന്നിട്ടില്ലെന്നു വിശ്വസിക്കുന്നു. അച്ചന്‍ മറന്നാലും കൂനമ്പാറ ഇടവകക്കാരില്‍നിന്ന് ഞങ്ങള്‍ക്കു കിട്ടിയ അവസരങ്ങളും അതുകൊണ്ടുണ്ടായ നേട്ടങ്ങളും മറക്കാന്‍ പറ്റില്ലല്ലോ. അന്നു പറഞ്ഞ വാക്കു പാലിക്കാന്‍ സാധിക്കാത്തതില്‍ ഞങ്ങള്‍ക്ക് അതിയായ വിഷമമുണ്ട്. എനിക്കറിയാം, കൂനമ്പാറ നാടകസമിതിയിലെ അംഗങ്ങളായ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞങ്ങളെ ക്രൂശിക്കാനും തല്ലിക്കൊല്ലാനുമുള്ള ദേഷ്യമുണ്ടെന്ന്. അതിനെല്ലാം പരിഹാരവും പ്രായശ്ചിത്തവുമായി ഞാനിതാ കൂനമ്പാറയിലേക്കു തിരിച്ചെത്തുന്നു: അന്നു മുങ്ങിയതുപോലെ അപ്രതീക്ഷിതമായി! 

    ഓണത്തിന് ഒരാഴ്ചമുമ്പ് നമ്മള്‍ നടത്തിയ കപടലോകം എന്ന നാടകത്തിനുശേഷമായിരുന്നല്ലോ സംഭവങ്ങളുടെ ക്ലൈമാക്‌സ്! നമ്മുടെ നാടകസമിതിയിലെ അംഗങ്ങള്‍ കണക്കില്ലാതെ തിന്നും കുടിച്ചും ചിലവാക്കിയ ഭീമമായ തുക കൊടുക്കാന്‍ തികയാതെവന്നതുകൊണ്ടാണ് ഞങ്ങള്‍ ഗള്‍ഫിലേക്കു പോയതും രക്ഷപ്പെട്ടതും. സമിതിയില്‍നിന്നു പിരിഞ്ഞുകിട്ടിയ നല്ലൊരു തുക അടിച്ചുമാറ്റിയതില്‍ അതിയായ പശ്ചാത്താപമുണ്ട്. അന്നു രാത്രി ഒരു പയ്യന്റെ കൈയില്‍ കൊടുത്തുവിട്ട കത്തില്‍ കാര്യങ്ങളൊക്കെ വിവരിച്ചിരുന്നല്ലോ. 

    എല്ലാത്തിനും പ്രായശ്ചിത്തവുമായിട്ടാണ് എന്റെയീ തിരിച്ചുവരവ്. ചാത്തുക്കുട്ടിക്ക് അവധിയില്ലാത്തതുകൊണ്ട് ഞാനൊറ്റയ്ക്കാണു വരുന്നതെന്നുകൂടി അച്ചന്‍ എല്ലാവരോടും പറയണം. നാട്ടില്‍ പേരും പെരുമയുമുള്ള നടനും സംവിധായകനുമായ അപ്പാജിയെയും മറ്റു താരങ്ങളെയും സഹപ്രവര്‍ത്തകരെയും ഉടനേ അറിയിക്കുക. നമുക്ക് നാടകസമിതിയുടെ ഈ കൂട്ടായ്മ നല്ലൊരാഘോഷമാക്കാം. അന്ന് അച്ചന്‍ ആര്‍ക്കോ കൊടുക്കാന്‍ പള്ളിമേടയില്‍ സൂക്ഷിച്ചിരുന്ന വൈറ്റ് ലേബല്‍ വിസ്‌ക്കി ചാത്തുക്കുട്ടി മോഷ്ടിച്ച കാര്യം ഞങ്ങള്‍ മറന്നിട്ടില്ല. പകരം അവന്റെയും എന്റെയുംവക രണ്ടു ബ്ലാക്ക് ലേബല്‍ വിസ്‌ക്കിയും അച്ചനുവേണ്ടി ഞാന്‍ കരുതിയിട്ടുണ്ട്. 

    വീണ്ടും നമുക്കൊന്നാഘോഷിക്കാന്‍, കുറഞ്ഞപക്ഷം ഒരു ത്രീ സ്റ്റാര്‍ ഹോട്ടലിലെങ്കിലും ഹാള്‍ ബുക്ക് ചെയ്യണം. അച്ചന്‍ രാത്രിയില്‍ നാടകക്കാരുടെ കൂടെവന്നു പേരുദോഷം കേള്‍പ്പിക്കണ്ട. ആഘോഷം കഴിയുമ്പോള്‍ ഞാന്‍ കുപ്പികളുമായി പള്ളിമേടയിലേക്കു വന്നോളാം. റോഷനച്ചനു ബ്ലാക്ക് ലേബല്‍ കൊടുക്കാന്‍ മറക്കരുതെന്ന് ചാത്തുക്കുട്ടി പ്രത്യേകം പറഞ്ഞിട്ടുണ്ട്.    

    ഗള്‍ഫുകാരനായ അട്ടപ്പാടി ശശിയുടെ ചെലവിലാണ് തീറ്റയും കുടിയുമെന്നു ഹോട്ടലുകാരോട് പറയാന്‍ മറക്കരുത്. ഒന്നടിച്ചുതിമിര്‍ക്കാന്‍ ഒരു ഡസണ്‍ വൈറ്റ് ലേബലുമായാണു ഞാന്‍ വരുന്നതെന്നുകൂടി കൂട്ടരെ അറിയിക്കുമല്ലോ. 

    നമുക്കു നമ്മുടെ കൂനമ്പാറ ആര്‍ട്‌സ് ക്ലബ്ബ് ഒന്നുകൂടി പൊലിപ്പിക്കണം. ഇനിയും പുതിയ നാടകങ്ങള്‍ ചെയ്യണം. അടുത്ത നാടകത്തിന് ചാത്തുക്കുട്ടി തീര്‍ച്ചയായുമുണ്ടാകും. അച്ചന്റെ പള്ളിമേടയിലെ ജര്‍മ്മന്‍ ഷെപ്പേഡ് ഹിറ്റ്‌ലറിനും സുഖംതന്നെയല്ലേ? ആ മിണ്ടാപ്രാണിയുടെ സ്‌നേഹപ്രകടനങ്ങള്‍ ഞങ്ങള്‍ക്കു മറക്കാന്‍ പറ്റുന്നില്ല. 

    സ്‌നേഹാദരങ്ങളോടെ, 

    അട്ടപ്പാടി ശശി (ദുബായ്),

    നാടകകൃത്ത്, നടന്‍.

    റോഷനച്ചനു സന്തോഷംകൊണ്ടു തുള്ളിച്ചാടാന്‍ തോന്നി. ഒറ്റയ്ക്കാണെങ്കിലും അവന്‍ തിരിച്ചുവന്നല്ലോ! അതിനെയല്ലേ നന്ദി, സ്‌നേഹം എന്നൊക്കെപ്പറയുന്നത്! അന്നു കളിയാക്കിയവരുടെയും കുറ്റം പറഞ്ഞവരുടെയുംമുമ്പില്‍ ഒന്നു തലയുയര്‍ത്തി നടക്കാനുള്ള അവസരമാണിതെന്ന് കാടുകേറിയച്ചനു തോന്നി. പണ്ട്, ബിഷപ്പിന്റെ വിലകൂടിയ മെഴുകുതിരിക്കാലടിച്ചുകൊണ്ടുപോയ ഴാങ് വാല്‍ ഴാങ് അവ ദിവസങ്ങള്‍ക്കുശേഷം തിരിച്ചുകൊണ്ടുവന്ന കഥയോര്‍ത്ത് അച്ചന്‍ ഉള്‍പ്പുളകംകൊണ്ടു. അട്ടപ്പാടിയേയും ചാത്തുക്കുട്ടിയേയുംപോലുള്ള കള്ളന്‍മാര്‍ക്കും ഉള്ളിന്റെയുള്ളില്‍ നന്‍മയും സ്‌നേഹവുമുണ്ടെന്നും അവരും മാനസാന്തരപ്പെടുമെന്നും അച്ചന്‍ ചിന്തിച്ചു. ഏതായാലും കൂട്ടംതെറ്റിപ്പോയ ആ കുഞ്ഞാടുകള്‍ സ്വയം തിരിച്ചുവന്നല്ലോ! അതുമതി. അച്ചന്‍ വളരെയധികം സന്തോഷിച്ചു. കര്‍ത്താവിനൊപ്പം ഗാഗുല്‍ത്താമലയില്‍ ക്രൂശിക്കപ്പെട്ട കള്ളന്‍മാര്‍പോലും മാനസാന്തരപ്പെട്ടില്ലേ! അതൊക്കെയോര്‍ത്ത്, ശനിയാഴ്ചത്തെ നൊവേന കഴിഞ്ഞ്, പരിശുദ്ധമാതാവിന്റെ തിരുരൂപത്തിനുമുമ്പില്‍നിന്നു മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. ഉടന്‍തന്നെ ഇടവകയിലെ കുഞ്ഞാടുകളെയെല്ലാം വിളിച്ചു വിവരം പറഞ്ഞു. എറണാകുളത്തെ ഏറ്റവും മുന്തിയ ഹോട്ടലില്‍ത്തന്നെ എല്ലാം അറേഞ്ച് ചെയ്തു. സംവിധായകന്‍ അപ്പാജി മുതല്‍ കര്‍ട്ടന്‍ബോയി വരെ എറണാകുളത്തേക്കു തിരിക്കാന്‍ ആവേശത്തോടെ കാത്തിരുന്നു. അവരെക്കണ്ടാല്‍ കൊല്ലാനിരുന്ന ആന അമറാന്‍പോലും ഒരു 'വൈറ്റ് ലേബല്‍' ചിരി ചിരിച്ചുകൊണ്ടാണ് കൂടെക്കൂടിയത്.  

    അങ്ങനെ ശശി പറഞ്ഞ ദിവസം സമാഗതമായി. നടിമാരും അച്ചനുമൊഴികെ എല്ലാവരും കൊച്ചി സീലോഡ് ഹോട്ടലിലെത്തുന്നു. അട്ടപ്പാടി ശശി, പുതുപുത്തന്‍ റേഞ്ച് റോവര്‍ ഇവോക്കില്‍ എയര്‍പോര്‍ട്ടില്‍നിന്ന് സീലോഡിന്റെ വാതില്‍ക്കല്‍ വന്നിറങ്ങുന്നു. സിനിമയിലാണെങ്കില്‍ ഒരു സ്ലോമോഷനുള്ള സാധ്യതയുണ്ടായിരുന്നു! 

    ആഘോഷകരമായ വരവേല്‍പ്പായിരുന്നു, പിന്നെ. നടന്‍മാരായ ആന അമറാനും കൈനകരി കറിയാച്ചനുംകൂടി ബോക്ക കൊടുത്തു ഹാരാര്‍പ്പണം നടത്തി. അതുകഴിഞ്ഞു ഹാളിലെത്തിയപ്പോള്‍ ശശി ആദരപൂര്‍വ്വം ആകെയൊന്നു വീക്ഷിച്ചു. 'കൂനമ്പാറ മൊത്തമിളകിയിട്ടുണ്ടല്ലോ, എന്നെ മുടിപ്പിച്ചിട്ടേ ഇവന്‍മാരു പോകുകയുള്ളല്ലോ' എന്നോര്‍ത്ത് ആദ്യമൊന്നമ്പരന്നെങ്കിലും ഒരു രാഷ്ട്രീയച്ചിരി മുഖത്തങ്ങു ഫിറ്റ് ചെയ്തു. 

    'ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാ കലാപ്രേമികള്‍ക്കും കൂപ്പുകൈ.'

    വിനീതനായി ഒന്നു വണങ്ങിയശേഷം തുടര്‍ന്നു: 

    'എന്റെ എത്രയും പ്രിയപ്പെട്ട നവജീവന്‍ ആര്‍ട്‌സ് ക്ലബ്ബ് അംഗങ്ങളോട് ഒരു ദുഃഖവാര്‍ത്തയാണ് ആദ്യം പറയാനുള്ളത്. ഞാന്‍ ഭദ്രമായി നിങ്ങള്‍ക്കു മാത്രമായി കൊണ്ടുവന്ന വൈറ്റ് ലേബലിന്റെ ഒരു ഡസണ്‍ ബോട്ടിലും കസ്റ്റംസുകാരു പിടിച്ചു.'

    എല്ലാവര്‍ക്കും അതൊരു ഷോക്കിംഗ് ന്യൂസായിരുന്നു. ആരും അല്‍പ്പനേരത്തേക്കു ശബ്ദിച്ചില്ല. അപ്പോഴാണ് അമറാന്‍ ഒന്നമറിയത്:

    'അവന്റമ്മേടെ വൈറ്റ് ലേബല്‍ അവമ്മാരു കൊണ്ടുപോയി മൂ... ട്ടെ! നമുക്കു നമ്മുടെ നല്ല നാടന്‍ മതി! ആന്റിക്കുറ്റി! അല്ലെങ്കില്‍ സ്മിര്‍നോഫ് വോഡ്ക്ക! ഹല്ല പിന്നെ!'

    'സോഡയും മുറിച്ചുവച്ച നാരങ്ങാത്തുണ്ടുമുണ്ടെങ്കില്‍ സംഗതി കുശാല്‍. കസ്റ്റംസിലെ എമ്പോക്കികള്‍ പോകാന്‍ പറ!'

    നാടകത്തിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഇന്‍ചാര്‍ജ്ജായിരുന്ന കരണ്ടുരാജപ്പന്‍ അമറാനെ പിന്താങ്ങി. ആ പ്രമേയം എല്ലാവരുംകൂടി കൈയടിച്ചു പാസ്സാക്കി. അപ്പാജി വയറു കുലുക്കി ഇളകിച്ചിരിച്ചുകൊണ്ടു പറഞ്ഞു: 

    'അങ്ങനെ നമ്മളെല്ലാവരും ഒന്നിച്ചിരുന്ന് ആന്റിക്വിറ്റി വീശുന്നു.'

    കോഴിക്കോടന്‍ ഒരു സിഗരറ്റ് കത്തിച്ച്, പുകച്ചുരുളുകള്‍ ആകാശത്തേക്കു വിട്ടു. 

    ആന്റിക്വിറ്റി വിസ്‌കിയുടെ വിലയോര്‍ത്തപ്പോള്‍ അട്ടപ്പാടി ഒന്നു ഞെട്ടി. അപ്പോഴാണ് അട്ടപ്പാടി ശരിക്കും ശശിയായത്. അയാള്‍ വിനീതനായിപ്പറഞ്ഞു: 

    'നിങ്ങളുടെയൊക്കെ സ്‌നേഹം കാണുമ്പോള്‍ ഇനി ദുബായ്ക്കു തിരിച്ചുപോകാന്‍പോലും തോന്നുന്നില്ല.'

    'ഇനിയിപ്പം എങ്ങോട്ടു പോകാനാ! നമുക്കിവിടെ ഒരു സംബന്ധംകഴിച്ചങ്ങു കൂടാം. നല്ല മണിമണിപോലത്തെ നടിമാരെ ഞാന്‍ സംഘടിപ്പിച്ചുതരാം. ആ ചാത്തുക്കുട്ടിയെക്കൂടെ ഇങ്ങോട്ടു വിളിച്ചോണ്ടുവാ.'

    എന്തോ തമാശ പറഞ്ഞമട്ടില്‍ അപ്പാജി ദേഹമാസകലമിളക്കി ചിരിച്ചു. എല്ലാവരും കൈയടിച്ചു. 

    ശേഷം വിസ്‌ക്കിയും ഭക്ഷണവും ഓര്‍ഡര്‍ ചെയ്തു. പാട്ടും കൂത്തുമായി അങ്ങനെ ആ രാത്രി തിമിര്‍ത്താടി എന്നുതന്നെ പറയാം.

    രാവേറെയായതുകൊണ്ട്, സീലോഡില്‍ത്തന്നെ അഞ്ചാറു മുറികളെടുത്തു നിരനിരയായി കിടന്നുറങ്ങി. 

    ക്ഷീണംകൊണ്ട് എല്ലാവരും താമസിച്ചാണുണര്‍ന്നത്. പുലര്‍ച്ചെ, റൂംബോയി വന്ന് ചെക്കൗട്ട് കൃത്യം പതിനൊന്നുമണിക്കാണെന്നറിയിച്ചു. കൂടുതല്‍ സമയമെടുത്താല്‍ റൂം വാടക ഇരട്ടിയാകുമെന്നു കര്‍ശനമായിപ്പറഞ്ഞപ്പോഴാണ്, എല്ലാവരും അട്ടപ്പാടി ശശിയെ അന്വേഷിച്ചത്. 

    അയാള്‍ മുങ്ങിയെന്നും ആടു കിടന്നിടത്തു പൂടപോലുമില്ലെന്നും രാവിലെയൊന്നു നടക്കാനിറങ്ങിയ ആന അമറാന്‍ അരുള്‍ച്ചെയ്തു! അതുകേട്ട് ഉറങ്ങിക്കിടന്നവര്‍വരെ ചാടിയെഴുന്നേറ്റ് ഒത്തുകൂടി. 

    'നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്കായി ഞാന്‍ പറയുന്നു. അവന്‍ പിന്നേം മുങ്ങി! ആ അട്ടപ്പാടിയുടെ പൊടിപോലും ഈ പരിസരത്തൊന്നുമില്ല. എനിക്കിന്നലെയേ സംശയമുണ്ടായിരുന്നു.'

    അതുകേട്ട്, ആരും ചങ്കത്തടിച്ചു നിലവിളിച്ചില്ലെന്നേയുള്ളു. കരണ്ടുരാജപ്പന്‍ നെഞ്ചില്‍ കൈവച്ചു പറഞ്ഞു: 

    'ഈശ്വരാ! ഈ ബില്ലൊക്കെ ഇനിയാരു കൊടുക്കും? എല്ലാത്തിനും ഉത്തരവാദി ആ റോഷനച്ചനാ.'

    'ഞാനന്നേ അച്ചനോടു പറഞ്ഞതാ, ഒന്നു സൂക്ഷിച്ചോണമെന്ന്.'

    കുഞ്ചാക്കോയുടെവക പ്രസ്താവന ഉടന്‍ വന്നു. 

    അങ്ങനെ ആകെ അനിശ്ചിതത്വത്തില്‍ അന്തംവിട്ടങ്ങനെ നിന്നപ്പോള്‍ പെട്ടെന്നാണ്, അട്ടപ്പാടി ആദ്യം വന്നിറങ്ങിയ റേഞ്ച് റോവര്‍ ഹോട്ടലിന്റെ മുറ്റത്തു വന്നുനിന്നത്. വെള്ളത്തൊപ്പിയും യൂണിഫോമുമിട്ട ഡ്രൈവര്‍ ഇറങ്ങിവന്ന്, കവറിലിട്ട ഒരു കത്ത് അപ്പാജിയുടെ കൈയില്‍ കൊടുത്തു. ആകാംക്ഷയോടെ കത്തുപൊട്ടിച്ച്, അപ്പാജി ഉറക്കെ വായിച്ചു: 

    'കൂനമ്പാറക്കാരായ എന്റെ ഏറ്റവും പ്രിയപ്പെട്ട എല്ലാ കലാകാരന്‍മാരുമറിയാന്‍, 

    ഞാന്‍ വീണ്ടും മുങ്ങുകയാണ്. ഒരിക്കല്‍ ഞാനും ചാത്തുക്കുട്ടിയും നിവൃത്തികേടുകൊണ്ട് ഒന്നു മുങ്ങിയത് നിങ്ങള്‍ക്കോര്‍മ്മ കാണുമല്ലോ. എന്നിട്ടും എന്നെ പരിപൂര്‍ണമായി വിശ്വസിച്ച് സീലോഡ് ഹോട്ടലില്‍ വരികയും നമ്മുടെ പരിപാടി ആഘോഷമാക്കുകയും ചെയ്തതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. പക്ഷേ ഹോട്ടല്‍ബില്ലു കണ്ടപ്പോള്‍ പഴയതുപോലെതന്നെ കാര്യങ്ങളൊന്നും എന്റെ കൈയിലൊതുങ്ങാത്ത അവസ്ഥയിലാണെന്ന് എനിക്കു മനസ്സിലായി. നിങ്ങള്‍ വിലകൂടിയ വിസ്‌ക്കിയും വോഡ്ക്കയും ഇഷ്ടംപോലെ കുടിക്കുകയും കിട്ടിയതൊക്കെ വലിച്ചുവാരിത്തിന്നുകയും ചെയ്തപ്പോള്‍ ഇത്രയും വലിയൊരു തുക കൊടുക്കേണ്ടിവരുമെന്നു സ്വപ്നത്തില്‍പ്പോലും വിചാരിച്ചില്ല. അതൊക്കെ കൊടുക്കാനുള്ള പാങ്ങുള്ള ജോലിയൊന്നുമല്ല ഞങ്ങള്‍ക്കിപ്പോള്‍. അവിടത്തെ സാമ്പത്തികപ്രശ്‌നങ്ങളൊക്കെ പത്രത്തിലും ടി വീയിലുമായി നിങ്ങളും അറിയുന്നുണ്ടായിരിക്കുമല്ലോ. ഇത്രയും ഭീമമായ ഒരു തുക നിങ്ങളെല്ലാവരുംകൂടി പിരിവെടുത്തു കൊടുത്താല്‍ ഒരുപക്ഷേ അതൊരു വലിയ തുകയായിത്തോന്നില്ല.

    അതുകൊണ്ട്, ഗള്‍ഫില്‍ പൊരിവെയിലത്ത് എല്ലുമുറിയെ കഷ്ടപ്പെട്ടു ജീവിക്കുന്ന ഞാന്‍ മാനേജരറിയാതെ രാത്രിയില്‍ത്തന്നെ മുങ്ങിയിരുന്നു. 

    റോഷനച്ചനു ഞാന്‍ കൊടുക്കാമെന്നേറ്റിരുന്ന ബ്ലാക്ക് ലേബല്‍ വിസ്‌ക്കി ഹോട്ടലിന്റെ ഫ്രണ്ട് ഡെസ്‌ക്കില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ബില്ലു കൊടുത്തുകഴിഞ്ഞാലേ അവരതു തരികയുള്ളു എന്നാണു പറഞ്ഞത്. അതുകൊണ്ട് എല്ലാവരുംകൂടി പിരിച്ചെടുത്ത്, മുഴുവന്‍ കാഷും കൊടുത്ത് ആ കുപ്പി ഭദ്രമായി പള്ളിമേടയിലെത്തിക്കണമെന്നപേക്ഷിക്കുന്നു. 

    ഞാനും ചാത്തുക്കുട്ടിയുംകൂടി ഒന്നുകൂടി അടിച്ചുപൊളിക്കാന്‍ കൂടുതല്‍ കാശുമായി അടുത്ത വര്‍ഷംതന്നെ വീണ്ടും വരുമെന്നോര്‍മ്മിപ്പിക്കുന്നു. അപ്പോള്‍ എല്ലാവരുടെയും പണം പലിശസഹിതം തിരിച്ചുതരുന്നതായിരിക്കും. 

    എന്ന്,

    സ്‌നേഹപൂര്‍വ്വം 

    അട്ടപ്പാടി ശശി (ഒപ്പ്).'

    അതു വായിച്ചതും അമറാന്‍ ഒന്നുകൂടി അമറി: 

    'എവിടെടാ ആ നായിന്റെ മോന്‍...'

    എഴുത്തു കൊണ്ടുവന്ന ഡ്രൈവര്‍ പേടിച്ചുപോയി. 

    'അയ്യോ സര്‍, ഞാന്‍ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ടു. രാവിലത്തെ ഫ്‌ളൈറ്റിനുതന്നെ ദുബായ്ക്കു പോയിക്കാണും. എനിക്കു കണക്കു ചോദിക്കാതെതന്നെ കുറച്ചു കൂടുതല്‍ തന്നു. ഇന്നത്തെക്കാലത്തും ഇത്രയും നല്ല മനുഷ്യരുണ്ടോന്നാണു ഞാനോര്‍ത്തത്!'

    അപ്പാജി എല്ലാവരോടുമായി പറഞ്ഞു: 

    'ഇപ്പോള്‍ മനസ്സിലായല്ലോ... ഒരിക്കല്‍ ചതിച്ചവനെ ഒരുകാലത്തും വിശ്വസിക്കരുതെന്ന്...'

    നാടകസമിതിയിലെ മുഖ്യനടനും മുഴുക്കുടിയനുമായ ആന അമറാന്‍ ഒന്നുകൂടിയമറി: 

    'എടാ പരമചെറ്റകളേ... അവന്‍മാരുടെ മറ്റേടത്തെ നാടകസമിതി!'

    കളം മോശമാണെന്നറിഞ്ഞപ്പോഴേ കോഴിക്കോടന്‍ മുങ്ങി. അതാണ് യഥാര്‍ത്ഥരാഷ്ട്രീയം! ജനങ്ങള്‍ക്കാവശ്യമുള്ളപ്പോള്‍ മുങ്ങുക! 

    റിസപ്ഷനില്‍ ഫോണ്‍ ബെല്ലടിച്ചു. കുറേനേരം സംസാരിച്ചശേഷം ഫോണ്‍ വച്ച മാനേജര്‍ അല്‍പ്പനേരത്തേക്ക് ഒന്നും മിണ്ടിയില്ല. സമിതയംഗങ്ങളെല്ലാവരും അയാളെത്തന്നെ നോക്കി അക്ഷമരായി നിന്നു. അപ്പോഴേക്ക്, മാനേജരുടെ മുഖത്തൊരു ചിരി വിരിഞ്ഞു. അയാള്‍ എല്ലാവരോടുമായി പറഞ്ഞു: 

    'ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍.'

    സമിതിയംഗങ്ങള്‍ ഒന്നും മനസ്സിലാകാതെ കണ്ണില്‍ക്കണ്ണില്‍ നോക്കി. അതു ശ്രദ്ധിക്കാതെ മാനേജര്‍ തുടര്‍ന്നു: 

    'കാടുകേറിയച്ചന്‍ പറഞ്ഞതുകൊണ്ട് നീയൊക്കെ രക്ഷപ്പെട്ടു. അല്ലെങ്കില്‍ ഡബിള്‍ ചാര്‍ജ്ജാ.'

    'അങ്ങനെ രണ്ടാംപ്രാവശ്യവും ഈശോമിശിഹാ കുരിശുംകൊണ്ടു വീണു!'

    പല നാടകങ്ങളിലും സ്ഥിരം യേശുക്രിസ്തുവിന്റെ വേഷം കെട്ടിയിട്ടുള്ള കൈനകരി കറിയാച്ചന്‍ അതുപറഞ്ഞ് ഒരു ദീര്‍ഘനിശ്വാസം വിട്ടു. 

    അങ്ങനെ അപ്രതീക്ഷിതമായി, കൂനമ്പാറയില്‍ എല്ലാവര്‍ക്കും സമ്മതനായ കാടുകേറിയച്ചന്‍ വീണ്ടും നാടകസമിതിയുടെ ഗാര്‍ഡിയന്‍ ഏയ്ഞ്ചലായി. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക