Image

സ്ത്രനിയേരി ( ഇറ്റലിയിൽ - 3 : മിനി ആന്റണി )

Published on 16 December, 2023
സ്ത്രനിയേരി ( ഇറ്റലിയിൽ - 3  : മിനി ആന്റണി )

ആ ഡ്രൈവറുടെ   കെയറിംഗ് കണ്ടപ്പോൾ വേണ്ടപ്പെട്ട ആരുടേയോ ഒപ്പമാണെന്നും തനിച്ചല്ലെന്നുമുള്ള തോന്നലെനിക്കുണ്ടായി. കാറൊരിടത്ത് പാർക്ക് ചെയ്ത് അയാളെന്നേയും കൊണ്ട് പഴക്കമേറിയ ഒരു കെട്ടിടത്തിലേക്ക് കയറി. ഒരു ഗോഡൗൺ പോലെ തോന്നിക്കുന്ന ഒരിടം. വെള്ളപൂശാത്ത ചുമരുകളും വെറുതെ കോൺക്രീറ്റ് ചെയ്ത തറയുമുള്ള ഒരു കെട്ടിടം. . പന്ത്രണ്ടടിയോളം വീതിയുള്ള വാതിലിനപ്പുറം ഇരുട്ടിലാഴ്ന്നു കിടക്കുന്ന സ്ഥലത്ത് ചില പെട്ടികളും മറ്റു ചില സാധനങ്ങളും ഇരിക്കുന്നുണ്ടായിരുന്നു. 

പുറത്തൊരു സൈഡിലായി കണ്ട ചെറിയൊരു റൂമിലേക്ക്, ഫ്രണ്ടിൽ ഗ്ലാസിട്ട ഓഫിസ് പോലെ തോന്നിക്കുന്ന ഒരിടത്തേക്ക് അയാൾ എന്റെ ബോർഡിംങ്ങ് പാസുമായോടി. പിന്നീട് അവിടെയുള്ള ചെറിയ ക്യൂവിലേക്കെന്നെ വിളിച്ചുനിർത്തി. എനിക്കു മുന്നിൽ നാലോ അഞ്ചോ പേരുണ്ട്. ഇതേ വരെ കേട്ടിട്ടില്ലാത്ത ഏതൊക്കെയോ ഭാഷകൾ  സംസാരിക്കുന്നവർ.  എന്നെപ്പോലെ  വിദേശികളായിരിക്കാം.  പരിഭ്രമം യാതൊന്നിനും പരിഹാരമല്ലെന്നറിയാമായിരുന്നെങ്കിലും ഞാൻ പരിഭ്രമത്തോടെ അയാളെ നോക്കി.അയാളെന്നെ കണ്ണടച്ച് കാണിച്ചു."ഒന്നും പേടിക്കണ്ട . ഞാനുണ്ട് " എന്നോർമ്മിപ്പിക്കും വിധം. 

ഒരു മണിക്കൂറോളം കടന്നുപോയി.  കുറച്ച് മാറിനിന്ന് ഇടവിടാതെ സിഗററ്റ് പുകച്ചുകൊണ്ടിരുന്ന  അയാൾ ഇടക്കടുത്തേക്ക് വന്ന് അവിടെയിരിക്കുന്ന കുടിവെള്ളത്തിൽ നിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്ത് തന്നു. സത്യത്തിലെനിക്ക് ദാഹിക്കുന്നുണ്ടായിരുന്നു. എന്നാൽ അപ്പോഴത്തെയവസ്ഥയിൽ ദാഹം പോലും മറന്നുപോയിരുന്നു. അയാൾ ഒഴിഞ്ഞ ഗ്ലാസുവാങ്ങി ഡസ്റ്റ്ബിന്നിലേക്കിട്ട ശേഷം  വീണ്ടുമൊരു സിഗററ്റിന് തീ കൊളുത്തിക്കൊണ്ട് പുറത്തേക്കിറങ്ങിപ്പോയി. 

ഒരിടത്തൊരു വസ്തു, അത്   ജീവനുള്ളതോ, ജീവനില്ലാത്തതോ
മനുഷ്യനോ , മൃഗമോ എന്തുമായിരിക്കട്ടെ . അത് സംരക്ഷിക്കപ്പെടുന്ന ഒരോരോ അവസ്ഥകൾ.  തികച്ചും സാധാരണമായി എന്നാൽ മുൻകൂട്ടി നിശ്ച്ചയിക്കപ്പെട്ടിട്ടെന്നപോലെ. പ്രകൃതിയുടെ അത്തരം ചില സൂക്ഷ്മഭാവങ്ങളെ പറ്റിയോർത്ത് ഞാനതിശയപ്പെട്ടു. കഴിക്കേണ്ട ഓരോ അരിമണിയിലും നമ്മുടെ പേരെഴുതി വെച്ചിട്ടുണ്ട് എന്ന് പറയും പോലെ പരിചയപ്പെടേണ്ട ഓരോ വ്യക്തിയും സമയാസമയങ്ങളിൽ നമുക്കു മുന്നിലെത്തുന്നു.  ഞാനെന്നെങ്കിലും കരുതിയതാണോ ഇങ്ങനെയൊരു മനുഷ്യനെ  പരിചയപ്പടുമെന്ന്. 

ക്യൂവിൽ എനിക്കു മുന്നിൽ  നിൽക്കുന്നത്  ഒരു റൊമേനിയക്കാരിയാണെന്ന് അവിടെ നടക്കുന്ന സംസാരത്തിൽ നിന്ന് പിന്നീടെനിക്ക് മനസിലായി. വലിയ പ്രായമില്ലാത്ത ഒരു യുവതി. കാഴ്ച്ചയിൽ ഒരു ചൈനീസ് ലുക്കുണ്ട്. അവർ വലിയ സങ്കടത്തിലാണ്. അവരെ സഹായിക്കാൻ ഒരിറ്റലിക്കാരിയുമുണ്ട്. അവരുടെ ലഗേജിന്റെ കാര്യത്തിൽ കാര്യമായ പ്രശ്നമുണ്ടെന്ന് തോന്നുന്നു. കുറേ നേരമായി സഹായിയായ ഇറ്റലിക്കാരി കൗണ്ടറിലുള്ളവരോട് തർക്കിക്കുന്നു. ഇനിയൊരു പക്ഷേ എന്റെ ലഗേജിന്റെ കാര്യത്തിലും ഇതുപോലെയാകുമോ?   ഞാൻ വീണ്ടും തിരിഞ്ഞ് സംശയത്തോടെ  അയാളെ നോക്കി.

 എന്റെ മനസുവായിച്ചിട്ടെന്നോണം അയാൾ സിഗററ്റ് കുത്തിക്കെടുത്തി ഓടി വന്നു.  എന്നിട്ട് ഫോണിലിങ്ങനെ എഴുതികാണിച്ചു.

"ഒട്ടും പേടിക്കണ്ട. ലഗേജ് നിങ്ങൾക്ക് നഷ്ടപ്പടില്ല. പക്ഷേ അതിനിനിയും സമയമെടുക്കും. ഞാൻ നിങ്ങൾക്കു വേണ്ടി കാത്ത് നിൽക്കുകയാണ്.  അമ്പത് യൂറോയിൽ അതൊന്നും പെടില്ല. എന്നാലും ഞാൻ നിങ്ങളെ സഹായിക്കും. ഇനി ലഗേജെടുത്ത് ചെല്ലുമ്പോഴേക്കും മിലാസോയിലേക്കുള്ള ബസ് പോകും. ഞാൻ നിങ്ങളെ അവിടെ  നിങ്ങളുടെ സുഹൃത്തിന്റെ അരികിൽ കൊണ്ടു ചെന്നാക്കാം. എനിക്കാകെ ഇരുന്നൂറ്റമ്പത് യൂറോ  തന്നാൽ മതി. "

അയാൾ അയാളുടെ ജോലിയാണ് ചെയ്യുന്നത്. എന്തായാലും മിടുക്കനാണ്. സാഹചര്യം മുതലെടുത്ത് പുതിയ ഓഫറുമായെത്തിയിരിക്കുന്നു.

അയാളുടെ ഓഫർ സ്വീകരിക്കാനുള്ള മാനസികാവസ്ഥയിലേക്കെത്തിയിരുന്നു ഞാനപ്പോൾ. ആകെയൊരു തളർച്ച. ഇന്നു രാവിലെ ഒരാപ്പിൾ മാത്രമാണ് കഴിച്ചത്. ഫ്ലൈറ്റിൽ വച്ച് (8 യൂറോ ,) ഇന്ത്യൻ മണി എഴുന്നൂറ്റിനാൽപത് രൂപയോളം കൊടുത്ത്  ഒരു സാന്റ്വിച്ച് വാങ്ങിയെങ്കിലും അകത്ത് വേവിക്കാത്ത ഉണക്ക മാംസം വെച്ച തണുത്തു വിറങ്ങലിച്ച ആ വിഭവം എനിക്ക് കഴിക്കാനായതേയില്ലായിരുന്നു. 

അല്ലെങ്കിലും കേട്ടറിഞ്ഞതൊക്കെ വെറുതെ.  ആവോളം ഫുഡ്. മദ്യം. മറ്റു പാനീയങ്ങൾ. ഇടക്കിടെ കുശലാന്വേഷണം നടത്തുന്ന സുന്ദരിമാരായ എയർഹോസ്റ്റസുകൾ.  ഞാനീ പറഞ്ഞതൊന്നും അവിടെ ഉണ്ടായിരുന്നില്ല.. ഉച്ചക്കും രാത്രിയിലും ചെറിയ ഒരു ഭക്ഷണം. പിന്നെ സൗദി എയർലൈൻസായതുകൊണ്ട് മദ്യമില്ല. മറ്റു പാനീയങ്ങളും ഉണ്ടായിരുന്നില്ല. ഫ്ലൈറ്റിലേക്ക് എതിരേൽക്കാനായി വാതിൽക്കൽ രണ്ട് അറബി സുന്ദരികൾ നിൽപ്പുണ്ടായിരുന്നു. ഫ്ലൈറ്റിനകത്തെ കാര്യങ്ങളെല്ലാം നോക്കുന്നതിന് ചില സുന്ദരൻമാർ ഉണ്ടായിരുന്നെങ്കിലും ഇത്രയും ബോറടിപ്പിക്കുന്ന മാറ്റൊരു യാത്രയും എനിക്കുണ്ടായിട്ടേയില്ല. പോരാത്തതിന് ഇപ്പോഴൊരു ലഗേജ്മറവിയും.

പണ്ട് ചെറുപ്പകാലത്തെ ബസുയാത്രകൾ എനിക്കോർമ്മ വന്നു. മാത ബസിൽ കയറി തൃശൂർക്കൊരു യാത്ര. സൈഡ് സീറ്റിലിരുന്ന് കാണുന്ന കാഴ്ച്ചകൾ. പുറകിലോട്ടോടുന്ന മരങ്ങൾ ഇലക്ട്രിക്ക് പോസ്റ്റുകൾ, വലുതും ചെറുതുമായ ഒരു പാടു വീടുകൾ. ഓരോ യാത്രയും എത്ര രസകരമായിരുന്നു . സമയം പോകുന്നതറിയാറേയില്ല.

ഓടിട്ട വീടുകൾക്കിടയിൽ  ഇടക്കിടെ ഓരോരോ ടെറസ്സു വീടുകൾ . ടെറസ്സു വീടുകളിൽ  കഴിയുന്നത് വലിയ ഭാഗ്യമാണെന്നാണ് കുട്ടിക്കാലത്തെ ധാരണ. അന്നൊക്കെ പണക്കാർക്ക് മാത്രമാണല്ലോ ടെറസ്സു വീടുള്ളത്. എന്റെ വീടിനടുത്തും ഒരു ടെറസ്സുവീടുണ്ടായിരുന്നു. സക്കറിയാച്ചന്റെ . തെക്കനായ സക്കറിയാച്ചന്റെ.  അവിടെയുള്ള മുപ്പതേക്കർ റബ്ബർത്തോട്ടത്തിന്റെ ഉടമസ്ഥൻ. അവരുടെ വീട്ടിൽ ടി.വിയുണ്ട്. ദീപിക ദിനപത്രം വരുത്തുന്നുണ്ട്. ഞാൻ പോകുന്ന പോളുഡോക്ടറുടെ വീടുപോലെ വെളുത്ത മിനുസമുള്ള അകചുമരുകളും  ചുവന്ന ചാന്തിട്ട തിളങ്ങുന്ന തറയും കളർ നിറമുള്ള പുറംചുമരുകളും പിന്നെ ഉയർന്നു നിൽക്കുന്ന ചതുരത്തിലുള്ള പുകമുറിയും സക്കറിയാച്ചന്റെ 
വീടിനുമുണ്ട്. ആപ്പറമ്പിലെ അപ്പാപ്പന്റെ തൊട്ടപ്പുറത്തെ വീടാണ് സക്കറിയച്ചന്റെത്.  രാവിലെ സക്കറിയാച്ചന്റെ വീട്ടിലെത്തുന്ന ദീപിക പത്രം വൈകുന്നേരം ആപ്പറമ്പിൽ വീട്ടിലെത്തും.  ഒരേഴുമണി നേരത്താണ് കുഞ്ഞേച്ചി പത്രമെടുക്കാൻ പോകുന്നത്. ഞാനും ചിപ്പോഴൊക്കെ കൂട്ടുപോകാറുണ്ട്.   വെന്തിങ്ങയും സ്വർണക്കൊന്തയുമിട്ട സക്കറിയാച്ചൻ ആ സമയത്ത് പുറത്തെ ചാരുകസേരയിൽ കർത്താവിന്റെ മാലാഘയും ചൊല്ലികൊണ്ടിരിപ്പുണ്ടാകും. മുറുക്കിച്ചുവന്ന ചുണ്ടത്ത് രണ്ട് വിരലും വെച്ച് സൈഡിലേക്ക്  നീട്ടിത്തുപ്പിയിട്ട് ചോദിക്കും.

     "അപ്പനെന്തിയേടി  കൊച്ചേ വഴിലോട്ടിറങ്ങിയോ ?....."

ഞങ്ങള് രണ്ടുപേരുണ്ടെങ്കിലും ചോദ്യമൊന്നു മതി. കാരണം എന്റെ നാട്ടിലെ പതിവതാണ്. വൈകുന്നേരമായാൽ എല്ലാ വീട്ടിലെ ആണുങ്ങളും വഴിലോട്ടെറങ്ങും.  വഴിയെന്നു പറഞ്ഞാൽ ബസ് പോകുന്ന ടാറിട്ട റോഡിലേക്ക്. അയ്യംകോട് മൂലയിലേക്ക് . അവിടെ അയ്യംകോട് മൂലയിൽ മാധവേട്ടന്റെ ചായകടയും ദിനേശന്റെ പരചരക്ക് കടയും ഒരു കള്ളുഷാപ്പുമാണുള്ളത്.  നാട്ടിലന്നു നടന്ന വിശേഷങ്ങളൊക്കെ പറഞ്ഞും കേട്ടും വേണ്ടോരിത്തിരി കള്ളുമോന്തിയും അല്ലാത്തവർ ഒരു ചായ കുടിച്ചും വീട്ടിലേക്കു വേണ്ട അരിയും സാധനങ്ങളും പറ്റു പറഞ്ഞ് വാങ്ങിച്ചും എട്ടൊമ്പതു മണിയാകുമ്പഴാണ് വീട്ടിലേക്ക് തിരിച്ചെത്തുന്നത്.  പോളുഡോക്ടറുടെ അടുത്തേക്ക് ബസ് കയറാൻ നിൽക്കുന്നതും ഇതേ മൂലയിലാണ്. അയ്യംകോടു മൂലയിൽ.   രണ്ട് പ്രെവറ്റ് ബസുകളാണ് അന്നവിടെ സർവ്വീസ് നടത്തിയിരുന്നത്.  മാത എന്നു പേരുള്ള തൃശൂർക്ക് പോകുന്ന  മഞ്ഞനിറബസും ഐനിക്കൽ എന്നു പേരുള്ള പുതുക്കാടിന് പോകുന്ന  ചാരനിറബസും .

ആമ്പല്ലൂര് കഴിഞ്ഞാൽ പിന്നെ ചുവപ്പും ക്രീമും വരകളുള്ള ആനവണ്ടികളും വലിയ ഭാരവണ്ടികളും കാണാൻ തുടങ്ങും. റോഡ്സൈഡിലെ മദിരാശിമരങ്ങളും ആഫ്രിക്കൻപായൽ നിറഞ്ഞ പാല്യേക്കരപാടവും  കാണാം.

 ഈ വിമാനയാത്രയിൽ കാണാനെന്തുണ്ട്. തുടക്കത്തിൽ കൈ നീട്ടി തൊടാവുന്നയത്രയടുത്ത് കാണുന്ന മേഘത്തുണ്ടുകൾ ആകാംക്ഷയുണ്ടാക്കും. കുറച്ച്നേരത്തേക്ക്.  ഒരേ കാഴ്ച്ചതന്നെ എത്ര നേരം കണ്ടിരിക്കും. യാത്ര മണിക്കൂറുകളോളം നീളുമ്പോൾ ബോറടിക്കതിരിക്കുന്നതെങ്ങനെ. സൈഡ്സീറ്റ് തന്നെ വേണമെന്നാവശ്യപ്പെട്ടത് പണ്ടത്തെ ബസുയാത്രകളിലെ  രസങ്ങളാലോചിച്ചിട്ടായിരുന്നു. ആകാശത്തേക്ക് പറന്നുയുർന്നതിനു ശേഷം  സ്വിറ്റ്സർലണ്ടിലെ  മലനിരകൾക്കു  മുകളിൽ വിമാനം താഴ്ന്നു പറക്കുന്ന സമയത്താണ്  വീണ്ടും സൈഡ് ഗ്ലാസിലൂടെ പുറത്തേക്ക് നോക്കിയത്. കണക്ഷൻ ഫ്ലൈറ്റായതുകൊണ്ട് ഇടക്ക് റിയാദിൽ വെച്ച് ഇറങ്ങിക്കേറേണ്ടി വന്നിരുന്നു. അപ്പോൾ പക്ഷേ രാത്രിയായിരുന്നു. എന്നാൽ സ്വിറ്റ്സർലണ്ടിലെത്തിയത് ഒരുച്ച നേരത്തായതു കൊണ്ടാണ് പുതിയ രാജ്യത്തിന്റെ ഭൂമികയിലൂടെ കണ്ണോടിക്കാനായത്. ആ കാഴ്ച്ച സുന്ദരമായിരുന്നു.

വീണ്ടും നഷ്ടപ്പെട്ട ലഗേജിനെ പറ്റിയായി എന്റെയാലോചന. അത് വാങ്ങിയതിനേക്കാൾ ഇട്ടിത്തുക വീണ്ടെടുക്കുന്നതിനായി ചെലവാക്കേണ്ടി വരുന്നു. സ്വിറ്റ്സർലൻഡ് എയർപോർട്ടിൽ ആ പെട്ടിക്കുവേണ്ടി ആറായിരം  രൂപയാണടച്ചത്.  ഇവിടെ ആ പെട്ടി കാരണം ഇരുപത്തയ്യായിരം  രൂപ ചെലവ്. 

പെട്ടിയുടെ വില ആറായിരത്തഞ്ഞൂറേയുള്ളൂ . അതിനകത്തെ സാധനസാമാഗ്രഹികൾ പതിനായിരം രൂപക്കുള്ളതുണ്ടാകും. മൊത്തം പതിനാറായിരത്തഞ്ഞൂറ് രൂപ വിലമതിക്കുന്ന പെട്ടിക്ക് ചെലവ് മുപ്പതിനായിരത്തിലധികം .

പക്ഷേ എന്റെ നാട്ടിലെ മണമാണതിന് .  എന്റെ മക്കളുടെ   ഇഷ്ടത്തിന് വാങ്ങിയ വസ്ത്രങ്ങളാണ് അതിനകത്ത് . അവർ അടുക്കിപ്പെറുക്കി വച്ചതാണ് അതിലോരോന്നും. അതിനെങ്ങനെ വിലയിടും? എത്ര ചെലവായാലും അത് തിരിച്ചെടുക്കണം.

അത് കിട്ടുമെന്നെനിക്കുറപ്പായിരുന്നു.
കാരണം എത്ര കഷ്ടപ്പെട്ടാലും അവസാനം എനിക്കൊരുത്തരം കിട്ടാറുണ്ട് . ഏതു വിഷമഘട്ടത്തിലും ഒരു പരിധിക്കപ്പുറം എനിക്ക് കരയേണ്ടി വന്നിട്ടില്ല. ഇലനിറച്ചും വിഭവങ്ങളില്ലെങ്കിലും എന്നും ഞാൻ രുചിരമായ ഊണാണ് കഴിച്ചിട്ടുള്ളത് .

ഇവിടെയിങ്ങനെ എത്തപ്പെട്ടതും ഇപ്പോളിങ്ങനെ ചിലത് സംഭവിക്കുന്നതും ഒരിക്കലും വെറുതെയാവാൻ വഴിയില്ല. നിഗൂഢമായ ഒരു വഴി ഒരുക്കപ്പെടുകയാണ്. ഞാനതിലേ നടന്നാൽ മാത്രം മതി.

ഡ്രൈവർ വീണ്ടുമെത്തി. ഓഫറോർമ്മിപ്പിച്ചു. ഞാനയാളോട് സമ്മതം മൂളി. അയാളിട്ടു തന്ന ഒരു കസേരയിലിരുന്നു. അയാൾക്ക് ബോബിയുടെ നമ്പർ കൊടുത്തു. അയാൾ അവരോട് സംസാരിക്കട്ടെ. വഴി കൃത്യമായി  ചോദിച്ചറിയട്ടെ.  കുറച്ച് മാറിനിന്ന് അയാൾ ബോബിയോട് സംസാരിക്കുന്നതും നോക്കി ഞാൻ താടിക്ക് കൈയ്യും കൊടുത്തിരുന്നു. സംസാരത്തിനുശേഷം അയാൾ  എന്റെ ലഗേജിനു വേണ്ടിയല്ല അയാളുടെ ലഗേജിനു വേണ്ടിയാണ് പൊരുതുന്നത് എന്നെനിക്ക് തോന്നി.

അവസാനം സ്റ്റോർറൂമിലെ  ഇരുട്ടിൽ പതുങ്ങിയിരിക്കുന്ന കുറേ പെട്ടികൾക്കടുത്തു നിന്ന് ഞാനെന്റെ പെട്ടി കണ്ടെടുത്തു. അയാൾ പെട്ടിയുമെടുത്ത് മുൻപേ നടന്നു. ഞാൻ പിറകെയും.  

കാറിൽ കയറിയ സമയത്ത് അയാൾ ബോബി അയച്ചു കൊടുത്ത ലൊക്കേഷൻ മാപ്പെന്നെ കാണിച്ചു. മൂന്നു മണിക്കൂറോളമാകും അവിടേക്കെത്താനെന്നു പറഞ്ഞു. എന്റെ ക്ഷീണം മനസിലാക്കിയെന്നോണം പിന്നീട് കുറച്ചു നേരത്തേക്ക് അയാൾ നിശബ്ദനായിരുന്നു.

തുടരും...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക