Image

കൂനമ്പാറക്കവല ( നോവല്‍- അധ്യായം 23: തമ്പി ആന്റണി)

Published on 19 December, 2023
കൂനമ്പാറക്കവല ( നോവല്‍- അധ്യായം 23: തമ്പി ആന്റണി)

കന്തസ്വാമി

    അട്ടപ്പാടി ശശി വിദഗ്ദ്ധമായി മുങ്ങിയതിന്റെ മൂന്നാംപക്കമാണ് രണ്ടു പ്രധാനപ്പെട്ട വാര്‍ത്തകള്‍ പ്രിന്റ് മീഡിയയിലും വിഷ്വല്‍ മീഡിയയിലും നിറഞ്ഞത്. ഒന്ന്, ചൈനയിലെ ഏതോ പട്ടണത്തില്‍ എന്തോ പുതിയതരം വൈറസ് മനുഷ്യരെ കൊല്ലുന്നു എന്നതായിരുന്നു. അതങ്ങു ചൈനയിലല്ലേ, അതുകൊണ്ടു കൂനമ്പാറക്കാര്‍ക്ക് എന്തു സംഭവിക്കാന്‍ എന്ന മട്ടിലായിരുന്നു എല്ലാവരും. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വരെ അതു വെറും ചൈനാവൈറസാണെന്നുപറഞ്ഞു പുച്ഛിച്ചു തള്ളി. 

    എല്ലാവരെയും ഞെട്ടിച്ചത് രണ്ടാമത്തെ വാര്‍ത്തയായിരുന്നു: കന്തസ്വാമി കൊല്ലപ്പെട്ടു! 'തൊഴിലാളിനേതാവ് കന്തസ്വാമിയെ കുത്തിക്കൊന്നു' എന്നായിരുന്നു മാധ്യമങ്ങളുടെ തലവാചകം. എസ് ഐ ജനാര്‍ദ്ദനന്‍, അച്ചനെ മര്‍ദ്ദിച്ചതിന്റെപേരില്‍ പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ വാങ്ങിപ്പോയതിനുശേഷം നടക്കുന്ന ആദ്യത്തെ രാഷ്ട്രീയക്കൊലപാതകമാണ്. 

    'എന്തായാലും കാര്യങ്ങള്‍ക്കൊക്കെ ഇപ്പോള്‍ ഒരു തീരുമാനമായതുപോലെ. വാളെടുക്കുന്നവന്‍ വാളാലേ എന്നല്ലേ ബൈബിളില്‍ പറയുന്നത്?'

    കരണ്ട്, മതഗ്രന്ഥങ്ങളൊന്നും വായിക്കാറില്ലെങ്കിലും ചില വാക്യങ്ങള്‍ ഓര്‍മ്മിച്ചുവയ്ക്കാറുണ്ട്. കരണ്ടിന്റെ അഭിപ്രായത്തില്‍, തെറ്റായൊരു വാക്യമാണ്, 'ആകാശത്തിലെ പറവകളെ നോക്കൂ, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല' എന്നത്. പക്ഷിവര്‍ഗ്ഗങ്ങള്‍ക്കൊന്നും കൃഷി ചെയ്യുകയോ കളപ്പുരയില്‍ ശേഖരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. അവറ്റകള്‍ക്കു ചിറകുണ്ട്. എവിടെ വേണമെങ്കിലും പറന്നുപോകാം. പക്ഷേ ചിറകുകളില്ലാത്ത മനുഷ്യര്‍ അങ്ങനെയല്ലല്ലോ. നടന്നെത്താവുന്ന ദൂരങ്ങള്‍ക്കു പരിധിയുണ്ട്. അതുകൊണ്ടാണ് കൃഷിയുള്‍പ്പെടെ ഈ ആധുനികസൗകര്യങ്ങള്‍ മനുഷ്യന്‍ കണ്ടുപിടിച്ചത് എന്നാണു രാജപ്പന്റെ പക്ഷം. 

    'മനുഷ്യര്‍ക്കു ചിറകില്ലെന്ന കാര്യം ക്രിസ്തുപോലും മറന്നുപോയി!'

    അതുപറഞ്ഞ് അയാള്‍ ഉച്ചത്തില്‍ ചിരിക്കും. ഏതു വാര്‍ത്ത കേട്ടാലും ഏതു മതഗ്രന്ഥങ്ങള്‍ വായിച്ചാലും സ്വയം ചിന്തിച്ചു വ്യാഖ്യാനിക്കുന്ന സ്വഭാവമുണ്ട് രാജപ്പന്. 

    തയ്യല്‍ക്കാരി രമണിയുടെയും സതീശന്‍ നാടുകാണിയുടെയും വക്കച്ചന്‍ പുത്തന്‍വേലിയുടെയും കൊലപാതകങ്ങള്‍ക്കു പിന്നില്‍ കന്തസ്വാമിയാണെന്നുതന്നെയാണ് എല്ലാവരുടെയും സംശയം. അല്ലെങ്കില്‍ത്തന്നെ തോട്ടംതൊഴിലാളികളുടെ യൂണിയനില്‍ത്തന്നെ പല അഭിപ്രായവ്യത്യാസങ്ങളുമുണ്ടായിരുന്നു. പല സമരങ്ങളും സ്വാമി പണം വാങ്ങി ഒത്തുതീര്‍പ്പാക്കുമായിരുന്നു എന്നാണ് അവര്‍ പറയുന്നത്. നീലിമയാണ് ആ രഹസ്യങ്ങളൊക്കെ പരസ്യമാക്കിയത്. കരുണാകര്‍ജിയാണ് എല്ലാത്തിനും പിന്നിലെന്നതു പകല്‍പോലെ സത്യമാണ്. ഒരിക്കല്‍ ഒരു മീറ്റിംഗില്‍വച്ച് കരുണാകര്‍ജി അതൊക്കെ ചോദിച്ചതിനെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായിരുന്നു. അയാളുടെ ജീവനുതന്നെ ഭീഷണിയാകുമെന്ന് പാര്‍ട്ടിനേതാക്കള്‍ മുന്നറിയിപ്പും കൊടുത്തിരുന്നു. 

    അതൊക്കെ പഴയ സംഭവങ്ങള്‍. 

    കന്തസ്വാമി അഞ്ചുരുളിപ്പുഴയുടെ കരയില്‍, രാജാക്കാടു രമണിയുടെയും സതീശന്‍ നാടുകാണിയുടെയും നീലക്കുറിഞ്ഞിയുടെ അച്ഛന്‍ പുത്തന്‍വേലിയുടെയും മൃതദേഹങ്ങള്‍ കിടന്ന അതേ കുറ്റിക്കാട്ടില്‍ത്തന്നെ ചത്തുമലച്ചു കിടക്കുകയായിരുന്നു. നെഞ്ചിലും കഴുത്തിലും വെട്ടേറ്റ മാരകമായ പരിക്കുകളുണ്ടായിരുന്നു. എല്ലാ കൊലപാതകങ്ങളിലും സമാനതകളുണ്ടായിരുന്നു എന്നതും സംശയാസ്പദമാണ്. അതുകൊണ്ട് ഇതിന്റെയെല്ലാം പിന്നില്‍ മൂന്നാമതൊരു പ്രതിയുണ്ടാകാനുള്ള സാധ്യത പോലീസിനു തള്ളിക്കളയാനാവില്ല.

    തമിഴനായ സ്വാമി ജനിച്ചത് പീരുമേട്ടില്‍ത്തന്നെയാണ്. അച്ഛന്‍ സ്വാമിയും അമ്മ കണ്ണമ്മയും തേനിയില്‍നിന്നു തേയിലത്തോട്ടത്തില്‍ പണിക്കു വന്നതാണ്. അച്ഛനെ പെരിയസ്വാമി എന്നാണു നാട്ടുകാര്‍ വിളിച്ചിരുന്നത്. മാതാപിതാക്കള്‍ മരിച്ചെങ്കിലും കന്തസ്വാമി കല്ല്യാണം കഴിച്ചിട്ടില്ല. അടിവാരത്ത് പുഴയ്ക്കക്കരെ സായിപ്പന്‍മാര്‍ പണ്ടെങ്ങോ പണികഴിപ്പിച്ച ഒരു കൊച്ചു ബംഗ്ലാവിലായിരുന്നു താമസം. അവിടെ ആകെ കൂട്ടിനുള്ളത് ഒരു തമിഴനാണ്. അയാളാണു പ്രധാനസഹായി. അയാളെക്കൂടാതെ ഒരു തമിഴത്തി, പകല്‍സമയങ്ങളില്‍ വന്നുപോകാറുണ്ട്. പാചകം ചെയ്യാനും അടിച്ചുവാരാനുമാണത്. 

    രാജപ്പനാണ്, രാജാക്കാടു രമണിയെ ആ ബംഗ്ലാവില്‍വച്ച് ആദ്യം കാണുന്നത്. ഒരിക്കല്‍ വയറിംഗ് പണിക്കു പോയപ്പോള്‍ അടച്ചിട്ട മുറിയില്‍നിന്ന് എന്തോ അപശബ്ദങ്ങള്‍ കേട്ടു. ചെയ്യേണ്ട ജോലികള്‍ പറഞ്ഞേല്‍പ്പിച്ചിട്ട് കന്തസ്വാമി പുറത്തേക്കു പോയെന്നാണു രാജപ്പന്‍ കരുതിയിരുന്നത്. ജനാലയിലൂടെ മുറ്റത്തേക്കു നോക്കിയപ്പോള്‍ സ്വാമിയുടെ ജീപ്പ് അവിടെത്തന്നെ കിടപ്പുണ്ട്. അപ്പോള്‍ രാജപ്പന് കാര്യങ്ങളൊക്കെ ഏതാണ്ടു മനസ്സിലായി. അയാള്‍ ഒച്ചയുണ്ടാക്കാതെ കസേരയില്‍ കയറിനിന്ന് വാതിലിന്റെ മുകളിലെ കിളിവാതിലില്‍ക്കൂടി എത്തിനോക്കിയപ്പോള്‍ക്കണ്ട കാഴ്ച അവിശ്വസനീയമായിരുന്നു. കല്ലില്‍ കൊത്തിവച്ച ശില്‍പ്പംപോലെയുള്ള രമണിയും കറുത്ത കന്തസ്വാമിയും ഒരേ കട്ടിലില്‍... തൊട്ടടുത്തുള്ള വട്ടമേശമേല്‍ ഒഴിഞ്ഞ മദ്യക്കുപ്പിയും ഗ്ലാസ്സുകളുമുണ്ടായിരുന്നു. 

    ഇത്രയും കുട്ടാപ്പിയുടെ കടയില്‍വച്ചു രാജപ്പന്‍ വര്‍ണിച്ചിട്ടുണ്ട്. ബാക്കി പറഞ്ഞുമില്ല! 

    അടുപ്പത്തിലായിരുന്ന രമണിക്കും കന്തസ്വാമിക്കുമിടയില്‍ പിന്നീടെന്തായിരിക്കും സംഭവിച്ചത്? അവളുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടില്‍പ്പെട്ടിരിക്കും. കനകംമൂലമല്ലെങ്കില്‍ കാമിനിമൂലം എന്നു കുഞ്ചന്‍നമ്പ്യാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ പറഞ്ഞിട്ടുണ്ടല്ലോ! 

    ജനമര്‍ദ്ദകനുമായി വൈകുന്നേരങ്ങളില്‍ അവിടെ ചീട്ടുകളിയും മദ്യപാനവുമൊക്കെയുണ്ടായിരുന്നത്രേ. ഡോക്ടര്‍ സോളമനും അവിടത്തെ നിത്യസന്ദര്‍ശകനായിരുന്നു എന്നാണു രാജപ്പന്‍ പറയുന്നത്. 

    തൊഴിലാളിയൂണിയന്റെ നേതാക്കന്‍മാരും ചില പാര്‍ട്ടിപ്രവര്‍ത്തകരുമൊക്കെ ആ വീട്ടില്‍ കയറിയിറങ്ങാറുണ്ടായിരുന്നു. ബന്ധുക്കളാരുമില്ലായിരുന്നെങ്കിലും കന്തസ്വാമിക്ക്, രാജാക്കാടു രമണിയുള്‍പ്പെടെ പല പരസ്ത്രീകളുമായും ബന്ധങ്ങളുണ്ടായിരുന്നു. അതൊക്കെ കൂനമ്പാറയിലെ സംസാരവിഷയങ്ങളുമായിരുന്നു. 

    പോലീസും ആംബുലന്‍സുമൊക്കെയെത്തിയപ്പോഴേക്കും പുഴക്കരയില്‍ നല്ല ആള്‍ക്കൂട്ടമായിരുന്നു. പതിവുപോലെ, കുട്ടാപ്പിയുടെ ഹോട്ടലില്‍ ചൂടുപിടിച്ച ചര്‍ച്ചയും നടന്നു. നാലു തെളിയിക്കപ്പെടാത്ത കൊലപാതകങ്ങളപ്പറ്റിയാണ് കൂടുതലും സംസാരിച്ചത്. 

    'ചത്തവരും കൊന്നവരും ചത്തു! ഇനിയിപ്പം അന്വേഷിച്ചിട്ടെന്താ കാര്യം?'

    കുട്ടാപ്പിതന്നെ ചര്‍ച്ചയ്ക്കു തുടക്കം കുറിച്ചു. 

    'കരുണാകര്‍ജി മുങ്ങിയതുകൊണ്ട് ഇനി ആ വഴിക്കെങ്ങാനും അന്വേഷണം ചെന്നെത്തുമോന്നാ എന്റെ സംശയം.'

    'എടാ കുട്ടാപ്പീ, നിനക്കല്ലേലും എല്ലാം സംശയമാ. ഒരു കാര്യത്തിനും ഒരുറപ്പുമില്ല.'

    കുഞ്ചാക്കോ, കുട്ടാപ്പിക്കൊരു കൊട്ടുകൊടുത്തു. 

    'അതൊക്കെ ശരിയാ. ഏതായാലും പോസ്റ്റ് മോര്‍ട്ടം നടക്കട്ടെ. രാഷ്ട്രീയക്കൊലപാതകമല്ലേ?'

    കരണ്ടുരാജപ്പന്‍ പ്രസ്താവിച്ചു. 

    പ്രൊഫസര്‍ പീറ്റര്‍, ടി വിയില്‍ ന്യൂസ് കേട്ടുകൊണ്ടു മറുപടി പറഞ്ഞു: 

    'ഇങ്ങനെ പോയാല്‍ കരുണാകര്‍ജി മാത്രമല്ല, നീലിമാ ഉണ്ണിത്താനും കുടുങ്ങും. എന്തായാലും നീലിമ ഇന്നുരാത്രി സുഖമായൊന്നുറങ്ങും. സ്വന്തം അപ്പനെക്കൊന്ന കന്തസ്വാമിയല്ലേ ചത്തുമലര്‍ന്നു കിടക്കുന്നത്!'

    അപ്പാജിയെന്ന നാരദന്‍ പരദൂഷണം പറയാന്‍ ഒരു ന്യൂസ് കിട്ടിയ ആവേശത്തിലായിരുന്നു: 

    'ഇനിയിപ്പം സി ബി ഐ വന്നിട്ടും ഒരു കാര്യവുമില്ല. ചത്തവര്‍ മാത്രമേ ബാക്കിയുള്ളു. കൊന്നവരും ചത്തു!'

    ആള്‍ക്കൂട്ടത്തില്‍ നീലിമയുമുണ്ടായിരുന്നു. കന്തസ്വാമി പൊന്തക്കാട്ടില്‍ ചത്തുകിടക്കുന്നതു കണ്‍കുളിര്‍ക്കെ കണ്ട് ആംബുലന്‍സ് വരുന്നതുവരെ അവിടെ നിന്നതിനുശേഷം പാര്‍ട്ടിയോഫീസിലേക്കു കാറോടിച്ചുപോയി. 

    ഏതാണ്ട് ഒരാഴ്ച കഴിഞ്ഞപ്പോള്‍, ടി വിയിലും സോഷ്യല്‍ മീഡിയയിലും ഒരു ബ്രേക്കിംഗ് ന്യൂസ് വന്നു: കൂനമ്പാറയും അഞ്ചുരുളിയും മാത്രമല്ല, കേരളവും തെക്കേയിന്ത്യയും ഞെട്ടിപ്പോയ ന്യൂസ്- സസ്‌നേഹം സുശീല ആത്മഹത്യയ്ക്കു ശ്രമിച്ചു! 

    'പ്രശസ്തസിനിമാനടിയും നര്‍ത്തകിയുമായ സസ്‌നേഹം സുശീലയുടെ ആത്മഹത്യാശ്രമം' എന്ന തലക്കെട്ടുകള്‍ എല്ലാ പത്രങ്ങളിലും നിറഞ്ഞുനിന്നു. കൂനമ്പാറ മണ്ഡലത്തില്‍ നീലിമാ ഉണ്ണിത്താനെതിരെ ഇടതുപക്ഷസ്ഥാനാര്‍ത്ഥിയായി സുശീല നില്‍ക്കുന്നു എന്ന പ്രസ്താവന പാര്‍ട്ടിക്കാരിറക്കിയതിന്റെ മൂന്നാംമാസമാണു സംഭവം. 

    നടിക്കു പല മാനസികപ്രശ്‌നങ്ങളുമുണ്ടെന്നുള്ള വാര്‍ത്തകള്‍ പലപ്പോഴായി മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നെങ്കിലും ആരും അതൊന്നും വിശ്വസിച്ചിരുന്നില്ല. മദ്യത്തിനടിമയായിരുന്നെന്നും പറയുന്നു. പ്രശസ്തിയുടെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറിയവര്‍ക്കൊക്കെ ഒരിക്കല്‍ താഴേക്കിറങ്ങാതെ പറ്റില്ലല്ലോ. ഉയരത്തിലേക്കു പോകുന്ന എന്തും താഴേക്കു വന്നേ മതിയാകൂ! പ്രശസ്തര്‍ പലപ്പോഴും അതിനെ അഭിമുഖീകരിക്കാനുള്ള മാനസികമായ തയ്യാറെടുപ്പിലായിരിക്കില്ല. പ്രത്യേകിച്ചു സിനിമാലോകത്താകുമ്പോള്‍ അതിനു കാഠിന്യം കൂടുന്നു. കാരണം, പെട്ടെന്നുള്ള ഉയര്‍ച്ചതന്നെ! താഴ്ചയും അതുപോലെതന്നെ പെട്ടെന്നായിരിക്കുമല്ലോ! 

    സുശീലയുടെ ഉയര്‍ച്ചയും അങ്ങനെയായിരുന്നു. അഭിനയിച്ചുതുടങ്ങിയപ്പോള്‍ത്തന്നെ രാജ്യാന്തരപുരസ്‌ക്കാരങ്ങളുള്‍പ്പെടെ പല അംഗീകാരങ്ങളും അവരെത്തേടിയെത്തി. വളരെ ചെറുപ്പത്തില്‍ത്തന്നെ പ്രശസ്തിയുടെ പടവുകള്‍ കയറുന്നവര്‍ ഒരിക്കലും അതു തിരിച്ചറിയാവുന്ന മാനസികാവസ്ഥയിലായിരിക്കില്ല. വിശേഷിച്ചു സിനിമാതാരങ്ങള്‍. 

    പഴയ ചരിത്രങ്ങളൊക്കെ ജനങ്ങള്‍ക്കു മനപ്പാഠമാണ്. അതൊക്കെ മറക്കാം. കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ഐ സി യുവിലായിരുന്ന സിനിമാനടി സുഖം പ്രാപിക്കുന്നു എന്നു പിന്നീടു കേട്ടു. 

    ഏതായാലും അതോടുകൂടി, നീലിമാ ഉണ്ണിത്താന്റെ നിയമസഭാസീറ്റ് ഏതാണ്ടുറച്ചതുപോലെയായി. എന്നാലും സസ്‌നേഹത്തിന്റെ പെട്ടെന്നുള്ള തിരോധാനത്തില്‍ കൂനമ്പാറക്കാര്‍ ദുഃഖിച്ചു. 

    ഈ സംഭവങ്ങളെല്ലാം നടക്കുന്നത്, 'ഇപ്പൊപ്പൊട്ടും, ഇപ്പൊപ്പൊട്ടും' എന്നു രാഷ്ട്രീയക്കാര്‍ പറഞ്ഞുനടക്കുന്ന മുല്ലപ്പുഴ അണക്കെട്ടിന്റെ പ്രാന്തപ്രദേശങ്ങളിലാണ്. അണക്കെട്ടു തകര്‍ന്നാല്‍ ആദ്യം വെള്ളത്തിലാകാന്‍ സാധ്യതുള്ളത് കൂനമ്പാറയും അഞ്ചുരുളിയും ആദിവാസിപ്രദേശമായ കുറത്തിമലയും താഴ്‌വാരവുമാണ്. മലയോരഗ്രാമങ്ങളില്‍ ഏറ്റവുമധികമാളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളും ഇതൊക്കെത്തന്നെ. പ്രകൃതിരമണീയമായ ഈ ഭൂവിഭാഗമാണ് എല്ലാ സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്നത്. പ്രദേശത്തെ മിക്കവാറും ഓഫീസുകളും പോലീസ് സ്റ്റേഷനും ചെറിയ ക്ലിനിക്കും ഷാപ്പും ദേവീക്ഷേത്രവുമൊക്കെയുള്ളത് കൂനമ്പാറയിലാണ്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക