ലോറൻസൊ എന്നായിരുന്നു അയാളുടെ പേര്. പേരുപറഞ്ഞ് സ്വയം പരിചയപ്പെടുത്താൻ അയാൾ ശ്രമിച്ചില്ലായിരുന്നെങ്കിൽ ഞാനപ്പോഴൊന്നും മയക്കം വിട്ടുണരുമായിരുന്നില്ല. അയാളോടൊപ്പം കാറിൽ കയറിയതിനു ശേഷം എപ്പോഴോ ഞാനുറങ്ങിപ്പോയിരുന്നു. ലോറൻസോയോടൊപ്പം യാത്രയാരംഭിച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു.
ലോറൻസോ ഒന്നു ചിരിച്ചു. എന്നിട്ട് ഒരു സിഗററ്റ് പുകക്കാൻ അനുവാദം ചോദിച്ചു. ലഗേജ് കിട്ടാൻ കാത്തുനിന്ന
മുഴുവൻ നേരവും അയാൾ സിഗററ്റ് വലിക്കുകയായിരുന്നു. ഇയാൾ ഒരു ദിവസം എത്ര സിഗററ്റ് വലിക്കും. എന്തായാലും നാല് പാക്കറ്റിൽ കുറയാൻ വഴിയില്ല.
സിഗററ്റിന്റെ മണം എനിക്കിഷ്ടമായിരുന്നു. കാരണം
എന്റെ അപ്പച്ചനും ഒരു സിഗററ്റ് വലിക്കാരനായിരുന്നു. ഏതാണ്ടിതേപോലെ. ഒരു ദിവസം രണ്ടും മൂന്നും പാക്കറ്റ് സിഗററ്റ് വലിക്കും. അമ്മ പറഞ്ഞതു കേട്ട് എത്രയോവട്ടം സിഗററ്റ് പാക്കറ്റ് നനച്ചു വച്ചിരിക്കുന്നു. എത്രയോവട്ടം ഒടിച്ചു കളഞ്ഞിരിക്കുന്നു. പക്ഷേ ഒരിക്കലും അതിനുവേണ്ടി വഴക്കു കേൾക്കേണ്ടി വന്നിട്ടില്ല. അപ്പച്ചന് ആകെയുണ്ടായിരുന്ന ഒരു ദുശ്ശീലമാണ്. അതൊരിക്കലും മാറിയില്ല. ആ ശീലം ഇപ്പോഴും മാറാതെ കൂടെയുണ്ട്. പണ്ടത്തേതിലും എണ്ണത്തിൽ കുറവുണ്ടെന്ന ആശ്വാസമുണ്ടെങ്കിലും വലിച്ചകത്തു കേറ്റിയ പുക അപ്പച്ചനെ ചതിച്ചതിന്റെ വേദനയും കൊണ്ടാണ് ഞാൻ യാത്രത്തിരിച്ചത്.
"നീയൊരഞ്ച്വല്ലം കഴിഞ്ഞ് തിരിച്ച്വരില്ലേ. അപ്പഴും ഞങ്ങളിവ്ടെ പയറ്മണിപോലെ ഓടി നടക്ക്ണ്ടാവും. "
ചിരിച്ചുകൊണ്ട് അപ്പച്ചൻ യാത്രയാക്കിയപ്പോൾ നുറുങ്ങിയ ഹൃദയത്തോടെ ഞാനാ മുഖത്തോട്ട് നോക്കി. ഇതൊരവസാന കാഴ്ച്ചയായിരിക്കുമോ ദൈവമേന്ന്.
അപ്പനും അമ്മയും ഉള്ളിടത്തോളം നമുക്കുവേണ്ടി സങ്കടപ്പെടാനും ആകുലപ്പെടാനും അവരുണ്ടാകും..മക്കളെത്ര വളർന്നാലും അപ്പനമ്മമാർക്ക് അവർ കുഞ്ഞുങ്ങൾതന്നെയാണല്ലോ. മക്കൾ നേരത്തിന് വീട്ടിലെത്തിയോ? അവർക്കസുഖം വല്ലതും ഉണ്ടാവുമോ? നേരാനേരത്തിനാഹാരം കഴിക്കുന്നുണ്ടോ? എന്നൊക്കെയുള്ള ആശങ്കകളിലാണ് ഓരോ നിമിഷവും അവർ ജീവിക്കുന്നത്.
അവരില്ലാതാവുന്നതോടെ നമ്മളാശ്രയമില്ലാത്തവരാകുന്നു. ആ മടിത്തട്ടിലെ ആശ്രയം. എത്ര വലിയ സങ്കടം വന്നാലും തലചായ്ക്കാനൊരിടം. ആരൊക്കെ തള്ളിക്കളഞ്ഞാലും ചേർത്തുപിടിക്കുന്ന കൈകൾ. നമ്മളെത്ര അവഗണിച്ചാലും നമ്മെ കാത്തിരിക്കുന്ന, ഓർത്തിരിക്കുന്ന രണ്ടു ഹൃദയങ്ങൾ.
"ദൈവമേ എന്റെ അപ്പനും അമ്മക്കും ഒന്നും വരുത്തല്ലേ." ഉമ്മറവാതിൽക്കൽ അവരില്ലാത്ത ആ വീടിനെ പറ്റി ചിന്തിക്കാൻ കൂടി വയ്യ. എന്റെ കണ്ണു നിറഞ്ഞു. ഹൃദയം വിങ്ങി. ഞാൻ പുറത്തേക്ക് കണ്ണുകൾ പായിച്ചു. പിന്നെ രണ്ടു കൈ കൊണ്ടും മുഖം പൊത്തി അമർത്തി തുടച്ചു. എത്ര വേണ്ടെന്നു തീരുമാനിച്ചാലും ഓർമ്മകളാൽ മനഷ്യൻ വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കും. ഒരാൾക്ക് നാടുവിട്ടോടാനൊക്കും. മനസുവിട്ടോടാനൊക്കില്ലല്ലോ
ലോറൻസോ ഒരു സിഗററ്റെടുത്ത് കത്തിച്ചു. ഒന്നെനിക്കും നീട്ടി. ഞാൻ ചിരിച്ചുകൊണ്ട് നൊ പറഞ്ഞു. മലയാളിപെണ്ണുങ്ങളെ കുറിച്ചയാൾക്കൊന്നുമറിയില്ല. കേരളത്തെ പറ്റിയും ഒന്നുമറിയില്ല. നാട്ടിലായിരുന്നപ്പോൾ സിസറ് വലിക്കുന്ന ഒരു പെണ്ണിനെ ഞാൻ നേരിട്ട് കണ്ടിട്ടേയില്ല. നാട്ടിൽ വച്ച് പരിചയമില്ലാത്തൊരാൾ സിഗററ്റ് വലിക്കാൻ ക്ഷണിച്ചാൽ സാധാരണ സ്ത്രീകളെല്ലാം ഭയന്നോടിയിരിക്കും. എന്നാൽ ഇവിടെയിങ്ങനെയാണെന്നറിയാം. സ്വിറ്റ്സർലണ്ടിൽ വന്നിറങ്ങിയപ്പോൾ മുതൽ സിഗററ്റ് വലിക്കുന്ന സ്ത്രീകളെ കാണാൻ തുടങ്ങിയിരുന്നു.
ഇറ്റാലിയൻ ആണുങ്ങളെ കുറിച്ചെനിക്ക് കൂടുതലൊന്നുമറിയില്ലെങ്കിലും വിശാലമനസ്ക്കരും സംസ്ക്കാര സമ്പന്നരുമാണെന്നാണ് കേട്ടറിവ്.
ഇറ്റലിയിലെ ഗ്രാമ്യഭംഗിയുള്ള ഒരു ദ്വീപാണ് സിസിലിയ. അവിടെക്കാണ് ഞാനിപ്പോൾ എത്തപ്പെട്ടിരിക്കുന്നത്. നാലുവശവും കടലാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരിടം. ചെറുതും വലുതുമായ മലകൾ. പരന്ന പ്രദേശങ്ങൾ. തെങ്ങും കവുങ്ങും വാഴയുമൊക്കെ ഇല്ലന്നേയുള്ളൂ. കാഴ്ച്ചയിൽ ഏകദേശം നമ്മുടെ നാടുപോലെത്തന്നെയുണ്ട്. ഇതാണോ ഇറ്റലി എന്ന് ആദ്യം തോന്നിയെങ്കിലും പിന്നെ തിരുത്തിച്ചിന്തിച്ചു. ഇതും ഇറ്റലിയാണ് എന്ന്.
എനിക്കീ നാട് പുതിയതാണ്. നാട്ടുകാരും പുതിയതാണ്.
കാറ്റത്താടുന്ന പേരറിയാത്ത മരങ്ങൾ , തിരക്കൊന്നുമില്ലാത്ത വിശാലമായ റോഡ്.എല്ലാമെല്ലാം പുതിയത്. പഴയതെല്ലാം മറന്ന് പുതിയൊരു ജീവിതം . ഇവിടെ എന്നെ ആർക്കറിയാം. ആർക്കുമറിയില്ല. ഇവിടെ ഈ ഇറ്റലിയിൽ എനിക്കും ആരേയും അറിയില്ല. പുതിയലോകം പുതിയ മനുഷ്യർ. ഒരു രണ്ടാംജൻമം എന്ന് പറയാമോ? തീർച്ചയായും പറയാമെന്ന് തോന്നുന്നു.
വിചാരിച്ചത്ര പ്രൗഢിയൊന്നുമില്ലെങ്കിലും ഇതുമൊരു യൂറോപ്യൻ രാജ്യമാണ്. ഇവിടുത്തെ സംസ്ക്കാരവും വ്യത്യസ്തമാണ് . നമ്മുടെ നാട്ടിലെപ്പോലെയല്ല. അപവാദ പ്രചരണങ്ങളോ കിംവദന്തികളോ ഉണ്ടാകില്ല. ഒരുപാട് പുരോഗമിച്ച വിശാലമായ മനസുള്ള മനുഷ്യരാണ് ഇവിടെയുള്ളത്. ഇവിടെയുള്ള മലയാളികളും അത്തരത്തിലുള്ളവരായിരിക്കണമല്ലോ. അപ്പോഴത്തെ എന്റെ ചിന്ത അങ്ങനെയായിരുന്നു.
ലോറൻസോ നാടിനെ പറ്റിയ ന്വേഷിച്ചു. ഫോണിൽ ഇന്ത്യയുടെ മാപ്പെടുത്ത് വച്ച് കേരളത്തെ തൊട്ടുകാണിച്ച് കൊടുക്കുമ്പോൾ സത്യത്തിൽ അഭിമാനം കൊണ്ടും മറ്റെന്തൊക്കെയോ കൊണ്ടും എന്റെ ഹൃദയം കൂടുതൽ വേഗത്തിൽ മിടിച്ചു. നമ്മുടെ നാടിനോട് നമുക്കെത്രത്തോളം സ്നേഹമുണ്ടെന്നറിയണമെങ്കിൽ നാടുവിട്ടുനിൽക്കണമെന്ന് മുൻപ് ആരോ പറഞ്ഞോ എവിടെയോ വായിച്ചോ അറിഞ്ഞത് സത്യമാണെന്ന് എനിക്കും മനസ്സിലാവുകയായിരുന്നു. അയാളുടെ ഭാഷ വശമുണ്ടായിരുന്നെങ്കിൽ ഞാൻ നമ്മുടെ നാടിനെപ്പറ്റി വാചാലയായേനെ. പരിമിതമായ ഭാഷയിൽ
കേരളത്തിന്റെ സൗന്ദര്യത്തെ പറ്റി പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു സൈഡിൽ മെഡിറ്ററേനിയൻ കടൽ പ്രത്യക്ഷപ്പെട്ടത്. ഞാൻ ആശ്ചര്യത്തോടെ ശബ്ദമുണ്ടാക്കി . നീലക്കടൽ എന്നൊക്കെ വായിച്ചറിഞ്ഞിട്ടേയുള്ളൂ. മുന്നിലതാ അത് സത്യമായിരിക്കുന്നു. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന നീലിമയാർന്ന ജലപ്പരപ്പ്.
ലോറൻസോ എന്നെത്തന്നെ നോക്കുകയായിരുന്നിരിക്കണം. ഒരു ടാക്സിഡ്രൈവർ എന്ന നിലക്ക് അയാൾക്ക് എന്നെപ്പോലൊരു യാത്രക്കാരിയിൽ പുതുമയൊന്നും തോന്നാനിടയില്ല. എന്നിട്ടും അയാൾ ചോദിച്ചു. നിങ്ങൾ കടൽ ഇഷ്ടപ്പെടുന്നുണ്ടോയെന്ന്.
തീർച്ചയായും ഇഷ്ടമാണെന്ന് ലോറൻസോയോട് പറഞ്ഞെങ്കിലും ആ ഉത്തരം പൂർണ്ണമായും ശരിയായിരുന്നില്ല.
മുപ്പത്തിയൊന്നാം വയസ്സിലാണ് ഞാനാദ്യമായി കടൽ കാണുന്നത്. ഇതുവരെ കാണാത്തതോ ഇതുവരെയറിയാത്തതോ ആയ കാര്യങ്ങളോട് തോന്നുന്ന ഒരു തരം കൗതുകമുണ്ടല്ലോ! അതിനപ്പുറം പ്രത്യേകിച്ചൊരു താൽപര്യവും കടലിനോട് എനിക്ക് തോന്നിയിട്ടില്ല.
എന്റെ കുട്ടിക്കാലത്തെ ചില വൈകുന്നേരങ്ങളിൽ വീടിന്റെ ചാണകം മണക്കുന്ന ഉമ്മറപ്പടിയിൽ
പടിഞ്ഞാറോട്ടു നോക്കിയിരിക്കുമ്പോൾ ഞാനത് കേട്ടിട്ടുണ്ട്. ദൂരെ നിന്നൊരിരമ്പം. അങ്ങ് ദൂരെ
ആനപ്പാറക്കപ്പുറത്തുനിന്ന്.
മഴക്കാലത്ത് ആനപ്പാറക്കപ്പുറത്തു നിന്നാണ് പെരുമഴ അലറിപ്പാഞ്ഞു വരാറുള്ളത്. വലിയ ഇരമ്പത്തിനു പിന്നാലെ ആനപ്പാറയെ വെളുത്ത പുകക്കുള്ളിലാക്കിക്കൊണ്ട് മഴ അലറിക്കുതിച്ചെത്തും. അടുത്തെത്തുമ്പോഴേക്കും ഇരമ്പത്തിനൊച്ച കൂടും. പുഞ്ചപ്പാടത്ത് ചെരിച്ചു നട്ട ഞാറുപോലെ ചെരിഞ്ഞ വെളുത്ത വരകളങ്ങു ദൂരെ കാണാറാവും. മഴ കണ്ണെത്തും ദൂരത്തെത്തുമ്പോഴേക്കും അമ്മ ഓടിപ്പാഞ്ഞുവരും.അയയിലിട്ട തുണികളോ ഉണങ്ങാനിട്ട നെല്ലോ മുളകോ ഒക്കെ വാരിയെടുക്കാൻ വെപ്രാളപ്പെടും.
" എന്തൂട്ട് പൂരം കാണാനിരിക്ക്യാ നീയ്. ഈ തുണ്യോളങ്ങ്ട് അകത്തേക്കിട്ടേ. ആ മെളകിപ്പോ നനയൂലോ ദൈവമേ. എനിക്ക് പതിനാറ് കയ്യോന്നൂല്യ.
എല്ലാട്ത്തും എത്താനായ്ട്ട്. "
ഇതൊക്കെ സ്ഥിരം നടക്കുന്ന കാര്യങ്ങളായതുകൊണ്ട് ഞാനതിലൊന്നും ശ്രദ്ധിക്കാതെ അപ്പോഴേക്കും ഓട്ടുംപൊറത്ത് താളമിട്ട് താഴേക്കൊഴുകാൻ തൊടങ്ങിയ മഴയെ നോക്കിയിരിക്കും.
ആ മഴയോളം ഇന്നേവരെ ഒന്നുമെന്നെ കൊതിപ്പിച്ചിട്ടില്ല. വീണ്ടും വീണ്ടും കാണണമെന്ന് ഞാനാഗ്രഹിച്ചിട്ടുള്ള ഒരേയൊരു കാഴ്ച്ചയാണത്. ആ മഴയുടെ ഏഴയലത്ത് വരില്ല ഈ കടല്. എന്നാലും ആ ഇരമ്പം. കടൽ അലറുന്ന ഇരമ്പം. അതെനിക്കിഷ്ടമായിരുന്നു.
അതിന് കാരണം ഒരു പക്ഷേ ആനപ്പാറക്കപ്പുറത്തുനിന്നും മഴയില്ലാത്ത കാലത്തും കേട്ടുകൊണ്ടിരുന്ന ആ ഇരമ്പമായിരുന്നിരിക്കണം . നിശബ്ദമായ ചില വൈകുന്നേരങ്ങളിൽ എരണ്ടകൾ വരിതെറ്റാതെ മാനത്തുകൂടെ പറന്നുപോകുന്ന നേരത്ത് ആ ഇരമ്പം കേൾക്കാം. ഞാനപ്പോൾ എരണ്ടകളുടെ എണ്ണമെടുക്കാൻ ശ്രമിക്കുകയായിരിക്കും. വരിതെറ്റാതെ അവർ പറക്കുന്നതെങ്ങനെയെന്ന് അൽഭുതപ്പെടുകയായിരിക്കും. ആ ഇരമ്പത്തിലേക്കാണ് അവറ്റകൾ പറന്നു പോകുന്നതെന്ന് സങ്കൽപ്പിക്കുകയായിരിക്കും.
ഒരിക്കൽ അമ്മയോട് ചോദിച്ചു.
" എന്താമ്മേ.....അവടന്ന് കേക്കണ ആ ശബ്ദം ?"
" ശബ്ദോ. എന്തൂട്ട് ശബ്ദം. ഒന്ന് കിണുങ്ങാണ്ട് പോയേ ക്ടാവെ. കുരിശ് വരക്കണ്ട നേരത്തെന്നും സ്വപ്നം കാണലാ പെണ്ണിന്. കേറിപ്പോയേ അകത്തക്ക് ."
ഇരുട്ടായിത്തുടങ്ങിക്കാണും. വാഴ കൊടപ്പനിലെ തേൻ കുടിക്കാൻ പാറാടകൾ അങ്ങോട്ടും ഇങ്ങോട്ടും പറക്കാൻ തുടങ്ങിയിരിക്കും. മുറ്റത്തു നിന്ന് കയറി അപ്പച്ചനെയും നോക്കി ഉമ്മറത്തെ പടിക്കെട്ടിലിരുക്കും. അപ്പച്ചൻ വരുമ്പോൾ ചോദിക്കാമെന്നോർക്കും.
അമ്മ എപ്പോഴും അങ്ങനെയാണ്. ഒന്നും അങ്ങോട്ട് ചോദിക്കരുത്. എപ്പോഴും ദേഷ്യമായിരിക്കും.. തൊട്ടേനും പിടിച്ചേനും എല്ലാം ദേഷ്യം.
അപ്പച്ചനാണെങ്കിൽ വഴീന്ന് വരുമ്പൊഴേക്കും ഒരു നേരമാവും. വന്നാൽത്തന്നെ അപ്പന്റെം അമ്മേടം തല്ലുപിടുത്തം കഴിയണം. അതൊരു സ്ഥിരം പരിപാടിയാണ്. അതിനിടയിൽ ചോദിക്കാനുള്ളതെല്ലാം മറന്ന് ഞാനുറങ്ങിപ്പോകും. അങ്ങനെയിരിക്കെ ഒരു ദിവസം എനിക്കതിനുത്തരം കിട്ടി.
" അതങ്ങ് പടിഞ്ഞാറേല് അറബിക്കടലിരമ്പണ ഒച്ച്യാ. പണ്ടേ പരശുരാമൻ മഴു എറിഞ്ഞ് ഇണ്ടാക്കീതാ കേരളം. മഴു എറിഞ്ഞപ്പോ കടലുമാറി കര തെളിഞ്ഞു വന്നു. ഈ കാണണ സ്ഥലങ്ങളപ്പടി അങ്ങന്യാ ഇണ്ടായത്. ആനപ്പാറേടെ അപ്പറത്ത് മതിക്കുന്നമ്പലത്തിന്റേം അപ്പറത്ത് കടലലറിയെരമ്പണതാ ആ കേക്കണെ. ഒര്വ്സം ആനപ്പാറയില്ലാണ്ടാവണവ്സം കടല് അലറിക്കേറി വരും. ആ നിക്കണ വരിക്കപ്ലാവിനേക്കാട്ടിലും പൊക്കത്തി വരണ തിരമാലോള് നമ്മളെ ഒക്കെ അങ്ങ്ട് വിഴുങ്ങും. അതോണ്ടേ എന്നും വൈന്നേരം നന്നായി പ്രാർത്ഥിക്കണംട്ടാ. എല്ലാരേം കാക്കണേ ഈശോയേന്ന് പ്രാർത്ഥിക്കണം."
ആപ്പറമ്പിലെ കുഞ്ഞേച്ചിയാണ് ഒരു ദിവസം എന്റെ സംശയത്തിന് ഉത്തരം തന്നത്. കുഞ്ഞേച്ചി പത്താം ക്ലാസിൽ ഫസ്റ്റ്ക്ലാസൊക്കെ വാങ്ങി തൃശൂര് കോളേജിപ്പോയി പഠിക്കണ ആളാണല്ലോ. അന്നൊക്കെ ഞാൻ വലിയ വലിയ സംശയങ്ങൾക്കുത്തരം തേടാറുള്ളത് കുഞ്ഞേച്ചിടെ അടുത്തായിരുന്നു. കടലിൽ നിന്ന് പൊന്തിവന്ന ഈ സ്ഥലങ്ങളെല്ലാം ഒരിക്കൽ കടലെടുക്കുമോയെന്ന് അന്നൊക്കെ ഞാൻ ഭയപ്പെട്ടിരുന്നു. കുറേ വലുതാവുന്നതുവരെയും.
വർഷങ്ങൾക്കുശേഷം പാറമടക്കാർ ആനപ്പാറ പൊളിച്ച് ലോറീലാക്കി കൊണ്ടുപോകുന്നതും നോക്കി
നിൽക്കുമ്പോൾ അവിടെ നിന്നുള്ള വെടിയൊച്ചകൾക്കും ജെ.സി.ബിയുടെ മുരൾച്ചകൾക്കുമപ്പുറം കടലും കടലിരമ്പവും എവിടെപ്പോയൊളിച്ചു എന്നു ഞാനൽഭുതപ്പെട്ടിട്ടുണ്ട്.
ആനപ്പാറക്കപ്പുറത്തു നിന്നും വരുന്ന മഴഭാവങ്ങൾ ഇനിയൊരിക്കലും കാണാനാകില്ലല്ലോ എന്നോർത്ത് സങ്കടപ്പെട്ടിട്ടുണ്ട്. ഓടിൻ മുകളിലെ മഴത്താളവും ചാണകം മെഴുകിയ ഉമ്മറത്തിണ്ണയും അതിനോടകം എനിക്ക് നഷ്ടമായിട്ടുണ്ടായിരുന്നു.
ആദ്യമായി കണ്ട കടൽ.... എന്റെ മനസിൽ ഭയത്തോടെയാണെങ്കിലും ഞാൻ സ്വരൂപിച്ചുണ്ടാക്കിയ സങ്കൽപ്പങ്ങളോട് ഒട്ടും യോജിക്കുന്നതായിരുന്നില്ല. ആ കടലിന് നീലനിറമുണ്ടായിരുന്നില്ല. മാലപോലെ ഉയർന്നുപൊങ്ങുന്ന വെള്ളി നിറമാർന്ന തിരമാലകളുണ്ടായിരുന്നില്ല. പക്ഷേ ഒന്നുണ്ടായിരുന്നു. ആ ഹുങ്കാരം. ആനപ്പാറക്കപ്പുറത്തുനിന്ന് വൈകുന്നേരങ്ങളിൽ കേട്ടിരുന്ന അതേ ഹുങ്കാരം. അത്രത്തോളം മുഴക്കമുണ്ടായിരുന്നില്ലെങ്കിലും.
അന്ന് ഞാൻ കണ്ട കടലിന് പച്ച നിറമായിരുന്നു. ചെളി കലർന്ന പച്ചനിറം.
കലങ്ങിമറിഞ്ഞ് ഉരുണ്ടുപൊന്തിവരുന്ന തിരമാലകൾക്കും അതേനിറം. എങ്ങുമൊരു ഉളുമ്പുനാറ്റം.പലരും വെള്ളത്തിലിറങ്ങി കളിക്കുന്നുണ്ടെങ്കിലും ഞാൻ കുറച്ചകലെ എല്ലാം നോക്കി മാറിനിന്നു. എന്റെ അനിഷ്ടം മനസിലാക്കിയിട്ടെന്നോണം കടലിനു മീതെ അവിചാരിതമായൊരു മഴപെയ്തു. അതുപക്ഷേ സുന്ദരമായിരുന്നു. മരങ്ങൾക്കുമീതെ പെയ്യുന്നതിനേക്കാൾ സുന്ദരം.
പിന്നീട് പലപ്പോഴും ഞാൻ കടൽ കാണാൻ പോയിട്ടുണ്ട്. എല്ലാം മഴക്കാലത്ത്. കുടയും ചൂടി ദൂരെ മാറിനിന്ന് ഞാനാസ്വദിച്ചിരുന്നത് ഒരിക്കലും കടലിനെയായിരുന്നില്ല. കടലിനുമീതെ പെയ്യുന്ന മഴയെയായിരുന്നു.
ഇവിടെ പക്ഷേ പണ്ട് ഞാനെന്റെ മനസിൽ വരച്ചിട്ട കടൽ. അതേ കടൽ. നീലനിറത്തിൽ നീണ്ടു പരന്ന്. എനിക്കാക്കടലിനെ തൊട്ടടുത്ത് കാണണമെന്നും അതിനെയൊന്നു തൊടണമെന്നും തോന്നി.
" നിറുത്തണോ ഇവിടെ. കടലൊന്ന് കാണമെന്നുണ്ടോ? മെഡിറ്ററേനിയൻ കടലാണ്. "
എന്റെ മനസ്സുവായിച്ചിട്ടെന്നോണം ലോറൻസോ വീണ്ടും ചോദിച്ചു.
( തുടരും...)