ഭക്ഷണം കഴിക്കുമ്പോള്‍ സോഡയോ ശീതളപാനീയമോ കഴിക്കാറുണ്ടോ? എന്നാല്‍ തൊണ്ടയില്‍ കുടുങ്ങിയ ഭക്ഷണം വിഴുങ്ങിപ്പോകുന്നതു സഹായിക്കാന്‍ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് കഴിയില്ലെന്ന് സമീപകാല പഠനം പറയുന്നു.
പണ്ടുമുതലേ അന്നനാളത്തില്‍ കുടുങ്ങിയ ഭക്ഷണം നീക്കം ചെയ്യുന്നതിനുള്ള ഒരു സാധാരണ പരിഹാരമായി സോഡ ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍ ആംസ്റ്റര്‍ഡാം യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ (യുഎംസി) ഗവേഷകര്‍ അടുത്തിടെ നടത്തിയ ഒരു പഠനം ഈ പ്രക്രിയ ഒരു മിഥ്യയല്ലാതെ മറ്റൊന്നുമല്ലെന്നു കണ്ടെത്തി. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തലുകള്‍ പറയുന്നത്, അടഞ്ഞിരിക്കുന്ന അന്നനാളം വൃത്തിയാക്കാന്‍ സോഡ ഉപയോഗിക്കുന്നതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയമുണ്ടെന്നാണ്.
നേരത്തെ, ആഫ്രിക്കന്‍ ജേണല്‍ ഓഫ് എമര്‍ജന്‍സി മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കുടിക്കുന്നത് അന്നനാളത്തില്‍ കുടുങ്ങിയ ഭക്ഷണം നീക്കം ചെയ്യാന്‍ സഹായിക്കുമെന്ന് നിര്‍ദേശിച്ചിരുന്നു. സോഡയിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകം ഭക്ഷണത്തെ ദഹിപ്പിക്കാനും അന്നനാളം കൂടുതല്‍ വൃത്തിയാക്കാനും സഹായിക്കുമെന്ന് ഡോക്ടര്‍മാരും എമര്‍ജന്‍സി ജീവനക്കാരും വിശ്വസിച്ചിരുന്നുന്നു. ഈ പ്രതിഭാസത്തെ 'കോള ട്രിക്ക്' എന്നാണു വിളിക്കുന്നു.
അന്നനാളത്തില്‍ ഭക്ഷണം കുടുങ്ങുന്നത് അപകടകരമാണ്. അപ്പോഴാണ് ഗവേഷകര്‍ 'കോള ട്രിക്ക്' യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് മനസിലാക്കാന്‍ ശ്രമിച്ചത്. ഈ പ്രക്രിയയില്‍, അഞ്ച് ഡച്ച് ഹോസ്പിറ്റലുകളിലായി 51 രോഗികളില്‍ അവര്‍ സര്‍വേ നടത്തി.
ഫലങ്ങള്‍ വ്യക്തമാക്കുന്നത് കോള കൊണ്ടു പ്രത്യേകിച്ച് ഒരു ഗുണഫലവും ഇല്ല എന്നാണ്. ഗവേഷകര്‍ പറയുന്നതനുസരിച്ച് ഭക്ഷണ സമയത്ത് കോള ഉപയോഗിച്ചവരിലും വെള്ളം കുടിച്ചിരിലും അന്നനാളത്തിലെ തടസ്സത്തിന്റെ കാര്യത്തില്‍ 61% പുരോഗതി ഉണ്ടായിട്ടുണ്ട്. ഒട്ടുമിക്ക കേസിലും ശരീരം ആ പ്രശ്‌നം സ്വയം പരിഹരിച്ചപ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ മാത്രം എന്‍ഡോസ്‌കോപ്പി ആവശ്യമായി വന്നു. അന്നനാളത്തില്‍ ഭക്ഷണം കുടുങ്ങിയാല്‍ കോള ഉപയോഗിക്കുന്നതിന് പകരം കുറച്ച് വെള്ളം സിപ്പ് ചെയ്തു കുടിക്കുന്നതാണ് നല്ലതെന്ന് സംഘം നിര്‍ദേശിച്ചു. എന്നാല്‍ കോള കുടിക്കുന്നത് കൂടുതല്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നില്ലെന്നും പഠനം പറയുന്നു.