Image

പ്ലാസ്റ്റിക് സ്‌പൂൺ (ഇമലയാളി കഥാമത്സരം 2023: ബാബു പാറയ്ക്കൽ)

Published on 25 December, 2023
പ്ലാസ്റ്റിക് സ്‌പൂൺ (ഇമലയാളി കഥാമത്സരം 2023: ബാബു പാറയ്ക്കൽ)

അയാൾ കടൽക്കരയിലെ മണൽപ്പരപ്പിൽ അൽപ്പം അകലെ മാറിയുള്ള ബഞ്ചിൽ ഇരുന്നു കടലിലെ തിരമാലകളെ വീക്ഷിച്ചു. ഒന്നിനു പുറകെ ഒന്നായി അത് കരയിലേക്കടിച്ചു കയറുന്നു. പക്ഷേ എത്തിപ്പിടിക്കുമ്പോഴേക്കും ആരോ പുറകിൽ നിന്നും വലിക്കുന്നതുപോലെ അവ പിറകോട്ടു വലിയുന്നു. ആരായിരിക്കും അവയെ പുറകോട്ടു വലിക്കുന്നത്? കടലമ്മയാണോ? അറിവില്ലാതെ കരയിലേക്കു കയറി മനുഷ്യരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ കടലമ്മ വിളിച്ചുകൊണ്ടു പോകുന്നതായിരിക്കുമോ? കുഞ്ഞുങ്ങൾക്കറിയില്ലല്ലോ അവരുടെ അറിവില്ലായ്‌മ കൊണ്ട് ചെയ്തു കൂട്ടുന്ന ഓരോ നടപടികളും എത്രമാത്രം അപകടം പിടിച്ചതാണെന്ന്. അതുകൊണ്ടുതന്നെ അമ്മയുടെയോ അച്ഛന്റെയോ ശ്രദ്ധയിൽ പെടാതെ പോകുന്നത് വിരളം. ശ്രദ്ധയിൽ പെടുമ്പോഴോ, അവരുടെ കുസൃതിയായി കണ്ടു മാതാപിതാക്കൾ ആനന്ദിക്കുന്നു. അപ്പോഴും വേണ്ടിവന്നാൽ പുറകോട്ടു വലിക്കാനുള്ള ഒരു ചരട് അവരുടെ കയ്യിൽ ഉണ്ടായിരിക്കും. അയാൾ കടൽപ്പരപ്പിലെ നീലിമയിൽ കൂടി അങ്ങകലെ ചവുട്ടി നടന്നു കയറിയ ഓർമ്മകളുടെ ചക്രവാളത്തിലേക്കു നോക്കി. 

മൂന്നു പതിറ്റാണ്ടു മുൻപാണ് ജെ എഫ് കെ എയർപോർട്ടിൽ ആദ്യമായി വന്നിറങ്ങുന്നത്. ഒരു പെട്ടിയിൽ കുറച്ചു സാധനങ്ങളും മനസ്സിൽ അതിൽക്കൂടുതൽ സ്വപ്‌നങ്ങളുമായി വിമാനത്താവളത്തിനു വെളിയിലേക്കിറങ്ങുമ്പോൾ അസ്ഥി തുളച്ചു കയറുന്ന തണുപ്പ്. തലേദിവസം വീണ മഞ്ഞു നിരത്തിന്റെ ഓരത്തായി കൂട്ടിയിട്ടിരിക്കുന്നതു പുതുമയുള്ള കാഴ്ച്ചയായിരുന്നു. സഹോദരന്റെ കാറിൽ വീട്ടിലേക്കു യാത്ര ചെയ്യുമ്പോൾ നിരത്തു നിറഞ്ഞൊഴുകുന്ന വാഹന വ്യൂഹത്തെയും അംബരചുംബികളായ കെട്ടിടങ്ങളേയും ജനാലച്ചില്ലയിൽ കൂടി അത്ഭുതപൂർവ്വം വീക്ഷിച്ചു കൊണ്ടിരുന്നു. അമേരിക്കയിൽ എല്ലാം വളരെ എളുപ്പത്തിലാണെന്നും എല്ലാം യന്ത്രങ്ങളാണ് ചെയ്യുന്നതെന്നും മറ്റും ചെറുപ്പം മുതൽ കേട്ടിരുന്ന കാര്യങ്ങൾ മുഴുവൻ ശരിയല്ലെന്ന് ക്രമേണ മനസ്സിലായിത്തുടങ്ങി. ഒരു ഡിഗ്രിയുള്ളതുകൊണ്ട് അമേരിക്കയിൽ ചെന്നാലുടൻ നല്ല ജോലികിട്ടും എന്നൊക്കെയാണ് കേട്ടിരുന്നതും വിചാരിച്ചിരുന്നതും. എന്നാൽ ക്രമേണ ഒന്നും അത്ര എളുപ്പമല്ലെന്ന് മനസ്സിലായി. 

ഡിഗ്രിയുണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം അപര്യാപ്തമാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. ഇന്റർവ്യൂന് ചെല്ലുന്ന സ്ഥലങ്ങളിൽ ഡിഗ്രി സർട്ടിഫിക്കറ്റിന്റെ കോപ്പി നൽകിയിട്ടും അതൊന്നും കാര്യമായി നോക്കാതെ അവർ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. ആ ചോദ്യങ്ങൾക്കൊന്നും പൂർണ്ണമായി ഉത്തരം പറയാൻ തനിക്കായില്ല. ചോദ്യം പൂർണ്ണമായി മനസ്സിലാകാതെ എങ്ങനെയാണ് ഉത്തരം നൽകുക. ആ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ജോലി കിട്ടാൻ മാത്രമേ സഹായകരമാകൂ എന്ന സത്യം തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോൾ അതിജീവനത്തിനു വേണ്ട പുതിയ പാതകൾ അന്വേഷിച്ചിറങ്ങി. ആദ്യമായി ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള ന്യൂസ് സ്റ്റാൻഡിൽ ജോലി കിട്ടി. അവിടെ ഭാഷാ പ്രാവീണ്യം ആവശ്യമില്ലായിരുന്നു. കസ്റ്റമേഴ്‌സ് എടുക്കുന്ന സാധനങ്ങളുടെ വില കണക്കുകൂട്ടി വാങ്ങി പെട്ടിയിലിട്ടാൽ മതി. ബാക്കി കൊടുക്കേണ്ടവർക്ക് അത് കൃത്യമായി നൽകുക. മൻഹാട്ടനിലെ പോർട്ട് അതോറിട്ടി ബസ് ടെർമിനലിന്റെ മൂന്നാം നിലയിലായിരുന്നു ജോലി. വെളുപ്പിനെ 5 മണിക്ക് അവിടെയെത്തി റോഡരുകിൽ ഇട്ടിരിക്കുന്ന പത്രക്കെട്ടുകളിൽ തങ്ങൾക്കുള്ളത് എടുത്തു കൊണ്ടുപോയി കടയിൽ റെഡിയാക്കി വയ്ക്കണം. പത്രക്കെട്ടുകൾ മുകളിലേക്ക് കൊണ്ടുപോകാൻ എലിവേറ്റർ ഇല്ലായിരുന്നു. അതെല്ലാം തലച്ചുമടായി പടികൾ കയറി മൂന്നാം നിലയിലുള്ള കടയിൽ എത്തിക്കണം. ആറുമണി മുതൽ കസ്റ്റമേഴ്‌സ് ഒഴുകിത്തുടങ്ങും. ഒൻപതു മണി കഴിഞ്ഞാൽ മാത്രമേ ഒരു കാപ്പി വാങ്ങി കുടിക്കാൻ അനുവാദമുള്ളൂ. 12 മണിക്കൂർ ജോലിക്ക് ദിവസം 40 ഡോളർ കൂലിയായി ലഭിക്കും.

ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു വെയർഹൗസിൽ മറ്റൊരു ജോലി ലഭിക്കുമെന്നറിഞ്ഞു. പിന്നീട് അവിടെയായിരുന്നു അടുത്ത ജോലി. എന്തോ ക്ലെറിക്കൽ ജോലിയാണെന്നാണ് ധരിച്ചത്. ഡിഗ്രി സർട്ടിഫിക്കറ്റ് കയ്യിൽ പിടിച്ചാണ് പോയത്. പക്ഷേ, അവിടെ ഉന്തുവണ്ടിയിൽ സാധനങ്ങൾ കയറ്റി വലിയ ട്രെയ്‌ലറുകളിൽ ലോഡ് ചെയ്യുന്ന ജോലിയായിരുന്നു ഉള്ളത്. അവിടെ 10 മണിക്കൂറിന് 40 ഡോളറും പിന്നെ കൂടുതൽ സമയം നിന്നാൽ മണിക്കൂറിന് 5 ഡോളറും കിട്ടുമായിരുന്നു. ‘ഇത്രയും പഠിച്ച തനിക്കു വണ്ടി ഉന്തേണ്ട ഗതികേടോ’ എന്നു ചിന്തിച്ചതിനപ്പുറം അറിയുന്ന ആരെങ്കിലും കണ്ടാലോ എന്നതായിരുന്നു തന്നെ അലട്ടിയ കാര്യം. യാത്രാക്കൂലിയും ആഹാരത്തിനും കഴിഞ്ഞാൽ വലിയ മിച്ചമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഒരു ജോലിയുണ്ടെന്നു പറയാമല്ലോ. അവിടെയും ഏതാനും മാസങ്ങൾ ജോലി ചെയ്‌തു.

അങ്ങനെയിരിക്കെ പള്ളിയിൽ വച്ച് പരിചയപ്പെട്ട ഒരാൾ മുഖേന ഒരു പ്രൈവറ്റ് കമ്പനിയിൽ മെഷീൻ ഓപ്പറേറ്റർ ആയി ഒരു ജോലി ലഭിച്ചു. വലിയ ശമ്പളം ഇല്ലായിരുന്നെങ്കിലും 8 മണിക്കൂർ മാത്രമേ ജോലി ചെയ്യേണ്ടിയിരുന്നുള്ളൂ. അതുകഴിഞ്ഞു മൻഹാട്ടനിൽ ടാക്‌സി ഓടിക്കാൻ ആരംഭിച്ചു. കൈ നിറയെ കാശ് കിട്ടാൻ ആരംഭിച്ചതോടെ പ്രൈവറ്റ് കമ്പനിയിലെ പണി ഉപേക്ഷിച്ചു ടാക്‌സി ഡ്രൈവറായി ഫുൾ ടൈം ജോലി ഏറ്റെടുത്തു. അപ്പോഴാണ് ഒരു സുഹൃത്ത് പറഞ്ഞത്, നാട്ടിൽ പോയി ഒരു നഴ്‌സിനെ കല്യാണം കഴിച്ചു കൊണ്ടുവന്നാൽ മതി. നേഴ്‌സുമാർക്ക് നല്ല ഡിമാൻഡ് ആണ്. നമുക്ക് ഒരാഴ്ച്ച എല്ലുമുറിയെ പണിയെടുത്താൽ കിട്ടുന്നത് അവർക്കൊരു ദിവസം കിട്ടും. നല്ലൊരു ആശയമായി തോന്നി. പിന്നെ താമസിച്ചില്ല. നാട്ടിൽ പോയി വധുവിനെ അന്വേഷിച്ചു. ഒറ്റ ഡിമാൻഡേ ഉണ്ടായിരുന്നുള്ളു, പെണ്ണ് നേഴ്‌സ് ആയിരിക്കണം! അങ്ങനെയാണ് ലിസി തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. 

ലിസി എത്തിയതോടെ തന്റെ ജീവിതത്തിന്റെ ഗതി മാറി മറിഞ്ഞു. അടുത്തുള്ള ആശുപത്രിയിൽ ലിസിക്ക് ജോലി ലഭിച്ചു. ഒരു അപാർട്മെന്റ് വാടകയ്‌ക്കെടുത്തു ജീവിതം ആരംഭിച്ചു. മൂന്നു വർഷം കൊണ്ട്  ഒരു വീട് സ്വന്തമായി വാങ്ങി. അത് കഴിഞ്ഞപ്പോഴാണ് അടുത്ത തലമുറയുടെ കണ്ണി വിളക്കിക്കൊണ്ട് ബ്രയൻ  എന്ന കൊച്ചു മിടുക്കൻ തങ്ങളുടെ ജീവിതത്തിലേക്കു കടന്നു വന്നത്.  ലിസിയുടെ ജോലിയുടെ കൂടെ തന്റെ ടാക്‌സി ജോലിയും കൂടിയായപ്പോൾ ജീവിതം സുഗമമായി പോകുകയായിരുന്നു. അങ്ങനെ ഇരിക്കെയാണ് തങ്ങളുടെ ജീവിതം തകിടം മറിച്ച ആ സംഭവം ഉണ്ടാകുന്നത്. 

പതിവുപോലെ മൻഹാട്ടനിൽ ടാക്‌സിയും കൊണ്ടുപോയി ഡൗൺടൗണിൽ നിന്നും ആദ്യത്തെ യാത്രക്കാരനെ എടുത്തു. ഒരു ബാറിന്റെ പടിക്കൽ നിന്നാണ് അയാൾ കയറിയത്. കയറിക്കഴിഞ്ഞു പോകേണ്ട സ്ഥലം പറഞ്ഞപ്പോൾ താൻ ഞെട്ടി. ഹാർലം! അന്ന് ഹാർലം എന്ന് പറഞ്ഞാൽ ക്രിമിനലുകളുടെയും ലഹരിമരുന്നു കച്ചവടക്കാരുടെയും വിഹാര രംഗമാണ്. പട്ടാപ്പകൽ പോലും നടന്നു പോകാൻ കഴിയാത്ത സ്ഥലം. ഇറങ്ങേണ്ട സ്ഥലമായപ്പോൾ താൻ മെയിൻ റോഡിൽ വണ്ടി നിർത്തി. അപ്പോൾ അയാൾ പറഞ്ഞു ഇടവഴിയിൽ കൂടി കുറച്ചുകൂടി പോകണമെന്ന്. തനിക്ക് ഉളിൽ ഭയം തോന്നിത്തുടങ്ങി. എങ്കിലും അയാൾ പറയുന്നത് അനുസരിക്കാതെ തരമില്ലായിരുന്നു. പിന്നെ അയാൾ കുറച്ചു 'റൈറ്റും ലെഫ്റ്റും' പറഞ്ഞു. ഒടുവിൽ അടഞ്ഞുകിടന്ന വലിയൊരു വെയർഹൗസ് കെട്ടിടത്തിന്റെ പുറകിലെത്തി. അവിടെ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. താൻ ട്രിപ്പ് കാർഡ് എടുത്തു സമയം എഴുതാൻ തുടങ്ങിയപ്പോൾ തന്റെ ചെവിയുടെ പുറകിൽ ഒരു തണുപ്പനുഭപ്പെട്ടു. കണ്ണാടിയിലേക്കു നോക്കിയ താൻ ഞെട്ടിപ്പോയി. തന്റെ ചെവിയ്ക്കു പുറകിൽ അയാൾ തോക്കു വച്ചിരിക്കുന്നു. 
"ഗിവ് മി ദി മണി." അയാൾ ആജ്ഞാപിച്ചു. 
'അയാൾ ആദ്യത്തെ പാസഞ്ചർ ആണെന്നും തന്റെ കയ്യിൽ പണമില്ലെന്നുമുള്ള സത്യം താൻ പറഞ്ഞു. അയാളത് വിശ്വസിച്ചില്ലെന്ന് തോക്ക് അൽപ്പം കൂടി അമർത്തിയപ്പോൾ മനസ്സിലായി. തന്റെ മനസ്സിൽ കൂടി ലിസ്സിയുടെയും മകന്റെയും മുഖങ്ങൾ മാറി മാറി ഓടി. സർവ്വ ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചു. വിറയ്ക്കുന്ന കൈകളോടെ താൻ ട്രിപ്പ് കാർഡ് എടുത്തു കാണിച്ചു. അതിൽ ആദ്യത്തെ വിവരം അയാളുടെ ട്രിപ്പിന്റെതു തന്നെയായിരുന്നു.

അതു കണ്ടപ്പോൾ സത്യം മനസ്സിലാക്കിയതു കൊണ്ടാവാം അയാൾ പറഞ്ഞു, ടാക്‌സിയുടെ മീറ്റർ അഴിച്ചു കൊടുക്കാൻ. അതിനു വിപണിയിൽ ഏതാണ്ട് നാലായിരം ഡോളറോളം വില വരും. അത് അഴിച്ചു കൊടുത്തു. അതെടുത്തിട്ടയാൾ പറഞ്ഞു, "ഞാൻ കൊല്ലാതെ വിടുന്ന ആദ്യത്തെ ആളാണ് നീ. 15 മിനിറ്റു നേരത്തേക്ക് തല ഉയർത്തുകയോ പോലീസിനെ വിളിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്!" അയാൾ ആ തോക്കു കൊണ്ട് തന്റെ തല തള്ളി മുൻപോട്ടു കുനിച്ചിട്ടിട്ട് വാതിൽ തുറന്നിറങ്ങിപ്പോയി. ഏതാണ്ട് 5-10 മിനിട്ടു നേരത്തേക്ക് തനിക്കു സ്ഥലകാല ബോധം ഇല്ലാതെ പോയി. അതിനു ശേഷം താൻ പാസഞ്ചറെ എടുത്തില്ല. നേരെ വീട്ടിൽ പോന്നു. ലിസി ജോലിയിലായിരുന്നു. ബ്രയൻ സ്‌കൂളിലും. പിന്നീട് ഒരിക്കലും താൻ ടാക്‌സി ഓടിക്കാൻ ലിസി സമ്മതിച്ചിട്ടില്ല. 

രണ്ടു മാസത്തിനു ശേഷം ആ പഴയ പ്രൈവറ്റ് കമ്പനിയിൽ വീണ്ടും ജോലിക്കു കയറി. സാമ്പത്തികമായി അൽപ്പം ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും അതിനിടയിൽ തന്റെ രണ്ടു സഹോദരങ്ങളെയും അമേരിക്കയിൽ എത്തിക്കാൻ സാധിച്ചു. ലിസ്സിക്കായിരുന്നു അവരെ കൊണ്ടുവരാൻ തന്നേക്കാൾ കൂടുതൽ താത്പര്യം. സാമ്പത്തിക മാന്ദ്യത്തെപ്പറ്റി താൻ പറഞ്ഞപ്പോൾ "അത് സാരമില്ല. എല്ലാം നടക്കും. അവർ വന്നു കഴിഞ്ഞാൽ കുറച്ചു കഴിയുമ്പോൾ അവർ തന്നെ അവരുടെ കാര്യം നോക്കിക്കൊള്ളും. അതുവരെ ഞാൻ സഹായിച്ചോളാം." അവളുടെ ധൈര്യത്തിലാണ് താൻ അവരെ കൊണ്ടുവന്നത്. അവൾ പറഞ്ഞതുപോലെ തന്നെ അവരെല്ലാം വന്ന് നല്ല നിലയിലേക്കുയർന്നു.

ബ്രയൻ കോളേജിൽ പഠനം തുടങ്ങിയതോടെ വലിയൊരു സംഖ്യ കണ്ടെത്തേണ്ടതായിട്ടു വന്നു. ലിസി കുറെ ഓവർടൈം കൂടുതൽ  ചെയ്‌തു വരുമാനം കൂട്ടി. കഷ്ടിച്ച് എല്ലാം ഒരു പരുവത്തിൽ മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നപ്പോഴാണ് ഒരു ദിവസം ലിസി ജോലി കഴിഞ്ഞു വന്നപ്പോൾ അവരുടെ ആശുപത്രിയിൽ നടന്ന ഒരു മീറ്റിങ്ങിൽ പരാമർശിച്ച ഒരു കാര്യം പറഞ്ഞത്. "ചൈനയിലെ വുഹാനിൽ 'കൊറോണയുടെ ഒരു വകഭേദമായ 'കോവിഡ്-19 എന്ന ഒരു വൈറസ് പടരുന്നത്രേ. അത് വളരെ മാരകമായ വൈറസ് ആയതിനാൽ അനേകം പേർ മരിക്കുന്നു എന്നാണറിഞ്ഞത്." അവളുടെ മുഖത്ത് ഏതോ അങ്കലാപ്പ് ദർശിച്ചതുപോലെ തോന്നിയപ്പോൾ താൻ പറഞ്ഞു. "അതിനു നീ എന്തിനാ വിഷമിക്കുന്നത്. അത് ചൈനയിലല്ലേ? നമ്മൾ അമേരിക്കയിലാണല്ലോ. എത്രയോ ആയിരക്കണക്കിന് മൈലുകൾ അകലെയാണ്."
"അതു ചേട്ടന് അറിയാൻ വയ്യാഞ്ഞിട്ടാ, ആ വൈറസ് ഇവിടെ എത്താൻ അധികം സമയം ഒന്നും വേണ്ട." 
താൻ അത് കേട്ടു ചിരിച്ചു.

ഏതാനും മാസങ്ങൾ കടന്നു പോയി. അമേരിക്കയിൽ സ്ഥിതിഗതികൾ അനുനിമിഷം വഷളായി. കോവിഡ്-19 വൈറസ് ബാധിച്ചു നൂറു കണക്കിനാളുകൾ മരിച്ചു വീണു. ആശുപത്രികൾ രോഗികളെക്കൊണ്ടു നിറഞ്ഞു. അങ്ങനെ സംഗതി രൂക്ഷമായി തുടങ്ങിയപ്പോൾ പള്ളിയിൽ കുർബാനയ്ക്കു ശേഷം പ്രത്യേകമായി ഒരു മീറ്റിങ് നടത്തപ്പെട്ടു. ആരോഗ്യമേഖലയിൽ പരിചയ സമ്പന്നരായവർ ആധികാരികമായി അതിനെപ്പറ്റി സംസാരിച്ചു. 

പള്ളിയുടെ മുൻ വർഷ സെക്രട്ടറിയായിരുന്ന ടോമി ആണ് ആ മീറ്റിംഗ് സംഘടിപ്പിക്കാൻ മുൻകൈ എടുത്തത്. വിദഗ്ദ്ധരുടെ വിശദീകരണം എല്ലാവർക്കും സഹായകരമായിരുന്നു. ഈ സമയത്തു പാലിക്കേണ്ട മുൻകരുതലുകൾ എന്തെല്ലാമാണ്, രോഗ ലക്ഷണങ്ങൾ എന്തൊക്കെയാണ്, ലക്ഷണങ്ങൾ കണ്ടാൽ എടുക്കേണ്ട നടപടികൾ എന്തൊക്കെയാണ് തുടങ്ങി പല വിവരണങ്ങളും അവർ നൽകി. പക്ഷേ, രണ്ടാഴ്ചകൾക്കുള്ളിൽ സ്ഥിതിഗതികൾ അതിരൂക്ഷമായി. ന്യൂയോർക്ക് റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന മുൻ സെക്രട്ടറി ടോമിക്ക് രോഗലക്ഷണങ്ങൾ കണ്ടു. പനിയും കഠിനമായ ചുമയും കൂടിയപ്പോൾ ആശുപത്രിയെ അഭയം പ്രാപിച്ചു. ലിസിയുടെ വാർഡിലാണ് ടോമിയെ അഡ്‌മിറ്റ്‌ ചെയ്തത്. ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഒരു ദിവസം വൈകിട്ടു ജോലി കഴിഞ്ഞു വന്ന ലിസി പറഞ്ഞു, "ചേട്ടാ, ടോമിയുടെ നില അനുദിനം വഷളാവുകയാണ്. എനിക്ക് ആകെ ആധിയാണ്."
ഞാൻ അവളെ ആശ്വസിപ്പിക്കാൻ പറഞ്ഞു, "ഏയ്, നീ ആകുലപ്പെടുന്നതുപോലെയൊന്നും സംഭവിക്കില്ല. ദൈവം അവന്റെ കൂടെയുണ്ട്. നൂറു കണക്കിനാളുകളുടെ പ്രാർഥനയുണ്ട്. നീ ധൈര്യമായിരിക്ക്."
ലിസി ജോലി കഴിഞ്ഞു വീട്ടിൽ വന്നാൽ യൂണിഫോം അഴിച്ചുമാറ്റി കുളികഴിഞ്ഞു ഡ്രസ്സ് മാറിയിട്ടേ മുറിയിലേക്ക് കയറിയിരുന്നുള്ളൂ. നഴ്‌സ്‌മാരിൽ പലരും കോവിഡ് വാർഡിൽ ജോലി ചെയ്യാൻ മടിച്ചു. പക്ഷേ, ലിസി അത് സധൈര്യം ഏറ്റെടുത്തു. സുരക്ഷാസംവിധാനങ്ങൾ എല്ലാം ഉള്ളതുകൊണ്ട് ഒന്നും ഭയപ്പെടേണ്ടതില്ല എന്നാണവൾ പറഞ്ഞത്. എന്നാൽ ആശുപത്രിയിൽ അഡ്‌മിറ്റ്‌ ആയിട്ടുള്ളവരെപ്പറ്റി അവൾ പറഞ്ഞത്, "വെന്റിലേറ്ററിൽ കയറുന്നവരാരും ജീവനോടെ ഇറങ്ങുന്നില്ല" എന്നാണ്. അടുത്ത ദിവസം ജോലിക്കു പോയ ലിസി വൈകിട്ട് നാലു മണിയായപ്പോൾ ഭയചകിതയായി തന്നെ വിളിച്ചു. "ചേട്ടാ, നമ്മുടെ ടോമി പോകയാണ്. ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയുന്നില്ല." താൻ മറുപടിയൊന്നും പറയുന്നതിനു മുൻപുതന്നെ അവൾ ഫോൺ വച്ചു. അര മണിക്കൂർ കഴിഞ്ഞപ്പോൾ ലിസി വീണ്ടും വിളിച്ചു. കരച്ചിൽ മാത്രമേ കേൾക്കാനുണ്ടായിരുന്നുള്ളൂ. "ചേട്ടാ, നമ്മുടെ ടോമി പോയി." താൻ ഞെട്ടിത്തരിച്ചിരുന്നതുകൊണ്ടു മറുപടിയൊന്നും പറഞ്ഞില്ല. "എന്റെ ദൈവമേ!" എന്നു മാത്രമേ ഏതാനും നിമിഷങ്ങൾ കഴിഞ്ഞു നാവിൽ നിന്നും  വന്നുള്ളൂ. 

അന്ന് ജോലി കഴിഞ്ഞു വന്നപ്പോൾ ലിസി ആകെ തകിടം മറിഞ്ഞിരുന്നു. അവൾക്കു സംസാരിക്കാൻ പോലും ആകുമായിരുന്നില്ല. എന്ത് പറഞ്ഞാശ്വസിപ്പിക്കണെമെന്ന് തനിക്കും അറിയില്ലായിരുന്നു. 

ടോമിയുടെ മരണം സമൂഹത്തെ ആകെ നടുക്കിക്കളഞ്ഞു. പിന്നീട് പള്ളി പോലും ആരാധന നിർത്തിവച്ച്‌ അടച്ചിട്ടു. വെറും 43 വയസ്സ് മാത്രം പ്രായമുള്ള ടോമിന് മൂന്നു പെൺകുട്ടികളായിരുന്നു. ഭാര്യ ടീനയെ സംബന്ധിച്ചിടത്തോളം ജീവിതം കടലിൽ സുരക്ഷിതമായി യാത്ര ചെയ്യുന്ന തോണി പാറക്കെട്ടിൽ ഇടിച്ചു  തകർന്നു തരിപ്പണമായി ചിന്നിച്ചിതറിയ പോലെയാണ് തോന്നിയത്. ലിസി ടീനയെ എന്നും വിളിച്ചാശ്വസിപ്പിക്കുമായിരുന്നു. ജീവിതത്തിന്റെ യാദൃച്ഛികതാ അവസ്ഥകളെപ്പറ്റി ലിസി തന്നോട് ഒരു തത്വചിന്തകയെപ്പോലെ സംസാരിക്കാൻ തുടങ്ങി. പിന്നീട് രണ്ടു മൂന്നാഴ്ച ലിസി മൗനത്തിലായിരുന്നു. കോവിഡ് വാർഡിൽ നിന്നും മാറി മറ്റു വല്ല വാർഡിലും ജോലി ഏറ്റെടുക്കാൻ താൻ ആവുന്നത്ര ഉപദേശിച്ചു. എന്നാൽ അവളുടെ മറുപടി വ്യത്യസ്തമായിരുന്നു. "അവരെ നോക്കാൻ ആരെങ്കിലും വേണ്ടേ? നേഴ്‌സിന്റെ ജോലി അപകടം പിടിച്ചതാണ്. ചിലപ്പോൾ ആതുര ശുശ്രൂഷയിൽ അവളുടെ ജീവൻ പോലും പൊലിഞ്ഞെന്നിരിക്കും. ആരും അത് മനസ്സിലാക്കുന്നില്ലെന്നു മാത്രം." 
ലിസി കോവിഡ് വാർഡിൽ തുടർച്ചയായി ജോലി തുടർന്നു. ഒരു ദിവസം ലിസി ജോലി കഴിഞ്ഞു വന്നപ്പോൾ ചുമയ്ക്കുന്നുണ്ടായിരുന്നു. പിറ്റേ ദിവസം ചെറിയ പനിയുണ്ടായി എങ്കിലും അവൾ ജോലിക്കു പോയി. 
"ഇന്ന് ജോലിക്കു പോകണ്ട. നിനക്ക് വിശ്രമം ആവശ്യമാണ്." എന്ന് താൻ പറഞ്ഞെങ്കിലും അവളുടെ മറുപടി മറ്റൊന്നായിരുന്നു.
"ചേട്ടാ, അവിടെ ആളുകൾ ഈയലു പോലെ മരിച്ചു വീഴുകയാണ്.” 
ജോലിയിൽ ലിസിയുടെ ചുമയും പനിയും കണ്ട ആശുപത്രി അധികൃതർ പരിശോധിച്ചു. "ലിസി കോവിഡ് പോസിറ്റീവ് ആണ്." അവർ റിസൾട്ട് നോക്കി പറഞ്ഞു. തുടർന്ന് അവർ ലിസിയെ കോവിഡ് രോഗികൾ മാത്രമുള്ള 'ഐസൊലേഷൻ വാർഡിൽ' അഡ്‌മിറ്റ്‌ ചെയ്‌തു. വീട്ടിലേക്കു വിടാൻ അവർ സമ്മതിച്ചില്ല. കുടുംബാംഗങ്ങൾക്കു കാണുവാൻ അനുമതി ഇല്ലായിരുന്നു. മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ലിസിയുടെ രോഗം മൂർച്ഛിച്ചു. അവളെ അവർ വെന്റിലേറ്ററിലേക്കു മാറ്റി. അടുത്ത രണ്ടു ദിവസങ്ങൾ തങ്ങൾക്കു പ്രാർത്ഥനയുടെയും ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ആശങ്കയുടെയും ദിനങ്ങൾ ആയിരുന്നു. ഉച്ച കഴിഞ്ഞപ്പോൾ ആശുപത്രിയിൽ നിന്നും ഫോൺകോൾ വന്നു. "ലിസിയുടെ നില അൽപ്പം ഭേദപ്പെട്ടിട്ടുണ്ട്." ദൈവത്തിനു നന്ദി പറഞ്ഞു. എന്നാൽ വൈകുന്നേരമായപ്പോഴേക്കും നില വഷളായി. തനിക്കു ജീവിത യാത്രയിൽ വെളിച്ചം നൽകി കൂടെ നിന്ന സൂര്യൻ ആറു മണിയോടെ അസ്തമിച്ചു. 

കാട്ടുതീ പോലെ പടരുന്ന 'കോവിഡ്-19' എന്ന മഹാമാരിയുടെ താണ്ഡവത്തിൽ മരിച്ചു വീഴുന്ന നൂറു കണക്കിനാളുകളുടെ ശവശരീരങ്ങൾ ട്രെയ്‌ലറുകളിൽ ഫ്രീസ് ചെയ്‌തു സൂക്ഷിക്കുന്ന കഥ കണ്ണീരോടെയാണ് ലിസി പറഞ്ഞിരുന്നത്.  ഒരു നേഴ്‌സ് എന്ന നിലയിൽ ഈ മഹാമാരിയോട് തന്റെ വിശ്രമമില്ലാത്ത സേവനം കൊണ്ട്  യുദ്ധം ചെയ്യുമെന്ന് ദൃഢപ്രതിജ്ഞ എടുത്തിരുന്ന ലിസി ആ യുദ്ധക്കളത്തിൽ മരിച്ചുവീണു. ആശുപത്രി അധികൃതർ 'ബോഡി’ ആശുപത്രിയിൽ നിന്നും മാറ്റുന്നതിന് മുൻപ് തിരിച്ചറിയാനായി തന്നോട് ചെല്ലാൻ പറഞ്ഞു. കരഞ്ഞുകൊണ്ട് തന്റെ തോളിലേക്ക് ചാരിക്കിടന്ന മകനെ ചേർത്തു പിടിച്ചുകൊണ്ടു താൻ മറുപടി പറഞ്ഞു, "ആ നിലയിൽ ലിസിയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല." 

മൂന്നു ദിവസങ്ങൾക്കു ശേഷം സിറ്റി മോർഗിൽ നിന്നും 'ബോഡി റിലീസ് ചെയ്യാം. വന്ന് ഏറ്റുവാങ്ങിക്കൊള്ളാൻ'  അറിയിപ്പ് വന്നു. ഒരു കറുത്ത പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞു കെട്ടിയ മൃതദേഹം അവർ തങ്ങൾ പറഞ്ഞിരുന്ന ഫ്യൂണറൽ ഹോമിന് കൈമാറി. പൊതുദർശനമോ ശവസംസ്ക്കാര ശുശ്രൂഷകളോ ഇല്ലാതെ ലിസിയുടെ മൃതദേഹം ഉള്ളിൽ ഉണ്ടെന്നു വിശ്വസിക്കുന്ന ആ ‘പൊതിക്കെട്ട്’ സെമിത്തേരിയിൽ അടക്കം ചെയ്‌തു. ഒരു പള്ളീലച്ചൻ ശവക്കുഴിയുടെ കുറച്ചു ദൂരെ മാറി നിന്ന് പുസ്തകത്തിൽ നോക്കി എന്തോ ഒരു പ്രാർത്ഥന ചൊല്ലി എന്ന് മാത്രം.

തന്നെ സംബന്ധിച്ചിടത്തോളം ജീവിതം അവിടെ അവസാനിക്കുകയായിരുന്നു. എന്നാൽ മകന്റെ കാര്യം ഓർത്തപ്പോൾ ജീവിതം വീണ്ടും എങ്ങനെയെങ്കിലും മുൻപോട്ടു കൊണ്ടുപോയേ മതിയാവൂ എന്ന സത്യം മനസ്സിലാക്കി.

പിന്നീടുള്ള ജീവിതയാത്ര ദുസ്സഹമായിരുന്നു. തന്റെ വരുമാനം കൊണ്ടു മാത്രം എല്ലാം തികയുമായിരുന്നില്ല. പിടിച്ചു നിൽക്കാൻ ആകാതെ വന്നപ്പോൾ വീട് വിറ്റ് ഒരു അപ്പാർട്ടുമെന്റിലേക്കു താമസം മാറ്റി. അത് പക്ഷേ മകന് ഉൾക്കൊള്ളാൻ സാധിച്ചില്ല. അവന്റെ ഭാവത്തിലും പെരുമാറ്റത്തിലും മാറ്റം വന്നു തുടങ്ങി. അവൻ പല കാര്യത്തിലും തന്നോട് തർക്കിക്കാൻ തുടങ്ങി. അവന്റെ  ഭാഷയിലും വാക്കുകളിലും വന്ന മാറ്റങ്ങൾ തനിക്ക് അംഗീകരിക്കാനായില്ല. 

താൻ അമേരിക്കയിൽ വന്നിട്ട് മൂന്നു പതിറ്റാണ്ടായിട്ടും ഇപ്പോഴും ഒരു പ്രൈവറ്റ് കമ്പനിയിൽ ചെറിയ ജോലിയാണ് ഉള്ളതെന്നും കാര്യമായ സമ്പാദ്യമൊന്നും ബാക്കി വയ്ക്കാതെയാണ് അമ്മ പോയതെന്നും കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ അധികമാരും തയ്യാറല്ലാതിരുന്നപ്പോൾ 'അമ്മ ആ മരണം ചോദിച്ചു വാങ്ങിതാണെ’ന്നും മകൻ കുറ്റപ്പെടുത്തി. അവളെപ്പറ്റി അങ്ങനെ പറയരുതെന്ന് താൻ ശകാരിച്ചപ്പോൾ അവന്റെ മറുപടി, "ഡോണ്ട് സ്ക്രീം അറ്റ് മി" എന്നായിരുന്നു. പലപ്പോഴും കൂട്ടുകാരുമായി പാർട്ടിക്കു പോയി രാത്രിയുടെ ഏതോ യാമത്തിൽ മാത്രം അവൻ മടങ്ങി വരാൻ തുടങ്ങിയപ്പോൾ താൻ വീണ്ടും ശകാരിച്ചു.  അവൻ പറഞ്ഞു, "എന്റെ സൗഭാഗ്യങ്ങളൊക്കെ ഇല്ലാതാക്കിയത് നിങ്ങളാണ്. എന്റെ കൂട്ടുകാർക്കെല്ലാം വലിയ വീടുകളാണുള്ളത്. ഞാൻ ഈ അപ്പാർട്ടുമെന്റിലാണ് താമസിക്കുന്നതെന്ന് പറയാൻ എനിക്ക് നാണക്കേടാണ്."

എന്നാൽ ഇന്നലെ വൈകിട്ടത്തെ അവന്റെ പെരുമാറ്റത്തിലാണ് താൻ ഞെട്ടിയത്. അടുക്കളയിൽ ആഹാരം പാകം ചെയ്ത ചില പാത്രങ്ങൾ താൻ കഴുകിക്കൊണ്ടിരുന്നപ്പോഴാണ് സിങ്കിനടുത്തായി വട്ടത്തിലുള്ള ഒരു പ്ലാസ്റ്റിക് സ്‌പൂൺ കിടക്കുന്നതു ശ്രദ്ധയിൽ പെട്ടത്. അങ്ങനെയുള്ള പല സ്‌പൂണുകളും ഈയിടെയായി അവിടെ അലസമായി ഇട്ടിരിക്കുന്നത് കാണാമായിരുന്നു. പാത്രങ്ങൾ കഴുകി വച്ചിട്ട് അടുക്കള വൃത്തിയാക്കിയിട്ട് അന്ന് റീസൈക്കിൾ ദിവസമായിരുന്നതിനാൽ അതിനുള്ളവയൊക്കെ ഒരു ബാഗിൽ കെട്ടി വെളിയിൽ വച്ചപ്പോൾ ആ പ്ലാസ്റ്റിക് സ്‌പൂണും താൻ അതിലിട്ടു വെളിയിൽ കൊണ്ട് വച്ചു. ഇന്ന് രാവിലെ അവൻ ആ സ്‌പൂൺ തെരക്കിയിട്ടു കാണാതിരുന്നപ്പോൾ അതേപ്പറ്റി തന്നോടു ചോദിച്ചു. അതു കളയാനുള്ളതാണെന്നു കരുതി താൻ റീസൈക്കിൾ ബാഗിൽ ഇട്ടു വിട്ടു എന്നു പറഞ്ഞു. അവൻ ക്രുദ്ധനായി തന്നെ നോക്കി. അവന്റെ ആ മുഖം കണ്ട് അമ്പരന്ന താൻ പറഞ്ഞു, "ഒരു പ്ലാസ്റ്റിക് സ്‌പൂൺ അല്ലേ, അതിലെന്താ ഇത്ര വലിയ സംഭവം?"
"യു ഡോണ്ട് അണ്ടർസ്റ്റാൻഡ്. ബിക്കോസ് യു ആർ സ്റ്റുപ്പിഡ്. യു സ്റ്റുപ്പിഡ് …!"
താൻ ഞെട്ടിത്തരിച്ചിരുന്നു. അവൻ തുടർന്നു. "ഞാൻ ജിമ്മിൽ പോകുമ്പോൾ കഴിക്കുന്ന വൈറ്റമിൻ അളക്കാനുള്ള സ്‌പൂണായിരുന്നു.” 
താൻ മറുപടി ഒന്നും പറഞ്ഞില്ല. 
അയാൾ ചിന്തിച്ചു. തനിക്കെവിടെയാണ് ജീവിതത്തിൽ തെറ്റ് പറ്റിയത്? മനസ്സിന് പ്രയാസമുണ്ടാകുമ്പോഴെല്ലാം താൻ ഈ കടൽക്കരയിൽ വന്നിരിക്കും. ആ കൊച്ചു തിരമാലകളുടെ തീരാത്ത പ്രയാണം കാണുമ്പോൾ മനസ്സ് കുറച്ചു തണുക്കും. മകന് താൻ എന്താണ് ചെയ്യാതിരുന്നത്? അവനു പഠിക്കാൻ വേണ്ട രണ്ടര ലക്ഷത്തോളം ഡോളർ മുഴുവൻ കൊടുത്താണ് പഠിപ്പിച്ചത്. പലരെയും പോലെ താൻ ലോൺ എടുത്തിട്ടില്ല. വീടിന്റെ കടം പകുതിയിലേറെ അടച്ചു കഴിഞ്ഞു. അതുകൊണ്ടാണ് വീട് വിറ്റു കിട്ടിയ ബാക്കി പണം കൊണ്ട് അപ്പാർട്ട്‌മെന്റ് അധികം കടമില്ലാതെ വാങ്ങാൻ സാധിച്ചത്. ആ നേട്ടങ്ങളെല്ലാം ലിസിയുടെ വരുമാനം കൊണ്ടാണ് സാധിച്ചതെന്നത് സത്യം. എന്നിട്ടിപ്പോൾ മകൻ അവളെയും കുറ്റപ്പെടുത്തുന്നു. അവസാനമായി അവളെ ഒന്ന് കാണുവാൻ പോലും തനിക്കു സാധിച്ചില്ല. ജീവിതം അറിയപ്പെടാത്ത രഹസ്യങ്ങൾ സൃഷ്ടിക്കുന്ന യാദൃച്ഛികങ്ങളുടെ കലവറയാണ്.

മണൽപ്പരപ്പിൽ ജനബാഹുല്യം നേർത്തു വന്നു. നാലോ അഞ്ചോ വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ഒരു കൊച്ചു ബാലൻ ഒരു സ്ത്രീയുടെ കൂടെ നടന്നു പോകുന്നു. അവന്റെ കയ്യിലുള്ള ഐസ്ക്രീം ഒരു സ്‌പൂൺ കൊണ്ട് തോണ്ടി തിന്നുകൊണ്ടാണ് നടപ്പ്. പെട്ടെന്ന് കയ്യിലുണ്ടായിരുന്ന ആ സ്‌പൂൺ മണലിലേക്കു വീണു. അതെടുക്കാൻ അവൻ കുനിഞ്ഞപ്പോഴേക്കും കരയിലേക്കു കയറി വന്ന ചെറിയ ഒരു തിര അതിനെ അൽപം പുറകോട്ടു വലിച്ചു. അതെടുക്കാൻ അതിന്റെ പുറകെ ഒരു ചുവടു വച്ചപ്പോഴേക്കും അമ്മയെന്നു തോന്നിക്കുന്ന ആ സ്ത്രീ അവനെ വിലക്കി. അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് അവർ മുൻപോട്ടു നീങ്ങിയപ്പോൾ അവൻ ആ സ്‌പൂണിനെ തിരിഞ്ഞു നോക്കിക്കൊണ്ടേയിരുന്നു. അവന് ആ സ്‌പൂൺ വേണമെന്ന് അവന്റെ മുഖം പറയുന്നുണ്ടായിരുന്നു.
ഒരു നിമിഷം അയാൾ എന്തോ ആലോചിച്ചു. അയാൾ ബഞ്ചിൽ നിന്നും ചാടി എഴുന്നേറ്റു ചെന്ന് ആ സ്‌പൂൺ എടുക്കാൻ കുനിഞ്ഞു. പക്ഷേ, ചെറിയൊരു തിര അതിനെ പിന്നെയും പുറകോട്ടു വലിച്ചു. അയാൾ രണ്ടു ചുവടു ചാടി അതിനെ എടുക്കാൻ തുനിഞ്ഞു. അപ്പോഴേക്കും അടുത്ത തിര വീണ്ടും അതിനെ പുറകോട്ടു വലിച്ചു. ആ കുട്ടി അയാളെ നോക്കിയെങ്കിലും അവന്റെ അമ്മ അവനെ മുൻപോട്ടു വലിച്ചു കൊണ്ടേയിരുന്നു. അയാൾ ആ സ്‌പൂൺ എടുക്കാൻ വീണ്ടും മുൻപോട്ടു ചാടി. പക്ഷെ ഉദ്ദേശിച്ചതിലും വേഗം ആ സ്‌പൂൺ ജലപ്പരപ്പിൽ അകത്തേക്ക് നീങ്ങി. അയാൾ തിരിഞ്ഞു നിന്ന് ആ ബാലനെ നോക്കി. അവൻ ചിരിച്ചു കൊണ്ട് കൈ നീട്ടി. അയാൾ കൈ വീശിക്കാണിച്ചു.  ആ സ്‌പൂൺ അയാളുടെ അടുത്തേക്ക് വന്നു. അയാൾ അതിനെ ചാടി പിടിക്കാൻ ആഞ്ഞു.  പെട്ടെന്ന് സ്‌പൂൺ ഓളപ്പരപ്പിൽ നൃത്തം ചെയ്‌തു പുറകോട്ടു വലിഞ്ഞു. അയാൾ ആ സ്‌പൂണിനെ പിടിക്കാനായി കൈ നീട്ടിക്കൊണ്ട് അതിനു പുറകെ ചെന്നു. അയാളോട് കുസൃതി കാട്ടിക്കൊണ്ട് സ്‌പൂൺ ഉൾവലിയുന്തോറും കടലിലെ ജലവിതാനം കഴുത്തിനു മുകളിലേക്കുയരുന്നത് അയാൾ ശ്രദ്ധിച്ചതേയില്ല. ആ സ്‌പൂൺ ജലപ്പരപ്പിൽ ഓളത്തിനൊപ്പം നൃത്തം ചെയ്തുകൊണ്ടിരുന്നു.

Join WhatsApp News
Sujata manilal 2023-12-29 09:45:25
Babu,this story is very very heart touching.proud of u, because I love your wife very much.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക