വിവാഹം സ്വര്‍ഗത്തില്‍ വെച്ചു നടക്കണമെങ്കില്‍ വിവാഹ നിശ്ചയത്തിനു വിളമ്പുന്നത് മട്ടണ്‍ കറി തന്നെ ആകണം. ഹൈദരാബാദില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതാണ് കാണിക്കുന്നത്. നിസാമാബാദ് സ്വദേശിനിയായ യുവതിയുടേതും ജഗതിയാല്‍ സ്വദേശിയായ യുവാവിന്റേതും തമ്മില്‍ ബന്ധുക്കള്‍ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. കണ്ട്, കാര്യങ്ങള്‍ക്കു തീരുമാനവുമാക്കിയാണ് നിശ്ചയിപ്പ് നാട്ടുകാരെയൊക്കെ ക്ഷണിച്ചു വരുത്തി നടത്താന്‍ തീരുമാനമായത്. നിശ്ചയം നവംബറില്‍ യുവതിയുടെ വീട്ടില്‍ വെച്ചായിരുന്നു. ബന്ധുക്കളും നാട്ടുകാരും എത്തി. ചടങ്ങ് ഭംഗിയായി കലാശിച്ചു.
പിന്നീടാണ് ട്വിസ്റ്റുകള്‍ നടന്നത്. തുടര്‍ന്നു നടന്ന സദ്യയില്‍ ആട്ടിന്‍ കാല്‍മജ്ജ കൊണ്ടുള്ള കറി പ്രതീക്ഷിച്ച് ചെക്കന്‍കൂട്ടര്‍ കാത്തിരുന്നെങ്കിലും, ആ കറി മാത്രം അവിടെ വിളമ്പിയില്ല. ചിലപ്പോള്‍ മറന്നു പോയിരിക്കാമെന്നു കരുതി ചെക്കന്‍കൂട്ടര്‍ ചോദിച്ചു നോക്കി, ആട്ടിന്‍ കാല്‍മജ്ജ കൊണ്ടുള്ള കറി തയ്യാറാക്കിയിട്ടുപോലുമില്ല എന്ന നഗ്‌ന സത്യം അപ്പോഴാണ് വരന്റെ വീട്ടുകാര്‍ അറിയുന്നത്. പിന്നെ എന്തു പറയാന്‍, നാട്ടാചാരം തെറ്റിച്ച വധുവിന്റെ കൂട്ടരുമായി ഒരിടപാടിനും തങ്ങള്‍ ഇല്ലെന്നായി വരന്റെ കൂട്ടര്‍. ഒരു കുടുംബവഴക്ക് അങ്ങനെ പോലീസ് സ്റ്റേഷനില്‍ എത്തി. എന്നിട്ടും ചെക്കന്റെ വീട്ടുകാര്‍ ഒട്ടും വിട്ടുകൊടുത്തില്ല. അവര്‍ വിവാഹ തീരുമാനത്തില്‍ നിന്നും പിന്മാറിയതായി പ്രഖ്യാപിച്ചു. അങ്ങനെ ആട്ടിന്റെ കാലിന്റെ പേരില്‍ ഒരു കല്യാണം മുടങ്ങിക്കിട്ടി. ആര്‍ക്കു നഷ്ടം എന്നു ചോദിച്ചാല്‍ ആ യുവാവിനും യുവതിക്കും. മറ്റാര്‍ക്കാണതില്‍ നഷ്ടം സംഭവിക്കാന്‍?
വിവാഹം രണ്ടു വ്യക്തികള്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിനു തുടക്കമിടുന്ന പ്രക്രിയയാണ്. ഇന്ത്യയില്‍ ഇന്നുമത് വിവാഹിതരാകുന്നവര്‍ക്കൊഴികെ മറ്റു സകലബന്ധുക്കള്‍ക്കും, നാട്ടുകാര്‍ക്കും വരെ ആവശ്യത്തിനും അനാവശ്യത്തിനും ഇടങ്കോലിടാന്‍ അവസരം നല്‍കുന്ന വലിയ സംഭവമാണ്. ഒരു ഭാഗത്ത്, ആകാശത്തു സ്വസ്ഥമായി ക്കറങ്ങുന്ന ചൊവ്വ, ബുധന്‍, ശുക്രന്‍, വ്യാഴം, ശനി തുടങ്ങിയ ഗ്രഹങ്ങളാണ് പ്രതിസ്ഥാനത്തു നില്‍ക്കുന്നതെങ്കില്‍ മറുഭാഗത്ത് ചിക്കന്‍ ബിരിയാണി, പൊരിച്ച ചിക്കന്‍, മട്ടന്‍ കറി തുടങ്ങിയ വിഭവങ്ങളാണ് പ്രശ്‌നക്കാര്‍.
ഇങ്ങനെ ചിക്കനും മട്ടനും ചൊവ്വയും ശനിയുമൊക്കെ കല്യാണം മുടക്കികളാകുന്ന സ്ഥിതി ഇനി ഏതു നൂറ്റാണ്ടിലാവും ഇവിടെ അവസാനിക്കുക? ആര്‍ക്കറിയാം....